Total Pageviews

Wednesday, October 20, 2010

ആചാരങ്ങളും ആചാരവെടിയും

യഥാര്‍ത്ഥ കമ്യൂണിസ്റ്റുകാരനും കറ പുരളാത്ത പൊതു ജീവിതത്തിന്റെ ഉടമയുമായിരുന്ന കെ.വി.സുരേന്ദ്രനാഥി(ആശാന്‍)ന്റെ ശവസംസ്കാരത്തിന് ആചാര വെടി തുടങ്ങിയ സര്‍ക്കാര്‍ ചടങ്ങുകള്‍ ഉണ്ടായില്ല എന്ന് അദ്ദേഹ
ത്തിന്റെ അനന്തിരവന്റെ ഭാര്യ ശ്രീമതി ശ്രീലതാ പിള്ള അനുസ്മരിക്കുന്നു(വാരാന്ത്യ കൗമുദി)അവര്‍ പറഞ്ഞ
തു പോലെ സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളൊന്നുമില്ലാതെ ആയിരുന്നു അദ്ദേഹത്തിന്റെ അന്ത്യയാത്ര.
ആദര്‍ശ രാഷ്ട്രീയത്തിന്റെ എക്കാലത്തെയും മാതൃക ആയിരുന്ന ആശാന് ഔദ്യോഗിക അന്ത്യോപചാരം ലഭിക്കാ
തെ പോയത് സര്‍ക്കാര്‍ വക ഔദ്യോഗിക സ്ഥാനങ്ങള്‍ ഒന്നും വഹിക്കാതിരുന്നതു കൊണ്ടാകാമെന്നാണ് കരുതി
യതെങ്കിലും നാലു പേരറിയുന്ന സകലര്‍ക്കും പിന്നീട് അത്തരം ചടങ്ങുകള്‍ സര്‍ക്കാര്‍ വഹിക്കുന്നതാണ്കണ്ടത്
എന്ന് അല്പം കുണ്ഠിതത്തോടെ അവര്‍ പറയുന്നു.

ആശാനെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ആരാധിക്കുകയും ചെയ്യുന്ന വലിയൊരു ജനാവലി അദ്ദേഹ
ത്തിന്റെ അന്ത്യയാത്രയ്ക്കു സാക്ഷിയായപ്പോള്‍ ആചാര വെടിയും ബാന്റു മേളവും തീര്‍ത്തും അപ്രസക്തവും അസംഗതവും ആയി.മാത്രമല്ല സ്ഥാനമാനങ്ങളോട് എന്നും മുഖം തിരിഞ്ഞു നിന്നിട്ടുള്ള അദ്ദേഹത്തിന് ജനങ്ങളു
ടെ ബാഷ്പാഞ്ജലിയേക്കാള്‍ വലിയ അന്ത്യോപചാരം ലഭിക്കാനില്ല.അത് വേണ്ടുവോളം ഉണ്ടാവുകയും ചെ
യ്തു.പക്ഷേ ശ്രീലത ചൂണ്ടിക്കാട്ടിയ ഔദ്യോഗിക ബഹുമതിയുടെ കാര്യം പ്രത്യേകം പരാമര്‍ശം അര്‍ഹിക്കു ന്നു.

മുമ്പൊക്കെ മന്ത്രിമാര്‍ക്കും ഗവര്‍ണ്ണര്‍മാര്‍ക്കും ഔദ്യോഗിക വമ്പന്മാര്‍ക്കും വീര ജവാന്മാര്‍ക്കും മറ്റും മാത്രം കിട്ടുന്ന അപൂര്‍വ്വ ബഹുമതിയായിരുന്നു ഔദ്യോഗിക ചടങ്ങുകളോടെയുള്ള ശവസംസ്കാരം.അതിന് സര്‍ക്കാര്‍
ചില മുന്‍ഗണനാക്രമവും നിശ്ചയിച്ചിട്ടുണ്ടായിരുന്നു.ഇപ്പോള്‍ അവയെല്ലാം അപ്രത്യക്ഷമായിരിക്കുന്നു.സര്‍ക്കാര്‍
അനുകൂലികള്‍ക്കും മന്ത്രിസില്‍ബന്തികള്‍ക്കും യാതൊരു വകതിരിവും ഇല്ലാതെ ആചാരവെടി ഉള്‍പ്പെടെയുള്ള സംസ്ഥാന ബഹുമതി അന്ത്യ യാത്രാമൊഴിക്കു ലഭിക്കുക പതിവായിരിക്കുന്നു.സിനിമയുടെ ഏഴയലത്തു കൂടെ പോയ ആര്‍ക്കും(തിലകനും വിനയനും ഒഴികെ) കക്ഷിരാഷ്ട്രീയം കണക്കാക്കാതെ ഇക്കാര്യത്തില്‍ പരിഗണന ലഭിക്കും എന്നത് എടുത്തു പറയേണ്ടതാണ്.

ആശാനെപ്പൊലുള്ള ഒരു നിസ്വാര്‍ത്ഥ ജനസേവകന് ഇത്തരം ആചാരവെടികളുടെ അകമ്പടിയില്ലാതെ മണ്ണടിയാന്‍ കഴിഞ്ഞത് അദ്ദേഹത്തിന്റെ മനസ്സിന്റെ നേരു കൊണ്ടാണ്.ഏത് ഏഴാം കൂലിക്കും കിട്ടുന്ന'സംസ്ഥാന ബഹുമതി'ആശാനു ലഭിക്കാഞ്ഞതോര്‍ത്ത് അദ്ദേഹത്തിന്റെ അനുയായികളും ശ്രീലതയും അഭിമാനിക്കുകയാണു വേണ്ടത്.

മൂലധന മൂല്യങ്ങളില്‍ ഭ്രമിക്കുന്നവര്‍ക്ക് ആചാരങ്ങളും ചടങ്ങുകളും ഒഴിച്ചുകൂടാനാകാത്ത സംഗതികളായിത്തീരു
ക സ്വാഭാവികമാണ്.അധികാരത്തിന്റെ ആചാരവെടികളും ആര്‍ഭാടത്തിന്റെ താലപ്പൊലികളും ഇവരെ പുള
കം കൊള്ളിക്കുന്നുണ്ടാകും.മുന്‍പേ നടന്ന ത്യാഗധനരായ നേതാക്കളെയും പ്രത്യയശാസ്ത്ര വിലക്കുകളെയും വിസ്മരിച്ചുകൊണ്ട് മുതലാളിത്ത ധൂര്‍ത്തില്‍ അഭിരമിക്കാനാണ് ഇക്കൂട്ടര്‍ക്ക് താല്പര്യം.പാര്‍ട്ടി നേതാവിന്റെ
യും ആഭ്യന്തര മന്ത്രിയുടെയും മക്കളുടെ ആര്‍ഭാട പൂര്‍ണ്ണമായ വിവാഹങ്ങള്‍ അതിന് ഒന്നാന്തരം ദൃഷ്ടാന്തങ്ങ
ളാണ്. കണ്ടകടച്ചാണികളുടെ ശവദാഹത്തിന് ആചാര വെടി വയ്ക്കാനുള്ള ഔത്സുക്യവും ഈ മനോഭാവത്തി
ന്റെ മറ്റൊരു വകഭേദമാണ്.

കല്യാണമായാലും മരണമായാലും ആര്‍ഭാടപൂര്‍ണ്ണമാക്കുവാനാണ് മിക്കവര്‍ക്കും താല്പര്യം.സമൂഹത്തിനു മാതൃ
കയാകേണ്ടവര്‍ തന്നെ അനാചാരങ്ങളുടെയും ആഡംബരത്തിന്റെയും പ്രകടനപരതയുടെയും പിറകെ പോകുന്ന
കാഴ്ചയാണ് ഇന്ന് കേരളത്തിലെവിടെയും കാണുന്നത്.നിര്‍മ്മാര്‍ജ്ജനം ചെയ്യപ്പെട്ടെന്നു കരുതിയിരുന്ന മാരക രോ
ഗങ്ങള്‍ പതിന്മടങ്ങു ശക്തിയോടെ തിരിച്ചു വരു‍ന്നതു പോലെ മണ്മറഞ്ഞെന്നു വിശ്വസിച്ചിരുന്ന ദുരാചാരങ്ങള്‍ ഒന്നൊന്നായി വീണ്ടും തലപൊക്കി കൊണ്ടിരിക്കുന്നു.തിരണ്ടു കുളിയും പുലകുളിയും പുളികുടിയും വരെ
തിരിച്ചു വന്നുകൊണ്ടിരിക്കുന്നു.

തന്റെ മാതാവു മരിച്ചു കിടന്നപ്പോള്‍ പതിവു കര്‍മ്മങ്ങള്‍ ചെയ്യാന്‍ വിസമ്മതിക്കുകയും മൃതശരീരത്തിലേക്ക് ഒരുപിടി പൂവു മാത്രം ഇട്ട് വന്ദിച്ച് അനാചാര ലംഘനം നടത്തുകയും ചെയ്ത ആളാണ് മന്നത്തു പത്മനാഭന്‍.
സഞ്ചയനം, പതിനാറടിയന്തിരം തുടങ്ങിയ ചടങ്ങുകളെയും ധീരമായി എതിര്‍ത്ത അദ്ദേഹം സ്ഥാപിച്ച എന്‍.
എസ്.എസ്, ഇപ്പോള്‍ നായര്‍ സമുദായാംഗങ്ങളുടെ മരണാനന്തര ചടങ്ങുകള്‍ കൊഴുപ്പിക്കാന്‍ പ്രത്യേക ആചാ
ര ഗ്രന്ഥങ്ങള്‍ പോലും പുറത്തിറക്കിയിരിക്കുന്നു.

ശവം ദഹിപ്പിക്കുന്നതോ കുഴിച്ചിടുന്നതോ നല്ലതെന്ന് ഒരു ഭക്തന്‍ ചോദിച്ചപ്പോള്‍,"ചക്കിലിട്ടാട്ടി വളമായി കൃഷി
ക്കുപയോഗിക്കുകയാണു നല്ലത്"എന്നു പറഞ്ഞ ശ്രീനാരായണ ഗുരുവിന്റെ അനുയായികള്‍ സ്വന്തക്കാരുടെ അന്ത്യ
കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നത് പാട്ടു പാടിയാണ്.മറ്റ് അനാചാരങ്ങളും ആര്‍ഭാടങ്ങളും വേറേ.

തികഞ്ഞ ഈശ്വര വിശ്വാസിയും ഭാരതീയ തത്ത്വചിന്തയില്‍ നിഷ്ണാതനും ആയിരുന്ന മഹാകവി കുമാരനാശാന്‍ പോലും,
"ഓരോന്നിങ്ങനെയൂഹമോ നിഗമമോ ലാക്കാക്കിയോതാം ചിലര്‍-
ക്കാരോതുന്നിതു തത്ത്വം;എങ്ങനെയൊരാള്‍ കാണുന്നിതങ്ങേപ്പുറം;
നേരോ പ്രേത കഥാപ്രസക്തി പൊളിയോ മസ്തിഷ്ക്ക വൈകല്യമോ
വേരോടങ്ങു കരിഞ്ഞു പോയ തരുവിന്‍ ഛായയ്ക്കു നില്‍ക്കാവതോ?"

എന്നു സന്ദേഹിക്കുമ്പോഴാണ് പുരോഗമനവാദികളെന്നു നടിക്കുന്നവര്‍ മരണാനന്തര ചടങ്ങുകള്‍ അനാചാര സമ്പന്നമാക്കാന്‍ നോക്കുന്നത്.എന്തൊരു പുരോഗമനം!!

Fans on the page

4 comments:

മുക്കുവന്‍ said...

സഞ്ചയനം, പതിനാറടിയന്തിരം തുടങ്ങിയ ചടങ്ങുകളെയും ധീരമായി എതിര്‍ത്ത അദ്ദേഹം സ്ഥാപിച്ച എന്‍.
എസ്.എസ്, ഇപ്പോള്‍ നായര്‍ സമുദായാംഗങ്ങളുടെ മരണാനന്തര ചടങ്ങുകള്‍ കൊഴുപ്പിക്കാന്‍ പ്രത്യേക ആചാ
ര ഗ്രന്ഥങ്ങള്‍ പോലും പുറത്തിറക്കിയിരിക്കുന്നു...

അടിയന്തിരമില്ലാതെങ്ങനാ.. മാഷെ? ബാക്കി എല്ലാം പോട്ടേന്ന് വക്കാം :)

Baiju Elikkattoor said...

:)

ദത്തന്‍,

മരിച്ച സഖാക്കളില്‍ ഇ എം എസ്സിനെയും നായനാരെയും അല്ലാതെ ആരെങ്കിലും ഓര്‍ക്കുണ്ടോ? ആശാനെ ഒക്കെ പാര്‍ടിയും ജനങ്ങളും മറന്നു തുടങ്ങിയിരിക്കുന്നൂ.

dethan said...

മുക്കുവന്‍,

എല്ലാം പോട്ടെന്നു വയ്ക്കാവുന്നതേ ഉള്ളൂ.പതിനാറടിയന്തിരം തന്നെ പലരും നിര്‍ത്തി.പകരം ആര്‍ഭാടപൂര്‍ വ്വം
സഞ്ചയനം ആഘോഷിക്കുകയാണ്.അഞ്ചാം ദിവസമാണ് സഞ്ചയനം നടത്തേണ്ടത്.അതു പോലും മക്കളുടെ
യും മരുമക്കളുടെയും കൊച്ചു മക്കളുടെയും ഒക്കെ സൗകര്യാര്‍ത്ഥം ആറിനോ ഏഴിനോ അവധി ദിവസം നോക്കിയോ ആണ് പലരും ആചരിക്കുന്നത്.അതില്‍ നിന്നു തന്നെ അതിന്റെ നിരര്‍ത്ഥകത വ്യക്തമല്ലേ?ജീവിച്ചിരിക്കുമ്പോള്‍ മാതാപിതാക്കളെ തിരിഞ്ഞു നോക്കാത്ത പ്രമാണിമാരായ മക്കള്‍,അവര്‍ മരിച്ചുകഴിയു
മ്പോള്‍ പൊടിപൂരമായി അടിയന്തിരം നടത്തും.

നരബലി കൊണ്ടു മാത്രം തൃപ്തിപ്പെടുന്ന ദൈവങ്ങള്‍ ഇപ്പോള്‍ കുമ്പളങ്ങാ കുരുതി കൊണ്ട് പ്രസാദിക്കുമത്രേ.
അങ്ങനെയെങ്കില്‍ ഒരു ബലിയും നടത്തിയില്ലെങ്കിലും തൃപ്തിപ്പെട്ടുകൊള്ളും എന്നല്ലേ അനുമാനിക്കേണ്ടത്?മുമ്പ്
പരേതര്‍ക്ക് കോടി(വിലകുറഞ്ഞ നേര്യതു മുതല്‍ പതിനായിരങ്ങള്‍ വിലയുള്ള പട്ടുവരെ കോടിയില്‍ പെടും) ഇടുന്ന ഒരു ചടങ്ങുണ്ടായിരുന്നു.ബന്ധുക്കള്‍ തങ്ങളുടെ പ്രൗഢി കാണിക്കാന്‍ ഈ ചടങ്ങ് പ്രയോജനപ്പെടുത്തി
.ഏറ്റവും വിലകൂടിയ കോടി ഇട്ട ബന്ധുവാകും പിന്നെ കുറേ നാളത്തേക്ക് മരണ വീട്ടിലെ സംസാര വിഷയം.
ഈ വന്‍ വസ്ത്രശേഖരം ചടങ്ങിനു നേതൃത്വം വഹിക്കുന്ന പുരോഹിതനാണ്.അതു കൊണ്ട് ഇപ്പോള്‍ അതങ്ങു നിര്‍ത്തി പലരും.എന്നിട്ട് പരേതര്‍ക്ക് ഒന്നും സംഭവിച്ചില്ലല്ലോ.അപ്പോള്‍ പതിനാറടിയന്തിരം നടത്തിയി
ല്ലെങ്കിലും ഒന്നും സംഭവിക്കില്ല.ആളുകളെ പറ്റിക്കാന്‍ പൗരോഹിത്യം ഏര്‍പ്പെടുത്തിയ വേലത്തരങ്ങളല്ലെ ഇതെല്ലാം.

ബൈജു,
ചില സഖാക്കള്‍ മനപ്പൂര്‍വ്വം മറക്കാന്‍ ശ്രമിച്ചാലും കുശുമ്പും കുന്നായ്മയില്ലാത്ത സാധാരണക്കാര്‍ ആശാനെ
പ്പോലുള്ളവരെ എന്നും ഓര്‍ക്കും. ഒരു രാഷ്ട്രീയക്കാരനും സ്വപ്നം കാണുക പോലും ചെയ്യാതിരുന്ന കാലത്ത് വിഴിഞ്ഞത്തിന്റെതുറമുഖ സാദ്ധ്യതകളെ കുറിച്ച് ന്നിരന്തരം സംസാരിച്ച ഒരേ ഒരു മനുഷ്യന്‍ ആശാനാണ്.സൈ
ലന്റ് വാലിയുടെ സമര ചരിത്രത്തിലെ ആശാന്റെ പങ്ക് ആര്‍ക്കും തമസ്കരിക്കാന്‍ കഴിയില്ല.

അച്യുത മേനോനെയും എം.എന്‍ ഗോവിന്ദന്‍ നായരെയും എ.കെ.ജി യേയും ഒന്നും ആരും ഓര്‍ക്കുന്നില്ലഎന്നു പറഞ്ഞാല്‍ വിശ്വസിക്കാന്‍ പ്രയാസമാണ്.

-ദത്തന്‍