കൊക്കാ കോളാ ഫാക്റ്ററി പൂട്ടിയതില്‍ മനസ്സു നൊന്ത വ്യവസായ സെക്രട്ടറി ഹൃദയം പൊട്ടി മരിക്കാത്തത് പെപ്സി ഫാക്റ്ററി നിലനില്ക്കുന്നതു കൊണ്ടാണ്.തനിക്കും പെപ്സിക്കും മൃതസ്ഞ്ജീവനി
ആയത് ബഹു വ്യവസായ മന്ത്രി എളമരം കരീം ആണെന്ന് അദ്ദേഹത്തിന്റെ അനുഭവ സാക്ഷ്യം.വകുപ്പു സെക്രട്ടറിയുടെ സാക്ഷി മൊഴിയും വാഴ്ത്തിപ്പാട്ടും കേട്ട് ഹര്‍ഷ പുളകിതനായ മന്ത്രിയുടെ മുഖത്തു അഭിമാനത്തിന്റെ നിറഞ്ഞ പുഞ്ചിരി.
പക്ഷേ ആ പുഞ്ചിരി ഏറെ നേരം മുഖത്ത് തങ്ങി നിന്നില്ല.സെക്രട്ടറിയുടെ അഭിപ്രായം തന്നെയോ സര്‍ക്കാരിനും? എന്ന മാദ്ധ്യമപ്പടയുടെ ചോദ്യത്തിനുമുമ്പില്‍ മന്ത്രിമണ്ട(തെങ്ങിന്റെ മണ്ടയല്ല) ഉലഞ്ഞു.
സര്‍ക്കാര്‍ പോളിസിയല്ല സെക്രട്ടറിയുടെ വ്യക്തിപരമായ അഭിപ്രായമാണ് അത് എന്നു വിശദീകരിച്ചു.
ഒരു സെമിനാറില്‍ ആര്‍ക്കും ഏതു വിധത്തിലുള്ള അഭിപ്രായവും പ്രകടിപ്പിക്കാം;അതില്‍ അപാകതയൊന്നും
ഇല്ല എന്ന് ചൂണ്ടിക്കാട്ടി സെക്രട്ടറിയെ ന്യായീകരിക്കുക കൂടി ചെയ്തു.
സെക്രട്ടറിയെ എതിര്‍ത്തു കൊണ്ട് മുഖ്യമന്ത്രിയുടെയും ഡിവൈ എഫ് ഐ യുടെയും പ്രസ്താവനകള്‍ താമസിയാതെ വന്നു.പ്ലാച്ചിമട സമര സമിതിയുടെ പ്രതിഷേധം ഉണ്ടായി.പാര്‍ട്ടിക്കുള്ളില്‍ നിന്നു തന്നെ വ്യവസായ സെക്രട്ടറിയുടെ നിലപാടിനെതിരെ അഭിപ്രായമുയര്‍ന്നു.പക്ഷേ മന്ത്രി മഹാശയന്,സെക്രട്ടറിയെ ന്യായീകരിക്കാന്‍ തന്നെയായിരുന്നു ഭാവം.വാനര ചാപല്യം കാട്ടിയ ഒരു പാര്‍ട്ടി സാഹിത്യകാരനെ 'കുരങ്ങന്' എന്ന് മുഖ്യമന്ത്രി പരാമര്‍ശിച്ചതു പോലും ശരിയായില്ലെന്ന് വളരെ പെട്ടെന്ന് പ്രതികരിച്ച പാര്‍ട്ടി സെക്രട്ടറിയുടെ മൗനം കൂടി ആയപ്പോള്‍ വകുപ്പു സെക്രട്ടറിക്കു വേണ്ടി വാദിക്കുവാന്‍ അദ്ദേഹത്തിന് ആവേശം മൂത്തു.പ്രസ് ക്ലബ്ബിലും മന്ത്രി സഭായോഗത്തിലും തന്റെ മാസ്റ്റര്‍ ബ്രയിനെ സം രക്ഷിക്കാന്‍ അശ്രാന്ത പരിശ്രമമാണ് മന്ത്രി നടത്തിയത്.
ഈ സര്‍ക്കാരിന്റെ ആദ്യ കാലത്തു തന്നെ ഭൂപരിഷ്ക്കരണ നയം തിരുത്തണമെന്ന് ഔദ്യോഗികമായും വ്യക്തിപരമായും ആവശ്യപ്പെട്ട ആളാണ് വ്യവസായ വകുപ്പു സെക്രട്ടറി.തികച്ചും ഇടതുപക്ഷ വിരുദ്ധമായ പ്രസ്തുത നിലപാടെടുത്ത സെക്രട്ടറിയുടെ രക്ഷയ്ക്ക് അന്നും എത്തിയത് മന്ത്രിയും പാര്‍ട്ടി നേതൃത്വവുമാണ്.
ഇപ്പോഴും സെക്രട്ടറിയെ സംരക്ഷിക്കാനുള്ള തന്ത്രങ്ങളാണ് അണിയറയില്‍ അരങ്ങേറുന്നത്.മന്ത്രിയുടെ പ്രസ്താവന ചട്ടവിരുദ്ധമാണോ എന്ന് അന്വേഷിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചീഫ് സെക്രട്ടറിയെ ചുമതല പ്പെടുത്തിയതില്‍ നിന്നു വ്യക്തമാകുന്നത് അതാണ്.അന്ന് സെക്രട്ടറുടെ മാത്രം രക്ഷയായിരുന്നു അജന്‍ഡയില്‍
ഉണ്ടായിരുന്നതെങ്കില്‍ ഇന്ന് മന്ത്രിയുടെ രക്ഷ കൂടി അതില്‍ ഉള്‍പ്പെട്ടിരിക്കുന്നു.
സെക്രട്ടറിയുടെ വ്യക്തിപരമായ അഭിപ്രായം എന്ന് പറഞ്ഞ് നിസ്സാരവല്‍ക്കരിക്കാനാണ് മന്ത്രിയും പാര്‍ട്ടിയിലെ ഒരു വിഭാഗവും ചില മാദ്ധ്യമങ്ങളും ശ്രമിക്കുന്നത്.അദ്ദേഹത്തിന്റേത് വെറും അഭിപ്രായമല്ല.
ഒരു സാക്ഷി മൊഴിയാണ്.പെപ്സി ഫാക്റ്ററി അടച്ചു പൂട്ടാത്തത് മന്ത്രിയുടെ അവസരോചിതമായ ഇടപെടല്‍ മൂലമാണെന്നാണ് സെക്രട്ടറി തറപ്പിച്ചു പറഞ്ഞത്. എന്നുവച്ചാല്‍,കുടി വെള്ളത്തിനും ശുദ്ധവായുവിനും
ആരോഗ്യകരമായ പരിസ്ഥിതിയ്ക്കും വേണ്ടി ദീര്‍ഘനാളായി സമരം ചെയ്യുന്ന പ്രദേശവാസികള്‍ക്കു നീതി ലഭി
ക്കാത്തത് മന്ത്രിയുടെ കടുംപിടുത്തം കൊണ്ടാണെന്ന്.പെപ്സിക്കമ്പനിയുടെ പ്രവര്‍ത്തനം മൂലം കുടിക്കാന്‍ ശുദ്ധ ജലമില്ലാതെയും ശ്വസിക്കാന്‍ ശുദ്ധവായുവില്ലാതെയും കൃഷി നശിച്ചും കഷ്ടപ്പെടുന്ന പാവപ്പെട്ട ജനങ്ങളുടെ നിലനി
ല്പിനേക്കാള്‍ ജലചൂഷണഭീമനായ പെപ്സി കമ്പനിയുടെ പുരോഗതിയിലാണ് മന്ത്രിയ്ക്ക് താല്പര്യം.
കൊക്ക കോള കമ്പനിയുടെ പ്രവര്‍ത്തനത്തിന്റെ പ്രത്യാഘാതം പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ഉന്നതാധികാര സമിതി 216 കോടി രൂപയുടെ പാരിസ്ഥിതിക നഷ്ടം കമ്പനി ഉണ്ടാക്കിയതായി കണ്ടെത്തി.അമിതമായ ജലചൂഷണം മൂലം പ്ലാച്ചിമട പ്രദേശത്ത് ഭൂജലം കാര്യമായി കുറഞ്ഞിട്ടുണ്ട്. ഫാക്ടറിയില്‍ നിന്ന് പുറന്തള്ളിയ മാലിന്യം പ്രദേശത്തെ മണ്ണിനെയും വെള്ളത്തെയും മലിനമാക്കി. വളമാണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് ഈയവും കാഡ്മിയവും അടങ്ങിയ മാലിന്യം കൃഷിയിടങ്ങളില്‍ തള്ളി കാര്‍ഷിക നഷ്ടവും വരുത്തിവെച്ചു. ജലചൂഷണം മൂലം കാര്‍ഷിക മേഖലയില്‍ 84 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായത്. ആരോഗ്യ പ്രശ്നങ്ങളാല്‍ 30 കോടിയുടെ നഷ്ടമുണ്ടായി.വ്യവസായ വകുപ്പു സെക്രട്ടറിയേക്കാല്‍ സീനിയറായ ഒരു ഐ.എ.എസ് ഉദ്യോഗസ്ഥന്റെ അദ്ധ്യക്ഷതയിലുള്ള സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഞെട്ടിപ്പിക്കുന്ന ഈ
വിവരങ്ങളുള്ളത്.അങ്ങനെയുള്ള ഒരു ഫാക്റ്ററി അടച്ചു പൂട്ടിയത് തെറ്റായിപ്പോയി എന്ന് വ്യവസായ വകുപ്പു സെക്രട്ടറിയുടെ അഭിപ്രായം സര്‍ക്കാരിനെതിരേയുള്ള വിമര്‍ശനം തന്നെയാണ്.പ്ലാച്ചിമടയിലെ സാധാരണ ജനങ്ങളെ
അവഹേളിക്കലാണ്.
ഇതേ പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന പെപ്സി ഫാക്ടറിയാണ് പൂട്ടാതിരിക്കാന്‍ മന്ത്രി 'അവസരോ
ചിതമായി' ഇടപെട്ടെന്ന് വകുപ്പു സെക്രട്ടറി പറയുന്നത്.സാധാരണക്കാരന്റെ കഞ്ഞികുടി മുട്ടിച്ച് കുത്തകകളെ സംരക്ഷിക്കുക എന്നത് ഇടതുപക്ഷ സര്‍ക്കരിന്റെ നയമല്ലാത്തിടത്തോളം ശ്രീ.എളമരം കരീമിന്റെ നിലപാട് വര്‍ഗ്ഗ ശത്രുക്കളെ സഹായിക്കുന്നതാണ്.വ്യവസായം വരണമെങ്കില്‍ നൂറു മീറ്റര്‍ വീതയുള്ള റോഡു വേണമെന്ന അഭിപ്രായമുള്ള കരീമിനു പറ്റിയ സെക്രട്ടറിയായിരിക്കാം വ്യവസയ സെക്രട്ടറി.എങ്കിലും അദ്ദേഹം സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ്.ശ്രി.കരിമിന്റെ സ്വകാര്യ കാര്യസ്ഥനല്ല.ഒരു ഗവണ്മെന്റ് സെക്രട്ടറി എന്ന നിലയ്ക്ക് അദ്ദേഹത്തിന് സര്‍ക്കാര്‍ നയങ്ങളെയും തീരുമാനത്തെയും പരസ്യമായി വിമര്ശിക്കുവാന് അവകാശമില്ല.
മുമ്പ് പ്രതിപക്ഷത്തിരുന്നപ്പോള്‍ എതിര്‍ത്ത എക്സ്പ്രസ് ഹൈവേ, കരിമണല്‍ ഖനനം തുടങ്ങിയവയോടൊക്കെ മന്ത്രി കരീമിന് വല്ലാത്ത ആസക്തിയാണിപ്പോള്‍.അഴിമതിയുടെ ആള് രൂപമെന്ന് മുമ്പു ഇടതുപക്ഷം ആക്ഷേപിച്ച സാക്ഷാല്‍ കുഞ്ഞാലിക്കുട്ടിയുടെ മുമ്പില്‍ പോലും എക്സ്പ്രസ് ഹൈവേയെ ചൊല്ലി കുമ്പസാരം നടത്താന്‍ അദ്ദേഹം തയ്യാറായി.പഴയ ആരോപണങ്ങള്‍ക്ക് ഒരു മയവും മര്യാദയുമില്ലാതെ കുഞ്ഞാലിക്കുട്ടി അക്കമിട്ടു മറുപടി പറഞ്ഞത് പ്രസന്നവദനനായി ചെവി കുളര്ക്കെ കേട്ടിരുന്നതില്‍ നിന്നും സ.കരീമിനു വന്ന പരിണാമം മനസ്സിലാക്കാവുന്നതേ ഉള്ളൂ.ഭൂ മാഫിയകളുടെയും കുത്തകക്കമ്പനികളൂടെയും ചങ്ങാത്തത്തില്‍ അഭിമാനിക്കുന്ന മൂലധനത്തിന്റെ ആരാധകന് അവരുടെ ഏജന്റായ വകുപ്പു സെക്രട്ടറി വിശ്വസ്തനും ആചാര്യനും ഒക്കെയായി തോന്നും.പക്ഷേ അങ്ങനെയുള്ളവരെ തീറ്റിപ്പോറ്റേണ്ട ചുമതല സര്‍ക്കാരിനല്ല.ഈ രണ്ടു കൂട്ടരെയും ചുമക്കേണ്ട ആവശ്യം ഇടതുപക്ഷ മുന്നണിയ്ക്കുണ്ടോ എന്ന് ബന്ധപ്പെട്ടവര്‍ ആലോചിക്കേണ്ടതാണ്.
Fans on the page
7 comments:
“ഈയവും കാഡ്മിയവും അടങ്ങിയ മാലിന്യം കൃഷിയിടങ്ങളില്‍ തള്ളി കാര്‍ഷിക നഷ്ടവും വരുത്തിവെച്ചു.”
കൃഷിയെ മാത്രമല്ല അവിടെ വളര്‍ന്ന ഇനി വളരാനിരിക്കുന്ന കൃഷിയില്‍ നിന്ന് ലഭിക്കുന്ന വസ്തുക്കള്‍ ഭക്ഷിച്ച/ഭക്ഷിക്കുന്നവര്‍ക്ക് നേരിടേണ്ടി വരുന്ന ആരോഗ്യ പ്രശ്നങ്ങളോ? ഭവി തലമുറയെയാണ് നശിപ്പിക്കുന്നത്....
മള്‍ട്ടി നാഷണലിനെ പറഞ്ഞിട്ട് കാര്യമില്ല ഇന്ത്യയിലെ നിലവിലുള്ള നിയമ പഴുതുകള്‍ ഉപയോഗിച്ച് അവര്‍ ലാഭം കൊയ്യുന്നു. അവര്‍ക്ക് ഇന്ത്യന്‍ ജനതയുടെ ആരൊഗ്യം എന്തിന്? അവര്‍ക്ക് നമ്മുടെ പണം മാത്രം മതി....
അമേരിക്കയില്‍ കോളകള്‍ ആരോഗ്യത്തിന് നല്ലതല്ല എന്ന് കണ്ടതിനാല്‍ സ്പെഷല്‍ ടാക്സുകള്‍ ഏര്‍പ്പെടുത്തി അവയുടെ വില വര്‍ദ്ധിപ്പിച്ച് കൊണ്ടേയിരിക്കുന്നു. വില വര്‍ദ്ധിക്കുമ്പോള്‍ ജനങ്ങള്‍ കുറച്ചല്ലേ ഉപയോഗിക്കൂ... ആരോഗ്യ പ്രശ്നമുണ്ടാക്കുമെന്ന് അറിഞ്ഞിട്ടും പക്ഷേ കോളകള്‍ നിരോധിക്കുവാന്‍ അമേരിക്കന്‍ സര്‍ക്കാരും തയ്യാറാകുന്നില്ല. അമേരിക്കയില്‍ നിരോധിച്ചാല്‍ പിന്നെ പെപ്സിയും കോക്കും മറ്റിടങ്ങളില്‍ എങ്ങിനെ പ്രവര്‍ത്തിക്കും!!!
നമ്മൂടെ സര്‍ക്കാരുകളാണെങ്കില്‍ അവര്‍ക്ക് ആനുകൂല്യങ്ങള്‍ നല്കി കുറഞ്ഞ വിലയ്ക്ക് ഉല്‍പ്പാദിപ്പിച്ച് വന്‍ വിലയ്ക്ക് വിറ്റ് ലാഭം കൊയ്യുവാന്‍ കൂട്ട് നില്ക്കുന്നു....
ഇവനെയൊക്കെ പിടിച്ച് രണ്ട് ഫുള്‍ ബോട്ടില്‍ ഇന്ത്യന്‍ നിര്‍മ്മിത പെപ്സി കുടിപ്പിക്കണം....
മനോജ്, ദത്തന്റെ ഈ പോസ്റ്റ് പെപ്സി കുടിച്ചാലുള്ള ആരോഗ്യപ്രശ്നത്തെ കുറിച്ചാണോ നമ്മുടെ സ്വന്തം മന്ത്രിയുടെ സമീപനത്തെ കുറിച്ചാണോ? മനോജിന്റെ കമന്റ് വായിച്ചപ്പോള്‍ പോസ്റ്റ് എന്തെന്ന് മറന്നു :)
കേരളത്തിലെ സാധാരണക്കാരായ ജനങ്ങൾ എങ്ങനെ ജീവിച്ചാലെന്ത്..?വോട്ട് നേടി അധികാരത്തിൽ കേറിയാൽ പിന്നെ മന്ത്രിമാർക്കു എന്തുമാകാം എന്നൊരു തെറ്റായ ധാരണ ഇളമരം കരീമിനെ പോലെയുള്ള സഖാക്കൾക്ക് ഉണ്ടെന്നു തോന്നുന്നു....പാവപ്പെട്ടവനു ശുദ്ധജലവും ശുദ്ധവായുവും കിട്ടിയില്ലെങ്കിലെന്ത്...?വ്യവസായ വികസനം ഉണ്ടാകുന്നില്ലെ...?ജനം വിവേകത്തോടെ പ്രതികരിക്കെണ്ട സമയം അതിക്രമിച്ചിരിക്കുന്നു...
മനോജ്,
"മള്‍ട്ടി നാഷണലിനെ പറഞ്ഞിട്ട് കാര്യമില്ല"എന്നു താങ്കള്‍ പറഞ്ഞതു ശരിയാണ്.അതുകൊണ്ടാണ് അവരെക്കുറി
ച്ച് ഒന്നും പറയാതിരുന്നത്.നാട്ടുകാരുടെ ജീവിതമല്ല കുത്തകകളുടെ ലാഭമാണ് പ്രധാനം എന്ന് ഭരിക്കുന്നവര്‍ ചിന്തിക്കുന്നത് വളരെ അപകടകരമാണ്.നാട്ടുകാരെ ഉദ്ധരിക്കാ
നാണെന്ന നാട്യത്തിലാകുമ്പോള് വഞ്ചനയുമാണ്
യശോധരന്,
"വോട്ട് നേടി അധികാരത്തില്‍ കേറിയാല്‍ പിന്നെ മന്ത്രിമാര്‍ക്കു എന്തുമാകാം എന്നൊരു തെറ്റായ ധാരണ ഇളമരം കരീമിനെ പോലെയുള്ള സഖാക്കള്‍ക്ക് ഉണ്ടെന്നത്" തോന്നലല്ല യാഥാര്‍ത്ഥ്യമാണ്.പാര്‍ലമെന്ററി മോഹങ്ങളുടെ സഫലതയില്‍, വന്ന വഴികള്‍ മറക്കുന്ന കരീമിനെപ്പോലുള്ളവര്‍ ഇപ്പോള്‍ പ്രകടിപ്പിക്കുന്ന ജനവിരുദ്ധ മനോഭാവം തന്നെ അതിനു തെളിവാണ്.ആനപ്പുറത്ത് ഇരിക്കുമ്പോള്‍ പട്ടിയെ പേടിയ്ക്കണ്ട എന്ന
അഹങ്കാരമാണ് മന്ത്രിമാര്‍ക്ക്.
-ദത്തന്
ഈ മഹത് വചനം കേട്ടിട്ടില്ലേ?
“നാണംകെട്ടും പണം തേടിക്കൊള്‍ക....
ആ നാണക്കേടും പണം പോക്കിക്കോള്ളും “
ആരോടു പറയാന്‍ ..........
നാട്ടുകാരന്,
ആ പഴഞ്ചൊല്ലില്‍ ചെറിയ വ്യത്യാസമുണ്ട്.
"നാണം കെട്ടും പണം തേടിക്കൊണ്ടാല്
നാണക്കേടപ്പണം തീര്‍ത്തുകൊള്ളും." എന്നാണ് ശരിയായ രൂപം.
എന്തായാലും അത് ഇവര്‍ക്കൊക്കെ ചേരുന്നതു തന്നെ.പട്ടിണി കിടന്നവന് മൃഷ്ടാന്ന ഭോജനം കണ്ട അവസ്ഥയിലാണ് കരീമും കൂട്ടരും.
ഇനി അഞ്ചു കൊല്ലം ഭരണം കിട്ടില്ല എന്ന് അവര്‍ക്കുറപ്പ്. അപ്പോള്‍ പിന്നെ പരമാവധി കൈയ്യിട്ടു വാരുക തന്നെ.നമ്മള് ജനത്തിന് ചോയ്സ് ഇല്ല, തമ്മില്‍ ഭേദം തൊമ്മന് എന്നു വോട്ടു ചെയ്യാനേ പറ്റൂ. ചാനലുകാരെ വെല്ലുവിളിചചത് കേട്ടില്ലായിരുന്നോ. ഇത്തരം ഗതികേടിലേക്കു നീങ്ങുമ്പോഴാ ജനം Extreme രീതികളിലേക്കു കടക്കുക.
Post a Comment