ഇന്നു ഞങ്ങടമ്മേടെ അടിയന്തിരം
-പതിനാറടിയന്തിരം-
പത്തു മക്കളുടമ്മ
ചത്തതനാഥയെപ്പോലെങ്കിലെന്ത്?
പത്തു കൂട്ടം കൂട്ടാനും
പത്തു തരം പായസവും കൂട്ടി
പത്തുരണ്ടായിരം പേരെയൂട്ടി
പതിനാറടിയന്തിരം കേമ മാക്കി ഞങ്ങള്‍.
വായ്ക്കരിയിട്ടില്ലെങ്കിലും
അസ്ഥി നിമജ്ജനം ആഘോഷമാക്കി.
തിരുനാവായ,ആലുവാ,വര്‍ക്കല പാപനാശം,
തിരുവല്ലം വഴി രാമേശ്വരം വരെ
വാടകയ്ക്കെടുത്ത തന്ത്രി മുഖ്യരൊപ്പം
വാഹന വ്യൂഹത്തിനകമ്പടിയോടെ
ചിതാഭസ്മ മൊഴുക്കിയതോടെ
അമ്മയോടു കാട്ടിയ ക്രൂരതകള്‍ക്കും,
അവഗണനയ്ക്കും പരിഹാരക്രിയയായി.
അതുകൊണ്ടും പാപമോചനമായില്ലെങ്കില്‍
അക്ഷയ ത്രിതീയ നാള് വാങ്ങും
സ്വര്‍ണ്ണത്താലമ്മതന്‍
പൂര്‍ണ്ണകായ രൂപം തീര്‍ത്ത്
പൂജിച്ചും ബലിയിട്ടും
പരേതാത്മാവിന്നു സായൂജ്യമേകും.
ഈ ലോക ജീവിതത്തില്‍
ദാഹിച്ചു വലഞ്ഞപ്പോള്‍
വെള്ളമേകിയില്ലെങ്കിലും
വിശപ്പിന്നു ഭക്ഷണ-
മശിക്കാന്‍ കൊടുത്തില്ലെങ്കിലും
ഉടുതുണിയ്ക്കുതകിയില്ലെങ്കിലും
ഭീതിപ്പെടുത്തുമേകാന്തതയില്‍
കൂട്ടു നല്കാനായില്ലെങ്കിലും
പരലോകം പൂകുന്നോര്‍-
ക്കരുളണ്ടേ പലതും നാം?
മര്‍ത്യനും ജീവിതവുമല്ലല്ലോ പ്രധാനം
പിതൃക്കളും പരലോകവുമല്ലേ.
Fans on the page
7 comments:
nalla poem...
"ഭീതിപ്പെടുത്തുമേകാന്തതയില്‍
കൂട്ടു നല്കാനായില്ലെങ്കിലും....."
ദത്തന്,
എവിടെ ഒക്കെയോ കൊളുത്തി വലിക്കുന്ന പോലെ...!
നല്ല അവതരണം.
ഉപാസന,
ബൈജു,
നല്ല വാക്കുകള്‍ക്ക് നന്ദി
ചിന്തിപ്പിക്കുന്ന കവിത.
വായിച്ചു കഴിഞ്ഞപ്പോള്‍ എന്റെ അമ്മയോട് ഞാനും അനീതി കാട്ടിയോ എന്നൊരു
കുറ്റബോധം മനസ്സിനെ വല്ലാതെ മഥിക്കുന്നു...കവിത കൊണ്ട് ലക്ഷ്യമാക്കുന്നതെന്തോ അത് ഇവിടെ സാധ്യമായിരിക്കുന്നു..
നല്ല കവിത..
"ചത്തതനാഥയെപ്പോലെങ്കിലെന്ത്?"
പലരെയും വേദനിപ്പിക്കുമീ കവിത
യശോധരന്,
കലാവല്ലഭന്‍,
അഭിപ്രായങ്ങള്‍ക്കു നന്ദി.
സത്യങ്ങള്‍ അടങ്ങുന്ന വരികള്‍ ....ഇനിയും എഴുതുക ..ആശംസകള്‍ !!!
Post a Comment