കാളിദാസന്റെ മേഘസന്ദേശം,തര്‍ജ്ജമയില്‍ കൂടി സാധാരണ മലയാളിയെക്കൊണ്ടു പോലും
ആസ്വദിപ്പിച്ച കവിയാണ് തിരുനല്ലൂര്‍ കരുണാകരന്.ഭാരതത്തിലെ മറ്റൊരു ഭാഷയിലും ലഭിച്ചിട്ടില്ലാത്ത ഈ സൗഭാഗ്യം മേഘസന്ദേശത്തിനു ഇവിടെ കിട്ടിയത് അദ്ദേഹത്തിന്റെ വിവര്‍ത്തന ശേഷിയുടെയും കവനവൈഭവത്തിന്റെയും മികവു കൊണ്ടാണ്.മലയാളത്തിലെ എണ്ണമറ്റ മേഘസന്ദേ
ശ വിവര്‍ത്തനങ്ങള്‍ക്കൊന്നും വായനക്കാരെ ഇത്രയധികം സ്വാധീനിക്കുവാന്‍ കഴിഞ്ഞിട്ടില്ല.
എന്നാല്‍ ഇവിടെ പരാമര്‍ശിക്കുന്ന 'മേഘ സന്ദേശം' വിവര്‍ത്തന കാവ്യമല്ല.തിരുനല്ലൂരിന്റെ സ്വന്തം കവിതയാണ്...."മഴവില്ലും കൊള്ളിമീനും"
"ഓര്‍മ്മകേടു തന് കൃത്യത്തില്‍ വന്നതി,-
ന്നോമലെപ്പിരിഞ്ഞാടലേറും വിധം
ശിക്ഷയോരാണ്ടധീശന്‍ വിധിക്കയാല്‍.." മഹിമ പൊയ്പോയ യക്ഷനല്ല ഇതിലെ നായകന്.
"ഉടലൊതുങ്ങിയോള്‍,മദ്ധ്യം ചുരുങ്ങിയോള്‍,
ചൊടികള്‍ തൊണ്ടിപ്പഴം പോല്‍ വിളങ്ങുവോള്‍,
അരിയ വെള്ളരിപ്പല്ലും ഭയന്ന മാന്‍-
മിഴികളും നിമ്ന നാഭിയുമുള്ളവ" ളും അല്ല നായിക.
"മാണ്‍പെഴും മഴക്കാലം സഹ്യസാനുവിലെത്തിയ നാളില്‍,"
"കൊച്ചനുജന്മാര്‍ മഴച്ചാറ്റലേല്പതോ പനീര്‍
പിച്ചകച്ചെടി കാറ്റില്‍ ചാഞ്ഞതോ" കാണാതെ നനയുന്ന കണ്ണുകളോടെ കുടിലിന് മൂലയ്ക്കൊരു മങ്ങിയ ചിത്രം പോലെ നില്ക്കുന്ന മംഗല എന്ന ഗ്രാമീണ യുവതിയാണ് ഈ സന്ദേശകാവ്യത്തി
ലെ നായിക.അവളാണ് മേഘത്തിനോട് സന്ദേശം പറഞ്ഞയയ്ക്കുന്നത്.അവളുടെ ജയിലില്‍ കിട
ക്കുന്ന പ്രിയനാണ് സന്ദേശം കൈമാറേണ്ടത്. "ഏതു മര്‍ദ്ദനത്തിനും അടിമപ്പെടാതുള്ള നാടിന്റെ
തന്റേടം പോലുള്ള" അവനെയാണ് തന്റെ മോഹവും പ്രതീക്ഷയും അറിയിക്കേണ്ടത്.അവിടെ റൊമാന്സും പൂങ്കണ്ണീരുമില്ല.വീറും വാശിയും തന്റേടവും വിപ്ലവാവേശവുമേ ഉള്ളു.അവള് മേഘ
ത്തോട് പറയുന്നു:
"ഒരു നാള് തമ്മില്‍ക്കാണാനാവുമെന്നുറച്ചു ഞാന്‍
കരയാതിരിക്കയാണെന്നറിയിച്ചാല്‍ കൊള്ളാം." മാത്രമല്ല,
"ധീരത നശിക്കില്ല മര്‍ദ്ദനങ്ങളാല്‍;കൊച്ചു
കൂരകള്‍ പരാജയം സമ്മതിക്കുകയില്ല.
ഒത്തു ചേര്‍ന്നോരായിരം മുഷ്ടികളുയരുമ്പോള്‍
കല്‍ത്തുറുങ്കുകള്‍ വീഴും കൈവിലങ്ങുകള്‍ പൊട്ടും." എന്ന് ഓര്‍മ്മിപ്പിക്കുകയു ചെയ്യുന്നു.
ഭരണകൂട നൃശംസതയ്ക്കെതിരെ പ്രതികരിക്കാനാണ് മേഘത്തെ കണ്ടപ്പോള്‍ ഗ്രമീണപ്പെണ്‍ കൊടി മുതിരുന്നത്.പരാതിയുടെ കെട്ടഴിക്കാനല്ല;പ്രണയ മൊഴി കൈമാറാനുമല്ല.സ്വന്തം പ്രിയന്റെ ബന്ധനം
നാടിന്റെ യൗവനത്തിന്നു നേര്‍ക്കുള്ള അക്രമമായിട്ട് അവള് കാണുന്നു.അതു കൊണ്ടാണ്,
"നാലു പേര് നിനയ്ക്കുമ്പോള്‍ കെട്ടിയിട്ടീടാന്‍ വെറും
നായ്ക്കളോ നാടിന്നഭിമാനമാം ചെറുപ്പക്കാര്‍?" എന്ന് രോഷം കൊള്ളുന്നത്.
വെള്ളക്കാരനില്‍ നിന്നും അധികാരം പിടിച്ചെടുത്ത ശേഷവും അദ്ധ്വാനിക്കുന്ന ജന വിഭാഗങ്ങളെ
ഭരണകൂടം വേട്ടയാടിയ പശ്ചാത്തലത്തില്‍ എഴുതപ്പെട്ടതാണ് ഈ കവിത.അന്നു വരെ ബ്രിട്ടീഷുകാരു
ടെ ഒറ്റുകാരും മഹാരാജാവിന്റെയും ദിവാന്റെയും തിരുമുമ്പില്‍ സേവക്കാരായും കഴിഞ്ഞിരുന്ന ജന്മി വര്‍ഗ്ഗം സ്വാതന്ത്ര്യം കിട്ടിയതോടെ ഖദര്‍ ധരിച്ച് രാഷ്ട്രീയ വ്യവസായത്തിന് ഇറങ്ങുന്നതാണ് ജനം കണ്ടത്. അന്ത്യജന്റെയും ഗ്രാമീണന്റെയും ജീവിതം മെച്ചപ്പെടുത്താന്‍ പരിശ്രമിക്കണമെന്ന ഗാന്ധിജി
യുടെ വാക്കുകള്‍ പുത്തന്‍ രാഷ്ട്രീയ പ്രമാണിമാര്‍ കാറ്റില്‍ പറത്തി.സ്വാതന്ത്ര്യ സമര കാലത്ത്
ഉയര്‍ന്നു വന്ന ആദര്‍ശങ്ങള്‍ പലതും അപ്രത്യക്ഷമായി.അക്രമത്തിനും ചൂഷണത്തിനും എതിരേ പൊങ്ങിയ നാവും കൈയും അരിയാന്‍ പുതിയ രാജാക്കന്മാര് വ്യഗ്രത കാട്ടി.സമത്വ സുന്ദരമായ നവലോ
കത്തിനു വേണ്ടി പോരാടിയ ചെറുപ്പക്കരെ അവര്‍ ജയിലഴിക്കുള്ളിലാക്കി.
സകല ശേഷിയും വിനിയോഗിച്ച് ഭരണവര്‍ഗ്ഗം വേട്ടയാടിയിട്ടും പുത്തനുണര്‍വ്വും ആവേശവുമായി ഗ്രാമങ്ങളില്‍ മംഗലമാര്‍ പ്രവര്‍ത്തനനിരതരായി കാത്തിരുന്നു.അവരുടെ കാത്തിരിപ്പ് വെറുതെ ആയില്ല എന്ന് കേരളത്തിന്റെ പില്ക്കാല രാഷ്ട്രീയ ചരിത്രം തെളിവു നല്കുന്നു.കാലം മാറിയതോടെ ജനാധിപത്യ സങ്കല്പങ്ങള്ക്കും രാഷ്ട്രീയ വീക്ഷണങ്ങള്‍ക്കും മൂല്യ വിചാരങ്ങള്‍ക്കും പരിവര്‍ത്തനമുണ്ടായി.എങ്കിലുംഅധികാര വര്‍ഗ്ഗത്തിന്റെ കൊള്ളരുതായ്മ
ക്കെതിരെ ശബ്ദിക്കുന്നവര്‍ക്ക് കല്‍ത്തുറുങ്കും കഴുമരവും വിധിക്കുന്ന പതിവ് നിലനില്‍ക്കുന്നിടത്തോളം ഈ കവിതയ്ക്കും
പ്രസക്തിയുണ്ടായിരിക്കും.
"കുട്ടിക്കാലത്തു മേഘസന്ദേശം പഠിച്ചു തുടങ്ങിയ നാള് മുതല്‍ ആ വാര്‍മുകിലിന്റെ ചിറകുകളില്‍ തൂങ്ങി അലംഭാ
വമില്ലാതെ അലഞ്ഞുതിരിയുകയാണ് എന്റെ കവിതാ കൗതുകം.കാളിദാസ കാവ്യങ്ങളില്‍ വച്ച് ഒന്നാമത്തേതായി മേഘസന്ദേശത്തെ കണക്കാക്കത്തക്കവണ്ണം അതിനാല്‍ അത്രകണ്ടപഹൃഷ്ടമാണ് എന്റെ ഹൃദയം"എന്ന് അവകാശപ്പെടുന്ന ഒരു കവിയില്‍ നിന്ന് മറ്റൊരു മേഘസന്ദേശം ഉണ്ടാകുന്നതില്‍ അത്ഭുതപ്പെടാനില്ല.പക്ഷേ മേഘം ഒഴികെ മറ്റൊന്നും കാളിദാസന്റെ മേഘസന്ദേശത്തിനും തിരുനല്ലൂരിന്റെ 'മഴവില്ലും കൊള്ളിമീനി'നും പൊതുവായില്ല.എത്ര അപഹൃഷ്ടനായാലും പ്രതിഭാ സമ്പന്നനായ കവിയ്ക്ക് മുന്‍ ഗാമികളുടെ മാര്‍ഗ്ഗത്തില്‍ നിന്നു ഭിന്നമായി സ്വന്തം വഴി കണ്ടെത്താന്‍ കഴിയും എന്ന് തെളിയിക്കുകയാണ് തിരുനല്ലൂര്‍ ഈ കവിതയിലൂടെ.
കാളിദാസന്റെ 'മേഘദൂതം' ആദ്യമായി മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടതിനു ശേഷം എത്രയെത്ര വിവര്‍ത്തനങ്ങളാണ് കേരളത്തില്‍ അതിനുണ്ടായത്!പദ്യത്തിലും ഗദ്യത്തിലുമായി പുറത്തുവന്ന തര്‍ജ്ജമകളില്‍ ഭൂരിഭാ
ഗവും വായിക്കപ്പെടാതെ പോയെന്നതാണ് സത്യം.ചിലതിന് പാരായണ ഭാഗ്യം ലഭിച്ചതു പാഠപുസ്തക കമ്മിറ്റികള്‍ തുണച്ചതു കൊണ്ടു മാത്രമാണ്.ബാക്കിയുള്ളവയുടെ പ്രസക്തി വിവര്‍ത്തന കൃതികളുടെ കണക്കെടുപ്പിലൊതുങ്ങി.
തിരുനല്ലൂരിന്റെ വിവര്‍ത്തനം വായിച്ചവരുടെ നാലിലൊന്നു പോലും ആളുകള്‍ ബാക്കി സര്‍വ്വ തര്‍ജ്ജമകളും കൂടി വായിച്ചു കാണില്ല.അത്രമാത്രം മനോഹരമാണ് അത്.
മേഘ സന്ദേശ പരിഭാഷയോടെ ഉണ്ടായ മറ്റൊരു സംഭവം സന്ദേശ കാവ്യങ്ങളുടെ മലവെള്ളപ്പാച്ചിലാണ്.യാതൊ
രു സാഹിത്യ മൂല്യവും ഇല്ലാത്ത അനുകരണങ്ങളായിരുന്നു മിക്കവയും.സന്ദേശ കാവ്യത്തിന്റെ ലക്ഷണമൊപ്പിച്ച്
പടച്ചു വിട്ട അത്തരം നാല്ക്കാലികള് ഏതാണ്ട് എല്ലാം തന്നെ കാലപ്രവാഹത്തില്‍ ഒലിച്ചു പോയി.അവശേഷി
ച്ചവയ്ക്ക് അക്കാഡമിക് വൃത്തങ്ങള്‍ക്കപ്പുറം പ്രസക്തിയുമില്ല.ഇവിടെയും തിരുനല്ലൂരിന്റെ "മഴവില്ലും കൊള്ളിമീനും"
വേറിട്ടു നില്ക്കുന്നു.ലക്ഷണാവരണം കൊണ്ടു മൂടിയ ജീവനില്ലാത്ത വാക്യസഞ്ചയമല്ല ഈ ചെറുകവിത.ജീവന് തുടിക്കുന്ന അക്ഷരവിന്യാസമാണ്.ഒരു കാലഘട്ടത്തിന്റെ സ്പന്ദനവും സാക്ഷ്യവുമാണ്.സ്വകാര്യ ദു:ഖങ്ങള്‍ക്കുപരി ഒരു ജനതയുടെ കണ്ണീരിന്റെയും ചെറുത്തു നില്പിന്റെയും അതിജീവനത്തിന്റെയും സന്ദേശം വരും തലമുറകള്‍ക്കു കൂടി പകര്‍ന്നു നല്കുവാന് ഈ 'മേഘസന്ദേശ'ത്തിനു കഴിഞ്ഞിരിക്കുന്നു.
Fans on the page
2 comments:
കാലഹരണപ്പെട്ട പ്രത്യയ ശാസ്ത്രങ്ങളുടെ പിന് ബലത്തില്‍ രചിക്കപ്പെട്ട ഇത്തരം കവിതകള്‍ക്ക്
ഇപ്പോഴെന്തു പ്രസക്തിയാണുള്ളത്?
ജയന്,
പ്രസക്തിയുള്ളതുകൊണ്ടാണല്ലോ ഇപ്പോഴും ചര്‍ച്ച ചെയ്യുന്നത്.ഏതു പ്രത്യയ ശാസ്ത്രം പരാജയ
പ്പെട്ടാലും മനുഷ്യന്റെ പ്രശ്നങ്ങളും മാനവികതയും കാലഹരണപ്പെടില്ല്ല്ല;നല്ല കവിതയും.
-ദത്തന്
Post a Comment