Total Pageviews

Tuesday, March 16, 2010

സര്‍ഗ്ഗവന്ധ്യകളുടെ സ്ത്രീപക്ഷ ചപ്പാടാച്ചി

ലളിതാംബികാ അന്തര്‍ജ്ജനം മുതല്‍ കെ.ആര്‍.മീര വരെയുള്ള കഥാകാരികളുടെയും ബാലാമണിഅമ്മ മുതല്‍ വിജയലക്ഷ്മി വരെയുള്ള കവയിത്രികളുടെയും രചനകള്‍ മാനസോല്ലാസം നല്‍കുന്ന മനുഷ്യ കഥാനുഗായികളാണ്.സ്ത്രീ പുരുഷ ഭേദം കൂടാതെ ആസ്വദിക്കാവുന്ന സര്‍ഗ്ഗ സൃഷ്ടികളാണ് അവയില്‍ ഏറിയ പങ്കും.പുരുഷ വിദ്വേഷം വളര്‍ത്തുന്നതിനുള്ള ബോധപൂര്‍ വ്വമായ യാതൊരു ശ്രമവും ഇവരാരും നടത്തിയതായി അറിവില്ല.എന്നാല്‍ പെണ്ണെഴുത്തെന്നും പറഞ്ഞ് ആനുകാലികങ്ങളില്‍ ആടിത്തിമര്‍ക്കുന്ന ചില മഹിളാ സാഹിത്യ വേഷങ്ങള്‍ പുരുഷ വിദ്വേഷത്തിന്റെയും സാമൂഹിക വെറുപ്പിന്റെയും പുക പരത്തിക്കൊണ്ടിരിക്കുകയാണ്.

ചരിത്രസത്യങ്ങളോ സാമൂഹിക യാഥാര്‍ത്ഥ്യമോ മനസ്സിലാക്കാതെ യാതൊരു അടിസ്ഥാനവുമില്ലാത്ത ആരോപണങ്ങ
ളുന്നയിച്ച് കാളമൂത്രം പോലെ ഇവര്‍ പടച്ചു വിടുന്ന ലേഖനങ്ങള്‍ വായിച്ചാല്‍,പ്ലൂട്ടാര്‍ക്കു മുതല്‍ ചങ്ങമ്പുഴ വരെ സ്ത്രീകളെ പറ്റി പറഞ്ഞ ആക്ഷേപങ്ങള്‍ വാസ്തവമാണെന്ന് തോന്നിപ്പോകും.അത്രയ്ക്കു നിരര്‍ത്ഥകവും അയുക്തികവും പരദൂഷണപ്രായവുമായ വാദമുഖങ്ങളാണ് ഇവര്‍ ഉന്നയിക്കുന്നത്.

ആണുങ്ങള്‍ക്കു നേരേ അധിക്ഷേപം ചൊരിയാനുള്ള വ്യഗ്രതയില്‍ എണ്ണപ്പെട്ട എഴുത്തുകാരികളെ തന്നെ അപഹസി
ക്കുന്നത് പോലും ഇവര്‍ തിരിച്ചറിയുന്നില്ല.സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ഭാര്യ ബി.കല്യാണിയമ്മയും സി.ജെ.തോമസിന്റെ ഭാര്യ റോസി തോമസും തിരുമുമ്പിലിന്റെ ഭാര്യ കാര്‍ത്യായിനിക്കുട്ടി അമ്മയും മറ്റും എഴുതിയ ഓര്‍മ്മക്കുറിപ്പുകളെ 'വിധവാ വിലാപങ്ങള്‍'എന്ന്‍ വിശേഷിപ്പിക്കുമ്പോള്‍ അതാണ് ഇവര്‍ ചെയ്യുന്നത്.മേല്പ്പറഞ്ഞ മഹതികള്‍ ഹൃദയ രക്തം കൊണ്ട് പകര്‍ത്തിയ സ്വന്തം ജീവിതാനുഭവങ്ങളെ 'വിധവാ വിലാപം' എന്ന് 'അടയാളപ്പെടുത്തുകയും അടിവരയിടുകയും(പെണ്ണെഴുത്തു പദാവലിയില്‍ മുഖ്യമാണിവ) ഓരിയിടുകയും ചെയ്യുമ്പോള്‍ ബഹിര്‍ഗ്ഗമിക്കുന്നത് പരിഹാസമാണ്.എന്നിട്ടും ഈ വിധവാ വിലാപങ്ങളില്‍ 'ഒളിപ്പോരിടങ്ങള്‍' കണ്ടെത്തുന്നതാണ് വിചിത്രം. "വിധവാ വിലാപങ്ങളിലെ ഒളിപ്പോരിടങ്ങള്‍" കണ്ടെത്താന്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ(പുസ്തകം87 ലക്കം 45; ലേഖിക..ഗീത) കുറേ പേജുകള്‍ ചെലവാക്കിയത് കാണുമ്പോള്‍ എന്തൊരു ദുര്‍വ്യയം എന്ന് ആരും മൂക്കത്തു വിരല്‍ വച്ചു പോകും.

ഈ പുരുഷ വിദ്വേഷ പ്രബന്ധം ആരംഭിക്കുന്നതു തന്നെ "സാഹിത്യത്തിലെ പരമ്പരാഗതമായ വിലാപങ്ങള്‍ പുരുഷ പക്ഷത്തു നിന്നുള്ളതായിരുന്നുവല്ലോ" എന്ന സ്വന്തം വിവരമില്ലായ്മ വെളിപ്പെടുത്തിക്കൊണ്ടാണ്.മലയാളത്തിലെ മുഴുവന്‍ വിലാപകാവ്യങ്ങളും പുരുഷനിര്‍മ്മിതമാണത്രേ!മഹാകവി കുമാരനാശാന്റെ ചരമത്തില്‍ മനം നൊന്ത് "ഒരു വിലാപം" എന്ന പേരില്‍ വിലാപ കാവ്യം രചിച്ചത് പുരുഷനായിരുന്നില്ല.ശ്രീമതി മുതുകുളം പാര്‍വ്വതി അമ്മ ആയിരു
ന്നു.മകളുടെ അകാല നിര്യാണത്തില്‍ തപിക്കുന്ന തന്റെ അദ്ധ്യാപികയുടെ ഹൃദയവ്യഥ പകര്‍ത്തുന്ന'മാതൃവിലാപ'വും
പാര്‍വ്വതി അമ്മയുടെ രചനയാണ്.

ഈ വിവരക്കേടു കൊണ്ട് തുടക്കം കുറിച്ചത്,ജീവിതത്തില്‍ ഏറെ സഹിച്ച മഹതികളുടെ ദാമ്പത്യ സ്മരണകള്‍ വെറും പതംപെറുക്കലും നിലവിളിയും മാത്രമാണെന്ന വാദം അവതരിപ്പിക്കാനാണ്."ദാമ്പത്യാവസാനത്തില്‍ അവശേഷിക്കുന്ന ആള്‍ തങ്ങളുടെ ജീവിത കഥ എഴുതി പ്രസിദ്ധപ്പെടുത്തണം"എന്ന സ്വദേശാഭിമാനിയുടെ ആഗ്രഹം നിറവേറ്റിയതാണ് 'വ്യാഴവട്ട സ്മരണകള്‍'എഴുതിയ കല്യാണി അമ്മയ്കെതിരേ നമ്മുടെ പുത്തന്‍ പെണ്ണെഴുത്തുകാരി തിരിയാന്‍ കാരണം.
"ഭര്‍ത്താവ് പലപ്പോഴും കളിയായിട്ടും കാര്യമായിട്ടും പറഞ്ഞത്" എന്ന് ഗ്രന്ഥകാരി ആണയിട്ടിട്ടുണ്ടെങ്കിലും സ്ത്രീവിമോച
നക്കാരിക്ക് അത് 'ഭര്‍ത്തൃശാസന'മായേ കാണാന്‍പറ്റുന്നുള്ളു."ആധുനികമായ പ്രണയഭാവങ്ങളേക്കാള്‍ പരമ്പരാഗ
തമായ പതിഭക്തിയാണ"ത്രേ വ്യാഴവട്ട സ്മരണകളുടെ അടിയൊഴുക്ക്.അപ്പോള്‍ അതാണു കാര്യം..."പതിഭക്തി." ഭര്‍ത്താവിനെപ്പറ്റി ബഹുമാനത്തോടെ സ്മരിക്കുന്നതിനപ്പുറം ഒരു നാണക്കേട് സ്ത്രീ വര്‍ഗ്ഗത്തിനു വരാനുണ്ടോ?പ്രണയ
ഭാവത്തിന് ആധുനികമെന്നും പ്രാചീനമെന്നും വേര്‍ തിരിവുണ്ടോ?നെറ്റും മൊബൈലും വഴി തളിരിടുകയും പുഷ്പിക്കുകയും
ചെയ്യുന്ന പ്രണയമാണോ ആധുനികം എന്ന് ഉദ്ദേശിക്കുന്നത്?

ഭര്‍ത്താവിന്റെ മരണം സൃഷ്ടിച്ച വേദനയും തളര്‍ച്ചയും ശൂന്യതയും ഈ സ്മരണകളില്‍ രേഖപ്പെടുത്തിയത് സ്ത്രീ വര്‍ഗ്ഗ
ത്തിനു എന്തോ കളങ്കമുണ്ടാക്കിയെന്നാണ് പുത്തന്‍ പെണ്ണെഴുത്തു വായിച്ചാല്‍ തോന്നുക."സ്വന്തം വെപ്പുകാരിയും വിളമ്പുകാരിയും കൂടെക്കിടപ്പുകാരിയും മാത്രമായി പുരുഷന്‍സ്ത്രീയെ ഒതുക്കി" പോലും.അങ്ങനെയുള്ള പുരുഷ ജന്തുക്കളെ മരണശേഷമായാലും പ്രകീര്‍ത്തിക്കാന്‍ പാടുണ്ടൊ?എന്നാണ് പുത്തനച്ചികളുടെ ചോദ്യം.എങ്കിലും ചില ഉപാധികളി
ന്മേല്‍ വേണമെങ്കില്‍ മാപ്പു കൊടുക്കും."ഇവന്‍ എന്റെ പ്രിയ സി.ജെ"യില്‍ ലൈംഗിക ജീവിതത്തെക്കുറിച്ച് റോസി തോമസ് 'തുറന്നെ'ഴുതിയതിനാല്‍ രക്ഷപ്പെട്ടു.എന്തുകൊണ്ടാണെന്ന് അറിയണ്ടേ? "ലൈംഗികതയെ പ്പറ്റിയുള്ള ഈ തുറന്നെഴുത്ത് പരമ്പരാഗത പതിവ്രതയില്‍ നിന്ന് പ്രതീക്ഷിച്ചുകൂടല്ലോ". അതായത്, പെണ്ണുങ്ങളെ വെറും കണ്‍ട്രിക
ളാക്കുന്നത് പാതിവ്രത്യം എന്ന പഴഞ്ചന്‍ ഏര്‍പ്പാടാണെന്നു മനസ്സിലാക്കുന്ന മഹിളകള്‍ ഭാഗ്യവതികള്‍!

പാവം റോസി തോമസ്."സി.ജെ യുടെ ഓരോ ഇഞ്ചും കലാകാരനായിരുന്നു.ലൈംഗിക ജീവിതത്തില്‍ കൂടി."
എന്ന് രേഖപ്പെടുത്തിയതാണ് 'തുറന്നെഴുത്തെ'ന്നു വ്യാഖ്യാനിച്ചിരിക്കുന്നത്.'ഇവന്‍ എന്റെ പ്രിയ സി.ജെ' പ്രസിദ്ധീക
രിപ്പെട്ട് വളരെ വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ശ്രീമതി റോസി തോമസ് അന്തരിച്ചത്.അവരുടെ ജീവിതകാലത്ത് ഈ പെണ്ണെഴുത്ത് റാണി ഇത്തരം കണ്ടുപിടുത്തങ്ങള്‍ നടത്താഞ്ഞത് ഭാഗ്യം.അല്ലെങ്കില്‍ പള്ളിയെയും പട്ടക്കാരെയും എതിര്‍ത്ത എം.പി.പോളിന്റെ രക്തം സിരകളില്‍ ഓടുന്നതിന്റെയും ധിക്കാരിയായ സി.ജെ.തോമസിന്റെ 'കൂടെക്കി
ടന്നതിന്റെ'യും മഹിമ അല്പസ്വല്പമൊക്കെ അവശേഷിക്കുന്ന അവര്‍ അനാവശ്യം എഴുന്നള്ളിച്ച ഈ പെണ്മണിയെ കൈകാര്യം ചെയ്യുമായിരുന്നു.

എ.വി.കുഞ്ഞമ്പുവിന്റെ ഭാര്യ ദേവയാനി,റ്റി.എസ്.തിരുമുമ്പിന്റെ ഭര്യ കാര്‍ത്യായനിക്കുട്ടിയമ്മ,കേശവദേവിന്റെ പത്നി സീതാലക്ഷ്മി,പവനന്റെ ഭാര്യ പാര്‍ വ്വതി,എം.പി നാരായണപിള്ളയുടെ പത്നി പ്രഭ,എന്നിവരും "ദൃഢവും തൃപ്തവുമാ
യ ദാമ്പത്യം" ചിത്രീകരിച്ചതിന്റെ പേരില്‍ പെണ്ണെഴുത്തു സിംഹിയുടെ ആക്രമണത്തിന് ഇരയാകുന്നുണ്ട്.മൊശകോ
ടന്മാരായ കെട്ടിയോന്മാരെ നല്ലവാക്കുകള്‍ കൊണ്ട് പുകഴ്ത്തുന്നത് എങ്ങനെയാണ് അഭിമാനബോധമുള്ള പെണ്ണെഴു
ത്തു വീരകള്‍ ക്ഷമിക്കുക?അവര്‍ എഴുതുന്ന പുരുഷസ്തുതികളെ 'വിധവാ വിലാപങ്ങള്‍' എന്നല്ലാതെ എന്താണ് വിശേ
ഷിപ്പിക്കുക?സമ്മതിച്ചു.അങ്ങനെതന്നെ വേണം.പക്ഷേ മകള്‍ അച്ഛനെക്കുറിച്ച് എഴുതിയത് എങ്ങനെയാണ് 'വിധവാ വിലാപ'മാവുക?റോസി തോമസ്, പിതാവായ എം.പി.പോളി നെപ്പറ്റി എഴുതിയ ഓര്‍മ്മക്കുറിപ്പാണ് 'ഉറങ്ങുന്ന സിംഹം'.അതിലെ വാചകങ്ങള്‍ കൂടി ഉദ്ധരിച്ചുകൊണ്ടാണ് 'വിധവാ വിലാപങ്ങളിലെ ഒളിപ്പോരിടങ്ങള്‍’ പെണ്ണെഴു
ത്തുകാരി കണ്ടെത്തുന്നത്.

പിതൃസ്മരണ പോലും വിധവാ വിലാപങ്ങളുടെ പട്ടികയില്‍ പെടുത്തി പുരുഷന്റെ മേല്‍ അപവാദ പുരീഷം തെറിപ്പിക്കു
ന്ന പെണ്ണെഴുത്തുകാരി,വയലാര്‍ രാമവര്‍മ്മയുടെ ഭാര്യ എഴുതിയ "ഇന്ദ്രധനുസ്സിന്‍ തീരത്ത്" എന്ന യഥാര്‍ത്ഥ വിധവാ
സ്മരണ കാണാതെ പോയതെന്തേ?അവര്‍ അനുഭവിച്ച അവഗണനയുടെയും ഒളിപ്പോരിന്റെയും തെളിപ്പോരിന്റെയും ഉത്തരവാദി പുരുഷന്‍ അല്ലെന്നു അതില്‍ നിന്നു മനസ്സിലായതുകൊണ്ടാകുമോ?

വിലാപകാവ്യങ്ങളെക്കുറിച്ചുള്ള വിവരമില്ലായ്മയില്‍ നിന്നാണ് വിധവാവിലാപ ഭര്‍ത്സനം തുടങ്ങിയതെങ്കില്‍ മറ്റൊരു ചരിത്രാജ്ഞത വെളിപ്പെടുത്തിക്കൊണ്ടാണ് അത് അവസാനിപ്പിക്കുന്നത്."രാഷ്ട്രത്തിന്റെസ്വാതന്ത്ര്യത്തിനു വേണ്ടി എഴുതിയതിന്റെ പേരില്‍ നാടുകടത്തപ്പെട്ട പത്രപ്രവര്‍ത്തകന്‍"ആണത്രേ സ്വദേശാഭിമാനി രാമകൃഷ്ണപിള്ള! തിരുവിതാം കൂര്‍ ദിവാനായിരുന്ന പി.രാജഗോപാലാചാരിയെ നിശിതമായി വിമര്‍ശിച്ച് എഴുതിയ മുഖപ്രസംഗത്തിന്റെ പേരിലാണ് അദ്ദേഹം നാടുകടത്തപ്പെട്ടത്.അല്ലതെ സ്വാതന്ത്ര്യത്തിനു വേണ്ടി എഴുതിയതിനല്ല.പെണ്ണെഴുത്തു പോരാളി
കളുടെ വിവരക്കേടിന്റെ വീര ചരിതങ്ങള്‍ ഇങ്ങനെ ചൂണ്ടിക്കാണിക്കാന്‍ തുടങ്ങിയാല്‍ അവസാനം കാണില്ല.

സ്വന്തം കുടുംബത്തിലോ പരിചയത്തിലോ ഉള്ള പുരുഷന്മാര്‍ ചെയ്ത കടുംകൈകളാകാം ഇവരെ ഇങ്ങനെ ആണ്‍ വെറു
പ്പികളാക്കിയത്.സ്വന്തം അനുഭവത്തിന്റെ ബലത്തില്‍ മാത്രം പുരുഷ വര്‍ഗ്ഗം ഒന്നടങ്കം വനിതകളുടെ ശത്രുക്കളാ
ണെന്ന നിഗമനത്തില്‍ എത്തിച്ചേരുന്നത് ശുദ്ധ അസംബന്ധമാണ്.ഇത്തരം അബദ്ധ ധാരണകളുടെ അടിസ്ഥാന
ത്തില്‍ ആണുങ്ങള്‍ക്കു നേരേ അപവാദ വ്യവസായത്തിന് ഒരുങ്ങുന്നതാകട്ടെ തീര്‍ത്തും അനാരോഗ്യകരവും. സ്ത്രീ വര്‍ഗ്ഗ
ത്തിനു വേണ്ടിയാണെന്ന മട്ടില്‍ തട്ടിവിടുന്ന കഥയില്ലായ്മകളും അല്പവിജ്ഞാനവും ഇവരെക്കുറിച്ച് അവമതിപ്പേ ഉണ്ടാ
ക്കൂ.സര്‍ഗ്ഗാത്മകതയുടെ മിന്നലാട്ടമുള്ള നാലു വരി എഴുതാന്‍ കഴിവില്ലാത്തവര്‍ ആളാകാന്‍ വേണ്ടി കാട്ടുന്ന വിക്രിയ
കളാണ് പെണ്ണെഴുത്ത് ലേബലൊട്ടിച്ചു നടത്തുന്ന ഈ പുരുഷ വിദ്വേഷ പ്രചരണം.മൗലിക കൃതികള്‍ സൃഷ്ടിക്കാനു
ള്ള ശേഷിയോ വൈഭവമോ ഇല്ലാത്ത സര്‍ഗ്ഗവന്ധ്യകള്‍ സ്വന്തം കഴിവുകേട് വിദ്വേഷ വായ്ത്തരികള്‍ കൊണ്ട് മറയ്ക്കാന്‍ ശ്രമിക്കയാണ്.


Fans on the page

3 comments:

dethan said...

2010 ജനുവരി17 ലെ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഗീത എഴുതിയ "വിധവാ വിലാപങ്ങളിലെ ഒളിപ്പോരിടങ്ങള്‍"എന്ന ലേഖനം വായിച്ചപ്പോള്‍ തോന്നിയ പ്രതികരണം
-ദത്തന്‍

ഷൈജൻ കാക്കര said...

"ഭര്‍ത്താവ് പലപ്പോഴും കളിയായിട്ടും കാര്യമായിട്ടും പറഞ്ഞത്"

ഒരു തമാശ പോലും തമാശയായി കാണുകയില്ല എന്ന്‌ ശാഠ്യം പിടിച്ചാൽ....

dethan said...

കാക്കര,
അങ്ങനെയാണല്ലോ പല കുടുംബങ്ങളും നരകങ്ങളാകുന്നത്.എന്നിട്ടു വേണം പഴി പുരുഷന്റെ മേല്‍ കെട്ടിവയ്ക്കാന്‍.