Total Pageviews

Tuesday, January 12, 2010

ശവഭക്തര്‍

എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിമോര്ച്ചറിയില്‍ സൂക്ഷിച്ചിരുന്ന ഒരു മൃതശരീരം കാണാതായത്രെ. മറ്റൊരാളുടെ ബന്ധുക്കള്‍ വാങ്ങിക്കൊണ്ടു പോയി സംസ്കരിച്ചു എന്നാണ് ആശുപത്രി അധികൃതരുടെ ഭാഷ്യം. എറണാകുളത്തെ ഒരു ജഡ്ജിയുടെ ഭാര്യാപിതാവിന്റെ ജഡമാണ് ഇങ്ങനെ അന്യര്‍ അന്ത്യകര്മ്മങ്ങള്‍ ചെയ്ത് അടക്കിയത്. ഇതേ ആശുപത്രിയിലെ മോര്ച്ചറിയില്‍ സൂക്ഷിച്ചിരുന്ന തിരുവനന്തപുരം സ്വദേശിയുടെ മൃതദേഹമാണെന്നു കരുതി അദ്ദേഹത്തിന്റെ അനന്തരാവകാശികളാണ് ജഡ്ജിയുടെ ശ്വശുരന്റെ മൃതദേഹം കൊണ്ടുപോയത്.തിരുവനന്തപുരത്തുകാരന്റെ യഥാര്‍ത്ഥ ശവത്തിന് എന്തു പറ്റി എന്ന് വ്യക്തമല്ല.

ചിതാഭസ്മം യഥാര്ത്ഥ അവകാശികള്ക്കു നല്കി ശവമാറ്റക്കേസ് അവസാനിപ്പിച്ചു എന്നാണു തോന്നുന്നത്.എങ്കിലും ഈ സംഭവം
ഒരുപാട് സാമൂഹിക സത്യങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ട്.

വാഹനാപകടമോ ജല ദുരന്തമോ തീപ്പൊള്ളലോ മൂലമായിരുന്നില്ല രണ്ടു പേരും മരിച്ചത്; വാര്ദ്ധക്യ സഹജമായ അസുഖം ബാധിച്ചായിരുന്നു.തിരുവനന്തപുരത്തെ പരേതന്റെ മക്കളോ സഹോദരങ്ങളോ മറ്റ് അടുത്ത ബന്ധുക്കളോ ആയിരുന്നിരിക്കണം അന്യശവം ഏറ്റുവാങ്ങി സംസ്ക്കരിച്ചത്.മറ്റൊരാളുടെ മൃത ദേഹം സ്വന്തം പിതാവിന്റെയോ സഹോദരന്റെയൊ ആണെന്നു കരുതിയവരുടെ ബന്ധുത്വം എത്ര അഗാധമായിരിക്കണം !

ജീവിച്ചിരിക്കെ സ്നേഹമോ ദയയോ അല്പം പോലും കാണിക്കാതിരിക്കുകയും മരിച്ചു കഴിയുമ്പോള്‍ ആഘോഷപൂര്‍വ്വം മരണാനന്തര ചടങ്ങുകള്‍ നടത്തുകയും ചെയ്യുന്നത് ഇപ്പോള്‍ പതിവായിരിക്കുന്നു.അതിന്റെ ഏറ്റവും ജുഗുപ്സാവഹമായ ഉദാഹരണമാണ് ഇത്.അച്ഛനമ്മമാര്ക്ക് അവശ്യം വേണ്ട ചികിത്സയോ ശുശ്രൂഷ
യോ യഥാ സമയം ചെയ്യാതിരുന്നിട്ട് ചത്തു കഴിഞ്ഞപ്പോള്‍ ആര്ഭാടമായി സഞ്ചയനവും പതിനാറടി
യന്തിരവും നടത്തിയ നിരവധി മക്കളെ എനിക്കറിയാം.അങ്ങനെ ആഘോഷിക്കാന്‍ പാകത്തില്‍ ഒരെണ്ണം വേണമെന്നേ ഇവരും കരുതിയിട്ടുണ്ടാകൂ.

മരണ ശേഷം,ശവം ദഹിപ്പിക്കുന്നതോ കുഴിച്ചിടുന്നതോ ഏതാണു നല്ലതെന്ന് ഒരാള്‍ ചോദിച്ചപ്പോള്‍ ''അത്
ചക്കിലിട്ടാട്ടി തെങ്ങിന് വളം വയ്ക്കുന്നതാണു നല്ലത്" എന്നാണ് ശ്രീനാരായണഗുരു മറുപടി പറഞ്ഞത്.
തന്റെ അമ്മയുടെ മൃതദേഹം സംസ്ക്കരിക്കാന്‍ ബന്ധുക്കളും സമുദായക്കാരും സഹകരിക്കാതിരുന്നപ്പോള്‍ ശങ്കരാചര്യര്‍ തനിയെ അത് സംസ്കരിക്കുകയായിരുന്നു.വേദാന്തത്തിന്റെ മറുകര കണ്ട രണ്ടു മഹാചാര്യന്മാര്‍ മരണാനന്തര കര്‍മ്മങ്ങളുടെ അന്തസ്സാരശൂന്യത വെളിവാക്കിയിട്ടും പേട്ടു ജ്യോത്സ്യന്മാരുടെയും വരട്ടു തന്ത്രിമാരുടെയും വാക്കുകളുടെ പിന്നാലെയാണ് ആളുകള്‍ പോകുന്നത്.

വിവാഹം ആര്‍ഭാടപൂര്‍ണ്ണമാക്കി സ്റ്റാറ്റസ് പ്രകടിപ്പിക്കാന്‍ കേരളീയര്‍ കാട്ടുന്ന വ്യഗ്രത അശ്ലീലകരമാണ്.
മരണാനന്തര ചടങ്ങുകള്‍ അതിനെയും കവച്ചു വയ്ക്കുമെന്നാണ് ഇതൊക്കെ കാണുമ്പോള്‍ തോന്നുന്നത്.അന്ധ
വിശ്വാസം കൂടുകയും പരസ്പര വിശ്വാസവും സ്നേഹവും കുറയുകയും ചെയ്യുന്നതിന്റെ ഫലമാണിത്.ഇത്തരം അവസ്ഥ ഒരു പരിഷ്കൃത സമൂഹത്തിനും ഭൂഷണമല്ല.


Fans on the page

6 comments:

dethan said...

വിവാഹം ആര്‍ഭാടപൂര്‍ണ്ണമാക്കി സ്റ്റാറ്റസ് പ്രകടിപ്പിക്കാന്‍ കേരളീയര്‍ കാട്ടുന്ന വ്യഗ്രത അശ്ലീലകരമാണ്.
മരണാനന്തര ചടങ്ങുകള്‍ അതിനെയും കവച്ചു വയ്ക്കുമെന്നാണ് തോന്നുന്നത്.

-ദത്തന്‍

jyo.mds said...

വായിച്ചപ്പോള്‍ മനസ്സില്‍ വിഷാദം-

അരുണ്‍ കാക്കനാട് said...
This comment has been removed by the author.
അരുണ്‍ കാക്കനാട് said...

.മറ്റൊരാളുടെ മൃത ദേഹം സ്വന്തം പിതാവിന്റെയോ സഹോദരന്റെയൊ ആണെന്നു കരുതിയവരുടെ ബന്ധുത്വം എത്ര അഗാധമായിരിക്കണം !...താങ്കളുടെ ഈ വരികള്‍ വളരെ ഹൃദയസ്പര്‍ശിയായി തോന്നി ...

dethan said...

jyo,

മനസ്സില്‍ നന്മയുള്ളതു കൊണ്ടാണ് വേദന തോന്നുന്നത്.നന്ദി.

അരുണ്‍ കാക്കനാട്,

മനുഷ്യ ബന്ധങ്ങളിലും കൃത്രിമത്വം വന്നു കൊണ്ടിരിക്കുന്നു. എന്തു ചെയ്യാം?

-ദത്തന്‍

പാവപ്പെട്ടവൻ said...

ശവങ്ങള്‍ കാണാതാകുന്നത് ഇത് ആദ്യമല്ല പക്ഷെ തെരുവില്‍ അലഞ്ഞു നടക്കുന്നവര്‍ പെട്ടന്ന് കാണാതാവുന്നത് നമ്മള്‍ ആരെങ്കിലും ശ്രദ്ധിക്കറുണ്ടോ ...? ആരുമില്ലാത്തവര്‍ ആരാലും ചോദിക്കാനില്ലാത്തവര്‍