Total Pageviews

Friday, January 22, 2010

യുവര്‍ ഓണര്‍, മാനം കെടുത്തരുത് !

ഭാരതത്തിന്റെ പരമോന്നത നീതി പീഠത്തിന്റെ അദ്ധ്യക്ഷനായി ഒരു മലയാളി നിയമിക്കപ്പെട്ടപ്പോള്‍ എല്ലാ കേരളീയരും ആഹ്ലാദിച്ചു.രാഷ്ട്രത്തിന്റെ അത്യുന്നത പദം അലങ്കരിച്ച മറ്റൊരു മലയാളിയുടെ സാര്‍ത്ഥകമായ ജീവിതകഥ ഓര്‍മ്മിച്ചു. ഏറ്റെടുത്ത കര്‍ത്തവ്യം, അദ്ദേഹത്തെപ്പോലെ അഭിനാര്‍ഹമായ വിധത്തില്‍ നിര്‍ വ്വഹിക്കു
മെന്ന് പ്രതീക്ഷിച്ചു.ഹൈക്കോടതി ജഡ്ജി എന്ന നിലയിലുള്ള പ്രവര്‍ത്തന ചരിത്രം അത്തരം മോഹങ്ങള്‍ വച്ചു പുലര്‍ത്താന്‍ പ്രേരിപ്പിച്ചു.

സുപ്രീം കോടതി ചീഫ് ജസ്റ്റിന്റെ ചുമതലയേറ്റ ആദ്യ നാളുകളില്‍ പുറപ്പെടുവിച്ച വിധികളും അഭിപ്രായ പ്രകടനങ്ങളും പരിണിതപ്രജ്ഞനായ ന്യായാധിപന്റേതുമായിരുന്നു.എന്നാല്‍ ജഡ്ജിമാര്‍ സ്വത്തു വിവരം വെളിപ്പെടു
ത്തണമെന്ന ആവശ്യം നാനാഭാഗത്തു നിന്നും ഉണ്ടായപ്പോള്‍ മുതല്‍ ഒരു അഴകൊഴമ്പന്‍ നിലപാടാണ്
അദ്ദേഹം സ്വീകരിച്ചത്.അതു സംബന്ധിച്ച് എങ്ങും തൊടാത്ത മറുപടികള്‍ പുറപ്പെടുവിച്ചപ്പോഴും വിവാദങ്ങള്‍ സൃഷ്ടിക്കുന്നതില്‍ വിമുഖനായതു കൊണ്ടായിരിക്കും എന്നു കരുതി.അഴിമതിക്കാരനായ ഒരു ജഡ്ജിയെ സുപ്രീം
കോടതിയില്‍ നിയമിക്കുന്നതിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധമുയര്‍ന്നിട്ടും ചീഫ് ജസ്റ്റിസിന്റെ നിലപാടില്‍ വ്യക്തതയുണ്ടാകാന്‍ നാളുകള്‍ ഏറെയെടുത്തു.പ്രശ്നങ്ങള്‍ അവധാനതയോടെ മാത്രം കൈകാര്യം ചെയ്യുക എന്ന തന്റെ പ്രവര്‍ത്തന ശൈലിയുടെ ഭാഗമാകാം അതും എന്ന് സമാധാനിച്ചു.

പക്ഷേ ഏറ്റവും ഒടുവില്‍,വിവരാകാശ നിയമത്തിനതീതനാണ് ചീഫ് ജസ്റ്റിസും അദ്ദേഹത്തിന്റെ ഓഫീസും എന്ന് സ്ഥാപിച്ചു കിട്ടുവാന്‍ നടത്തുന്ന സാഹസങ്ങള്‍ എല്ലാ നല്ല പ്രതീക്ഷകളെയും തകിടം മറിച്ചിരിക്കുന്നു.സുപ്രീം കോടതി ചീഫ് ജസ്റ്റിസും വിവരാവകാശ നിയമത്തിനു വിധേയനാണ് എന്ന ഡല്‍ഹി ഹൈക്കോടതി സിംഗിള്‍ ബഞ്ച് പുറപ്പെടുവിച്ച ഉത്തരവ് അനുസരിക്കുന്നതിനു പകരം അപ്പീല്‍ പോയി.ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഹൈക്കോട
തിയുടെ മൂന്നംഗ ഡിവിഷന്‍ ബഞ്ച് അപ്പീല്‍തള്ളി.സിംഗിള്‍ ബഞ്ച് വിധി ശരിവച്ചുകൊണ്ട് പുറപ്പെടുവിച്ച ഉത്തരവില്‍ വിവരവകാശ നിയമത്തിനനുസരിച്ച് പ്രവര്‍ത്തിക്കുവാന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്സും മറ്റുജഡ്ജിമാരും ബാദ്ധ്യസ്ഥ
രാണെന്ന് അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത വിധം വ്യക്തമാക്കിയിരിക്കയാണ്.ആ വിധിന്യായം എല്ലാ നീതിപീഠങ്ങള്‍ക്കുമുള്ള
താക്കീതാണെന്ന് നീതിബോധമുള്ള ആര്‍ക്കും മനസ്സിലാകും.

"കോടതിയുടെ സ്വാതന്ത്ര്യം എന്നത് ജഡ്ജിയുടെ അവകാശമോ പ്രത്യേക അധികാരമോ അല്ലെന്നും നിയമത്തിന്റെ
യും തെളിവുകളുടെയും അടിസ്ഥാനത്തില്‍ സത്യസന്ധമായും നിഷ്പക്ഷമായും തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ജഡ്ജിമാരില്‍
അര്‍പ്പിതമായ ഉത്തരവാദിത്വമാണ്"എന്നുമാണ് കോടതി അഭിപ്രായപ്പെട്ടത്.ന്യായാസനങ്ങളുടെ കര്‍ത്തവ്യവും ലക്ഷ്യവും ശരിയായി നിര്‍ വ്വചിക്കുകയും വിശദീകരിക്കുകയും ചെയ്യുന്ന ശ്രേഷ്ഠമായ ഈ വിധിക്കെതിരെയും അപ്പീല്‍ നല്കാനാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ ഓഫീസിന്റെ നീക്കം എന്നാണ് വാര്‍ത്ത. സ്വത്തു വിവരം വെളിപ്പെടുത്തുന്നതില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ സ്വീകരിച്ച വളഞ്ഞവഴികള്‍ ചീഫ് ജസ്റ്റിസ് അറിയാതെയാണ് എന്നു വിശ്വസിക്കുക പ്രയാസം.

ബഹു.ചീഫ് ജസ്റ്റിസ് എന്തൊക്കെയോ ഒളിക്കാന്‍ ശ്രമിക്കുന്നില്ലേ എന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ
കുറ്റപ്പെടുത്താന്‍ കഴിയില്ല.രാജ്യത്തെ അത്യുന്നത നീതിപീഠത്തിന്റെ അന്തസ്സും നീതിന്യായ വ്യവസ്ഥയുടെ വിശുദ്ധിയും കാത്തു സൂക്ഷിക്കാന്‍ കടമയുള്ള ചീഫ് ജസ്റ്റിസ് സ്വന്തം നിലപാടുകള്‍ക്ക് പരിരക്ഷയും പിന്തുണയും കിട്ടാന്‍ ഇത്ത
രം വിലകുറഞ്ഞ നടപടികള്‍ക്ക് മുതിരുന്നത് ശരിയല്ല.ജഡ്ജിമാര്‍ സ്വത്തു വിവരം വെളിപ്പെടുത്തുന്നതിന് എതിരായി ആദ്യം മുതല്‍ അദ്ദേഹം കൈക്കൊണ്ട നിലപാടുകളെ വിമര്‍ശിക്കുവാന്‍ ഇന്നേവരെ മാദ്ധ്യമങ്ങള്‍ ഉള്‍പ്പെടെ ആരും തുനിയാത്തത് ഭയം കൊണ്ടു മാത്രമാണ്.സാധാരണ ജഡ്ജിക്കെതിരെ ശബ്ദിച്ചാല്‍ തന്നെ കോടതി കയറേണ്ടതായും
അഴി എണ്ണേണ്ടതായും വരും.അപ്പോള്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ വിമര്‍ശിച്ചാല്‍ എന്താകും സ്ഥിതി എന്ന അര്‍ത്ഥാപത്തി ശങ്ക.പക്ഷേ അന്തമറ്റ അഭിമാന മുഹൂര്‍ത്തങ്ങള്‍ പ്രതീക്ഷിച്ച് കഴിയുമ്പോള്‍ ആക്ഷേപാര്‍ഹമായ നടപടികളുണ്ടായാല്‍ മൗനം ദീക്ഷിക്കാന്‍ കഴിയില്ല.

ബഹു.ചീഫ് ജസ്റ്റിസ്,അങ്ങ് നീതിമാനും നിയമവിധേയനും കളങ്ക രഹിതനും ആണെന്ന് കേള്‍ക്കാനാണ് മലയാളി
കള്‍ ആഗ്രഹിക്കുന്നത്.ഞങ്ങളെ നിരാശപ്പെടുത്തരുത്.


Fans on the page

10 comments:

dethan said...

"കോടതിയുടെ സ്വാതന്ത്ര്യം എന്നത് ജഡ്ജിയുടെ അവകാശമോ പ്രത്യേക അധികാരമോ അല്ലെന്നും നിയമത്തിന്റെയും തെളിവുകളുടെയും അടിസ്ഥാനത്തില്‍ സത്യസന്ധമായും നിഷ്പക്ഷമായും തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ജഡ്ജിമാരില്‍ അര്‍പ്പിതമായ ഉത്തരവാദിത്വമാണ്" എന്നാണ് ദില്ലി ഹൈക്കോടതിയുടെ വിധി. ന്യായാസനങ്ങളുടെ കര്‍ത്തവ്യവും ലക്ഷ്യവും ശരിയായി നിര്‍വ്വചിക്കുകയും വിശദീകരിക്കുകയും ചെയ്യുന്ന ശ്രേഷ്ഠമായ ഈ വിധിക്കെതിരെയും അപ്പീല്‍ നല്കാനാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ ഓഫീസിന്റെ നീക്കം എന്നാണ് വാര്‍ത്ത. സ്വത്തു വിവരം വെളിപ്പെടുത്തുന്നതില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ സ്വീകരിച്ച വളഞ്ഞവഴികള്‍ ചീഫ് ജസ്റ്റിസ് അറിയാതെയാണ് എന്നു വിശ്വസിക്കുക പ്രയാസം.

" നിഴലാകാതിരിക്കട്ടെ,സ്നേഹാധാരമീ രൂപം"
-ദത്തന്‍

kaalidaasan said...

ദത്തന്‍,

വളരെ പ്രസക്തമായ വിഷയം.

സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ ഓഫീസ് സുപ്രിം കോടതിയില്‍ കേസുകൊടുക്കാന്‍ പോകുന്ന വിചിത്രമായ സംഗതിയാണിനി നമ്മള്‍ കാണാന്‍ പോകുന്നത്. ആ കേസ് ഏത് ബഞ്ചാണു പരിഗണിക്കുക എന്നത് രസകരമായിരിക്കും. ആ ബഞ്ചും അപ്പീല്‍ തള്ളിയാലോ?

ചീഫ് ജസ്റ്റീസ് ഇത്ര തരം താഴരുതായിരുന്നു. രഹസ്യമാക്കി സൂക്ഷിക്കേണ്ട എന്തു കാര്യമാണാ ഓഫീസില്‍ നടക്കുന്നത്?

ഇതിനോട് ചേര്‍ത്തു വായിക്കേണ്ട മറ്റൊരു വര്‍ത്തയാണു പിണറായി വിജയന്റെ ഹര്‍ജിയോടനുബന്ധിച്ച് കേള്‍ക്കുന്നത്. തിടുക്കത്തില്‍ പരിഗണിക്കേണ്ട നിയമ പ്രാധാന്യമൊന്നും ആ ഹര്‍ജിക്കില്ല. എന്നിട്ടും അത് വളരെ വേഗം തന്നെ വാദത്തിനു വന്നു.

അപ്പോള്‍ അരുതാത്തതെന്തൊക്കെയോ അവിടെ നടക്കുന്നുണ്ട്. അതൊക്കെ പുറത്തറിഞ്ഞാല്‍ ചീഫ് ജസ്റ്റിസിന്റെ ഓഫീസിന്റെ വിശ്വാസ്യത തകരാനിടയുണ്ട്.

തറവാടി said...

Good post.

സാപ്പി said...

നീതി പീഠം ജഡ്ജി പീഡനമാകാതിരിക്കാന്‍..
ജഡ്ജി വിവരാവകാശത്തിനു കീഴില്‍ വരണം...
വിവരത്തെ ഭയപ്പെടുന്ന നീതി,
നീതിയേ അല്ല എന്ന്
നാം ഓര്‍ക്കാന്‍ മറക്കരുത്‌...

dethan said...

കാളിദാസന്‍,
നമ്മളാരും പ്രതീക്ഷിക്കാത്തതാണ് ചീഫ് ജസ്റ്റിസിന്റെ ഓഫീസ് കേന്ദ്രീകരിച്ചു നടക്കുന്നത്.സംഭവിക്കില്ല എന്നു വിചാരിച്ചവ സംഭവിച്ചുകൊണ്ടിരിക്കുന്നു.അത് താങ്കള്‍ സൂചിപ്പിച്ചതു പോലെ ഓഫീസിന്റെ മാത്രമല്ല ചീഫ് ജസ്റ്റിസിന്റെയും വിശ്വാസ്യതയും ബഹുമാനവും തകര്‍ക്കും.
പിണറായി വിജയന്റെ കേസ് സംബന്ധിച്ച് ആദ്യം മുതല്‍ക്ക് കൈക്കൊണ്ട നടപടികള്‍ ഒരുപാട് സംശയങ്ങള്‍ ഉണര്‍ത്തുന്നവയാണ്.

തറവാടി,
നന്ദി.

സാപ്പി,

ശരിയാണ്.ഒളിക്കാന്‍ ശ്രമിക്കുന്നിടത്തു നിന്ന് നീതി ലഭിക്കില്ല.നികുതിപ്പണത്തില്‍ നിന്ന് ശമ്പളം പറ്റുന്നവര്‍ക്ക് ഔദ്യോഗിക കാര്യങ്ങള്‍ രഹസ്യമാക്കിവയ്ക്കാന്‍ അവകാശമില്ല.

-ദത്തന്‍

നാട്ടുകാരന്‍ said...

സുപ്രീം കോടതിയിലെ എല്ലാജഡ്ജിമാരും ചേര്‍ന്ന് അപ്പീല്‍ നല്‍കിയിരിക്കുന്നു !
ഇനി ഏതു സ്വതന്ത്രജഡ്ജിയാണോ വാദം കേള്‍ക്കുന്നത് ?
ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥക്ക് ഇത്രക്കും അധപ്പതിക്കാന്‍ സാധിക്കുമോ എന്ന് ഒരു പൌരന് ആശങ്കതോന്നുന്നതില്‍ കാര്യമില്ലേ ?

dethan said...

നാട്ടുകാരന്‍,
ഭ്രാന്തന്മാരെ തളയ്ക്കാനുള്ളതാണു ചങ്ങല.ആ ചങ്ങലയ്ക്കു തന്നെ ഭ്രാന്തു വന്നാലെന്തു ചെയ്യും?
അതാണ് ഇവിടെ സംഭവിച്ചു കൊണ്ടിരിക്കുന്നത്.

വിചാരം said...

ചക്കര കുടത്തില്‍ കയ്യിട്ടാല്‍ ആരാ നക്കാതിരിക്കുക :)

Jijo said...

ഒരു ബമ്പര്‍ ലോട്ടറി അടിച്ചപ്പോള്‍ അത് വിറ്റ് കാശാക്കാന്‍ ദെത്തനേപോലുള്ളവര്‍ സമ്മതിക്കില്ല അല്ലേ? എന്താണിത് മിസ്റ്റര്‍ ദെത്തന്‍? നീതിന്യായത്തിന്റെ ഏറ്റവും മുട്ടന്‍ ഉയരത്ത് ഇരിക്കുന്നവരെ പറ്റി അനാവശ്യം പറയുന്നത്? ഒരു കോടതി അലക്ഷ്യമങ്ങ് പൂശിയാലുണ്ടല്ലോ, വെവരമറിയും. വേദനിക്കുന്ന ചീഫ് ജസ്റ്റിസുമാരുടെ ഭാഗം പിടിയ്ക്കാന്‍ ഇവിടൊരുത്തനും ഇല്ലേ? 'നിയമവിധേയനും കളങ്കരഹിതനും'... ഹും എന്നെയൊക്കെ പിച്ചച്ചട്ടി എടുപ്പിച്ചേ അടങ്ങൂ... അല്ലേ?

dethan said...

വിചാരം,
ഇത്തരം സാമാന്യവല്‍ക്കരണം ശരിയല്ലെന്ന് കേരളത്തില്‍ നിന്നുള്ള ന്യായാധിപന്മാര്‍ തന്നെ
സാക്ഷിയല്ലേ?ശര്‍ക്കരക്കുടത്തിലല്ല തേന്‍ കുടത്തില്‍ കൈയിട്ടാലും നക്കാത്തവര്‍ കുറച്ചെങ്കിലും ഉണ്ടെന്നറിയുക.

ജിജൊ,
കോര്‍ട്ടലക്ഷ്യമാണല്ലോ ഇവരുടെ ബ്രഹ്മാസ്ത്രം.ബ്രഹ്മാസ്ത്രത്തെ പേടിയില്ലാത്ത ചിലരെങ്കിലും കാണില്ലേ ?

-ദത്തന്‍