Total Pageviews

Saturday, October 3, 2009

സ്വദേശാഭിമാനിയുടെ നാടു കടത്തലും വക്കം മൗലവിയും



സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയതിന്റെ നൂറാം വാര്‍ഷികം ആഘോഷിച്ചു കൊണ്ടിരിക്കുകയാണല്ലോ.സ്വതന്ത്രമായ പത്രപ്രവര്‍ത്തനത്തിന്റെ രക്തസാക്ഷിയായിത്തീര്‍ന്ന
ധീരനായ പോരാളിയായി ലോകം രാമകൃഷ്ണപിള്ളയെ വാഴ്ത്തുമ്പോള്‍ "സ്വദേശാഭിമാനി" എന്ന
പത്രം സ്ഥാപിച്ച വക്കം മൗലവിയെ മിക്കവരും ഓര്‍ക്കാറേ ഇല്ല.പത്രാധിപര്‍ക്ക് എല്ലാ സ്വാതന്ത്ര്യവും അനുവദിച്ചു കൊടുത്ത വക്കം അബ്ദുള്‍ ഖാദര്‍ മൗലവി എന്ന പത്ര ഉടമയെ ഈ സന്ദര്‍ഭത്തില്‍
ഓര്‍ക്കണമെന്ന് മുഖ്യമന്ത്രി ഉദ്ബോധിപ്പിച്ചതു കൊണ്ടാകാം, ചില പത്രങ്ങളെങ്കിലും വഴിപാടു പോലെ മൗലവിയെ പരാമര്‍ശിക്കുകയുണ്ടായി.

നാടുകടത്തലിനെക്കുറിച്ചു ഒരു വലിയ പത്രത്തില്‍ വന്ന ലേഖനത്തില്‍,വക്കം മൗലവിയുടെ പത്ര പ്രവര്‍ത്തന ശൈലിയില്‍ ആകൃഷ്ടനായ രാമകൃഷ്ണപിള്ള, അദ്ദേഹവുമായി ചേര്‍ന്ന്"സ്വദേശാഭിമാനി"
പ്രസിദ്ധീകരണമാരംഭിച്ചു എന്നാണ് തട്ടിവിട്ടിരിക്കുന്നത്.സ്വദേശാഭിമാനിയുടെ രണ്ടാമത്തെയും അവസാനത്തെയും പത്രാധിപരായിരുന്നു കെ.രാമകൃഷ്ണപിള്ള.1905 ജനുവരി 19 ന് ആണ് സ്വദേശാഭിമാനിയുടെ ആദ്യപ്രതി പുറത്തിറങ്ങുന്നത്.അന്ന് പത്രാധിപര്‍ ചിറയിന്‍ കീഴ് സി.പി ഗോവിന്ദപ്പിള്ള.പത്രം തുടങ്ങുന്നതിനു മുമ്പ് 1904 -ഓഗസ്റ്റില്‍ മൗലവി സ്ഥാപിച്ച പ്രസ്സിന്റെ പേരും 'സ്വദേശാഭിമാനി'എന്നായിരുന്നു.കെ.രാമകൃഷ്ണ പിള്ള എന്ന സ്വന്തം പേരിനേക്കാള്‍ പ്രശസ്തമായി തീര്‍ന്ന 'സ്വദേശാഭിമാനി'നാമം വക്കം മൗലവിയുടെ സംഭാവനയാണെന്നു സാരം.പക്ഷെ പത്രത്തെയും പത്ര മുതലാളിയെയും അതിവര്‍ത്തിച്ച് ധീരനായ പത്രാധിപരുടെ പര്യായമായി ആ പേരിനെ വളര്‍ത്തിയതിന്റെ ക്രഡിറ്റ് രാമകൃഷ്ണപിള്ളയ്ക്കു തന്നെയാണ്.

ഒന്നര നൂറ്റാണ്ടിലേറെ നീണ്ട മലയാള പത്രപ്രവര്‍ത്തന ചരിത്രത്തില്‍ ഒരിടത്തും പത്രാധിപര്‍ക്ക്
ഇത്രയധികം സ്വാതന്ത്ര്യം അനുവദിച്ചു കൊടുത്ത ഒരു പത്രഉടമയെ കണ്ടെത്താന്‍ കഴിയില്ല.
പത്രസ്വാതന്ത്ര്യം എന്നത് പത്ര മുതലാളിയുടെ സ്വാതന്ത്ര്യമാണെന്ന് പി.കെ.ബാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.പല പത്രങ്ങളിലും പ്രവര്‍ത്തിച്ച അനുഭവത്തില്‍ നിന്നാണദ്ദേഹം അത്തരം ഒരു നിഗമനത്തില്‍ എത്തിച്ചേര്‍ന്നത്.നൂറുശതമാനം സത്യമാണ് അദ്ദേഹത്തിന്റെ പ്രസ്താവന.ബൂര്‍ഷ്വാ
പത്രങ്ങള്‍ക്കേ ഈ പരാമര്‍ശം ബാധകമാകയുള്ളു എന്ന് അടുത്ത കാലം വരെ പലരും കരുതി.
എന്നാല്‍ ഉടമകളുടെ മനോഭാവത്തിന് പാര്‍ട്ടിഭേദമില്ലെന്ന് മുഖ്യമന്ത്രിയുടെ അനുഭവം തെളിയിക്കുന്നു.
അതുകൊണ്ടു കൂടിയാകാം പത്രാധിപരുടെ നാടുകടത്തലിന്റെ അനുസ്മരണത്തിനിടെ പത്രമുതലാളിയേയും അദ്ദേഹം ഓര്‍ത്തത്.

പത്രാധിപരുടെ സ്വാതന്ത്ര്യത്തില്‍ യാതൊരു വിധ കൈകടത്തലും വക്കം മൗലവി നടത്തിയിരുന്നില്ല.
അത്തരമൊരു ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് സ്വദേശാഭിമാനിയുടെ' സാരഥ്യം ഏറ്റെടുക്കാന്‍ കെ രാമകൃഷ്ണപിള്ള തയ്യാറായതു തന്നെ.'കേരള പഞ്ചിക','മലയാളി'തുടങ്ങിയവയുടെ പത്രാധിപരായിരിക്കേ
ഉണ്ടായ കയ്പേറിയ അനുഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് അദ്ദേഹത്തിന് ആഗ്രഹമുണ്ടായിരുന്നു.
പൂര്‍ണ്ണമനസ്സോടെ മൗലവി അത് അംഗീകരിച്ചു.അങ്ങനെയാണ് പത്രപ്രവര്‍ത്തന രംഗത്തെ ആ അപൂര്‍വ്വ ബന്ധം ഉടലെടുത്തത്.

പത്രപ്രസിദ്ധീകരണം ലാഭമുണ്ടാക്കാനുള്ള ഉപാധി ആയി തരിമ്പും കരുതിയിട്ടില്ലാത്ത വ്യക്തിയായിരുന്നു വക്കം മൗലവി."സ്വദേശാഭിമാനിയുടെ പ്രവൃത്തി കൊണ്ട് ജനങ്ങള്‍ക്ക്‌ ക്ഷേമമുണ്ടാക്കണമെന്നാണ് ഞങ്ങളുടെ ഉദ്ദേശ്യം.ഈ ഉദ്ദേശ്യം സാധിക്കാന്‍ ഞങ്ങള്‍ യഥാശക്തി ശ്രമിക്കുക തന്നെ ചെയ്യും.
ഞങ്ങള്‍ക്കുണ്ടാകുന്ന വല്ല ആപത്തുകളെയും ഭയന്ന് പൊതുജന സങ്കടങ്ങളെ ഞങ്ങള്‍ മറച്ചു വയ്ക്കുന്നതല്ല.നിശ്ചയം." എന്ന് ആദ്യ ലക്കത്തില്‍ തന്നെ പ്രഖ്യാപിച്ച പത്രത്തിന്റെ ഉടമയ്ക്ക് വ്യക്തമായ ലക്ഷ്യം ഉണ്ടായിരുന്നു എന്ന് വിശദീകരിക്കണ്ട ആവശ്യമില്ല.ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ പറ്റിയ പത്രാധിപരെ അദ്ദേഹം കണ്ടെത്തുകയായിരുന്നു.

താന്‍ പ്രതീക്ഷിച്ചതിനേക്കാള്‍ കേമനായ പത്രാധിപരാണ് കെ.രാമകൃഷ്ണപിള്ള എന്ന് വളരെ വേഗം
മൗലവിക്കു ബോദ്ധ്യമായി.സന്തോഷപൂര്‍വ്വം അദ്ദേഹത്തിന് എല്ലാ സഹായവും ചെയ്തു കൊടുത്തു.
സ്വാതന്ത്ര്യം ജീവവായുവായി കരുതിയ പത്രാധിപര്‍ക്ക് അതിന് അനുഗുണമായ സാഹചര്യമാണ്
സ്വദേശാഭിമാനിയില്‍ നിന്നും ലഭിച്ചത്.ഒരു നിയന്ത്രണവും അദ്ദേഹത്തിനു മേല്‍ ഉണ്ടായിരുന്നില്ല.
ശ്രീമൂലം തിരുനാളിന്റെ കാലത്തു ദിവാനായിരുന്ന പി. രാജഗോപാലാചാരിയുടെ നടപടികളെ
വിമര്‍ശിച്ചെഴുതിയ മുഖപ്രസംഗമായിരുന്നു സ്വദേശാഭിമാനിയുടെ കണ്ടുകെട്ടലിലും പത്രാധിപരുടെ
നാടു കടത്തലിലും കൊണ്ടുചെന്നെത്തിച്ചത്.

"വിശാഖം തിരുനാള്‍ തിരുമനസ്സു കൊണ്ടായിരുന്നെങ്കില്‍ മിസ്റ്റര്‍ ആചാരിയുടെ ഇന്നത്തെ കുറ്റത്തില്‍ തിരുമനസ്സിലെ കുതിരക്കാരന്റെ കവിഞ്ചി കൊണ്ട് ഈ മന്ത്രിസ്ഥാന വ്യഭിചാരിയുടെ തൊലി പൊളിച്ചു
വിടുമായിരുന്നു എന്നതില്‍ ഞങ്ങള്‍ക്കു സന്ദേഹമില്ല" എന്നിങ്ങനെ നീണ്ട ആ മുഖപ്രസംഗത്തിന്റെ
കൈയ്യെഴുത്തു പ്രതി മൗലവിയുടെ സഹോദരന്‍ കാണാനിടയായി.ഭയന്നു വിറച്ച അയാള്‍ അതു പ്രസിദ്ധീകരിക്കാന്‍ അനുവദിക്കരുതെന്ന് ജ്യേഷ്ഠനോട് പറഞ്ഞുനോക്കിയെങ്കിലും ഫലമുണ്ടായില്ല.
ഒരക്ഷരം പോലും മാറ്റാതെ അച്ചടിക്കാന്‍ കൊടുത്തു.

ശ്രീമൂലം തിരുനാളിന്റെ കാലശേഷം സ്വദേശാഭിമാനി മടക്കി കിട്ടുന്നതിന് അപേക്ഷിക്കാന്‍ പലരും മൗലവിയെ നിര്‍ബ്ബന്ധിച്ചു."എന്റെ പത്രാധിപരില്ലാത്ത 'സ്വദേശാഭിമാനി' എനിക്കെന്തിനാണ്?"
എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

എത്ര വലിയ പത്രാധിപരായാലും തങ്ങളുടെ വരുതിക്കു നിന്നില്ലെങ്കില്‍ വച്ചുപൊറുപ്പിക്കാത്ത, പുതിയതും
പഴയതുമായ പത്രമുതലാളിമാരെ മാത്രം കണ്ടു പരിചയിച്ചവര്‍ക്ക് വക്കം മൗലവി എന്ന
സംസ്ക്കാരചിത്തനായ പത്രം ഉടമയെ മനസ്സിലാകില്ല.

Fans on the page

7 comments:

Anonymous said...

ചിത്രകാരനാണ് ഇങ്ങോട്ടേക്ക് എത്തിച്ചത്. പ്രസക്തമായ പോസ്റ്റ്. വക്കം മൌലവി ഇല്ലായിരുന്നെങ്കിൽ ‘സ്വജാത്യാഭിമാനി’ രാമകൃഷ്ണപിള്ള ഉണ്ടാകുമായിരുന്നില്ല;നിശ്ചയം. (ചെറായി രാമദാസിന്റെ പഠനങ്ങൾ കാണാത്ത ഋജുബുദ്ധികൾക്കു മാത്രമേ രാമകൃഷ്ണപിള്ളയെ വാഴ്ത്താൻ പറ്റൂ.

Joker said...

മലയാളത്തിലെ പല പത്രങ്ങളും വ്യഭിചാര ശാലകളെക്കാള്‍ പരിതാപകരമായ കൂട്ടികൊടുപ്പുകള്‍ നടത്തുമ്പോള്‍ കുറ്റകരമായ മൌനം അവര്‍ പല കാര്യത്തിലും കാണിക്കുന്നുണ്ട്. അറബി പേരുകള്‍ ഏതിലും ഉള്‍പെട്ടാല്‍ പിന്നെ അതിനെ മനപൂര്‍വ്വം ഒഴിവാക്കുന്ന അഭിനവ ദേശസ്ബേഹികള്‍ക്ക് ചരിത്രവും അവര്‍ക്ക് വ്യഭിചാര്‍ത്തിനുള്ള വകയാണ്.
ഈ പോസ്റ്റിന് നന്ദി. ഇതിലേക്ക് ലിങ്ക് തന്ന ചിത്രകാരനും.

Malayali Peringode said...

Read More About വക്കം മൗലവി
1. വക്കം മൗലവി ആദര്‍ശധീരനായ പത്രയുടമ

2. അച്ഛന്‌ കരുത്തായത്‌ വക്കംമൗലവി

3. സ്വദേശാഭിമാനി രാമകൃഷ്‌ണപ്പിള്ളയും വക്കം മൗലവിയും

Malayali Peringode said...

3. സ്വദേശാഭിമാനി രാമകൃഷ്‌ണപ്പിള്ളയും വക്കം മൗലവിയും

സിജാര്‍ വടകര said...
This comment has been removed by the author.
സിജാര്‍ വടകര said...

"പത്രാധിപരുടെ സ്വാതന്ത്ര്യത്തില്‍ യാതൊരു വിധ കൈകടത്തലും വക്കം മൗലവി നടത്തിയിരുന്നില്ല.
അത്തരമൊരു ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് സ്വദേശാഭിമാനിയുടെ' സാരഥ്യം ഏറ്റെടുക്കാന്‍ കെ രാമകൃഷ്ണപിള്ള തയ്യാറായതു തന്നെ.'കേരള പഞ്ചിക','മലയാളി'തുടങ്ങിയവയുടെ പത്രാധിപരായിരിക്കേ
ഉണ്ടായ കയ്പേറിയ അനുഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് അദ്ദേഹത്തിന് ആഗ്രഹമുണ്ടായിരുന്നു."

ചിത്രകാരന്‍ ആണ് ഇതിന്‍റെ ലിങ്ക് തന്നത് . വക്കം മൌലവിയെ കുറിച്ച് കൂടുതല്‍ അറിയാന്‍ സാധിച്ചതില്‍ താങ്കളോടുള്ള കടപാട് രേഖപെടുത്തുന്നു . ഒപ്പം താങ്കളെയും ,താങ്കളുടെ സുഹൃത്തുക്കളായ എല്ലാ എഴുത്തുകാരെയും ക്ഷണിക്കുന്നു . ഒരു സ്നേഹ കൂട്ടാഴ്മയിലേക്ക് ... അവിടെ നമുക്കൊരുമിച്ചു കൂടാം ... ഇണങ്ങാം ,.. പിണങ്ങാം ...സ്നേഹം പങ്കു വെയ്ക്കാം
സ്നേഹം .... നിറഞ്ഞു തുളുമ്പുന്ന ഈ സ്നേഹ കൂടാരത്തിലേക്ക്‌ എല്ലാ മലയാളി സുഹൃത്തുക്കള്‍ക്കും സ്വാഗതം .....ഇവിടെ ജോയിന്‍ ചെയ്യുക നിങ്ങളുടെ സൃഷ്ട്ടികള്‍ ഇവിടെ ബ്ലോഗില്‍ ! പോസ്റ്റ്‌ ചെയ്യുക .
ലിങ്ക് ഇതാണ് ... www.snehakood.ning.com

dethan said...

സത്യാന്വേഷി,
താങ്കള്‍ പറഞ്ഞതു പോലെ,വക്കം മൗലവി എന്ന ചുവരില്ലായിരുന്നെങ്കില്‍ സ്വദേശാഭിമാനി എന്ന ചിത്രം ഉണ്ടാകുമായിരുന്നില്ല.സത്യം.അദ്ദേഹത്തിന്റെ ജാതിക്കുശുമ്പും മറ്റും ഇവിടെ പ്രസക്തമല്ലല്ലോ.
നന്ദി.

ജോക്കര്‍,
നമ്മുടെ വര്‍ത്തമാനപത്ര ചരിത്രത്തില്‍ വക്കം മൗലവിയെ പോലുള്ള ഒരാളെ വിസ്മരിക്കുന്നതും തമസ്കരിക്കുന്നതും നന്ദികേടാണ്.അങ്ങനെയുള്ളവര്‍ക്ക് ഒരിക്കലും കാലം മാപ്പു കൊടുക്കില്ല.രസകരമായ മറ്റൊരു കാര്യം,ഒക്റ്റോബര്‍18 ലെ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഈ പോസ്റ്റ് പ്രസിദ്ധീകരിക്കപ്പെടുന്നതിനു മുമ്പ് ഒരു കമന്റു പോലും ഇതിനുണ്ടായില്ല എന്നതാണ്.
നന്ദി; താങ്കള്‍ക്കും ചിത്രകാരനും.

മലയാളി,
ബന്ധപ്പെട്ട ലേഖനങ്ങള്‍ കാണിച്ചു തന്നതിനു നന്ദി.

സിജാര്‍ വടകര,
ഫോട്ടോ ഇല്ലാത്തതിന്റെ പേരില്‍ സ്നേഹക്കൂട്ടില്‍ എത്താന്‍ കഴിയുന്നില്ലല്ലോ.

-ദത്തന്‍