Total Pageviews

Friday, August 14, 2009

അപൂർണ്ണമായ രാമായണപാരായണം

പണ്ടു പഞ്ഞക്കർക്കിടകം എന്ന്‌ ആക്ഷേപിക്കപ്പെട്ടിരുന്ന കർക്കിടകമാസം ഇപ്പോൾ പുണ്യമാസമായിട്ടാണ്‌ അറിയപ്പെടുന്നത്‌.അദ്ധ്യാത്മരാമായണ പാരായണം കൊണ്ട്‌ കേരളത്തിലെ ഭൂരിഭാഗം ഹൈന്ദവ ഭവനങ്ങളും
മുഖരിതമാകുന്നതിനാലാണ്‌ കർക്കിടകത്തിന്‌ പേരുദോഷം മാറിക്കിട്ടിയതെന്നു തോന്നുന്നു.പാവപ്പെട്ടവന്‌ ഇന്നും കർക്കിടകം പട്ടിണിയുടെ തന്നെ മാസമാണെന്ന കാര്യം വേറേ.കർക്കിടകാരംഭത്തിൽ "ഇനി ഭക്തിസാന്ദ്രമായ സന്ധ്യകൾ"എന്ന്‌ മാദ്ധ്യമങ്ങൾ വിശേഷിപ്പിച്ച നാളുകൾ അവസാനിക്കാറായി.പ്ക്ഷേ രാമകഥ മുഴുവൻ ഈ ഭക്ത ശിരോമണികൾ വായിക്കാറില്ല എന്നതാണു സത്യം.

ശ്രീരാമ പട്ടാഭിഷേകത്തോടെ രാമായണ പാരായണം നിർത്തുകയാണു പതിവ്‌.സീതാപരിത്യാഗമില്ലാതെ ശ്രീരാമ കഥ പൂർണ്ണമാകില്ല.ആഭാഗം വായിക്കാതെയാണ്‌ കർക്കിടക മാസത്തിനു തിരശ്ശീല വീഴുന്നത്‌.ഭക്തി മൂത്താൽ ഈശ്വരാവതാര കഥ പാതിവച്ച്‌ അവസാനിപ്പിക്കാമോ?മറ്റൊരവതാരത്തിന്റെയും അത്ഭുത കഥകൾ ഇങ്ങനെ അന്ത്യം കാണാതെ നിർത്തിയിട്ടില്ലല്ലോ!

ഇന്ത്യയിലെ എന്നല്ല രാമകഥ പ്രചാരത്തിലുള്ള എല്ലാ രാജ്യങ്ങളിലെയും കൊച്ചു കുഞ്ഞുങ്ങൾക്കു വരെ രാമൻ സീതയെ ഉപേക്ഷിച്ച കഥ അറിയാം.സീതയെ ഉപേക്ഷിക്കുന്നത്‌ വിവരിക്കുന്നതാകട്ടെ ഉത്തര കാണ്ഡത്തിലും.ഉത്തര
രാമായണം പ്രക്ഷിപ്തമായതിനാലാണ്‌ അത്‌ വായിക്കാത്തത്‌ എന്നാണ്‌ ഒരു ന്യായീകരണം പഞ്ഞു കേൾക്കുന്നത്‌.ഈ വാദം യുക്തിക്കും കഥാഗതിക്കും നിരക്കുന്നതല്ല

രാമായണകർത്താവായ വാല്മീകി തന്നെ ഈ ഭാഗത്ത്‌ നേരിട്ടെത്തുകയും സീതയ്ക്കു വേണ്ടി വാദിക്കുകയും ചെയ്യുന്നുണ്ട്‌.ഭക്തി വളർത്താൻ വേണ്ടി രചിക്കപ്പെട്ട അദ്ധ്യാത്മ രാമായണത്തിന്റെ കർത്താവും ഉത്തരരാമായണം കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്‌.അദ്ധ്യാത്മ രമായണം വിവർത്തനം ചെയ്ത എഴുത്തച്ഛനും ഉത്തര രാമായണം ഒഴിവാക്കിയില്ല.മഹാകവി വള്ളത്തോളിന്റെ വാല്മീകിരാമായണ തർജ്ജമയിലും ഉത്തരഭാഗമുണ്ട്‌.മഹാകവി കുമാരനാശാനാകട്ടെ,ഉപേക്ഷിക്കപ്പെട്ട സീതയുടെ വിചാരധാരയെ ആസ്പദമാക്കി ഒരു കാവ്യം തന്നെ രചിച്ചു.

പുരാണങ്ങളിലും ഇതിഹാസങ്ങളിലും വേദേതിഹാസങ്ങളിലും അവഗാഹം ഉണ്ടായിരുന്ന മഹാകവികളുടെ അംഗീകാരം തന്നെ മതി ഈ രാമായണഭാഗം പ്രക്ഷിപ്തമല്ലെന്നു വിശ്വസിക്കാൻ.പിന്നെ എന്തടിസ്ഥാനത്തിലാണ്‌ പുതിയ പുണ്യ
മാസ വായനക്കാർ പട്ടാഭിഷേകത്തോടെ രാമായണപാരായണം അവസാനിപ്പിക്കുന്നത്‌?

ബാക്കി ഭാഗം വായിച്ചാൽ ആദർശദൈവത്തിന്റെ തനിനിറം കേൾവിക്കാർക്കു മനസ്സിലാകും എന്നു വിചാരിച്ചിട്ടാണോ? യൗവ്വനാരംഭത്തിൽ അച്ഛന്റെ വാക്കു പാലിക്കാൻ ഭാര്യയുമൊത്തു കാട്ടിലേക്കു പോയ രാമനല്ല അയോദ്ദ്ധ്യയിൽ തിരികെ എത്തി സിംഹാസനാരൂഢനായ രാജാ ശ്രീരാമചന്ദ്രൻ.അധികാരമത്തു പിടിച്ച ഒരു ഭരണാധികാരിയായി മാ‍റുകയാണ്‌.സാകേതത്തിലെ സർവ്വ സുഖങ്ങളും ത്യജിച്ച്‌ തന്നോടൊപ്പം കാട്ടിലേക്കു വന്ന സീതയെ ആരോ പറഞ്ഞ അപവാദം കേട്ട്‌ പരിത്യജിക്കുന്നു.ബ്രാഹ്മണ കുമാരന്റെ മരണത്തിനു കാരണം ശൂദ്രൻ തപസ്സു ചെയ്യുന്നതാണെന്ന് പൗരോഹിത്യം ആരോപിച്ചപ്പോൾ ശംബൂകന്റെ തലയറുത്തു.സ്വന്തം ദാമ്പത്യ ജീവിതം പോലും വേണ്ടെന്നു വച്ച്‌ വനവാസത്തിനു കൂടെ ചെന്ന ലക്ഷ്മണനെപ്പോലും അവസാനം
ഉപേക്ഷിക്കുന്നു.

ആദർശവാനായ അവതാര പുരുഷന്റെമുഖം മൂടി അഴിഞ്ഞു വീഴുന്ന ഇത്തരം സംഭവപരമ്പര കേട്ട്‌ ഭക്തർ വിഭക്തരോ സംശയാലുക്കളോ ആയി മാറുമോ എന്നഭയം കൊണ്ടാണോ രാമായണ വായന പകുതി വഴിയില്‍ ഉപേക്ഷിച്ച്‌
"രാമ,രാമ," പാടി പായസം കഴിച്ചു പിരിയുന്നത്‌?





Fans on the page

3 comments:

bright said...

:-)

See my blog post on ValmikiRamayana

http://russelsteapot.blogspot.com/2009/08/blog-post.html

dethan said...

ബ്രൈറ്റ്‌,
കർക്കിടകമാസത്തിൽ ഇവർ വായിക്കുന്നത്‌ വാല്മീകി രാമായണമല്ല;അദ്ധ്യാത്മ രാമായണ വിവർത്തനമാണ്‌.ഭക്തി വളർത്താൻ കരുതിക്കൂട്ടി
രചിക്കപ്പെട്ടതാണത്.താങ്കളുടെ പോസ്റ്റിലെ നിരീക്ഷണങ്ങൾ നൂ‍റു ശതമാനം സത്യമാണ്‌.കുട്ടി
ക്കൃഷ്ണ മാരാരും സുകുമാർ അഴീക്കോടും രാമന്റെ ദൗർബ്ബല്യങ്ങളെ വിമർശിച്ചിട്ടുണ്ട്‌.മാരാരുടെ "രാജാങ്കണ"ത്തിലെ അതിതീക്ഷ്ണമായ ശ്രീരാമ
വിമർശന ലേഖനത്തിന്റെ തലക്കെട്ടു തന്നെ "വാല്മീകിയുടെ രാമൻ" എന്നാണ്‌.അതിൽ സ്ത്രീജിതനും വിഷയാസക്തനുമായ രാമനെയാണ്‌, രാമായണസന്ദർഭത്തെ ഉദ്ധരിച്ച്‌ വിമർശിക്കുന്നത്‌.
"ചിന്താവിഷ്ടയായ സീത"യിൽ കുമാരനാശാനും രാമനെ വിചാരണ ചെയ്യുകയാണ്‌.

രാമായണം മനസ്സിരുത്തി വായിക്കുന്ന ആർക്കും രാമനിൽ വലിയ മഹത്വം കാണാൻ കഴിയില്ല.

രാമഭക്തി കച്ചവടമാക്കുന്നവരുടെ കാപട്യം തുറന്നു കാട്ടുക മാത്രമേ ഞാൻ ഇവിടെ ചെയ്യുന്നുള്ളൂ.
-ദത്തൻ.

bhattathiri said...

എന്തുകൊണ്ട് ഉത്തരരാമായണം വായിക്കരുത് എന്ന് പറയുന്നത് . ശ്രീ രാമന്റെ മാഹാത്മ്യത്തിനു മങ്ങലേൽപ്പിക്കുന്ന പല ഭാഗങ്ങളും അതിലുണ്ട്. ദുഷ്ടന്മാരായ രാക്ഷസന്മാരെ കൂടുതലായി വർണിക്കുന്നു രാമായണത്തിലെ ഫലശ്രുതി കഴിഞ്ഞാണ് ഉത്തരരാമായണം വരുന്നത്. ഒരു പുരാണം അവസാനിക്കുന്നത് ഫലശ്രുതിയോട് കൂടിയാണ്. ഉത്തരരാമായണം വേദവ്യാസനല്ല എഴുതിയത് എന്നും ഒരു ഭാഷ്യമുണ്ട്.