Total Pageviews

Friday, December 8, 2017

സംവരണ വിരുദ്ധ സിന്‍ഡിക്കേറ്റ്


കേരള സർവ്വകലാശാലാ സിൻഡിക്കേറ്റ് ഗുണ്ടാപ്പടയാണോ എന്നു സംശയം ജനിപ്പിക്കുന്ന സംഭവങ്ങളാണ് ഇന്നലെ (6 .12 .2017 )സർവ്വകലാശാലാ ആസ്ഥാനത്ത് അരങ്ങേറിയത്.2 മണിക്കൂറിൽ അധികം നേരം വൈസ് ചാൻസലറെ സിൻഡിക്കേറ്റ് റൂമിൽ സിൻഡിക്കേറ്റംഗങ്ങൾ തന്നെ പൂട്ടിയിട്ടത്രേ .ഒരു സർവ്വകലാശാലയിലും കേട്ട് കേഴ്വിയില്ലാത്ത ഈ നടപടി ഉന്നതവിദ്യാഭ്യാസ മേഖലയ്ക്കാകെ അപമാനമാണ് വരുത്തി വച്ചിരിക്കുന്നത്.അജണ്ടയിൽ ഇല്ലാത്ത ഒരു വിഷയം കുത്തിപ്പൊക്കി ചില സിൻഡിക്കേറ്റംഗങ്ങൾ യോഗം അലങ്കോലപ്പെടുത്തുകയായിരുന്നു.ആറു മാസം മുമ്പ് സർവ്വകലാശാലയുടെ എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെന്റിൽ സംവരണ തത്വം അനുസരിച്ച് നടത്തിയ അസി.പ്രൊഫസർ നിയമനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ബഹളം തുടങ്ങിയത്.നിയമനം നടന്ന് 6 മാസത്തിനിടയിൽ പല സിൻഡിക്കേറ്റ് യോഗങ്ങൾ ചേർന്നിട്ടും ഉന്നയിക്കാതിരുന്ന ഈ പ്രശ്നം പൊടുന്നനെ പൊന്തി വന്നതിനു പിന്നിൽ സിൻഡിക്കേറ്റിന്റെ സംവരണ വിരുദ്ധതയാണുള്ളതെന്നു വ്യക്തമാണ്.അദ്ധ്യാപക നിയമനങ്ങളിൽ സംവരണ തത്വങ്ങൾ അട്ടിമറിക്കുന്നതിന് വൈസ് ചാൻസലർ കൂട്ട് നിൽക്കാഞ്ഞതിന് പക പോക്കുകയായിരുന്നു സിൻഡിക്കേറ്റ്‌. ഓഖി ചുഴലിക്കാറ്റ് ദുരന്തത്തിന്റെ പേരിൽ പോലും പരസ്പരം പോരടിക്കുന്ന എൽ .ഡി.എഫിലെയും യു.ഡി.എഫിലെയും അംഗങ്ങൾ സംവരണത്തിനെതിരെ ഒറ്റക്കെട്ടായി നിൽക്കുന്ന കാഴ്ചയാണ് സർവ്വകലാശാലയിൽ കണ്ടത്.വിദ്യാർത്ഥികളെ സമരത്തിന് കൂട്ടു  വിളിച്ച്, വിദ്യാർത്‌ഥികൾ പോലും ചെയ്യാനറയ്ക്കുന്ന തെമ്മാടിത്തങ്ങൾ സർവ്വകലാശാലയുടെ ഭരണനിർവ്വഹണ സമിതിയിൽ ഇരുന്നു കൊണ്ട് ചെയ്ത സിൻഡിക്കേറ്റംഗങ്ങളെ ഒന്നടങ്കം പിരിച്ചു വിടാൻ ചാൻസലറോട് ശുപാർശ ചെയ്യുകയാണ് സർക്കാർ ചെയ്യേണ്ടത്.
ഉന്നത വിദ്യാഭ്യാസത്തെ കുറിച്ചോ സാമൂഹിക ഉത്തരവാദിത്തത്തെ കുറിച്ചോ യാതൊരു ധാരണയും കാഴ്ചപ്പാടുമില്ലാത്ത അപക്വമതികളെ ഇത്തരം സമി തികളിലേക്കു നിയോഗിക്കുന്ന രാഷ്ട്രീയ കക്ഷികളാണ് യാഥാർത്ഥത്തിൽ ഈ ദുരന്തത്തിന് ഉത്തരവാദികൾ.പുതിയതായി നിയമിക്കപ്പെട്ട അസി.പ്രൊഫസർ അതിനു സർവ്വഥാ യോഗ്യയാണെന്നും ഇന്റർവ്യൂവിനു പങ്കെടുത്തവരിലെ ഏക ഫുൾബ്രൈറ്റ്‌ ഫെല്ലോ അവർ മാത്രമായിരുന്നെന്നും പരാമര്ശമു ണ്ടായപ്പോൾ ,"ഫുള്ളായാലും ഹാഫായാലും നിയമനം അംഗീകരിക്കില്ല" എന്നായിരുന്നത്രെ ഒരു അംഗത്തിൻറെ പ്രതികരണം.സി.പി.എം പോളിറ്റ് ബ്യുറോ അംഗം എസ് .രാമചന്ദ്രൻ പിള്ളയെയും മന്ത്രി ജി.സുധാകരനെയും തോപ്പിൽ ഗോപാലകൃഷ്ണനെയും കിടങ്ങൂർ ഗോപാലകൃഷ്ണപിള്ളയെയും പോലുള്ളവർ ഇരുന്ന സിൻഡിക്കേറ്റിലേക്ക് ഇത്തരം കൊജ്ഞാണന്മാരെ നിയോഗിക്കുന്നതിലൂടെ വിദ്യാഭ്യാസത്തെ നമ്മുടെ രാഷ്ട്രീയ പാർട്ടികൾ ഗൗരവമായി പരിഗണിക്കുന്നില്ല എന്ന് വേണം കരുതുവാൻ.








Fans on the page

No comments: