Total Pageviews

Tuesday, August 7, 2012

കൊലക്കുറ്റത്തിനു കേസ്സെടുക്കണം




അമൃതാനന്ദമയിയെ ആക്രമിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് ആശ്രമ ഗുണ്ടാകൾ പിടിച്ച് പോലീസിലേല്പിച്ച ബീഹാർ സ്വദേശി സത് നാം സിംഗ് കൊല്ലപ്പെട്ടു.തിരുവനന്തപുരം മാനസികരോഗാശുപത്രിയിൽ വച്ചാണു സിംഗ് കൊല്ലപ്പെട്ടത്.ദേഹമാസകലം ചതവേറ്റ ശവമാണു മെഡിക്കൽ കോളേജിൽ കൊണ്ടുചെന്നതെന്ന് ആശുപത്രി അധികൃതർ പറയുന്നു.പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും അങ്ങനെതന്നെയാണെന്നറിയുന്നു.ദുരൂഹമരണത്തിനു പേരൂർക്കട പോലീസ് കേസ്സെടുക്കുകയും ചെയ്തു.അമൃതാനന്ദമയിയുടെ വള്ളിക്കാവിലുള്ള സങ്കേതത്തിൽ വച്ചാണു അവരെ ആക്രമിക്കാൻ ഈ ബീഹാർ സ്വദേശി തുനിഞ്ഞതെന്നാണു മാദ്ധ്യമ വാർത്തകൾ.ഭക്തജനങ്ങളുടെയും അംഗരക്ഷകരുടെയും നടുവിൽ വച്ച് അവരെ വധിക്കുവാൻ സ്വബോധമുള്ള ആരും ശ്രമിക്കുമെന്നു തോന്നുന്നില്ല.അർദ്ധ നഗ്നനും അസ്ഥിമാത്ര ശരീരനും നിരായുധനുമായ ഒരു മനുഷ്യൻ “അമ്മ”യെ വധിക്കുവാൻ ശ്രമിച്ചു എന്ന വാർത്തയും സ്വബോധമുള്ളവർക്ക് വിശ്വസിക്കുവാൻ കഴിയില്ല.

അരുതാത്തതെന്തോ കണ്ട സാധു മനുഷ്യനെ കൊല്ലുവാൻ വേണ്ടി കെട്ടിച്ചമച്ചതാണു ഈ വധ ശ്രമമെന്നു വ്യക്തം.ഇതിനു മുമ്പും വേണ്ടാത്തതു കാണാൻ ഇടയായ പലരെയും അശ്രമഗുണ്ടകൾ “അമ്മയെ വധിക്കാൻ ശ്രമിച്ചു ” എന്നാരോപിച്ച് വകവരുത്തിയിട്ടും വധിച്ചിട്ടുമുണ്ട്.ഇന്ത്യൻ പ്രധാന മന്ത്രിയും പ്രസിഡന്റും വരെ കുമ്പിടുന്ന ആൾദൈവത്തിനെതിരെ ഒരു നടപടിയും ഉണ്ടാകില്ലെന്ന് ഗുണ്ടകൾക്കും ദൈവത്തിന്റെ മാർക്കറ്റിങ്ങ് മാനേജർമാർക്കും വിശ്വാസമുണ്ട്.ഏതാനും വർഷം മുമ്പ് “അമ്മ”ഭക്തനും  അവരുടെ സങ്കേതത്തിലെ കുടികിടപ്പുകാരനുമായിരുന്ന ഒരുവനെ (പുരുഷോത്തമനെന്നോ മറ്റോ ആണു പേർ)അവരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന് ആരോപിച്ച് അടിച്ചവശനാക്കി പോലീസിൽ ഏല്പ്പിച്ചിരുന്നു. അയാൾക്ക് പിന്നീട് എന്തു സംഭവിച്ചു എന്ന് ആർക്കും അറിയില്ല.സത് നാം സിംഗിനെയും വള്ളിക്കാവിൽ വച്ചു തന്നെ പെരുമാറിയ ശേഷമായിരിക്കും പോലീസിനു കൈമാറിയത്.ജയിലിലും ആശുപത്രിയിലും മറ്റും വച്ച് ബാക്കി കാര്യങ്ങൾ അമ്മയുടെ ഭക്തരും അമ്മ കൂലിക്കെടുത്തവരും കൂടി നിർ വ്വഹിച്ചിട്ടുണ്ടാകും.അമൃതാനന്ദമയിയുടെ മാർക്കറ്റിങ്ങ് മാനേജരായ ലാപ്ടോപ് സ്വാമി അമൃതസ്വരൂപാനന്ദയുടെ വാക്കുകളിൽ നിന്നു തന്നെ അതു വ്യക്തമാണു.

വേതനവർദ്ധനവിനു വേണ്ടി സമരം ചെയ്ത അമൃത ആശുപത്രിയിലെ നഴ്സുകളെ ഗുണ്ടകളെ വിട്ട് കൈയ്യും കാലും തല്ലിയൊടിപ്പിച്ച “അമ്മ”യും മക്കളും അമ്മയ്ക്കു നേരേ കയർത്ത ഒരു സാധുവിനെ കൊല്ലാതിരുന്നെങ്കിലേ അസ്വാഭാവികതയുള്ളൂ.കൊല്ലലും കൊല്ലിക്കലും ഒന്നും ഈ ആൾദൈവത്തിനും ശിഷ്യർക്കും പുതുമയുള്ള കാര്യമല്ല.

1990ഏപ്രിൽ 4 നു,കൊടുങ്ങല്ലൂർക്കാരനായ 37 വയസ്സുള്ള നാരായണൻ കുട്ടിയെ വള്ളിക്കാവിലെ അമൃതാന്ദമയിയുടെ സങ്കേതത്തിൽ വച്ച് ഇതേപോലെ മർദ്ദിച്ചു കൊന്നിട്ടുണ്ട്.തെരുവുഭ്രാന്തൻ എന്ന് പറഞ്ഞാണു അമ്മഗുണ്ടകൾ അടിച്ചവശനാക്കി നാരായണൻ കുട്ടിയെ പോലീസിൽ ഏല്പ്പിച്ചത്.അമ്മയുടെ ഭക്തനും ആശ്രമത്തിലെ നിത്യ സന്ദർശകനുമായിരുന്ന നാരായണൻ കുട്ടിയെ ആണു ഭ്രാന്തൻ എന്ന ലേബൽ ചാർത്തി കൈകാര്യം ചെയ്തതും പോലീസിൽ ഏല്പ്പിച്ചതും.ബ്യൂറോ ഓഫ് ഇകൊണോമിക്സ്& സ്റ്റാറ്റിസ്റ്റ്ക്സിലെ ഉദ്യോഗസ്ഥനായിരുന്നു നരായണൻ കുട്ടി.കൊല്ലം ജില്ലാ ആശുപത്രിയിലും പിന്നീട് തിരുവന്തപുരം മെഡിക്കൽ കോളജിലും പ്രവേശിപ്പിക്കപ്പെട്ട നാരായണൻ കുട്ടിയെയും, സത് നാം സിംഗിനെ ഫിനിഷ് ചെയ്തതുപോലെ തിരുവനന്തപുരം മാനസികരോഗാശുപത്രിയിൽ വച്ചാണു കൊന്നത്.സിംഗിന്റെ മരണം അന്നു തന്നെ ലോകം അറിഞ്ഞു.പക്ഷേ നാരായണൻ കുട്ടിയുടെ മരണം ബന്ധുക്കൾ പോലുമറിഞ്ഞത് 6 ദിവസങ്ങൾക്കു ശേഷമാണു.അന്നും ഇതുപോലെ ക്രൈംബ്രാഞ്ച് അന്വേഷണം നടന്നതാണു.ഒരു ഫലവുമുണ്ടായില്ല.“അമ്മ”യെ ആരോ നോക്കിയെന്നറിഞ്ഞ് സർവ്വസന്നാഹങ്ങളുമായി അന്വേഷിച്ചിറങ്ങിയ തിരുവഞ്ചൂർ രാധാകൃഷ്ണനായിരുന്നില്ല അന്നത്തെ ആഭ്യന്തര മന്ത്രി.എന്നിട്ടും ക്രൈം ബ്രാഞ്ച് അന്വേഷണത്തിന്റെ ഗതി അതായിരുന്നു.

അമൃതാനന്ദമയിയുടെ അപ്പച്ചിയുടെ മകൻ പ്രദീപ് കുമാർ 1994 ആഗസ്റ്റ് 16 നു കൊല്ലപ്പെട്ടതിന്റെ പിന്നിലും അവർ തന്നെയാണെന്ന് ബന്ധുക്കൾ പറയുന്നു.“അമ്മ”യുടെ ഭക്തനും അമൃതപുരിയിലെ അന്തേവാസിയുമായിരുന്ന ധുരം ധർ എന്ന ചരിത്രകാരൻ അവിടെ വച്ച് 2000 ജൂലായ്15നു മരണമടഞ്ഞതിന്റെ പിന്നിലെ ദുരൂഹത ഇതുവരെ നീങ്ങിയിട്ടില്ല.അമൃതാന്ദമയിയുടെ സഹോദരൻ സുഭഗൻ,ഭക്തന്മാരായ പറയക്കടവു ഭാസ്കരദാസ്,കർണ്ണാടകക്കാരൻ സിദ്ധരാമൻ തുടങ്ങി നിരവധി പേരുടെ അസ്വാഭാവിക മരണവുമായി ഈ ആൾദൈവത്തിനും ഭക്തർക്കും ബന്ധമുണ്ടെന്നത് പരസ്യമായ രഹസ്യമാണു.

ഈ ദുരൂഹമരണങ്ങളുടെ ചരിത്രം രേഖപ്പെടുത്തി പുസ്തകമെഴുതിയതിന്റെ പേരിൽ ശ്രീനി പട്ടത്താനത്തിനെതിരെ നടപടിയെടുക്കാനാണു അന്നു മുഖ്യമന്ത്രിയായിരുന്ന എ.കെ.ആന്റണി തുനിഞ്ഞത്.അവരുടെ കാലു കഴുകി കുടിക്കുന്ന ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയും കെ.എം.മാണിയും ഭരിക്കുന്ന ഇക്കാലത്ത് പാവം സത്നാം സിങ്ങിന്റെ മരണക്കേസ് എങ്ങനെയാകുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ.അവരുടെ സമ്പത്തും അനുഗ്രഹവും കൈയ്യും മനസ്സും നിറയെ വാങ്ങി മുട്ടുകാലിൽ ഇഴയുന്ന ബി.ജെ.പി നേതാക്കളുടെ പിന്തുണയും കൂടി ആകുമ്പോൾ കൂടുതൽ പറയേണ്ട കാര്യമില്ല.ബർലിൻ കുഞ്ഞനന്തൻ നായർ വെളിപ്പെടുത്തിയ പിണറായി ചരിത്രം വാസ്തവമാണെങ്കിൽ,“ചോരച്ചാലുകൾ നീന്തിക്കേറിയ” യുവ സിംഹങ്ങളുടെ സഹായവും വേട്ടക്കാരിക്കു കിട്ടാനാണു സാദ്ധ്യത.

നീതിപാലകരിൽ നിന്നോ ന്യായാസനങ്ങളിൽ നിന്നോ അമൃതാനന്ദമയിക്കെതിരേ കാര്യമായ അന്വേഷണമോ നീതിപൂർണ്ണമായ വിധിപ്രസ്താവങ്ങളോ ഉണ്ടാകാനും ഇടയില്ല.അടുത്തകാലത്തു ജയിലിലായ സന്തോഷ്മാധവൻ എന്ന ദിവ്യന്റെ ഭക്തരിൽ എറിയപങ്കും എസ്.പി.മുതൽ മേലോട്ടുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥരായിരുന്നല്ലോ.അതിൽ പ്രമാണികളായ ചില വനിത ഐ.പി.എസ്സുകാരും ഉണ്ടായിരുന്നതായി വാർത്തയുണ്ടായിരുന്നു.വെറും കുറ്റിച്ചെടിമാത്രമായിരുന്ന സന്തോഷ് മാധവനോടുള്ള മനോഭാവം അതാണെങ്കിൽ വന്മരമായി വളർന്ന അമൃതാനന്ദമയിയോട് ഈ പോലീസ് ഓഫീസർമാരുടെ വിധേയത്വത്തിന്റെ ദാർഢ്യം പറഞ്ഞറിയിക്കേണ്ട കാര്യമില്ല.

ഇന്ത്യ ഒട്ടാകെ ആൾദൈവങ്ങൾ വളർന്നു പന്തലിക്കാൻ വഴിയൊരുക്കിയവരിൽ പ്രമുഖരാണു ജഡ്ജിമാർ.“അമ്മ”ഭക്തരായ ഒട്ടേറെ ജഡ്ജിമാരുണ്ട്.അവരുടെയൊക്ക മുമ്പിൽ അമ്മക്കേസ് എത്തിയാൽ എന്തു സംഭവിക്കുമെന്നു പറയേണ്ടതുല്ലല്ലോ.എങ്കിലും ഇവരുടെ വലയിൽ വീഴാത്ത നീതിമാന്മാരിൽ മാത്രമാണു ജനങ്ങൾക്കു പ്രതീക്ഷയുള്ളത്.സത് നം സിംഗിന്റെ മരണത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് അമൃതാനന്ദമയിക്ക് ഒഴിയാൻ കഴിയില്ല.അവരുടെ പേരിൽ കൊലക്കുറ്റത്തിനു കേസ്സെടുക്കണം.മാത്രമല്ല അമൃതപുരിയിൽ ഇതുവരെ നടന്ന സകല കൊലപാതകങ്ങളെക്കുറിച്ചും അന്വേഷണം നടത്തണം.ഇവർ പോറ്റിവളർത്തുന്ന,കാവിയുടുത്തവരും അല്ലാത്തവരുമായ ഗുണ്ടകളെ ഉപയോഗിച്ചു മാത്രമല്ല പോലീസുകാരെയും ജയിൽ പുള്ളികളെയും മനോരോഗികളെയും പ്രയോജനപ്പെടുത്തി കൊലപാതകം ആസൂത്രണം ചെയ്യാറുണ്ട് എന്നാണു സിംഗിന്റെയും നാരായണൻ കുട്ടിയുടെയും മരണം നല്കുന്ന സൂചന.





Fans on the page

12 comments:

mini//മിനി said...

മാതൃത്വത്തിലെ മായം. കൂടുതൽ അറിവ് പകരുന്ന ലേഖനം.

kaalidaasan said...

"അമ്മ"യുടെ കിങ്കരന്‍മാരുടെ കൈകളില്‍ ചോരപ്പാടുകള്‍ ഏറെ. "അമ്മ" വെറും പാവയാണെന്നാണെനിക്ക് തോന്നുന്നത്. കോര്‍പ്പറേറ്റ് മാഫിയയുടെ കയ്യിലെ പാവ.

മുക്കുവന്‍ said...

തെളിയപ്പെടാത്ത കേസുകളിലേക്ക് ഒരെണ്ണം കൂടി... ഇവിടെ ഏത് രാഷ്ട്രീയ നേതാവും ജയിലില്‍ പോയാല്‍ പിറ്റേ ദിവസം തന്നെ മെഡിക്കല്‍ കോളേജിലോട്ട് മാറ്റും.. ചികിത്സിക്കായി.. പാവപ്പെട്ട ഒരു നിരപരാധിയെ താ‍നറിയാതെ ജയിലാക്കി, പിന്നെ ചവുട്ടി,തിരുമ്മി പിന്നെ പിന്നാലെ ഒരു സ്വഭാവിക മരണം അന്ത്യം.. ആരോട് പറയാന്‍?

മുക്കുവന്‍ said...

കണ്ടില്ലേ ഇന്നൊരു നേതാവിനെ സ്വന്തം കാറില്‍ നാട്ടുകാരുടെ ടാ‍ക്സ് എടുത്ത് ചികിത്സക്ക് കൊണ്ടുപോയത്? പിള്ളച്ചേട്ടനെ പണ്ട് മാസങ്ങളോളം കിടത്തി ചികിത്സിച്ചു... ഇതിലും ഭേദം ഇവരെ പുറത്ത് വിടുന്നതാ നല്ലത്...

dethan said...

മിനി,
“അമ്മ”എന്ന വാക്കിനെ വ്യഭിചരിക്കയാണു ഈ സ്ത്രീയും ഭക്തരും കൂടി.

കാളിദാസൻ,
അവർ പല മാഫിയകളുടെയും കൈയ്യിലെ പാവയാണു.പക്ഷേ അവരുടെ മൗനാനുവാദമില്ലാതെ ഇത്തരം കൊലപാതകങ്ങൾ ആസൂത്രണം ചെയ്യപ്പെടുകയില്ല.

dethan said...

മുക്കുവൻ,
രാഷ്ട്രീയ നേതാക്കൾക്കു വേണ്ടി വാദിക്കുവാനും ചരടു വലിക്കാനും വിവിധ ശ്രേണിയിൽ പെട്ട നിരവധി പേരുണ്ട്.സാധാരണക്കാർക്കു വേണ്ടി ശബ്ദിക്കേണ്ടവരും നടപടിയെടുക്കേണ്ടവരും ഇത്തരം വിഷജന്തുക്കളെ സംരക്ഷിക്കാനാണു ശ്രമിക്കുന്നത്. മുംബൈയിലെ കുട്ടി ദൈവത്തിനും ചന്ദ്രസ്വാമിയ്ക്കും വന്ന ഗതി ഇവർക്കും ഉണ്ടാകാതിരിക്കില്ല.ന്യൂട്ടന്റെ മൂന്നാം ചലന നിയമം ആൾദൈവങ്ങൾക്കും ബാധകമാകുമെന്നു കരുതുന്നു.

dethan said...

മുക്കുവൻ,
പൊതു മുതൽ മോഷ്ടിച്ചതിനു ശിക്ഷിക്കപ്പെട്ട ബാലൻ പിള്ളയ്ക്ക് പ്രത്യേക ആനുകൂല്യങ്ങളൊന്നും ജയിലിൽ അനുവദിക്കാൻ പാടില്ലെന്ന് കോടതി വിലക്കിയിട്ടും അവ ആദ്യം നല്കിയത് അന്ന് ആഭ്യന്തര മന്ത്രി ആയിരുന്ന കോടിയേരിയാണു.അന്നേ പലരും പറഞ്ഞു “കോടിയേരിയും സംഘവും പ്രതിപക്ഷത്താകുമ്പോൾ ഇങ്ങനെ അകത്താകാൻ സാദ്ധ്യതയുണ്ട്.അപ്പോൾ അത്തരം സൗകര്യങ്ങൾ തങ്ങൾക്കും കിട്ടാനുള്ള മുൻ കൂട്ടിയേറാണു അത്” എന്ന്.ആ പ്രവചനം ഇപ്പോൾ വാസ്തവമായിരിക്കുന്നു.

മുക്കുവന്‍ said...

ദത്താ‍ാ‍ാ... കക്ഷി തിരിഞ്ഞിവര്‍ ഗുഹാമുഖങ്ങളില്‍ നില്കുകയാണീ നാട്ടില്‍. ഉയിര്‍ത്തെഴുന്നേറ്റ് ഉടവാളൂരി പ്രയത്നമുദ്രയുമായി, തിരയും മാനവ മനോരഥത്തില്‍ “” എത്തുവതെന്നോ? വയലാറിന്റെ പൊക്രൂസ്റ്റസില്‍ നിന്നും.

sarada said...

Ithinokke prathikaaram cheyyaan pinmurakkaarkku chora
thilakkunnuntallo. pinmurayute munnirayil thangalekkaanunnathu aasaavahamaayithonnunnu. nandi!

dethan said...

മുക്കുവൻ,
"വീട്ടിലേക്കവളവരെ വിളിക്കും
വിരുന്നു നല്കാനായി.
അവർക്കു തേനും പഴവും നല്കാൻ
അനുചരസംഘം നില്ക്കും."
എന്നു വയലാർ എഴുതിയത് ഈ താടകയ്ക്കും ചേരും.

ശാരദ,
ഇത്തരം നീചജന്മങ്ങളോടുള്ള സമരത്തിൽ കാണാത്തതിൽ ആശ്വസിക്കുന്നതെന്തിനെന്നു മനസ്സിലാകുന്നില്ല.

sarada said...

Daththan,

kanathathalla,kanunnathu..kalapabheri uyarthunnathu - athinanu nandi paranjathu.

dethan said...

ശാരദ,
മംഗ്ലീഷ് തെറ്റായി വായിച്ച് മറുപടി എഴുതിയതിനു മാപ്പ്.ആൾദൈവത്തിനെതിരേ എഴുതിയത് വായിക്കുന്നതു പോലും പാപമാണെന്നു കരുതുന്ന മഹാ ഭൂരിപക്ഷത്തിൽ നിന്നു മാറി അഭിപ്രായം പറഞ്ഞതിനു നന്ദി.