മന്ത്രിമാരിൽ ചിലർ വകയ്ക്കു കൊള്ളാത്തവരാണെന്നും ഏതു പാർട്ടി ഭരിച്ചാലും അധികാരദല്ലാളന്മാർ അധികാര കേന്ദ്രങ്ങളിൽ കൈകടത്താൻ ശ്രമിക്കുമെന്നും യൂത്ത് കോൺഗ്രസ്സിന്റെ പ്രവർത്തനം നിയന്ത്രിക്കാൻ ദേശീയ നേതൃത്വത്തിന്റെ ഇടപെടൽ ആവശ്യമില്ലെന്നും ഫ്ലക്സ്ബോർഡിലൂടെയുള്ള രാഷ്ട്രീയ പ്രവർത്തനം അധികകാലം നീണ്ടു നില്ക്കില്ലെന്നും വി.എം.സുധീരൻ അഭിപ്രായപ്പെട്ടു.കമ്പ്യൂട്ടറിലുടെയും ഇ-മെയിലിലൂടെയുമുള്ള പ്രവർത്തനം യു.പിയിലെ ഫലമായിരിക്കും നല്കുക എന്നും അദ്ദേഹം പറഞ്ഞു.യുത്ത് കോൺഗ്രസ് സംസ്ഥാന നേതൃത്വ പരിശീലന ക്യാമ്പിലാണു സുധീരൻ ഈ കാര്യങ്ങൾ പറഞ്ഞത്.വളരെ സത്യസന്ധവും നിഷ്പക്ഷവുമാണു അദ്ദേഹത്തിന്റെ ഈ നിരീക്ഷണങ്ങളും അഭിപ്രായങ്ങളും എന്ന് വിമർശന വിധേയരായവർ പോലും സമ്മതിക്കുകയുണ്ടായി.എന്നാൽ മഹാ രാഷ്ട്രമീമാംസാ പണ്ഡിതനും “നവോത്ഥാന നായകനും”മറ്റും മറ്റുമായ മാരാരാശ്രീ വെള്ളാപ്പള്ളി നടേശനുമാത്രം സുധീരന്റെ പ്രസ്താവന അല്പത്തമായിട്ടാണു തോന്നുന്നത്.പാർട്ടി ഫോറങ്ങളിൽ പറയേണ്ട കാര്യങ്ങൾ പത്രക്കാരോടു പറഞ്ഞ് ആളാകാൻ നോക്കുകയാണെന്നും നടേശൻ അപഹസിക്കുകയുണ്ടായി.അതുകൊണ്ടും അരിശം തീരാഞ്ഞ് വയറു പെരുപ്പിച്ച് ശബ്ദമുണ്ടാക്കുന്ന തൊണ്ണൻ തവളയാണു സുധീരൻ എന്നും ബഹളമുണ്ടാക്കി വാർത്ത സൃഷ്ടിക്കാനാണു അദ്ദേഹം ശ്രമിക്കുന്നതെന്നും കൂടി നടേശൻ പറഞ്ഞുകളഞ്ഞു.
സുധീരനെ കേരളീയർക്ക് നന്നായറിയാം.വെള്ളാപ്പള്ളിയെപ്പോലെ അഴകനെ അച്ഛാ എന്നു വിളിക്കുന്ന ശീലം അദ്ദേഹം ഇന്നു വരെ കാട്ടിയിട്ടില്ല.ഭരണത്തിൽ ഇരിക്കുമ്പോൾ ഒന്നും പ്രതിപക്ഷത്താകുമ്പോൾ മറ്റൊന്നും എന്ന വിധത്തിൽ അഭിപ്രായം മാറ്റിപ്പറയുന്ന സാധാരണ രാഷ്ട്രീയക്കാരിൽ നിന്ന് ഏറെ വ്യത്യസ്തനാണു സുധീരൻ.കരിമണൽ ഖനനത്തിനും എക്സ്പ്രസ് ഹൈവേയ്ക്കും എതിരേ പ്രതിപക്ഷത്തിരുന്നപ്പോൾ സമരം നയിച്ച എളമരം കരീമും പി.ജെ.ജോസഫും മറ്റും മന്ത്രിക്കസേരയിൽ ഇരുന്നപ്പോൾ അവയ്ക്കനുകൂലമായി കരുക്കൾ നീക്കിയത് കേരളീയർ കണ്ടതാണു.സുധീരൻ ഒരേ നിലപാടാണു ഇക്കാര്യങ്ങളിൽ സ്വീകരിച്ചത്.എൽ.ഡി.എഫും യു.ഡി.എഫും പ്രസ്തുത വിഷയങ്ങളിൽ നിന്നു പിൻ വാങ്ങിയത് സുധീരൻ ഉൾപ്പടെയുള്ളവരുടെ ഒച്ച കേട്ടിട്ടു തന്നെയാണു.അല്ലാതെ നടേശനെപ്പോലെയുള്ള ചൊറിത്തവളകൾ മുക്കിയതു കൊണ്ടല്ല.കുഞ്ഞാലിക്കുട്ടിയും സംഘവും കൂടി ഇപ്പോൾ കരിമണൽ കച്ചവടത്തിനു വീണ്ടും കച്ചമുറുക്കുമ്പോൾ സുധീരൻ ക്ഷോഭിക്കുന്നത് സ്വാഭാവികമാണു. “സഭാ നേതാവായ മുഖ്യമന്ത്രിയുടെ അഭിപ്രായമല്ല സഭാദ്ധ്യക്ഷനുള്ളത്” എന്ന് മുഖ്യമന്ത്രിയുടെ മുഖത്തു നോക്കി പറഞ്ഞ ഒരേ ഒരു സ്പീക്കറേ കേരള നിയമസഭയുടെ ചരിത്രത്തിൽ കാണുകയുള്ളു. കെ.കരുണാകരൻ മുഖ്യമന്ത്രിയായിരിക്കേ അസംബ്ലിയിൽ വച്ച് അങ്ങനെ പറഞ്ഞ സ്പീക്കർ സുധീരനാണു.അന്നു കള്ളുകച്ചവടവുമായി നടന്ന നടേശനു ഓർമ്മ കാണില്ലായിരിക്കും.സുധീരൻ പാർട്ടിഫോറത്തിൽ പറയേണ്ടതു പത്രക്കാരോടു പറഞ്ഞു എന്നാണു ഒരു നടേശവിമർശനം.യൂത്ത് കോൺഗ്രസ്സിന്റെ നേതൃത്വ പരിശീലന ക്യാമ്പ് പാർട്ടി വേദിയല്ലാതെ മറ്റെന്താണു? കോട കലക്കിവയ്ക്കുന്ന ഗുദാമോ?
മൈക്കിനു മുമ്പിൽ മുട്ടു വിറയ്ക്കുകയും തൊണ്ട വരളുകയും ചെയ്തിരുന്ന നടേശൻ മുതലാളിയിൽ നിന്നു വായിൽ വരുന്നതെന്തും ആരെക്കുറിച്ചും പറയുന്ന വിടുവായനായ വെള്ളാപ്പള്ളി നടേശനിലേക്കുള്ള പരിണാമത്തിൽ നാണം കെട്ടത് ഒരു മഹാഗുരുവിന്റെ പേരിലുള്ള പ്രസ്ഥാനമാണു.താൻ പറയുന്ന വിവരക്കേടും വിഡ്ഢിത്തവും കേട്ടു കൈയ്യടിക്കുകയും ഗോഗ്വാ വിളിക്കുകയും ചെയ്യുന്ന വൈതാളികരുടെ മുമ്പിൽ ആളാകാൻ നടേശൻ കാണിക്കുന്ന ഗോഷ്ടികളും പറയുന്ന ഭോഷത്തങ്ങളും സാമാന്യ ജനങ്ങൾക്കിടയിൽ അവജ്ഞയാണു സൃഷ്ടിക്കുന്നത്. മുമ്പൊരിക്കൽ താൻ ഒരു വെറും നവോത്ഥാന നായകൻ മാത്രമാണെന്നു പറഞ്ഞതുൾപ്പെടെ അർത്ഥമറിയാതെ പലതും പുലമ്പുന്നതിൽ ഒരു നാണവുമില്ലാത്ത നടേശന്റെ സുധീര ഭർത്സനത്തിൽ ആരും അതിശയിക്കില്ല.പക്ഷേ ഈ സുധീരവിരോധത്തിനു പിന്നിലെ ചരിത്രം പലർക്കും അറിയില്ല.
സുധീരൻ ആദ്യമായി ആലപ്പുഴ പാർലമെന്റു മണ്ഡലത്തിൽ തെരഞ്ഞെടുപ്പിനു നിന്നപ്പോൾ അദ്ദേഹത്തെ തോല്പ്പിക്കാൻ പതിനെട്ടറ്റവും പയറ്റി പണവും വാരിയെറിഞ്ഞ് വെള്ളാപ്പള്ളി നടത്തിയ നെറികെട്ട കളി ആലപ്പുഴക്കാരാരും മറന്നിട്ടില്ല.“കള്ളു കച്ചവടക്കാരുടെ സഹായം എനിക്കു വേണ്ട ”എന്നു സുധീരൻ പരസ്യമായി പറഞ്ഞതായിരുന്നത്രെ വെള്ളാപ്പള്ളിയെ അന്ന് ചൊടിപ്പിച്ചത്.അന്നത്തെ പക ഇപ്പോഴും നടേശൻ മുതലാളിയ്ക്ക് അടങ്ങിയിട്ടില്ല.‘പട്ടി മനുഷ്യനെ കടിക്കുന്നത് വാർത്തയല്ല മനുഷ്യൻ പട്ടിയെ കടിച്ചാലേ വാർത്തയാകൂ’എന്ന ജേർണലിസ ബാലപാഠത്തിലെ പഴയ പല്ലവി ഉരുവിട്ട ശേഷം , സുധീരൻ വാർത്ത സൃഷ്ടിക്കാൻ പട്ടിയെ കടിക്കയാണെന്നു വരെ നടേശൻ ആക്ഷേപിച്ചു.എന്നാൽ പട്ടി മനുഷ്യനെ കടിച്ചാലും വാർത്തയാകുമെന്ന് സുധീരനെ നടേശൻ ആക്രമിച്ചതു വാർത്തയാതോടെ തെളിഞ്ഞിരിക്കുന്നു.
മകനെ കൊച്ചി ദേവസ്വം ബോഡ് മെംബറാക്കിയൽ, ഉമ്മൻ ചാണ്ടിയെപ്പോലെ കഴിവുള്ള മുഖ്യമന്ത്രി ലോകത്ത് വേറെയില്ലെന്നു പുകഴ്ത്തുന്ന ആളല്ല സുധീരൻ.പിറവത്തും നെയ്യാറ്റിൻ കരയിലും യു.ഡി.എഫ് സ്ഥാനാർത്ഥികൾ ഉപതെരഞ്ഞെടുപ്പുകളിൽ ജയിച്ചപ്പോൾ പെരുന്നയിലെ എട്ടുകാലിമമ്മൂഞ്ഞിനൊപ്പം “അയ് ഞമ്മളാണെന്നു”എന്നു ഉളുപ്പില്ലാതെ പറഞ്ഞ വെള്ളാപ്പള്ളിയ്ക്ക് വി.എം.സുധീരന്റെ വളർത്തു നായെ വിമർശിക്കാനുള്ള യോഗ്യതയുണ്ടോ?എതിരാളികളെ വെടിവച്ചും കുത്തിയും തല്ലിയും കൊന്നിട്ടുണ്ടെന്നും വേണ്ടിവന്നാൽ ഇനിയും കൊല്ലുമെന്നും വീമ്പടിച്ച എം.എം.മണിയെ ന്യായീകരിക്കുന്ന വെള്ളാപ്പള്ളിയ്ക്ക് സുധീരനെ എങ്ങനെ മനസ്സിലാകാൻ?മഹത്തായ ഒരു സംഘടനയുടെ തലപ്പത്ത് വളരെ നാളായി കയറിയിരുന്നിട്ടും,പഞ്ചതന്ത്രത്തിലെ നീലത്തിൽ വീണ കുറുക്കനെപ്പോലെ പലപ്പോഴും ജന്മഗുണം പ്രകടമായിപ്പോകും.സർവ്വാദര ണീയനായ സുകുമാർ അഴീക്കോടിനെയും പരമ സാത്വികനായ എൻ.എസ്.എസ്.പ്രസിഡന്റ് പി.കെ.നാരായണപ്പണിക്കരെയും പുലഭ്യം പറഞ്ഞ ചരിത്രമാണു നടേശനുള്ളത്.ഇങ്ങനെ മാന്യന്മാരെ ആക്ഷേപിക്കാൻ ക്വട്ടേഷനെടുത്തിട്ടുള്ള വെള്ളാപ്പള്ളി ഇപ്പോൾ ആർക്കു വേണ്ടിയാണു പുതിയ നിയോഗം ഏറ്റെടുത്തിരിക്കുന്നത് എന്നറിയാൻ പാഴൂർ പടിക്കൽ പോകേണ്ട കാര്യമില്ല.
ആരുടെ തുട്ടു വാങ്ങിയും വാഗ്ദാനം കേട്ടും ഏറ്റെടുത്ത ക്വട്ടേഷനായാലും ശരി ധാർമ്മികതയ്ക്കും രാഷ്ട്രീയ സദാചാരത്തിനും വിലകല്പ്പിക്കുന്ന ജനങ്ങൾ അവശേഷിക്കുന്നിടത്തോളം കാലം സുധീരനെപ്പോലുള്ളവരെ നിശബ്ദമാക്കാൻ, വെള്ളാപ്പള്ളി നടേശനെപ്പോലുള്ള മരമാക്രികൾ എത്ര മസ്സിലു പെരുപ്പിച്ചാലും തൊള്ള തുറന്നാലും കഴിയില്ല.
Fans on the page
1 comment:
ദത്തന്‍,
യോഗം ഗുരുവിന്റെ പേരില്‍ ഒരു ദുര്യോഗം ആണ് ഇന്ന്...!
കുറിക്കു കൊള്ളുന്ന ലേഖനം..... ആശംസകള്‍.....!
Post a Comment