തിരുവനന്തപുരത്തെ സാൽവ കഫെ എന്ന ഹോട്ടലിൽ നിന്നും ഷവർമ്മ വാങ്ങിക്കഴിച്ച സച്ചിൻ എന്ന വിദ്യാർത്ഥി ബാംഗ്ലൂരിൽ വച്ചു മരിച്ച വാർത്ത എല്ലാവരെയും ഞെട്ടിച്ചു.അതേ ഹോട്ടലിൽ നിന്നു ഷവർമ്മ കഴിച്ച ഷോബി തിലകനും കുടുംബവും അതിനു മുമ്പു തന്നെ അവശ നിലയിൽ ആശുപത്രിയിൽ ആയിരുന്നു.പുതിയ തലമുറയുടെ ഇഷ്ട ഭക്ഷണമായി മാറിക്കൊണ്ടിരിക്കുന്ന ഈ ഇറക്കുമതി വിഭവം നമ്മുടെ ഭക്ഷണരീതിയ്ക്കു തീരെ യോജിക്കുന്നതല്ല.വിദേശ വസ്തുക്കളോടുള്ള മലയാളിയുടെ സഹജമായ ആരാധന ഭക്ഷണക്കാര്യത്തിലും പുലർത്തിയതിന്റെ ദുരന്തം കൂടിയാണു ഈ വിഷബാധ.പക്ഷേ ഇതിലെ ഒന്നാം പ്രതി വൃത്തിഹീനമായ വിധം ഭക്ഷണമൊരുക്കിയ ഹോട്ടൽ തന്നെ.ഉത്തരവാദിത്വം മറന്ന സർക്കാരും കോർപ്പറേഷനും ഇക്കാര്യത്തിൽ കുറ്റവാളികളാണു.
ഇപ്പോൾ കേരളം മുഴുവനുമുള്ള ഹോട്ടലുകളിൽ സർക്കാർ വക പരിശോധനകൾ നടക്കുകയാണു.എന്തൊരു ഉത്തരവാദിത്ത ബോധം!ഒരു നിരപരാധിയുടെ ജീവൻ പൊലിഞ്ഞപ്പോഴേ നമ്മുടെ ഭരണക്കാർക്കു ചുമതലാബോധം ഉദിച്ചുള്ളു.കേടായ ഭക്ഷണ വസ്തുക്കൾ വിറ്റ ഹോട്ടലുകളുടെ പേരു വിവരം വെളിപ്പെടുത്തണമെന്നു പുതിയ ഭക്ഷ്യസുരക്ഷാ നിയമത്തിൽ വ്യവസ്ഥയുണ്ടെങ്കിലും നമ്മുടെ മാദ്ധ്യമ ലോകം ആദ്യ ദിവസങ്ങളിൽ അവയുടെ പേരു വിവരം വെളിപ്പെടുത്തിയില്ല.അന്വേഷണാത്മക പത്ര പ്രവർത്തനത്തെപ്പറ്റി വാതോരാതെ സംസാരിക്കുന്ന ഇവർ എന്തിന്റെ പേരിലാണു ഈ കുറ്റവാളികളുടെ മേൽ വിലാസം രഹസ്യമായി വച്ചത്?സർക്കാരും കോർപ്പറേഷനും കണിച്ചതുപോലുള്ള ഉത്തരവാദിത്ത രാഹിത്യമാണു മാദ്ധ്യമ ലോകവും ഇതിലൂടെ പ്രകടിപ്പിച്ചത്.
ഭക്ഷ്യവസ്തുക്കളിൽ മായം ചേർക്കുന്നത് തടയാൻ ശക്തമായ നിയമങ്ങളുണ്ട്.വൃത്തിഹീനമായ ഹോട്ടലുകൾ പൂട്ടിക്കാൻ വ്യവസ്ഥകളുണ്ട്.പക്ഷേ അതൊന്നും വേണ്ടവിധത്തിൽ നടപ്പാക്കാൻ ബന്ധപ്പെട്ടവർക്കു താല്പര്യമില്ല.അഥവാ അവരെ മുതലാളിമാർ വിലയ്ക്കെടുത്തിരിക്കുന്നു.സന്നദ്ധ സംഘടനകളുടെയും രാഷ്ട്രീയ കക്ഷികളുടെയും പ്രതികരണമാകട്ടെ ആളും തരവും നോക്കി ആയിരിക്കുന്നു.സാൽവ കഫേ എറിഞ്ഞുതകർത്ത യുവമോർച്ചയ്ക്ക് ശ്രീ ലക്ഷ്മി ഹോട്ടലിനു നേർക്ക് കൈ ചൂണ്ടാൻ പോലും താല്പര്യമില്ല.രണ്ടു ഭക്ഷണ ശാലകളും വിഷമയമായ ആഹാരസാധനങ്ങൾ വിറ്റ കേസിൽ പ്രതികളാണു.പക്ഷേ രണ്ടിനോടുമുള്ള പ്രതികരണം രണ്ടു തരത്തിലായി.
ഇങ്ങനെ ഉദാസീനവും പക്ഷപാതപരവുമായ സമീപനം പുലർത്തുന്ന സമൂഹത്തിൽ വിഷഭക്ഷണ വ്യാപാരം പൊടിപൊടിക്കുകയും കുറ്റവാളികൾ രക്ഷപ്പെടുകയും ചെയ്യുക സ്വാഭാവികം മാത്രം.അന്യനല്ല, താൻ തന്നെയാണു ഇത്തരം ചതികൾക്ക് ഇരയാകുന്നത് എന്ന് ഓരോരുത്തരും കരുതിയാലേ ഏതു സാമൂഹിക വിപത്തിനെയും ചെറുക്കുവാൻ കഴിയുകയുള്ളു.
Fans on the page
1 comment:
Visha bhakshanam inspect cheyyentavar athu cheythillenkilum sambalam kurayilla. athinu nere kannatachchal saujanya parcelum kaimatakkum. athil saayoojyam kanunna udyogastharute naattil aalukal visham thinnu marikkukayum chavunnathinekkaal bhiikara rogangal kondu klesichchu jiivikkayum cheyyum.
maadhymangalute kooru marannu avarum onnum cheyyilla. karanam parcel kittiyittuntaavanam,ippol pnavum.
Post a Comment