സുകുമാർ അഴീക്കോട് ഏറ്റവും അധികം ഇഷ്ടപ്പെട്ടിരുന്ന പ്രസിദ്ധീകരണമാണു മാതൃഭൂമി ആഴ്ചപ്പതിപ്പ്.അതുകൊണ്ടു തന്നെയാണു തന്റെ ആത്മകഥ പ്രസിദ്ധീകരിക്കാൻ ആഴ്ചപ്പതിപ്പു തിരഞ്ഞെടുത്തതും.പക്ഷേ അതിൽ വന്ന ആത്മകഥ നാട്ടുകാർ മുഴുവൻ വായിച്ചു മനസ്സിലാക്കിയെങ്കിലും ആഴ്ചപ്പതിപ്പിന്റെ നടത്തിപ്പുകാർക്കു മാത്രം അതിൽ പറഞ്ഞിരുന്നതെന്തെന്നു മനസ്സിലായില്ല.അതുകൊണ്ടാണല്ലോ അദ്ദേഹം ആത്മകഥയിൽ വിശദമായി പ്രതിപാദിച്ച വിവാഹാലോചനയും വിവാഹഭംഗവും കൂട്ടാക്കാതെ അതിൽ കക്ഷിയായ സ്ത്രീയും അവരെ കൊണ്ടു നടന്നവരും പറയുന്ന കള്ളക്കഥ അദ്ദേഹത്തിന്റെ മരണ ശേഷം ആഴ്ചപ്പതിപ്പ് കൊട്ടിഘോഷിക്കുന്നത്.യഥാർത്ഥ വസ്തുതകൾ അറിയാവുന്നവർ എഴുതിയ കത്തു കൊടുക്കാനുള്ള മാദ്ധ്യമ മര്യാദ പോലും കാട്ടിയില്ലെന്നു മാത്രമല്ല വീണ്ടും അദ്ദേഹത്തെ അപമാനിക്കുന്ന കത്തുകൾ നിരന്തരം പ്രസിദ്ധീകരിച്ച് നെറികേട് പ്രവർത്തിച്ചുകൊണ്ടിരിക്കയുമാണു.
മരിച്ചുകഴിഞ്ഞിട്ടും അഴീക്കോട് എന്ന ലേബലിനു നല്ല മാർക്കറ്റുണ്ടെന്ന് എല്ലാ പത്രക്കാർക്കുമറിയാം.അതുകൊണ്ട് അദ്ദേഹത്തെക്കുറിച്ചു വിവാദങ്ങൾ സൃഷ്ടിക്കുന്നതും നിലനിർത്തുന്നതും തങ്ങളുടെ പ്രസിദ്ധീകരണം കൂടുതൽ ചെലവാകാൻ ഉപകാരപ്പെടും എന്നു കരുതുന്നവരെ കുറ്റപ്പെടുത്താൻ കഴിയില്ല.എന്നാൽ വിവാദത്തിനു പകരം അപമാനിക്കൽ മാത്രം നടത്തുന്നത് മര്യാദകേടാണു.ജീവിച്ചിരിക്കേ അദ്ദേഹത്തിനു നേരെ പ്രയോഗിക്കാൻ ധൈര്യപ്പെടാതിരുന്ന ആയുധങ്ങൾ കാലശേഷം പ്രയോഗിക്കുന്നത് ഭീരുത്വമാണു.മുമ്പു ചില ശിഖണ്ഡികളെ മുൻ നിർത്തി പയറ്റി പരാജയപ്പെട്ട അടവ്, മരണാനന്തരം ഒരു സ്ത്രീയേയും ഏതാനും പിമ്പുകളെയും കൂട്ടുപിടിച്ച് വിജയിപ്പിച്ചുകളയാം എന്നു ധരിക്കരുത്.
അഴീക്കോടിന്റെ പേരിൽ പ്രസിദ്ധീകരിച്ച പ്രത്യേക പതിപ്പിൽ തുടങ്ങുന്നു ഈ മാദ്ധ്യമ വിഷപ്രയോഗം.കഥാവശേഷനായ ആ മഹാ വ്യക്തിത്വത്തെ ആദരിക്കാൻ മലയാളത്തിലെ ഒട്ടു മിക്ക പ്രസിദ്ധീകരണങ്ങളും പ്രത്യേക പതിപ്പുകൾ ഇറക്കി.അവയിലെല്ലാം അദ്ദേഹത്തെ സ്തുതിക്കുന്ന ലേഖനങ്ങളോടൊപ്പം വിമർശിക്കുന്ന ലേഖനങ്ങളും പ്രസിദ്ധീകരിക്കപ്പെട്ടു.അതിലൊന്നും ആർക്കും ഒരു കുറ്റവും പറയാൻ കഴിയില്ല.പക്ഷേ ജീവിത കാലം മുഴുവൻ അദ്ദേഹത്തെ അപമാനിക്കാൻ (മരണക്കിടക്കയിൽ പോലും)ശ്രമിച്ച ഒരു സ്ത്രീയുടെ വ്യാജം നിറഞ്ഞ പൈങ്കിളിക്കഥ, അഴീക്കോടിനെക്കുറിച്ച് പ്രശസ്തരായവർ എഴുതിയവയ്ക്കെല്ലാം മേലേ പ്രതിഷ്ഠിച്ച് അപമാനിക്കുന്ന ഹീന കൃത്യം മാതൃഭൂമി ആഴ്ചപ്പതിപ്പു മാത്രമേ ചെയ്തുള്ളൂ.
വിവാഹത്തിൽ കലാശിക്കാത്ത പ്രണയങ്ങളും നിശ്ചയം കഴിഞ്ഞിട്ടും വിവാഹാത്തിലെത്താതെ പോയ ആലോചനകളും എത്രയോ നമുക്കുചുറ്റും ദിവസേന സംഭവിക്കാറുണ്ട്.വിവാഹത്തിൽ നിന്നു പിൻ വാങ്ങുന്നവരോട് മറ്റേയാൾക്ക് വിരോധം തോന്നുക സ്വാഭാവികമാണു.വിരോധം പകയായി ചിലപ്പോൾ വളർന്നേക്കാം.കല്യാണം മുടക്കുക,തല്ലാൻ ആളെ വിടുക തുടങ്ങിയ കലാപരിപാടികൾ അനങ്ങേറിയെന്നും വരാം.പക്ഷേ കാമുകൻ തനിക്കയച്ച കത്തുകൾ മഞ്ഞ പ്രസിദ്ധീകരണത്തിനു പ്രകാശിപ്പിക്കാൻ കൊടുക്കുന്ന കാമുകിമാരെ കഥകളിൽ പോലും മലയാളി കണ്ടിട്ടില്ല.അഴീക്കോടിന്റെ കാമുകിയായി ആഴ്ചപ്പതിപ്പു വാഴ്ത്തുന്ന സ്ത്രീ അതും ചെയ്തു.എന്നിട്ട് യാതൊരു ഉളുപ്പുമില്ലാതെ വിളിച്ചു കൂവുന്നു താൻ ഇപ്പോഴും അദ്ദേഹത്തിന്റെ കാമുകിയാണെന്ന്!!
സുകുമാർ അഴീക്കോടും ആ സ്ത്രീയും തമ്മിൽ ഉണ്ടായിരുന്നെന്നു പറയുന്ന പ്രണയവും പ്രണയഭംഗവും വിവാഹാലോചനയുമെല്ലാം രണ്ടു വ്യക്തികൾ തമ്മിലുള്ള സ്വകാര്യ പ്രശ്നങ്ങൾ മാത്രമാണു.അതു പൊതു വേദിയിലിട്ട് അലക്കാൻ ഒരിക്കലും അഴീക്കോടു തുനിഞ്ഞിട്ടില്ല.അവരാണു ആ മര്യാദകേട് കാട്ടിയത്.ജീവിതകാലത്ത് തനിക്കു വേണ്ടെന്നു പറഞ്ഞ് അകന്നു പോയ ഒരാൾ മരിച്ചു കഴിഞ്ഞപ്പോൾ “ഞാൻ അദ്ദേഹത്തിന്റെ കാമുകിയാണു”എന്നു അവകാശപ്പെടാൻ ആത്മാഭിമാനമുള്ള ഏതെങ്കിലും സ്ത്രീ മുതിരുമോ?“ഒരു ദിവസമെങ്കിലും അദ്ദേഹത്തിന്റെ ഭാര്യയായി കഴിയാൻ തന്നെ സഹായിക്കണ“മെന്ന് നാണവും മാനവുമുള്ള ഏതെങ്കിലും വനിത ആവശ്യപ്പെടുമോ?അതും സ്വന്തം ശിഷ്യനോട്?(ഇതേലക്കം ആഴ്ചപ്പതിപ്പിൽ വി.ആർ.സുധീഷ് എഴുതിയ ലേഖനം കാണുക)
ഇത്തരമൊരുത്തിയുടെ വാക്കുകൾക്ക് അഴീക്കോടിനെ പോലുള്ള ഒരു മഹാ മനീഷയെ കുറിച്ചു പരാമർശിക്കുന്നിടത്ത് എന്തു പ്രസക്തിയാണുള്ളത്?അവരുടെ രചനയിലെ സാഹിത്യഭംഗിയോ?പറയുന്ന കാര്യങ്ങളിലെ സത്യസന്ധതയുടെ തിളക്കമോ?ഇതൊന്നും മാതൃഭൂമി പ്രഥമഗണന നല്കി പ്രസിദ്ധീകരിച്ച ആ പൈങ്കിളി സൃഷ്ടിയിൽ ഇല്ല.അർദ്ധ സത്യങ്ങളും അസത്യങ്ങളും ഭാവനയും ആഗ്രഹങ്ങളും കൂട്ടിക്കുഴച്ച ഒരു വികല സാധനമാണത്.
അവസാന നാളുകളിൽ എല്ലാവരോടും പൊറുക്കുന്ന മന:സ്ഥിതിയായിരുന്നു അദ്ദേഹത്തിനു.തന്നെ ചതിക്കാനും അപമാനിക്കാനും ശ്രമിച്ചവരോട് പോലും അദ്ദേഹം സ്നേഹത്തോടെ പെരുമാറി.ഈ മഹാമനസ്ക്കതയേയും മുതലെടുക്കാനാണു ആ സ്ത്രീ ശ്രമിച്ചത്.അതു കൃത്യമായി മനസ്സിലാക്കിയതു കൊണ്ടാണു “തന്നെ സന്ദർശിച്ച ശേഷം ഒരു സ്ത്രീ അസത്യങ്ങൾ പ്രചരിപ്പിക്കുന്നതായി”അദ്ദേഹം പ്രസ്താവന പുറപ്പെടുവിച്ചത്.കലാകൗമുദിയും ജനയുഗവും മറ്റും ആ പ്രസ്താവന പ്രസിദ്ധീകരിച്ചപ്പോൾ മാതൃഭൂമി അതു പ്രസിദ്ധീകരിക്കതിരുന്നത് ആ സ്ത്രീയുടെ പൈങ്കിളിക്കഥയുടെ വിശ്വാസ്യതയ്ക്ക് ഊനം തട്ടുമെന്നു കരുതിയായിരുന്നിരിക്കണം.എത്ര ദീർഘ വീക്ഷണം!!
ഗൂഢാലോചന എത്ര മുമ്പേ തുടങ്ങി എന്നു ആലോചിക്കുക!
ആഴ്ചപ്പതിപ്പിന്റെ ഈ നെറികേടിനെതിരെ വായനക്കാരുടെ ശക്തമായ പ്രതികരണ പ്രവാഹം ഉണ്ടായിക്കാണണം.അവയെല്ലാം ചവറ്റുകുട്ടയിലിട്ടശേഷം അഴീക്കോടിനെ അവഹേളിക്കുന്നവ മാത്രം പ്രസിദ്ധീകരിക്കുകയാണു ആഴ്ചപ്പതിപ്പു നടത്തിപ്പുകാരുടെ പുതിയ വിനോദം.മരിച്ചതുകൊണ്ടു മാത്രമാണു അഴീക്കോടു മഹാനായത് എന്ന ഒരു മഹാന്റെ കത്താണു ഏറ്റവും ഒടുവിലത്തെ ഒളിയമ്പ്.
ചത്തവന്റെ കാലു തടവിയിട്ടു പ്രയോജനമില്ലെന്ന അസ്സൽ പ്രായോഗിക തത്വശാസ്ത്രം ശരിക്കു മനസ്സിലാക്കിയവർ തന്നെ ആഴ്ചപതിപ്പു നടത്തിപ്പുകാർ.പക്ഷേ ജീവിച്ചിരിക്കേ ഒരുപാട് ഒളിയമ്പും തെളിയമ്പും ഏറ്റിട്ടും തളരാതിരുന്ന അഴീക്കോടിനെ ചില കൂലിയെഴുത്തുകാരുടെയും കാമഭംഗക്കാരുടെയും സഹായത്തോടെ മരണശേഷം വീഴ്ത്തിക്കളയാമെന്ന് ധരിക്കുന്നെങ്കിൽ ഹാ! കഷ്ടം എന്നല്ലാതെ എന്തു പറയാൻ?
No comments:
Post a Comment