Total Pageviews

Wednesday, September 21, 2011

പഠിപ്പു കൂടിയ(പി.സി)ജോർജ്ജിന്റെ പരാക്രമങ്ങൾ


ഈ രാജ്യത്ത് താനൊഴികെ ബാക്കിയെല്ലാവരും മണ്ടന്മാരാണെന്നാണു ഭരണ കക്ഷിയുടെ ചീഫ് വിപ്പ് പി.സി. ജോർജ്ജിന്റെ ഭാവം.നീതിയെ കുറിച്ചും കോടതിയുടെ പവിത്രതയെ കുറിച്ചും ജനാധിപത്യത്തിന്റെ നിലനില്പിനെ കുറിച്ചും ഒക്കെ ഉത്കണ്ഠയും താല്പര്യവും ഉള്ള ഏക മലയാളി താൻ ആണെന്നാണു ഇദ്ദേഹം അവകാശപ്പെടുന്നത്.പ്രതിപക്ഷ നേതാവ് സ.അച്യുതാനന്ദൻ പള്ളിക്കൂടത്തിൽ പോകാത്ത ആളാണെന്നും അതു കൊണ്ട് താൻ ഇംഗ്ലീഷിൽ രാഷ്ട്രപതിക്കയച്ച കത്ത് അദ്ദേഹത്തിനു മനസ്സിലാകില്ല എന്നുമാണു ജോർജ്ജിന്റെ പരിഹാസം.പള്ളിക്കൂടത്തിൽ പോയിട്ടില്ലെന്ന് ഇപ്പോൾ ജോർജ്ജ് ആക്ഷേപിക്കുന്ന മനുഷ്യന്റെ പിറകേ വിനീത വിധേയനായി എതാനും നാൾ മുമ്പു വരെ ജോർജ്ജ് നടന്ന വസ്തുത മലയാളികൾക്കറിയാം.

പുതിയ അഴകന്മാരെ കണ്ടപ്പോൾ അവരെ അച്ഛാ എന്നു വിളിക്കുന്ന ഇത്തരം ഓന്തുകളുടെ കൂടാരമാണല്ലോ സമീപകാല രാഷ്ട്രീയ രംഗം.അങ്ങനെ പുതിയ പിതാക്കന്മാരെ ജോർജ്ജ് കണ്ടെത്തിയിരിക്കുകയാണു.അതിൽ ഒരു പിതാവിനെ രക്ഷിക്കാൻ വേണ്ടിയാണു ജനാധിപത്യ രക്ഷകന്റെ വേഷം കെട്ടിയിരിക്കുന്നത്.മുഖ്യമന്ത്രിക്കെതിരെ തുടരന്വേഷണം വേണമെന്ന് വിജിലൻസ് കോടതി ഉത്തരവിട്ടതോടെയാണു ജോർജ്ജിനു പൗരബോധച്ചൊറിച്ചിൽ തുടങ്ങിയതത്രെ.ജഡ്ജിക്കെതിരെ രാഷ്ട്രപതിക്കും സുപ്രീം കോടതിയ്ക്കും പരാതി കൊടുത്തു കൊണ്ടാണു ജനാധിപത്യം സംരക്ഷിക്കാനുള്ള ജോർജ്ജിന്റെ പുറപ്പാട്.

ഈ കോടതി വിധി ശരിയല്ലെന്ന് ജ.വി.ആർ. കൃഷ്ണയ്യർ പറഞ്ഞതാണു തന്നിൽ പൗരബോധം ഉണരാനുള്ള പ്രചോദനം എന്നാണു ജോർജ്ജിന്റെ വിശദീകരണം.ജഡ്ജിയെ തെറിപറഞ്ഞു കൊണ്ട് ഇദ്ദേഹം എഴുതിയത് അനാവശ്യമാണെന്നാണു കൃഷ്ണയ്യർ ഈയിടെ പറഞ്ഞത്.ചീഫ് വിപ്പിന്റെ സ്ഥാനത്തിരുന്നു കൊണ്ട് ജഡ്ജിയെ പുലഭ്യം പറയുന്നത് നീതിന്യായക്കോടതികളെ ദുർബ്ബലപ്പെടുത്താനുള്ള ശ്രമമാണെന്നും ഭരണഘടനയോടുള്ള അനാദരവാണെന്നും കൂടെയുള്ളവർ പോലും കുറ്റപ്പെടുത്തിയിട്ടും അദ്ദേഹത്തിനു കുലുക്കമില്ല.ആരും കൂടില്ലെങ്കിലും തനിക്കു പ്രശ്നമില്ല പോലും.

ചീഫ് വിപ് എന്ന നിലയിൽ അല്ല;ഒരു പൗരൻ എന്ന നിലയ്ക്കാണു രാഷ്ട്രപതിയ്ക്കും മറ്റും കത്തെഴുതിയത് എന്നാണു ന്യായീകരണം. പൗരനു കത്തെഴുതാൻ എന്തിനാണു ചീഫ് വിപ്പിന്റെ ലെറ്റർ ഹെഡ്ഡ് ;വെറും വെള്ളക്കടലാസ് പോരായിരുന്നോ എന്നതിനു വ്യക്തമായ മറുപടി പൗരൻ ജോർജ്ജിനില്ല.

ഉമ്മൻ ചാണ്ടിയ്ക്ക് ഒരുപക്ഷേ ബുദ്ധിമുട്ടുണ്ടാകാനിടയുള്ള ഒരു കോടതിവിധി മൂലം ജോർജ്ജിന്റെ ഏതു പൗരാവകാശമാണു പീഡിപ്പിക്കപ്പെട്ടതെന്നാണു മനസ്സിലാകാത്തത്.ഇത്തരം അസുഖകരങ്ങളായ ചോദ്യങ്ങളെ അദ്ദേഹം നേരിടുന്നത് വിവരക്കേടും അഹങ്കാരവും കലർന്ന ഭാഷയിലാണു.അല്പത്തവും തല്ലുകൊള്ളിത്തരവും ചാലിച്ചുചേർത്ത അംഗവിക്ഷേപങ്ങൾ കാട്ടിയാണു.അച്യുതാനന്ദനെ മാത്രമല്ല സത്യം പറഞ്ഞ സ്വന്തം പാർട്ടിക്കാരനായ പി.ജെ.ജോസഫിനെയും സ്വന്തം മുന്നണിയിൽ പെട്ട വി.ഡി.സതീശനെയും മോശപ്പെട്ട ഭാഷാ പ്രയോഗത്തിലൂടെയാണു ഈ ഭാരതപൗരൻ നേരിട്ടത്.“പള്ളിക്കൂടത്തിൽ പോകാത്ത അച്യുതാനന്ദൻ”, പള്ളിക്കൂടത്തിൽ പോയെന്ന് അവകാശപ്പെടുന്ന ഈ ഇരുക്കാലി മൃഗത്തേക്കാൾ എത്രയോ ഭേദമാണെന്ന് കുറേ ദിവസമായി ചാനലുകളിലും പത്രങ്ങളിലുമായി ഇയാൾ കാട്ടുന്ന പരാക്രമങ്ങൾ സാക്ഷ്യപ്പെടുത്തുന്നുണ്ട്.



Fans on the page

Monday, September 5, 2011

യഥാ രാജാ.....

ഒമ്പതാം ക്ലാസ്സിൽ പഠിക്കുന്ന പുത്രിയെ

ഒമ്പതു മാസമായ് പീഡിപ്പിച്ചന്ത്യത്തിൽ

ഗർഭിണിയാക്കിയ തന്തയെ,സോദരി-

മാരെ പിഴപ്പിച്ചു നാട്ടുകാർക്കൊക്കെയും

കാണിക്കവച്ച സഹോദര ജന്തുവെ,

കൊച്ചു പെൺ കുഞ്ഞിനെ മാനഭംഗം ചെയ്ത

കൊച്ചു കാമാർത്തനെ,സ്വന്തമമ്മൂമ്മയോ-

ടൊത്ത പ്രായം വരും വൃദ്ധയെ ബന്ധിച്ചു

പ്രാപിച്ച ഹീന മനുഷ്യ മൃഗത്തിനെ,

നോക്കി,യൊടുങ്ങാത്ത കോപത്തിൽ മുങ്ങിയ

ന്യായാധിപന്മാർ പരുഷമാം ശബ്ദത്തിൽ

ചോദിച്ചു:- “കുറ്റക്കാർ നിങ്ങൾക്കു വല്ലതും

ചൊല്ലുവാനുണ്ടോയീ കോടതി മുമ്പാകെ?”

“നമ്മളെയിന്നു ഭരിച്ചു വിലസുന്ന മന്ത്രിയൊ

രുത്തൻ നടത്തിയ പോലുള്ള പീഡന-

മൊന്നുമേ ചെയ്തവരല്ലിവ,രാകയാൽ

ശിക്ഷയില്ലാതെ വെറുതെ വിട്ടീടുവാൻ

സന്മനസ്സുണ്ടാക വേണ”മെന്നോതുന്നു

കൂസലില്ലാതവർ കോടതി മുമ്പാകെ.

വാസ്തവം മുറ്റിയ വാക്കുകൾ കേൾക്കവേ

വല്ലാതെ ഞെട്ടിയ ന്യായാസനങ്ങളിൽ

നിന്നുമറിയാതടർന്നു പോലീമൊഴി;-

യാത്മഗതത്തിന്റെ മട്ടിൽ പൊടുന്നനെ:

“യഥാ രാജാ തഥാ പ്രജ:”


Fans on the page