Total Pageviews

Sunday, July 10, 2011

ജസ്റ്റിസ്.കെ.കെ.നരേന്ദ്രൻ



സാമൂഹിക പ്രതിബദ്ധതയും നിഷ്പക്ഷമായ നീതി ബോധവും ഉണ്ടായിരുന്ന ഒരു നിയമജ്ഞൻ കൂടി അന്തരിച്ചു.പണം കണ്ടു കണ്ണു മഞ്ഞളിക്കുന്ന ജഡ്ജിമാരുടെ എണ്ണം കൂടി വരുന്ന ഇക്കാലത്ത് ജ.കെ.കെ.നരേന്ദ്രനെപ്പോലുള്ളവരുടെ തിരോധാനം വലിയ നഷ്ടമാണു.ഹൈക്കോടതി ജഡ്ജി ആയിരിക്കേ അദ്ദേഹം പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവുകൾ കേരള നീതിന്യായ ചരിത്രത്തിലെ സുവർണ്ണ രേഖകളാണു.

സേവന നിരതനായിരുന്നു വിരമിച്ച ശേഷവും അദ്ദേഹം.മാറിമാറി വന്ന സർക്കാരുകളെല്ലാം, റിട്ടയർ ചെയ്തതിൽ പിന്നീടും അദ്ദേഹത്തിന്റെ സേവനം പ്രയോജനപ്പെടുത്തിയിട്ടുണ്ട്.സംവരണത്തെ കുറിച്ചു പഠിക്കാൻ നിയോഗിച്ച കമ്മീഷന്റെ ചെയർമാനായി പ്രവർത്തിച്ചത് ഈ കാലയളവിലാണു.
പ്രീഡിഗ്രി ബോഡ് വിരുദ്ധസമരകാലത്ത് കേരള സർ വ്വകലാശാലയിൽ നടന്ന പരീക്ഷാ ക്രമക്കേടുകളെ കുറിച്ച് അന്വേഷിക്കുവാൻ ജസ്റ്റിസ് കെ.കെ.നരേന്ദ്രനെയാണു അന്നത്തെ ഇടതു സർക്കാർ ഏകാംഗ കമ്മീഷനായി നിയമിച്ചത്.അന്ന് തെളിവു നല്കാൻ പോയപ്പോഴാണു അദ്ദേഹത്തിനെ അടുത്തറിയാൻ കഴിഞ്ഞത്.സർവ്വകലാശലാ ജീവനക്കരുടെ ഒരു സംഘടനയെ പ്രതിനിധീകരിച്ച് തെളിവു നല്കുക മാത്രമല്ല മറ്റുള്ളവരെ വിസ്തരിക്കാനുള്ള ചുമതലയും കൂടി എന്നിൽ വന്നു ചേർന്നു.സംഘടന വക്കാലത്ത് കൊടുത്ത അഭിഭാഷകൻ കമ്മീഷൻ സിറ്റിംഗുകളിൽ തുടർച്ചയായി ഹാജരാകാതിരുന്നപ്പോൾ കക്ഷികളെ നേരിട്ടു വിസ്തരിക്കാൻ ജഡ്ജി അനുവദിക്കുകയായിരുന്നു.അഭിഭാഷകനല്ലാത്ത എനിക്ക് അതിനുള്ള ആത്മവിശ്വാസം ലഭിച്ചത് കമ്മീഷൻ നല്കിയ പ്രോത്സാഹനം ഒന്ന് കൊണ്ടു മാത്രമാണു.ഇത്തരം അന്വേഷണ കമ്മീഷനുകളെ വക്കീലന്മാർ അത്ര ഗൗരവമായി എടുക്കാറില്ല എന്ന് അനുഭവിച്ച് അറിഞ്ഞിട്ടുള്ളതു കൊണ്ടു കൂടിയാകാം
ഒരു സാധാരണക്കാരനെ വക്കീൽ പണി ചെയ്യാൻ അദ്ദേഹം അനുവദിച്ചതും പ്രോത്സാഹിപ്പിച്ചതും.

മുമ്പ് കേരള സർ വ്വകലാശാലയിൽ നടന്ന മാർക്ക് തട്ടിപ്പു കേസ് അന്വേഷിച്ച ജസ്റ്റിസ്.എം.പി.മേനോൻ കമ്മീഷനിലും ഞങ്ങൾ കക്ഷി ചേരുകയും സംഘടനയെ പ്രതിനിധീകരിച്ച് ഹാജരാകുകയും ചെയ്തിരുന്നു.എന്നാൽ മറ്റു കക്ഷികളെ വിസ്തരിക്കുന്നതിനോ വാദിക്കുന്നതിനോ അനുവദിച്ചിരുന്നില്ല.
മതിയായ സൗകര്യങ്ങൾ സർക്കാർ ഏർപ്പെടുത്തി കൊടുക്കാതിരുന്നിട്ടും യഥാസമയം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ടു സമർപ്പിച്ചതിൽ നിന്നും അദ്ദേഹത്തിന്റെ ചുമതലാബോധം
വ്യക്തമാണു.നിയമത്തിന്റെ മുമ്പിൽ എല്ലാവരും സമന്മാരാണെന്ന് പേർത്തും വെളിവാക്കുന്ന തരത്തിലായിരുന്നു തെളിവെടുപ്പു വേളയിൽ അദ്ദേഹം കൈക്കൊണ്ട ഒരോ നടപടിയും.

സമരകാലത്ത് മുഖ്യമന്ത്രി ആയിരുന്ന കെ. കരുണാകരൻ തെളിവെടുപ്പിനു ഹാജരാകാതെ പലപ്പോഴും ഒഴിഞ്ഞു മാറി.അദ്ദേഹത്തിന്റെ അഭിഭാഷകനോട് ചോദിക്കുമ്പോഴെല്ലാം 'ലീഡർക്ക് സമയമി'ല്ലെന്ന സ്ഥിരം പല്ലവിയാണു കമ്മീഷനു കിട്ടിക്കൊണ്ടിരുന്നത്.ഭരണം പോയി വലിയ രാഷ്ട്രീയ കോലാഹലങ്ങളൊന്നും ഇല്ലാതിരുന്നിട്ടും ആവർത്തിച്ച് കൊണ്ടിരുന്ന 'സമയമില്ലായ്മ' എന്ന നുണക്കഥ കമ്മീഷനും വിശ്വസിച്ചു എന്നു ഞങ്ങൾ കരുതി.പക്ഷേ കരുണാകരന്റെ വക്കീലിനെയും ബാക്കിയുള്ളവരെയും ഞെട്ടിച്ചു കൊണ്ട് ഒരു ദിവസം കമ്മീഷൻ അടുത്ത സിറ്റിംഗ് തീയതി അറിയിച്ചിട്ടു പറഞ്ഞു:“നിങ്ങളുടെ കക്ഷി അന്നു ഹാജരാകണം.അല്ലാത്ത പക്ഷം സമൻസും വാറണ്ടും ഒക്കെ അയച്ച് കമ്മീഷനു അദ്ദേഹത്തെ വരുത്തേണ്ടി വരും”.കമ്മീഷൻ നിശ്ചയിച്ച തീയതിയിൽ തന്നെ മുൻ മുഖ്യൻ ഹാജരായി.

ജീവനക്കാർ പണിമുടക്കിലായിരുന്നപ്പോൾ എല്ലാ ക്രമക്കേടുകൾക്കും നേതൃത്വം കൊടുത്ത അന്നത്തെ പ്രോ വൈസ് ചാൻസലർ എന്റെ ചോദ്യങ്ങൾക്ക് മറുപടി പറയാൻ വിസമ്മതിച്ചപ്പോഴെല്ലാം അദ്ദേഹത്തെ കമ്മീഷൻ ശക്തമായി താക്കീതു ചെയ്തതും ഓർക്കുന്നു.

തെളിവെടുപ്പു വേളകളിൽ പലപ്പോഴും നർമ്മം വിതറാനും അദ്ദേഹത്തിനു കഴിഞ്ഞിരുന്നു.മുൻ വൈസ് ചാൻസലർ പി.എസ്.ഹബീബ് മുഹമ്മദിനെ വിസ്തരിച്ചു കൊണ്ടിരുന്ന ഒരു പ്രമുഖ അഭിഭാഷകൻ ഇടയ്ക്ക് അല്പം വെള്ളം കുടിച്ചു.ഉടനെ വന്നു കമ്മീഷന്റെ കമന്റ്:“സാധരണ വക്കീലന്മാരാണു സാക്ഷികളെ വെള്ളം കുടിപ്പിക്കുന്നത്.ഇവിടിപ്പോൾ വക്കീലാണല്ലോ വെള്ളം കുടിക്കുന്നത്?”
ഏറെ നാളത്തെ തെളിവെടുപ്പിനും അന്വേഷണത്തിനും വാദങ്ങൾക്കും ശേഷം വളരെ വിശദമായ റിപ്പോർട്ട് നല്കിയെങ്കിലും അദ്ദേഹം ചൂണ്ടിക്കാണിച്ച കുറ്റവാളികൾക്കെതിരെ നടപടി സ്വീകരിക്കുന്നതിനോ നിർദ്ദേശിച്ച ശുപാർശകൾ നടപ്പാക്കുന്നതിനോ അന്നത്തെ നായനാർ സർക്കാർ താല്പര്യം കാണിച്ചില്ല.എല്ലാ ജുഡീഷ്യൽ അന്വേഷണ കമ്മീഷനുകൾക്കും എന്നതു പോലെ നരേന്ദ്രൻ കമ്മീഷനും റഫറൻസ് ഷെല്ഫിൽ വിശ്രമിക്കാനാണു യോഗം.എന്നാൽ, സർക്കാർ ഉദ്യോഗങ്ങളിൽ പിന്നോക്ക പ്രാതിനിധ്യം നിർണ്ണയിക്കാൻ അദ്ദേഹം ചെയർമാനായി നിയമിക്കപ്പെട്ട കമ്മീഷനു ആ ഗതി വന്നില്ല.

നിഷ്പക്ഷനും നീതിമാനും മനുഷ്യ സ്നേഹിയുമായ ആ അതുല്യ ന്യായാധിപന്റെ സ്മരണയ്ക്കു മുമ്പിൽ ആദരാഞ്ജലികൾ










Fans on the page

5 comments:

dethan said...

ജസ്റ്റിസ്.കെ.കെ.നരേന്ദ്രന്റെ സ്മരണയ്ക്കു മുമ്പിൽ ആദരാഞ്ജലികൾ

sarada said...

Very written and comprehensive.Shows his courage and determination in the summoning of Karunakaran incident.

His loss is mourned all the more since one remembers that the judges of today are more like C.G. Balakrishnan and the climate is so favourable that the crooks escape before getting punished like Sreenijan and Tomin Thachankankary and some after getting punished like R. Balakrishna Pillai!

dethan said...

ശാരദ,
നിഷ്പക്ഷനും ജാടകളില്ലത്തവനുമയ ജഡ്ജി ആയിരുന്നു ജ.നരേന്ദ്രൻ.ജീവിതാവസാനം വരെ കർമ്മനിരതനായിരുന്ന അദ്ദേഹത്തിനെ കുറിച്ച് എഴുതിയതു വായിച്ച് നല്ലതു പറഞ്ഞതിനു നന്ദി.സ്ത്രീ പീഡകനും പൊതു മുതൽ കട്ടവനും സിംഹാസനമൊരുക്കുന്നവരും അവർക്കു വേണ്ടി നീതി ബോധത്തെ വ്യഭിചരിക്കുന്ന നീതിജ്ഞന്മാരും ഉള്ള നാട്ടിൽ ഇതുപോലുള്ള ന്യായാധിപന്മാരെ കുറിച്ച് ഓർക്കുന്നതു തന്നെ അത്ഭുതമല്ലേ?അതെ പറ്റി വായിച്ച് അഭിപ്രായം പറയുന്നത് അതിലും വലിയ അത്ഭുതമല്ലേ?

Blogreader said...

Thanks Dethan for sharing your experience with Justice Narendran.
I am not sure the new generation will learn the commitments and Ethics from these eminent people. IUML wanted implementing Narendran commission report, but they don’t have courage to expel their secretary for his immoral activities.

R.Sajan said...

കേരള ഹൈ കോടതിയിലെ ഒരു ജഡ്ജി എസ് എന്‍ ഡി പി യുടെ പ്രെസിഡെന്‍റിന്റെയും സെക്രട്ടറിയുടെയും മുന്പില്‍ ഇരിക്കാന്‍ ഭയപ്പെട്ടിരുന്നു എന്നു പണ്ട് കേട്ടിട്ടുണ്ട്.....