Total Pageviews
Wednesday, May 18, 2011
തെരഞ്ഞെടുപ്പും അഴിമതിയും
അഴിമതിയും പെണ്‍ വാണിഭവും ഒന്നും സാധാരണ ജനങ്ങളെ ബാധിക്കുന്ന കാര്യമല്ലെന്നും വികസനവും വിലക്കയറ്റവും അരിയും തുണിയും മറ്റുമാണ് അവരുടെ മുഖ്യ വിഷയം എന്നും ആയിരുന്നു എല്ലാ യു.ഡി.എഫ് നേതാക്കളും തെരഞ്ഞെടുപ്പു പ്രചരണത്തിനിടയില്‍ പറഞ്ഞത്.ആദര്‍ശത്തിന്റെ ആള്‍ രൂപമായി കോണ്‍ഗ്രസ്സുകാര് ഉയര്‍ത്തിക്കാട്ടാറുള്ള ഏ.കെ.ആന്റണിയുള്‍പ്പെടെയുള്ളവരുടെ വായ്ത്താരിയും ഇതു തന്നെയായിരുന്നു. യു.ഡി.എഫ് നേതാക്കള്‍ മാത്രമല്ല ധാരളം ചാനല്‍ പണ്ഡിതന്മാരും നിഷ്പക്ഷത നടിച്ച പല രാഷ്ട്രീയ വിശകലന വീരരും മാദ്ധ്യമ പുലികളും ഇതേ അഭിപ്രായക്കാരായിരുന്നു.തങ്ങളെ വോട്ടു ചെയ്ത് അധികാരത്തിലേറ്റുന്ന പൊതുജനം വെറും കഴുതകളാണെന്നാണ് ഇവര്‍ പറഞ്ഞതിന്റെ പച്ചമലയാളം.
പൊതുമുതല്‍ മോഷ്ടിച്ചതിന് സുപ്രീം കോടതി ശിക്ഷിച്ച ആര്‍.ബാലകൃഷ്ണപിള്ളയേയും പെണ്‍ വാണിഭ വീരന്‍ കുഞ്ഞാലിക്കുട്ടിയേയും രണ്ടു തോളിലുമിരുത്തി തെരഞ്ഞെടുപ്പു പ്രചരണം ആരംഭിച്ച ഉമ്മന്‍ ചാണ്ടിയും കൂട്ടരും ഇത്തരം നിലപാട് എടുത്തതില്‍ അതിശയിക്കാനില്ല.വയറുനിറഞ്ഞാല്‍ ഏതു വാഴച്ചുവട്ടിലും കിടന്നുറങ്ങി ക്കൊള്ളുന്നവരാണ് വോട്ടര്‍മാര്‍ എന്ന് അവര്‍ ധരിക്കുകയും മറ്റുള്ളവരെ ധരിപ്പിക്കുവാന്‍ ശ്രമിക്കുകയും ചെയ്തു.എത്ര പിഴപ്പിക്കപ്പെട്ടാലും ബംഗ്ലാവും കാറും പണവും നല്‍കിയാല്‍ എങ്ങനെയൊക്കെ വേണമെങ്കിലും മൊഴിമാറ്റിപ്പറയുന്ന സ്ത്രീ ജന്മങ്ങളെ കൈകാര്യം ചെയ്തു പരിചയിച്ചവരും അവരുടെ അനുഭവം കണ്ടു പരിചയിച്ചവരും, മറ്റുള്ളവരും അത്തരക്കാരാണെന്നു വിചാരിക്കുക സ്വാഭാവികം മാത്രം.
എന്നാല്‍ ഇതല്ല യാഥാര്‍ത്ഥ്യം.അക്ഷരാര്‍ത്ഥത്തില്‍ തേനും പാലും ഒഴുക്കി തമിഴ് നാടിനെ സുഭിക്ഷതയില്‍ ആറാടിച്ചു ഭരിച്ച കരുണാനിധിയെയും കൂട്ടരെയും അവിടുത്തെ ജനം തൂത്തെറിഞ്ഞത് എന്തു കൊണ്ടാണ്?തെരഞ്ഞെടുപ്പില്‍ അഴിമതി ഗൗരവമുള്ള വിഷയമായി തമിഴ് മക്കള്‍ തിരിച്ചറിഞ്ഞതിന്റെ പ്രത്യാഘമാണ് അവിടെ സംഭവിച്ചത്.പൊന്നു കൊണ്ടു പുളിശേരി വച്ചു കൊടുത്താലും പൊതുമുതല്‍ കക്കുന്നവന്‍ അധികാരത്തില്‍ കയറണ്ടാ എന്ന താക്കീതാണ് അവിടുത്തെ തെരഞ്ഞെടുപ്പു ഫലം നല്‍കുന്ന സൂചന.
അങ്ങനെയെങ്കില്‍ കേരളത്തിലും അതേപടി സംഭവിക്കണമായിരുന്നല്ലോ എന്ന ചോദ്യമുയരാം.അതു തന്നെയാണ് ഇവിടെയും സംഭവിച്ചത് എന്നാണ് ഉത്തരം.പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും തദ്ദേശസ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പുകളിലും അതിദയനീയ പരാജയങ്ങള്‍ ഏറ്റുവാങ്ങിയ എല്‍.ഡി.എഫ് നാല്പതു സീറ്റിനപ്പുറം പിടിക്കില്ലെന്ന് കരുതിയിയവരില്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ മാത്രമല്ല എല്‍.ഡി.എഫ് അനുഭാവികളും ഉണ്ടായിരുന്നു.മിക്ക രാഷ്ട്രീയ ജ്യോത്സ്യന്മാരുടെ പ്രവചനങ്ങളും അത്തരത്തിലുള്ളതായിരുന്നു.ആ ഒരവസ്ഥയില്‍ നിന്നും അറുപത്തെട്ടില്‍ എത്തിയതിന്റെ പിന്നില്‍ അഴിമതിയ്ക്കും സ്ത്രീപീഡനത്തിനും എതിരായ ജനവികാരത്തിന് നല്ല പങ്കുണ്ട്.ഭരണ നേട്ടങ്ങളോടൊപ്പം വി.എസ് അച്യുതാനന്ദന്‍ ഉയര്‍ത്തിയ അഴിമതി വിരുദ്ധ നിലപാടിന് ലഭിച്ച വലിയ സ്വീകാര്യതയാണ് തെരഞ്ഞെടുപ്പില്‍ അഭിമാനാര്‍ഹമായ വിജയം കൊയ്യാന്‍ എല്‍.ഡി.എഫിനെ തുണച്ചത്.
ഭക്ഷണവും വസ്ത്രവും പാര്‍പ്പിടവും മാത്രമേ പാവപ്പെട്ടവന്റെ അജണ്ടയില്‍ ഉള്ളൂ എന്നും അഴിമതിയും കെടുകാര്യസ്ഥതയും സ്ത്രീ പീഡനവും ഒന്നും അവനെ സ്പര്‍ശിക്കാത്ത വിഷയങ്ങളാണെന്നുമുള്ള ചില രാഷ്ട്രീയ,മാദ്ധ്യമ,ത്തമ്പുരാക്കന്മാരുടെ വാദഗതി അസംബന്ധമാണെന്ന് കേരളത്തിലെയും തമിഴ് നാട്ടിലെയും തെരഞ്ഞെടുപ്പു ഫലങ്ങള്‍ നമുക്കു കാണിച്ചു തരുന്നു.ഉദരപൂരണത്തിനായി രാഷ്ട്രീയം കൊണ്ടു നടക്കുന്നവരേക്കാള്‍ രാഷ്ട്രീയ ബോധം നിരക്ഷരനും പ്രബുദ്ധതയില്ലാത്തവനുമായ വോട്ടര്‍ക്കുണ്ടെന്ന് ,ഇനിയെങ്കിലും ഇവര്‍ മനസ്സിലാക്കുമോ?
Fans on the page
Subscribe to:
Post Comments (Atom)
2 comments:
ദത്തന്‍,
ഒരാളെക്കൊണ്ടു ഒരു നഗരം രക്ഷപ്പെട്ടു എന്നു ബൈബിളില്‍ പറയുന്നുണ്ടു.ഏകദേശം അതു സംഭവിച്ചു,പക്ഷേ രക്ഷപ്പെട്ടില്ല!
പുതിയ ഭരണത്തിന്റെ ആദ്യ തീരുമനങ്ങളില്‍ ഒന്നു കുഞ്ഞാലിക്കുട്ടിക്കേസിലെ പ്രമുഖ കണ്ണിയായിരുന്ന അയിപ്പിനെ അഡിഷനല്‍ അഡ്വൊകേറ്റ് ജെനെറല്‍ ആക്കുകയാണു.കേരളത്തിനു ഒരിക്കലും രക്ഷയില്ല എന്നു തോന്നിപ്പോകുന്നു!
ശാരദ,
കുഞ്ഞാലിക്കുട്ടി ഷാഡൊ മുഖ്യമന്ത്രിയായി ഭരിക്കാന്‍ തുടങ്ങിയാല്‍ "അതി വേഗം ബഹു ദൂരം" എന്നതിനു പകരം "അതി വേഗം സ്ത്രീ പീഡനം" എന്നാവുക സ്വാഭാവികം.അതു സാദ്ധ്യമാകണമെങ്കില്‍ ഇത്തരം പഴയ
പരിചയ സമ്പന്നരായ ബ്രോക്കര്‍മാരെ നിയമിക്കണ്ടേ?
Post a Comment