Total Pageviews

Tuesday, April 26, 2011

പിള്ളയുടെ ഭള്ള്



'അരിയും തിന്ന് ആശാനേം കടിച്ചിട്ടും പിന്നേം പട്ടിയ്ക്കാ മുറുമുറുപ്പ്'എന്നു പറഞ്ഞ പോലെയാണ്
ആര്‍.ബാലകൃഷ്ണപിള്ളയുടെ പെരുമാറ്റം.പൊതു മുതല്‍ കട്ടിട്ടും അതിന്റെ പേരില്‍ കോടതി ശിക്ഷിച്ച് ജയിലില്‍ കിടന്നിട്ടും പിന്നെയും പിള്ളയ്ക്കാണു മുറുമുറുപ്പ്.സര്‍ക്കാരിന്റെ ഔദാര്യം കൊണ്ട് ഇപ്പോള്‍ പരോള്‍ ലഭിച്ച ഈ ജയില്‍ പുള്ളി പരോള്‍ അനുവദിച്ച സര്‍ക്കാരിന്റെ തലവനായ മുഖ്യമന്ത്രിയെ തെറി പറഞ്ഞിട്ടു മതിവരാതെ കേന്ദ്ര പ്രതിരോധ മന്ത്രിയുള്‍പ്പെടെ കണ്ണില്‍ കണ്ടവരെയെല്ലാം പുലഭ്യം പറഞ്ഞു നടക്കുകയാണ്.

തനിക്ക് ജയിലില്‍ എ ക്ലാസ് സൗകര്യങ്ങള്‍ തന്നില്ലെന്നും അതിനു കാരണക്കാരന്‍ അച്യുതാനന്ദനാണെന്നും അദ്ദേഹം തന്നെ ജയിലില്‍ വച്ചും പീഡിപ്പിച്ചെന്നും മറ്റുമാണ് പിള്ളയുടെ ആരോപണം.പൊതു മുതല്‍ മോഷ്ടിച്ചെന്നു തെളിഞ്ഞതിന്റെ പേരില്‍ സുപ്രീം കോടതി ശിക്ഷിച്ച പ്രതിയാണു ബാലകൃഷ്ണപിള്ള.അദ്ദേഹം കീഴടങ്ങിയ കോടതി മുമ്പാകെ തന്നെ തനിക്കു ജയിലില്‍ പ്രത്യേക പരിഗണന നല്‍കണമെന്ന് അപേക്ഷിച്ചിരുന്നതാണ്.ഒരു സാധാരണ കുറ്റവാളിയ്ക്കു കിട്ടുന്ന പരിഗണനയ്ക്കപ്പുറം ഒന്നും നല്‍കാന്‍ നിയമം അനുവദിക്കുന്നില്ല എന്നാണ് അന്ന് കോട
തി അഭിപ്രായപ്പെട്ടത്.ഇന്ത്യന്‍ നീതി ന്യായ കോടതികള്‍ ആനുകൂല്യങ്ങള്‍ നിഷേധിച്ചതിന് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ ഉത്തരവാദിയാകുന്നതെങ്ങനെ?തന്നെപ്പോലുള്ളവര്‍ക്ക് വഴിവിട്ടു സൗകര്യങ്ങള്‍ ചെയ്തു കൊടുക്കകയാണ് കേരള മുഖ്യന്റെ ചുമതല എന്നാണോ പിള്ള അര്‍ത്ഥ
മാക്കുന്നത്?അങ്ങനെയൊക്കെ ധരിച്ച് ചില മുഖ്യമന്ത്രിമാര്‍ താളം തുള്ളിയതു കൊണ്ടാണ് പിള്ളയ്ക്ക് പൊതു മുതല്‍ കക്കാന്‍ പറ്റിയത്.അതു പോലെ അച്യുതാനന്ദനും പ്രവര്ത്തിക്കണമെന്നു ശഠിച്ചാല്‍ നടക്കുമോ?

കീഴൂട്ട് രാമന്‍ പിള്ളയുടെ മകന് പ്രത്യേക നീതി കീഴൂട്ട് വീട്ടില്‍ കിട്ടിയേക്കും. ഇന്ത്യാ മഹാരാജ്യത്ത് ഇന്നത്തെ സാഹചര്യത്തില്‍ കിട്ടുക പ്രയാസമാണ്.പിള്ളയുടെ വാദം അംഗീകരിച്ചാല്‍ ഗുണ്ടാകളും കള്ളന്മാരുമായ പുത്തന്‍ പാലം രാജേഷിനും പുത്തന്‍ പാലം രാജേഷിനും ഗുണ്ടുകാട് ഷാജിയ്ക്കും ഒക്കെ എ ക്ലാസ് സൗകര്യങ്ങള്‍ ജയിലില്‍ സര്‍ക്കാര്‍ ചെയ്തു കൊടുക്കേണ്ടീ വരുമല്ലൊ.രാഷ്ട്രീയ തടവുകാര്‍ക്കു കിട്ടുന്ന സൗകര്യങ്ങള്‍ മോഷ്ടാവായ രാഷ്ട്രീയക്കാരന് വേണമെന്നു ശഠിച്ചാല്‍ നടക്കി
ല്ല.മുഖ്യമന്ത്രിയെ തെറിപറഞ്ഞതു കൊണ്ട് അത്തരം സൗകര്യം കിട്ടുമെന്നും കരുതേണ്ട.

തന്നെ ജയിലിലാക്കാന്‍ പരിശ്രമിച്ച അച്യുതാനന്ദനെ മാത്രമല്ല ജയിലില്‍ വന്നു കാണാന്‍ കൂട്ടാക്കാതിരുന്ന യു.ഡീ.എഫ് നേതാക്കളെയും പിള്ള പള്ളു(ചീത്ത)പറയുന്നുണ്ട്.എ.കെ.ആന്റണിയാണ് അവരില്‍ പ്രധാനി.അഴിമതിയുടെ പേരില്‍ ജയിലില്‍ അടയ്ക്കപ്പെട്ട ഒരു കുറ്റവാളിയെ ഇന്ത്യന്‍ പ്രതിരോധ മന്ത്രി ജയിലില്‍ ചെന്നു കാണാഞ്ഞത് മഹാപരാധം തന്നെ!വായു സേനയുടെ പ്രത്യേക വിമാനത്തില്‍ തന്നെ ചെന്നു കാണേണ്ടതായിരുന്നു. ഒരു കെട്ടു പുകയിലയും വാഴക്കുലയും കൂടി കൊണ്ടു ചെല്ലണമായിരുന്നു.എന്തു ചെയ്യാം; ആന്റണിക്കും വകതിരുവില്ലാതെ പോയി!! ആന്റണിയോട് പഴയ ഒരു ചൊരുക്കുമുണ്ടു പിള്ളയ്ക്ക്.വലിയ ഭൂരിപക്ഷത്തില്‍ യു.ഡി.എഫ് അധികാരത്തില്‍ വരികയും ആന്റണി മുഖ്യമന്ത്രിയാവുകയും ചെയ്ത അവസരത്തില്‍ ഇടമലയാര്‍ കേസില്‍ വിചാരണ നേരിടുകയായിരുന്ന പിള്ളയെ മന്ത്രി സഭയില്‍ ഉള്‍പ്പെടുത്താന്‍ അദ്ദേഹം വിസമ്മതിച്ചു.സുപ്രീം കോടതി ശിക്ഷിച്ചിട്ടും പിള്ള നിരപരാധിയാണെന്നു ഇപ്പോള്‍ പറഞ്ഞു നടക്കുന്ന ഉമ്മന്‍ ചാണ്ടിയുടെയും ചെന്നിത്തലയുടെയും അഭിപ്രായമായിരുന്നില്ല ആന്റണിയ്ക്ക്.അന്നു പരസ്യമായി പരാതി പറയാന്‍ ധൈര്യമില്ലാതിരുന്ന പിള്ള ഇപ്പോള്‍ വിലപ നാട്യത്തില്‍ കണക്കു തീര്‍ക്കുകയാണ്.
തെരഞ്ഞെടുപ്പു പ്രചരണത്തിലുടനീളം അച്യുതാനന്ദനെതിരെ ആവനാഴിയിലെ എല്ലാ അമ്പും പ്രയോഗിച്ച ആന്റണി, പിള്ളക്കേസിനെ കുറിച്ച് ഒരക്ഷരം ഉരിയാടാതിരുന്നതിലൂടെ തന്റെ നിലപാട് വ്യക്തമാക്കുകയാണു ചെയ്തത്.എന്നിട്ടും യാതൊരു സങ്കോചവും ഇല്ലാതെ പിള്ള ആന്റണിയുടെ കാരുണ്യം അഭ്യര്‍ത്ഥിക്കുന്നത് അഭിമാനമുള്ളവരില്‍ അവജ്ഞയാണ് ഉളവാക്കുക.ഉമ്മന്‍ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും സംഭവിച്ചതു പോലുള്ള ഓര്‍മ്മക്കുറവ് ആര്‍.ശങ്കറിന്റെ കാലത്ത് യൂത്ത് കോണ്‍ഗ്രസ് നേതാവായ ആന്റണിക്ക് വന്നു പെട്ടിട്ടില്ല.ശങ്കറെ കാലുവാരിയതിന്റെ പേരില്‍ കോണ്‍ഗ്രസ് പുറത്താക്കിയ പിള്ള ഉള്‍പ്പെടെയുള്ള പതിനഞ്ച് എം.എല്‍.എ മാര്‍ ചേര്‍ന്നു രൂപം കൊടുത്ത കേരളാ കോണ്‍ഗ്രസ്സിന് പിന്നീടു നടന്ന തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടാന്‍ സഹായിച്ച മന്നത്തു പത്മനാഭനെ ആദ്യവും സ്വന്തം പാര്‍ട്ടി നേതാവായ കെ.എം.ജോര്‍ജ്ജിനെ
പിന്നീടും തള്ളിപ്പറഞ്ഞ പിള്ളയുടെ തനിനിറം നന്നായി മനസ്സിലാക്കിയ ആളാണ് ഏ.കെ.ആന്റണി.

അതുപോലെ പിള്ള മനസ്സിലെ കള്ളം മുഴുവന്‍ അറിയാവുന്ന മറ്റൊരു വ്യക്തിയാണ് കെ.എം.മാണി.
സുപ്രീം കോടതിയുടെ ശിക്ഷ വന്നപ്പോള്‍ അച്ഛനും മോനും കെ.സുധാകരനും കൂടി കൊട്ടാരക്കര പട്ടണത്തില്‍ നിരപരാധിത്തെയ്യം കെട്ടിയാടുകയും അച്യുതാനന്ദനും ജഡ്ജിമാര്‍ക്കുമെതിരേ ഭരണിപ്പാട്ടു പാടുകയും ചെയ്തപ്പോള്‍ മാണി ആ വഴിക്കെങ്ങും പോകാഞ്ഞത് അതുകൊണ്ടാണ്.അതിന്റെ പേരില്‍ മാണിക്കും കിട്ടി പിള്ളമാടമ്പിയുടെ വക തെറിയഭിഷേകവും ആരോപണ പ്രഹരവും.

കുറ്റവാളിയാണെന്നു അന്വേഷണ കമ്മീഷന്‍ കണ്ടെത്തുകയും വിചാരണക്കോടതിയും സുപ്രീം കോടതിയും ശിക്ഷിക്കുകയും ചെയ്ത ബാലകൃഷ്ണപിള്ളയുടെ,താന്‍ നിരപരാധിയാണെന്ന വായ്ത്താരി ആരും വിശ്വസിക്കാന്‍ പോകുന്നില്ല.ഹൈക്കോടതിയില്‍ നിന്നും ഊരിപ്പോന്നതിനെ പറ്റി കേള്‍ക്കുന്ന പിന്നാമ്പുറക്കഥകള്‍ വാസ്തവമാണെന്നാണ് എന്‍.എസ്.എസ് ആസ്ഥാനത്തോട്(എന്‍.എസ്.എ
സ്സിനോടല്ല)കാട്ടുന്ന അമിത വിധേയത്വം തെളിയിക്കുന്നത്.

ഭാര്യയ്ക്ക് അസുഖം കൂടുതലാണെന്ന കാരണം പറഞ്ഞ് പരോള്‍ വാങ്ങിയ പിള്ള ഭാര്യയെ കാണുന്നതില്‍ കൂടുതല്‍ പരിഗണന നല്‍കിയത് മുഖ്യമന്ത്രിയെ ഭര്‍ത്സിക്കുന്നതിനാണ്.പരോള്‍ കിട്ടാന്‍ വേണ്ടി പോലും
കള്ളക്കാരണം ഹാജരാക്കുന്ന കുറ്റവാളി, പൊതു മുതല്‍ കട്ടെന്നു വിശ്വസിക്കാന്‍ വേറെ ഒരുപാടു തെളിവിന്റെ ആവശ്യമില്ല.പരോള്‍ അനുവദിക്കുന്ന സര്‍ക്കാരിന് അത് റദ്ദാക്കാനുമുള്ള അധികാരമു
ണ്ടെന്ന്,അച്യുതാനന്ദ വിരോധം കൊണ്ടു സമനില തെറ്റി പൂരപ്പാട്ടു നടത്തുന്ന ബാലകൃഷ്ണപിള്ള മറന്നു പോകരുത്.

Fans on the page

4 comments:

Anonymous said...

യു ഡീ എഫ്‌ അധികാരത്തില്‍ വന്നാല്‍ പിള്ള എല്ലാവറ്‍ക്കും നല്ല പണി തരും ആണ്റ്റണിക്ക്‌ വീ എസിനെയും മോനെയും പിണറായിയെയും ഒക്കെ ഇതുപോലെ കിടത്താമായിരുന്നു പക്ഷെ അതു ചെയ്തില്ല ശാന്തി ഭൂഷണ്‍ ടേപ്‌ അനുസരിച്ചു നാലു ലക്ഷം കൊടുത്താല്‍ സുപ്റീം കോടതി ജഡ്ജിനെ സ്വാധീനിക്കാം ശാന്തി ഭൂഷണ്‍ വീ എസിണ്റ്റെ അടുത്ത ആളാണു അപ്പോള്‍ പെട്ടെന്നു ഈ വിധി അങ്ങിനെയും വന്നു കൂടായ്ക ഇല്ലല്ലോ മന്ത്റിക്കുപ്പായം ഉറപ്പെന്നു വിശ്വസിച്ചിരുന്ന ഒരാള്‍ക്ക്‌ ഭാവി എല്ലാം ഇരുളടഞ്ഞു എന്നു തോന്നുമ്പോള്‍ തിലകനെ പോലെ സമ നില തെറ്റി ഒന്നു ക്ഷമി

dethan said...

സുശീലന്‍,
ഭരണം കൈയ്യില്‍ കിട്ടിയാല്‍ എല്ലാവര്‍ക്കും പണിതരും എന്നൊക്കെ പറയാന്‍ എളുപ്പമാണ്.ആന്റണിയല്ല
സോണിയ വിചാരിച്ചാല്‍ പോലും ആരെയും അങ്ങനെ കിടത്താന്‍ പറ്റില്ല.ഒന്നോ രണ്ടോ ദിവസം ലോക്കപ്പില്‍ ഇടാന്‍ കഴിയുമായിരിക്കും.പിള്ള കിടക്കുന്നതു പോലെ കിടത്തണമെങ്കില്‍ കോടതി വിചാരിക്കണം.താങ്കളും
യു.ഡി.എഫിലെ ചില നേതാക്കളും പറയുന്നതു കേട്ടാല്‍ തോന്നും മര്യാദരാമനും അഴിമതി തൊട്ടു തെറിച്ചിട്ടി
ല്ലാത്തവനുമായ ബാലകൃഷ്ണപിള്ളയെ മുഖ്യമന്ത്രി മുന്‍ വൈരാഗ്യം കൊണ്ട്,അധികാര ദുര്‍ വ്വിനിയോഗം ചെ
യ്ത് ജയിലില്‍ അടച്ചതാണെന്ന്.സുപ്രീം കോടതി ശിക്ഷിച്ചതു കൊണ്ടാണ് പിള്ളയ്ക്കു ജയിലില്‍ പോകേണ്ടി
വന്നത്.
സുപ്രീം കോടതി ജഡ്ജിമാരെ ശാന്തി ഭൂഷണ്‍ വഴി സ്വാധീനിച്ചതാണെങ്കില്‍ കരുണാകരന്‍ നിയമിച്ച അന്വേഷണ
ക്കമ്മിഷന്‍ ജഡ്ജി സുകുമാരനെ ആരു സ്വാധീനിച്ചിട്ടാണ് അദ്ദേഹം പിള്ള കുറ്റക്കാരനാണന്നു കണ്ടെത്തിയത്?വിചാരണക്കോടതി പിള്ളയെ ശിക്ഷിച്ചതും ശാന്തിഭൂഷണ്‍ വഴി സ്വാധീനിച്ചതു കൊണ്ടാണോ?
-ദത്തന്‍

sarada said...

പിള്ള കൂടുതല്‍ പരിഹാസ്യനാവുന്നു. ഒരു പക്ഷേ ജെയില്‍ ശിക്ഷയേക്കാളും ഭീകരം പിള്ളക്കുണ്ടായിരിക്കുന്ന ഐഡന്റിറ്റി ക്രൈസിസ്‌ ആണെന്നു തോന്നുന്നു. ഏതൊരു അഴിമതിമാടമ്പിയും ഏറ്റവും ഭയക്കുന്നത്‌ അതാണു. കരുണാകരനായാലും പിള്ളക്കായാലും അതില്‍ നിന്നു രക്ഷപ്പെടാനുമാവില്ല;അതു കാലത്തിന്റെ അനിവാര്യതയാണെന്നു തോന്നുന്നു

dethan said...

ശാരദ,
വാസ്തവമാണ് ശാരദ പറഞ്ഞത്.പിള്ള പരിഹാസ്യനായിക്കൊണ്ടിരിക്കുകയാണ്.
യു.ഡി.എഫ്.യോഗത്തിനു പുറപ്പെട്ടിട്ട് ഇളിഭ്യനായി തിരികെ പോന്നതു കണ്ടില്ലെ?
എല്ലാ 'അഴിമതിമാടമ്പി'മാരുടെയും ഗതി ഇതു തന്നെ.