Total Pageviews

Sunday, August 1, 2010

ഉദയ പ്രതീക്ഷ




പൂര്‍ണ്ണ സുഷുപ്തിയില്‍ ലോകം മയങ്ങുന്ന
പാതിരാവിന്റെ നിശബ്ദ യാമങ്ങളില്‍
മോചന ഗന്ധം ശ്വസിച്ചുണര്‍ന്നേറ്റവര്‍
മൂകം കൊതിച്ചു വന്നെത്താന്‍ ,തിളങ്ങുന്ന
പുത്തനുഷസ്സുകള്‍ ,ബന്ധനം നിര്‍മ്മിച്ചോ-
രന്ധകാരത്തിന്റെ ചിത്രങ്ങള്‍ മായ്ക്കുവാന്‍.

കാത്തിരിപ്പിന്റെ നിമിഷങ്ങള്‍ക്കായുസ്സു -
കൂടി ,നൃത്തം വച്ച വര്‍ണ്ണ പ്രതീക്ഷകള്‍
പത്രം കുഴഞ്ഞു മയങ്ങി ,യിടയ്ക്കിടെ
പാന്ഥര്‍ തന്‍ കൈയ്യിലെ ചൂട്ടിലും, കൊള്ളക്കാര്‍
പൊട്ടിച്ചെറിഞ്ഞ തീപ്പന്തത്തിലും കൊച്ചു
മിന്നാമിനുങ്ങിലും കണ്ട കിരണങ്ങള്‍
പൂര്‍വ്വ ദിക്കിന്റെ മുഖം തുടുക്കുന്നതിന്‍
പ്രാരംഭമായി ഭ്രമിച്ചു പലപ്പോഴും.

സിംഹാസനങ്ങള്‍ക്കു വേണ്ടി സഹജന്റെ
സംഹാരവും കള്ളച്ചൂതും നടക്കുന്നു;
ശംബൂക ശീര്‍ഷം മുറിക്കുമനാചാര
ശക്തികള്‍ ധര്‍മ്മ പ്രചാരത്തിനെത്തുന്നു;
അമ്മിഞ്ഞപ്പാലിനുമുപ്പു നോക്കുന്നവര്‍
അജ്ഞാത വേഷത്തില്‍ ചീറ്റുന്നു വിദ്വേഷം ;
രാവിന്റെ കിങ്കരരാടി ത്തിമര്‍ക്കുന്നു;
രാപ്പാടി പാട്ടു മറന്നു മുറിവേറ്റ
പക്ഷമൊതുക്കി കിടപ്പൂ മരിക്കുവാന്‍-
വൃക്ഷങ്ങളില്ലാത്ത കാടിന്റെ മൂലയില്‍ .
എങ്കിലും പൊന്‍ പ്രഭ തൂകിയുദിക്കുന്ന
മംഗള നവ്യ പ്രഭാതം പ്രതീക്ഷിച്ചു
കണ്ണടയ്ക്കാതിന്നും കാത്തിരുപ്പൂ ശുദ്ധ -
കര്‍മ്മ നാളങ്ങള്‍ കൊളുത്തും കുരുന്നുകള്‍ .




















Fans on the page

2 comments:

Deepa Bijo Alexander said...

പുതിയൊരുദയത്തിനായുള്ള പ്രതീക്ഷ.....ജീവിതത്തെ മുന്നോട്ടു നയിക്കുന്നത്‌ അതു തന്നെ! ആശംസകൾ...!

dethan said...

Deepa Bijo Alexander,
അതെ.പ്രതീക്ഷകളാണു ജിവിതത്തെ മുന്നോട്ടു നയിക്കുന്നത്.അമിതം ആകരുതെന്നു മാത്രം. നന്ദി.
-ദത്തൻ