രജത മേഘങ്ങൾനൃത്തം ചവുട്ടിയ
രജനിയിൽ വൽണ്ണ സ്വപ്നങ്ങൾ നെയ്തവർ,
വ്യഥിത ചിന്തയാൽ മസ്തിഷ്ക തന്തുക്കൾ
വ്രണിതമാകയാലസ്വസ്ഥരായവർ,
പുഴു കണക്കെ പ്പിടഞ്ഞു തെരുവിന്റെ
മിഴികളിൽ പീള കെട്ടുകയായ് പിണം.
മകനെ വേർ പെട്ട മാതാവു,ഭാര്യ തൻ
മരണ ഗോഷ്ഠികൾ കണ്ടു സഹിക്കാതെ
സമനില വിട്ട ഭർത്താവ;നങ്ങുവാൻ
ചെറുതുമാകാത്ത കൈശോര സഞ്ചയം;
രതി സുഖത്തിൻ പ്രവാഹ വേഗങ്ങളിൽ
പുതിയ രഥ്യയിലെത്തുന്നതിൻ മുമ്പേ
മൃതി കുരുക്കി ഞെരുക്കിയൊടുക്കിയ
മിഥുനം;എല്ലാം കിടപ്പൂ ചലിക്കാതെ.
ഇതു കുരുക്ഷേത്ര സംഗരാന്ത്യത്തിലെ
ചിതയൊരുക്കല്ല;നാസികൾ നിർമ്മിച്ച
കൊലയറയല്ല;ലോകയുദ്ധത്തിന്റെ
കഥയുരയ്ക്കുന്ന ജപ്പാൻ നഗരമ-
ല്ലി;വിടഹിംസയ്ക്കു ജന്മമരുളിയ
ധരയി,ലാളുകളൊന്നിച്ചു വാണിടം;
എളിയ ദു:ഖവും മോഹഭംഗങ്ങളും
ചെറിയ പോരും കുശുമ്പുമുണ്ടെങ്കിലും
സഹജ ഭാവവും സ്നേഹവും വറ്റാത്ത
സരള ചിത്തരിടതിങ്ങി വാണിടം;
അവിടെയിന്നു വിഷപ്പുക സം ഹാര
നടനമാടി വിതച്ചൂ കൊടും മൃതി.
പുകയടിക്കും നഗരത്തിലമ്മ തൻ
ജഡമടക്കാനിടം തെല്ലു കിട്ടാതെ
ചകിതരായി പ്രതിമകൾ പോലവേ
ചുടല വക്കിലിരിക്കുന്നു കുഞ്ഞുങ്ങൾ
ഇനിയൊരിക്കൽ നീണ്ടെത്തും വിഷത്തിന്റെ
ചടുല നാവിന്നുപദംശമാകുവാൻ.
ഹരിത വസ്ത്രവും മുടിയും നശിപ്പി-
ച്ചറുതിയില്ലാതുപദ്രവമേകീട്ടും
അകമലിഞ്ഞു സഹതാപതപ്തയാ-
യഴലകറ്റുന്ന സർ വ്വം സഹയായ
പ്രകൃതി പോലും കരഞ്ഞു പോമീ ശവ-
പ്രകര മദ്ധ്യത്തിൽ നിൽക്കുന്നു ഗാന്ധാരി
കൊടിയ ശാപാർഹരായിരം കൃഷ്ണന്മാ-
രരുകിൽ നിൽക്കിലും നാവനങ്ങാതിതാ.
Fans on the page
4 comments:
ഭോപ്പാൽ ദുരന്തമുണ്ടായപ്പോൾ എഴുതിയതാൻ.വീണ്ടും
ആ സംഭവം ചർച്ചാ വിഷയമായ സാഹചര്യത്തിൽ
ബ്ലോഗിൽ പകർത്തുന്നു.
-ദത്തൻ
ദുരന്തമോ വികസനം.
വികസനമോ ദുരന്തം!
നന്നായിരിക്കുന്നു വരികള്‍.ഞാനും ലജിക്കുന്നു ഈ വിധിയില്‍ !.
മുഹമ്മദ് സഗീർ,
സാധാരണക്കാരന്റെ ജീവനു പുല്ലുവില പോലും കല്പിക്കാത്ത ഭരണകൂട നൃശംസതയോർക്കുമ്പോൾ പേടി തോന്നുന്നു.
നന്ദി.
മനസ്സിനെ അസ്വസ്ഥമാക്കുന്ന വരികള്‍....ഇപ്പോഴും ഇതിനു പ്രസക്തി ഏറെയുണ്ട്.
Post a Comment