Total Pageviews

Wednesday, September 16, 2009

കത്തി

1
കുത്താം,കുഴിക്കാം,കുലയോടറുക്കാം
എത്തുന്ന കൊമ്പൊക്കെ മുറിച്ചുമാറ്റാം
വീഴ്ത്താമരിഞ്ഞന്യ ശിരസ്സു പോലും
കത്തിക്കു പാര്ത്താല്‍ ഗുണമെത്രയെന്നോ?
2
നീളുന്ന കത്തി,നിറമുള്ള കത്തി,
നീട്ടിപ്പിടിച്ചാല്‍ വളയാത്ത കത്തി,
കൂര്പ്പിച്ച കത്തീ,ഉറയുള്ള കത്തി,
കൂട്ടത്തില്‍ വച്ചാ,ലറിയുന്ന കത്തി,
3
കന്നിന്റെ കൊമ്പിന്‍ പിടിയുള്ള കത്തി,
മാനിന്റെ കൊമ്പിട്ട വളഞ്ഞ കത്തി,
എന്നിങ്ങനാണത്രെയറിഞ്ഞിരുന്നൂ
പണ്ടൊക്കെ കത്തിത്തരമീ ജനങ്ങള്‍.
4
ഇംഗ്ലീഷില്‍ *എസ്സൊത്ത വളഞ്ഞതാറെ-
സ്സെസ്സിന്റെ കത്തീ,വളയാതിരുന്നാല്‍
മാര്‍ക്സിസ്റ്റു കത്തീ,വടിവൊത്തു മിന്നി-
പ്പാളുന്നതോ കോണ്‍ഗ്രസു കത്തി താനും.
5
ഇന്നീവിധം കത്തി തരം തിരിച്ചു
ചൊല്ലുന്നു കത്തിക്കിരയാക്കിയൂറ്റം
കൊള്ളുന്ന നേതാക്കള്‍ പരസ്യമായി;
മായുന്നു പേര്‍ പണ്ടു പറഞ്ഞതൊക്കെ.
6
"ചെണ്ടയ്ക്കു കീഴാണു സമസ്ത മേളോം"
എന്നുള്ള ചൊല്ലോര്‍മ്മയുണര്‍ത്തുമാറു
കത്തിയ്ക്കു വ്യാഖ്യാന ഗണം ചമച്ചു
കീഴാക്കിടുന്നന്യ ഗുണത്തെയെല്ലാം.
7
ആയുസ്സു ഹോമിച്ചു മഹാരഥന്മാര്‍
നിര്‍മ്മിച്ചു പാലിച്ച മഹത്വ മൂല്യ-
മെല്ലാമറുക്കും പക പൂണ്ടു തമ്മി-
ലോങ്ങുന്നു കത്തീ,യവരിന്നു കഷ്ടം!
------------------------------
*S
Fans on the page

3 comments:

Anil cheleri kumaran said...

കത്തി നന്നായിട്ടുണ്ട്.

ബിനോയ്//HariNav said...

കത്തിയുടെ കത്തുന്ന ചിന്തകള്‍ നന്നായി :)

dethan said...

കുമാരന്‍,
ബിനോയ്,
നന്ദി രണ്ടുപേര്‍ക്കും
-ദത്തന്‍