Total Pageviews

Friday, September 11, 2009

ആശാനെ ഓര്ക്കുമ്പോള്‍

എല്ലാവരും ആശാന്‍ എന്ന് സ്നേഹപൂര്‍ വ്വം വിളിച്ചിരുന്ന സ.കെ.വി.സുരേന്ദ്രനാഥിന്റെ നാലാം ചരമ വാര്ഷിക ദിനമായിരുന്നു സെപ്റ്റംബര്‍ 9.ഒരു തലമുറയെ കമ്യൂണിസത്തിന്റെ ബാലപാഠങ്ങള്‍ സ്വന്തം ജീവിതം കൊണ്ടു പഠിപ്പിച്ച ആളാണ് ആശാന്‍.ആഡംബരത്തിലും ആര്ഭാടത്തിലും ഭ്രമിച്ച് ആദര്ശങ്ങള്‍ അടിയറ വയ്ക്കുന്ന ഇന്നത്തെ കമ്യൂണിസ്റ്റുകാര്ക്കും രാഷ്ട്രീയ പ്രവര്ത്തനം വയറ്റുപിഴപ്പിനുള്ള മാര്‍ഗ്ഗമായി മാത്രം കാണുന്ന മറ്റു കക്ഷികള്‍ക്കും അദ്ദേഹത്തെ മനസ്സിലാക്കാന്‍ പ്രയാസമാണ്.

പാര്ട്ടിയുടെ നിര്ബ്ബന്ധത്തിനു വഴങ്ങിയാണ് തിരുവനന്തപുരം പാര്‍ ലമെന്റ് നിയോജക മണ്ഡലത്തില്‍ ആദ്യം അദ്ദേഹം മത്സരിച്ചത്.അനാരോഗ്യം കാരണം ഉദ്ദേശിച്ച രീതിയില്‍ പ്രചരണം നടത്താന്‍ കഴിഞ്ഞില്ലെങ്കിലും പാര്‍ ലമെന്റിലേക്കുള്ള കന്നിയങ്കത്തില്‍ ആശാന്‍ വിജയിച്ചു.വിജയാഘോഷം തീരും മുമ്പെ രോഗം ബാധിച്ച് മെഡിക്കല്‍ കോളജിലായി.ആശാന്റെ രോഗ വിവരം അന്വേഷിച്ചാണ് ഒരു വൈകുന്നേരം ആശുപത്രിയില്‍ ചെന്നത്.
സന്ദര്ശകരെ വിലക്കിയിരുന്നെങ്കിലും കാണാന്‍ പറ്റി.യാത്രപറഞ്ഞ് മടങ്ങാന്‍ ഒരുങ്ങിയപ്പോള്‍,"ദത്തനവിടെ നില്ല് നമുക്ക് ഒരു സ്ഥലം വരെ പോണം'' എന്നു പറഞ്ഞു.
"ഡിസ്ചാര്ജ് ചെയ്യാതെ എങ്ങനെ പുറത്തു പോകും?" എന്റെ സംശയം.
"ഡോക്റ്ററുടെ അനുവാദം വാങ്ങിയിട്ടുണ്ട്.അടുത്ത ഇന്‍ജക് ഷന്‍ 8 മണിക്കാണ്. അതിനു മുമ്പു ഇങ്ങെത്തിയാല്‍ മതി."
കൂട്ടിരുപ്പുകാരനായ സഹോദരീ പുത്രനോട് ടാക്സി വിളിച്ചുകൊണ്ടു വരാന്‍ ഏല്പിച്ചപ്പോള്‍ അയാള്ക്കു ശങ്ക:
'മീറ്റിങ്ങിനു വിളിച്ചവര് കാറ് കൊണ്ടുവരില്ലേ?'
"പറഞ്ഞതു കേട്ടാല്‍ മതി."എന്നായി ക്ഷുഭിതനായ മാതുലന്‍.
ടാക്സിയുമായെത്തിയ അനന്തിരവനെ കയറ്റാതെ കാഞ്ഞിരംകുളത്തിനു വിടാന്‍ നിര്ദ്ദേശിച്ചു.അവിടേക്ക് ബസ്സില്‍ മാത്രമേ പോയിട്ടുള്ളൂ.അതുകൊണ്ട് വഴി അറിയാവുന്ന ഒരാള്‍ കൂടി ഇരിക്കട്ടെ എന്ന എന്റെ ശുപാര്ശയൊന്നും വിലപ്പോയില്ല.തനിക്കറിയാമെന്ന ആശാന്റെ അവകാശവാദം ശരിയാണെന്ന് കൂടെ യാത്ര ചെയ്തപ്പോള്‍ മനസ്സിലായി.തിരുവനന്തപുരത്തെ മുക്കും മൂലയും അദ്ദേഹത്തിനു നല്ല നിശ്ചയമാണ്.കാഞ്ഞിരം കുളത്തിനും അപ്പുറത്തുള്ള ഒരു സ്ഥലത്തെ പള്ളി വക ജീവകാരുണ്യ പ്രവര്ത്തനത്തിന്റെ ഉദ്ഘാടനമാണ് പരിപാടി. ബിഷപ് ഉള്പ്പെടെയുള്ള വന്‍ ജനക്കൂട്ടം എം.പി യെ കാത്ത് നില്പുണ്ടായിരുന്നു.ലളിതമായ ചടങ്ങിനു ശേഷം വിഭവസമൃദ്ധമായ ചായ സല്ക്കാരം.കട്ടന്‍ ചായ പോലും കുടിക്കാതെ ആശാന്‍ അതിലും പങ്കു കൊണ്ടു.

തിരികെ വരും വഴി നെല്ലിമൂട് ജങ്ഷനില്‍ എത്തിയപ്പോള്‍,"നമ്മുടെ സഖാവ് ചെല്ലപ്പന്റെ ജനതാ ഹോട്ടല്‍
ഇവിടെവിടയോ ആണ്" എന്നു പറഞ്ഞ് കാര്‍ നിര്ത്തിച്ച് ഇറങ്ങി നടപ്പു തുടങ്ങി.കൂടെയെത്താന്‍ നന്നേ ക്ലേശിച്ചു.
പുതിയ എം പി യെ അപ്രതീക്ഷിതമായി കണ്ട ജനം പിറകേ കൂടി.ഉദ്ദേശിച്ചിടത്ത് ഹോട്ടല്‍ കാണാഞ്ഞപ്പോള്‍ ചുറ്റും നിന്നവരോടു തിരക്കി.ഹോട്ടല്‍ കുറച്ചു നാള്‍ മുമ്പ് ഒരു കിലോമീറ്റര്‍ ദൂരത്തേക്കു മാറ്റിയത്രെ.അവിടേക്കായി അടുത്ത യാത്ര.പോകുന്ന വഴിയില്‍ തന്നെ.

പണ്ട് ഒളിവിലായിരുന്നപ്പോള്‍ ആശാനെ ഒരുപാട് സഹായിച്ച കക്ഷിയാണ് സഖാവ് ചെല്ലപ്പന്‍.ഇപ്പോള്‍ പാര്ട്ടി അംഗമാണ്.തെരഞ്ഞെടുപ്പു പ്രചരണത്തിനിടയില്‍ കണ്ടിരുന്നു.അന്നു വ്യക്തിപരമായ കുശലം ചോദിക്കാന്‍ പറ്റിയില്ല.ഇതു വഴി പോയപ്പോള്‍ കണ്ടു കളയാം എന്നു വിചാരിച്ചു.സഖാവിനെപ്പറ്റി പറഞ്ഞു തീര്ന്നപ്പോഴേക്കും "ജനതാ ഹോട്ടല്‍" ബോര്ഡ് പ്രത്യക്ഷപ്പെട്ടു.

ആശാനെ കണ്ടപ്പോള്‍ സ.ചെല്ലപ്പന്റെ മുഖത്ത് അമ്പരപ്പും ആഹ്ലാദവും.ചായ എടുക്കാന്‍ ഓടുന്നു;പാര്ട്ടി പ്രവര്ത്തകനായ മകനെ വിളിക്കാന്‍ ആളെ വിടുന്നു.ആകെ ബഹളമയം.ഹോട്ടലില്‍ ചായ കുടിക്കാന്‍ എത്തിയവര്ക്കും സന്തോഷം.ആശുപത്രിയില്‍ തിരിച്ചെത്താന്‍ നേരമായെന്നു പറഞ്ഞ് ചെല്ലപ്പന്റെ തോളത്തു തട്ടി,മറ്റുള്ളവര്ക്കു നേരേ കൈ കൂപ്പി,അവിടം വിട്ടു.

സമയത്തിനു തന്നെ ആശുപത്രിയില്‍ എത്താമല്ലോ എന്ന് ആശ്വസിച്ചു.കരമനയില്‍ വന്നപ്പോള്‍ 'ഇവിടെക്കൂടെ ഒന്നിറങ്ങിയിട്ട് പോകാം'എന്നായി.തമിഴ് സംഘക്കാരെ കാണാമെന്നു സമ്മതിച്ചിട്ടുണ്ടത്രേ.അവിടെ ചെന്നപ്പോള്‍
വന്‍ സ്വീകരണത്തിനുള്ള സന്നാഹങ്ങളാണ് കണ്ടത്.ഡോക്റ്റര്‍ അനുവദിച്ച സമയം കഴിയാറായെന്ന് ഓര്മ്മിപ്പിച്ചപ്പോള്‍ "സാരമില്ല; ഉടനെ പോകാം" എന്നു പറഞ്ഞെങ്കിലും അവിടെ നിന്നിറങ്ങിയപ്പോള്‍ എട്ടര കഴിഞ്ഞിരുന്നു.മെഡിക്കല്‍ കോളേജില്‍ എത്തിയപ്പോള്‍ ഒന്പത് മണി.ഇന്‍ ജക് ഷന്‍ എടുക്കേണ്ട രോഗിയെ മുറിയില്‍ കാണാഞ്ഞ് നീരസം പ്രകടിപ്പിച്ച നഴ്സ്, ആശാന്റെ നിഷ്ക്കളങ്കമായ ചിരിക്കു മുമ്പില്‍ തോറ്റു പോയി.എന്നിട്ടും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍ നിന്നും ഹൃദയ ശസ്ത്രക്രിയയ്ക്ക് തുക അനുവദിപ്പിച്ചു നല്കണമെന്നുള്ള അപേക്ഷയുമായി നിറകണ്ണുകളോടെ നില്ക്കുന്ന ചെറുപ്പക്കാരനെ ആശ്വസിപ്പിച്ച ശേഷമേ ആശാന്‍ സൂചി കുത്താന്‍ കൈ നീട്ടിക്കൊടുത്തുള്ളു.

സ്വകാര്യത നഷ്ടപ്പെടുമെന്നു പറഞ്ഞ് 40000വും ഒരു ലക്ഷവും രൂപ പ്രതിദിനം വാടകയുള്ള നക്ഷത്ര ഹോട്ടലുകളില്‍ തങ്ങുന്ന എം.പി മാര്‍ നാടു ഭരിക്കുമ്പോള്‍ ,ആശുപത്രിക്കിടക്കയില്‍ പോലും സ്വകാര്യത നഷ്ടപ്പെടുന്നത് പൊതു പ്രവര്‍ത്തനത്തിന്റെ ഭാഗമായി കരുതിയ ആശാനെക്കുറിച്ചുള്ള ഓര്‍മ്മ തന്നെ ആശ്വാസപ്രദമാണ്.സ്കോഡ കാറിനു പകരം സ്കോര്‍പിയോ ഉപയോഗിച്ച് ലളിത ജീവിതം നയിക്കാന്‍ ഉപദേശിക്കുന്ന പുത്തന്‍ കമ്യൂണിസ്റ്റ് നേതാക്കള്‍, 'അന്യ ജീവനുതകി സ്വജീവിതം ധന്യമാക്കി'യ ആശാന്‍ എന്ന യഥാര്‍ത്ഥ കമ്യൂണിസ്റ്റുകാരന്റെ ജീവിതം പഠിക്കാന്‍ ശ്രമിക്കുന്നതും നന്നായിരിക്കും.
Fans on the page

5 comments:

dethan said...

Baiju Elikkattoor,
നന്ദി.ആശാന്‍ എന്ന നിസ്വാര്‍ത്ഥ നേതാവിനെ അല്പമെങ്കിലും മനസ്സിലാക്കാന്‍ ഈ പോസ്റ്റ് സഹായിച്ചെങ്കില്‍ സന്തോഷമുണ്ട്.
-ദത്തന്‍

Sriletha Pillai said...

വായിച്ചു, ഒരനുസ്‌മരണം എഴുതാന്‍ ആഗ്രഹിച്ചിരുന്നു.നടന്നില്ല.ആശാന്റെ പ്രിയ സഹോദരി ഈ മാസം 8-ാം തീയതി ഇഹലോകവാസം വെടിഞ്ഞു.ഇനി രണ്ടുപേരും സ്വര്‍ഗ്ഗത്ത്‌ ഒന്നിക്കട്ടെ!സമയമുള്ളപ്പോള്‍ ഈ ലിങ്ക്‌ ഒന്നു വായിക്കൂ. cheriya valia thamasakal

ബിനോയ്//HariNav said...

നന്ദി :)

dethan said...

maithreyi,

ആശാന്റെ സഹോദരിയുടെ മരണം പിന്നീടാണ് അറിഞ്ഞത്.ആശാന്‍ ഏറെക്കാലം താമസിച്ചിരുന്നത്
അവരോടൊപ്പമായിരുന്നു .അദ്ദേഹത്തിന്റെ ഇഷ്ടാനുഷ്ടങ്ങള്‍ മനസ്സിലാക്കിയിരുന്ന നല്ല കൂടെപ്പിറപ്പ്.
സ്വര്‍ഗ്ഗവും നരകവും എല്ലാം ഇവിടെത്തന്നെ എന്നു വിശ്വസിച്ചിരുന്ന ആശാന്‍,മരണാനന്തരം സഹോദരിയെ സ്വര്‍ഗ്ഗത്തില്‍ വച്ചു കാണട്ടെ എന്ന്‍ ആശംസിക്കാന്‍ ധൈര്യം പോരാ.

"ചെറിയ വലിയ തമാശകള്‍" വായിച്ചു രസിച്ചു.ആശാന്റെ പല്ല് വയ്പു പല്ല് അല്ല എന്നാണ് മറ്റു പലെരെയും പോലെ ഞാനും കരുതിയിരുന്നത്.ആശുപത്രിയില്‍ ആയതോടെയാണ് പല്ലിന്റെ വാസ്തവം പുറത്തായത്.പക്ഷേ
മൈത്രേയി പറഞ്ഞ സംഭവം ഇപ്പോഴാണ് അറിയുന്നത്.
നന്ദി.

dethan said...

ബിനോയ്,
നന്ദി ബിനോയിക്കും.