Total Pageviews

Saturday, January 10, 2015

ശ്രീലങ്കന്‍ ചരിത്രവും ഇതിഹാസവും

മൈത്രിപാല സിരിസേന ശ്രീലങ്കയുടെ പുതിയ പ്രസിഡന്റ് ആകുമ്പോൾ ഓർമ്മ വരുന്നത് രാമായണത്തിലെ യുദ്ധകാണ്ഡമാണ്‌.ആദ്യം മുതല്ക്കു തന്നെ രാവണന്റെ അതിക്രമങ്ങളോട് വിപ്രതിപത്തി പ്രകടിപ്പിച്ചിരുന്ന അനിയൻ വിഭീഷണൻ,സീതാപഹരണത്തിനു ശേഷം ചേട്ടനിൽ നിന്നും പൂർണ്ണമായി അകന്നുപോയി.ഒടുവിൽ സീതയെ വീണ്ടെടുക്കാൻ രാവണനുമായി യുദ്ധത്തിനെത്തിയ ശ്രീരാമന്റെ പക്ഷം ചേരുകയും ചെയ്തു .കൂറുമാറ്റത്തിന്റെ  ഈ ഇതിഹാസ കഥയ്ക്കു സമാനമാണു നിർണ്ണായക ഘട്ടത്തിൽ രാജപക്ഷെയെ വിട്ടു മറുകണ്ടം ചാടിയ സിരിസേനയുടെ വിജയ ചരിത്രം.ഒരു വ്യത്യാസം മാത്രം:തമിഴ് പുലികളെ അമർച്ച ചെയ്യുക തുടങ്ങിയ എല്ലാ നടപടികൾക്കും രാജപക്സയ്ക്കൊപ്പം നിന്നു പ്രവർത്തിക്കുകയും ഭരണത്തിന്റെ എല്ലാ സൗകര്യങ്ങളും ആസ്വദിക്കുകയും ചെയ്ത ആളാണു് മൈത്രിപാല സിരിസേന.വിഭീഷണൻ ഒരിക്കലും സീതാപഹരണത്തെയോ രാവണന്റെ അക്രമപ്രവൃത്തികളെയോ അനുകൂലിച്ചി രുന്നില്ല.മാത്രമല്ല സീതയെ തിരികെ കൊണ്ടു വിടാൻ രാവണനെ ഉപദേശിക്കുക പോലും ചെയ്തു.ആദികവിയുടെ കാവ്യ ഭാവനയും ക്രാന്ത ദർശിത്വവും എത്ര ഉഗ്രം!!കൂറുമാറ്റത്തിന്റെ ആദിമ കഥയ്ക്കു ശ്രീലങ്കയെ വേദിയാക്കിയതു കൂടി ഓർക്കുമ്പോൾ ആ കവന വൈഭവത്തിനു മുമ്പിൽ ആരും നമിച്ചു പോകും.ചതിയും വഞ്ചനയും അധികാരദുരയും എത്ര നൂറ്റാണ്ടു കഴിഞ്ഞാലും മനുഷ്യകുലത്തിൽ നിലനില്ക്കുമെന്നും പുതിയ ശ്രീലങ്കൻ തെരഞ്ഞെടുപ്പു യുദ്ധ പരിണാമം നമ്മെ പഠിപ്പിക്കുന്നു









Fans on the page

Sunday, December 14, 2014

മാണി രാജി വയ്ക്കണം

ബാർ മുതലാളിമാരിൽ നിന്ന് ഒരു കോടി രൂപാ കോഴ വാങ്ങി എന്ന ആരോപണം പ്രഥമ ദൃഷ്ട്യാ തെളിഞ്ഞതിനെ തുടർന്ന് ധനകാര്യമന്ത്രി കെ.എം.മാണിയെ മുഖ്യപ്രതിയാക്കി വിജിലൻസ് കേസ്സെടുത്തി രിക്കുകയാണ്‌.മാണിയെ പ്രതിയാക്കിയ പ്രഥമ വിവര റിപ്പോർട്ടും കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.വിജിലൻസ് പ്രാഥമിക അന്വേഷണം നടത്തിയതിനു ശേഷമാണു കേസ്സുണ്ടെന്നു കണ്ടെത്തിയതും പ്രഥമവിവര റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചതും.ആ സ്ഥിതിക്ക് മാണി മന്ത്രിയായി തുടരുന്നത് അധാർമ്മികമാണ്‌.ജനാധിപത്യ ഭരണത്തിനു തന്നെ കളങ്കമാണ്‌.ഒരു ട്രയിൻ അപകടമുണ്ടായതിന്റെ പേരിൽ റയിൽ വേ മന്ത്രി ആയിരുന്ന ലാൽ ബഹദൂർ ശാസ്ത്രി മന്ത്രിസ്ഥാനം രാജിവച്ച ചരിത്രമുള്ള നാടാണിത്.മാണി, ശാസ്ത്രിയെപ്പോലെ ധാർമ്മിക ബോധമുള്ള ആളാണെന്നു ആരും പറയില്ല.അതുകൊണ്ട് ട്രഷറി പൂട്ടിയതിന്റെ ധാർമ്മിക ഉത്തരവാദിത്തമേറ്റെടുത്ത് രാജിവക്കണമെന്ന ആവശ്യം ആരും ഉന്നയിക്കില്ല.പക്ഷേ പ്രതിപ്പട്ടികയിൽ മുഖ്യ പേരുകാരനായി വന്ന നിലക്ക് മന്ത്രിയായി തുടരുന്നത് നിയമപരമായിതന്നെ തെറ്റാണ്‌.ജനങ്ങളോടുള്ള വെല്ലുവിളിയാണ്‌.ഭരണഘടനയെ അവഹേളിക്കലാണ്‌.

1967ലെ ഇ.എം.എസ് മന്ത്രിസഭയിലുണ്ടായിരുന്ന എമ്മെനും റ്റി.വി.തോമസ്സിനുമെതിരേ ഉണ്ടായ ആരോപണങ്ങളിൽ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്നു പറഞ്ഞ് അന്നത്തെ മുഖ്യമന്ത്രി ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച ഉടനെ എമ്മനും റ്റിവിയും രാജിവച്ച കീഴ് വഴക്കം കേരളത്തിൽ തന്നെയുണ്ട്.ഒരു അന്വേഷണവും നടത്താതെയാണ്‌ നമ്പൂതിരിപ്പടിന്റെ പ്രഥമദൃഷ്ടി സഹമന്ത്രിമാരിൽ കുറ്റം കണ്ടു പിടിച്ചത്.എന്നിട്ടും അന്വേഷണത്തിനു ഉത്തരവിട്ടപ്പോഴേ അവർ രാജി വച്ചു.ഇപ്പോഴാകട്ടെ,മാണി കൂടി ഉൾപ്പെട്ട സർക്കാരിന്റെ കീഴിലുള്ള അന്വേഷണ ഏജൻസി ചട്ടപ്രകാരം നടത്തിയ ആദ്യാന്വേഷണത്തിൽ തന്നെ പ്രതി ചേർക്കാനുള്ളത്ര കുറ്റം അദ്ദേഹത്തിൽ കണ്ടെത്തിയിരിക്കുന്നു.എന്നിട്ടും  താൻ രാജി വയ്ക്കില്ല എന്നാണു മാണി പറയുന്നത്.അദ്ദേഹത്തിന്റെ പാർട്ടിയും മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും എല്ലാം അതേ പല്ലവി ആവർത്തിക്കുന്നു.മാണിയിൽ നിന്നും രാജി ആവശ്യപ്പെടേണ്ട മുഖ്യമന്ത്രി തന്നെ അദ്ദേഹം രാജിവക്കേണ്ട എന്നാണു പറയുന്നത്.അദ്ദേഹം അങ്ങനെയേ പറയൂ. കാരണം ഇതിനേക്കാൾ പതിന്മടങ്ങു അഴിമതി ആരോപണങ്ങൾ നേരിടുന്ന ആളാണു അദ്ദേഹം.ഹൈക്കോടതി മുതൽ സുപ്രീം കോടതി വരെ പ്രതികൂല വിമർശനം ഉയർത്തിയിട്ടും കൂസാതെ ഇരിക്കുന്ന ആളാണു മുഖ്യൻ.അദ്ദേഹത്തിനു മാണിയെ രാജിവക്കാൻ നിർബ്ബന്ധിക്കനോ ഉപദേശിക്കാനോ അപേക്ഷിക്കാനോ ഉള്ള യാതൊരു യോഗ്യതയും ഇല്ല.അതിനുള്ള ധൈര്യവുമില്ല.

പക്ഷേ നികുതിദായകരായ സാമാന്യ ജനങ്ങൾക്ക് അഴിമതിക്കാരനായ ഒരു മന്ത്രി രാജി വയ്ക്കണമെന്നു പറയാൻ നിയമ പരമായും ധാർമ്മികമായും അവകാശമുണ്ട്.











Fans on the page

Tuesday, December 9, 2014

അച്യുതമേനോനു നേരേ....





സി.പി.എമ്മിലെ വിഭാഗീയസംഘട്ടനത്തിൽ നിന്നു ജനശ്രദ്ധ തിരിക്കാനായി വി.എസ്.അച്യുതാനന്ദനും പിണറായി വിജയനും ചേർന്ന് സ: അച്യുതമേനോനു നേരേ പുലയാട്ടുമായി അണികൾക്കു മുമ്പിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നു.അദ്ദേഹം നല്ല കമ്യൂണിസ്റ്റോ നല്ല ഭരണാധികാരിയോ ആയിരുന്നില്ല പോലും!സ:സി.അച്യുതമേനോൻ നല്ല കമ്യൂണിസ്റ്റും കഴിവുറ്റ മുഖ്യമന്ത്രിയും ആയിരുന്നു എന്നതിന്‌ അച്യുതാനന്ദന്റെയും പിണറായി വിജയന്റെയും സർട്ടിഫിക്കറ്റ് ആവശ്യമില്ല.അച്യുതമേനോൻ മരിച്ചപ്പോൾ പോലും അദ്ദേഹത്തെപ്പറ്റി നല്ല വാക്കു പറയാതെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ച ഇ.എം.എസ്.നമ്പൂതിരിപ്പടിന്റെ പാരമ്പര്യമാണു അച്യുതാനന്ദനും വിജയനുമുള്ളത്.പാർട്ടിയും ജനങ്ങളും സ്വർണ്ണത്താലത്തിൽ വച്ചു രണ്ടു പ്രാവശ്യം മുഖ്യമന്ത്രിപ്പട്ടം നല്കിയിട്ടും രണ്ടു പ്രാവശ്യവും കഴിവുകെട്ടവനെന്നു തെളിയിച്ച നമ്പൂതിരിപ്പാടിനും അദ്ദേഹത്തിന്റെ ശിഷ്യന്മാർക്കും ഇന്ത്യയിലെ തന്നെ ഏറ്റവും നല്ല മുഖ്യമന്ത്രി ആണെന്നു തെളിയിച്ച അച്യുതമേനോനോട് അസൂയയും കുശുമ്പും ഒക്കെ തോന്നുക സ്വാഭാവികമാണു്.പക്ഷേ അതുകൊണ്ട് സത്യം സത്യമല്ലതാകില്ല.

അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുമ്പോൾ അച്യുതമേനോൻ മന്ത്രിസഭയുടെ കാലാവധി അവസാനിക്കാൻ 4 മാസം മാത്രമാണുണ്ടായിരുന്നത്.അതിനു മുമ്പുതന്നെ,പിണറായി വിജയനും അദ്ദേഹത്തിന്റെ പാർട്ടിയും കൂടി അഴിച്ചുവിട്ട ട്രാൻസ്ഫോമർ കത്തിക്കൽ,ട്രാൻസ്പോർട്ട് ബസ് തീ വയ്ക്കൽ തുടങ്ങിയ അക്രമസമരങ്ങളെ അതിജീവിച്ച് സംസ്ഥാനത്തിനും ജനങ്ങൾക്കും ഉപകാരപ്രദമായ പല നടപടികളും ചെയ്തുകഴിഞ്ഞിരുന്നു എന്നത് ചരിത്ര വസ്തുതയാണ്‌.വി.എസ്സിന്റെ മിമിക്രി കൊണ്ടോ വിജയന്റെ വഷളൻപദപ്രയോഗം കൊണ്ടോ ആ ചരിത്ര സത്യത്തെ മറയ്ക്കാൻ കഴിയില്ല.നേതാക്കളുടെ വാക്കുകൾ വേദവാക്യമായി കരുതുന്ന പാവപ്പെട്ട അണികളെ കുറച്ചുകാലത്തേക്ക് ഒരു പക്ഷേ തെറ്റിദ്ധരിപ്പിക്കാൻ കഴിഞ്ഞേക്കാം.അടിയന്തിരാവസ്ഥക്കാലത്തേറ്റ മർദ്ദനത്തിന്റെ പേരു പറഞ്ഞ് പാർട്ടിയിൽ നിന്ന് കിട്ടാവുന്നതിൽ കൂടുതൽ ആനുകൂല്യങ്ങൾ ഇതിനോടകം നേടിയില്ലേ പിണറായി.ഇനിയെങ്കിലും ഈ പുളിച്ചു തികട്ടൽ പ്രകടനം നിർത്തിക്കൂടെ?

അടിയന്തിരാവസ്ഥക്കാലത്ത് തനിക്കു മേലു നൊന്തതിനെപ്പറ്റി ഇപ്പൊഴും പറഞ്ഞു വിലപിക്കുന്ന വിജയനു്,ഒരടിയന്തിരാവസ്ഥയും ഇല്ലാഞ്ഞ കാലത്ത്,കൃത്യമായിപ്പറഞ്ഞാൽ 1970 ജനുവരി 21 നു,കണ്ണൂർബസ്സ്റ്റാന്റിൽ നിന്ന് 50 ൽ ഏറെ യാത്രക്കാരുമായി പുറപ്പെട്ട ബസ്സിലെ ഒരാളെപ്പോലും പുറത്തിറങ്ങാൻ അനുവദിക്കാതെ തന്റെ അനുയായികളെക്കൊണ്ട്  പെട്രോളൊഴിച്ചു ചുട്ടുകരിപ്പിച്ചതിനു എന്തു ന്യായീകരണമാണുള്ളത്?അച്യുതമേനോനെ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് ഇറക്കാൻ നിങ്ങൾ കാട്ടിയ ഇത്തരം നീചകർമ്മങ്ങൾ മറ്റ് ഏതു അതിക്രമത്തിനും മേലെയാണ്‌.അതു ജനങ്ങൾ മനസ്സിലാക്കിയതുകൊണ്ടാണു അടുത്ത പൊതു തെരഞ്ഞെടുപ്പിലും ആ മുന്നണിക്കു ഭൂരിപക്ഷം കിട്ടിയത്.

സ്വാശ്രയ കോളേജുകൾക്കെതിരെ പാർട്ടിക്കാരെയും വിദ്യാർത്ഥികളെയും സമരം ചെയ്യാൻ വിട്ടിട്ട് സ്വന്തം മകളെ ഒരു ആൾദൈവത്തിന്റെ സ്വാശ്രയകോളേജിൽ ചേർത്തു പഠിപ്പിച്ച പിണറായിക്ക് അച്യുതമേനോന്റെ പേരുച്ചരിക്കനുള്ള യോഗ്യത ഉണ്ടോ?മാലോകരെ കബളിപ്പിച്ച് കുബേരയായി തീർന്ന ആൾദൈവത്തിന്റെ കാലുപിടിച്ച് മകൾക്ക് അഡ്മിഷൻ വാങ്ങുകയും ഒരു വൻ കിട മുതലാളിയെ അവളുടെ ലോക്കൽ ഗാർഡിയൻ ആയി നിർദ്ദേശിക്കുകയും ചെയ്ത വിജയനിൽ നിന്നും അച്യുതമേനോനെന്നല്ല രണ്ടു കമ്യൂണിസ്റ്റു പാർട്ടിയിലെയും ഒരു സാദാ അംഗത്തിനുപോലും ഒരു കമ്യൂണിസവും പഠിക്കാനില്ല.കമ്യൂണിസ്റ്റാണെന്നു നെറ്റിക്ക് എഴുതി ഒട്ടിച്ചു നടന്നാൽ കമ്യൂണിസ്റ്റാകില്ല.

അച്യുതമേനോനെ മുഖ്യമന്ത്രിയാക്കിയതു ഇന്ദിരാഗാന്ധിയാണെന്നു വി.എസ്.അച്യുതാനന്ദൻ പറയുന്നത് പിണറായി വിജയന്റെ ഏറ്റവും അവസാനത്തെ പ്രഹരമേറ്റ് ഓർമ്മ നഷ്ടപ്പെട്ടതുകൊണ്ടായിരിക്കണം.സ:പി.കൃഷ്ണപിള്ളയുടെ സ്മാരകം തകർത്തവർ തന്റെ പാർട്ടിയിൽ പെട്ടവരാണെന്നു പാർട്ടി സെക്രട്ടറി കുമ്പസാരിക്കുമ്പോൾ കോൺഗ്രസ്സുകാരാണെന്നു പറഞ്ഞു നടക്കുന്ന വി.എസ്സ്, പിണറായിപ്പേടി മറയ്ക്കാനാണു അച്യുതമേനോനെ പുലഭ്യം പറയുന്നത്.പാർട്ടിയുടെ തലതൊട്ടപ്പനായ സ: പി.കൃഷ്ണപിള്ളയുടെ പ്രതിമയെ പോലും വെറുതെ വിടാത്ത പിണറായിയും വി.എസ്സും സ: അച്യുതമേനോനെ ചീത്ത പറയുന്നതിൽ അത്ഭുതത്തിനവകാശമില്ല.വിദ്യാഭ്യാസത്തിലോ കമ്യൂണിസ്റ്റു സിദ്ധാന്തപാണ്ഡിത്യത്തിലോ ജീവിതലാളിത്യത്തിലോ രാഷ്ട്രീയ വിശുദ്ധിയിലോ ഭരണനൈപുണ്യത്തിലോ സ: അച്യുതമേനൊന്റെ ഏഴയിലത്തു വരാൻ യോഗ്യതയില്ലാത്ത ഇവരുടെ അച്യുതമേനോൻ ഭർത്സനത്തെ ജനം അർഹിക്കുന്ന അവജ്ഞയോടെ തള്ളും.











Fans on the page

Monday, November 17, 2014

പിണറായിക്കു മറവി രോഗം ബാധിച്ചോ?


ബാർ ഉടമകളിൽ നിന്നും കെ.എം മാണി കോഴ വാങ്ങിയതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയർന്നിട്ടും മാണിക്കെതിരേ ഒരക്ഷരം ഉരിയാടാതിരുന്ന പിണറായി വിജയൻ,ദിവസങ്ങൾക്കു ശേഷം മാണി രാജിവയ്ക്കണമെന്ന ഒരു അഴകൊഴമ്പൻ  പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുന്നു.കള്ളൻ കേറിയതിന്റെ ഏഴാം പക്കം പട്ടി കുരയ്ക്കുന്നു എന്നു പറഞ്ഞതു പോലെ.ഒരിക്കലും നടക്കാൻ സാദ്ധ്യതയില്ലാത്ത ഒരു അന്വേഷണം ആവശ്യപ്പെടുക കൂടി ചെയ്തപ്പോൾ പിണറായിയുടെയും കൂട്ടരുടെയും ഉള്ളിലിരിപ്പ് എന്താണെന്ന് ജനത്തിനു മനസ്സിലായി.ജുഡീഷ്യൽ അന്വേഷണം  വേണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ പ്രത്യക്ഷ സമരമാർഗ്ഗം സ്വീകരിച്ചതോടെ നില ഒന്നുകൂടി പരുങ്ങലിലായ പിണറായി മുഖം രക്ഷിക്കാൻ തിരക്കിട്ടു വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിലാകട്ടെ ഏറെ അപഹസിച്ചത്  സി.പി ഐ.നേതാക്കളെ.

മാണിയെ രക്ഷിക്കാനാണ്‌ സി.പി.എം പാർട്ടി നേതൃത്വം ശ്രമിക്കുന്നതെന്ന് ആദ്യം പറഞ്ഞതു പന്ന്യൻ രവീന്ദ്രനല്ല. സ്വന്തം പാർട്ടിക്കാരനായ സ:വി.എസ് അച്യുതാനന്ദനാണ്‌.അദ്ദേഹം കേന്ദ്ര നേതൃത്വത്തിനു പരാതി നല്കുക വരെ ചെയ്തു.എന്നിട്ടും പിണറായി വിജയന്റെ അരിശം മുഴുവൻ കമ്യൂണിസ്റ്റ് പാർട്ടി നേതാക്കളോടായിരുന്നു.ജീവിച്ചിരിക്കുന്നവരെ മാത്രമല്ല കാല യവനികയ്ക്കുള്ളിൽ മറഞ്ഞവരെയും ആക്ഷേപിക്കുവാൻ അദ്ദേഹം തുനിഞ്ഞു.ഇന്ത്യയിൽതന്നെ ഇന്നേവരെ ഉണ്ടായിട്ടുള്ള മുഖ്യമന്ത്രിമാരിൽ എറ്റവും പ്രഗത്ഭനായ സ:സി.അച്യുതമേനോൻ മരിച്ചപ്പോൾ പോലും നല്ലവാക്കു പറയാതെ അപവദിച്ച ഇ.എം.എസ്സ്.നമ്പൂതിരിപ്പടിന്റെ പാരമ്പര്യം കാത്തു സൂക്ഷിക്കുന്നതിൽ മുമ്പനാണു് പിണറായി എന്ന് ഇപ്പോഴും തെളിയിച്ചിരിക്കുന്നു.പക്ഷേ അച്യുതമേനോന്റെ ഭരണകാലത്തെ കുറിച്ചു പരാമർശിച്ചപ്പോൾ അദ്ദേഹത്തിനു മറവിരോഗം ബാധിച്ചിരുന്നോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു.

“1964 മുതൽ കോൺഗ്രസ്സുമായി ചേർന്നു മന്ത്രിസഭ വേണമെന്നു ദേശീയ അടിസ്ഥാനത്തിൽ തീരുമാനിച്ചതിന്റെ ഫലമായാണു അടിയന്തിരാവസ്ഥയുടെ ഘട്ടത്തിൽ അതിന്റെ സംരക്ഷകനായി അച്യുതമേനോൻ മുഖ്യമന്ത്രിയായത്.” എന്നാണു പിണറായി ഇന്നലെ വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. സ: അച്യുതമേനോൻ ആദ്യം മുഖ്യമന്ത്രിയാകുന്നത് 1969 നവംബർ ഒന്നു മുതൽ1970 ഓഗസ്റ്റ് ഒന്നു വരെയാണ്‌..1970 ഒക്റ്റോബർ 4 നാണു അദ്ദേഹം വീണ്ടും മുഖ്യമന്ത്രിയാകുന്നത്.1975 ജൂണിൽ ആണു രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടത്.അതായത് അച്യുതമേനോൻ മന്ത്രിസഭയുടെ കാലാവധി അവസാനിക്കാൻ നാലു മാസം പോലുംതികച്ചില്ലാതിരുന്നപ്പോഴാണ്‌ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടതെന്നു സാരം.അടിയന്തിരാവസ്ഥക്കു മുമ്പുതന്നെ മുഖ്യമന്ത്രി എന്ന നിലയിൽ സംസ്ഥാനത്തിനു ചെയ്യാവുന്ന  എല്ലാ നല്ലകാര്യങ്ങളും അച്യുതമേനോൻ ചെയ്തു കഴിഞ്ഞിരുന്നു.അന്ന് അത്ഭുതമേനോൻ എന്നും മറ്റും പരിഹസിച്ച് ട്രാൻസ്ഫോമറുകൾ മറിക്കാനും തീ വയ്ക്കാനും ആളുകളെ ബസ്സിലിട്ടു ചുട്ടുകരിക്കാനും മറ്റും നടന്ന മാർക്സിസ്റ്റുകാർക്ക് നല്ല കാര്യങ്ങൾ കാണാൻ പറ്റാതെപോയതിൽ അത്ഭുതമില്ല.രണ്ടു പ്രാവശ്യം പാർട്ടിയും മുന്നണിയും വെള്ളിത്താലത്തിൽ വച്ചു നീട്ടിയ മുഖ്യമന്ത്രി പദം ശരിയായി വിനിയോഗിക്കാൻ അറിയാത്ത വക്രബുദ്ധിയായ സ്വന്തം നേതാവിന്റെ ഭരണ പരാജയത്തെ കുറിച്ച് ഓർക്കാൻ ഒരു പക്ഷേ പിണറായിയും സംഘവും ഇഷ്ടപ്പെടുന്നുണ്ടാവില്ല.അതുകൊണ്ട് സ്വന്തം നേതാവിനേക്കാൾ പ്രഗത്ഭനും മാന്യനും സംസ്കാര സമ്പന്നനും ആയ ഒരു വ്യക്തിയെ അസത്യവും ഭാഗിക സത്യവും അപവാദവും കലർത്തി അപകീർത്തിപ്പെടുത്താമെന്ന് പിണറായിയും ഈ കള്ളത്തരം കാലങ്ങളായി പറഞ്ഞു നടക്കുന്ന മാർക്സിസ്റ്റ് നേതാക്കളും കരുതണ്ടാ.

സെക്രട്ടറിയേറ്റിനു മുമ്പിൽ നടന്ന സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് സ:പന്ന്യൻ രവീന്ദ്രൻ സി.പി.എമ്മിനെ വിമർശിച്ചതു ഇഷ്ടപ്പെടാഞ്ഞ പിണറായി “പന്ന്യന്റെ തെരുവു പ്രസംഗത്തിനു മറുപടി പറയുന്നില്ല” എന്നാണു പ്രതികരിച്ചത്.അദ്ധ്വാനവർഗ്ഗത്തിന്റെ,പട്ടിണിക്കാരന്റെ ,തെരുവു മക്കളുടെ, പാർട്ടി എന്നു വീമ്പിളക്കുന്ന പ്രസ്ഥാനത്തിന്റെ സംസ്ഥാന സെക്രട്ടറിയുടെ ഉള്ളിലിരിപ്പ് ഇതിൽ നിന്നു വ്യക്തമാണ്‌.ശീതികരിച്ച മുറികളിൽ പഞ്ച നക്ഷത്ര സൗകര്യങ്ങൾ ആസ്വദിച്ചും ചലിക്കുന്ന കൊട്ടരങ്ങളിൽ സഞ്ചരിച്ചും ശീലിച്ചവർക്ക് തെരുവു പ്രസംഗവും പ്രസംഗകരെയും ഇഷ്ടമാകില്ല.യഥാർത്ഥത്തിൽ പിണറായി അപമാനിച്ചത് തെരുവു പ്രസംഗം നിരോധിച്ചതിനെതിരെ പ്രസംഗിച്ചതിന്റെ പേരിൽ ജയിലിൽ പോയ എം.വി.ജയരാജനെ പോലുള്ള സ്വന്തം സഖാക്കളെയാണ്‌. ഇരിക്കുന്ന സ്ഥാനത്തെ കുറിച്ച് പന്ന്യനെ ഓർമ്മിപ്പിക്കുന്ന പിണറായി ആദ്യം സ്വന്തം സ്ഥാനത്തെ പറ്റി ഓർക്കുക.










Fans on the page

Thursday, November 13, 2014

ഗാന്ധിജി വെറും തൂപ്പുകാരനോ?




“മോഹൻ ലാൽ കരം ചന്ദ് ഗാന്ധി”എന്ന് ഇന്ത്യയിൽ വച്ചു മോഡി പറഞ്ഞപ്പോൾ നാവു പിഴച്ചതാണെന്നു നമുക്കു തോന്നി.അമേരിക്കയിൽ ചെന്നും അതാവർത്തിച്ചപ്പോൾ നാക്കു പിഴച്ചതാണെന്നു കരുതുക പ്രയാസം. ഗാന്ധിജിയെ അവഹേളിച്ചാൽ ആദ്യം പ്രതികരിക്കേണ്ട കോൺഗ്രസ്സുകാരുടെ പ്രതികരണം അറിയാനുള്ള ടെസ്റ്റ് ഡോസ്സുകളായിരുന്നു അതൊക്കെ എന്ന് എല്ലാം കൂട്ടി ചേർത്തു വായിക്കുമ്പോൾ മനസ്സിലാകുന്നു.പക്ഷേ ആ മന്ദബുദ്ധികൾക്ക് അതു ലവലേശം മനസ്സിലായിട്ടില്ല.ഭയന്നിട്ടാണോ എന്നും സംശയം ഉണ്ട് .സ്തുതിക്കുകയാണെന്ന മട്ടിൽ ഗാന്ധിജിയെ മോഡി നിരന്തരം നിന്ദിച്ചുകൊണ്ടിരിക്കുകയാണ്‌.

നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധി വെറും തൂപ്പുകാരനായിരുന്നോ?പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ ആഹ്വാനം കേട്ട ശശിതരൂരിനെ പോലുള്ള ചില കോൺഗ്രസ്സുകാരും ധരിച്ചിരിക്കുന്നത് ഗാന്ധിജി ശുചീകരണത്തിൽ മാത്രം ശ്രദ്ധ ഊന്നിയിരുന്ന പൊതു പ്രവർത്തകനായിരുന്നു എന്നാണ്‌.പ്രധാനമന്ത്രിക്കും അദ്ദേഹത്തിന്റെ പാർട്ടിക്കും ഗാന്ധിജിയെ അങ്ങനെ ചിത്രീകരിക്കേണ്ടത് ആവശ്യമായിരിക്കും.ശാരീരികമായി ഗാന്ധിജിയെ ഇല്ലാതാക്കിയവരുടെ പിന്മുറക്കാർ അദ്ദേഹത്തിന്റെ യശ്ശസ്സിനെയും ഉന്മൂലനം ചെയ്യാൻ ശ്രമിക്കുന്നതു സ്വാഭാവികമാണു.
ഗാന്ധിജി രക്തസാക്ഷിയായതു ഹിന്ദു മുസ്ലീം ഐക്യത്തിനു വേണ്ടിയാണ്‌.സർവ്വമത മൈത്രിയും സാഹോദര്യവും സഹിഷ്ണുതയുമായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയ പരിപാടിയിലെ മുഖ്യ അജണ്ട.സത്യമാണു ദൈവമെന്നു വിശ്വസിച്ച ആളാണദ്ദേഹം.അദ്ദേഹത്തിന്റെ പ്രധാന തത്വങ്ങളെ അപ്രധാനമാക്കി, ശുചീകരണത്തിന്റെ വക്താവു മാത്രമാക്കി ചുരുക്കുന്നത് അദ്ദേഹത്തെ അപമാനിക്കുവാനാണ്‌. ഗാന്ധിജിയുടെ മതേതരസങ്കല്പത്തെ കപടമതേതരത്വം എന്ന് ആക്ഷേപിക്കുകയും രാജ്യത്തുടനീളം വർഗ്ഗീയ സംഘട്ടനങ്ങൾ സൃഷ്ടിക്കുകയും വംശഹത്യയ്ക്കു കൂട്ടു നില്ക്കുകയും ചെയ്തവരുടെ ഗാന്ധിപ്രേമം തികഞ്ഞ കാപട്യമാണ്‌.പട്ടേലിനെ കൂടാതെ ഗാന്ധിജി പൂർണ്ണനാകില്ല എന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന ഗാന്ധിജിയെ അദ്ദേഹത്തിനു മനസ്സിലായിട്ടില്ല എന്നതിന്റെ പ്രകടനമാണ്‌.മഹാത്മാവ് എന്ന് ടാഗോർ ഗാന്ധിയെ അഭിസംബോധന ചെയ്തത് ഒരു പട്ടേലിനെയും കണ്ടിട്ടായിരുന്നില്ല.ഗാന്ധിജിക്കു വളരെ പ്രിയപ്പെട്ടവനായിരുന്ന ജവഹർലാലിന്റെ സഹായം പോലും ആവശ്യമില്ല അദ്ദേഹത്തിനു പൂർണ്ണനാകാൻ.
ശൂദ്രമഹര്ഷിയായ ശംബൂകനെ രാമന്‍ വധിച്ചിട്ടുള്ളത് കൊണ്ടു ശൂദ്രരില്ലാത്തതോ ശൂദ്രരെ ഉന്മൂലനം ചെയ്യാന്‍ സ്വാതന്ത്ര്യമുള്ളതോ ആയ രാജ്യം എന്നാണു "രാമരാജ്യം"കൊണ്ട് ഗാന്ധിജി ഉദ്ദേശിക്കുന്നത് എന്ന് പോലും ഇക്കൂട്ടര്‍ വ്യാഖ്യാനിക്കാന്‍ മടിക്കില്ല."എന്റെ ജീവിതമാണ് എന്റെ സന്ദേശം "എന്ന് പറഞ്ഞ ഗാന്ധിജിയെ ഇവര്‍ക്കൊന്നും മനസ്സിലാകില്ല.സംശുദ്ധ ഭരണത്തെ കുറിച്ചു സംസാരിക്കുകയും ക്രിമിനലുകളെ മന്ത്രിമാരായി അവരോധിക്കുകയും ചെയ്യുന്നവര്‍ക്ക് ഗാന്ധിജിയെ എങ്ങനെ മനസ്സിലാകാനാണ്?എവറസ്റ്റ് കൊടുമുടിയുടെ പൊക്കത്തില്‍  പ്രതിമയുള്ള ഏതു ഇന്ത്യന്‍ രാഷ്ട്രീയ നേതാവിനെക്കാളും പൊക്കം നമ്മുടെ രാഷ്ട്രപിതാവായ മഹാത്മജിക്ക് ഉണ്ട്.എത്ര വലിയ ഭൂരിപക്ഷം നേടിയ പ്രധാനമന്ത്രിക്കും ആ ഔന്നത്യം കുറയ്ക്കാന്‍  കഴിയില്ല.







Fans on the page

Sunday, August 31, 2014

വേദനിക്കുമ്പോഴും









Fans on the page

Friday, August 15, 2014

വിദ്യാഭ്യാസ മന്ത്രിയും പുതിയ ബിരുദവും

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി സ്മൃതി ഇറാനി താൻ യേൽ യൂണിവേഴ്സിറ്റിയിൽ നിന്നാണു ബിരുദം എടുത്തിട്ടുള്ളത് എന്നാണു ഇപ്പോൾ അവകാശപ്പെടുന്നത്.ഒരാഴ്ച,എം.പിമാർക്കു വേണ്ടി യൂണിവേഴ്സിറ്റി നടത്തിയ ക്ലാസ്സിൽ പങ്കെടുത്ത വകയിൽ ആണത്രെ ബിരുദം ലഭിച്ചത്!പ്ലസ് ടു വരെമാത്രം പഠിച്ചിട്ടുള്ള(പാസ്സായോ എന്ന് സംശയമാണു്)ഇവരെ വിദ്യാഭ്യാസ മന്ത്രിയാക്കിയതിൽ പല ഭാഗത്തു നിന്നും എതിർപ്പുകൾ ഉയർന്നപ്പോൾ കഴിവിന്റെ മാനദണ്ഡം വിദ്യാഭ്യാസമല്ല എന്ന വാദവുമായിട്ടാണു മോഡി,ബിജെപി ഭക്തന്മാർ അതിനെ നേരിട്ടത്.കാമരാജ് മുതൽ ഗ്യാനി സെയിൽ സിംഗ് വരെയുള്ള ഭരണാധികാരികളെ, തങ്ങളുടെ വാദം സമർത്ഥിക്കാനായി അവർ എടുത്തു കാട്ടുകയും ചെയ്തു.തന്റെ പ്രവർത്തനം നോക്കി വേണം താൻ ആ സ്ഥാനത്തിരിക്കാൻ യോഗ്യയാണോ എന്ന് വിലയിരുത്തേണ്ടതെന്നു ശ്രീമതി സ്മൃതിയും പറഞ്ഞു.ബി.ജെ.പി എം.പി മാരിൽ കഴിവും വിദ്യാഭ്യാസവുമുള്ളവർ നിരവധി ഉണ്ടെന്നിരിക്കെ വിദ്യാഭ്യാസം കുറഞ്ഞ ഒരുത്തിയെ വിദ്യാഭ്യാസവകുപ്പ് ഏല്പ്പിക്കുക വഴി,വിദ്യാഭ്യാസമുള്ള സകല ഭാരതീയരെയും അപമാനിക്കുകയാണു പ്രധാനമന്ത്രി ചെയ്തത്.ഒരു പാവയെ മന്ത്രിയാക്കിയാൽ ആ വകുപ്പിന്റെ താക്കോലും തന്റെ കൈപ്പിടിയിൽ ഒതുക്കാം എന്ന ദുരുദ്ദേശവും ഈ വകുപ്പു വിഭജനത്തിന്റെ പിന്നിൽ അദ്ദേഹത്തിനു ഉണ്ടായിരിക്കണം.

വിദ്യാഭ്യാസവും ഉന്നത ബിരുദവും ഒന്നും യോഗ്യതയുടെ മാനദണ്ഡമല്ലെന്ന് വാദിച്ച മന്ത്രി ഇപ്പോൾ പിന്നെന്തിനാണു അമേരിക്കയിലെ പ്രശസ്തമായ ‘യേൽ’സർവ്വകലാശാലയിൽ നിന്നും ബിരുദം കരസ്ഥമാക്കിയിട്ടുണ്ട്  എന്നു വീമ്പടിക്കുന്നത്?ഇന്ത്യയിൽ നിന്നുള്ള 11 എം.പിമാർക്ക് കഴിഞ്ഞ വർഷം ജൂണിൽ യേൽ സർവ്വകലാശാല ആറു ദിവസം നടത്തിയ ലീഡർഷിപ് പ്രോഗ്രാമിൽ പങ്കെടുത്തപ്പോൾ ഡിഗ്രി ലഭിച്ചു എന്നാണു മന്ത്രിയുടെ അവകാശവാദം.ബാക്കി പത്ത് എം.പി മാരും ഇത്തരം ഒരു ബിരുദലാഭത്തെ കുറിച്ചു പറഞ്ഞിട്ടില്ല.ആറു ദിവസം ഒരു കോഴ്സ് അറ്റന്റു ചെയ്താൽ ബിരുദം കിട്ടുമെങ്കിൽ 12ദിവസത്തെ കോഴ്സിൽ പങ്കെടുത്താൽ ബിരുദാനന്തര ബിരുദം കിട്ടണമല്ലോ!യേൽ സർവ്വകലാശാലയെ അനുകരിച്ചാൽ നമ്മുടെ സർവ്വകലാശാലകൾക്ക് എന്തെന്തു വിപ്ലവം വിദ്യാഭ്യാസമേഖലയിൽ വരുത്തിക്കൂടാ.

6 ദിവസത്തെ കോഴ്സിൽ പങ്കെടുത്തതിനു യൂണിവേഴ്സിറ്റി സർട്ടിഫിക്കറ്റ് കൊടുത്തു കാണും.അതു ബിരുദമാണെന്നും പറഞ്ഞു നടക്കുന്ന മന്ത്രി വിദ്യാഭ്യാസവകുപ്പു ഭരിക്കാൻ സർവ്വഥാ യോഗ്യതന്നെ.ആട്ടിൻ കാട്ടവും കടലക്കയും തിരിച്ചറിയാൻ വയ്യാത്തവരെ പാചകം ഏല്പിക്കുന്നതാണല്ലോ കറി നന്നാകാൻ നല്ലത്.

സര്‍ട്ടിഫിക്കറ്റ് ബിരുദമാണെന്നു തെറ്റിദ്ധരിച്ച് ടി.വി.അഭിമുഖത്തിലും ട്വിറ്ററിലും തട്ടിവിടുന്ന അപക്വ
മതിയില്‍ നിന്ന് എന്ത് മഹത്തായ പ്രവൃത്തിയാണോ ജനങ്ങള്‍ പ്രതീക്ഷിക്കേണ്ടത്.







Fans on the page