Total Pageviews

Tuesday, December 9, 2014

അച്യുതമേനോനു നേരേ....





സി.പി.എമ്മിലെ വിഭാഗീയസംഘട്ടനത്തിൽ നിന്നു ജനശ്രദ്ധ തിരിക്കാനായി വി.എസ്.അച്യുതാനന്ദനും പിണറായി വിജയനും ചേർന്ന് സ: അച്യുതമേനോനു നേരേ പുലയാട്ടുമായി അണികൾക്കു മുമ്പിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നു.അദ്ദേഹം നല്ല കമ്യൂണിസ്റ്റോ നല്ല ഭരണാധികാരിയോ ആയിരുന്നില്ല പോലും!സ:സി.അച്യുതമേനോൻ നല്ല കമ്യൂണിസ്റ്റും കഴിവുറ്റ മുഖ്യമന്ത്രിയും ആയിരുന്നു എന്നതിന്‌ അച്യുതാനന്ദന്റെയും പിണറായി വിജയന്റെയും സർട്ടിഫിക്കറ്റ് ആവശ്യമില്ല.അച്യുതമേനോൻ മരിച്ചപ്പോൾ പോലും അദ്ദേഹത്തെപ്പറ്റി നല്ല വാക്കു പറയാതെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ച ഇ.എം.എസ്.നമ്പൂതിരിപ്പടിന്റെ പാരമ്പര്യമാണു അച്യുതാനന്ദനും വിജയനുമുള്ളത്.പാർട്ടിയും ജനങ്ങളും സ്വർണ്ണത്താലത്തിൽ വച്ചു രണ്ടു പ്രാവശ്യം മുഖ്യമന്ത്രിപ്പട്ടം നല്കിയിട്ടും രണ്ടു പ്രാവശ്യവും കഴിവുകെട്ടവനെന്നു തെളിയിച്ച നമ്പൂതിരിപ്പാടിനും അദ്ദേഹത്തിന്റെ ശിഷ്യന്മാർക്കും ഇന്ത്യയിലെ തന്നെ ഏറ്റവും നല്ല മുഖ്യമന്ത്രി ആണെന്നു തെളിയിച്ച അച്യുതമേനോനോട് അസൂയയും കുശുമ്പും ഒക്കെ തോന്നുക സ്വാഭാവികമാണു്.പക്ഷേ അതുകൊണ്ട് സത്യം സത്യമല്ലതാകില്ല.

അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുമ്പോൾ അച്യുതമേനോൻ മന്ത്രിസഭയുടെ കാലാവധി അവസാനിക്കാൻ 4 മാസം മാത്രമാണുണ്ടായിരുന്നത്.അതിനു മുമ്പുതന്നെ,പിണറായി വിജയനും അദ്ദേഹത്തിന്റെ പാർട്ടിയും കൂടി അഴിച്ചുവിട്ട ട്രാൻസ്ഫോമർ കത്തിക്കൽ,ട്രാൻസ്പോർട്ട് ബസ് തീ വയ്ക്കൽ തുടങ്ങിയ അക്രമസമരങ്ങളെ അതിജീവിച്ച് സംസ്ഥാനത്തിനും ജനങ്ങൾക്കും ഉപകാരപ്രദമായ പല നടപടികളും ചെയ്തുകഴിഞ്ഞിരുന്നു എന്നത് ചരിത്ര വസ്തുതയാണ്‌.വി.എസ്സിന്റെ മിമിക്രി കൊണ്ടോ വിജയന്റെ വഷളൻപദപ്രയോഗം കൊണ്ടോ ആ ചരിത്ര സത്യത്തെ മറയ്ക്കാൻ കഴിയില്ല.നേതാക്കളുടെ വാക്കുകൾ വേദവാക്യമായി കരുതുന്ന പാവപ്പെട്ട അണികളെ കുറച്ചുകാലത്തേക്ക് ഒരു പക്ഷേ തെറ്റിദ്ധരിപ്പിക്കാൻ കഴിഞ്ഞേക്കാം.അടിയന്തിരാവസ്ഥക്കാലത്തേറ്റ മർദ്ദനത്തിന്റെ പേരു പറഞ്ഞ് പാർട്ടിയിൽ നിന്ന് കിട്ടാവുന്നതിൽ കൂടുതൽ ആനുകൂല്യങ്ങൾ ഇതിനോടകം നേടിയില്ലേ പിണറായി.ഇനിയെങ്കിലും ഈ പുളിച്ചു തികട്ടൽ പ്രകടനം നിർത്തിക്കൂടെ?

അടിയന്തിരാവസ്ഥക്കാലത്ത് തനിക്കു മേലു നൊന്തതിനെപ്പറ്റി ഇപ്പൊഴും പറഞ്ഞു വിലപിക്കുന്ന വിജയനു്,ഒരടിയന്തിരാവസ്ഥയും ഇല്ലാഞ്ഞ കാലത്ത്,കൃത്യമായിപ്പറഞ്ഞാൽ 1970 ജനുവരി 21 നു,കണ്ണൂർബസ്സ്റ്റാന്റിൽ നിന്ന് 50 ൽ ഏറെ യാത്രക്കാരുമായി പുറപ്പെട്ട ബസ്സിലെ ഒരാളെപ്പോലും പുറത്തിറങ്ങാൻ അനുവദിക്കാതെ തന്റെ അനുയായികളെക്കൊണ്ട്  പെട്രോളൊഴിച്ചു ചുട്ടുകരിപ്പിച്ചതിനു എന്തു ന്യായീകരണമാണുള്ളത്?അച്യുതമേനോനെ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് ഇറക്കാൻ നിങ്ങൾ കാട്ടിയ ഇത്തരം നീചകർമ്മങ്ങൾ മറ്റ് ഏതു അതിക്രമത്തിനും മേലെയാണ്‌.അതു ജനങ്ങൾ മനസ്സിലാക്കിയതുകൊണ്ടാണു അടുത്ത പൊതു തെരഞ്ഞെടുപ്പിലും ആ മുന്നണിക്കു ഭൂരിപക്ഷം കിട്ടിയത്.

സ്വാശ്രയ കോളേജുകൾക്കെതിരെ പാർട്ടിക്കാരെയും വിദ്യാർത്ഥികളെയും സമരം ചെയ്യാൻ വിട്ടിട്ട് സ്വന്തം മകളെ ഒരു ആൾദൈവത്തിന്റെ സ്വാശ്രയകോളേജിൽ ചേർത്തു പഠിപ്പിച്ച പിണറായിക്ക് അച്യുതമേനോന്റെ പേരുച്ചരിക്കനുള്ള യോഗ്യത ഉണ്ടോ?മാലോകരെ കബളിപ്പിച്ച് കുബേരയായി തീർന്ന ആൾദൈവത്തിന്റെ കാലുപിടിച്ച് മകൾക്ക് അഡ്മിഷൻ വാങ്ങുകയും ഒരു വൻ കിട മുതലാളിയെ അവളുടെ ലോക്കൽ ഗാർഡിയൻ ആയി നിർദ്ദേശിക്കുകയും ചെയ്ത വിജയനിൽ നിന്നും അച്യുതമേനോനെന്നല്ല രണ്ടു കമ്യൂണിസ്റ്റു പാർട്ടിയിലെയും ഒരു സാദാ അംഗത്തിനുപോലും ഒരു കമ്യൂണിസവും പഠിക്കാനില്ല.കമ്യൂണിസ്റ്റാണെന്നു നെറ്റിക്ക് എഴുതി ഒട്ടിച്ചു നടന്നാൽ കമ്യൂണിസ്റ്റാകില്ല.

അച്യുതമേനോനെ മുഖ്യമന്ത്രിയാക്കിയതു ഇന്ദിരാഗാന്ധിയാണെന്നു വി.എസ്.അച്യുതാനന്ദൻ പറയുന്നത് പിണറായി വിജയന്റെ ഏറ്റവും അവസാനത്തെ പ്രഹരമേറ്റ് ഓർമ്മ നഷ്ടപ്പെട്ടതുകൊണ്ടായിരിക്കണം.സ:പി.കൃഷ്ണപിള്ളയുടെ സ്മാരകം തകർത്തവർ തന്റെ പാർട്ടിയിൽ പെട്ടവരാണെന്നു പാർട്ടി സെക്രട്ടറി കുമ്പസാരിക്കുമ്പോൾ കോൺഗ്രസ്സുകാരാണെന്നു പറഞ്ഞു നടക്കുന്ന വി.എസ്സ്, പിണറായിപ്പേടി മറയ്ക്കാനാണു അച്യുതമേനോനെ പുലഭ്യം പറയുന്നത്.പാർട്ടിയുടെ തലതൊട്ടപ്പനായ സ: പി.കൃഷ്ണപിള്ളയുടെ പ്രതിമയെ പോലും വെറുതെ വിടാത്ത പിണറായിയും വി.എസ്സും സ: അച്യുതമേനോനെ ചീത്ത പറയുന്നതിൽ അത്ഭുതത്തിനവകാശമില്ല.വിദ്യാഭ്യാസത്തിലോ കമ്യൂണിസ്റ്റു സിദ്ധാന്തപാണ്ഡിത്യത്തിലോ ജീവിതലാളിത്യത്തിലോ രാഷ്ട്രീയ വിശുദ്ധിയിലോ ഭരണനൈപുണ്യത്തിലോ സ: അച്യുതമേനൊന്റെ ഏഴയിലത്തു വരാൻ യോഗ്യതയില്ലാത്ത ഇവരുടെ അച്യുതമേനോൻ ഭർത്സനത്തെ ജനം അർഹിക്കുന്ന അവജ്ഞയോടെ തള്ളും.











Fans on the page

No comments: