വേദനിപ്പിക്കുന്ന ഗർഭപാത്രത്തിനെ
വേഗമെടുത്തു കളയാനുപദേശം
നല്കുന്നു ഡോക്റ്റ;റെതിർക്കുവാനാകാതെ,
നീളും വിഷാദം കനം വച്ച മാതിരി
നില്ക്കുന്നു ജീവകണങ്ങൾ പകർന്ന,തിൻ
കർമ്മകാണ്ഡങ്ങളെ സാർത്ഥകമാക്കിയോൻ.
തങ്ങൾക്കു രൂപവും ഭാവവും ജീവനും
തന്നു പുലർത്തി വളർച്ചയിലെത്തിച്ച
സ്വർഗ്ഗീയ ധാമത്തെയുന്മൂലനംചെയ്യാൻ
മാർഗ്ഗം തിരക്കുന്നു മക്കൾ വിഷണ്ണരായ്.
ഉള്ളിലിരിക്കും കുരുപ്പു വല്ലപ്പൊഴും
നുള്ളുമ്പോൾ തോന്നുന്ന നൊമ്പരത്തെക്കാളും
ഉറ്റവർ ചുറ്റുമിരുന്നുരുവിട്ടിടും
കുറ്റപ്പെടുത്തലാണേറെഭയങ്കരം.
ശ്വേത കണങ്ങളും ശോണ ബിന്ദുക്കളുമൊന്നു ചേർ-
ന്നാദ്യമൊരുക്കിയ ജീവന്റെ സ്പന്ദന
സങ്കേതം പാടേ തകർക്കുവാനെന്നിലെ
സ്ത്രീത്വം വിസമ്മതം കൊൾകയാണെപ്പൊഴും.
നാനാതരം രോഗസഞ്ചയ ഭീഷണി--
പോലുമെന്നുള്ളിൽ ഭയം നിറയ്ക്കുന്നില്ല.
മൂക്കൊലിപ്പില്ലാതെയാക്കാൻ മുറിക്കില്ല
മൂക്കാരുമെങ്കില്പിന്നെന്തിന്നു വേദന-
മാറ്റാനറുത്തു കളയണമെന്നുടെ
മോഹസാഫല്യം പകര്ന്നതാമംഗകം?
|
Fans on the page
No comments:
Post a Comment