Total Pageviews

Monday, April 21, 2014

കേരളമെന്നു കേട്ടാല്‍ ............




"ഭാരതമെന്ന പേര്‍ കേട്ടാലഭിമാന
പൂരിതമാകണമന്തരംഗം
കേരളമെന്നു കേട്ടാലോ തിളയ്ക്കണം
ചോര നമുക്കു ഞരമ്പുകളില്‍ " എന്നും  ഭാരത സ്ത്രീകളുടെ ഭാവ ശുദ്ധിയെ കുറിച്ചും പാടിയ മഹാകവി വള്ളത്തോള്‍ , മൂകാംബിക ക്ഷേത്ര പരിസരത്തില്‍ അരങ്ങേറിയ ഈ കാഴ്ച കണ്ടിരുന്നെങ്കില്‍ എന്ത് പറയുമായിരുന്നു?








നിരവധി പേരില്‍ നിന്നും കോടികള്‍ തട്ടിയെടുക്കുകയും ,പല പുരുഷന്മാരുമായി കിടക്ക പങ്കിട്ടെന്നു കൂസലില്ലാതെ പറഞ്ഞ് നടക്കുകയും പലരെയും ബ്ലാക്മെയില്‍ ചെയ്തു കാശ് സമ്പാദിക്കുകയും ചെയ്ത  ഒരുത്തിയുടെ ഒട്ടോഗ്രാഫിനായി വീട്ടമ്മമാര്‍ മത്സരിക്കുന്ന ഈ ദൃശ്യം അന്തസ്സുള്ള ഏതു സ്ത്രീയ്ക്കും അപമാനമുണ്ടാക്കുന്നതാണ്.ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും പ്രശസ്തമായ അമ്പലത്തിന്റെ പരിസരത്ത് വച്ചാണ് തട്ടിപ്പുകാരിയുടെ "പ്രസാദ"ത്തിനായി കുലവധൂടികള്‍ മത്സരിച്ചതെന്നതാണ് ഏറെ കഷ്ടം!







Fans on the page

Tuesday, March 18, 2014

എമ്മെല്ലെയുടെയും ബിഷപ്പിന്റെയും ഭാഷ



വി.റ്റി.ബലറാം എം.എൽ.എ ഇടുക്കി ബിഷപ്പിനെ നികൃഷ്ടജീവിയായി ചിത്രീകരിച്ചതിനെ ചൊല്ലി എന്തെല്ലാം കോലാഹലങ്ങളായിരുന്നു.ഒടുവിൽ ആ ചെറുപ്പക്കരനെ കൊണ്ട് മാപ്പു പറയിച്ചിട്ടേ മുഖ്യമന്ത്രി ഉൾപ്പെടെയുള്ള കോൺഗ്രസ്സ് നേതാക്കൾക്ക് ഉറക്കം വന്നുള്ളു.എന്ത് അശ്ലീല ധ്വനിയാണു നികൃഷ്ടജീവി എന്ന വാക്കിലുള്ളത്? തന്നെ സന്ദർശിക്കാനെത്തിയ ഇടുക്കിയിലെ കോൺഗ്രസ്സ് സ്ഥാനാർത്ഥിയോട് വളരെ നികൃഷ്ടമായിട്ടാണു ബിഷപ്പ്  പെരുമാറിയത്.നിന്ദ്യമായും നികൃഷ്ടമായും പെരുമാറുന്നവരെ “നികൃഷ്ടജീവികൾ”എന്നല്ലതെ മറ്റെന്താണു വിളിക്കേണ്ടത്?പരമവിശുദ്ധനെന്നോ?അതിഥികളെ ആദരിക്കുന്നതാണു ഭാരതീയ പാരമ്പര്യം.ആ പാരമ്പര്യത്തോടു മമത ഇല്ലെങ്കിൽ വേണ്ടാ.ഒരു ബിഷപ്പിനു് ക്രിസ്തു വചനങ്ങളോടു ബഹുമാനവും വിധേയത്വവും വേണ്ടേ?“എനിക്കു വിശന്നു;നിങ്ങൾ ഭക്ഷിപ്പാൻ തന്നു;ദാഹിച്ചു കുടിപ്പാൻ തന്നു:ഞാൻ അതിഥിയായിരുന്നു,നിങ്ങൾ എന്നെ ചേർത്തുകൊണ്ടു.”എന്നാണു് ബൈബിൾ വചനം.ഇടുക്കി ബിഷപ്പാകട്ടെ അതിഥിയെ പുലഭ്യം കൊണ്ട് എറ്റി.സംസ്ക്കാരശൂന്യമായ വാക്കുകൾ കൊണ്ട് അതിഥിയുടെ മുഖത്തടിച്ചു.എന്നിട്ടും കുറ്റം സത്യം വിളിച്ചു പറഞ്ഞവനു്.

തന്റെ കൊച്ചു മകനാകാൻ മാത്രം പ്രായമുള്ള സ്ഥാനാർത്ഥിയോട്,അഭിവന്ദ്യനായ ഈ തിരുമേനി എത്ര മര്യാദകെട്ട രീതിയിലാണു് സംസാരിച്ചതെന്ന് സന്ദർശനത്തിന്റെ വീഡിയോക്ലിപ്പിങ്ങ് കണ്ടാൽ ബോദ്ധ്യമാകും.എതോ ഒരു മന്ത്രി സമരം ചെയ്തു പട്ടയം വാങ്ങാമെന്ന് ആരും കരുതണ്ടാ എന്നു പറഞ്ഞതിനെ ചൊല്ലി, ഇതെന്താ മന്ത്രിയുടെ തന്ത കണ്ട മൊതലാണോ എന്നാണു ഈ വൈദിക പ്രമാണി ചോദിക്കുന്നത്.മന്ത്രി അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ മന്ത്രിയോടു ചോദിക്കണം.അനുഗ്രഹം തേടി അരമനയിൽ ചെന്ന കുഞ്ഞാടിനോടല്ല ചോദിക്കണ്ടത്.അതിഥിയെ ശുശ്രൂഷിക്കണമെന്നും പാപികളോടു പൊറുക്കണമെന്നും ഉപദേശിച്ച യേശുക്രിസ്തുവിന്റെ പേരിൽ കുപ്പായവുമിട്ട് ജനസേവനത്തിനിറങ്ങിയ ഇടയന്റെ വായിൽ നിന്നും പൊട്ടി വീണ തെറിവാക്കുകൾ ഉമ്മൻ ചാണ്ടിയ്ക്കും സുധീരനും ഒക്കെ തിരുവചനങ്ങളായി തോന്നിയേക്കാം.തന്തയ്ക്കും തള്ളയ്ക്കും മറ്റും പറഞ്ഞാൽ പറയുന്നവന്റെ കരണക്കുറ്റി അടിച്ചു പൊട്ടിക്കുകയാണു തന്തയ്ക്കു പിറന്നവർ ചെയ്യുക.നികൃഷ്ട ജീവി എന്ന ബലറാമിന്റെ പ്രയോഗത്തെക്കാൾ എത്രയോ അധമമായ പ്രയോഗമാണു് ഇടുക്കി ബിഷപ്പ് മന്ത്രിക്കു നേരേ നടത്തിയത്!അദ്ദേഹം മാപ്പു പറയണമെന്ന് എന്താണു കേരളത്തിലെ സഭ്യതപരിപാലന പോലീസുകാർ ആവശ്യപ്പെടാത്തതെന്ത്?

അതിഥികളെ പുലഭ്യം പറയുക മാത്രമല്ല ഈ ബിഷപ്  ചെയ്തുകൊണ്ടിരിക്കുന്നത്. സർക്കർ ഉത്തരവുകൾ ദുർവ്യാഖ്യാനം ചെയ്തും അസത്യങ്ങൾ പ്രചരിപ്പിച്ചും ജനങ്ങളിൽ ഭീതി പരത്തുകയും പരസ്പര സ്പർദ്ധ വളർത്തുകയുമാണു ഇദ്ദേഹത്തിന്റെ കുറേ നാളായിട്ടുള്ള തൊഴിൽ.“വെള്ള തേച്ച ശവക്കല്ലറകൾ” എന്നു ക്രിസ്തു ദേവൻ വിശേഷിപ്പിച്ചത് ഇത്തരം ബിഷപ്പുമാരെ ഉദ്ദേശിച്ചാകണം.ജനങ്ങളെ കലാപത്തിനു പ്രേരിപ്പിക്കുന്ന സാമൂഹികദ്രോഹികളെ ജയിലിൽ അടക്കേണ്ടതിനുപകരം അവർക്കു മുപിൽ കുമ്പസാരിക്കുന്ന ഭരണാധികാരികളും രാഷ്ട്രീയ പാർട്ടികളും ഗുരുതരമായ കൃത്യവിലോപമാണു കാട്ടുന്നത്.









Fans on the page

Monday, March 3, 2014

കോഴിക്കള്ളന്‍

പല മട്ടു തേടീട്ടും കോഴിയെക്കാണാതെ-
യലയുന്ന വീട്ടമ്മയ്ക്കരികിലൂടെ
തല നിറയെ തൂവലും പേറിയേകൻ
തടിയനഹങ്കാരിയോടിപ്പോകെ
അഴലെഴും വീട്ടമ്മയറിയാതെ ചോദിച്ചു:
“എവിടുന്നു കിട്ടിയീ കോഴിത്തൂവൽ?”
“കോഴിയുമില്ലൊരു തൂവലുമില്ല
ഒരു ചുക്കുമറിയില്ല നിങ്ങൾക്ക്”
ഉരുകിത്തിളയ്ക്കുന്നു ഗർവ്വിഷ്ഠൻ
കരൾ നൊന്തു നിലക്കുന്നു വീട്ടമ്മ.








Fans on the page

Friday, February 28, 2014

സുധീരവിരോധികള്‍

മന്നം സമാധിയിൽ പുഷ്പാർച്ചന ചെയ്യാൻ ചെന്ന വി.എം.സുധീരനെ കാണാനുള്ള മര്യാദ പോലും കാട്ടാതിരുന്ന എൻ.എസ്.എസ്.ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ,സുധീരനെതിരെ പരാതിയുമായി ഇറങ്ങിയിരിക്കുന്നു.മന്നത്തിനെ സുധീരൻ അപമാനിച്ചു പോലും!ഷാളുമായി അരമനയിൽ കാത്തിരുന്നിട്ട് അദ്ദേഹം മുഖം കാണിക്കാൻ ചെന്നില്ലത്രെ.പുഷ്പാർച്ചന ചെയ്യുന്നത് അപമാനിക്കലാണെന്ന സുകുമാരൻ നായരുടെ കണ്ടുപിടുത്തം അത്ഭുതകരമായിരിക്കുന്നു.അതിഥിയെസ്വീകരിക്കാൻ മുറിയിൽ കാത്തിരിക്കുകയാണോ മാന്യന്മാർ ചെയ്യുക?ഷാൾ കഴുത്തിലിട്ടു മുറുക്കുകയോ മറ്റോ ചെയ്യാനായിരുന്നോ പരിപാടി?സുധീരന്റെ ആയുസ്സിന്റെ വലിപ്പം കൊണ്ടാകണം മുറിയിൽ ചെല്ലാൻ തോന്നാഞ്ഞത്.സമുദായാംഗങ്ങളിൽ നിന്നു തന്നെ എതിർപ്പും വിമർശനവും ഉണ്ടായപ്പോൾ താൻ എൻ.എസ്.എസിന്റെ പോപ്പാണെന്നായി സുകുമാരൻ നായർ.മന്നം നായന്മാരുടെ മാത്രം സ്വത്താണെന്നും,മന്നം സമാധി കോട്ടയത്തെ ഗാന്ധിപ്രതിമ പോലെ ആർക്കും കേറി നിരങ്ങാവുന്നിടമല്ലെന്നും സുകുമാരൻ നായർ പറഞ്ഞു.മന്നം നായന്മാരുടെ സ്വന്തമാണെന്നു് അവകാശപ്പെടാൻ സുകുമാരൻ നായർക്ക് അധികാരമുണ്ട്.അതുകൊണ്ട് ഗാന്ധിജിയെ നിന്ദിക്കുവാൻ സുകുമാരൻ നായർക്ക് അവകാശമുണ്ടെന്ന് ധരിക്കരുത്.ഗാന്ധിജി സുകുമാരൻ നായരെപ്പോലെയുള്ള ഏഴാംകൂലികൾക്ക് അവഹേളിക്കുവാനുള്ള ഉരുപ്പടിയല്ല.

എന്താണു് സുകുമാരൻ നായരുടെ യഥാർത്ഥ പ്രശ്നം?എം.എൽ.എ; വി.റ്റി.ബലറാം പറഞ്ഞതുപോലെ സമയത്തു ഗുളിക കഴിക്കാത്തതു മാത്രമാണെന്നു തോന്നുന്നില്ല.കഴിഞ്ഞ കുറേ നാളുകളായി--കുറഞ്ഞ പക്ഷം സുകുമാരൻ നായർ സർവ്വ പ്രതാപിയായ സെക്രട്ടറിയായി വിലസാൻ തുടങ്ങിയതിനു ശേഷമെങ്കിലും--നട്ടെല്ലു വളച്ച് ഓച്ഛാനിച്ചു നില്ക്കുന്ന കെ.പി.സി.സി പ്രസിഡന്റുമാരെ മാത്രമേ കണ്ടിട്ടുള്ളൂ.തൊഴിക്കും തോറും തൊഴുതും തെറി പറയും തോറും വായ്ക്കൈ പൊത്തിയും നില്ക്കുന്ന കോൺഗ്രസ്സ് പ്രസിഡന്റുമാരെയും നേതാക്കളെയും കണ്ടുശീലിച്ച സുകുമാരനേത്രങ്ങൾക്ക് അത്തരക്കാരനല്ലാത്ത സുധീരനെ ഉൾക്കൊള്ളാൻ കഴിയില്ല.അതുകൊണ്ടാണല്ലോ പെണ്ണു പിടിയനായ ഒരു കേന്ദ്രമന്ത്രി പുഷ്പാർച്ചന നടത്തിയ മന്നത്തിന്റെ കല്ലറ സുധീരൻ തൊട്ട് അശുദ്ധമാക്കി എന്ന് അദ്ദേഹം ആക്രോശിക്കുന്നത്.

അല്ല;സുധീരനു് ഇതു വേണം.ആർ. ശങ്കറോടുള്ള വ്യക്തിവിരോധവും ജാതിക്കുശുമ്പും നിമിത്തം കേരളത്തിലെ കോൺഗ്രസ്സ് പാർട്ടിയെ പിളർത്തിയ മന്നത്തിന്റെ ശവകുടീരത്തെ വണങ്ങുവാൻ ,മറ്റാരു പോയാലും കെ.പി.സി.സി.പ്രസിഡന്റു പോകാൻ പാടുണ്ടോ?ഗാന്ധിയൻ തത്ത്വം അനുസരിച്ച് എല്ലാം പൊറുത്തു എന്നു കാണിക്കാനാണു പോയതെങ്കിൽ നല്ലത്.പക്ഷേ ആ മഹാമനസ്കത മനസ്സിലാകാത്ത മൂഢർക്കു മുമ്പിൽ ഇതൊക്കെ വിപരീത ഫലമേ സൃഷ്ടിക്കൂ.“പന്നിയുടെ മുമ്പിൽ മുത്തെറിയരുത്”എന്ന ബൈബിൾ വാക്യം സുധീരൻ ഓർക്കണമായിരുന്നു.

സുധീരനെ കണ്ടപ്പോൾ കുരിശു കണ്ട പിശാചിനെപ്പൊലെ ഭയപ്പെടുകയും വെപ്രാളപ്പെടുകയും ചെയ്തവരുടെ കൂട്ടത്തിൽ നായർ നേതാവായ സുകുമാരൻ നായർ മാത്രമല്ല ഈഴവ നേതാവായ വെള്ളാപ്പള്ളി നടേശനും ഉണ്ട്.കെ.പി.സി.സി.പ്രസിഡന്റായതിനു ശേഷമാണു സുകുമാരൻ നായർക്കു സുധീരപ്പേടി തുടങ്ങിയതെങ്കിൽ നടേശ ഈഴവനു് സുധീരൻ ആലപ്പുഴ പാർലമെന്റു സ്ഥാനാർത്ഥിയായപ്പൊഴേ തുടങ്ങിയിരുന്നു.'വയറു പെരുപ്പിച്ച് ശബ്ദമുണ്ടാക്കുന്ന തൊണ്ണൻ തവളയാണു സുധീരൻ' എന്നും ബഹളമുണ്ടാക്കി വാർത്ത സൃഷ്ടിക്കാനാണു അദ്ദേഹം ശ്രമിക്കുന്നതെന്നുംനടേശൻ പറഞ്ഞത് സുധീരൻ കെ.പി.സി.സി പ്രസിഡന്റാകുന്നതിനു മുമ്പാണു്.ഒരു ഗ്രൂപ്പിലും പെടാതെ അധികാര സ്ഥാനങ്ങളൊന്നും വഹിക്കാതെയിരുന്ന സുധീരനെപ്പോലും ഭയമായിരുന്നു നടേശനു്.മൂന്നാമതും തെറ്റിപ്പിരിഞ്ഞെങ്കിലും സുകുമാര നടേശന്മാർ ഒരേ നുകത്തിൽ കെട്ടാൻ പറ്റിയവർ തന്നെയെന്ന് ഒരിക്കൽ കൂടി തെളിഞ്ഞിരിക്കുന്നു.സാമുദായിക നേതാക്കളെ വണങ്ങിനിന്നതു കൊണ്ട് ഒരു രാഷ്ട്രീയ പാർട്ടിയും വളർന്നിട്ടില്ല എന്ന ചരിത്ര സത്യം സുധീരനെപ്പോലുള്ളവർ മനസ്സിലാക്കുന്നത് നന്ന്.









Fans on the page

Thursday, February 13, 2014

അഴീക്കോടിനെ വില്പനച്ചരക്കാക്കുമ്പോൾ...

ഡോ.സുകുമാർ അഴീക്കോട് അന്തരിച്ചിട്ട് 2014 ജനുവരി 24 നു രണ്ടു വർഷം തികഞ്ഞു.അന്ന് മലയാള മനോരമയും ദീപികയും ഒഴികെയുള്ള എല്ലാ മലയാളപത്രങ്ങളും അനുസ്മരണ ലേഖനങ്ങൾ പ്രസിദ്ധീകരിക്കുകയുണ്ടായി.കേരളകൗമുദിയാകട്ടെ കണ്ണൂർ എഡിഷനിൽ മാത്രമായി കെ.പി.സുധീരയുടെ ഒരു കുറിപ്പു പ്രസിദ്ധീകരിച്ചു.മാതൃഭൂമിയിൽ വന്ന എം.എൻ .കാരാശ്ശേരിയുടെയും ജനയുഗത്തിൽ പ്രസിദ്ധീകരിച്ച കെ.പി.രാജേന്ദ്രന്റെ ലേഖനവും മികച്ച നിലവാരം പുലർത്തുന്നതായിരുന്നു.എന്നാൽ ശ്രീമതി സുധീരയുടെ കുറിപ്പ്,അഴീക്കോടു സാർ രോഗബാധിതനായി കിടന്നപ്പോൾ മുതൽ ഇവർ എഴുതി കാശാക്കിയ കെട്ടുകഥകളുടെ ആവർത്തനമാണു.അവയിൽ പലതും അവാസ്തവവും അർദ്ധ സത്യവുമാണു.ലേഖനത്തിലെ അഴീക്കോടു സാറിന്റെ അവസാന നിമിഷത്തിന്റെ വർണ്ണന വായിച്ചാൽ അദ്ദേഹത്തിന്റെ പ്രാണൻ പോകുന്നത് സുധീര കണ്ടുകൊണ്ടു നില്ക്കുകയായിരുന്നു എന്ന് തോന്നും.അവസാനത്തെ മൂന്നു ദിവസവും അമലയിൽ ഉണ്ടായിരുന്ന ഒരാളെന്ന നിലയിൽ എനിക്കു വ്യക്തമായറിയാം അഴീക്കോടിന്റെ അന്ത്യ നിമിഷത്തിൽ സുധീര ആ പരിസരത്തു പോലുമില്ലായിരുന്നു എന്ന്.സാർ മരിക്കുന്നതിന്റെ തലേ ദിവസമാണു മോഹൻ ലാൽ അദ്ദേഹത്തെ കാണാൻ ആശുപത്രിയിൽ എത്തിയത്.മോഹൻലാൽ പോയ പിറകേ മറ്റു പലരെയും പോലെ സുധീരയും സ്ഥലം വിട്ടു.അപ്പോൾ ഏകദേശം വൈകുന്നേരം നാലു മണിയായിക്കാണും .ആ പകൽ കഴിഞ്ഞ് അന്നത്തെ രാത്രിയും അവസാനിക്കാറായപ്പോഴാണു അന്ത്യം സംഭവിച്ചത്.പിറ്റേന്ന് പയ്യാമ്പലത്തേക്കുള്ള വിലാപയാത്രയിൽ മൃതദേഹം വഹിക്കുന്ന വാഹനത്തിൽ കയറാൻ നടത്തിയ ശ്രമം പരാജയപ്പെട്ടതിന്റെ ജാള്യവുമായി കണ്ണൂർ ടൗണിലാണു പിന്നീടു സുധീരയെ കണ്ടത്.

അഴീക്കോട് മരിച്ചിട്ട് 2014 ജനുവരി 24നു രണ്ടു വർഷം തികഞ്ഞു.പക്ഷേ സുധീരയുടെ കണക്കു പ്രകാരം അദ്ദേഹം “വിടപറഞ്ഞിട്ട് ഒരു വർഷം പിന്നിടുന്ന”തേയുള്ളൂ.ഒരു പക്ഷേ കഴിഞ്ഞ വർഷം ഏതോ പ്രസിദ്ധീകരണത്തിനു കൊടുത്ത ലേഖനം തലക്കെട്ട് മാറ്റി കേരളകൗമുദിക്ക് അയച്ചു കൊടുത്തതാകാം.അതു മനസ്സിലാക്കിയിട്ടാകണം അവർ ഈ ലേഖനം കണ്ണൂർ എഡിഷനിൽ മാത്രമായി ചുരുക്കിയത്.എന്തായലും ഇതിന്റെ അസ്സൽ, സാർ മരിച്ച ശേഷം കലാകൗമുദി പ്രസിദ്ധീകരിച്ച പ്രത്യേക പതിപ്പിൽ കാണാം.അഴീക്കോടിന്റെ ആത്മ കഥയിൽ സുധീരയുടെ പേർ അവരുടെ അച്ഛനെ കുറിച്ച് എഴുതുമ്പോൾ പരാമർശിച്ചു പോയത് ഇത്ര അലിയ കുരിശ്ശാകുമെന്ന് അദ്ദേഹം സ്വപ്നത്തിൽ പോലും വിചാരിച്ച് കാണില്ല.







Fans on the page

Friday, January 31, 2014

അച്ഛൻ & മകൻ കമ്പനി



1903 ൽ ഡോ.പല്പ്പുവിന്റെ ഉത്സാഹത്തിൽ കമ്പനി ആക്റ്റ് പ്രകാരം രൂപം കൊണ്ട സംഘടനയാണു എസ്.എൻ.ഡി.പി യോഗം.ഈഴവ മഹാജന സഭയ്ക്കും അരുവിപ്പുറം ക്ഷേത്രയോഗത്തിനും പകരമായി ശ്രീനാരായണഗുരുവിന്റെ പേരിൽ വിശാലാശയങ്ങളോടെ സ്ഥാപിക്കപ്പെട്ട ആ സംഘടന ഇന്ന് അച്ഛൻ ആന്റ് മകൻ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായി മാറിയിരിക്കുന്നു.സമുദായോന്നമനവും വിശ്വസാഹോദര്യവും ലക്ഷ്യമാക്കി ആരംഭിച്ച പ്രസ്ഥാനം സമുദായസ്പർദ്ധ വളർത്താനുള്ള ജാതി സംഘമായി മാറ്റാൻപിതാവും പുത്രനും കൂടി കിണഞ്ഞു ശ്രമിക്കുകയാണു. “ജാതി ഭേദം മതദ്വേഷമേതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനം"നിർമ്മിച്ച ഗുരുവിന്റെ ധർമ്മം പരിപാലിക്കാൻ രൂപം കൊണ്ട സംഘടനയുടെ ജനറൽ സെക്രട്ടറിയുടെയും വൈസ്പ്രസിഡന്റിന്റെയും സ്ഥാനത്ത് കയറിപ്പറ്റിയിരിക്കുന്ന അച്ഛനും മകനും കൂടി യാതൊരു സങ്കോചവും ഇല്ലാതെ പച്ചയ്ക്ക് ജാതി പറയുകയും മതവിദ്വേഷത്തിന്റെ ഹീനഭാഷ സംസാരിക്കുകയുമാണു ചെയ്യുന്നത്.

സാമുദായിക അവശതയിൽ നിന്നുള്ള മോചനം യോഗത്തിന്റെ ലക്ഷ്യങ്ങളിൽ ഒന്നായിരുന്നെങ്കിലും ഒരിക്കലും അന്യ മത,ജാതി വർഗ്ഗ വിദ്വേഷം അതിന്റെ അജണ്ടയിൽ ഉണ്ടായിരുന്നില്ല.ഈഴവ സംഗമം നടത്തി ജാതിയില്ലാതാക്കാമെന്നു പ്രചരിപ്പിക്കുകയും മദ്യം വിഷമാണെന്ന് ഗുരു പറഞ്ഞതിൽ വിദേശമദ്യം ഉൾപ്പെടില്ലെന്നു വ്യാഖ്യാനിക്കുകയും ചെയ്യുന്ന അച്ഛനും മകനും കൂടി നടത്തുന്നത്  ഗുരുനിന്ദയാണു.പാവപ്പെട്ട സമുദായാംഗങ്ങളിൽ നിന്നും പിരിച്ചെടുത്ത തുകയുപയോഗിച്ച് നാടു മുഴുവൻ കെട്ടിപ്പൊക്കിയിരിക്കുന്ന ഫ്ലക്സ് ബോർഡുകൾ തന്നെ സ്വാമിയെ സാന്റ് വിച്ച് ആക്കുന്നതിന്റെ വിളംബരമാണു.എല്ലായിടത്തും സെക്രട്ടറിയച്ഛന്റെയും വൈസ്പ്രസിഡന്റ് മോന്റെയും ഇടയിലാണു സ്വാമിയുടെ സ്ഥാനം.പ്രസിഡന്റ് എന്ന സാധു ജീവിയെ കാണണമെങ്കിൽ മൈക്രോസ്കോപ്പ് വേണം.അതോ വൈസ്പ്രസിഡന്റിനു താഴെയാണു പ്രസിഡന്റിന്റെ സ്ഥാനവും അധികാരങ്ങളും എന്ന് യോഗത്തിന്റെ ബൈലാ ഭേദഗതി ചെയ്തോ?എന്തായാലും ഗുരുവിനെ ഞെരിക്കുന്ന പാപചിത്രങ്ങളിൽ നിന്നും പ്രസിഡന്റ് രക്ഷപ്പെട്ടല്ലോ!

ജാതി നോക്കി വോട്ടു ചെയ്യുന്നവർ അധികാരത്തിൽ കയറി എല്ലാം കവർന്നെടുക്കുന്നുവെന്നും അതുകൊണ്ട് ഈഴവരും ജാതി നോക്കി വോട്ടു ചെയ്യണമെന്നുമാണു അച്ഛൻ വെള്ളാപ്പള്ളിയുടെ ഏറ്റവും പുതിയ പ്രബോധനം.സ്വന്തം പുത്രനെ ഗുരുവായൂര്‍ ദേവസ്വം ബോഡ് മെംബറാക്കിയപ്പോൾ ഉമ്മൻ ചാണ്ടി സമർത്ഥനായ മുഖ്യമന്ത്രിയാണെന്നു വാഴ്ത്തിയത് ജനം മറന്നിട്ടില്ല.എൻ.എസ്.എസ്.ജനറൽ സെക്രട്ടറി ,ഉമ്മൻ ചാണ്ടിയെ വിമർശിക്കും മുമ്പ് സ്വന്തം പുത്രിക്കു കിട്ടിയ സിൻഡിക്കേറ്റ് അംഗത്വം രാജിവയ്പിക്കാനുള്ള മര്യാദയെങ്കിലും കാണിച്ചു.അത്ര പോലും അന്തസ്സു കാട്ടാതെ സർക്കാരിനെ വിമർശിക്കുന്നതു കേൾക്കുമ്പോൾ സ്വന്തക്കാർക്ക്(സമുദായത്തിനല്ല) വീണ്ടും കിട്ടാത്തതിന്റെ കൊതിക്കെറുവു മാത്രമായിട്ടേ ജനം ധരിക്കൂ.

“സംഘടിച്ചു ശക്തരാകാനും വിദ്യ കൊണ്ടു പ്രബുദ്ധരാകാനും വ്യവസായത്തിലൂടെ സമ്പത്തുണ്ടാക്കാനും ഉപദേശിച്ചത് ശ്രീനാരായണഗുരുവാണു.എന്നാൽ ഇതെല്ലാം അക്ഷരം പ്രതി പ്രാവർത്തികമാക്കിയതാകട്ടെ സംഘടിത ന്യൂനപക്ഷങ്ങളും.”എസ്.എൻ.ഡി.പി.യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ മകനും യോഗം വൈസ് പ്രസിഡന്റുമായ തുഷാർ വെള്ളാപ്പള്ളി എഴുതിയ ലേഖനത്തിലെ(കേരളകൗമുദി.30.12014)വാചകങ്ങളാണിത്.അച്ഛൻ വെള്ളാപ്പള്ളിയേക്കാൾ വിവരക്കേട് ഏഴുന്നള്ളിക്കാൻ മകൻ വെള്ളാപ്പള്ളി മിടുക്കനാണെന്ന് ഈ പ്രസ്താവന തന്നെ തെളിയിക്കുന്നു.ശ്രീനാരായണ ഗുരു പറഞ്ഞതു കൊണ്ട് അത് മറ്റാരും പ്രാവർത്തികമാക്കാൻ പാടില്ല എന്നു തോന്നും കൊച്ചു വെള്ളാപ്പള്ളിയുടെ ഗീർ വാണം കേട്ടാൽ.“പലമത സാരവുമേകം”എന്നു പഠിപ്പിച്ച മഹാഗുരുവിനെ കുറിച്ചെഴുതിയ ലേഖനത്തിലെ മതവിദ്വേഷവും ശ്രദ്ധിക്കുക.

കേരളത്തിലെ 126 ഡപ്യൂട്ടി കളക്റ്റർമാരിൽ ഒരാൾ പോലും ഈഴവ സമുദായത്തിൽ നിന്നില്ല എന്നു വിലപിക്കുന്ന കൊച്ചു വെള്ളാപ്പള്ളി,പി.എസ്.സി ഉണ്ടായകാലം മുതൽ പാലിച്ചു വന്ന നിയമത്തിനും നടപടിക്രമത്തിനും വിരുദ്ധമായി ഈയിടെ ഡപ്യൂട്ടികളക്റ്റർ ഇന്റർവ്യൂ നടത്തുകയും ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും ചെയ്തിട്ട് എന്തു ചെയ്തു?ടെസ്റ്റിൽ മുന്നിൽ വന്ന ഈഴവരുൾപ്പടെയുള്ള പിന്നോക്കക്കാരെ അവിടെനിന്നും അടർത്തിമാറ്റി പ്രത്യേകം ലിസ്റ്റുണ്ടാക്കി ഇന്റർവ്യൂവിനു വിളിച്ച് മെറിറ്റിൽ കിട്ടാനുള്ള സാദ്ധ്യത ഇല്ലാതാക്കിയപ്പോൾ അച്ഛന്റെയും മകന്റെയും സമുദായ സ്നേഹം എവിടെ പോയിരുന്നു?വെറ്ററിനറി സർവ്വകലാശാലാ വൈസ് ചാൻസലറെ ആ സ്ഥാനത്തു നിന്നു ഉമ്മൻ ചാണ്ടി സർക്കാർ നീക്കിയപ്പോൾ ഇവരുടെ ജാതി സ്നേഹം എവിടെ പോയിരുന്നു?അദ്ദേഹം സ്വയം നിയമ യുദ്ധം നടത്തിയല്ലേ തിരികെ വന്നത്?കേരളത്തിലെ മിക്ക മാനേജ്മെന്റുകളുടെയും കോളജുകൾക്ക് സ്വയംഭരണ പദവി ലഭിച്ചപ്പോൾ,എസ്.എൻ.ട്രസ്റ്റിന്റെ ഒറ്റ കോളജിനു പോലും ആ പദവി ലഭിച്ചില്ല.അദ്ധ്യാപകരെ ലേലം വിളിച്ചു നിയമിച്ചാൽ ഒരു നല്ല അക്കാദമിക് പദവിയും കിട്ടാൻ പോകുന്നില്ല.

“ജാതിയെപ്പറ്റിയും മതത്തെപ്പറ്റിയും മദ്യപാനം തുടങ്ങിയ സമൂഹ ദോഷങ്ങളെപ്പറ്റിയും ഗുരു പ്രസ്താവിച്ചതും ഗുരുദേവന്റെ വേദാന്തചിന്തകളും ഒരുപോലെ ഉദ്ഗ്രഥിച്ച് ചിന്താപ്രചാരണം നടത്താൻ പോന്ന ധൈഷണിക മഹത്ത്വവും ശീലശുദ്ധിയും ഉള്ള ആളുകൾ ആദ്യകാല ശിഷ്യപ്രവർത്തകർക്കു ശേഷം നഷ്ടപ്പെട്ടു പോകുകയും സ്ഥാനമോഹികളും അയോഗ്യരുമായ ”പെരുച്ചാഴികൾ“(പ്രയോഗത്തിനു ഡോ.പല്പ്പുവിനോടു കടപ്പാട്)നേതാക്കളായി വരികയും ചെയ്തതാണു പൊതുവേ പറഞ്ഞാൽ ശ്രീനാരായണപ്രസ്ഥാനങ്ങളിൽ പ്രമുഖങ്ങളായ യോഗത്തിന്റെയും സംഘത്തിന്റെയും ദുരന്തം” എന്ന് ഡോ.സുകുമാർ അഴീക്കോട് നിരീക്ഷിച്ചത് എത്ര വാസ്തവം!പെരുച്ചാഴികൾ മാത്രമല്ല ചുണ്ടെലികളും കൂടിയാണു ഇപ്പോൾ യോഗത്തെ തുരക്കുന്നതെന്നു മാത്രമേ കൂട്ടിച്ചേർക്കേണ്ടതുള്ളു.









Fans on the page

Thursday, January 30, 2014

എത്ര തല?


മോടിയും ധാടിയും കൂട്ടാൻ
താടി വടിച്ചും വളർത്തിയും നോക്കി.
റോഡു വെട്ടി കാടു വെട്ടി
ഒടുവിൽ അടുത്തു നിന്ന
അന്യമതക്കാരന്റെ തലവെട്ടി.
അധികാരമുറപ്പിക്കാൻ
നരമേധം അനിവാര്യം.
ഉറച്ച സിംഹാസനം കാക്കാൻ
നിറവയറു കീറി
ഭ്രൂണത്തെ ശൂലത്തിൽ കോർത്തു.
ഇനിയെന്റെ ലക്ഷ്യം
ഇന്ദ്രപ്രസ്ഥം.
അതിനെത്ര തലവേണമെന്നതാ-
ണടിയന്റെ ചിന്ത!






Fans on the page