Total Pageviews

Thursday, February 13, 2014

അഴീക്കോടിനെ വില്പനച്ചരക്കാക്കുമ്പോൾ...

ഡോ.സുകുമാർ അഴീക്കോട് അന്തരിച്ചിട്ട് 2014 ജനുവരി 24 നു രണ്ടു വർഷം തികഞ്ഞു.അന്ന് മലയാള മനോരമയും ദീപികയും ഒഴികെയുള്ള എല്ലാ മലയാളപത്രങ്ങളും അനുസ്മരണ ലേഖനങ്ങൾ പ്രസിദ്ധീകരിക്കുകയുണ്ടായി.കേരളകൗമുദിയാകട്ടെ കണ്ണൂർ എഡിഷനിൽ മാത്രമായി കെ.പി.സുധീരയുടെ ഒരു കുറിപ്പു പ്രസിദ്ധീകരിച്ചു.മാതൃഭൂമിയിൽ വന്ന എം.എൻ .കാരാശ്ശേരിയുടെയും ജനയുഗത്തിൽ പ്രസിദ്ധീകരിച്ച കെ.പി.രാജേന്ദ്രന്റെ ലേഖനവും മികച്ച നിലവാരം പുലർത്തുന്നതായിരുന്നു.എന്നാൽ ശ്രീമതി സുധീരയുടെ കുറിപ്പ്,അഴീക്കോടു സാർ രോഗബാധിതനായി കിടന്നപ്പോൾ മുതൽ ഇവർ എഴുതി കാശാക്കിയ കെട്ടുകഥകളുടെ ആവർത്തനമാണു.അവയിൽ പലതും അവാസ്തവവും അർദ്ധ സത്യവുമാണു.ലേഖനത്തിലെ അഴീക്കോടു സാറിന്റെ അവസാന നിമിഷത്തിന്റെ വർണ്ണന വായിച്ചാൽ അദ്ദേഹത്തിന്റെ പ്രാണൻ പോകുന്നത് സുധീര കണ്ടുകൊണ്ടു നില്ക്കുകയായിരുന്നു എന്ന് തോന്നും.അവസാനത്തെ മൂന്നു ദിവസവും അമലയിൽ ഉണ്ടായിരുന്ന ഒരാളെന്ന നിലയിൽ എനിക്കു വ്യക്തമായറിയാം അഴീക്കോടിന്റെ അന്ത്യ നിമിഷത്തിൽ സുധീര ആ പരിസരത്തു പോലുമില്ലായിരുന്നു എന്ന്.സാർ മരിക്കുന്നതിന്റെ തലേ ദിവസമാണു മോഹൻ ലാൽ അദ്ദേഹത്തെ കാണാൻ ആശുപത്രിയിൽ എത്തിയത്.മോഹൻലാൽ പോയ പിറകേ മറ്റു പലരെയും പോലെ സുധീരയും സ്ഥലം വിട്ടു.അപ്പോൾ ഏകദേശം വൈകുന്നേരം നാലു മണിയായിക്കാണും .ആ പകൽ കഴിഞ്ഞ് അന്നത്തെ രാത്രിയും അവസാനിക്കാറായപ്പോഴാണു അന്ത്യം സംഭവിച്ചത്.പിറ്റേന്ന് പയ്യാമ്പലത്തേക്കുള്ള വിലാപയാത്രയിൽ മൃതദേഹം വഹിക്കുന്ന വാഹനത്തിൽ കയറാൻ നടത്തിയ ശ്രമം പരാജയപ്പെട്ടതിന്റെ ജാള്യവുമായി കണ്ണൂർ ടൗണിലാണു പിന്നീടു സുധീരയെ കണ്ടത്.

അഴീക്കോട് മരിച്ചിട്ട് 2014 ജനുവരി 24നു രണ്ടു വർഷം തികഞ്ഞു.പക്ഷേ സുധീരയുടെ കണക്കു പ്രകാരം അദ്ദേഹം “വിടപറഞ്ഞിട്ട് ഒരു വർഷം പിന്നിടുന്ന”തേയുള്ളൂ.ഒരു പക്ഷേ കഴിഞ്ഞ വർഷം ഏതോ പ്രസിദ്ധീകരണത്തിനു കൊടുത്ത ലേഖനം തലക്കെട്ട് മാറ്റി കേരളകൗമുദിക്ക് അയച്ചു കൊടുത്തതാകാം.അതു മനസ്സിലാക്കിയിട്ടാകണം അവർ ഈ ലേഖനം കണ്ണൂർ എഡിഷനിൽ മാത്രമായി ചുരുക്കിയത്.എന്തായലും ഇതിന്റെ അസ്സൽ, സാർ മരിച്ച ശേഷം കലാകൗമുദി പ്രസിദ്ധീകരിച്ച പ്രത്യേക പതിപ്പിൽ കാണാം.അഴീക്കോടിന്റെ ആത്മ കഥയിൽ സുധീരയുടെ പേർ അവരുടെ അച്ഛനെ കുറിച്ച് എഴുതുമ്പോൾ പരാമർശിച്ചു പോയത് ഇത്ര അലിയ കുരിശ്ശാകുമെന്ന് അദ്ദേഹം സ്വപ്നത്തിൽ പോലും വിചാരിച്ച് കാണില്ല.







Fans on the page

No comments: