Total Pageviews

Friday, February 28, 2014

സുധീരവിരോധികള്‍

മന്നം സമാധിയിൽ പുഷ്പാർച്ചന ചെയ്യാൻ ചെന്ന വി.എം.സുധീരനെ കാണാനുള്ള മര്യാദ പോലും കാട്ടാതിരുന്ന എൻ.എസ്.എസ്.ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ,സുധീരനെതിരെ പരാതിയുമായി ഇറങ്ങിയിരിക്കുന്നു.മന്നത്തിനെ സുധീരൻ അപമാനിച്ചു പോലും!ഷാളുമായി അരമനയിൽ കാത്തിരുന്നിട്ട് അദ്ദേഹം മുഖം കാണിക്കാൻ ചെന്നില്ലത്രെ.പുഷ്പാർച്ചന ചെയ്യുന്നത് അപമാനിക്കലാണെന്ന സുകുമാരൻ നായരുടെ കണ്ടുപിടുത്തം അത്ഭുതകരമായിരിക്കുന്നു.അതിഥിയെസ്വീകരിക്കാൻ മുറിയിൽ കാത്തിരിക്കുകയാണോ മാന്യന്മാർ ചെയ്യുക?ഷാൾ കഴുത്തിലിട്ടു മുറുക്കുകയോ മറ്റോ ചെയ്യാനായിരുന്നോ പരിപാടി?സുധീരന്റെ ആയുസ്സിന്റെ വലിപ്പം കൊണ്ടാകണം മുറിയിൽ ചെല്ലാൻ തോന്നാഞ്ഞത്.സമുദായാംഗങ്ങളിൽ നിന്നു തന്നെ എതിർപ്പും വിമർശനവും ഉണ്ടായപ്പോൾ താൻ എൻ.എസ്.എസിന്റെ പോപ്പാണെന്നായി സുകുമാരൻ നായർ.മന്നം നായന്മാരുടെ മാത്രം സ്വത്താണെന്നും,മന്നം സമാധി കോട്ടയത്തെ ഗാന്ധിപ്രതിമ പോലെ ആർക്കും കേറി നിരങ്ങാവുന്നിടമല്ലെന്നും സുകുമാരൻ നായർ പറഞ്ഞു.മന്നം നായന്മാരുടെ സ്വന്തമാണെന്നു് അവകാശപ്പെടാൻ സുകുമാരൻ നായർക്ക് അധികാരമുണ്ട്.അതുകൊണ്ട് ഗാന്ധിജിയെ നിന്ദിക്കുവാൻ സുകുമാരൻ നായർക്ക് അവകാശമുണ്ടെന്ന് ധരിക്കരുത്.ഗാന്ധിജി സുകുമാരൻ നായരെപ്പോലെയുള്ള ഏഴാംകൂലികൾക്ക് അവഹേളിക്കുവാനുള്ള ഉരുപ്പടിയല്ല.

എന്താണു് സുകുമാരൻ നായരുടെ യഥാർത്ഥ പ്രശ്നം?എം.എൽ.എ; വി.റ്റി.ബലറാം പറഞ്ഞതുപോലെ സമയത്തു ഗുളിക കഴിക്കാത്തതു മാത്രമാണെന്നു തോന്നുന്നില്ല.കഴിഞ്ഞ കുറേ നാളുകളായി--കുറഞ്ഞ പക്ഷം സുകുമാരൻ നായർ സർവ്വ പ്രതാപിയായ സെക്രട്ടറിയായി വിലസാൻ തുടങ്ങിയതിനു ശേഷമെങ്കിലും--നട്ടെല്ലു വളച്ച് ഓച്ഛാനിച്ചു നില്ക്കുന്ന കെ.പി.സി.സി പ്രസിഡന്റുമാരെ മാത്രമേ കണ്ടിട്ടുള്ളൂ.തൊഴിക്കും തോറും തൊഴുതും തെറി പറയും തോറും വായ്ക്കൈ പൊത്തിയും നില്ക്കുന്ന കോൺഗ്രസ്സ് പ്രസിഡന്റുമാരെയും നേതാക്കളെയും കണ്ടുശീലിച്ച സുകുമാരനേത്രങ്ങൾക്ക് അത്തരക്കാരനല്ലാത്ത സുധീരനെ ഉൾക്കൊള്ളാൻ കഴിയില്ല.അതുകൊണ്ടാണല്ലോ പെണ്ണു പിടിയനായ ഒരു കേന്ദ്രമന്ത്രി പുഷ്പാർച്ചന നടത്തിയ മന്നത്തിന്റെ കല്ലറ സുധീരൻ തൊട്ട് അശുദ്ധമാക്കി എന്ന് അദ്ദേഹം ആക്രോശിക്കുന്നത്.

അല്ല;സുധീരനു് ഇതു വേണം.ആർ. ശങ്കറോടുള്ള വ്യക്തിവിരോധവും ജാതിക്കുശുമ്പും നിമിത്തം കേരളത്തിലെ കോൺഗ്രസ്സ് പാർട്ടിയെ പിളർത്തിയ മന്നത്തിന്റെ ശവകുടീരത്തെ വണങ്ങുവാൻ ,മറ്റാരു പോയാലും കെ.പി.സി.സി.പ്രസിഡന്റു പോകാൻ പാടുണ്ടോ?ഗാന്ധിയൻ തത്ത്വം അനുസരിച്ച് എല്ലാം പൊറുത്തു എന്നു കാണിക്കാനാണു പോയതെങ്കിൽ നല്ലത്.പക്ഷേ ആ മഹാമനസ്കത മനസ്സിലാകാത്ത മൂഢർക്കു മുമ്പിൽ ഇതൊക്കെ വിപരീത ഫലമേ സൃഷ്ടിക്കൂ.“പന്നിയുടെ മുമ്പിൽ മുത്തെറിയരുത്”എന്ന ബൈബിൾ വാക്യം സുധീരൻ ഓർക്കണമായിരുന്നു.

സുധീരനെ കണ്ടപ്പോൾ കുരിശു കണ്ട പിശാചിനെപ്പൊലെ ഭയപ്പെടുകയും വെപ്രാളപ്പെടുകയും ചെയ്തവരുടെ കൂട്ടത്തിൽ നായർ നേതാവായ സുകുമാരൻ നായർ മാത്രമല്ല ഈഴവ നേതാവായ വെള്ളാപ്പള്ളി നടേശനും ഉണ്ട്.കെ.പി.സി.സി.പ്രസിഡന്റായതിനു ശേഷമാണു സുകുമാരൻ നായർക്കു സുധീരപ്പേടി തുടങ്ങിയതെങ്കിൽ നടേശ ഈഴവനു് സുധീരൻ ആലപ്പുഴ പാർലമെന്റു സ്ഥാനാർത്ഥിയായപ്പൊഴേ തുടങ്ങിയിരുന്നു.'വയറു പെരുപ്പിച്ച് ശബ്ദമുണ്ടാക്കുന്ന തൊണ്ണൻ തവളയാണു സുധീരൻ' എന്നും ബഹളമുണ്ടാക്കി വാർത്ത സൃഷ്ടിക്കാനാണു അദ്ദേഹം ശ്രമിക്കുന്നതെന്നുംനടേശൻ പറഞ്ഞത് സുധീരൻ കെ.പി.സി.സി പ്രസിഡന്റാകുന്നതിനു മുമ്പാണു്.ഒരു ഗ്രൂപ്പിലും പെടാതെ അധികാര സ്ഥാനങ്ങളൊന്നും വഹിക്കാതെയിരുന്ന സുധീരനെപ്പോലും ഭയമായിരുന്നു നടേശനു്.മൂന്നാമതും തെറ്റിപ്പിരിഞ്ഞെങ്കിലും സുകുമാര നടേശന്മാർ ഒരേ നുകത്തിൽ കെട്ടാൻ പറ്റിയവർ തന്നെയെന്ന് ഒരിക്കൽ കൂടി തെളിഞ്ഞിരിക്കുന്നു.സാമുദായിക നേതാക്കളെ വണങ്ങിനിന്നതു കൊണ്ട് ഒരു രാഷ്ട്രീയ പാർട്ടിയും വളർന്നിട്ടില്ല എന്ന ചരിത്ര സത്യം സുധീരനെപ്പോലുള്ളവർ മനസ്സിലാക്കുന്നത് നന്ന്.









Fans on the page

No comments: