Total Pageviews

Tuesday, March 18, 2014

എമ്മെല്ലെയുടെയും ബിഷപ്പിന്റെയും ഭാഷ



വി.റ്റി.ബലറാം എം.എൽ.എ ഇടുക്കി ബിഷപ്പിനെ നികൃഷ്ടജീവിയായി ചിത്രീകരിച്ചതിനെ ചൊല്ലി എന്തെല്ലാം കോലാഹലങ്ങളായിരുന്നു.ഒടുവിൽ ആ ചെറുപ്പക്കരനെ കൊണ്ട് മാപ്പു പറയിച്ചിട്ടേ മുഖ്യമന്ത്രി ഉൾപ്പെടെയുള്ള കോൺഗ്രസ്സ് നേതാക്കൾക്ക് ഉറക്കം വന്നുള്ളു.എന്ത് അശ്ലീല ധ്വനിയാണു നികൃഷ്ടജീവി എന്ന വാക്കിലുള്ളത്? തന്നെ സന്ദർശിക്കാനെത്തിയ ഇടുക്കിയിലെ കോൺഗ്രസ്സ് സ്ഥാനാർത്ഥിയോട് വളരെ നികൃഷ്ടമായിട്ടാണു ബിഷപ്പ്  പെരുമാറിയത്.നിന്ദ്യമായും നികൃഷ്ടമായും പെരുമാറുന്നവരെ “നികൃഷ്ടജീവികൾ”എന്നല്ലതെ മറ്റെന്താണു വിളിക്കേണ്ടത്?പരമവിശുദ്ധനെന്നോ?അതിഥികളെ ആദരിക്കുന്നതാണു ഭാരതീയ പാരമ്പര്യം.ആ പാരമ്പര്യത്തോടു മമത ഇല്ലെങ്കിൽ വേണ്ടാ.ഒരു ബിഷപ്പിനു് ക്രിസ്തു വചനങ്ങളോടു ബഹുമാനവും വിധേയത്വവും വേണ്ടേ?“എനിക്കു വിശന്നു;നിങ്ങൾ ഭക്ഷിപ്പാൻ തന്നു;ദാഹിച്ചു കുടിപ്പാൻ തന്നു:ഞാൻ അതിഥിയായിരുന്നു,നിങ്ങൾ എന്നെ ചേർത്തുകൊണ്ടു.”എന്നാണു് ബൈബിൾ വചനം.ഇടുക്കി ബിഷപ്പാകട്ടെ അതിഥിയെ പുലഭ്യം കൊണ്ട് എറ്റി.സംസ്ക്കാരശൂന്യമായ വാക്കുകൾ കൊണ്ട് അതിഥിയുടെ മുഖത്തടിച്ചു.എന്നിട്ടും കുറ്റം സത്യം വിളിച്ചു പറഞ്ഞവനു്.

തന്റെ കൊച്ചു മകനാകാൻ മാത്രം പ്രായമുള്ള സ്ഥാനാർത്ഥിയോട്,അഭിവന്ദ്യനായ ഈ തിരുമേനി എത്ര മര്യാദകെട്ട രീതിയിലാണു് സംസാരിച്ചതെന്ന് സന്ദർശനത്തിന്റെ വീഡിയോക്ലിപ്പിങ്ങ് കണ്ടാൽ ബോദ്ധ്യമാകും.എതോ ഒരു മന്ത്രി സമരം ചെയ്തു പട്ടയം വാങ്ങാമെന്ന് ആരും കരുതണ്ടാ എന്നു പറഞ്ഞതിനെ ചൊല്ലി, ഇതെന്താ മന്ത്രിയുടെ തന്ത കണ്ട മൊതലാണോ എന്നാണു ഈ വൈദിക പ്രമാണി ചോദിക്കുന്നത്.മന്ത്രി അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ മന്ത്രിയോടു ചോദിക്കണം.അനുഗ്രഹം തേടി അരമനയിൽ ചെന്ന കുഞ്ഞാടിനോടല്ല ചോദിക്കണ്ടത്.അതിഥിയെ ശുശ്രൂഷിക്കണമെന്നും പാപികളോടു പൊറുക്കണമെന്നും ഉപദേശിച്ച യേശുക്രിസ്തുവിന്റെ പേരിൽ കുപ്പായവുമിട്ട് ജനസേവനത്തിനിറങ്ങിയ ഇടയന്റെ വായിൽ നിന്നും പൊട്ടി വീണ തെറിവാക്കുകൾ ഉമ്മൻ ചാണ്ടിയ്ക്കും സുധീരനും ഒക്കെ തിരുവചനങ്ങളായി തോന്നിയേക്കാം.തന്തയ്ക്കും തള്ളയ്ക്കും മറ്റും പറഞ്ഞാൽ പറയുന്നവന്റെ കരണക്കുറ്റി അടിച്ചു പൊട്ടിക്കുകയാണു തന്തയ്ക്കു പിറന്നവർ ചെയ്യുക.നികൃഷ്ട ജീവി എന്ന ബലറാമിന്റെ പ്രയോഗത്തെക്കാൾ എത്രയോ അധമമായ പ്രയോഗമാണു് ഇടുക്കി ബിഷപ്പ് മന്ത്രിക്കു നേരേ നടത്തിയത്!അദ്ദേഹം മാപ്പു പറയണമെന്ന് എന്താണു കേരളത്തിലെ സഭ്യതപരിപാലന പോലീസുകാർ ആവശ്യപ്പെടാത്തതെന്ത്?

അതിഥികളെ പുലഭ്യം പറയുക മാത്രമല്ല ഈ ബിഷപ്  ചെയ്തുകൊണ്ടിരിക്കുന്നത്. സർക്കർ ഉത്തരവുകൾ ദുർവ്യാഖ്യാനം ചെയ്തും അസത്യങ്ങൾ പ്രചരിപ്പിച്ചും ജനങ്ങളിൽ ഭീതി പരത്തുകയും പരസ്പര സ്പർദ്ധ വളർത്തുകയുമാണു ഇദ്ദേഹത്തിന്റെ കുറേ നാളായിട്ടുള്ള തൊഴിൽ.“വെള്ള തേച്ച ശവക്കല്ലറകൾ” എന്നു ക്രിസ്തു ദേവൻ വിശേഷിപ്പിച്ചത് ഇത്തരം ബിഷപ്പുമാരെ ഉദ്ദേശിച്ചാകണം.ജനങ്ങളെ കലാപത്തിനു പ്രേരിപ്പിക്കുന്ന സാമൂഹികദ്രോഹികളെ ജയിലിൽ അടക്കേണ്ടതിനുപകരം അവർക്കു മുപിൽ കുമ്പസാരിക്കുന്ന ഭരണാധികാരികളും രാഷ്ട്രീയ പാർട്ടികളും ഗുരുതരമായ കൃത്യവിലോപമാണു കാട്ടുന്നത്.









Fans on the page

4 comments:

malaylamphss.blogspot.com said...

ജനങ്ങള്‍ മത മേലധ്യക്ഷന്മാര്‍ക്ക് അവരുടെ തല പണയം വെച്ചിരിക്കുകയാണന്നാണ് അവരുടെയും രാഷ്ട്രീയക്കാരുടെയും വിചാരം .ഭരണത്തില്‍ വരുന്നവരെ ഭീഷണിപ്പെടുത്തി വിദ്യാഭ്യാസ സ്ഥാപനവും മറ്റും നേടി പണം വരാം.വിശ്വാസികള്‍ക്ക് നോക്കിനിന്നു വെള്ളമിറക്കാം.ഇവരുടെ ഇറയത്ത് പോയി നില്‍ക്കുന്ന നേതാക്കള്‍ ജനങ്ങളുടെ രാഷ്ട്രിയ ബോധത്തെ പരിഹസിക്കുകയാണ്

dethan said...

Joseph Sebastian,
താങ്കള്‍ പറഞ്ഞത് വളരെ ശരിയാണ്.നമ്മുടെ രാഷ്ട്രിയക്കാര്‍ തന്നെയാണ് അവരുടെ വില കെടുത്തുന്നത്.

kaalidaasan said...


ദത്തന്‍,

കത്തോലിക്കാ ബിഷപ്പുമാരില്‍ പലര്‍ക്കും ഇപ്പോള്‍ ഷാപ്പിലെ ഭാഷയോടാണു പ്രിയമെന്നു തോന്നുന്നു.

ഇടുക്കി ബിഷപ്പിനോടുള്ള വിജോയിപ്പു പ്രകടിപ്പിക്കുന്ന കൂടെ മറ്റ് ചില കാര്യങ്ങള്‍ ചൂണ്ടികാണിക്കട്ടെ.

ഡീന്‍ കുര്യാക്കോസ് എന്ന യൂത്തു കോണ്‍ഗ്രസ് നേതാവ് പി റ്റി തോമസിനോട് ചേര്‍ന്നു നിന്ന് ബിഷപ്പിനെതിരെ പലതും പറഞ്ഞിരുന്നു. അന്നൊന്നും പക്ഷെ ഇടുക്കിയില്‍ മത്സരിക്കേണ്ട മുള്‍ക്കിരീടം തലയില്‍ വരുമെന്ന് ഇദ്ദേഹം സ്വപ്നത്തില്‍ പോലും കരുതിയിട്ടുണ്ടാകില്ല. ബിഷപ്പ് സമയം കിട്ടിയപ്പോള്‍ അതിനു പകരം ​വീട്ടിയതാണ്.

കോണ്‍ഗ്രസിന്റെ എതിര്‍പക്ഷത്തു നിലയുറപ്പിച്ച ഈ ബിഷപ്പിനെ കാണാന്‍ പോയപ്പോള്‍ ഇത്രയേറെ പരിവാരങ്ങളോടും മാദ്ധ്യമ പടയോടും കൂടി പോകേണ്ടി ഇരുന്നില്ല. അത് ഡീന്‍ കുര്യാക്കോസിന്റെ തെറ്റായിരുന്നു. തനിയെയോ ഒന്നോ രണ്ടോ പേരോടൊ ഒപ്പം  ബിഷപ്പിനെ കണ്ട് അഭിപ്രായ വ്യത്യാസം പറഞ്ഞു തീര്‍ക്കുന്നതായിരുന്നു ബുദ്ധി.

ഇടുക്കിയിലെ പട്ടയ പ്രശ്നം അര നൂറ്റാണ്ടു പഴക്കമുള്ളതാണ്,. കേരളം ഭരിച്ച ആര്‍ക്കും അതിനു പരിഹാരമുണ്ടാക്കന്‍ ആയിട്ടില്ല. അതുകൊണ്ട് ഏത് ബിഷപ്പിനും ഏപ്പോള്‍ വേണമെങ്കിലും ഹാലിളകാം എന്നതാണിതിലെ ഫലശ്രുതി.

ഡീന്‍ പറയാനുള്ളത് രണ്ടു മൂന്നു മാസം മുന്നെ പറഞ്ഞു. ബിഷപ്പ് ഇപ്പോള്‍ തിരിച്ചും പറഞ്ഞു. ഇപ്പോള്‍ രണ്ടു കൂട്ടര്‍ക്കും സമാധാനമായി കാണും.

dethan said...

kaalidaasan,
കാരുണ്യത്തിന്റെയും അനുതാപത്തിന്റെയും വാക്കും പ്രവൃത്തിയും ബിഷപ്പ്മാരില്‍ നിന്നും അകന്നു പോയിരിക്കുന്നു.കോതമംഗലം ബിഷപ്പ് പ്രൊഫ. ജോസഫിനോട് കാണിച്ച ക്രൂരത കണ്ടില്ലേ?
ഇടുക്കി ബിഷപ്പ് ,താങ്കള്‍ പറഞ്ഞത് പോലെ ഷാപ്പിലെ ഭാഷ ഉപയോഗിച്ചെന്നു മാത്രമല്ല,നിന്ദ്യമായി പെരുമാറുകയും ചെയ്തു.