Total Pageviews

Wednesday, November 27, 2013

സ്ത്രീപീഡന കഥകൾ




വിവാഹം കഴിഞ്ഞ് രണ്ടാഴ്ച കഴിയും മുമ്പു ദന്ത ഡോകടറായ വരൻ മധുവിധു കാലത്തെ സ്വന്തം കിടപ്പറ രംഗങ്ങളും ഭാര്യയുടെ നഗ്നചിത്രങ്ങളും നെറ്റിൽ പ്രദർശിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി ഭാര്യയിൽ നിന്നും 10 ലക്ഷം രൂപ തട്ടാൻ ശ്രമിച്ചെന്നും അകന്നു കഴിയുന്ന ഭാര്യയുടെയും പിതാവിന്റെയും പരാതിയുടെ അടിസ്ഥാനത്തിൽ ദന്തഡോക്റ്ററെ അറസ്റ്റു ചെയ്തു നീലപ്പടങ്ങളടങ്ങുന്ന ലാപ്ടോപ്പും മറ്റും കസ്റ്റഡിയിൽ എടുത്തെന്നുമാണു രണ്ടു ദിവസം മുമ്പ് വന്ന ഒരു വാർത്ത.പിറ്റേന്ന് വന്ന വാർത്തയിൽ സംഗതികളാകെ തകിടം മറിഞ്ഞു.സ്ത്രീ പീഡന പരാതികളിൽ പാലിക്കേണ്ട നടപടിക്രമങ്ങളൊന്നും പാലിക്കാതെയാണു തിരുവനന്തപുരം മെഡിക്കൽ കോളജ് സർക്കിൾ ഇൻസ്പെക്റ്റർ പ്രതിയെ അറസ്റ്റു ചെയ്തതെന്നും അതിന്റെപേരിൽ സർക്കിളിനെതിരെ നടപടി സ്വീകരിക്കാൻ സിറ്റി പോലീസ് കമ്മിഷണർ ഒരുങ്ങുന്നു എന്നുമായി വാർത്ത.നീലപ്പടമുണ്ടെന്നു പറഞ്ഞു പിടിച്ചെടുത്ത ലാപ്ടോപ്പിൽ അത്തരമൊന്നും കാണാനായില്ലെന്നും പ്രതിയുടെ അമ്മയുടെ പരാതിയിന്മേലാണു നടപടിയെന്നുമാണു വിശദീകരണം.വാദി പ്രതിയായെന്നു കേട്ടിട്ടുണ്ട്.കേസന്വേഷിച്ചവർ പ്രതിയാകുന്നത് ആദ്യമായി കേൾക്കുകയാണു.

പത്രങ്ങൾ പലതരത്തിലാണു കഥകൾ വിസ്തരിക്കുന്നത്.പരാതി വ്യാജമാണെന്ന് ഒരു കൂട്ടർ.പ്രതിയുടെ പണത്തിന്റെയും രാഷ്ട്രീയ സ്വാധീനത്തിന്റെയും ബലത്തിലാണു തല്ക്കാലം രക്ഷപ്പെട്ടതെന്നാണു മറ്റൊരു പക്ഷം.എന്തായാലും അത്ര ശരിയല്ലാത്ത എന്തൊക്കയോ ഈ കേസ്സിൽ അന്തർഭവിച്ചിട്ടുണ്ട് എന്നു മാത്രമേ സാമാന്യബുദ്ധിയുള്ളവർക്കു മനസ്സിലാക്കാൻ കഴിയൂ.ഒരുപക്ഷേ ഇനി ഇതേക്കുറിച്ച് വായനക്കാർ ഒന്നും അറിഞ്ഞില്ലെന്നുമിരിക്കും.നേരും
പൊളിയും ഏതാണെന്നറിയാതെ സ്ത്രീപീഡനകഥകൾ നാട്ടുകാരെ വട്ടം ചുറ്റിക്കുന്നത് ഇതാദ്യമല്ല.പതിവാണെന്നു തന്നെ പറയാം.മേല്പറഞ്ഞ സംഭവത്തിൽ പരാതി വ്യാജമാണെന്നാകും അവസാനം കേൾക്കാൻ പോകുന്നത്.എന്നാൽ വ്യാജമല്ലാത്ത ഒരു പരാതിയിൽ ഇടപെട്ട് സമയനഷ്ടം മാത്രം ഉണ്ടായത് എന്റെ അനുഭവമാണു.

വളരെനാളായി ഒരു ബന്ധവുമില്ലാതിരുന്ന സുഹൃത്ത് ഒരു ദിവസം ഒരു ചെറുപ്പക്കാരനുമായി വീട്ടിലെത്തുന്നു.സംഗതി സ്ത്രീപീഡനമാണു.സുഹൃത്തിന്റെ ബന്ധുവായ ചെറുപ്പക്കാരൻ അവന്റെ ഭാര്യയെ എന്തോ കാരണത്തിനു ഒരടി കൊടുത്തു.അടിയ്ക്കു ശേഷം ലോഹ്യമായി സന്തോഷത്തോടെ ജോലിക്കു പോയി.അവൾ പ്രൈവറ്റ് ആശുപത്രിയിൽ നഴ്സ്;അവൻ സർക്കാരാപ്പീസിൽ ഗുമസ്തൻ.വൈകിട്ട് ആശുപത്രിയിൽ നിന്നുമിറങ്ങാറാകുമ്പോൾ പതിവു പോലെ വിളിക്കാമെന്ന് പറഞ്ഞിട്ടാണു വഴക്കിട്ട ദിവസവും അവൾ പോയത്.പതിവു സമയം കഴിഞ്ഞിട്ടും വിളി വന്നില്ല.അങ്ങോട്ടു വിളിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫ്.ആശുപത്രിയിൽ തിരക്കിചെന്നപ്പോൾ അവിടെ നിന്നു പോയിരിക്കുന്നു.ഒടുവിൽ അവളുടെ വല്യച്ഛന്റെ വീട്ടിലേക്കു വിളിച്ചപ്പോൾ കക്ഷി അവിടെയുണ്ട്.പിന്നീടു സംസാരിക്കാം ;അങ്ങോട്ടു ചെല്ലെണ്ടാ എന്ന് പറഞ്ഞ് വല്യച്ഛൻ ഫോൺ താഴെ വച്ചു.പെൺകുട്ടി വയനാട്ടു കാരിയാണു.തിരുവനന്തപുരത്തുകാരനാണു പയ്യൻ.അവിടെയുള്ള വല്യച്ഛൻ വഴി വന്ന ആലോചനയാണു.അദ്ദേഹത്തോട് എല്ലാം പറഞ്ഞ് ശരിയാക്കാം എന്നു സമാധാനിച്ച് കിടന്നുറങ്ങി.നേരം വെളുത്തപ്പോൾ കണ്ടത് പോലീസുകാരെ.ചെറുപ്പക്കാരനും അമ്മയും ചേർന്ന് പെൺകുട്ടിയെ ദേഹോപദ്രവം ഏല്പ്പിക്കുകയും സ്ത്രീധനത്തിന്റെ പേരിൽ പീഡിപ്പിക്കുകയും ചെയ്യുന്നു എന്ന് പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കൂട്ടിക്കൊണ്ടുപോകാൻ വന്നതാണു പോലീസുകാർ.വേണ്ടവണ്ണം കണ്ടിട്ടാകാം ,വിവരം നല്കിയശേഷം പോലീസുകാർ പോയി.സംഗതിയുടെ ഗൗരവം പിടികിട്ടിയ പയ്യൻ മുങ്കൂർ ജാമ്യത്തിനു ശ്രമം തുടങ്ങി.പക്ഷേ രണ്ടു ദിവസം കഴിഞ്ഞേ കോടതിയുള്ളൂ.അതുവരെ അറസ്റ്റു ചെയ്യപ്പെടാതിരിക്കണം.

അതിനാണു എന്നെക്കാണാൻ വന്നിരിക്കുന്നത്.എനിക്കെങ്ങനെ അതു സാധിക്കും എന്ന് അന്ധാളിച്ചു നില്ക്കുമ്പോൾ സുഹൃത്ത് പോംവഴി പറഞ്ഞുതന്നു.എന്റെ പരിചയക്കാരനായ ഒരു മുൻ എം.എൽ.എ.യുടെ സുഹൃത്തിന്റെ മകളാണു പെൺകുട്ടി.മുൻ എം.എൽ.എ.പറഞ്ഞാൽ അയാൾ കേൾക്കും.കേസ്സും കൂട്ടവും ഒന്നുമില്ലാതെ തന്നെ അവർ പറയുന്നത് പയ്യൻ അനുസരിക്കും.പീഡനക്കേസ്സാണു;സുഹൃത്തിനു തന്നെ പയ്യൻ പറയുന്നതിൽ പൂർണ്ണ വിശ്വാസമില്ല.സ്വന്തമായി അവനെ ചെറിയ തോതിൽ ചോദ്യം ചെയ്തു.അവൻ പറഞ്ഞതിനും അപ്പുറം എന്തൊക്കെയോ സംഭവിച്ചിട്ടുണ്ട്.ഫോൺനമ്പരില്ല്ല എന്നു പറഞ്ഞ് ഒഴിയാൻ നോക്കി.രക്ഷയില്ല;അവൻ അതും സംഘടിപ്പിച്ചാണു വന്നിരിക്കുന്നത്.വിളിച്ചപ്പോൾ പഴയ എം.എൽ.എ.യെ കിട്ടി.അദ്ദേഹത്തിനു ഇവരുടെ എല്ലാക്കര്യവും അറിയാം;സ്വരക്കേടുൾപ്പെടെ.പക്ഷേ ഒരാഴ്ച കഴിഞ്ഞേ അദ്ദേഹത്തിനു ഇതിൽ ഇടപെടാൻ പറ്റൂ.അതുവരെ പാർട്ടിയുടെ പ്രധാനപ്പെട്ട എന്തോ പരിപാടിയുണ്ട്.അദ്ദേഹം അങ്ങനെ പറഞ്ഞ സ്ഥിതിയ്ക്ക് ധൈര്യമായി പോകാൻ ഉപദേശിച്ചു വിട്ടു.

തിരക്കിനിടയിൽ ഞാൻ പിന്നെ ഇതേപ്പറ്റി ഓർത്തില്ല.കുറേ നാളിനു ശേഷം സുഹൃത്തിനെ കണ്ടപ്പോൾ എന്തായി സ്ഥിതിയെന്ന് തിരക്കി.അയാൾക്ക് മുങ്കൂർ ജാമ്യം കിട്ടി.പക്ഷേ അതിന്റെയൊന്നും കാര്യമില്ലായിരുന്നു.വല്യച്ഛൻ പ്രേരിപ്പിച്ചതിന്റെ പേരിൽ കൊടുത്ത പരാതിയിൽ വാസ്തവമില്ലെന്നു പെൺകുട്ടി തന്നെ പോലീസ് റ്റേഷനിൽ പോയി എഴുതിക്കൊടുത്തു.അവരിപ്പോൾ ഹാപ്പിയായി കഴിയുന്നു!!






Fans on the page

Saturday, November 16, 2013

സയനോരാ സച്ചിൻ



ക്രിക്കറ്റ് ഇതിഹാസം കളിക്കളം വിട്ടു.ലോകത്ത് ഇന്നേവരെ ഒരു കായിക താരത്തിനും ലഭിച്ചിട്ടില്ലാത്ത സ്നേഹവും ആദരവും നേടിയാണു സച്ചിൻ ക്രിക്കറ്റിൽ നിന്നു വിരമിച്ചത്.അനന്യമായ ഈ സ്നേഹാദരവുകൾ ഒരു ദിവസംകൊണ്ടോ ഒരു കളികൊണ്ടോ കൈവരിച്ചതല്ല.ക്രിക്കറ്റിനു വേണ്ടി അക്ഷരാർത്ഥത്തിൽ ജീവിതം സമർപ്പിച്ച മഹാനായ കളിക്കാരനു ലോകം പൂർണ്ണ മനസ്സോടെ കാഴ്ചവയ്ക്കുന്നതാണു ഈ അപൂർവ്വ പരിഗണന.

സച്ചിൻ തെണ്ടുല്ക്കറെപ്പോലെ മഹാനായ കളിക്കരൻ കായികലോകത്തിന്റെ ഒരു മേഖലയിലും ഉണ്ടായിട്ടില്ല. ഇനി ഉണ്ടാകാനും പോകുന്നില്ല.അമ്പയർമാരുടെ തെറ്റായതീരുമാനത്തിലൂടെ ഔട്ടാകുമ്പോൾ പോലും അവർക്കുനേരേ കയർക്കാതെ തീരുമാനം ശിരസ്സാവഹിക്കുകയേ അദ്ദേഹം ചെയ്തിട്ടുള്ളൂ.സഹകളിക്കാരോടും എതിർ ടീമിലുള്ളവരോടും മാന്യമായിട്ടേ പെരുമാറിയിട്ടുള്ളൂ.നേരായ മാർഗ്ഗം മാത്രമേ കളിയിൽ അവലംബിക്കാവൂ എന്ന അച്ഛന്റെ ഉപദേശം അണുവിട തെറ്റിക്കാതെയാണു ഇക്കാലമത്രയും അദ്ദേഹം കളിച്ചത്.

രാജ്യത്തിനു വേണ്ടിയാണു താൻ കളിക്കുന്നതെന്ന ബോധം സച്ചിനുണ്ടായിരുന്നു.ഒരിക്കൽ ശിവസേനക്കാരോട്,ഒന്നാമതായി താൻ ഇന്ത്യാക്കാരനാണു;പിന്നീടേ മഹാരാഷ്ട്രക്കാരനാകൂ എന്ന് പറയാൻ അദ്ദേഹം രണ്ടാമതൊന്ന് ആലോചിച്ചില്ല.അതിന്റെ പേരിൽ അവരും ബി.ജെ.പിക്കാരും എതിർപ്പും ഭീഷണിയും മുഴക്കിയപ്പോഴും സച്ചിൻ തന്റെ നിലപാടിൽ ഉറച്ചു നില്ക്കുക തന്നെ ചെയ്തു.

ക്രിക്കറ്റ് കളിയിലെ മിക്ക റിക്കാഡുകളും സ്വന്തമാക്കിയിട്ടുള്ള സച്ചിൻ രാജ്യത്തിനു നേടിത്തന്ന പ്രശസ്തിയും പരിഗണനയും എത്ര വലുതാണെന്ന് പറയേണ്ടതില്ല.ലോകക്രിക്കറ്റിലെ മഹാരഥന്മാരെല്ലാം ഈ ചെറുപ്പക്കാരനെ എത്രമാത്രം ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്തിരുന്നു എന്ന് ,അദ്ദേഹത്തിന്റെ വിരമിക്കൽ തീരുമാനം പുറത്തു വന്നപ്പോൾ മുതൽ പ്രകടിപ്പിക്കപ്പെട്ട അഭിപ്രായങ്ങളിൽ നിന്നു വ്യക്തമാണു.

“സായിപ്പ് വെയിൽ കൊള്ളാൻ കണ്ടുപിടിച്ച കളി”എന്ന് പരിഹസിച്ച് മുഖം തിരിഞ്ഞു നിന്നിരുന്ന എന്നെപ്പോലുള്ള അനേകായിരം പേരെ ക്രിക്കറ്റ് കളി കാണാൻ പ്രേരിപ്പിച്ച ഘടകം സച്ചിനാണു.ക്രിക്കറ്റ് കളിക്കാത്ത രാജ്യക്കാരെ വരെ ആ കളിയുടെ ആരാധകരാക്കാൻ അദ്ദേഹത്തിന്റെ കളിക്കളത്തിലെ സാന്നിദ്ധ്യം പ്രേരകമായിട്ടുണ്ട്.സച്ചിൻ വിട പറയുമ്പോൾ ഒരു യുഗം അവസാനിക്കുകയാണു.നിറഞ്ഞ കണ്ണുകളോടെയും നീറുന്ന മനസ്സോടെയും
മാത്രമേ, എക്കാലത്തെയും മഹാനായ ഈ കായിക താരത്തിനു യാത്രാമൊഴി ഓതുവാൻ കഴിയൂ.

കളിക്കളം വിട്ടാലും ജനമനസ്സുകളിൽ നിന്ന് ഒരിക്കലും സച്ചിനു  വിരമിക്കലില്ല.അതു വെറും പറച്ചിലല്ല എന്ന് ഈ ദിവസം തന്നെ വന്ന “ഭാരതരത്ന”ബഹുമതി നല്കാനുള്ള രാഷ്ട്രത്തിന്റെ തീരുമാനം വെളിപ്പെടുത്തുന്നു.ഭാരതരത്ന ലഭിക്കുന്ന ആദ്യത്തെ കായിയക താരവും ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും സച്ചിനാണു.കളിക്കളത്തിൽ കളിച്ചു റിക്കാഡുകൾ സൃഷ്ടിച്ചിട്ടുള്ള സച്ചിനു സർക്കാരിൽ നിന്നു ലഭിക്കുന്ന ഏറ്റവും വലിയ സിവിലിയൻ ബഹുമതിയ്ക്കും റിക്കാർഡിന്റെ അകമ്പടിയുണ്ട് എന്നുള്ളത് കൗതുകവും ആഹ്ലാദവും പകരുന്നു.




Fans on the page

Monday, November 4, 2013

ഡോ.പല്പു


ഇന്നലെ(2.11.2013) ഡോ.പല്പുവിന്റെ നൂറ്റിയൻപതാം ജന്മവാർഷികമായിരുന്നു.ഡോ.പല്പു ഫൗണ്ടേഷൻ മാത്രമാണു ആ ചരിത്രപുരുഷനെ ഓർത്തത്.അദ്ദേഹത്തിന്റെ ശതാബ്ദി ആരും അറിയാതെയും ഓർക്കാതെയും പോയ സ്ഥിതിയ്ക്ക് നൂറ്റൻപത് അവരെങ്കിലും ഓർത്തതും കഴിയും വണ്ണം ആഘോഷിച്ചതും വലിയ കര്യം തന്നെ.ഇത്രമാത്രം നന്ദികേടും നീതികേടും ഒരു ചരിത്രപുരുഷനും അനുഭവിക്കേണ്ടി വന്നിട്ടില്ല.അരുവിപ്പുറം ക്ഷേത്രത്തിലെ “വാവൂട്ടു യോഗത്തെ”എസ്.എൻ.ഡി.പി യോഗമാക്കി പരിവർത്തിപ്പിച്ച് ആധുനിക കേരളത്തിനു അടിത്തറയിട്ട ആ മഹാപുരുഷനെ ആദ്യം ഓർക്കേണ്ടത് എസ്.എൻ.ഡി.പി യോഗമായിരുന്നു.അവർ നൂറാം ജന്മദിനവും നൂറ്റമ്പതാം ജന്മദിനവും ഓർത്തില്ല.അതു മാത്രമല്ല;ഡോ.പല്പ്പു എന്ന മഹാശയനെ അദ്ദേഹത്തിന്റെ ജീവിതകാലത്തു തന്നെ യോഗം മറന്നു.

വഴി നടക്കാനും ഇഷ്ട ദൈവത്തെ ആരാധിക്കാനും പഠിക്കാനും മാറു മറയ്ക്കാനും ആഭരണമണിയാനും അവകാശമില്ലാതെ പുഴുക്കളെ പോലെ കഴിഞ്ഞിരുന്ന ഒരു ജനതയെ അവകാശ ബോധമുള്ളവരാക്കി മാറ്റുവാൻ ആയുസ്സും വപുസ്സും ഹോമിച്ച മനുഷ്യനാണു ഡോ.പല്പു.അങ്ങനെ ഉയർന്നു വന്ന സമുദായം തന്നെയാണു അദ്ദേഹത്തോട് ഏറ്റവുമധികം കൃതഘ്നത കട്ടിയിട്ടുള്ളതും.ഡസൻ കണക്കിനു കോളജുകളും സ്കൂളുകളും സ്വന്തമായുള്ള എസ്.എൻ.ഡി.പിയോഗത്തിന്റെ ഒരു വിദ്യാലയത്തിന്ന് പോലും പല്പ്പുവിന്റെ പേരു നല്കിയിട്ടില്ല.ഒരു സ്ഥാപനം പോലും അദ്ദേഹത്തിന്റെ സ്മരണ നിലനിർത്താൻ വേണ്ടി തുടങ്ങിയിട്ടില്ല.അദ്ദേഹത്തിന്റെ വീടും അന്ത്യവിശ്രമസ്ഥാനവും പോലും വേണ്ടവിധം സംരക്ഷിക്കുവാൻ യോഗം മുൻ കൈ എടുത്തില്ല.

ആരെയാണു തങ്ങൾ മറന്നതെന്ന് യോഗനേതൃത്വം അറിയുന്നില്ല.പി.പല്പുവും ജ്യേഷ്ഠൻ പി. വേലായുധനും  തിരുവിതാം കൂറിൽ ജോലി തേടിയപ്പോൾ അവരുടെ ജാതിക്കാർക്ക് സർക്കാർ ഉദ്യോഗം നല്കാൻ പറ്റില്ല എന്നാണു പൊന്നുതമ്പുരാൻ അരുളിയത്.പി.വേലായുധൻ തമിഴ്നാട്ടിലും പി.പല്പു മൈസൂറിലും ജോലി തേടി പോയി.വലിയ ശ്രമം കൂടാതെ ഇരുവർക്കും ജോലി കിട്ടുകയും ചെയ്തു.മദ്രാസിൽ ദിവാൻ പേഷ്ക്കാർ പദവിയിൽ വരെ എത്തിയ ചേട്ടൻ പി.വേലായുധൻ,ചെറുപ്പത്തിൽ തിരുവിതാംകൂർ മഹാരാജാവിൽ നിന്നേറ്റ അപമാനം മറക്കുകയോ അവഗണിക്കുകയോ ചെയ്തു.പക്ഷേ അങ്ങനെ മറക്കാൻ ഡോ. പല്പുവിനു കഴിഞ്ഞില്ല.മൈസൂറിലെ മെഡിക്കൽ ഡയറക്റ്റർ പദവി വരെ ഉയർന്നപ്പോഴും ജന്മനാടിൽ നിന്നേറ്റ പ്രഹരം അദ്ദേഹത്തെ വേട്ടയാടി.അദ്ദേഹത്തിനു ജോലി നിഷേധിക്കാൻ രാജാവിനു കൂട്ടു നിന്ന പല തമ്പുരാക്കന്മാർക്കും സ്വപ്നം കാണാൻ പോലും കഴിയാത്ത പ്രൗഢിയിലും പ്രശസ്തിയിലും വേതനസമൃദ്ധിയിലും അധികാരത്തിലും വാഴുമ്പോഴും തന്റെ സമുദായക്കാർ അനുഭവിക്കുന്ന അവഗണനയും കഷ്ടപ്പാടുമായിരുന്നു അദ്ദേഹത്തിന്റെ മനസ്സു നിറയെ.

സ്വാമി വിവേകാനന്ദന്റെ ഉപദേശമനുസരിച്ച് ശ്രീനാരായണഗുരുവിനെ മുന്നിൽ നിർത്തി സംഘടന രൂപവല്ക്കരിക്കുന്നത് അങ്ങനെയാണു.ഗുരുവിന്റെ പേരിൽ ഡോ.പല്പുവിന്റെ ഉത്സാഹത്തിൽ ഉടലെടുത്ത ആ എസ്.എൻ.ഡി.പി യോഗമാണു പല്പ്പുവിനെ അവഗണന കൊണ്ട് ഗുരുദക്ഷിണ നല്കിയിരിക്കുന്നത്.അവസാനകാലത്ത് ശ്രീനാരായണഗുരുവിനെത്തന്നെ നോവിക്കുകയും അദ്ദേഹത്തിന്റെ ശാപം വലിച്ചു വയ്ക്കുകയും ചെയ്ത ഒരു സംഘടന, ഡോക്റ്ററെ മറന്നില്ലെങ്കിലേ അത്ഭുതപ്പെടേണ്ടതുള്ളൂ.യോഗം തുടങ്ങാൻ കാരണക്കാരനായതു മാത്രമല്ല ;കായിക്കരയുടെ ചുറ്റുവട്ടത്തിൽ ഒതുങ്ങിപ്പോകുമായിരുന്ന കുമാരുവിനെ മഹാകവി കുമാരനാശാൻ ആക്കി മാറ്റിയ ബാംഗ്ലൂരിലെയും കല്ക്കട്ടയിലെയും  പഠനത്തിനു എല്ലാ സഹായവും ചെയ്തു കൊടുത്തതും ഡോ.പല്പ്പുവാണു.ആദ്യകാലത്ത് യോഗത്തിന്റെ മിക്ക കാര്യങ്ങളും നോക്കിയിരുന്നതും ചെലവു വഹിച്ചിരുന്നതും ഡോക്റ്ററാണു.അദ്ദേഹത്തിന്റെ പുത്രനാണു ശ്രീനാരായണദർശനങ്ങൾ ലോകം മുഴുവൻ പ്രചരിപ്പിച്ച നടരാജഗുരു(ഡോ.പി.നടരാജൻ).ഗുരു മുൻ കൈ എടുത്തു സ്ഥാപിച്ച സന്ന്യാസി സംഘത്തിലെ സ്വാമിമാർ പലരും,ഡോക്റ്റർ വിശേഷിപ്പിച്ചതുപോലെ “പെരിച്ചാഴികൾ” ആയതിൽ ദു:ഖിതനായിരുന്ന ഗുരുവിനു ആശ്വാസമായത് യഥാർത്ഥ ശിഷ്യനായ നടരാജഗുരുവാണു.

കേരളത്തിലെ അധ:സ്ഥിത വർഗ്ഗങ്ങളുടെ മോചനത്തിനും ഉന്നമനത്തിനുമായി ജീവിതത്തിലെ സകല സൗഭാഗ്യങ്ങളും വിനിയോഗിച്ച ഈ കർമ്മയോഗിയെ സ്വന്തം ജനങ്ങൾ മറന്നാലും ചരിത്രത്തിനും നവോത്ഥാന പ്രസ്ഥാനങ്ങൾക്കും മറക്കാൻ കഴിയില്ല.




Fans on the page

Thursday, October 31, 2013

നാണക്കേടു കുഴിച്ചെടുക്കുമ്പോൾ



ഐക്യരാഷ്ട്ര സഭ കൊണ്ടുവന്ന ബാല വിവാഹത്തിനെതിരേയുള്ള പ്രമേയത്തെ എതിർത്ത് പരിഷ്കൃത ലോകരാഷ്ടങ്ങളുടെ മുമ്പിൽ അപഹാസ്യയായ ഇന്ത്യയെ വീണ്ടും നാണം കെടുത്താൻ ഒരു ഉദ്ഖനന പേക്കൂത്ത് സർക്കാർ ചെലവിൽ അരങ്ങേറിയിരിക്കുന്നു.ഇന്ത്യ പിച്ചക്കാരുടെയും മന്ത്രവാദികളുടെയും നാടാണെന്നാണു പണ്ടേ സായിപ്പന്മാർ പറഞ്ഞിരുന്നത്.സ്വാതന്ത്ര്യം കിട്ടി മുക്കാൽ നൂറ്റാണ്ട് ആകാറായിട്ടും ആ പേരുദോഷം അരക്കിട്ടുറപ്പിക്കുന്ന നടപടികളാണു കേന്ദ്ര സർക്കാർ ചെയ്തുകൂട്ടുന്നത്.

സ്വർണ്ണം നിറച്ച നിധികുംഭം യു.പി യിലെ ഉന്നാവോയിൽ ദൗണ്ടിയ ഖേഡ ഗ്രാമത്തിലെ മണ്ണിനടിയിൽ ക്കിടപ്പൂണ്ടെന്ന് ഏതോ ഒരു സന്യാസി സ്വപ്നം കണ്ടു പറഞ്ഞതു കേട്ട പാതി കേൾക്കാത്ത പാതി ഉദ്ഖനനത്തിനു ഇറങ്ങി പുറപ്പെടുകയാണു കേന്ദ്ര സർക്കാരിന്റെ ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇൻഡ്യ ചെയ്തത്.യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലാതെ ഉദ് ഖനനത്തിനു  മുതിർന്നിട്ട് സ്വർണ്ണമോ വെള്ളിയോ വിലയുള്ള മാർബിൾ പോലുമോ കണ്ടെത്താനായില്ല.അന്ധവിശ്വാസ പ്പരിഷകളുടെ വാക്കു കേട്ട് പൊതു ഖജനാവിലെ മുതലെടുത്ത് കോപ്രായം കാണിക്കാനൊരുങ്ങിയവരെ വിലക്കുന്നതിനു പകരം പ്രോത്സാഹിപ്പിക്കുകയാണു കേന്ദ്ര ഭരണകൂടം ചെയ്തത്.

ബാബറിമസ്ജിത് സമുച്ചയത്തിൽ ആദ്യമായി ശ്രീരാമന്റെയും സീതയുടെയും  മറ്റും വിഗ്രഹങ്ങൾ   പ്രത്യക്ഷപ്പെട്ടെന്ന് അന്നത്തെ യു.പി.മുഖ്യമന്ത്രി അറിയിച്ചപ്പോൾ അവ എടുത്ത് സരയൂ നദിയിൽ എറിയാനാണു പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്രു ഉപദേശിച്ചത്.ആ നെഹ്രു ഇരുന്ന കസേരയിൽ ചടഞ്ഞുകൂടിയിരിക്കുന്ന ഇപ്പോഴത്തെ അവതാരം കൂടോത്ര സ്വാമിമാരുടെ വാക്കുകൾ വേദവാക്യമാണെന്നു കരുതുന്നു.അതുകൊണ്ടാണു ഇത്തരം പ്രാകൃത കോലങ്ങളുടെ വെളിപാടുകൾ കേട്ട് സർക്കാർ വകുപ്പുകൾ തുള്ളുന്നത്.ആൾദൈവങ്ങളുടെ കാൽ കഴുകിക്കുടിക്കുന്നവർ നാടു ഭരിക്കുമ്പോൾ ഇതും ഇതിനപ്പുറവും സംഭവിക്കും.

ഇങ്ങനെ പോയാൽ അതിർത്തി സരക്ഷിക്കുവാൻ പട്ടാളമോ ആയുധങ്ങളോ ഒന്നും വേണ്ട;കൂടോത്രം ചെയ്തു കാലയാപനം നടത്തുന്ന ഏതെങ്കിലും തട്ടിപ്പു സന്യാസിയെക്കൊണ്ട് മന്ത്രവാദം നടത്തിയാൽ മതി എന്നു തീരുമാനിക്കാനും സാദ്ധ്യതയുണ്ട്.സർക്കാരിനു ചെലവായ തുക മുഴുവനും, സന്യാസിയുടെ വാക്കു കേട്ട് ഖനനത്തിനു പുറപ്പെട്ട ഉദ്യോഗസ്ഥപ്രമാണിമാരുടെ കൈയ്യിൽ നിന്നും വസൂലാക്കണം.ഒരു രാഷ്ട്രത്തെ അവഹേളനപാത്രമാക്കിയതിന്ന് ഇവരെ ശിക്ഷിക്കണം.ഇവരെ മാത്രം ശിക്ഷിച്ചാൽ പോരാ;ഈ വിവരക്കേടു കണ്ടിട്ടും അറിഞ്ഞിട്ടും വിലക്കാതിരുന്ന കേന്ദ്ര ഭരണകർത്താക്കളെയും കൽത്തുറുങ്കിൽ അടയ്ക്കണം.എന്നാൽ പോലും ഭാരതത്തിനു മേൽ പതിച്ച ഈ കളങ്കം മാറിക്കിട്ടുക വിഷമമാണു.




Fans on the page

Sunday, October 27, 2013

എം.എൻ.വി.ജി.അടിയോടി


സർക്കാർ ജീവനക്കാരുടെ സംഘടനയായ ജോയിന്റ് കൗൺസിലിന്റെ ചെയർമാനും അദ്ധ്യാപക സർവ്വീസ് സംഘടനാ കോൺഫെഡറേഷന്റെ കൺ വീനറുമായിരുന്ന സ.എം.എൻ.വി.ജി.അടിയോടി അന്തരിച്ചിട്ട് ഒക്റ്റോബർ 26 നു ഏഴു വർഷം തികഞ്ഞു.സർക്കാർ ജീവനക്കാരുടെ അവകാശ സമരങ്ങളിൽ എന്നും മുൻപന്തിയിൽ ഉണ്ടായിരുന്ന നേതാവായിരുന്നു സ.അടിയോടി.ജോയിന്റ് കൗൺ സിലിനെ ശക്തിപ്പെടുത്തുവാൻ അക്ഷീണം പരിശ്രമിക്കുമ്പോഴും സങ്കുചിതമായ സംഘടനാ വികാരങ്ങൾ അദ്ദേഹത്തെ തീണ്ടിയിരുന്നില്ല.സർവീസ് പ്രശ്നങ്ങൾ ഗാഢമായി പഠിക്കുന്നതിനും വിശകലനം ചെയ്യുന്നതിനും അസാമാന്യമായ വൈഭവവും ശുഷ്ക്കാന്തിയും അടിയോടിക്ക് സഹജമായിരുന്നു.

സംസ്ഥാന ജീവനക്കാർക്ക് കേന്ദ്ര ജീവനക്കരുടെ ശമ്പളവുമായി പാരിറ്റി വേണമെന്ന മുദ്രാവാക്യം ഉന്നയിക്കുന്നതിൽ മുൻപന്തിയിൽ നിന്നത് അടിയോടി ആയിരുന്നു.ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും നടപ്പാക്കിയ പാരിറ്റി കേരളത്തിനു മാത്രം കിട്ടാക്കനിയാകുന്നതിന്റെ പിന്നിൽ സംഘടനാ രംഗത്തെ അനൈക്യവും രാഷ്ട്രീയ വിധേയത്വവുമായിരുന്നു.വിവിധമേഖലകളിൽ പ്രവർത്തിച്ചു വന്ന സമാന ചിന്താഗതിക്കാരായ സർവ്വീസ് സംഘടനകളെ ഏകോപിപ്പിച്ച് അദ്ധ്യാപക സർവ്വീസ് സംഘടനാ കോൺഫെഡറേഷൻ എന്ന പേരിൽ പുതിയ സംഘടനാ മുന്നണി കേട്ടിപ്പടുത്തതിന്റെ മുഖ്യ ശില്പി അടിയോടി ആയിരുന്നു.പ്രധാനപ്പെട്ട മറ്റു രണ്ടു സംഘടനാ മുന്നണികൾ അവരുടെ ഇഷ്ടക്കാർ ഭരണത്തിലേറുമ്പോൾ കേന്ദ്രപാരിറ്റി ഡിമാന്റ് പരണത്തു വയ്ക്കുന്ന പതിവിനു അറുതി വരുത്താനും ഏതു ഭരണം വന്നാലും കേന്ദ്ര പാരിറ്റി എന്ന ഡിമാന്റ് സജീവമായി നിലനിർത്താനും കോൺഫെഡറേഷന്റെ ആവിർഭാവത്തോടെ കഴിഞ്ഞു.പൂർണ്ണമായിട്ടല്ലെങ്കിലും, പില്ക്കാലത്ത് കേന്ദ്രപാരിറ്റി നേടിയെടുക്കാൻ കഴിഞ്ഞതിന്റെ പിന്നിൽ കോൺഫെഡറേഷനു ചെറുതല്ലാത്ത പങ്കുണ്ട്.

സ്വതേ സൗമ്യനും മിതഭാഷിയുമായ അടിയോടി ജീവനക്കാരുടെ അവകാശങ്ങളെക്കുറിച്ച് സംസാരിക്കുമ്പോൾ വാചാലനാകും.അവഗണനയും ഉദാസീനതയും അധികാരസ്ഥാനത്തു നിന്ന് ഉണ്ടാകുമ്പോൾ ക്ഷുഭിതനാകുകയും ചെയ്യുമായിരുന്നു.ഒരിക്കൽ കേന്ദ്ര പാരിറ്റി സംബന്ധിച്ച് കോൺഫെഡറേഷൻ നല്കിയ നിവേദനത്തിന്മേൽ ചർച്ച ചെയ്യുന്നതിനു അന്നത്തെ ധനകാര്യമന്ത്രിയായിരുന്ന റ്റി.ശിവദാസമേനോൻ വിളിച്ചു ചേർത്ത മന്ത്രിസഭാ ഉപസമിതിയുടെ യോഗത്തിൽ വച്ച് അത്തരമൊരു സന്ദർഭത്തിനു സാക്ഷ്യം വഹിക്കേണ്ടി വന്നു.സ. അടിയോടിയുടെ വിശദീകരണം കഴിഞ്ഞ് ഘടക സംഘടനാ നേതാക്കൾ സംസാരിക്കാൻ തുടങ്ങിയതോടെ ഉപസമിതി അദ്ധ്യക്ഷനായ ശിവദാസമേനോൻ കൂർക്കം വലിച്ച് ഉറക്കം ആരംഭിച്ചു കഴിഞ്ഞിരുന്നു.മറ്റൊരു മന്ത്രി പി.ആർ.കുറുപ്പ് നേരത്തെതന്നെ തുപ്പൽ ഒലിപ്പിച്ച് നിദ്രാദേവിയെ പുല്കിയിരുന്നു.താൻ സംസാരിച്ചപ്പോഴേ ഉറക്കം തൂങ്ങലിന്റെ ലക്ഷണം ശിവദാസമേനോൻ  കാട്ടാൻ തുടങ്ങിയത് ശ്രദ്ധിച്ചിരുന്ന അടിയോടി കൂർക്കംവലി മൂത്തതോടെ ക്ഷുഭിതനായി മേശപ്പുറത്തടിച്ചുകൊണ്ട് മന്ത്രിയുടെ ഉത്തരവാദിത്തരാഹിത്യത്തെ കണക്കറ്റു പ്രഹരിച്ചു. ശിവദാസമേനോന്റെ ഉറക്കച്ചടവ് മാറും മുമ്പു തന്നെ, ഉറങ്ങാതിരുന്ന ഉപസമിതിയിലെ മറ്റൊരു മന്ത്രിയായ സ.ഇ.ചന്ദ്രശേഖരൻ നായർ ഇടപെട്ടതുകൊണ്ടും  മേനോൻ ഖേദം പ്രകടിപ്പിച്ചതു കൊണ്ടും രംഗം കൂടുതൽ വഷളായില്ല.

ഫലിതപ്രയോഗങ്ങളും ഉപകഥകളും ഒന്നുമില്ലെങ്കിലും ശ്രോതാക്കളെ മുഴുവൻ പിടിച്ചിരുത്തുന്ന പ്രഭാഷണ ചാതുര്യം അടിയോടിയ്ക്കുണ്ടായിരുന്നു.പറയുന്ന കാര്യത്തിലെ ആത്മാർത്ഥത അത്രയ്ക്ക് ആഴത്തിലുള്ളതായിരിക്കും.എതിരാളികളെക്കൊണ്ടു പോലും തന്റെ വാദമുഖങ്ങൾ സമ്മതിപ്പിക്കുവാൻ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു.അദ്ധ്യാപക സർവ്വീസ് സംഘടനാ കോൺഫെഡറേഷനു രൂപം നല്കാൻ മുൻ കൈ എടുത്ത അദ്ദേഹം തന്നെയാണു ആൾ ഇന്ത്യാ സ്റ്റേറ്റ് ഗവണ്മെന്റ് എം പ്ലോയീസ് കോൺഫെഡറേഷൻ സംഘടിപ്പിച്ചതും.ദില്ലിയിൽ ചേർന്ന അതിന്റെ ആദ്യ സമ്മേളനത്തിൽ പങ്കെടുത്തപ്പോഴാണു അഖിലേന്ത്യാ തലത്തിലെ സർവ്വീസ് സംഘടനാ മേഖലയിൽ സ.അടിയോടിയ്ക്കുള്ള സ്വാധീനവും മതിപ്പും ഞങ്ങൾക്കു മനസ്സിലായത്.

രണ്ടു പ്രാവശ്യം അഖിലേന്ത്യാ സമ്മേളനത്തിൽ പങ്കെടുക്കാൻ ഒന്നിച്ചു യാത്ര ചെയ്തപ്പോഴും താമസിച്ചപ്പോഴും ഒരിക്കൽ അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സമരപ്രചരണ വാഹന ജാഥയിൽ അംഗമായി അനുഗമിച്ചപ്പോഴും ആ ജീവിതത്തിന്റെ അടുക്കും ചിട്ടയും കണ്ട് അത്ഭുതപ്പെടുകയും അസൂയപ്പെടുകയും ചെയ്തിട്ടുണ്ട്.സംഘടനാ പ്രവർത്തകർക്കും പൊതുപ്രവത്തകർക്കും അനുകരണീയമായ മാതൃകയായിരുന്നു സ. അടിയോടി.പെൻഷൻ പറ്റി അധികം കഴിയുന്നതിനു മുമ്പേ കാലയവനികയ്ക്കുള്ളിൽ മറഞ്ഞു പോയെങ്കിലും സർവ്വീസ് സംഘടനാ രംഗത്ത് അദ്ദേഹത്തിന്റെ പേർ എന്നും സജീവമായിത്തന്നെ നിലനില്ക്കും.

 


Fans on the page

Sunday, October 20, 2013

കള്ളോളം നല്ലൊരു വസ്തു......



കള്ളോളോം നല്ലൊരു വസ്തു
ഭൂലോകത്തില്ലെടി നാണീ
എള്ളോളോമുള്ളിൽ ചെന്നാൽ
ഭൂലോകം തരികിട തിത്തൈ.
തന്തേനെ തല്ലിക്കൊല്ലാം
തള്ളേടെ മണ്ട തകർക്കാം
പിള്ളേരുടെ പള്ളേമ്മേലും
ചെള്ളയ്ക്കും തീപൊള്ളിക്കാം.
പെണ്ണുങ്ങടെ മാനം കവരാം
ആണുങ്ങടെ കൂമ്പു ചതയ്ക്കാം
പോഴത്തം കൂവി നടക്കാം
പോരടാം നിഴലിൻ നേർക്കും.

ആരവിടെ? പായിട്ടോടീ?
പോരുന്നു കിടക്കാനീ ഞാൻ.
ഭൂലോകം തരികിട തിത്തൈ
ഈ ലോകം തരികിട..തി..ത്തൈ






Fans on the page

Friday, October 11, 2013

ജുഡീഷ്യൽ അന്വേഷണം


സോളാർ തട്ടിപ്പു കേസ്സിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് ഇടതുപക്ഷത്തെ കബ്ബളിപ്പിച്ച ഉമ്മൻ ചാണ്ടി അന്വേഷണത്തിന്റെ ടേംസ് ഓഫ് റഫറൻസ് ഏകപക്ഷീയമായി നിശ്ചയിച്ച് വീണ്ടും പറ്റിച്ചിരിക്കുന്നു.പ്രസിദ്ധീകരിക്കപ്പെട്ട ടേംസ് ഓഫ് റഫറൻസ് തങ്ങൾക്ക് സ്വീകാര്യമല്ലെന്ന് പ്രതിപക്ഷം പറയുന്നുണ്ടെങ്കിലും സർക്കാർ(എന്നുവച്ചാൽ ഉമ്മൻ ചാണ്ടി)അവരുടെ വഴിക്ക് അവർ ആഗ്രഹിക്കുന്നതു പോലെ പോകാനാണു സാദ്ധ്യത.

ജുഡിഷ്യൽ അന്വേഷണം തന്നെ യാതൊരു പ്രയോജനവും ഇല്ലാത്ത, വ്യർത്ഥവ്യായാമമാണെന്നിരിക്കേ എന്തിനാണു പ്രതിപക്ഷം ഇത്തരം ഒരു ഡിമാന്റ് മുന്നോട്ടു വച്ചതെന്നു മനസ്സിലാകുന്നില്ല.ഇന്നേവരെ ഉണ്ടായിട്ടുള്ള കാക്കത്തൊള്ളായിരം ജുഡീഷ്യൽ അന്വേഷണ കമ്മീഷനുകളിൽ ഒന്നെങ്കിലും ഏതെങ്കിലും സർക്കാർ പൂർണ്ണമായി അംഗീകരിക്കുകയോ തുടർ നടപടി കൈക്കൊള്ളുകയോ ചെയ്തതായി അറിവില്ല.പലപ്പോഴും കുറ്റവാളികളെ രക്ഷിക്കയാണു കമ്മീഷനുകൾ ചെയ്തിട്ടുള്ളത്.എം.എം.ഹസ്സൻ ഡിഗ്രിപരീക്ഷയിൽ ക്രമക്കേടു കാട്ടിയെന്ന് ആരോപണമുണ്ടായപ്പോൾ അതിനെക്കുറിച്ച് അന്വേഷിച്ച ജ. ജിനരാജൻ കമ്മീഷൻ എന്താണു ചെയ്തതെന്ന് നമ്മൾ കണ്ടതാണു.പ്രീഡിഗ്രി ബോഡ് വിരുദ്ധ സമര കാലത്ത് നടന്ന ക്രമക്കേടുകളെ കുറിച്ച് അന്വേഷിക്കുവാൻ അന്നു മുഖ്യമന്ത്രി ആയിരുന്ന കെ. കരുണാകരൻ ഇതേ തന്ത്രം പയറ്റി നോക്കിയതാണു.ഹസ്സനു കിട്ടിയതു പോലെ ക്ലീൻ ചിറ്റ് കിട്ടുവാൻ പാകത്തിലുള്ള ഒരു അന്വേഷണ കമ്മീഷനെ അദ്ദേഹം നിയമിച്ചെങ്കിലും ആ കമ്മീഷൻ പ്രവർത്തനം തുടങ്ങും മുമ്പ് കരുണാകരന്റെ കാലാവധി കഴിഞ്ഞു പോയി.പിന്നീട് വന്ന നായനാർ സർക്കാർ ജ.കെ.കെ.നരേന്ദ്രനെ അന്വേഷണകമ്മീഷനായി നിയമിച്ചു.വളരെ വിശദമായും വിദഗ്ദ്ധമായും അന്വേഷണം നടത്തി അദ്ദേഹം സമർപ്പിച്ച റിപ്പോർട്ട് ആ സർക്കാർ ആഘോഷപൂർ വ്വം സ്വീകരിച്ചെങ്കിലും യാതൊരു തുടർ നടപടിയും കൈക്കൊണ്ടില്ല.അന്നത്തെ വിദ്യാഭ്യാസമന്ത്രി റ്റി.എം.ജേക്കബ്ബും കേരള സർവ്വകലാശാലാ പ്രൊ വൈസ്ചാൻസലറായിരുന്ന ഡോ.എ.സുകുമാരൻ നായരും  കുറ്റക്കാരാണെന്നു തെളിവുകൾ നിരത്തി കമ്മീഷൻ സ്ഥാപിച്ചിരുന്നു.പക്ഷേ അവർക്കെതിരെ ചെറുവിരലനക്കാൻ പോലും നയനാർ സർക്കാർ തയ്യാറായില്ല.അതിന്റെ ഫലമായി പിന്നീടു വന്ന  യു.ഡി.എഫ് സർക്കാരിനു സുകുമാരൻ നായരെ മഹാത്മാ ഗാന്ധി സർവ്വകലാശാലാ വൈസ്ചാൻസലർ ആയി നിയമിക്കാൻ സാധിച്ചു.ജേക്കബ് മന്ത്രിയുമായി.

ഇങ്ങനെ കാശും സമയവും മനുഷ്യാദ്ധ്വാനവും പാഴിലാക്കാൻ മാത്രം ഉതകിയ എത്ര ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ടുകൾ വേണമെങ്കിലും ചൂണ്ടിക്കാണിക്കാൻ കഴിയും.ഒരുപക്ഷേ കൂടുതൽ എണ്ണത്തെ കുറിച്ച് പ്രതിപക്ഷ കക്ഷികൾക്കായിരിക്കും ധാരണ ഉണ്ടാവുക. എന്നിട്ടും ഇത്തരം ഒരു അജാഗളസ്തനം വേണമെന്നു ശഠിച്ചതിന്റെ പിന്നിലെ യുക്തി തീരെ മനസ്സിലാകുന്നില്ല.ആകെപ്പാടെ ഉണ്ടാകേണ്ട ഒരു നേട്ടം, അന്വേഷണം പ്രഖ്യാപിക്കുന്നതോടെ മുഖ്യമന്ത്രി രാജി വയ്ക്കുക എന്നതാണു.അതുണ്ടാകാൻ പോകുന്നില്ല എന്നാണു ഉമ്മൻ ചാണ്ടിയുടെ ഇതുവരെയുള്ള നിലപാടിൽ നിന്നും മനസ്സിലാകുന്നത്.1957 ലെ ഇ.എം.എസ്.മന്ത്രിസഭയിലെ ഒരംഗത്തക്കുറിച്ച് അന്വേഷണം വന്നപ്പോൾ അദ്ദേഹം രാജിവച്ചില്ല എന്നു പറഞ്ഞാണു ഉമ്മൻ ചാണ്ടി രാജിവക്കാൻ വിസമ്മതിക്കുന്നത്.1957 കഴിഞ്ഞാണു 1967 എന്നും അന്നു അന്വേഷണം പ്രഖ്യാപിച്ചപ്പോൾ തന്നെ ആരോപണവിധേയരായ എം.എൻ ഉം റ്റിവി .തോമസും രാജിവച്ചു എന്നും ഉമ്മൻ ചാണ്ടിയെ ഓർമ്മിപ്പിക്കാൻ പ്രതിപക്ഷങ്ങൾ താല്പര്യം കാട്ടുന്നുമില്ല.

ടേംസ് ഓഫ് റഫറൻസ് പ്രഖ്യാപിച്ചതു വായിച്ചാൽ ,കമ്മീഷൻ ഓഫ് എൻ ക്വയറീസ് ആക്റ്റിനെയും പ്രതിപക്ഷത്തെയും ഒരുപോലെ പരിഹസിക്കുകയാണെന്നേ തോന്നൂ.പത്രക്കാരുടെ ചോദ്യങ്ങൾക്കു മുഖ്യൻ പറഞ്ഞ മറുപടിയിൽ അജ്ഞതയും ധിക്കാരവുമാണു നിഴലിച്ചത്.ആർക്കു വേണമെങ്കിലും ടേംസ് ഓഫ് റഫറൻസ് കൂട്ടിച്ചേർക്കാമത്രെ!എന്ത് അടിസ്ഥാനത്തിലാണു അദ്ദേഹം ഈ വിഡ്ഢിത്തം എഴുന്നള്ളിച്ചത്?2013 ൽ നടന്ന തട്ടിപ്പിനെക്കുറിച്ച് അന്വേഷിക്കുമ്പോൾ എന്തിനാണു അഞ്ചു കൊല്ലം മുമ്പുള്ള തട്ടിപ്പിനെപറ്റിയും അന്വേഷിക്കണം എന്ന്  നിഷ്ക്കർഷിക്കുന്നത്?അധികാരത്തിലിരിക്കുമ്പോൾ എന്തു ധിക്കാരവും ഭോഷത്തവും തട്ടിമൂളിക്കാമെന്ന്  കരുതുന്നെങ്കിൽ അതു വിനാശത്തിലേക്കുള്ള കാൽ വയ്പ്പാണെന്നു പറയാതെ വയ്യ.





Fans on the page