സർക്കാർ ജീവനക്കാരുടെ സംഘടനയായ ജോയിന്റ് കൗൺസിലിന്റെ ചെയർമാനും അദ്ധ്യാപക സർവ്വീസ് സംഘടനാ കോൺഫെഡറേഷന്റെ കൺ വീനറുമായിരുന്ന സ.എം.എൻ.വി.ജി.അടിയോടി അന്തരിച്ചിട്ട് ഒക്റ്റോബർ 26 നു ഏഴു വർഷം തികഞ്ഞു.സർക്കാർ ജീവനക്കാരുടെ അവകാശ സമരങ്ങളിൽ എന്നും മുൻപന്തിയിൽ ഉണ്ടായിരുന്ന നേതാവായിരുന്നു സ.അടിയോടി.ജോയിന്റ് കൗൺ സിലിനെ ശക്തിപ്പെടുത്തുവാൻ അക്ഷീണം പരിശ്രമിക്കുമ്പോഴും സങ്കുചിതമായ സംഘടനാ വികാരങ്ങൾ അദ്ദേഹത്തെ തീണ്ടിയിരുന്നില്ല.സർവീസ് പ്രശ്നങ്ങൾ ഗാഢമായി പഠിക്കുന്നതിനും വിശകലനം ചെയ്യുന്നതിനും അസാമാന്യമായ വൈഭവവും ശുഷ്ക്കാന്തിയും അടിയോടിക്ക് സഹജമായിരുന്നു.
സംസ്ഥാന ജീവനക്കാർക്ക് കേന്ദ്ര ജീവനക്കരുടെ ശമ്പളവുമായി പാരിറ്റി വേണമെന്ന മുദ്രാവാക്യം ഉന്നയിക്കുന്നതിൽ മുൻപന്തിയിൽ നിന്നത് അടിയോടി ആയിരുന്നു.ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും നടപ്പാക്കിയ പാരിറ്റി കേരളത്തിനു മാത്രം കിട്ടാക്കനിയാകുന്നതിന്റെ പിന്നിൽ സംഘടനാ രംഗത്തെ അനൈക്യവും രാഷ്ട്രീയ വിധേയത്വവുമായിരുന്നു.വിവിധമേഖലകളിൽ പ്രവർത്തിച്ചു വന്ന സമാന ചിന്താഗതിക്കാരായ സർവ്വീസ് സംഘടനകളെ ഏകോപിപ്പിച്ച് അദ്ധ്യാപക സർവ്വീസ് സംഘടനാ കോൺഫെഡറേഷൻ എന്ന പേരിൽ പുതിയ സംഘടനാ മുന്നണി കേട്ടിപ്പടുത്തതിന്റെ മുഖ്യ ശില്പി അടിയോടി ആയിരുന്നു.പ്രധാനപ്പെട്ട മറ്റു രണ്ടു സംഘടനാ മുന്നണികൾ അവരുടെ ഇഷ്ടക്കാർ ഭരണത്തിലേറുമ്പോൾ കേന്ദ്രപാരിറ്റി ഡിമാന്റ് പരണത്തു വയ്ക്കുന്ന പതിവിനു അറുതി വരുത്താനും ഏതു ഭരണം വന്നാലും കേന്ദ്ര പാരിറ്റി എന്ന ഡിമാന്റ് സജീവമായി നിലനിർത്താനും കോൺഫെഡറേഷന്റെ ആവിർഭാവത്തോടെ കഴിഞ്ഞു.പൂർണ്ണമായിട്ടല്ലെങ്കിലും, പില്ക്കാലത്ത് കേന്ദ്രപാരിറ്റി നേടിയെടുക്കാൻ കഴിഞ്ഞതിന്റെ പിന്നിൽ കോൺഫെഡറേഷനു ചെറുതല്ലാത്ത പങ്കുണ്ട്.
സ്വതേ സൗമ്യനും മിതഭാഷിയുമായ അടിയോടി ജീവനക്കാരുടെ അവകാശങ്ങളെക്കുറിച്ച് സംസാരിക്കുമ്പോൾ വാചാലനാകും.അവഗണനയും ഉദാസീനതയും അധികാരസ്ഥാനത്തു നിന്ന് ഉണ്ടാകുമ്പോൾ ക്ഷുഭിതനാകുകയും ചെയ്യുമായിരുന്നു.ഒരിക്കൽ കേന്ദ്ര പാരിറ്റി സംബന്ധിച്ച് കോൺഫെഡറേഷൻ നല്കിയ നിവേദനത്തിന്മേൽ ചർച്ച ചെയ്യുന്നതിനു അന്നത്തെ ധനകാര്യമന്ത്രിയായിരുന്ന റ്റി.ശിവദാസമേനോൻ വിളിച്ചു ചേർത്ത മന്ത്രിസഭാ ഉപസമിതിയുടെ യോഗത്തിൽ വച്ച് അത്തരമൊരു സന്ദർഭത്തിനു സാക്ഷ്യം വഹിക്കേണ്ടി വന്നു.സ. അടിയോടിയുടെ വിശദീകരണം കഴിഞ്ഞ് ഘടക സംഘടനാ നേതാക്കൾ സംസാരിക്കാൻ തുടങ്ങിയതോടെ ഉപസമിതി അദ്ധ്യക്ഷനായ ശിവദാസമേനോൻ കൂർക്കം വലിച്ച് ഉറക്കം ആരംഭിച്ചു കഴിഞ്ഞിരുന്നു.മറ്റൊരു മന്ത്രി പി.ആർ.കുറുപ്പ് നേരത്തെതന്നെ തുപ്പൽ ഒലിപ്പിച്ച് നിദ്രാദേവിയെ പുല്കിയിരുന്നു.താൻ സംസാരിച്ചപ്പോഴേ ഉറക്കം തൂങ്ങലിന്റെ ലക്ഷണം ശിവദാസമേനോൻ കാട്ടാൻ തുടങ്ങിയത് ശ്രദ്ധിച്ചിരുന്ന അടിയോടി കൂർക്കംവലി മൂത്തതോടെ ക്ഷുഭിതനായി മേശപ്പുറത്തടിച്ചുകൊണ്ട് മന്ത്രിയുടെ ഉത്തരവാദിത്തരാഹിത്യത്തെ കണക്കറ്റു പ്രഹരിച്ചു. ശിവദാസമേനോന്റെ ഉറക്കച്ചടവ് മാറും മുമ്പു തന്നെ, ഉറങ്ങാതിരുന്ന ഉപസമിതിയിലെ മറ്റൊരു മന്ത്രിയായ സ.ഇ.ചന്ദ്രശേഖരൻ നായർ ഇടപെട്ടതുകൊണ്ടും മേനോൻ ഖേദം പ്രകടിപ്പിച്ചതു കൊണ്ടും രംഗം കൂടുതൽ വഷളായില്ല.
ഫലിതപ്രയോഗങ്ങളും ഉപകഥകളും ഒന്നുമില്ലെങ്കിലും ശ്രോതാക്കളെ മുഴുവൻ പിടിച്ചിരുത്തുന്ന പ്രഭാഷണ ചാതുര്യം അടിയോടിയ്ക്കുണ്ടായിരുന്നു.പറയുന്ന കാര്യത്തിലെ ആത്മാർത്ഥത അത്രയ്ക്ക് ആഴത്തിലുള്ളതായിരിക്കും.എതിരാളികളെക്കൊണ്ടു പോലും തന്റെ വാദമുഖങ്ങൾ സമ്മതിപ്പിക്കുവാൻ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു.അദ്ധ്യാപക സർവ്വീസ് സംഘടനാ കോൺഫെഡറേഷനു രൂപം നല്കാൻ മുൻ കൈ എടുത്ത അദ്ദേഹം തന്നെയാണു ആൾ ഇന്ത്യാ സ്റ്റേറ്റ് ഗവണ്മെന്റ് എം പ്ലോയീസ് കോൺഫെഡറേഷൻ സംഘടിപ്പിച്ചതും.ദില്ലിയിൽ ചേർന്ന അതിന്റെ ആദ്യ സമ്മേളനത്തിൽ പങ്കെടുത്തപ്പോഴാണു അഖിലേന്ത്യാ തലത്തിലെ സർവ്വീസ് സംഘടനാ മേഖലയിൽ സ.അടിയോടിയ്ക്കുള്ള സ്വാധീനവും മതിപ്പും ഞങ്ങൾക്കു മനസ്സിലായത്.
രണ്ടു പ്രാവശ്യം അഖിലേന്ത്യാ സമ്മേളനത്തിൽ പങ്കെടുക്കാൻ ഒന്നിച്ചു യാത്ര ചെയ്തപ്പോഴും താമസിച്ചപ്പോഴും ഒരിക്കൽ അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സമരപ്രചരണ വാഹന ജാഥയിൽ അംഗമായി അനുഗമിച്ചപ്പോഴും ആ ജീവിതത്തിന്റെ അടുക്കും ചിട്ടയും കണ്ട് അത്ഭുതപ്പെടുകയും അസൂയപ്പെടുകയും ചെയ്തിട്ടുണ്ട്.സംഘടനാ പ്രവർത്തകർക്കും പൊതുപ്രവത്തകർക്കും അനുകരണീയമായ മാതൃകയായിരുന്നു സ. അടിയോടി.പെൻഷൻ പറ്റി അധികം കഴിയുന്നതിനു മുമ്പേ കാലയവനികയ്ക്കുള്ളിൽ മറഞ്ഞു പോയെങ്കിലും സർവ്വീസ് സംഘടനാ രംഗത്ത് അദ്ദേഹത്തിന്റെ പേർ എന്നും സജീവമായിത്തന്നെ നിലനില്ക്കും.
Fans on the page
1 comment:
അടിയോടിസാറിന്റെ കാലത്ത് അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞു.സർക്കാർ ജീവനക്കാരുടെ എക്കാലത്തെയും വലിയ നേതാവ്
Post a Comment