Total Pageviews

Tuesday, August 7, 2012

കൊലക്കുറ്റത്തിനു കേസ്സെടുക്കണം




അമൃതാനന്ദമയിയെ ആക്രമിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് ആശ്രമ ഗുണ്ടാകൾ പിടിച്ച് പോലീസിലേല്പിച്ച ബീഹാർ സ്വദേശി സത് നാം സിംഗ് കൊല്ലപ്പെട്ടു.തിരുവനന്തപുരം മാനസികരോഗാശുപത്രിയിൽ വച്ചാണു സിംഗ് കൊല്ലപ്പെട്ടത്.ദേഹമാസകലം ചതവേറ്റ ശവമാണു മെഡിക്കൽ കോളേജിൽ കൊണ്ടുചെന്നതെന്ന് ആശുപത്രി അധികൃതർ പറയുന്നു.പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും അങ്ങനെതന്നെയാണെന്നറിയുന്നു.ദുരൂഹമരണത്തിനു പേരൂർക്കട പോലീസ് കേസ്സെടുക്കുകയും ചെയ്തു.അമൃതാനന്ദമയിയുടെ വള്ളിക്കാവിലുള്ള സങ്കേതത്തിൽ വച്ചാണു അവരെ ആക്രമിക്കാൻ ഈ ബീഹാർ സ്വദേശി തുനിഞ്ഞതെന്നാണു മാദ്ധ്യമ വാർത്തകൾ.ഭക്തജനങ്ങളുടെയും അംഗരക്ഷകരുടെയും നടുവിൽ വച്ച് അവരെ വധിക്കുവാൻ സ്വബോധമുള്ള ആരും ശ്രമിക്കുമെന്നു തോന്നുന്നില്ല.അർദ്ധ നഗ്നനും അസ്ഥിമാത്ര ശരീരനും നിരായുധനുമായ ഒരു മനുഷ്യൻ “അമ്മ”യെ വധിക്കുവാൻ ശ്രമിച്ചു എന്ന വാർത്തയും സ്വബോധമുള്ളവർക്ക് വിശ്വസിക്കുവാൻ കഴിയില്ല.

അരുതാത്തതെന്തോ കണ്ട സാധു മനുഷ്യനെ കൊല്ലുവാൻ വേണ്ടി കെട്ടിച്ചമച്ചതാണു ഈ വധ ശ്രമമെന്നു വ്യക്തം.ഇതിനു മുമ്പും വേണ്ടാത്തതു കാണാൻ ഇടയായ പലരെയും അശ്രമഗുണ്ടകൾ “അമ്മയെ വധിക്കാൻ ശ്രമിച്ചു ” എന്നാരോപിച്ച് വകവരുത്തിയിട്ടും വധിച്ചിട്ടുമുണ്ട്.ഇന്ത്യൻ പ്രധാന മന്ത്രിയും പ്രസിഡന്റും വരെ കുമ്പിടുന്ന ആൾദൈവത്തിനെതിരെ ഒരു നടപടിയും ഉണ്ടാകില്ലെന്ന് ഗുണ്ടകൾക്കും ദൈവത്തിന്റെ മാർക്കറ്റിങ്ങ് മാനേജർമാർക്കും വിശ്വാസമുണ്ട്.ഏതാനും വർഷം മുമ്പ് “അമ്മ”ഭക്തനും  അവരുടെ സങ്കേതത്തിലെ കുടികിടപ്പുകാരനുമായിരുന്ന ഒരുവനെ (പുരുഷോത്തമനെന്നോ മറ്റോ ആണു പേർ)അവരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന് ആരോപിച്ച് അടിച്ചവശനാക്കി പോലീസിൽ ഏല്പ്പിച്ചിരുന്നു. അയാൾക്ക് പിന്നീട് എന്തു സംഭവിച്ചു എന്ന് ആർക്കും അറിയില്ല.സത് നാം സിംഗിനെയും വള്ളിക്കാവിൽ വച്ചു തന്നെ പെരുമാറിയ ശേഷമായിരിക്കും പോലീസിനു കൈമാറിയത്.ജയിലിലും ആശുപത്രിയിലും മറ്റും വച്ച് ബാക്കി കാര്യങ്ങൾ അമ്മയുടെ ഭക്തരും അമ്മ കൂലിക്കെടുത്തവരും കൂടി നിർ വ്വഹിച്ചിട്ടുണ്ടാകും.അമൃതാനന്ദമയിയുടെ മാർക്കറ്റിങ്ങ് മാനേജരായ ലാപ്ടോപ് സ്വാമി അമൃതസ്വരൂപാനന്ദയുടെ വാക്കുകളിൽ നിന്നു തന്നെ അതു വ്യക്തമാണു.

വേതനവർദ്ധനവിനു വേണ്ടി സമരം ചെയ്ത അമൃത ആശുപത്രിയിലെ നഴ്സുകളെ ഗുണ്ടകളെ വിട്ട് കൈയ്യും കാലും തല്ലിയൊടിപ്പിച്ച “അമ്മ”യും മക്കളും അമ്മയ്ക്കു നേരേ കയർത്ത ഒരു സാധുവിനെ കൊല്ലാതിരുന്നെങ്കിലേ അസ്വാഭാവികതയുള്ളൂ.കൊല്ലലും കൊല്ലിക്കലും ഒന്നും ഈ ആൾദൈവത്തിനും ശിഷ്യർക്കും പുതുമയുള്ള കാര്യമല്ല.

1990ഏപ്രിൽ 4 നു,കൊടുങ്ങല്ലൂർക്കാരനായ 37 വയസ്സുള്ള നാരായണൻ കുട്ടിയെ വള്ളിക്കാവിലെ അമൃതാന്ദമയിയുടെ സങ്കേതത്തിൽ വച്ച് ഇതേപോലെ മർദ്ദിച്ചു കൊന്നിട്ടുണ്ട്.തെരുവുഭ്രാന്തൻ എന്ന് പറഞ്ഞാണു അമ്മഗുണ്ടകൾ അടിച്ചവശനാക്കി നാരായണൻ കുട്ടിയെ പോലീസിൽ ഏല്പ്പിച്ചത്.അമ്മയുടെ ഭക്തനും ആശ്രമത്തിലെ നിത്യ സന്ദർശകനുമായിരുന്ന നാരായണൻ കുട്ടിയെ ആണു ഭ്രാന്തൻ എന്ന ലേബൽ ചാർത്തി കൈകാര്യം ചെയ്തതും പോലീസിൽ ഏല്പ്പിച്ചതും.ബ്യൂറോ ഓഫ് ഇകൊണോമിക്സ്& സ്റ്റാറ്റിസ്റ്റ്ക്സിലെ ഉദ്യോഗസ്ഥനായിരുന്നു നരായണൻ കുട്ടി.കൊല്ലം ജില്ലാ ആശുപത്രിയിലും പിന്നീട് തിരുവന്തപുരം മെഡിക്കൽ കോളജിലും പ്രവേശിപ്പിക്കപ്പെട്ട നാരായണൻ കുട്ടിയെയും, സത് നാം സിംഗിനെ ഫിനിഷ് ചെയ്തതുപോലെ തിരുവനന്തപുരം മാനസികരോഗാശുപത്രിയിൽ വച്ചാണു കൊന്നത്.സിംഗിന്റെ മരണം അന്നു തന്നെ ലോകം അറിഞ്ഞു.പക്ഷേ നാരായണൻ കുട്ടിയുടെ മരണം ബന്ധുക്കൾ പോലുമറിഞ്ഞത് 6 ദിവസങ്ങൾക്കു ശേഷമാണു.അന്നും ഇതുപോലെ ക്രൈംബ്രാഞ്ച് അന്വേഷണം നടന്നതാണു.ഒരു ഫലവുമുണ്ടായില്ല.“അമ്മ”യെ ആരോ നോക്കിയെന്നറിഞ്ഞ് സർവ്വസന്നാഹങ്ങളുമായി അന്വേഷിച്ചിറങ്ങിയ തിരുവഞ്ചൂർ രാധാകൃഷ്ണനായിരുന്നില്ല അന്നത്തെ ആഭ്യന്തര മന്ത്രി.എന്നിട്ടും ക്രൈം ബ്രാഞ്ച് അന്വേഷണത്തിന്റെ ഗതി അതായിരുന്നു.

അമൃതാനന്ദമയിയുടെ അപ്പച്ചിയുടെ മകൻ പ്രദീപ് കുമാർ 1994 ആഗസ്റ്റ് 16 നു കൊല്ലപ്പെട്ടതിന്റെ പിന്നിലും അവർ തന്നെയാണെന്ന് ബന്ധുക്കൾ പറയുന്നു.“അമ്മ”യുടെ ഭക്തനും അമൃതപുരിയിലെ അന്തേവാസിയുമായിരുന്ന ധുരം ധർ എന്ന ചരിത്രകാരൻ അവിടെ വച്ച് 2000 ജൂലായ്15നു മരണമടഞ്ഞതിന്റെ പിന്നിലെ ദുരൂഹത ഇതുവരെ നീങ്ങിയിട്ടില്ല.അമൃതാന്ദമയിയുടെ സഹോദരൻ സുഭഗൻ,ഭക്തന്മാരായ പറയക്കടവു ഭാസ്കരദാസ്,കർണ്ണാടകക്കാരൻ സിദ്ധരാമൻ തുടങ്ങി നിരവധി പേരുടെ അസ്വാഭാവിക മരണവുമായി ഈ ആൾദൈവത്തിനും ഭക്തർക്കും ബന്ധമുണ്ടെന്നത് പരസ്യമായ രഹസ്യമാണു.

ഈ ദുരൂഹമരണങ്ങളുടെ ചരിത്രം രേഖപ്പെടുത്തി പുസ്തകമെഴുതിയതിന്റെ പേരിൽ ശ്രീനി പട്ടത്താനത്തിനെതിരെ നടപടിയെടുക്കാനാണു അന്നു മുഖ്യമന്ത്രിയായിരുന്ന എ.കെ.ആന്റണി തുനിഞ്ഞത്.അവരുടെ കാലു കഴുകി കുടിക്കുന്ന ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയും കെ.എം.മാണിയും ഭരിക്കുന്ന ഇക്കാലത്ത് പാവം സത്നാം സിങ്ങിന്റെ മരണക്കേസ് എങ്ങനെയാകുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ.അവരുടെ സമ്പത്തും അനുഗ്രഹവും കൈയ്യും മനസ്സും നിറയെ വാങ്ങി മുട്ടുകാലിൽ ഇഴയുന്ന ബി.ജെ.പി നേതാക്കളുടെ പിന്തുണയും കൂടി ആകുമ്പോൾ കൂടുതൽ പറയേണ്ട കാര്യമില്ല.ബർലിൻ കുഞ്ഞനന്തൻ നായർ വെളിപ്പെടുത്തിയ പിണറായി ചരിത്രം വാസ്തവമാണെങ്കിൽ,“ചോരച്ചാലുകൾ നീന്തിക്കേറിയ” യുവ സിംഹങ്ങളുടെ സഹായവും വേട്ടക്കാരിക്കു കിട്ടാനാണു സാദ്ധ്യത.

നീതിപാലകരിൽ നിന്നോ ന്യായാസനങ്ങളിൽ നിന്നോ അമൃതാനന്ദമയിക്കെതിരേ കാര്യമായ അന്വേഷണമോ നീതിപൂർണ്ണമായ വിധിപ്രസ്താവങ്ങളോ ഉണ്ടാകാനും ഇടയില്ല.അടുത്തകാലത്തു ജയിലിലായ സന്തോഷ്മാധവൻ എന്ന ദിവ്യന്റെ ഭക്തരിൽ എറിയപങ്കും എസ്.പി.മുതൽ മേലോട്ടുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥരായിരുന്നല്ലോ.അതിൽ പ്രമാണികളായ ചില വനിത ഐ.പി.എസ്സുകാരും ഉണ്ടായിരുന്നതായി വാർത്തയുണ്ടായിരുന്നു.വെറും കുറ്റിച്ചെടിമാത്രമായിരുന്ന സന്തോഷ് മാധവനോടുള്ള മനോഭാവം അതാണെങ്കിൽ വന്മരമായി വളർന്ന അമൃതാനന്ദമയിയോട് ഈ പോലീസ് ഓഫീസർമാരുടെ വിധേയത്വത്തിന്റെ ദാർഢ്യം പറഞ്ഞറിയിക്കേണ്ട കാര്യമില്ല.

ഇന്ത്യ ഒട്ടാകെ ആൾദൈവങ്ങൾ വളർന്നു പന്തലിക്കാൻ വഴിയൊരുക്കിയവരിൽ പ്രമുഖരാണു ജഡ്ജിമാർ.“അമ്മ”ഭക്തരായ ഒട്ടേറെ ജഡ്ജിമാരുണ്ട്.അവരുടെയൊക്ക മുമ്പിൽ അമ്മക്കേസ് എത്തിയാൽ എന്തു സംഭവിക്കുമെന്നു പറയേണ്ടതുല്ലല്ലോ.എങ്കിലും ഇവരുടെ വലയിൽ വീഴാത്ത നീതിമാന്മാരിൽ മാത്രമാണു ജനങ്ങൾക്കു പ്രതീക്ഷയുള്ളത്.സത് നം സിംഗിന്റെ മരണത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് അമൃതാനന്ദമയിക്ക് ഒഴിയാൻ കഴിയില്ല.അവരുടെ പേരിൽ കൊലക്കുറ്റത്തിനു കേസ്സെടുക്കണം.മാത്രമല്ല അമൃതപുരിയിൽ ഇതുവരെ നടന്ന സകല കൊലപാതകങ്ങളെക്കുറിച്ചും അന്വേഷണം നടത്തണം.ഇവർ പോറ്റിവളർത്തുന്ന,കാവിയുടുത്തവരും അല്ലാത്തവരുമായ ഗുണ്ടകളെ ഉപയോഗിച്ചു മാത്രമല്ല പോലീസുകാരെയും ജയിൽ പുള്ളികളെയും മനോരോഗികളെയും പ്രയോജനപ്പെടുത്തി കൊലപാതകം ആസൂത്രണം ചെയ്യാറുണ്ട് എന്നാണു സിംഗിന്റെയും നാരായണൻ കുട്ടിയുടെയും മരണം നല്കുന്ന സൂചന.





Fans on the page

Tuesday, July 31, 2012

സുധീരനും വെള്ളാപ്പള്ളിയും



മന്ത്രിമാരിൽ  ചിലർ വകയ്ക്കു കൊള്ളാത്തവരാണെന്നും ഏതു പാർട്ടി ഭരിച്ചാലും അധികാരദല്ലാളന്മാർ അധികാര കേന്ദ്രങ്ങളിൽ കൈകടത്താൻ ശ്രമിക്കുമെന്നും യൂത്ത് കോൺഗ്രസ്സിന്റെ പ്രവർത്തനം നിയന്ത്രിക്കാൻ ദേശീയ നേതൃത്വത്തിന്റെ ഇടപെടൽ ആവശ്യമില്ലെന്നും ഫ്ലക്സ്ബോർഡിലൂടെയുള്ള രാഷ്ട്രീയ പ്രവർത്തനം അധികകാലം നീണ്ടു നില്ക്കില്ലെന്നും വി.എം.സുധീരൻ അഭിപ്രായപ്പെട്ടു.കമ്പ്യൂട്ടറിലുടെയും ഇ-മെയിലിലൂടെയുമുള്ള പ്രവർത്തനം യു.പിയിലെ ഫലമായിരിക്കും നല്കുക എന്നും അദ്ദേഹം പറഞ്ഞു.യുത്ത് കോൺഗ്രസ് സംസ്ഥാന നേതൃത്വ പരിശീലന ക്യാമ്പിലാണു സുധീരൻ ഈ കാര്യങ്ങൾ പറഞ്ഞത്.വളരെ സത്യസന്ധവും നിഷ്പക്ഷവുമാണു അദ്ദേഹത്തിന്റെ ഈ നിരീക്ഷണങ്ങളും അഭിപ്രായങ്ങളും എന്ന് വിമർശന വിധേയരായവർ പോലും സമ്മതിക്കുകയുണ്ടായി.എന്നാൽ മഹാ രാഷ്ട്രമീമാംസാ പണ്ഡിതനും “നവോത്ഥാന നായകനും”മറ്റും മറ്റുമായ മാരാരാശ്രീ വെള്ളാപ്പള്ളി നടേശനുമാത്രം സുധീരന്റെ പ്രസ്താവന അല്പത്തമായിട്ടാണു തോന്നുന്നത്.പാർട്ടി ഫോറങ്ങളിൽ പറയേണ്ട കാര്യങ്ങൾ പത്രക്കാരോടു പറഞ്ഞ് ആളാകാൻ നോക്കുകയാണെന്നും നടേശൻ അപഹസിക്കുകയുണ്ടായി.അതുകൊണ്ടും അരിശം തീരാഞ്ഞ് വയറു പെരുപ്പിച്ച് ശബ്ദമുണ്ടാക്കുന്ന തൊണ്ണൻ തവളയാണു സുധീരൻ എന്നും ബഹളമുണ്ടാക്കി വാർത്ത സൃഷ്ടിക്കാനാണു അദ്ദേഹം ശ്രമിക്കുന്നതെന്നും കൂടി നടേശൻ പറഞ്ഞുകളഞ്ഞു.

സുധീരനെ കേരളീയർക്ക് നന്നായറിയാം.വെള്ളാപ്പള്ളിയെപ്പോലെ അഴകനെ അച്ഛാ എന്നു വിളിക്കുന്ന ശീലം അദ്ദേഹം ഇന്നു വരെ കാട്ടിയിട്ടില്ല.ഭരണത്തിൽ ഇരിക്കുമ്പോൾ ഒന്നും പ്രതിപക്ഷത്താകുമ്പോൾ മറ്റൊന്നും എന്ന വിധത്തിൽ അഭിപ്രായം മാറ്റിപ്പറയുന്ന സാധാരണ രാഷ്ട്രീയക്കാരിൽ നിന്ന് ഏറെ വ്യത്യസ്തനാണു സുധീരൻ.കരിമണൽ ഖനനത്തിനും എക്സ്പ്രസ് ഹൈവേയ്ക്കും എതിരേ പ്രതിപക്ഷത്തിരുന്നപ്പോൾ സമരം നയിച്ച എളമരം കരീമും പി.ജെ.ജോസഫും മറ്റും മന്ത്രിക്കസേരയിൽ ഇരുന്നപ്പോൾ അവയ്ക്കനുകൂലമായി കരുക്കൾ നീക്കിയത് കേരളീയർ കണ്ടതാണു.സുധീരൻ ഒരേ നിലപാടാണു ഇക്കാര്യങ്ങളിൽ സ്വീകരിച്ചത്.എൽ.ഡി.എഫും യു.ഡി.എഫും പ്രസ്തുത വിഷയങ്ങളിൽ നിന്നു പിൻ വാങ്ങിയത് സുധീരൻ ഉൾപ്പടെയുള്ളവരുടെ ഒച്ച കേട്ടിട്ടു തന്നെയാണു.അല്ലാതെ നടേശനെപ്പോലെയുള്ള ചൊറിത്തവളകൾ മുക്കിയതു കൊണ്ടല്ല.കുഞ്ഞാലിക്കുട്ടിയും സംഘവും കൂടി ഇപ്പോൾ കരിമണൽ കച്ചവടത്തിനു വീണ്ടും കച്ചമുറുക്കുമ്പോൾ സുധീരൻ ക്ഷോഭിക്കുന്നത് സ്വാഭാവികമാണു. “സഭാ നേതാവായ മുഖ്യമന്ത്രിയുടെ അഭിപ്രായമല്ല സഭാദ്ധ്യക്ഷനുള്ളത്” എന്ന് മുഖ്യമന്ത്രിയുടെ മുഖത്തു നോക്കി പറഞ്ഞ ഒരേ ഒരു സ്പീക്കറേ കേരള നിയമസഭയുടെ ചരിത്രത്തിൽ കാണുകയുള്ളു. കെ.കരുണാകരൻ മുഖ്യമന്ത്രിയായിരിക്കേ അസംബ്ലിയിൽ വച്ച് അങ്ങനെ പറഞ്ഞ സ്പീക്കർ സുധീരനാണു.അന്നു കള്ളുകച്ചവടവുമായി നടന്ന നടേശനു ഓർമ്മ കാണില്ലായിരിക്കും.സുധീരൻ പാർട്ടിഫോറത്തിൽ പറയേണ്ടതു പത്രക്കാരോടു പറഞ്ഞു എന്നാണു ഒരു നടേശവിമർശനം.യൂത്ത് കോൺഗ്രസ്സിന്റെ നേതൃത്വ പരിശീലന ക്യാമ്പ് പാർട്ടി വേദിയല്ലാതെ മറ്റെന്താണു? കോട കലക്കിവയ്ക്കുന്ന ഗുദാമോ?  

മൈക്കിനു മുമ്പിൽ മുട്ടു വിറയ്ക്കുകയും തൊണ്ട വരളുകയും ചെയ്തിരുന്ന നടേശൻ മുതലാളിയിൽ നിന്നു വായിൽ വരുന്നതെന്തും ആരെക്കുറിച്ചും പറയുന്ന വിടുവായനായ വെള്ളാപ്പള്ളി നടേശനിലേക്കുള്ള പരിണാമത്തിൽ നാണം കെട്ടത് ഒരു മഹാഗുരുവിന്റെ പേരിലുള്ള പ്രസ്ഥാനമാണു.താൻ പറയുന്ന വിവരക്കേടും വിഡ്ഢിത്തവും കേട്ടു കൈയ്യടിക്കുകയും  ഗോഗ്വാ വിളിക്കുകയും ചെയ്യുന്ന വൈതാളികരുടെ മുമ്പിൽ ആളാകാൻ നടേശൻ കാണിക്കുന്ന ഗോഷ്ടികളും പറയുന്ന ഭോഷത്തങ്ങളും സാമാന്യ ജനങ്ങൾക്കിടയിൽ അവജ്ഞയാണു സൃഷ്ടിക്കുന്നത്. മുമ്പൊരിക്കൽ താൻ ഒരു വെറും നവോത്ഥാന നായകൻ മാത്രമാണെന്നു പറഞ്ഞതുൾപ്പെടെ അർത്ഥമറിയാതെ പലതും പുലമ്പുന്നതിൽ ഒരു നാണവുമില്ലാത്ത നടേശന്റെ സുധീര ഭർത്സനത്തിൽ ആരും അതിശയിക്കില്ല.പക്ഷേ ഈ സുധീരവിരോധത്തിനു പിന്നിലെ ചരിത്രം പലർക്കും അറിയില്ല.

സുധീരൻ ആദ്യമായി ആലപ്പുഴ പാർലമെന്റു മണ്ഡലത്തിൽ തെരഞ്ഞെടുപ്പിനു നിന്നപ്പോൾ അദ്ദേഹത്തെ തോല്പ്പിക്കാൻ പതിനെട്ടറ്റവും പയറ്റി പണവും വാരിയെറിഞ്ഞ് വെള്ളാപ്പള്ളി നടത്തിയ നെറികെട്ട കളി ആലപ്പുഴക്കാരാരും മറന്നിട്ടില്ല.“കള്ളു കച്ചവടക്കാരുടെ സഹായം എനിക്കു വേണ്ട ”എന്നു സുധീരൻ പരസ്യമായി പറഞ്ഞതായിരുന്നത്രെ വെള്ളാപ്പള്ളിയെ അന്ന് ചൊടിപ്പിച്ചത്.അന്നത്തെ പക ഇപ്പോഴും നടേശൻ മുതലാളിയ്ക്ക് അടങ്ങിയിട്ടില്ല.‘പട്ടി മനുഷ്യനെ കടിക്കുന്നത് വാർത്തയല്ല മനുഷ്യൻ പട്ടിയെ കടിച്ചാലേ വാർത്തയാകൂ’എന്ന ജേർണലിസ ബാലപാഠത്തിലെ പഴയ പല്ലവി ഉരുവിട്ട ശേഷം , സുധീരൻ വാർത്ത സൃഷ്ടിക്കാൻ പട്ടിയെ കടിക്കയാണെന്നു വരെ നടേശൻ ആക്ഷേപിച്ചു.എന്നാൽ പട്ടി മനുഷ്യനെ കടിച്ചാലും വാർത്തയാകുമെന്ന് സുധീരനെ നടേശൻ ആക്രമിച്ചതു വാർത്തയാതോടെ തെളിഞ്ഞിരിക്കുന്നു.

മകനെ കൊച്ചി ദേവസ്വം ബോഡ് മെംബറാക്കിയൽ, ഉമ്മൻ ചാണ്ടിയെപ്പോലെ കഴിവുള്ള മുഖ്യമന്ത്രി ലോകത്ത് വേറെയില്ലെന്നു പുകഴ്ത്തുന്ന ആളല്ല സുധീരൻ.പിറവത്തും നെയ്യാറ്റിൻ കരയിലും യു.ഡി.എഫ് സ്ഥാനാർത്ഥികൾ ഉപതെരഞ്ഞെടുപ്പുകളിൽ ജയിച്ചപ്പോൾ പെരുന്നയിലെ എട്ടുകാലിമമ്മൂഞ്ഞിനൊപ്പം “അയ് ഞമ്മളാണെന്നു”എന്നു ഉളുപ്പില്ലാതെ പറഞ്ഞ വെള്ളാപ്പള്ളിയ്ക്ക് വി.എം.സുധീരന്റെ വളർത്തു നായെ വിമർശിക്കാനുള്ള യോഗ്യതയുണ്ടോ?എതിരാളികളെ വെടിവച്ചും കുത്തിയും തല്ലിയും കൊന്നിട്ടുണ്ടെന്നും വേണ്ടിവന്നാൽ ഇനിയും കൊല്ലുമെന്നും വീമ്പടിച്ച എം.എം.മണിയെ ന്യായീകരിക്കുന്ന വെള്ളാപ്പള്ളിയ്ക്ക് സുധീരനെ എങ്ങനെ മനസ്സിലാകാൻ?മഹത്തായ ഒരു സംഘടനയുടെ തലപ്പത്ത് വളരെ നാളായി കയറിയിരുന്നിട്ടും,പഞ്ചതന്ത്രത്തിലെ നീലത്തിൽ വീണ കുറുക്കനെപ്പോലെ പലപ്പോഴും ജന്മഗുണം പ്രകടമായിപ്പോകും.സർവ്വാദര ണീയനായ സുകുമാർ അഴീക്കോടിനെയും പരമ സാത്വികനായ എൻ.എസ്.എസ്.പ്രസിഡന്റ് പി.കെ.നാരായണപ്പണിക്കരെയും പുലഭ്യം പറഞ്ഞ ചരിത്രമാണു നടേശനുള്ളത്.ഇങ്ങനെ മാന്യന്മാരെ ആക്ഷേപിക്കാൻ ക്വട്ടേഷനെടുത്തിട്ടുള്ള വെള്ളാപ്പള്ളി ഇപ്പോൾ ആർക്കു വേണ്ടിയാണു പുതിയ നിയോഗം ഏറ്റെടുത്തിരിക്കുന്നത് എന്നറിയാൻ പാഴൂർ പടിക്കൽ പോകേണ്ട കാര്യമില്ല.

ആരുടെ തുട്ടു വാങ്ങിയും വാഗ്ദാനം കേട്ടും ഏറ്റെടുത്ത ക്വട്ടേഷനായാലും ശരി ധാർമ്മികതയ്ക്കും രാഷ്ട്രീയ സദാചാരത്തിനും വിലകല്പ്പിക്കുന്ന ജനങ്ങൾ അവശേഷിക്കുന്നിടത്തോളം കാലം സുധീരനെപ്പോലുള്ളവരെ നിശബ്ദമാക്കാൻ, വെള്ളാപ്പള്ളി നടേശനെപ്പോലുള്ള മരമാക്രികൾ എത്ര മസ്സിലു പെരുപ്പിച്ചാലും തൊള്ള തുറന്നാലും കഴിയില്ല.



Fans on the page

Friday, July 20, 2012

വിഷം തിന്നുന്നവർ




തിരുവനന്തപുരത്തെ സാൽവ കഫെ എന്ന ഹോട്ടലിൽ നിന്നും ഷവർമ്മ വാങ്ങിക്കഴിച്ച സച്ചിൻ എന്ന വിദ്യാർത്ഥി ബാംഗ്ലൂരിൽ വച്ചു മരിച്ച വാർത്ത എല്ലാവരെയും ഞെട്ടിച്ചു.അതേ ഹോട്ടലിൽ നിന്നു ഷവർമ്മ കഴിച്ച ഷോബി തിലകനും കുടുംബവും അതിനു മുമ്പു തന്നെ അവശ നിലയിൽ ആശുപത്രിയിൽ ആയിരുന്നു.പുതിയ തലമുറയുടെ ഇഷ്ട ഭക്ഷണമായി മാറിക്കൊണ്ടിരിക്കുന്ന ഈ ഇറക്കുമതി വിഭവം നമ്മുടെ ഭക്ഷണരീതിയ്ക്കു തീരെ യോജിക്കുന്നതല്ല.വിദേശ വസ്തുക്കളോടുള്ള മലയാളിയുടെ സഹജമായ ആരാധന ഭക്ഷണക്കാര്യത്തിലും പുലർത്തിയതിന്റെ ദുരന്തം കൂടിയാണു ഈ വിഷബാധ.പക്ഷേ ഇതിലെ ഒന്നാം പ്രതി വൃത്തിഹീനമായ വിധം ഭക്ഷണമൊരുക്കിയ ഹോട്ടൽ തന്നെ.ഉത്തരവാദിത്വം മറന്ന സർക്കാരും കോർപ്പറേഷനും ഇക്കാര്യത്തിൽ കുറ്റവാളികളാണു.

ഇപ്പോൾ കേരളം മുഴുവനുമുള്ള ഹോട്ടലുകളിൽ സക്കാർ വക പരിശോധനകൾ നടക്കുകയാണു.എന്തൊരു ഉത്തരവാദിത്ത ബോധം!ഒരു നിരപരാധിയുടെ ജീവൻ പൊലിഞ്ഞപ്പോഴേ നമ്മുടെ ഭരണക്കാർക്കു ചുമതലാബോധം ഉദിച്ചുള്ളു.കേടായ ഭക്ഷണ വസ്തുക്കൾ വിറ്റ ഹോട്ടലുകളുടെ പേരു വിവരം വെളിപ്പെടുത്തണമെന്നു പുതിയ ഭക്ഷ്യസുരക്ഷാ നിയമത്തിൽ വ്യവസ്ഥയുണ്ടെങ്കിലും നമ്മുടെ മാദ്ധ്യമ ലോകം ആദ്യ ദിവസങ്ങളിൽ അവയുടെ പേരു വിവരം വെളിപ്പെടുത്തിയില്ല.അന്വേഷണാത്മക പത്ര പ്രവർത്തനത്തെപ്പറ്റി വാതോരാതെ സംസാരിക്കുന്ന ഇവർ എന്തിന്റെ പേരിലാണു ഈ കുറ്റവാളികളുടെ മേൽ വിലാസം രഹസ്യമായി വച്ചത്?സർക്കാരും കോർപ്പറേഷനും കണിച്ചതുപോലുള്ള ഉത്തരവാദിത്ത രാഹിത്യമാണു മാദ്ധ്യമ ലോകവും ഇതിലൂടെ പ്രകടിപ്പിച്ചത്.

ഭക്ഷ്യവസ്തുക്കളിൽ മായം ചേർക്കുന്നത് തടയാൻ ശക്തമായ നിയമങ്ങളുണ്ട്.വൃത്തിഹീനമായ ഹോട്ടലുകൾ പൂട്ടിക്കാൻ വ്യവസ്ഥകളുണ്ട്.പക്ഷേ അതൊന്നും വേണ്ടവിധത്തിൽ നടപ്പാക്കാൻ ബന്ധപ്പെട്ടവർക്കു താല്പര്യമില്ല.അഥവാ അവരെ മുതലാളിമാർ വിലയ്ക്കെടുത്തിരിക്കുന്നു.സന്നദ്ധ സംഘടനകളുടെയും രാഷ്ട്രീയ കക്ഷികളുടെയും പ്രതികരണമാകട്ടെ ആളും തരവും നോക്കി ആയിരിക്കുന്നു.സാൽവ കഫേ എറിഞ്ഞുതകർത്ത യുവമോർച്ചയ്ക്ക് ശ്രീ ലക്ഷ്മി ഹോട്ടലിനു നേർക്ക് കൈ ചൂണ്ടാൻ പോലും താല്പര്യമില്ല.രണ്ടു ഭക്ഷണ ശാലകളും വിഷമയമായ ആഹാരസാധനങ്ങൾ വിറ്റ കേസിൽ പ്രതികളാണു.പക്ഷേ രണ്ടിനോടുമുള്ള പ്രതികരണം രണ്ടു തരത്തിലായി.

ഇങ്ങനെ ഉദാസീനവും പക്ഷപാതപരവുമായ സമീപനം പുലർത്തുന്ന സമൂഹത്തിൽ വിഷഭക്ഷണ വ്യാപാരം പൊടിപൊടിക്കുകയും കുറ്റവാളികൾ രക്ഷപ്പെടുകയും ചെയ്യുക സ്വാഭാവികം മാത്രം.അന്യനല്ല, താൻ തന്നെയാണു ഇത്തരം ചതികൾക്ക് ഇരയാകുന്നത് എന്ന് ഓരോരുത്തരും കരുതിയാലേ ഏതു സാമൂഹിക വിപത്തിനെയും ചെറുക്കുവാൻ കഴിയുകയുള്ളു.





Fans on the page

Monday, July 9, 2012

നിരപരാധി



“നീയവന്റെ മുഖത്തു തുപ്പി
നാറുന്ന തെറിവിളിച്ചു
വടിവാളും വെട്ടുകത്തിയും കൊണ്ടു വെട്ടി
മുഖം വികൃതമാക്കി;
മുഴം കൈ അറുത്തു
നാഭിക്കു തൊഴിച്ചു
മൂക്കിടിച്ചു പരത്തി
പല്ലു തെറിപ്പിച്ചു
അത് കണ്ടു നിന്ന എന്റെ മുമ്പിൽ
നിരപരാധി ചമയുന്നതെന്തിനു സഖാവേ?”

“മുഖത്തു തുപ്പിയതു ഞാനല്ല; വായാണു.
തെറി വിളിച്ചത് നാക്കാണു
വെട്ടിയതും കുത്തിയതും കൈയ്യാണു.
തൊഴിച്ചതു കാലാണു
മൂക്കിനിടിച്ചതും നാക്കുമുറിച്ചതും
പല്ലു കൊഴിച്ചതും തലയാണു.
പിന്നെങ്ങനെ ഞാനപരാധിയാകും?“



Fans on the page

Tuesday, June 19, 2012

മോഹൻലാലിന്റെ കൊമ്പ്



ആദായ നികുതിവകുപ്പ് നടത്തിയ റെയ്ഡിൽ മോഹൻ ലാലിന്റെ വീട്ടിൽ നിന്ന് ആനക്കൊമ്പ് കിട്ടിയിട്ട് ഏതാണ്ട് ഒരു വർഷത്തോളമായി.അന്നു പത്രക്കാർ ചോദിച്ചപ്പോൾ വനം വകുപ്പു മന്ത്രി ഗണേഷ്കുമാർ പറഞ്ഞത്
മോഹൻ ലാലിനെതിരെ കേസ്സെടുക്കാൻ ഉദ്ദേശിക്കുന്നില്ല എന്നാണു.ഒരേതൂവൽ പക്ഷികളായ മന്ത്രിയും മോഹൻലാലും തമ്മിലുള്ള ഗാഢബന്ധമറിയാവുന്നവർ ആ പ്രതികരണത്തിൽ അസ്വാഭാവികത ദർശിച്ചിട്ടുണ്ടാകില്ല.പക്ഷേ മന്ത്രിസ്ഥാനത്തിരുന്നുകൊണ്ട് ഗണേഷ് കുമാർ അങ്ങനെ പറയാൻ പാടില്ലായിരുന്നു.“പ്രീതിയോ വിദ്വേഷമോ കൂടാതെ ഉത്തരവാദിത്ത്വം നിറവേറ്റും” എന്ന സത്യപ്രതിജ്ഞയുടെ ലംഘനമാണത്.

എന്നാലിപ്പോൾ വനം വകുപ്പ് കേസ്സെടുത്തിരിക്കുകയാണു.അതു പക്ഷേ നീതിബോധത്തിൽ നിന്നോ കർത്തവ്യ വ്യഗ്രതയിൽ നിന്നോ ഉണ്ടായ നടപടിയല്ല.ഒരു പൊതു പ്രവർത്തകൻ, വിവരാവകാശ നിയമപ്രകാരം  ചോദിച്ച ചില സംശയങ്ങൾക്ക് കൃത്യമായ മറുപടി നല്കാൻ കഴിയാത്ത ഗതികേടു വന്നപ്പോൾ തിടുക്കത്തിൽ കേസ്സെടുക്കുകയായിരുന്നത്രേ.സുഹൃത്തുക്കൾ തന്നെ സൂക്ഷിക്കാൻ ഏല്പിച്ചതാണു ആനക്കൊമ്പെന്നാണു പോലും മോഹൻലാലിന്റെ വിശദീകരണം.വീട്ടിൽ നിന്നു കണ്ടെടുത്ത കണക്കിൽ കൊള്ളാത്തവയൊക്കെ ഇങ്ങനെ സുഹൃത്തുക്കൾ സൂക്ഷിക്കാൻ ഏല്പിച്ചതാകുമോ?എന്തായാലും ശ്രീനിവാസന്റെ “സരോജ് കുമാർ” സിനിമയിലെ നായകനെപ്പോലെ വീട്ടിൽ നിന്നുമെടുത്തത് കാളക്കൊമ്പാണെന്നു പറഞ്ഞില്ലല്ലോ.അത്രയും ആശ്വാസം!

നികുതിവെട്ടിപ്പും ആനക്കൊമ്പ് കടത്തും നടത്തുന്ന ഒരുവനെ ഇപ്പോഴും ലഫ്റ്റനന്റ് കേണൽ പദവിയിൽ(ടെറിട്ടോറിയൽ ആർമിയുടേതാണെങ്കിൽ പോലും)തുടരാൻ അനുവദിക്കുന്നത് ഇന്ത്യൻ സേനയ്ക്ക് ഒന്നാകെ അപമാനമാണു.ഒരു സാധാരണ പൗരൻ ആനക്കൊമ്പ് കൈവശം വച്ചാൽ അയാൾക്ക് ഊണു ജയിലിനകത്താകാൻ വലിയ താമസമുണ്ടാകില്ല.ഇവിടെ ഒരു താരരാജാവ് എല്ല്ലാ നിയമങ്ങളും ലംഘിച്ച് ആനക്കൊമ്പ് കൈവശം വച്ചിട്ട് ഒരു നടപടിയും ഇല്ല.അതിന്റെ പേരിൽ ചോദ്യം ചെയ്യുന്നതു പോലും അദ്ദേഹത്തിന്റെ സമയവും സൗകര്യവും നോക്കി മാത്രം!!സൂപ്പർ സ്റ്റാറിനു പ്രത്യേക നിയമം വല്ലതും നിലവിലുണ്ടോ?മുഖം നോക്കാതെ നടപടിയെടുക്കുമെന്നൊക്കെയുള്ള മുഖ്യമന്ത്രിയുടെ വീരവാദം താരരാജാവിനെ ഒഴിവാക്കിയാണോ?

നാട്ടുകാരുടെ കണ്ണിൽ പൊടിയിടുവാൻ വേണ്ടി ഇപ്പോൾ ചാർജു ചെയ്തിരിക്കുന്ന കേസ്സിൽ പോലും സൂപ്പർ സ്റ്റാറിനു ഊരിപ്പോരാൻ പഴുതുകൾ ധാരാളം ഉണ്ടെന്നാണറിയുന്നത്.ആളും തരവും നോക്കി നിയമം നടപ്പിലാക്കിയാൽ എങ്ങനെയാണു ഇവിടെ നിയമവാഴ്ച നേരാം വണ്ണം നടക്കുന്നത്?അധോലോക നായകന്മാരെ സിനിമയിൽ അവതരിപ്പിച്ചവതരിപ്പിച്ച് അധോലോക രാജാക്കന്മാരുടെ സ്വഭാവം കൈവരിച്ച ഇത്തരം സൂപ്പർ സ്റ്റാറുകളെ സംരക്ഷിക്കുന്ന നിലപാട് ഒരു സർക്കാരിനും ഭൂഷണമല്ല.ഇവരെ ആരാധിക്കുന്ന പുതു തലമുറയ്ക്കും സമൂഹത്തിനും അത് തെറ്റായ സന്ദേശമാകും നല്കുക.




Fans on the page

Thursday, June 14, 2012

പിണം കുത്തികൾ




റ്റി.പി.ചന്ദ്രശേഖരനെ കുലം കുത്തി എന്നു വിളിച്ചുകൊണ്ട് പിണറായി വിജയൻ വീണ്ടും പിണത്തിൽ കുത്തു വിപ്ലവം തുടരുകയാണു.റ്റി.പി.വധിക്കപ്പെട്ട ശേഷം താൻ അങ്ങനെ വിളിച്ചിട്ടില്ലെന്നും പത്രക്കാർ ചോദിച്ചപ്പോൾ കുലം കുത്തികൾ എന്നും കുലം കുത്തികൾ തന്നെ എന്നു പറഞ്ഞതാണെന്ന് വ്യാഖ്യാനിച്ച് നാവു വായിലിടും മുമ്പാണു ഓർക്കാട്ടേരിയിൽ സി.പി.എം ന്റെ പൊതുയോഗത്തിൽ അദ്ദേഹം റ്റി.പിയെ കുലം കുത്തി എന്ന് വീണ്ടും ആക്ഷേപിച്ചത്.മാർക്സിസ്റ്റു പദാവലി മറന്നതിന്റെ പേരിൽ കേന്ദ്ര കമ്മിറ്റിയിൽ നിന്നും പോളിറ്റ് ബ്യൂറോയിൽ നിന്നും  പ്രഹരം കിട്ടിയിട്ടായിരിക്കും,കുലം കുത്തി എന്നാൽ വർഗ്ഗവഞ്ചകൻ എന്നാണു അർത്ഥമെന്ന് ടിപ്പണിയോടു കൂടിയാണു ഇപ്പോൾ പിണറായിയുടെ ചന്ദ്രശേഖര ഭർത്സനം.

അവിടം കൊണ്ടും നിർത്താതെ,വീട്ടുകാരുറങ്ങുമ്പോൾ ചന്ദ്രശേഖരൻ ഒറ്റയ്ക്ക് എവിടെ പോയതാണു എന്നു കൂടി പോലീസ് സംഘം അന്വേഷിക്കണം എന്ന്  ഓർക്കാട്ടേരിയിൽ ആവശ്യപ്പെട്ടു.ഒരു പത്രക്കാരും ചോദിച്ചിട്ടായിരുന്നില്ല പാർട്ടിസെക്രട്ടറിയുടെ ഈ മുനവച്ച അഭ്യർത്ഥന.ചന്ദ്രശേഖരൻ മോഷ്ടിക്കാനോ പിടിച്ചു പറിക്കാനോ വ്യഭിചരിക്കാനോ പോയതാണെന്നാണോ പിണറായി അർത്ഥമാക്കുന്നത്?ഒരു മനുഷ്യനു ഇത്ര തരം താണ വർത്തമാനം പറയാൻ കഴിയുമോ?അഥവാ അതിനൊക്കെയാണു പോയതെങ്കിൽ വെട്ടിക്കൊല്ലിക്കുമോ?കേരളത്തിൽ ആരാണു 10 മണിയാകുമ്പ്പോഴേക്ക് ഉറങ്ങാൻ പോകുന്നത്?അമിത ഭക്ഷണവും മദ്യപാനവും മൂലം നേരത്തേ ഉറക്കം വരുന്ന ചില സമ്പന്നർ ഒരു പക്ഷേ ഇത്ര നേരത്തേ ഉറക്കറ പൂകിയേക്കാം.അത്തരം പണക്കാരുമായുള്ള ചങ്ങാത്തം മൂലമായിരിക്കാം  പിണറായിക്ക് ഉറക്കം സംബന്ധിച്ച പുതിയ വെളിപാടുണ്ടയത്.മാർക്സിസ്റ്റു പദാവലി മാത്രമല്ല കമ്യൂണിസ്റ്റു ജീവിത ശൈലിയും അദ്ദേഹത്തിനു അന്യമായിപ്പോയെന്നാണു ഇതിൽ നിന്നു മനസ്സിലാക്കേണ്ടത്.

പ്രചണ്ഡമായ പ്രചരണം കൊണ്ടും അസത്യത്തിന്റെ ആവർത്തനം കൊണ്ടും വാസ്തവം മറയ്ക്കാൻ കഴിയാതെ വന്നപ്പോൾ സമനില തെറ്റിപ്പോവുക സ്വാഭാവികമാണു.ഉന്മൂലനം കൊണ്ട് റ്റി.പിയെയും അദ്ദേഹത്തിന്റെ പ്രസ്ഥാനത്തെയും തകർക്കാമെന്ന കണക്കുകൂട്ടൽ തെറ്റിയതിന്റെ ജാള്യം  മറയ്ക്കാൻ ഇത്തരം അപവാദ,നുണപ്രചരണങ്ങൾക്ക് സാധിക്കില്ല.ചന്ദ്രശേഖരൻ കൊല്ലപ്പെട്ടതിനു ശേഷം എന്തെല്ലാം വിടുവായത്തങ്ങളാണു കേരളത്തിലെ ഏറ്റവും വലിയ പാർട്ടിയുടെ ‘ആരാദ്ധ്യനായ’സെക്രട്ടറിയും അനുചരന്മാരും കൂടി തട്ടിവിട്ടത്?ക്വട്ടേഷൻ സംഘമാണു കൊലയ്ക്കു പിന്നിൽ എന്നായിരുന്നു ആദ്യ പ്രതികരണം.അതു തിരിഞ്ഞുകുത്തുമെന്നു കണ്ടപ്പോൾ തീവ്രവാദികളാണു ഇതിന്റെ പിന്നിൽ എന്നായി.മുത്തൂറ്റ് വധക്കേസിൽ “s”ആകൃതി കത്തി തിയറി അവതരിപ്പിച്ച ആളിന്റെ കുറ്റാന്വേഷണ വൈദഗ്ധ്യത്തെ കുറിച്ച് മുൻ പരിചയമുള്ള ജനത്തിനു പ്രതികൾ ആരെന്ന് പതുക്കെ തെളിഞ്ഞു തുടങ്ങിയെന്നു മനസ്സിലായപ്പോൾ അടവു മാറ്റി.ഞങ്ങളുടെ പാർട്ടിയിൽ നിന്നു പലകാലങ്ങളിലായി പലരും അകന്നു പോയിട്ടുണ്ട്.അവരുടെ ആരുടെയെങ്കിലും മേൽ ഒരു നുള്ളു പൂഴി പോലും ഞങ്ങൾ വാരിയിട്ടിട്ടില്ല എന്നായി പുതിയ മുദ്രാവാക്യം.
ആർ.എം.പിയിലെ നിരവധി പേരും എം.ആർ.മുരളിയും തങ്ങളെ മാർക്സിസ്റ്റു “സാധുക്കൾ” ഉമ്മ വച്ചതിന്റെ പാടുകൾ കാട്ടി മറുപടി പറഞ്ഞപ്പോൾ ആ മുദ്രാവാക്യവും പൊളിഞ്ഞു.ചീഫ് വിപ്പ് പി.സി.ജോർജ്ജാണു ക്വട്ടേഷൻ സംഘത്തെ ഇടപാടു ചെയ്ത് റ്റി.പിയെ വകവരുത്തിയത് എന്നായി അടുത്ത കണ്ടുപിടുത്തം.ആരോപണം തെളിയിക്കാൻ അയാൾ വെല്ലുവിളിച്ചതോടെ ഗ്യാസ് പോയി.

ഇതിനിടെ കൊലപാതകികൾ ഓരോന്നായി പോലീസ് പിടിയിലായി.രജീഷ് എന്ന കൊലയാളി റ്റി.പിയെ കൊല്ലാൻ നടന്ന ഗൂഢാലോചനയിൽ സി.പി.എം.നേതാക്കളുടെ പങ്ക് വെളിപ്പെടുത്തിയപ്പോൾ “എനക്ക് ഇങ്ങനെ ഒരുത്തനെ അറിഞ്ഞേകൂടാ”എന്നാണു പരമ ശുദ്ധനായ സെക്രട്ടറി മൊഴിഞ്ഞത്.‘അച്ഛൻ പത്തായത്തിൽ പോലുമില്ല’എന്ന് പണ്ടൊരു കുട്ടി പറഞ്ഞതാണു നാട്ടുകാർക്ക് ഓർമ്മ വന്നത്.അതു കേട്ടപ്പോൾ തന്നെ “പിണറായി യും പി.ജയരാജനും അറിയാതെ ഈ അരും കൊല നടക്കില്ല” എന്നു പറഞ്ഞ റ്റി.പിയുടെഭാര്യയും ആർ.എം.പി.പ്രവർത്തകരും പശ്ചാത്തപിച്ചിട്ടുണ്ടാകും.പക്ഷേ എം.എം.മണി.എല്ലാം കളഞ്ഞുകുളിച്ചു.ഞങ്ങൾ കൊന്നിട്ടുണ്ട്;ഇനീം വേണ്ടിവന്നാൽ കൊല്ലും.എന്ന് അർഥശങ്കയ്ക്കിടയില്ലാത്ത വണ്ണം അദ്ദേഹം നയം വ്യക്തമാക്കി.വെറുതെയല്ല;കൊന്ന ചരിത്രം അക്കമിട്ടു നിരത്തിക്കൊണ്ടും കൊന്ന വിധം വർണ്ണിച്ചുകൊണ്ടും  തന്നെ.

ഇ.പി.ജയരാജനെയും ദക്ഷിണാമൂർത്തിയെയും പോലുള്ള വൈതാളിക വേതാളങ്ങളെക്കൊണ്ട്, റ്റി.പി വധിക്കപ്പെട്ടതിൽ പിണറായിക്കും തങ്ങൾക്കും വേദനയുണ്ടെന്നും  അദ്ദേഹത്തിന്റെ വീടു സന്ദർശിക്കാൻ പിണറായി ആഗ്രഹിക്കുന്നു എന്നുമൊക്കെ കരഞ്ഞുപറഞ്ഞ് ദു:ഖാഭിനയം നടത്തി നോക്കി.കുലം കുത്തി എന്നു അന്നൊരാവേശത്തിന്റെ പുറത്തു വിളിച്ചതാണെന്നും മരണപ്പെട്ട ശേഷം അങ്ങനെ വിളിച്ചിട്ടില്ലെന്നും ആർ.എം.പിക്കാരുമായി അനുരഞ്ജനത്തിനു ശ്രമിച്ചെന്നും മറ്റും അവകാശപ്പെട്ട് നിരപരാധിവേഷം കെട്ടാനും ശ്രമിച്ചു.ഇനിയും പൂർണ്ണമായി വന്ധീകരിക്കപ്പെട്ടിട്ടില്ലാത്ത ചില അണികളെ തെറ്റിദ്ധരിപ്പിക്കാനുള്ള നാടകമായിരുന്നു പി.ജയരാജനെ മുൻ നിർത്തി നടത്തിയതെന്ന് തിരിച്ചറിയാൻ അധിക സമയം വേണ്ടിവന്നില്ല.ചന്ദ്രശേഖരനെ വെള്ളപുതപ്പിച്ചു കിടത്തുമെന്ന് പ്രസംഗിച്ചവരുടെ പുതിയ വേഷം കെട്ടൽ ഒഞ്ചിയത്തെ ജനങ്ങൾ അപ്പോൾ തന്നെ മനസ്സിലാക്കി.

കൊലപാതകികൾ മിക്കവരും പിടിയിലായതോടെ കൊല ആസൂത്രണം ചെയ്തതിൽ പാർട്ടിക്കുള്ള പങ്ക് വെളിവായിക്കൊണ്ടിരിക്കുകയാണു.തങ്ങൾക്കിതിൽ യാതൊരു  കൈയ്യുമില്ലെന്ന പല്ലവി ഏശില്ലെന്നു കണ്ടിട്ടകാം രക്ത സാക്ഷിയായ സഖാവിനു നേരേ അപവാദപ്രചരണത്തിനിറ
ങ്ങിയിരിക്കുന്നത്.

ക്വട്ടേഷൻ സംഘവും തങ്ങളുമായി യാതൊരു ബന്ധവും ഇല്ലെന്നു പറയുന്ന നേതാക്കൾ,പോലീസ് അവരെ ക്രൂരമായി മർദ്ദിക്കുന്നു എന്നു നിലവിളിക്കുന്നത് എന്തിനാണു? മൃഗീയവും പൈശാചികവുമായ വിധത്തിൽ കൊല നടത്തിയവന്മാരെ സത്യം പറയിക്കാൻ രണ്ടു തല്ലു കൊടുക്കുമ്പോൾ എളമരം കരീമിനു നോവുന്നത് എന്തുകൊണ്ട്?മനുഷ്യാവകാശ ധ്വംസനത്തിൽ വേദനിച്ചിട്ടോ?എങ്കിൽ എന്തേ അരും കൊല ചെയ്യപ്പെട്ട പഴയ സഖാവിന്റെ കാര്യത്തിൽ അതില്ലാതെ പോയി?സി.പി.എമ്മിലെ കണ്ണൂർ നേതൃമാഫിയയ്ക്കു മാത്രമേ ബുദ്ധിയുള്ളൂ എന്നാണു അവരുടെ വിചാരം.മുമ്പൊക്കെ എങ്ങനെയാണു പാർട്ടി കൊലപാതകങ്ങൾ ആസൂത്രണം ചെയ്തിരുന്നതെന്നും കേസ്സിൽ നിന്ന് എങ്ങനെയാണു ഊരിപ്പോന്നിരുന്നതെന്നും ഒരു മർദ്ദനവും പ്രേരണയും കൂടാതെ പിണറായിയുടെ വത്സലശിഷ്യൻ മണിതന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.“പ്രതികളെ ഞങ്ങൾ കൊടുക്കും;ഞങ്ങൾ കേസ് നടത്തും ”എന്നാണദ്ദേഹം തട്ടിമൂളിച്ചത്.അതാണു വാസ്തവം എന്ന് സകലമാന പേർക്കുമറിയാം.അദ്ദേഹത്തെ പാർട്ടിയുടെ കേന്ദ്ര നേതൃത്വത്തിന്റെ സമ്മർദ്ദം കൊണ്ട് ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നു മാറ്റിയാലൊന്നും അതു വാസ്തവമല്ലാതായി മാറുകില്ല.

പാർട്ടി നയങ്ങൾക്കു വിരുദ്ധമായി പ്രസംഗിച്ചതു കൊണ്ടാണു പോലും മണിയെ മാറ്റിയത്! എന്താണു പാർട്ടി നയം?എതിരാളികളെ ഉന്മൂലനം ചെയ്യാം പക്ഷേ അത് പരസ്യമായി സമ്മതിക്കരുത് എന്നോ?അതൊന്നും ചോദിക്കാൻ സ്വന്തം വളർത്തുനായ്ക്കൾ ധൈര്യപ്പെടില്ല.സ്വന്തം അണികളിൽ പെട്ട വിദ്യാർത്ഥികൾ സ്വാശ്രയകോളേജുകൾക്കെതിരെ സമരം ചെയ്ത് തലപൊട്ടിയും കാലും കൈയ്യും ഒടിഞ്ഞും തെരുവിൽ കിടക്കുമ്പോൾ അമൃതാനന്ദമയിയുടെ കാലു പിടിച്ച് അവരുടെ സ്വാശ്രയകോളേജിൽ മകൾക്ക് അഡ്മിഷൻ നേടിയ ആളാണു പാർട്ടി സെക്രട്ടറി.വീരസ്യം പറയുന്ന ഒരു എസ്.എഫ് ഐക്കാരനും “ഇതു ന്യായമാണോ സഖാവേ” എന്ന് ചോദിക്കാനുള്ള ധൈര്യമുണ്ടായില്ല.അതിൽ നിന്നു തന്നെ എത്രമാത്രം ‘ബോധജ്ഞാനം’ഉള്ള
വരാണു കൂടെ നടന്ന് സിന്ദാബാദ് വിളിക്കുന്ന അണികൾ എന്നു വ്യക്തമാണു.അതു നല്ലതു പോലെ അറിയാവുന്നതുകൊണ്ടാണു അതിദാരുണമായി വധിക്കപ്പെട്ട ഒരു മനുഷ്യന്റെ പിണത്തെയും ഓർമ്മകളെയും പോലും അവരെ സാക്ഷി നിർത്തി അപമാനിക്കുവാൻ പിണറായിയും ജയരാജന്മാരും ധൈര്യപ്പെടുന്നത്.പക്ഷേ സ്വതന്ത്രമായി ചിന്തിക്കുന്ന ഒരു വലിയ സമൂഹം ഇവിടുണ്ടെന്ന് മറക്കരുത്.





Fans on the page

Friday, June 8, 2012

അലുവാലിയയുടെ ‘ചെലവുചുരുക്കൽ’




രാജ്യത്തെ എല്ലാ ജനവിഭാഗങ്ങളും സർക്കാരും ചെലവു ചുരുക്കണമെന്ന് ഉപദേശിക്കുന്ന ദേശീയ പ്ലാനിംഗ് കമ്മിഷനും അതിന്റെ ഉപാദ്ധ്യക്ഷനും തന്നത്താൻ ചെലവു ചുരുക്കി മാതൃക കാട്ടിയിരിക്കുന്നു.ആസൂത്രണ വകുപ്പിന്റെ ആസ്ഥാനത്ത് രണ്ട് ടോയ്‌ലറ്റുകൾ പുതുക്കി പണിഞ്ഞതിനു കമ്മീഷൻ ചെലവാക്കിയത് വെറും 35 ലക്ഷം രൂപ മാത്രം!!സുഭാഷ് അഗർവാൾ എന്ന സാമൂഹിക പ്രവർത്തകൻ വിവരാവകാശ നിയമപ്രകാരം അന്വേഷിച്ചപ്പോഴാണു ഈ ധൂർത്തിന്റെ ഞെട്ടിപ്പിക്കുന്ന വസ്തുത പുറത്ത് വന്നത്.

സംഗതി വിവാദമായപ്പോൾ മന്ത്രിമാരും മറ്റു പ്രമുഖരും വരുന്ന സ്ഥലമായതിനാലാണു ടോയ്‌ലറ്റുകൾ പുതുക്കിപ്പണിതതെന്നായി അലുവാലിയയും സംഘവും.പുതുക്കിപ്പണിയാൻ ഇത്രയധികം തുക ചെലവാക്കിയത് എന്തിനെന്ന് ചോദിച്ചാൽ മറുപടിയില്ല.നഗരങ്ങളിൽ ഒരാൾക്ക് ഒരു ദിവസം 28 രൂപ വരുമാനമുണ്ടെങ്കിൽ സുഖമായി ജീവിക്കാമെന്നു കണ്ടെത്തുകയും ദാരിദ്ര്യ രേഖ മാറ്റി വരയ്ക്കാൻ ഉത്സാഹിക്കുകയും ചെയ്ത മൊണ്ടേക് സിംഗ് അലുവാലിയയെ പോലുള്ളവർ ഇത്തരം ധൂർത്തുകൾ ചെയ്തില്ലെങ്കിലേ അതിശയിക്കാനുള്ളൂ.

4 വിദേശയാത്രയ്ക്ക് 36.4 ലക്ഷം രൂപ മാത്രം ചെലവാക്കിയ പാവമണദ്ദേഹം.2004 മുതൽ 2011 വരെയ്ള്ള കാലയളവിൽ 42 വിദേശയാത്രകളായിരുന്നത്രെ ഈ ആസൂത്രണകമ്മീഷൻ ഉപാദ്ധ്യക്ഷൻ നടത്തിയത്!അവയിൽ 23 എണ്ണവും അമേരിക്കയിലേക്ക്.ഇങ്ങനെയുള്ള പടിഞ്ഞാറു നോക്കി യന്ത്രങ്ങളുടെ ആസൂത്രണത്തിൽ ഇൻഡ്യ പുരോഗമിക്കാതിരിക്കുന്നെതെങ്ങനെ?

ആസൂത്രണ കമ്മീഷന്റെ അദ്ധ്യക്ഷനായ പ്രധാനമന്ത്രി,ഉപാദ്ധ്യക്ഷനും താഴെയാണോ എന്നാണു സംശയം.ഉപാദ്ധ്യക്ഷന്റെ ധൂർത്തിനും അഴിഞ്ഞാട്ടത്തിനും പച്ചക്കൊടി കാണിക്കാനുള്ള പാവയാണോ പ്രധാനമന്ത്രി?അദ്ധ്യക്ഷന്റെയും ഉപാദ്ധ്യക്ഷന്റെയും കുടുംബത്തു നിന്നും എടുത്ത കാശുകൊണ്ടല്ല ഈ ആർഭാടവും ധൂർത്തും കാണിക്കുന്നത്.ഒരു നേരത്തെ ആഹാരത്തിനു വകയില്ലാതെ ലക്ഷങ്ങൾ തെരുവിൽ മരിച്ചു വീഴുന്ന രാജ്യത്തെ ആസൂത്രണ വിദഗ്ദ്ധർക് അല്പം കൂടി യഥാർത്ഥ്യ ബോധം ഉണ്ടാകണം.അല്ലെങ്കിൽ ,സ്വർണ്ണം കൊണ്ടുള്ള ടോയ്‌ലറ്റും ചെരുപ്പും ഉപയോഗിച്ചു വിലസിയ റുമേനിയയിലെ ഏകാധിപതിയുടെ ഗതിയായിരിക്കും മന്മോഹൻ സിംഗിനും മൊണ്ടെ സിംഗിനും.


Fans on the page