Total Pageviews
Tuesday, April 26, 2011
പിള്ളയുടെ ഭള്ള്
'അരിയും തിന്ന് ആശാനേം കടിച്ചിട്ടും പിന്നേം പട്ടിയ്ക്കാ മുറുമുറുപ്പ്'എന്നു പറഞ്ഞ പോലെയാണ്
ആര്‍.ബാലകൃഷ്ണപിള്ളയുടെ പെരുമാറ്റം.പൊതു മുതല്‍ കട്ടിട്ടും അതിന്റെ പേരില്‍ കോടതി ശിക്ഷിച്ച് ജയിലില്‍ കിടന്നിട്ടും പിന്നെയും പിള്ളയ്ക്കാണു മുറുമുറുപ്പ്.സര്‍ക്കാരിന്റെ ഔദാര്യം കൊണ്ട് ഇപ്പോള്‍ പരോള്‍ ലഭിച്ച ഈ ജയില്‍ പുള്ളി പരോള്‍ അനുവദിച്ച സര്‍ക്കാരിന്റെ തലവനായ മുഖ്യമന്ത്രിയെ തെറി പറഞ്ഞിട്ടു മതിവരാതെ കേന്ദ്ര പ്രതിരോധ മന്ത്രിയുള്‍പ്പെടെ കണ്ണില്‍ കണ്ടവരെയെല്ലാം പുലഭ്യം പറഞ്ഞു നടക്കുകയാണ്.
തനിക്ക് ജയിലില്‍ എ ക്ലാസ് സൗകര്യങ്ങള്‍ തന്നില്ലെന്നും അതിനു കാരണക്കാരന്‍ അച്യുതാനന്ദനാണെന്നും അദ്ദേഹം തന്നെ ജയിലില്‍ വച്ചും പീഡിപ്പിച്ചെന്നും മറ്റുമാണ് പിള്ളയുടെ ആരോപണം.പൊതു മുതല്‍ മോഷ്ടിച്ചെന്നു തെളിഞ്ഞതിന്റെ പേരില്‍ സുപ്രീം കോടതി ശിക്ഷിച്ച പ്രതിയാണു ബാലകൃഷ്ണപിള്ള.അദ്ദേഹം കീഴടങ്ങിയ കോടതി മുമ്പാകെ തന്നെ തനിക്കു ജയിലില്‍ പ്രത്യേക പരിഗണന നല്‍കണമെന്ന് അപേക്ഷിച്ചിരുന്നതാണ്.ഒരു സാധാരണ കുറ്റവാളിയ്ക്കു കിട്ടുന്ന പരിഗണനയ്ക്കപ്പുറം ഒന്നും നല്‍കാന്‍ നിയമം അനുവദിക്കുന്നില്ല എന്നാണ് അന്ന് കോട
തി അഭിപ്രായപ്പെട്ടത്.ഇന്ത്യന്‍ നീതി ന്യായ കോടതികള്‍ ആനുകൂല്യങ്ങള്‍ നിഷേധിച്ചതിന് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ ഉത്തരവാദിയാകുന്നതെങ്ങനെ?തന്നെപ്പോലുള്ളവര്‍ക്ക് വഴിവിട്ടു സൗകര്യങ്ങള്‍ ചെയ്തു കൊടുക്കകയാണ് കേരള മുഖ്യന്റെ ചുമതല എന്നാണോ പിള്ള അര്‍ത്ഥ
മാക്കുന്നത്?അങ്ങനെയൊക്കെ ധരിച്ച് ചില മുഖ്യമന്ത്രിമാര്‍ താളം തുള്ളിയതു കൊണ്ടാണ് പിള്ളയ്ക്ക് പൊതു മുതല്‍ കക്കാന്‍ പറ്റിയത്.അതു പോലെ അച്യുതാനന്ദനും പ്രവര്ത്തിക്കണമെന്നു ശഠിച്ചാല്‍ നടക്കുമോ?
കീഴൂട്ട് രാമന്‍ പിള്ളയുടെ മകന് പ്രത്യേക നീതി കീഴൂട്ട് വീട്ടില്‍ കിട്ടിയേക്കും. ഇന്ത്യാ മഹാരാജ്യത്ത് ഇന്നത്തെ സാഹചര്യത്തില്‍ കിട്ടുക പ്രയാസമാണ്.പിള്ളയുടെ വാദം അംഗീകരിച്ചാല്‍ ഗുണ്ടാകളും കള്ളന്മാരുമായ പുത്തന്‍ പാലം രാജേഷിനും പുത്തന്‍ പാലം രാജേഷിനും ഗുണ്ടുകാട് ഷാജിയ്ക്കും ഒക്കെ എ ക്ലാസ് സൗകര്യങ്ങള്‍ ജയിലില്‍ സര്‍ക്കാര്‍ ചെയ്തു കൊടുക്കേണ്ടീ വരുമല്ലൊ.രാഷ്ട്രീയ തടവുകാര്‍ക്കു കിട്ടുന്ന സൗകര്യങ്ങള്‍ മോഷ്ടാവായ രാഷ്ട്രീയക്കാരന് വേണമെന്നു ശഠിച്ചാല്‍ നടക്കി
ല്ല.മുഖ്യമന്ത്രിയെ തെറിപറഞ്ഞതു കൊണ്ട് അത്തരം സൗകര്യം കിട്ടുമെന്നും കരുതേണ്ട.
തന്നെ ജയിലിലാക്കാന്‍ പരിശ്രമിച്ച അച്യുതാനന്ദനെ മാത്രമല്ല ജയിലില്‍ വന്നു കാണാന്‍ കൂട്ടാക്കാതിരുന്ന യു.ഡീ.എഫ് നേതാക്കളെയും പിള്ള പള്ളു(ചീത്ത)പറയുന്നുണ്ട്.എ.കെ.ആന്റണിയാണ് അവരില്‍ പ്രധാനി.അഴിമതിയുടെ പേരില്‍ ജയിലില്‍ അടയ്ക്കപ്പെട്ട ഒരു കുറ്റവാളിയെ ഇന്ത്യന്‍ പ്രതിരോധ മന്ത്രി ജയിലില്‍ ചെന്നു കാണാഞ്ഞത് മഹാപരാധം തന്നെ!വായു സേനയുടെ പ്രത്യേക വിമാനത്തില്‍ തന്നെ ചെന്നു കാണേണ്ടതായിരുന്നു. ഒരു കെട്ടു പുകയിലയും വാഴക്കുലയും കൂടി കൊണ്ടു ചെല്ലണമായിരുന്നു.എന്തു ചെയ്യാം; ആന്റണിക്കും വകതിരുവില്ലാതെ പോയി!! ആന്റണിയോട് പഴയ ഒരു ചൊരുക്കുമുണ്ടു പിള്ളയ്ക്ക്.വലിയ ഭൂരിപക്ഷത്തില്‍ യു.ഡി.എഫ് അധികാരത്തില്‍ വരികയും ആന്റണി മുഖ്യമന്ത്രിയാവുകയും ചെയ്ത അവസരത്തില്‍ ഇടമലയാര്‍ കേസില്‍ വിചാരണ നേരിടുകയായിരുന്ന പിള്ളയെ മന്ത്രി സഭയില്‍ ഉള്‍പ്പെടുത്താന്‍ അദ്ദേഹം വിസമ്മതിച്ചു.സുപ്രീം കോടതി ശിക്ഷിച്ചിട്ടും പിള്ള നിരപരാധിയാണെന്നു ഇപ്പോള്‍ പറഞ്ഞു നടക്കുന്ന ഉമ്മന്‍ ചാണ്ടിയുടെയും ചെന്നിത്തലയുടെയും അഭിപ്രായമായിരുന്നില്ല ആന്റണിയ്ക്ക്.അന്നു പരസ്യമായി പരാതി പറയാന്‍ ധൈര്യമില്ലാതിരുന്ന പിള്ള ഇപ്പോള്‍ വിലപ നാട്യത്തില്‍ കണക്കു തീര്‍ക്കുകയാണ്.
തെരഞ്ഞെടുപ്പു പ്രചരണത്തിലുടനീളം അച്യുതാനന്ദനെതിരെ ആവനാഴിയിലെ എല്ലാ അമ്പും പ്രയോഗിച്ച ആന്റണി, പിള്ളക്കേസിനെ കുറിച്ച് ഒരക്ഷരം ഉരിയാടാതിരുന്നതിലൂടെ തന്റെ നിലപാട് വ്യക്തമാക്കുകയാണു ചെയ്തത്.എന്നിട്ടും യാതൊരു സങ്കോചവും ഇല്ലാതെ പിള്ള ആന്റണിയുടെ കാരുണ്യം അഭ്യര്‍ത്ഥിക്കുന്നത് അഭിമാനമുള്ളവരില്‍ അവജ്ഞയാണ് ഉളവാക്കുക.ഉമ്മന്‍ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും സംഭവിച്ചതു പോലുള്ള ഓര്‍മ്മക്കുറവ് ആര്‍.ശങ്കറിന്റെ കാലത്ത് യൂത്ത് കോണ്‍ഗ്രസ് നേതാവായ ആന്റണിക്ക് വന്നു പെട്ടിട്ടില്ല.ശങ്കറെ കാലുവാരിയതിന്റെ പേരില്‍ കോണ്‍ഗ്രസ് പുറത്താക്കിയ പിള്ള ഉള്‍പ്പെടെയുള്ള പതിനഞ്ച് എം.എല്‍.എ മാര്‍ ചേര്‍ന്നു രൂപം കൊടുത്ത കേരളാ കോണ്‍ഗ്രസ്സിന് പിന്നീടു നടന്ന തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടാന്‍ സഹായിച്ച മന്നത്തു പത്മനാഭനെ ആദ്യവും സ്വന്തം പാര്‍ട്ടി നേതാവായ കെ.എം.ജോര്‍ജ്ജിനെ
പിന്നീടും തള്ളിപ്പറഞ്ഞ പിള്ളയുടെ തനിനിറം നന്നായി മനസ്സിലാക്കിയ ആളാണ് ഏ.കെ.ആന്റണി.
അതുപോലെ പിള്ള മനസ്സിലെ കള്ളം മുഴുവന്‍ അറിയാവുന്ന മറ്റൊരു വ്യക്തിയാണ് കെ.എം.മാണി.
സുപ്രീം കോടതിയുടെ ശിക്ഷ വന്നപ്പോള്‍ അച്ഛനും മോനും കെ.സുധാകരനും കൂടി കൊട്ടാരക്കര പട്ടണത്തില്‍ നിരപരാധിത്തെയ്യം കെട്ടിയാടുകയും അച്യുതാനന്ദനും ജഡ്ജിമാര്‍ക്കുമെതിരേ ഭരണിപ്പാട്ടു പാടുകയും ചെയ്തപ്പോള്‍ മാണി ആ വഴിക്കെങ്ങും പോകാഞ്ഞത് അതുകൊണ്ടാണ്.അതിന്റെ പേരില്‍ മാണിക്കും കിട്ടി പിള്ളമാടമ്പിയുടെ വക തെറിയഭിഷേകവും ആരോപണ പ്രഹരവും.
കുറ്റവാളിയാണെന്നു അന്വേഷണ കമ്മീഷന്‍ കണ്ടെത്തുകയും വിചാരണക്കോടതിയും സുപ്രീം കോടതിയും ശിക്ഷിക്കുകയും ചെയ്ത ബാലകൃഷ്ണപിള്ളയുടെ,താന്‍ നിരപരാധിയാണെന്ന വായ്ത്താരി ആരും വിശ്വസിക്കാന്‍ പോകുന്നില്ല.ഹൈക്കോടതിയില്‍ നിന്നും ഊരിപ്പോന്നതിനെ പറ്റി കേള്‍ക്കുന്ന പിന്നാമ്പുറക്കഥകള്‍ വാസ്തവമാണെന്നാണ് എന്‍.എസ്.എസ് ആസ്ഥാനത്തോട്(എന്‍.എസ്.എ
സ്സിനോടല്ല)കാട്ടുന്ന അമിത വിധേയത്വം തെളിയിക്കുന്നത്.
ഭാര്യയ്ക്ക് അസുഖം കൂടുതലാണെന്ന കാരണം പറഞ്ഞ് പരോള്‍ വാങ്ങിയ പിള്ള ഭാര്യയെ കാണുന്നതില്‍ കൂടുതല്‍ പരിഗണന നല്‍കിയത് മുഖ്യമന്ത്രിയെ ഭര്‍ത്സിക്കുന്നതിനാണ്.പരോള്‍ കിട്ടാന്‍ വേണ്ടി പോലും
കള്ളക്കാരണം ഹാജരാക്കുന്ന കുറ്റവാളി, പൊതു മുതല്‍ കട്ടെന്നു വിശ്വസിക്കാന്‍ വേറെ ഒരുപാടു തെളിവിന്റെ ആവശ്യമില്ല.പരോള്‍ അനുവദിക്കുന്ന സര്‍ക്കാരിന് അത് റദ്ദാക്കാനുമുള്ള അധികാരമു
ണ്ടെന്ന്,അച്യുതാനന്ദ വിരോധം കൊണ്ടു സമനില തെറ്റി പൂരപ്പാട്ടു നടത്തുന്ന ബാലകൃഷ്ണപിള്ള മറന്നു പോകരുത്.
Fans on the page
Thursday, April 14, 2011
ന്യുമോണിയ ബാധിക്കുന്ന ദൈവങ്ങള്‍!
മനുഷ്യനും മറ്റു ജന്തുക്കള്‍ക്കും രോഗം ബാധിക്കാറുണ്ട്.മരിക്കാറുമുണ്ട്.പക്ഷേ ദൈവത്തിനും പനി പിടിക്കുമെന്നും മഞ്ഞപ്പിത്തം ബാധിക്കുമെന്നും ഒക്കെ കേള്‍ക്കുന്നത് ആദ്യമായാണ്.പ്രധാന മന്ത്രിമാരും ജഡ്ജിമാരും വലിയ ശാസ്ത്രജ്ഞരും എല്ലാം ആരാധിച്ചു വന്ന പുട്ടപര്‍ത്തിയിലെ ദൈവം ന്യുമോണിയ ബാധിച്ച്
ആശുപത്രിയില്‍ ആണ്.ജനകോടികളെ രോഗത്തില്‍ നിന്നും അപകടങ്ങളില്‍ നിന്നും രക്ഷിച്ചിട്ടുണ്ടെന്നു അനുയായികള്‍ വിശ്വാസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന ദൈവമാണ് ആശുപത്രിയിലെ തീവ്രപരിചരണ
വിഭാഗത്തില്‍ ചികത്സയില്‍ കഴിയുന്നത്.
ഈ ദൈവത്തിന്റെ ആരോഗ്യത്തിനു വേണ്ടി അദ്ദേഹത്തിന്റെ ഭക്തന്മാര്‍ അമ്പലങ്ങള്‍ തോറും പൂജയും പ്രാര്‍ത്ഥനയും മറ്റും നടത്തുന്നതായാണ് ഇപ്പോള്‍ പുറത്തു വന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ വ്യക്തമാക്കു ന്നത്.ബാലകൃഷ്ണന്‍ ഏറാടിയെ പോലുള്ള ജഡ്ജിമാരും ആര്‍.കെ കരിഞ്ചിയയെ പോലുള്ള പത്രാധിപ പുലികളും ഇന്ത്യന്‍ പ്രധാനമന്ത്രിമാരും പ്രസിഡന്റുമാരും ദൈവമാക്കി കൊണ്ടു നടന്നിരുന്ന ആളാണ് ശയ്യാവലംബിയായി മരണത്തോടു മല്ലടിക്കുന്നത്.ഒരു മനുഷ്യന്‍ രോഗബാധിതനാകുമ്പോള്‍ അയാളോട് കാരുണ്യമാണ് മറ്റുള്ളവര്‍ക്കു തോന്നുക.പക്ഷേ സായിബാബയ്ക്കു ന്യൂമോണിയ ബാധിച്ചെന്നു കേട്ടപ്പോള്‍ തമാശയാണു തോന്നുന്നത്.വലിയ ഒരു ജനസമൂഹത്തെ പതിറ്റാണ്ടുകള്‍ കബളിപ്പിച്ചു വിലസിയ മഹാന്‍
ദൈവമല്ലെന്നു ഭക്തര്‍ക്കു കൂടി ബോദ്ധ്യമാകുവാന്‍ അദ്ദേഹത്തിന്റെ രോഗാവസ്ഥയ്ക്കു കഴിയുമെങ്കില്‍ നന്നായിരുന്നു.പക്ഷേ ആരെയെങ്കിലും ആരാധിച്ചില്ലെങ്കില്‍ ഉറക്കം വരാത്ത ഇന്ത്യയിലെ അന്ധ വിശ്വാസി സമൂഹം ഇതും "ഭഗവാന്റെ ലീല"യായി കാണാനാണു സാദ്ധ്യത.
സന്തോഷ് മാധവനും തോക്കു സ്വാമിയും കൊട്ടിയത്തമ്മയും എല്ലാം ഇതുപോലെ വന്‍ ദൈവങ്ങളായി പൂത്തുലയേണ്ടതായിരുന്നു.എന്തു ചെയ്യാം സര്‍ക്കാരും ചില അവിശ്വാസികളും ചേര്‍ന്ന് ആ പൂജാ വിഗ്രഹങ്ങളെ തല്ലിത്തകര്ത്തു കളഞ്ഞു!ജീവിത ദുരിതങ്ങളില്‍ നിന്ന് ആശ്വാസം കിട്ടാന്‍ ഏതു കച്ചിത്തുരുമ്പി
നെയും ദൈവമായി ആരാധിക്കാന്‍ തുനിയുന്ന പാവങ്ങളെക്കാള്‍ ഇത്തരം കള്ളനാണയങ്ങളെ കനക വിഗ്രഹങ്ങളാക്കുന്ന മാദ്ധ്യമങ്ങളും കപട വേഷം കെട്ടാന്‍ മടിയില്ലാത്ത ഉരുപ്പടികളുമാണ് ആള്‍ ദൈവ സങ്കേതമായി ഇന്ത്യയെ മാറ്റിയത്.
സായിബാബ ദൈവമാണെന്നു പ്രചരിപ്പിക്കുവാന്‍,'ബ്ലിറ്റ്സ്' പത്രാധിപരായിരുന്ന ആര്‍.കെ.കരിഞ്ചിയ രചിച്ച"God lives in India"എന്ന പുസ്തകം ഇതിന്റെ ഒന്നാം തരം തെളിവാണ്. ഇന്ത്യയിലെ ഈ ദൈവവുമായി പത്രാധിപര്‍ നടത്തിയ അഭിമുഖങ്ങള്‍ നിറഞ്ഞ ഗ്രന്ഥം രണ്ടുപേരുടെയും സ്വഭാവം വെളിപ്പെടുത്തുന്നുണ്ട്.തന്റെ അത്ഭുത സിദ്ധികളെ വെല്ലുവിളിക്കുന്ന പാറ്റ്നാ യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലറും ശാസ്ത്രജ്ഞനുമായ ഡോ.നരസിംഹയ്യയേയും ഡോ. എ.റ്റി.കോവൂരിനെയും മറ്റും ചന്തച്ചട്ടമ്പികള്‍ പോലും പറയാനറയ്ക്കുന്ന വാക്കുകള്‍ കൊണ്ടാണ് ദൈവം ശകാരിക്കുന്നത്.ബാബ വിളമ്പുന്ന അബദ്ധജടിലങ്ങളായ അഭിപ്രായങ്ങള്‍ മഹത്തായ ശാസ്ത്ര തത്ത്വങ്ങളായിട്ടാണ് കരിഞ്ചിയ എഴുന്നള്ളിക്കുന്നത്.
ലോകപ്രശസ്ത മാന്ത്രികന്‍ പി.സി.സര്‍ക്കാര്‍ ജൂനിയര്‍, ഈ ദൈവത്തിനെ കാണാന്‍ പോയ കഥ അദ്ദേഹം തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.അന്തരീക്ഷത്തില്‍ നിന്നു വിഭൂതി എടുത്തു കൊടുത്ത് അനുഗ്രഹിച്ച ദൈവത്തിന് അന്തരീക്ഷത്തില്‍ നിന്നു തന്നെ ലഡു എടുത്തു ദക്ഷിണയായി നല്‍കിയ മാന്ത്രികനെ ദൈവത്തിന്റെ ഗുണ്ടകള്‍ കൈകാര്യം ചെയ്തത്രേ.കഷ്ടിച്ചാണ് അദ്ദേഹം അന്നു രക്ഷപ്പെട്ടത്.
സായിബാബയുടെ മാത്രമല്ല എല്ലാ ആള്‍ദൈവ സങ്കേതങ്ങളും നിയന്ത്രിക്കുന്നത് ഗുണ്ടാ സംഘങ്ങളാണ്.നിയമ വിരുദ്ധ പ്രവര്‍ത്തനത്തെ നിയന്ത്രിക്കേണ്ടവരും ശിക്ഷ വിധിക്കേണ്ടവരും നിയമ നിര്‍മ്മാതാക്കളും ഈ ആള്‍ദൈവങ്ങ ളുടെ ആരാധകരും പ്രചാരകരും ആകുമ്പോള്‍ അവറ്റകള്‍ സര്‍വ്വതന്ത്രസ്വതന്ത്രരായി വളരാതിരിക്കുന്നതെങ്ങനെ? പക്ഷേ കാപട്യത്തിലൂടെയും ചൂഷണത്തിലൂടെയും എത്ര വളര്‍ന്നാലും കാലം എന്ന മഹാപരീക്ഷകന്റെ മുമ്പില്‍
ചെപ്പടി വിദ്യകളുടെ മുഖം മൂടി അഴിച്ചു മാറ്റി സമസ്താപരാധം പറയേണ്ട സമയം വരും.സായി ബാബ ആ അവസ്ഥയില്‍ ആണ് ഇപ്പോള്‍.എന്നിട്ടും പാഠം പഠിക്കില്ലെന്ന വാശിയിലാണ് വിശ്വാസികളും മിക്ക മാദ്ധ്യമങ്ങളും.
ഒന്നുമില്ലെങ്കിലും നിരവധി കാരുണ്യ പ്രവര്‍ത്തനങ്ങളും ചികിത്സാ കേന്ദ്രങ്ങളും വിദ്യാഭ്യാസ സ്ഥാപനനങ്ങളും അദ്ദേഹത്തിന്റെ പേരില്‍ നടത്തപ്പെടുന്നില്ലേ;അതു വഴി ധാരാളം ആളുകള്‍ക്ക് പ്രയോജനം ഉണ്ടാകുന്നില്ലേ?എന്നൊക്കെ സംശയമുദിക്കാം.ഇതെല്ലാം ദാവൂദ് ഇബ്രാഹിമും മണിച്ചനും ഒക്കെ ചെയ്യുന്നുണ്ട്.ബാബയില്‍ വിശ്വസിക്കുന്നതു മൂലം ഒരുപാടു പേര്‍ക്ക് മനശ്ശാന്തി കിട്ടുന്നെങ്കില്‍ നല്ലതല്ലേ എന്ന ചോദ്യവും ഉയരാം.മയക്കു മരുന്നും മദ്യവും ഉപയോഗിക്കുന്നവരും അവകാശപ്പെടുന്നതും ഇതു തന്നെയാണ്.മയക്കു മരുന്നിനേക്കാള്‍ വലിയ സാമൂഹിക വിപത്താണ് ആള്‍ദൈവങ്ങള്‍ എന്നു തിരിച്ചറിയാന്‍ ഈ ന്യൂമോണിയാ ബാധ ഉപകരിക്കുമെങ്കില്‍ അത്രയും നന്ന്.
Fans on the page
Wednesday, March 30, 2011
ഒരുത്തിയുടെ രോഷം;ഓരോരുത്തന്മാരുടെയും
സി.പി.എമ്മില്‍ നിന്നും ചാടി കോണ്‍ഗ്രസ്സില്‍ ചേക്കേറിയ സിന്ധു ജോയി പഴയ പാര്‍ട്ടിക്കെതിരെ തെരഞ്ഞെടുപ്പു ഗോദായില്‍ ഇറങ്ങിയിരിക്കുകയാണ്.കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തന്റെ എതിരാളി ആയിരുന്ന ഉമ്മന്‍ ചാണ്ടിക്കു വേണ്ടി വോട്ടു പിടിച്ചുകൊണ്ടാണ് സിന്ധു പുതിയ മാര്‍ഗ്ഗം കൂടല്‍ ഉദ്ഘാടിച്ചത് എന്നതു അവര്‍ ജന്മനാ തന്നെ ഗാന്ധി ശിഷ്യയും സത്യവിശ്വാസിയും ആണെന്നതിന്റെ തെളിവാണ്.മാര്‍ക്സിസ്റ്റു പാര്‍ട്ടി തീര്‍ത്ത ഇരുമ്പു കൂടിനുള്ളില്‍ കിടന്നു വീര്‍പ്പു മുട്ടിയ ഈ കുഞ്ഞാടിന്റെ വിമോചനത്തില്‍ സഭയും കോണ്‍ഗ്രസും അതിരറ്റ് ആഹ്ളാദിക്കുകയാണ്.
അവരുടെ സന്തോഷം ഇരട്ടിപ്പിച്ചു കൊണ്ട് കുഞ്ഞാട് ഇടതുപക്ഷ വിരോധ വിഷം വിതറി സ്റ്റേജില്‍ നിന്നു സ്റ്റേജിലേക്ക് കുതിച്ചു കൊണ്ടിരിക്കുന്നു. മുഖ്യമന്ത്രി സ. വി.എസ്.അച്യുതാനന്ദന്‍, തന്നെ 'ഒരുത്തി' എന്നു വിളിച്ചതിനെ ചൊല്ലി കുഞ്ഞാട് രോഷം കൊള്ളമ്പോള്‍ പുതിയ ഇടയന്മാര്‍, അദ്ദേഹം സ്ത്രീത്വത്തെ അപമാനിച്ചു എന്ന് മുക്രയിടുന്നു.ഒരുത്തി ഒരുത്തന്‍ തുടങ്ങിയ വാക്കുകള്‍ അശ്ളീലമാണോ? എങ്കില്‍
"ഉടലതി രമ്യമൊരുത്തനു കാല്‍ക്കൊരു
മുടവുണ്ടവനു നടക്കുന്നേരം" എന്നെഴുതിയ കുഞ്ചന്‍ നമ്പ്യാര്‍ അശ്ളീല സാഹിത്യകാരനാകണമല്ലോ?
അപക്വ മതിയായ ഒരു യുവതി ഭാഷാപരിജ്ഞാനക്കുറവു കൊണ്ടോ പഴയ നേതാവിനോടുള്ള വിരോധം കൊണ്ടോ ഇത്തരം വിവരക്കേടുകള്‍ എഴുന്നള്ളിക്കുന്നതു മനസ്സിലാക്കാം.എന്നാല്‍ പരിണിത
പ്രജ്ഞനെന്നു അനുയായകള്‍ കൊണ്ടാടുന്ന ഉമ്മന്‍ ചാണ്ടിയെ പോലൊരുത്തനും കോണ്‍ഗ്രസ്സിന്റെ വക്താവു വേഷം കെട്ടിയാടുന്ന എം. എം.ഹസ്സനെ പോലെ ഒരുത്തനും ഈ വാക്കില്‍ പിടിച്ച് വി.എസ്. അച്യുതാനന്ദനെ പ്രതിക്കൂട്ടിലാക്കാന്‍ ശ്രമിക്കുന്നത് കാണുമ്പോള്‍ സഹതാപമാണു തോന്നുന്നത്.
വി.എസ്സിനെ കുറിച്ച് മറ്റാരോപണങ്ങള്‍ പറയാനില്ലാത്തതു കൊണ്ട് നിസ്സാരമായ പദപ്രയോഗത്തിന്റെ പേരിലെങ്കിലും കുറ്റപ്പെടുത്താന്‍ കഴിയുമോ എന്നാകും പ്രതിപക്ഷ നേതാവിന്റെയും ശിഷ്യന്മാരുടെയും നോട്ടം.
സൈലന്റ് വാലി സമരം നടക്കുന്ന കാലത്ത് ശ്രീമതി സുഗത കുമാരിയെയും മറ്റും പറ്റി "അവളുമാര്‍" എന്ന് ,അന്ന് മന്ത്രി ആയിരുന്ന ആര്‍.ബാലകൃഷ്ണപിള്ളയും,"ഓള്‍" എന്ന് സീതിഹാജിയും വിളിക്കുകയും അശ്ലീല ധ്വനിയുള്ള പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തപ്പോള്‍ പ്രതിഷേധിക്കാനും ഉപദേശിക്കാനും ഒന്നും ഉമ്മാന്‍ ചാണ്ടിയേയും ഹസ്സനെയും രമേശ് ചെന്നിത്തലയേയും കേരളത്തില്‍ ആരും കണ്ടില്ല.
സുപ്രീം കോടതി ശിക്ഷിച്ച ബാലകൃഷ്ണ പിള്ളയും, പുത്രനും കെ.സുധാകരനും കൂടി കോടതിയെയും നിയമ വ്യവസ്ഥയെയും വെല്ലു വിളിച്ചു കൊണ്ട് കൊട്ടാരക്കര പട്ടണത്തില്‍ അഴിഞ്ഞാടിയപ്പോള്‍ ഈ സമചിത്തര്‍ എവിടെയായിരുന്നു? തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലത്തില്‍ പന്ന്യന്‍ രവീന്ദ്രന്‍
മത്സരിച്ച സമയത്ത് അദ്ദേഹത്തെ ജാതി പറഞ്ഞ് ബാലകൃഷ്ണ പിള്ള അധിക്ഷേപിച്ചപ്പോള്‍ മൗ
നം ദീക്ഷിച്ചത് എന്തുകൊണ്ടായിരുന്നു? ധാര്‍മ്മിക രോഷം ചിലപ്പോള്‍ മാത്രം ഉണ്ടാകുന്ന അസുഖ
മാണോ?
പാര്‍ട്ടി പ്രവര്‍ത്തകയായ തന്നെ പാര്‍ട്ടിക്കുള്ളില്‍ സംരക്ഷിച്ചു നിര്‍ത്താന്‍ കഴിയാത്ത അച്യുതാനന്ദന് കേരളത്തിലെ മുഴുവന്‍ സ്ത്രീകളുടെയും രക്ഷകനാകാന്‍ എങ്ങനെ കഴിയും എന്നാണ് സിന്ധു ജോയിയു
ടെ മറ്റൊരു ചോദ്യം.പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ പുറത്തു കളയുന്നവരെയും പുതിയ മേച്ചില്‍ പുറങ്ങള്‍ തേടി പര്‍ട്ടി വിട്ടു പോകുന്നവരെയും സംരക്ഷിക്കുന്ന ചുമതല മുഖ്യമന്ത്രിക്കാണോ?
പെണ്‍ വാണിഭക്കാരെ ഇരുമ്പഴിക്കകത്താക്കുമെന്നു പറയുന്നതിന്, പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തുന്ന സ്ത്രീകളെ സം രക്ഷിക്കുക എന്നാണ് അര്‍ത്ഥമെന്ന് സിന്ധു ജോയി വ്യാഖ്യാനിച്ചാല്‍ 'റാന്‍' എന്നു പറയാന്‍ ഉമ്മന്‍ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും മാത്രമേ കഴിയൂ.അതു തന്നെ എത്ര
നാള്‍ എന്ന് കണ്ടറിയാം.
പാര്‍ട്ടിയില്‍ സംരക്ഷണം നല്‍കാത്ത മഹാപാതകം ചെയ്ത വി.എസ്സിനെ പുലഭ്യം പറയാന്‍ സിന്ധു ജോയി കൂടിയിരിക്കുന്നത് ആര്‍ക്കൊക്കെ ഒപ്പമാണ്?പത്ത് കൈ വിരലുകളും പത്തു കാല്‍ വിരലുകളും കൊണ്ട് എണ്ണിയാലും തീരാത്തത്ര പെണ്‍ കുട്ടികളെയും സ്ത്രീകളെയും പീഡിപ്പിച്ചെന്ന്,അതിനു കൂട്ടു നിന്ന
സ്വന്തം ബന്ധു സാക്ഷി പറയുന്ന കുഞ്ഞാലിക്കുട്ടിയെ പോലുള്ള വിഷയ ലമ്പടന്മാര്‍ക്കും സ്ത്രീപീഡ
കര്‍ക്കും ഒപ്പം നിന്നു കൊണ്ട്!!എത്ര സുരക്ഷിത സ്ഥാനത്താണ് പഴയ വിപ്ലവ നായിക എത്തിപ്പെ
ട്ടിരിക്കുന്നത്!!
സിന്ധു ജോയിക്ക് ഇപ്പോള്‍ സ്ത്രീകളോട് എന്തു ബഹുമാനവും ആദരവും!മുമ്പ് നായനാര്‍ മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ എസ്.എഫ്.ഐ.നേതാവായി അവര്‍ തിരുവനന്തപുരത്ത് വിലസിയിരുന്ന കാലം.അന്ന് കേരള സര്‍ വ്വകലാശാലാ ജീവനക്കാര്‍ പണിമുടക്കു സമരത്തിന്റെ ഭാഗമായി ഓഫീസിനു മുമ്പില്‍ ധര്‍ണ്ണ നടത്തിക്കൊണ്ടിരുന്നപ്പോള്‍ മുന്‍ നിരയിലിരുന്ന വനിതകള്‍ ഉള്‍പ്പെടെയുള്ളവരെ, പത്തലും പട്ടിയലും മറ്റുമായി ആക്രമിച്ച എസ്.എഫ്.ഐ ഗുണ്ടകള്‍ക്കൊപ്പം സിന്ധു ജോയിയും ഉണ്ടായിരുന്നു.അന്നു തലപൊട്ടി ആശുപത്രിയില്‍ ദീര്‍ഘ കാലം ചികിത്സയില്‍ കഴിയേണ്ടി വന്ന ജീവനക്കാരികളില്‍ പലരും ഉമ്മന്‍ ചാണ്ടിയുടെ പാര്‍ട്ടിയില്‍ പെട്ടവരായിരുന്നു എന്നത് അദ്ദേഹം മറന്നിട്ടുണ്ടാകും.പഴയ എസ്.എഫ്.ഐ സഖാവും വിസ്മരിച്ചിരിക്കാം. പക്ഷേ തല്ലും ഏറും കൊണ്ടവരും അതു കണ്ടു നിന്നവരും ഒന്നും മറന്നിട്ടില്ല.
പെണ്‍കുട്ടികളെ പിഴപ്പിച്ച കുഞ്ഞാലിക്കുട്ടി തെളിക്കുന്ന തെരഞ്ഞെടുപ്പു തേരില്‍ ഇരുന്നു കൊണ്ട് സ്ത്രീ പീഡനത്തിനെതിരെ സംസാരിക്കുന്ന ഉമ്മന്‍ ചാണ്ടിയുടെയും സിന്ധു ജോയിയുടെയും ഉളുപ്പില്ലായ്മ സമ്മതിയ്ക്കണം.പെണ്‍ വാണിഭക്കാരെ കൈയ്യാമം വയ്ക്കുമെന്നു പറയുന്ന വി.എസ്, സ്ത്രീപീഡകനായ
സ്വന്തം പാര്‍ട്ടിക്കാരന്‍ പി.ശശിക്കെതിരെ നടപടി എടുക്കാത്തത് എന്തെന്ന് ഇവര്‍ ചോദിക്കുന്നു.
പി.ശശിക്കെതിരെ വേണ്ട നടപടികള്‍ പാര്‍ട്ടി കൈക്കൊള്ളും എന്ന് മുഖ്യമന്ത്രി പറഞ്ഞതിനെ പരിഹസിച്ചു കൊണ്ടാണ് ചോദ്യം.പി.ശശിയുടെ പീഡനത്തെ കുറിച്ച് ആരും സര്‍ക്കാരില്‍ പരാതിപ്പെട്ടിട്ടില്ല.പാര്‍ട്ടി സെക്രട്ടറിക്കാണ് പരാതി ലഭിച്ചത്.അതിന്മേല്‍ നടപടി സ്വീകരിക്കേണ്ടത് പാര്‍ട്ടിയല്ലാതെ മുഖ്യമന്ത്രിയാണോ?
മുഖ്യമന്ത്രി ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി പറയാന്‍ കഴിയാത്ത പ്രതിപക്ഷനേതാവ് യുക്തി രഹിതവും ബാലിശവുമായ വാദഗതികള്‍ പുറപ്പെടുവിച്ച് സ്വയം പരിഹാസ്യനാവുകയാണ്.സിന്ധു ജോയി എന്ന കോടാലിക്കൈ ഉപയോഗിച്ചു രാഷ്ട്രീയം കളിക്കുന്നത് ജനം സഹിച്ചെന്നിരിക്കും.പക്ഷേ സ്ത്രീകളുടെ മാനത്തിനു വില പറയുന്ന കുഞ്ഞാലിക്കുട്ടിയെ പോലുള്ള വിഷയലമ്പടന്മാരുടെ തോളില്‍ കൈയ്യിട്ടു കൊണ്ട് ഉമ്മന്‍ ചാണ്ടി സ്ത്രീപീഡനത്തിനെതിരെ കണ്ഠക്ഷോഭം ചെയ്യുന്നതും അച്യുതാനന്ദനെ കുറ്റപ്പെടുത്തുന്നതും പൊറുക്കില്ല.അഞ്ചുകൊല്ലം ഭരിച്ചിട്ടും പെണ്‍ വാണിഭക്കാരെ കൈയ്യാമം വയ്ക്കാഞ്ഞത് എന്തെന്ന ചോദ്യത്തിന്,ഇരുപതു കൊല്ലത്തിനു ശേഷം പൂജപ്പുര ജയിലില്‍ എത്തിയ ബാലകൃഷ്ണ പി
ള്ളയാണു മറുപടി.
സിന്ധു ജോയിയെ പോലൊരുത്തിയെ മുന്‍ നിര്‍ത്തി വി.എസ്സിനെ പോലൊരുത്തനെ ആക്ഷേപിച്ച് തറ പറ്റിയ്ക്കാമെന്ന് ഉമ്മന്‍ ചാണ്ടിയെ പോലൊരുത്തന്‍ കരുതുന്നത് സ്വന്തം കൂടാരത്തില്‍ തന്നെയുള്ള ഓരോരുത്തന്മാര്‍ നല്‍കുന്ന പ്രഹരമേറ്റ് സ്വബോധം നഷ്ടപ്പെട്ടതിനാലാകണം.
Fans on the page
Saturday, March 12, 2011
വി.എസ്സും ബുദ്ധദേവും
ഒരു പന്തിയില്‍ രണ്ടു വിളമ്പ് എന്നു കേട്ടിട്ടേ ഉള്ളൂ.സി.പി.എം.കേന്ദ്രകമ്മിറ്റി അതു കാണിച്ചു തന്നു.
കേന്ദ്ര കമ്മിറ്റി തീരുമാനം വിശദീകരിച്ചു കൊണ്ട് സ.പ്രകാശ് കാരാട്ട് പറഞ്ഞത് ബംഗാളിലെ തെരഞ്ഞെടുപ്പില്‍ ബുദ്ധദേവ് പാര്‍ട്ടിയെ നയിക്കും;കേരളത്തില്‍ ആരു നയിക്കും എന്ന് സംസ്ഥാനകമ്മിറ്റി തീരുമാനിക്കും എന്നാണ്.പ്രാദേശിക,ജാതി രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ പോലും പറയാത്ത വിചിത്രമായ തീരുമാനമാണ് ഒരു കമ്യൂണിസ്റ്റു പാര്‍ട്ടി സെക്രട്ടറി ഉരുവിട്ടത്.കേരളത്തിലെ പാര്‍ട്ടി ഘടകം കേന്ദ്രകമ്മിറ്റിയ്ക്കും പോളിറ്റ് ബ്യൂറോയ്ക്കും ഒക്കെ മുകളിലാണോ?ബംഗാളില്‍ മുഖ്യമന്ത്രി ബുദ്ധദേവ് തന്നെ തെരഞ്ഞെടുപ്പ് യുദ്ധം നയിക്കട്ടെ എന്നു തീരുമാനിച്ചപ്പോള്‍ കേരളത്തില്‍ മുഖ്യമന്ത്രി നയിക്കണമെന്നോ വേണ്ടെന്നോ തീരുമാനിക്കാതെ സംസ്ഥാന കമ്മിറ്റിയെ ചുമതലപ്പെടുത്തിയതില്‍ നിന്ന് സാധാരണക്കാര്‍ക്ക് മനസ്സിലാകുന്നത് അതാണ്.സംസ്ഥാന കമ്മിറ്റിയില്‍ തീരുമാനം എടുപ്പിക്കാന്‍, ജനിതക വിത്തിന്റെ വ്യക്താവായ പി.ബി.അംഗത്തെയും കൂട്ടി കേരളത്തില്‍ എത്തിയ ദേശീയ സെക്രട്ടറി, ഉറിപോലെ തിരികെ പോയതോടെ കേന്ദ്ര നേതൃത്വത്തിന്റെ "ശക്തി" ശരിക്കും ബോദ്ധ്യമായിട്ടുണ്ട്.
വി.എസ്.ഇനിയും മത്സരിക്കുമോ എന്ന് വലിയ ഒരു വിഭാഗം ജനങ്ങള്‍ ആകാംക്ഷപ്പെടുന്നുണ്ട്.അ
ദ്ദേഹത്തിന് ഇനിയുമൊരങ്കത്തിനു ബാല്യമുണ്ടെന്നു വിശ്വസിക്കുന്ന അവരില്‍ പലരും ഒരു പാര്‍ട്ടിയിലും പെട്ടവരല്ല.അതുകൊണ്ടുതന്നെ അവരുടെ ആഗ്രഹത്തിന് അനുസരിച്ചു പ്രവര്‍ത്തിക്കുവാന്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിക്കു ബാദ്ധ്യതയുമില്ല.പക്ഷേ ബുദ്ധദേവിന് ഒരു നീതിയും അച്യുതാനന്ദന് മറ്റൊരു നീതിയും എന്തുകൊണ്ടെന്നു പാര്‍ട്ടി അണികളോടെങ്കിലും
വിശദീകരിക്കേണ്ട ചുമതല സി.പി.എമ്മിനുണ്ട്.
സംസ്ഥാന കമ്മിറ്റി തീരുമാനിക്കും എന്നൊക്കെ ആധികാരികമായി പറഞ്ഞ ദേശീയ സെക്രട്ടറിയെ,"താന്‍ ആരു കൂവാ അങ്ങനെ ഞങ്ങളോടു കല്പ്പിക്കാന്‍" എന്ന് പറയാതെ പറഞ്ഞ് നോക്കു കുത്തിയാക്കി ഇരുത്തി അച്യുതാനന്ദന്റെ സ്ഥാനാര്‍ത്ഥിത്വം ഒഴികെ സൂര്യനു കീഴെയുള്ള സകലതിനെ കുറിച്ചും ചര്‍ച്ചിച്ച് പിരിയുകയാണ് സംസ്ഥാന കമ്മിറ്റി ചെയ്തത്.വി.എസ്.അച്യുതാനന്ദന്റെ സ്ഥാനാര്‍ത്ഥിത്വം രണ്ടു ദിവസം ചേര്‍ന്ന സംസ്ഥാന കമ്മിറ്റിയിലും ചര്‍ച്ച ചെയ്യാത്തത് വലിയ വാര്‍ത്തയാക്കി സംസ്ഥാനത്തെ സൂപ്പര്‍ നേതാക്കള്‍ ആഘോഷിക്കുകയാണ്.വി.എസ്സിനെയല്ല സ്വന്തം ദേശീയ സെക്രട്ടറിയെ ആണ് യഥാര്‍ത്ഥത്തില്‍ തങ്ങള്‍ അപമാനിച്ചത് എന്ന് ഈ ആഘോഷ കമ്മിറ്റി മനസ്സിലാക്കുന്നില്ല.
തന്റെ സ്ഥാനാര്‍ത്ഥിത്വത്തെപ്പറ്റിയും മറ്റും ബന്ധപ്പെട്ടവര്‍ വിശദമാക്കും എന്ന്,മാദ്ധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായി വി.എസ് പറഞ്ഞത്, അദ്ദേഹത്തിനു പാര്‍ട്ടിക്കര്യങ്ങളില്‍ വിവരമില്ലാഞ്ഞിട്ടാ
ണെന്നും ഒരിക്കലും ഒരു കമ്യൂണിസ്റ്റുകാരന്‍ അങ്ങനെ പറയില്ലെന്നും ഇ.പി ജയരാജന്‍ പറഞ്ഞതോടെ കാര്യങ്ങളുടെ കിടപ്പ് ഏകദേശം തെളിഞ്ഞു വരുന്നുണ്ട്.സാന്റിയാഗോ മാര്‍ട്ടിനെ പ്പോലുള്ള ഒരു ലോട്ടറി മാഫിയായുടെ കൈയ്യില്‍ നിന്നും ദേശാഭിനിക്കാണെന്നും പറഞ്ഞ് രണ്ടു കോടി കൈപ്പറ്റുന്നതും "പെണറായി" ആണു പ്രസ്ഥാനം എന്ന് ഉളുപ്പില്ലാതെ വാഴ്ത്തിപ്പാടുന്നതും ആണു കമ്യൂണിസമെന്ന് പാവം പഴയ നേതാവിനു പിടികിട്ടിയിട്ടുണ്ടാകില്ല.
മകന്‍ മരിച്ചാലും വേണ്ടില്ല മരുമകളുടെ ദു:ഖം കണ്ടാല്‍ മതിയെന്ന മനോഭാവമാണ് അല്പബുദ്ധികളായ നേതൃശുംഭന്മാരെ ഭരിക്കുന്നത് എന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞിരിക്കുന്നു.അഞ്ചു വര്‍ഷക്കാലവും
ഭരിക്കാന്‍ സമ്മതിക്കാതെ അച്ചടക്കത്തിന്റെ വാളോങ്ങിയും അപവദിച്ചും അപമാനിച്ചും കുറ്റം കണ്ടുപിടിച്ചും മാത്രം 'സഹായിച്ച' പാര്‍ട്ടി നേതൃത്വത്തിനെ നന്നായി മനസ്സിലാക്കിയ അവസ്ഥയില്‍, നിര്‍ബ്ബന്ധിച്ചാല്‍ പോലും മത്സരിയ്ക്കാന്‍ തയ്യാറാകാതിരിക്കുന്നതാണ് വി.എസ്സിനെ സംബന്ധിച്ച് അഭിലഷണീയം.സ്വരം നല്ലപ്പഴേ പാട്ടു നിര്‍ത്തുകയാണു ബുദ്ധി.എവിടെ നിന്നാലും സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ തോല്പിക്കുമെന്ന് ഉറപ്പുള്ള സ്ഥിതിയ്ക്ക് വിശേഷിച്ചും.അല്ലെങ്കില്‍ തന്നെ ത്യാഗ ധനരായ പഴയ കമ്യൂണിസ്റ്റു നേതാക്കളേക്കാള്‍ ബാലകൃഷ്ണ പിള്ളമാരെയും കുഞ്ഞാലിക്കുട്ടിമാരെയും സാന്തിയാഗോ മാര്‍ട്ടിന്മാരെയും മാതൃകയാക്കി കഴിഞ്ഞവര്‍ നയിക്കുന്നിടത്ത് വി.എസ്സിന് എന്തു കാര്യം?
Fans on the page
Monday, February 28, 2011
സ്ത്രീലമ്പടന്മാരുടെ തത്ത്വശാസ്ത്രം.
'നായ് കടലില്‍ ചെന്നാലും നക്കിയേ കുടിക്കൂ'എന്ന് പറയാറുള്ളത് വാസ്തവമാണെന്ന് സമീപകാല രാഷ്ട്രീയസംഭവങ്ങള്‍ തെളിയിക്കുന്നു.അമ്മയില്ലെങ്കില്‍ മോളായാലും മതി;മോളില്ലെങ്കില്‍ അമ്മയായാലും മതി എന്നത് സ്ത്രീലമ്പടന്മാരുടെ തിയറിയും വര്‍ഗ്ഗ സ്വഭാവവുമാണ്.അവര്‍ രാഷ്ട്രീയത്തിലെത്തിയാലും വിഷയലമ്പടന്മാരുടെ വര്‍ഗ്ഗ സ്വഭാവം കാണിക്കും.മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനെതിരേ അഴിമതി ആരോപണം ഒന്നും ഉന്നയിക്കാന്‍ കഴിയാഞ്ഞവര്‍ അദ്ദേഹത്തിന്റെ മകനെതിരേ ആരോപണം ഉന്നയിക്കുന്നതിനു പിന്നിലെ മന:ശാസ്ത്രവും രീതിശാസ്ത്രവും അതാണ്.
ഐസ്ക്രീം പെണ്‍ വാണിഭം,കോതമംഗലം പെണ്‍ വാണിഭം തുടങ്ങിയ സ്ത്രീപീഡന കേസുകളില്‍ എല്ലാം പ്രതിയായ ഒരു രാഷ്ട്രീയ നേതാവാണ് മുഖ്യമന്ത്രി പുത്രനായ അരുണ്‍ കുമാറിനെതിരെ ആരോപണവുമായി രംഗത്ത് എത്തിയിരിക്കുന്നത്.നിരവധി പെണ്‍ കുട്ടികളെ പിഴപ്പിച്ച ഈ മുന്‍ മന്ത്രി പെണ്‍ വാണിഭക്കേസുകളില്‍ നിന്നും രക്ഷപ്പെട്ടത് എങ്ങനെയെന്ന്,രക്ഷപ്പെടുത്തിയ സുഹൃത്തു തന്നെ രേഖകള്‍ ഹാജരാക്കി വെളിപ്പെടുത്തിയപ്പോള്‍ സമനില തെറ്റി പുതിയ കഥകള്‍ (ബോംബ് എന്ന് അദ്ദേഹം)മിനഞ്ഞെടുക്കുകയാണ്.കോടികള്‍ വാരിയെറിഞ്ഞ് പ്രതിസ്ഥാനത്തു നിന്നും മുമ്പ് ഒഴിവയെങ്കിലും ഇനിയും പെടുമോ എന്ന വേവലാതിയാണ് അദ്ദേഹത്തിനു മതിഭ്രമം ഉണ്ടാക്കിയത്.എന്നാല്‍ അത്തരം ഗുലുമാലുകളില്‍ ഒന്നും ചാടിയിട്ടില്ലെന്ന് നമ്മള്‍ വിശ്വസിക്കുന്ന ഉമ്മന്‍ ചാണ്ടിയും മറ്റും ഈ സ്ത്രീജിതന്റെ പിച്ചും പേയും പറച്ചില്‍ ഏറ്റു പിടിക്കുന്നതില്‍ നിന്നും അവര്‍ക്കും മറ്റെന്തോ വിഭ്രാന്തി പിടിപെട്ടിരിക്കുന്നു എന്നാണു മനസ്സിലാക്കേണ്ടത്.
അവരെ അസ്വസ്ഥമാക്കുന്നത് പൊതുമുല്‍ മോഷ്ടിച്ചതിന് ശിക്ഷിക്കപ്പെട്ട കൂട്ടുകക്ഷി നേതാവിന്റെ അവസ്ഥയാണ്.പെണ്ണു പിടിയനായ മറ്റൊരു സഖ്യകക്ഷിനേതാവ് അടുത്തു തന്നെ അകത്താകുമോ എന്ന ഭയമാണ്. "പെണ്‍ വാണിഭക്കാരനെയും പൊതുമുതല്‍ കളളനെയും ഇടവും വലവും താങ്ങിക്കൊണ്ടു നടന്ന നിങ്ങളെ എങ്ങനെ വിശ്വസിക്കും?" എന്ന ജനത്തിന്റെ ചോദ്യത്തെ അഭിമുഖീകരിക്കുന്നത് ഓര്‍ക്കുമ്പോള്‍ ഉമ്മന്‍ ചാണ്ടിയ്ക്ക് ഉറക്കം നഷ്ടപ്പെടുക സ്വാഭാവികമാണ്.
തെരഞ്ഞെടുപ്പ് അടുത്തു വരുന്നതിനാല്‍ വിശേഷിച്ചും.അതിനിടയ്ക്കാണ്,കൂനിന്മേല്‍ കുരു പോലെ,പാമോയില്‍ കേസില്‍ തന്നെക്കാള്‍ പ്രതിയാകാന്‍ അര്‍ഹന്‍ ഉമ്മന്‍ ചാണ്ടിയാണെന്ന വാദവുമായി റ്റി.എച്ച്.മുസ്തഫ രംഗത്ത് എത്തുന്നത്.ഈസി വാക്കോവര്‍ എന്നു ധരിച്ച് ഭരണവും മുഖ്യമന്ത്രി പദവും ഒക്കെ കിനാവു കണ്ട് വിമോചന യാത്ര നടത്തിയവര്‍ക്ക് ഇതൊക്കെ സഹിക്കാവുന്നതിനും അപ്പുറമാണ്.അവര്‍ക്ക് സമനില തെറ്റിയില്ലെങ്കിലേ അതിശയിക്കാനുള്ളൂ.
മുങ്ങിച്ചാകാന്‍ പോകുന്നവന്‍ ഏതു വൈക്കോല്‍ തുരുമ്പിലും കയറിപ്പിടിക്കും എന്നു കേട്ടിട്ടുണ്ട്.ഏതു നായ്ക്കാട്ടത്തിലും കയറിപ്പിടിക്കും എന്ന് കേട്ടിട്ടില്ല. ഉമ്മന്‍ ചാണ്ടിയും സംഘവും അതും ചെയ്തിരിക്കുന്നു.
കേന്ദ്രം ഭരിക്കുന്ന വലിയ പാര്‍ട്ടി ഒരു സ്ത്രീപീഡകന്റെ ജല്പനങ്ങള്‍ വേദവാക്യങ്ങളായി എഴുന്നള്ളിച്ചു നടക്കുന്നത് കാണുമ്പോള്‍ സഹതാപമാണു തോന്നുന്നത്.
എന്തൊക്കയൊ രാഷ്ട്രീയ രഹസ്യങ്ങള്‍ അടങ്ങിയ ബോംബ്,താന്‍ ഉമ്മന്‍ ചാണ്ടിയെ ഏല്പിച്ചിട്ടുണ്ട് എന്ന്
സ്ത്രീലമ്പട നേതാവ് നേരത്തേ വീമ്പടിച്ചിരുന്നു.അന്ന് ഈ ബോംബിന്റെ കാര്യം ചോദിച്ചപ്പോള്‍ നേതാവിന്റെ, റൗഫ് എന്ന മുന്‍ സുഹൃത്ത് പറഞ്ഞത് "അത് കൈയ്യിലിരുന്നു പൊട്ടാതെ അദ്ദേഹം സൂക്ഷിച്ചാല്‍ മതി"എന്നാണ്.അദ്ദേഹത്തിന്റെ വാക്ക് അറം പറ്റിയതു പോലെ ബോംബുകള്‍ ഓരോന്നായി യു.ഡി.എഫ് നേതാക്കളുടെ കൈയ്യിലിരുന്നു പൊട്ടുന്നതാണ് കേരളീയര്‍ കണ്ടുകൊണ്ടിരിക്കുന്നത്.കോണ്‍ഗ്രസ് നേതാവും മുന്‍ ഭക്ഷ്യ മന്ത്രിയുമായിരുന്ന അടൂര്‍ പ്രകാശിനെതിരെ ഫയല്‍ ചെയ്ത വിജിലന്‍സ് കേസില്‍ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടിരിക്കുന്നു എന്ന വാര്‍ത്തയാണ് ഏറ്റവും ഒടുവില്‍ പൊട്ടിയ ബോംബ്.ഉമ്മന്‍ ചാണ്ടിക്കെതിരെ മുസ്തഫ വാളോങ്ങിയതു പോലെ ഈ കേസ് ഉടലെടുത്തതും മറ്റൊരു കോണ്‍ഗ്രസ് നേതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ്.
ഇത്തരം രാഷ്ട്രീയ ബോംബുകളും പീഡനരഹസ്യ ബോംബുകളും കൈയ്യിലിരുന്നു പൊട്ടുന്നത് കണ്ട് അന്തം വിടുന്ന ജനത്തിന്റെ ശ്രദ്ധ തിരിച്ചു വിടാനാകുമോ വിഷയലമ്പട നേതാവ് സ്വന്തം അണികളെക്കൊണ്ട് യഥാര്‍ത്ഥ ബോംബുണ്ടാക്കി പൊട്ടിക്കുന്നത്?
Fans on the page
Wednesday, February 16, 2011
യു.എന്നി ലെ കുഞ്ഞിത്തൊമ്മന്‍
വളരെ മുമ്പ് കേരള നിയമസഭയില്‍ കുഞ്ഞിത്തൊമ്മന്‍ എന്ന ഒരു സാമാജികന്‍ ഉണ്ടായിരുന്നു.
എങ്ങനെയോ ജയിച്ച് എം.എല്‍.എ ആയ ഒരു മാന്യന്‍.ഒരിക്കല്‍ തിരുവനന്തപുരം മൃഗശാലയില്‍ പുതിയതായി രണ്ടു കാണ്ഡാമൃഗങ്ങളെ കൊണ്ടുവരുന്നതു സംബന്ധിച്ച് വകുപ്പു മന്ത്രി പ്രസ്താവന നടത്തിക്കൊണ്ടിരിക്കുമ്പോള്‍ കുഞ്ഞിത്തൊമ്മന്‍ ഉറങ്ങിപ്പോയി.അടുത്തിരുന്ന ഫലിതപ്രിയനും പ്രസംഗ ചതുരനുമായ ജോസഫ് ചാഴിക്കാടന്‍ കുഞ്ഞിത്തൊമ്മനെ കുത്തിയുണര്‍ത്തി പറഞ്ഞു:
"കുഞ്ഞിത്തൊമ്മാ നിങ്ങടെ സഭയ്ക്കു കൂടി ഒരെണ്ണം വേണമെന്നു പറ. ഇപ്പോള്‍ ചോദിച്ചാല്‍ ഒരെണ്ണം കിട്ടും".എന്തിനെ കുറിച്ചാണ് സംസാരിക്കുന്നത് എന്നറിയാതെ, ഉറക്കച്ചടവില്‍ കുഞ്ഞിത്തൊമ്മന്‍ ചാടി എഴുന്നേറ്റ് "ഞങ്ങളുടെ സഭയ്ക്കും കൂടി ഒരെണ്ണം വേണം" എന്ന് ആവശ്യപ്പെട്ടു.
കുഞ്ഞിത്തൊമ്മന്റെ ഉറക്കം കുസൃതിക്കാരനായ ചാഴിക്കാടന്‍ മുതലാക്കിയതിനാല്‍ ഉടലെടുത്തതാണ് നിയമ സഭയിലെ ഈ ഹാസ്യ രംഗം.എങ്കിലും ഉത്തരവാദിത്വം മറന്ന് ഉറങ്ങിയ ഒരു സാമാജികനും അദ്ദേഹത്തിന്റെ മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്കും ഇതു മൂലം നാണക്കേട് ഉണ്ടായി എന്നത് നേരാണ്.
കഴിഞ്ഞ ഒരു ദിവസം യു.എന്‍.അസംബ്ലിയില്‍ ഇന്ത്യയുടെ വിദേശകാര്യമന്ത്രി എസ്.എം.കൃഷ്ണ കെട്ടിയ കോമാളി വേഷം ഇതിനേക്കാള്‍ എത്രയോ നാണം കെട്ടതായിരുന്നു?ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ വിദേശകാര്യമന്ത്രി പോര്‍ച്ചുഗീസ് മന്ത്രി വായിച്ചുപേക്ഷിച്ചു പോയ പ്രസംഗം എടുത്ത് വായിക്കുക!ഇതില്‍ പരം അപമാനം ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രത്തിനു വരാനുണ്ടോ?
ലോക ദൃഷ്ടിയില്‍ സ്വന്തം രാജ്യത്തെ പരിഹാസ്യമാക്കിയ ഈ പോക്കണം കേടു കാണിച്ചിട്ട് അതിനെ ന്യായീകരിക്കുകയാണ് ഈ ഭരണധുരന്ധുരന്‍ ചെയ്തത്.പോര്‍ച്ചുഗീസ് പ്രതിനിധി പ്രസംഗിച്ചപ്പോള്‍ ഇദ്ദേഹം കുഞ്ഞിത്തൊമ്മനെ പോലെ ഉറങ്ങുകയായിരുന്നിരിക്കണം.അല്ലെങ്കില്‍ പോര്‍ച്ചുഗീസ് പ്രസംഗത്തിന്റെ ഏതാനും വരികള്‍ വായിച്ചപ്പോഴെങ്കിലും തിരിച്ചറിയുമായിരുന്നു.
വീറ്റോ പവര്‍ ഉള്ള വന്‍ കിട രാഷ്ട്രങ്ങള്‍ പോലും ഭയഭക്തി ബഹുമാനങ്ങളോടെയായിരുന്നു യു.എന്‍.
അസംബ്ലിയില്‍ ഇന്ത്യയുടെ ശബ്ദം ശ്രവിച്ചിരുന്നത്.വി.കെ.കൃഷ്ണമേനോനെ പോലുള്ളവര്‍ ആണ് അത്തരം അഭിമാനാര്‍ഹമായ സ്ഥാനം നമുക്കു നേടിത്തന്നത്.അതിപ്രഗത്ഭനായ അദ്ദേഹം ഇരുന്ന കസേരയിലാണല്ലോ ഇത്തരം സുന്ദരവിഡ്ഢികള്‍ അവരോധിതരായിരിക്കുന്നത്!മണിക്കൂറുകള്‍ നീണ്ട
പ്രസംഗത്തിനിടയില്‍ തളര്‍ന്നു വീണ വി.കെ.കൃഷ്ണമേനോന്‍,ബോധം തെളിഞ്ഞപ്പോള്‍ മുറിഞ്ഞുപോയ വാചകം പൂര്‍ത്തിയാക്കിക്കൊണ്ടാണ് പിന്നീട് തുടര്‍ന്നത് എന്നാണ് കേട്ടിട്ടുള്ളത്.അത്രയ്ക്ക് ജാഗരൂകവും ഊര്‍ജ്ജസ്വലവും ആയ വ്യക്തിത്വങ്ങളുടെ പിന്‍ഗാമികളായി ഇങ്ങനെയുള്ള കൊഞ്ഞാണന്മാരെ പറഞ്ഞു വിടുന്നതിനു മുമ്പ് ബന്ധപ്പെട്ടവര്‍ നൂറു വട്ടം ആലോചിക്കേണ്ടിയിരിക്കുന്നു.
ഡോ.ബിനായക് സെന്നിനെപ്പോലുള്ള മനുഷ്യാവകാശ പ്രവര്‍ത്തകരല്ല;കൃഷ്ണയെപ്പോലുള്ള മണ്ണുണ്ണികളാണ് യഥാര്‍ത്ഥ രാജ്യദ്രോഹികള്‍.മന്ത്രിപ്പണിക്ക് വാങ്ങിയ തുക മുഴുവന്‍ ഇദ്ദേഹത്തിനെ ക്കൊണ്ട് തിരിച്ചടപ്പിച്ച് ,മുക്കാലിയില്‍ കെട്ടി ചാട്ടവാറു കൊണ്ടടിച്ച് നാടുകടത്തുകയാണ് വേണ്ടത്.
Fans on the page
Saturday, February 12, 2011
പിള്ളയുടെ നിരപരാധിത്വം
ഇടമലയാര്‍ അഴിമതിക്കേസില്‍ സുപ്രീം കോടതി ശിക്ഷിച്ച ആര്‍.ബാലകൃഷ്ണപിള്ള, താന്‍ നിരപരാധിയാണെന്ന പതംപെറുക്കലുമായാണ് പത്രക്കാരുടെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടത്.താന്‍ അഴിമതി നടത്തിയിട്ടില്ലെന്നും നാടിനെ സേവിച്ചതിനു തനിക്കു വയസ്സുകാലത്ത് കിട്ടിയ പ്രതിഫലമാണ് ഇതെന്നും തന്റെ അന്ത്യം ജയിലിലായിരിക്കും എന്നും അദ്ദേഹം വിലപിക്കുന്നു.ഈ ദയനീയാവസ്ഥയി
ലും വി.എസ്.അച്യുതാനന്ദനെ അപവദിക്കാന്‍ പിള്ളയും പുത്രനും മറക്കുന്നില്ല.
പിള്ളയുടെയും മകന്റെയും മാത്രമല്ല യു.ഡി.എഫ്.നേതാക്കളുടെയും ദേഷ്യം മുഴുവന്‍ വി.എസ്സിനോടാണ്.
ഇവരുടെ പ്രതികരണം കേട്ടാല്‍ തോന്നുക ശിക്ഷ വിധിച്ചത് അദ്ദേഹമാണെന്ന്.വിചാരണക്കോടതി അഞ്ചു വര്‍ഷം കഠിന തടവിനു ശിക്ഷിച്ച പിള്ളയെ ഹൈക്കോടതി വെറുതേ വിട്ടപ്പോള്‍ അപ്പീല്‍ പോകാതെ അദ്ദേഹത്തെ രക്ഷപ്പെടാന്‍ അനുവദിച്ച അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ പൊതു മുതല്‍ കട്ടവനു കൂട്ടു നില്‍ക്കുകയാണു ചെയ്തത്.പിള്ള അധികാര ദുര്‍വ്വിനിയോഗവും അഴിമതിയും നടത്തിയെന്ന് കണ്ടെത്തിയതും വെളിപ്പെടുത്തിയതും വി.എസ് അല്ല.യു.ഡി.എഫ് സര്‍ക്കാര്‍ തന്നെ നിയമിച്ച ജസ്റ്റിസ് കെ.സുകുമാരന്‍ കമ്മീഷനാണ്.ആദ്യം ശിക്ഷ വിധിച്ചത് വിചാരണക്കോടതിയും.
ബാലകൃഷ്ണപിള്ളയും മറ്റും കുറ്റക്കാരാണെന്ന് കണ്ടെത്തിയ കമ്മീഷന്‍ അക്കമിട്ടു നിരത്തിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് വിചാരണക്കോടതി പിള്ളയ്ക്കും മറ്റു രണ്ടു പേര്‍ക്കും അഞ്ചു വര്‍ഷത്തെ തടവു വിധിച്ചത്.വ്യക്തമായ തെളിവുകള്‍ ഉണ്ടായിട്ടും ഹൈക്കോടതിയില്‍ തീര്‍പ്പു കല്പിച്ച ജഡ്ജി പിള്ളയെ വെറുതേ വിട്ടത് വേണ്ടത്ര പരിശോധന കൂടാതെയാണെന്ന് ഇപ്പോള്‍ സുപ്രീം കോടതി തന്നെ അഭിപ്രായപ്പെട്ടിരിക്കുകയാണ്.കേരള ഹൈക്കോടതിയിലെ രണ്ടു ജഡ്ജിമാര്‍ കുഞ്ഞാലിക്കുട്ടിക്ക് അനുകൂലമായ വിധി പുറപ്പെടുവിച്ചത് കോഴ വാങ്ങിയിട്ടാണ് എന്ന് കോഴ കൊടുത്തവര്‍ തന്നെ പരസ്യപ്പെടുത്തിയിരിക്കയാണ്.ആ നിലയ്ക്ക് ജ. സുകുമാരന്‍ കമ്മീഷന്‍ ചൂണ്ടിക്കാണിച്ച തെളിവുകളും വിചാരണക്കോടതി കണ്ടെത്തിയ തെളിവുകളും പിള്ളയെ വെറുതവിട്ട ഹൈക്കോടതി ജഡ്ജി കാണാതെ പോയത് എന്തുകൊണ്ടാണെന്ന് അറിയാന്‍ പാഴൂര്‍ പടിക്കല്‍ പോയി തിരക്കേണ്ടതില്ല.
"പൊതു മുതല്‍ കട്ടു തിന്നുന്നവര്‍ക്കുള്ള മുന്നറിയിപ്പാണ് ഇത്" എന്ന് മുഖ്യമന്ത്രി പറഞ്ഞതാണ് ഈ വിധിയുടെ ഗുണപാഠം.
അച്യുതാനന്ദന്‍ തന്നോട് രാഷ്ട്രീയമായി പക പോക്കുകയാണ് എന്നാണ് പിള്ളയുടെയും സഘത്തിന്റെയും കൂട്ട വായ്ത്താരി.രാഷ്ട്രീയ പകയാണെങ്കില്‍ ഏറ്റവും കൂടുതല്‍ തോന്നേണ്ടത് ഉമ്മന്‍ ചാണ്ടിയോടല്ലേ?പിടിക്കപ്പെടുമ്പോള്‍ കക്കുന്നവര്‍ സഹതാപം കിട്ടാന്‍ പറയുന്ന ഒരോ അടവുകളാണ് ഇതൊക്കെ.വീടു കുത്തി തുറന്ന് മോഷ്ടിക്കുന്നവനും ഖജനാവു കക്കുന്നവനും ഇക്കാര്യത്തില്‍ പിന്തുടരു
ന്നത് ഒരേ പാത തന്നെ.അതുപോലെ തന്നെയാണ് താന്‍ നിരപരാധിയാണെന്ന പിള്ളയുടെ വാദവും.താനുണ്ടായതു കൊണ്ടാണ് ഇടമലയാര്‍ പദ്ധതി പൂര്‍ത്തിയായത് എന്നു വീമ്പു പറയുന്ന പിള്ള,കരാറു തുക കൂട്ടിക്കൊടുത്തത് സര്‍ക്കാരിനെ ഗുണപ്പെടുത്താനോ,സ്വന്തം പാര്‍ട്ടിക്കരനായ
(ഇപ്പോള്‍ അയാള്‍ മാണിയുടെ കൂടെയാണ്) കരാറുകാരനെ കനപ്പിക്കാനോ എന്നു വ്യക്തമാക്ക
ണം.സെക്യൂരിറ്റി തുക അഞ്ചിലൊന്നായി കുറച്ചത് ആരെ സഹായിക്കാനായിരുന്നു?നിലവിലുള്ള ചട്ടങ്ങള്‍ക്കു വിരുദ്ധമായി കാലി സിമന്റ് ചാക്ക് ഏതാണ്ടു മുഴുവനും തന്നെ കൈക്കലാക്കുവാന്‍ കരാറുകാരനെ സഹായിക്കുന്ന ഉത്തരവിറക്കിയത് ജനങ്ങള്‍ക്കു നന്മ ചെയ്യാനായിരുന്നോ? ഇലക്ട്രിസിറ്റി ബോഡിന്റെ പരമാധികാരത്തില്‍,മന്ത്രി അനധികൃതമായി കൈകടത്തിയാണ് ഇതൊക്കെ ചെയ്തതെന്ന് അന്വേഷണ കമ്മീഷന്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്.
മന്ത്രിയായാല്‍ എന്തും ചെയ്തുകളയാം എന്ന പിള്ളയുടെ മാടമ്പി മനോഭാവത്തിനേറ്റ തിരിച്ചടിയാണ് ഈ വിധി.താന്‍ ഒരു വലിയ ജന്മിയുടെ മകനായതു കൊണ്ടാണ് ഇതുവരെ തെണ്ടാതിരുന്നത് എന്ന് കൂടെ
ക്കൂടെ പറയുന്ന പിള്ള,സ്വന്തക്കാരനായ കരാറുകാരനു കോടികള്‍ വഹിച്ചു കൊടുത്തത് ആ ജന്മിയുടെ സമ്പാദ്യത്തില്‍ നിന്നല്ല എന്നത് മറക്കുന്നു.
തിരുവിതാം കൂറിലെ പേരു കേട്ട സമ്പന്നരുടെ പട്ടികയിലൊന്നും പിള്ള അവകാശപ്പെടുന്ന അച്ഛന്‍ ജന്മിയെ കണ്ടിട്ടില്ല.അരഡസനോളം മക്കളുണ്ടായിരുന്ന അദ്ദേഹം സ്വത്തു മുഴുവന്‍ ഏക മകനായ മുന്‍ മന്ത്രിക്കു നല്‍കിയെന്നു വിശ്വസിക്കാന്‍ പ്രയാസം.അച്ഛന്റെ സമ്പാദ്യം കൊണ്ടൊന്നും പിള്ള കാട്ടിയിട്ടുള്ള ആര്‍ഭാടങ്ങള്‍ക്കും ധൂര്‍ത്തിനും കേസ്സിനും മറ്റു നേരമ്പോക്കുകള്‍ക്കും തികയില്ല എന്ന് നാട്ടുകാര്‍ക്ക് അറിയാം.പിതൃസ്വത്തിന്റെ എത്രയോ മടങ്ങ് അധികം സമ്പത്ത് രാഷ്ട്രീയ വ്യവസായ
ത്തിലൂടെ മ്പാദിച്ചിട്ടുണ്ടെന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്?അവയില്‍ ഒരു കച്ചവടത്തിലാണ് ഇപ്പോള്‍ സുപ്രീം കോടതി കയറി പിടിച്ചിരിക്കുന്നത്.ഈ കേസ്സിനു തന്നെ ലക്ഷങ്ങള്‍ ചെലവായി എന്നാണ് പിള്ള പറയുന്നത്.അതു വാസ്തവമാണെങ്കില്‍ കൂടി ലാഭം പിള്ളയ്ക്കാണ്.സര്‍ക്കാരിനെ വെട്ടിച്ച രണ്ടു കോടിയില്‍ നിന്ന് ഏതാനും ലക്ഷം ചെലവായാലും ബാക്കി മീതിയല്ലേ?ഖജനാവിനു വരുത്തി
യ നഷ്ടം പിള്ളയുടെയും കൂട്ടു കള്ളന്മാരുടെയും കൈയ്യില്‍ നിന്നു വസൂലാക്കാനുള്ള ഉത്തരവു കൂടി സുപ്രീം കോടതി പുറപ്പെടുവിക്കേണ്ടിയിരുന്നു.
കാശു കൊടുത്തോ ജാതി പറഞ്ഞോ മറ്റു നേരമ്പോക്കുകള്‍ക്കു വഴിയൊരുക്കിയോ പിള്ള ഹൈക്കോ
ടതിയില്‍ നിന്നു നേടിയ അനുകൂല വിധി,സര്‍ക്കാര്‍ നിലപാടിനു വിരുദ്ധവും ഖജനാവിനു നഷ്ടം വരു
ത്തുന്നതും ആയിട്ടും പ്രതിയെ സഹായിക്കുകയാണ് അന്നത്തെ യു.ഡീ.എഫ് സര്‍ക്കാര്‍ ചെയ്തത്.ഈ തരവഴി മുന്‍ കൂട്ടി മനസ്സിലാക്കിയ വി.എസ്.അച്യുതാനന്ദന്‍ കേസ്സില്‍ കക്ഷി ചേര്‍ന്നതു കൊണ്ടാണ് ഇപ്പോഴെങ്കിലും കള്ളന്മാര്‍ ശിക്ഷിക്കപ്പെട്ടത്.കാവല്‍ക്കാര്‍ കള്ളനു കൂട്ടു നിന്നപ്പോള്‍ കാവല്‍ക്കാരന
ല്ലാത്ത വി.എസ്.ആണ് യഥാര്‍ത്ഥ കാവല്‍ക്കാരന്റെ ചുമതല നിറവേറ്റിയത്.ഭരണഘടനാ ബാദ്ധ്യത കാറ്റില്‍ പറത്തിയവരാണ് പ്രതിയുടെ കണ്ണീരൊപ്പാന്‍ പരസ്പരം മത്സരിക്കുകയും സംസ്ഥാന താല്പര്യത്തിനു വേണ്ടി നില കൊണ്ടയാള്‍ക്കു നേരേ തെറിയഭിഷേകം നടത്തുകയും ചെയ്യുന്നത്.
പൊതു മുതല്‍ കള്ളന്മാരെയും പെണ്ണു പിടിയന്മാരെയും ചുമലിലിരുത്തി അച്ച്യുതാനന്ദന്‍ സര്‍ക്കാരി
നെതിരെ കുറ്റപത്രം നല്‍കാന്‍ പോയവര്‍ക്ക് ആ സാമൂഹിക വിരുദ്ധരെ ന്യായീകരിക്കാതെ തരമില്ല
ല്ലോ.പക്ഷേ ഖജനാവു കട്ട ബാലകൃഷ്ണ പിള്ളയ്ക്ക് രക്തസാക്ഷി പരിവേഷം നല്‍കാന്‍ വെപ്രാളപ്പെടുന്ന കോണ്‍ഗ്രസ് നേതാക്കള്‍ മറന്നു പോയ ഒരു കാര്യമുണ്ട്.കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നുകൊണ്ടു തന്നെ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തിന് അനുകൂലമായി വോട്ടു ചെയ്ത് മുമ്പ് ഒരു കോണ്‍ഗ്രസ് മുഖ്യമന്ത്രിയെ വീഴ്ത്തിയ ജൂഡാസ് ആണ് അദ്ദേഹമെന്ന്.
Fans on the page
Subscribe to:
Posts (Atom)