Total Pageviews

Showing posts with label സാമൂഹികം. Show all posts
Showing posts with label സാമൂഹികം. Show all posts

Saturday, March 10, 2012

“വിലാസിനി പറയുന്നത് പച്ചക്കള്ളങ്ങൾ”

മരണക്കിടക്കയിൽ ആയിരുന്ന സുകുമാർ അഴീക്കോടിനെ സന്ദർശിച്ച ശേഷം വിലാസിനി എന്ന റിട്ടയേഡ് അദ്ധ്യാപിക പറഞ്ഞു പരത്തിയ പച്ചക്കള്ളങ്ങൾ തുറന്നുകാട്ടുന്നു ശ്രീ.പോൾ മണലിൽ.സുകുമാർ അഴീക്കോട് ട്രസ്റ്റ് സെക്രട്ടറിയും മലയാള മനോരമ പത്രത്തിന്റെ ചേർത്തല ബ്യൂറോ ചീഫുമായ പോൾ മണലിൽ ‘തന്മ’ മാസികയിൽ എഴുതിയതാണു ഈ ലേഖനം .“അഴീക്കോട് എന്ന വിചാരശില്പി” എന്ന ഗ്രന്ഥത്തിന്റെ കർത്താവു കൂടിയാണു ശ്രീ.പോൾ മണലിൽ.









Sunday, July 10, 2011

ജസ്റ്റിസ്.കെ.കെ.നരേന്ദ്രൻ



സാമൂഹിക പ്രതിബദ്ധതയും നിഷ്പക്ഷമായ നീതി ബോധവും ഉണ്ടായിരുന്ന ഒരു നിയമജ്ഞൻ കൂടി അന്തരിച്ചു.പണം കണ്ടു കണ്ണു മഞ്ഞളിക്കുന്ന ജഡ്ജിമാരുടെ എണ്ണം കൂടി വരുന്ന ഇക്കാലത്ത് ജ.കെ.കെ.നരേന്ദ്രനെപ്പോലുള്ളവരുടെ തിരോധാനം വലിയ നഷ്ടമാണു.ഹൈക്കോടതി ജഡ്ജി ആയിരിക്കേ അദ്ദേഹം പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവുകൾ കേരള നീതിന്യായ ചരിത്രത്തിലെ സുവർണ്ണ രേഖകളാണു.

സേവന നിരതനായിരുന്നു വിരമിച്ച ശേഷവും അദ്ദേഹം.മാറിമാറി വന്ന സർക്കാരുകളെല്ലാം, റിട്ടയർ ചെയ്തതിൽ പിന്നീടും അദ്ദേഹത്തിന്റെ സേവനം പ്രയോജനപ്പെടുത്തിയിട്ടുണ്ട്.സംവരണത്തെ കുറിച്ചു പഠിക്കാൻ നിയോഗിച്ച കമ്മീഷന്റെ ചെയർമാനായി പ്രവർത്തിച്ചത് ഈ കാലയളവിലാണു.
പ്രീഡിഗ്രി ബോഡ് വിരുദ്ധസമരകാലത്ത് കേരള സർ വ്വകലാശാലയിൽ നടന്ന പരീക്ഷാ ക്രമക്കേടുകളെ കുറിച്ച് അന്വേഷിക്കുവാൻ ജസ്റ്റിസ് കെ.കെ.നരേന്ദ്രനെയാണു അന്നത്തെ ഇടതു സർക്കാർ ഏകാംഗ കമ്മീഷനായി നിയമിച്ചത്.അന്ന് തെളിവു നല്കാൻ പോയപ്പോഴാണു അദ്ദേഹത്തിനെ അടുത്തറിയാൻ കഴിഞ്ഞത്.സർവ്വകലാശലാ ജീവനക്കരുടെ ഒരു സംഘടനയെ പ്രതിനിധീകരിച്ച് തെളിവു നല്കുക മാത്രമല്ല മറ്റുള്ളവരെ വിസ്തരിക്കാനുള്ള ചുമതലയും കൂടി എന്നിൽ വന്നു ചേർന്നു.സംഘടന വക്കാലത്ത് കൊടുത്ത അഭിഭാഷകൻ കമ്മീഷൻ സിറ്റിംഗുകളിൽ തുടർച്ചയായി ഹാജരാകാതിരുന്നപ്പോൾ കക്ഷികളെ നേരിട്ടു വിസ്തരിക്കാൻ ജഡ്ജി അനുവദിക്കുകയായിരുന്നു.അഭിഭാഷകനല്ലാത്ത എനിക്ക് അതിനുള്ള ആത്മവിശ്വാസം ലഭിച്ചത് കമ്മീഷൻ നല്കിയ പ്രോത്സാഹനം ഒന്ന് കൊണ്ടു മാത്രമാണു.ഇത്തരം അന്വേഷണ കമ്മീഷനുകളെ വക്കീലന്മാർ അത്ര ഗൗരവമായി എടുക്കാറില്ല എന്ന് അനുഭവിച്ച് അറിഞ്ഞിട്ടുള്ളതു കൊണ്ടു കൂടിയാകാം
ഒരു സാധാരണക്കാരനെ വക്കീൽ പണി ചെയ്യാൻ അദ്ദേഹം അനുവദിച്ചതും പ്രോത്സാഹിപ്പിച്ചതും.

മുമ്പ് കേരള സർ വ്വകലാശാലയിൽ നടന്ന മാർക്ക് തട്ടിപ്പു കേസ് അന്വേഷിച്ച ജസ്റ്റിസ്.എം.പി.മേനോൻ കമ്മീഷനിലും ഞങ്ങൾ കക്ഷി ചേരുകയും സംഘടനയെ പ്രതിനിധീകരിച്ച് ഹാജരാകുകയും ചെയ്തിരുന്നു.എന്നാൽ മറ്റു കക്ഷികളെ വിസ്തരിക്കുന്നതിനോ വാദിക്കുന്നതിനോ അനുവദിച്ചിരുന്നില്ല.
മതിയായ സൗകര്യങ്ങൾ സർക്കാർ ഏർപ്പെടുത്തി കൊടുക്കാതിരുന്നിട്ടും യഥാസമയം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ടു സമർപ്പിച്ചതിൽ നിന്നും അദ്ദേഹത്തിന്റെ ചുമതലാബോധം
വ്യക്തമാണു.നിയമത്തിന്റെ മുമ്പിൽ എല്ലാവരും സമന്മാരാണെന്ന് പേർത്തും വെളിവാക്കുന്ന തരത്തിലായിരുന്നു തെളിവെടുപ്പു വേളയിൽ അദ്ദേഹം കൈക്കൊണ്ട ഒരോ നടപടിയും.

സമരകാലത്ത് മുഖ്യമന്ത്രി ആയിരുന്ന കെ. കരുണാകരൻ തെളിവെടുപ്പിനു ഹാജരാകാതെ പലപ്പോഴും ഒഴിഞ്ഞു മാറി.അദ്ദേഹത്തിന്റെ അഭിഭാഷകനോട് ചോദിക്കുമ്പോഴെല്ലാം 'ലീഡർക്ക് സമയമി'ല്ലെന്ന സ്ഥിരം പല്ലവിയാണു കമ്മീഷനു കിട്ടിക്കൊണ്ടിരുന്നത്.ഭരണം പോയി വലിയ രാഷ്ട്രീയ കോലാഹലങ്ങളൊന്നും ഇല്ലാതിരുന്നിട്ടും ആവർത്തിച്ച് കൊണ്ടിരുന്ന 'സമയമില്ലായ്മ' എന്ന നുണക്കഥ കമ്മീഷനും വിശ്വസിച്ചു എന്നു ഞങ്ങൾ കരുതി.പക്ഷേ കരുണാകരന്റെ വക്കീലിനെയും ബാക്കിയുള്ളവരെയും ഞെട്ടിച്ചു കൊണ്ട് ഒരു ദിവസം കമ്മീഷൻ അടുത്ത സിറ്റിംഗ് തീയതി അറിയിച്ചിട്ടു പറഞ്ഞു:“നിങ്ങളുടെ കക്ഷി അന്നു ഹാജരാകണം.അല്ലാത്ത പക്ഷം സമൻസും വാറണ്ടും ഒക്കെ അയച്ച് കമ്മീഷനു അദ്ദേഹത്തെ വരുത്തേണ്ടി വരും”.കമ്മീഷൻ നിശ്ചയിച്ച തീയതിയിൽ തന്നെ മുൻ മുഖ്യൻ ഹാജരായി.

ജീവനക്കാർ പണിമുടക്കിലായിരുന്നപ്പോൾ എല്ലാ ക്രമക്കേടുകൾക്കും നേതൃത്വം കൊടുത്ത അന്നത്തെ പ്രോ വൈസ് ചാൻസലർ എന്റെ ചോദ്യങ്ങൾക്ക് മറുപടി പറയാൻ വിസമ്മതിച്ചപ്പോഴെല്ലാം അദ്ദേഹത്തെ കമ്മീഷൻ ശക്തമായി താക്കീതു ചെയ്തതും ഓർക്കുന്നു.

തെളിവെടുപ്പു വേളകളിൽ പലപ്പോഴും നർമ്മം വിതറാനും അദ്ദേഹത്തിനു കഴിഞ്ഞിരുന്നു.മുൻ വൈസ് ചാൻസലർ പി.എസ്.ഹബീബ് മുഹമ്മദിനെ വിസ്തരിച്ചു കൊണ്ടിരുന്ന ഒരു പ്രമുഖ അഭിഭാഷകൻ ഇടയ്ക്ക് അല്പം വെള്ളം കുടിച്ചു.ഉടനെ വന്നു കമ്മീഷന്റെ കമന്റ്:“സാധരണ വക്കീലന്മാരാണു സാക്ഷികളെ വെള്ളം കുടിപ്പിക്കുന്നത്.ഇവിടിപ്പോൾ വക്കീലാണല്ലോ വെള്ളം കുടിക്കുന്നത്?”
ഏറെ നാളത്തെ തെളിവെടുപ്പിനും അന്വേഷണത്തിനും വാദങ്ങൾക്കും ശേഷം വളരെ വിശദമായ റിപ്പോർട്ട് നല്കിയെങ്കിലും അദ്ദേഹം ചൂണ്ടിക്കാണിച്ച കുറ്റവാളികൾക്കെതിരെ നടപടി സ്വീകരിക്കുന്നതിനോ നിർദ്ദേശിച്ച ശുപാർശകൾ നടപ്പാക്കുന്നതിനോ അന്നത്തെ നായനാർ സർക്കാർ താല്പര്യം കാണിച്ചില്ല.എല്ലാ ജുഡീഷ്യൽ അന്വേഷണ കമ്മീഷനുകൾക്കും എന്നതു പോലെ നരേന്ദ്രൻ കമ്മീഷനും റഫറൻസ് ഷെല്ഫിൽ വിശ്രമിക്കാനാണു യോഗം.എന്നാൽ, സർക്കാർ ഉദ്യോഗങ്ങളിൽ പിന്നോക്ക പ്രാതിനിധ്യം നിർണ്ണയിക്കാൻ അദ്ദേഹം ചെയർമാനായി നിയമിക്കപ്പെട്ട കമ്മീഷനു ആ ഗതി വന്നില്ല.

നിഷ്പക്ഷനും നീതിമാനും മനുഷ്യ സ്നേഹിയുമായ ആ അതുല്യ ന്യായാധിപന്റെ സ്മരണയ്ക്കു മുമ്പിൽ ആദരാഞ്ജലികൾ










Fans on the page

Thursday, April 14, 2011

ന്യുമോണിയ ബാധിക്കുന്ന ദൈവങ്ങള്‍!



മനുഷ്യനും മറ്റു ജന്തുക്കള്‍ക്കും രോഗം ബാധിക്കാറുണ്ട്.മരിക്കാറുമുണ്ട്.പക്ഷേ ദൈവത്തിനും പനി പിടിക്കുമെന്നും മഞ്ഞപ്പിത്തം ബാധിക്കുമെന്നും ഒക്കെ കേള്‍ക്കുന്നത് ആദ്യമായാണ്.പ്രധാന മന്ത്രിമാരും ജഡ്ജിമാരും വലിയ ശാസ്ത്രജ്ഞരും എല്ലാം ആരാധിച്ചു വന്ന പുട്ടപര്‍ത്തിയിലെ ദൈവം ന്യുമോണിയ ബാധിച്ച്
ആശുപത്രിയില്‍ ആണ്.ജനകോടികളെ രോഗത്തില്‍ നിന്നും അപകടങ്ങളില്‍ നിന്നും രക്ഷിച്ചിട്ടുണ്ടെന്നു അനുയായികള്‍ വിശ്വാസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന ദൈവമാണ് ആശുപത്രിയിലെ തീവ്രപരിചരണ
വിഭാഗത്തില്‍ ചികത്സയില്‍ കഴിയുന്നത്.

ഈ ദൈവത്തിന്റെ ആരോഗ്യത്തിനു വേണ്ടി അദ്ദേഹത്തിന്റെ ഭക്തന്മാര്‍ അമ്പലങ്ങള്‍ തോറും പൂജയും പ്രാര്‍ത്ഥനയും മറ്റും നടത്തുന്നതായാണ് ഇപ്പോള്‍ പുറത്തു വന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ വ്യക്തമാക്കു ന്നത്.ബാലകൃഷ്ണന്‍ ഏറാടിയെ പോലുള്ള ജഡ്ജിമാരും ആര്‍.കെ കരിഞ്ചിയയെ പോലുള്ള പത്രാധിപ പുലികളും ഇന്ത്യന്‍ പ്രധാനമന്ത്രിമാരും പ്രസിഡന്റുമാരും ദൈവമാക്കി കൊണ്ടു നടന്നിരുന്ന ആളാണ് ശയ്യാവലംബിയായി മരണത്തോടു മല്ലടിക്കുന്നത്.ഒരു മനുഷ്യന്‍ രോഗബാധിതനാകുമ്പോള്‍ അയാളോട് കാരുണ്യമാണ് മറ്റുള്ളവര്‍ക്കു തോന്നുക.പക്ഷേ സായിബാബയ്ക്കു ന്യൂമോണിയ ബാധിച്ചെന്നു കേട്ടപ്പോള്‍ തമാശയാണു തോന്നുന്നത്.വലിയ ഒരു ജനസമൂഹത്തെ പതിറ്റാണ്ടുകള്‍ കബളിപ്പിച്ചു വിലസിയ മഹാന്‍
ദൈവമല്ലെന്നു ഭക്തര്‍ക്കു കൂടി ബോദ്ധ്യമാകുവാന്‍ അദ്ദേഹത്തിന്റെ രോഗാവസ്ഥയ്ക്കു കഴിയുമെങ്കില്‍ നന്നായിരുന്നു.പക്ഷേ ആരെയെങ്കിലും ആരാധിച്ചില്ലെങ്കില്‍ ഉറക്കം വരാത്ത ഇന്ത്യയിലെ അന്ധ വിശ്വാസി സമൂഹം ഇതും "ഭഗവാന്റെ ലീല"യായി കാണാനാണു സാദ്ധ്യത.

സന്തോഷ് മാധവനും തോക്കു സ്വാമിയും കൊട്ടിയത്തമ്മയും എല്ലാം ഇതുപോലെ വന്‍ ദൈവങ്ങളായി പൂത്തുലയേണ്ടതായിരുന്നു.എന്തു ചെയ്യാം സര്‍ക്കാരും ചില അവിശ്വാസികളും ചേര്‍ന്ന് ആ പൂജാ വിഗ്രഹങ്ങളെ തല്ലിത്തകര്ത്തു കളഞ്ഞു!ജീവിത ദുരിതങ്ങളില്‍ നിന്ന് ആശ്വാസം കിട്ടാന്‍ ഏതു കച്ചിത്തുരുമ്പി
നെയും ദൈവമായി ആരാധിക്കാന്‍ തുനിയുന്ന പാവങ്ങളെക്കാള്‍ ഇത്തരം കള്ളനാണയങ്ങളെ കനക വിഗ്രഹങ്ങളാക്കുന്ന മാദ്ധ്യമങ്ങളും കപട വേഷം കെട്ടാന്‍ മടിയില്ലാത്ത ഉരുപ്പടികളുമാണ് ആള്‍ ദൈവ സങ്കേതമായി ഇന്ത്യയെ മാറ്റിയത്.

സായിബാബ ദൈവമാണെന്നു പ്രചരിപ്പിക്കുവാന്‍,'ബ്ലിറ്റ്സ്' പത്രാധിപരായിരുന്ന ആര്‍.കെ.കരിഞ്ചിയ രചിച്ച"God lives in India"എന്ന പുസ്തകം ഇതിന്റെ ഒന്നാം തരം തെളിവാണ്. ഇന്ത്യയിലെ ഈ ദൈവവുമായി പത്രാധിപര്‍ നടത്തിയ അഭിമുഖങ്ങള്‍ നിറഞ്ഞ ഗ്രന്ഥം രണ്ടുപേരുടെയും സ്വഭാവം വെളിപ്പെടുത്തുന്നുണ്ട്.തന്റെ അത്ഭുത സിദ്ധികളെ വെല്ലുവിളിക്കുന്ന പാറ്റ്നാ യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലറും ശാസ്ത്രജ്ഞനുമായ ഡോ.നരസിംഹയ്യയേയും ഡോ. എ.റ്റി.കോവൂരിനെയും മറ്റും ചന്തച്ചട്ടമ്പികള്‍ പോലും പറയാനറയ്ക്കുന്ന വാക്കുകള്‍ കൊണ്ടാണ് ദൈവം ശകാരിക്കുന്നത്.ബാബ വിളമ്പുന്ന അബദ്ധജടിലങ്ങളായ അഭിപ്രായങ്ങള്‍ മഹത്തായ ശാസ്ത്ര തത്ത്വങ്ങളായിട്ടാണ് കരിഞ്ചിയ എഴുന്നള്ളിക്കുന്നത്.

ലോകപ്രശസ്ത മാന്ത്രികന്‍ പി.സി.സര്‍ക്കാര്‍ ജൂനിയര്‍, ഈ ദൈവത്തിനെ കാണാന്‍ പോയ കഥ അദ്ദേഹം തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.അന്തരീക്ഷത്തില്‍ നിന്നു വിഭൂതി എടുത്തു കൊടുത്ത് അനുഗ്രഹിച്ച ദൈവത്തിന് അന്തരീക്ഷത്തില്‍ നിന്നു തന്നെ ലഡു എടുത്തു ദക്ഷിണയായി നല്‍കിയ മാന്ത്രികനെ ദൈവത്തിന്റെ ഗുണ്ടകള്‍ കൈകാര്യം ചെയ്തത്രേ.കഷ്ടിച്ചാണ് അദ്ദേഹം അന്നു രക്ഷപ്പെട്ടത്.

സായിബാബയുടെ മാത്രമല്ല എല്ലാ ആള്‍ദൈവ സങ്കേതങ്ങളും നിയന്ത്രിക്കുന്നത് ഗുണ്ടാ സംഘങ്ങളാണ്.നിയമ വിരുദ്ധ പ്രവര്‍ത്തനത്തെ നിയന്ത്രിക്കേണ്ടവരും ശിക്ഷ വിധിക്കേണ്ടവരും നിയമ നിര്‍മ്മാതാക്കളും ഈ ആള്‍ദൈവങ്ങ ളുടെ ആരാധകരും പ്രചാരകരും ആകുമ്പോള്‍ അവറ്റകള്‍ സര്‍വ്വതന്ത്രസ്വതന്ത്രരായി വളരാതിരിക്കുന്നതെങ്ങനെ? പക്ഷേ കാപട്യത്തിലൂടെയും ചൂഷണത്തിലൂടെയും എത്ര വളര്‍ന്നാലും കാലം എന്ന മഹാപരീക്ഷകന്റെ മുമ്പില്‍
ചെപ്പടി വിദ്യകളുടെ മുഖം മൂടി അഴിച്ചു മാറ്റി സമസ്താപരാധം പറയേണ്ട സമയം വരും.സായി ബാബ ആ അവസ്ഥയില്‍ ആണ് ഇപ്പോള്‍.എന്നിട്ടും പാഠം പഠിക്കില്ലെന്ന വാശിയിലാണ് വിശ്വാസികളും മിക്ക മാദ്ധ്യമങ്ങളും.

ഒന്നുമില്ലെങ്കിലും നിരവധി കാരുണ്യ പ്രവര്‍ത്തനങ്ങളും ചികിത്സാ കേന്ദ്രങ്ങളും വിദ്യാഭ്യാസ സ്ഥാപനനങ്ങളും അദ്ദേഹത്തിന്റെ പേരില്‍ നടത്തപ്പെടുന്നില്ലേ;അതു വഴി ധാരാളം ആളുകള്‍ക്ക് പ്രയോജനം ഉണ്ടാകുന്നില്ലേ?എന്നൊക്കെ സംശയമുദിക്കാം.ഇതെല്ലാം ദാവൂദ് ഇബ്രാഹിമും മണിച്ചനും ഒക്കെ ചെയ്യുന്നുണ്ട്.ബാബയില്‍ വിശ്വസിക്കുന്നതു മൂലം ഒരുപാടു പേര്‍ക്ക് മനശ്ശാന്തി കിട്ടുന്നെങ്കില്‍ നല്ലതല്ലേ എന്ന ചോദ്യവും ഉയരാം.മയക്കു മരുന്നും മദ്യവും ഉപയോഗിക്കുന്നവരും അവകാശപ്പെടുന്നതും ഇതു തന്നെയാണ്.മയക്കു മരുന്നിനേക്കാള്‍ വലിയ സാമൂഹിക വിപത്താണ് ആള്‍ദൈവങ്ങള്‍ എന്നു തിരിച്ചറിയാന്‍ ഈ ന്യൂമോണിയാ ബാധ ഉപകരിക്കുമെങ്കില്‍ അത്രയും നന്ന്.



Fans on the page

Wednesday, October 20, 2010

ആചാരങ്ങളും ആചാരവെടിയും



യഥാര്‍ത്ഥ കമ്യൂണിസ്റ്റുകാരനും കറ പുരളാത്ത പൊതു ജീവിതത്തിന്റെ ഉടമയുമായിരുന്ന കെ.വി.സുരേന്ദ്രനാഥി(ആശാന്‍)ന്റെ ശവസംസ്കാരത്തിന് ആചാര വെടി തുടങ്ങിയ സര്‍ക്കാര്‍ ചടങ്ങുകള്‍ ഉണ്ടായില്ല എന്ന് അദ്ദേഹ
ത്തിന്റെ അനന്തിരവന്റെ ഭാര്യ ശ്രീമതി ശ്രീലതാ പിള്ള അനുസ്മരിക്കുന്നു(വാരാന്ത്യ കൗമുദി)അവര്‍ പറഞ്ഞ
തു പോലെ സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളൊന്നുമില്ലാതെ ആയിരുന്നു അദ്ദേഹത്തിന്റെ അന്ത്യയാത്ര.
ആദര്‍ശ രാഷ്ട്രീയത്തിന്റെ എക്കാലത്തെയും മാതൃക ആയിരുന്ന ആശാന് ഔദ്യോഗിക അന്ത്യോപചാരം ലഭിക്കാ
തെ പോയത് സര്‍ക്കാര്‍ വക ഔദ്യോഗിക സ്ഥാനങ്ങള്‍ ഒന്നും വഹിക്കാതിരുന്നതു കൊണ്ടാകാമെന്നാണ് കരുതി
യതെങ്കിലും നാലു പേരറിയുന്ന സകലര്‍ക്കും പിന്നീട് അത്തരം ചടങ്ങുകള്‍ സര്‍ക്കാര്‍ വഹിക്കുന്നതാണ്കണ്ടത്
എന്ന് അല്പം കുണ്ഠിതത്തോടെ അവര്‍ പറയുന്നു.

ആശാനെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ആരാധിക്കുകയും ചെയ്യുന്ന വലിയൊരു ജനാവലി അദ്ദേഹ
ത്തിന്റെ അന്ത്യയാത്രയ്ക്കു സാക്ഷിയായപ്പോള്‍ ആചാര വെടിയും ബാന്റു മേളവും തീര്‍ത്തും അപ്രസക്തവും അസംഗതവും ആയി.മാത്രമല്ല സ്ഥാനമാനങ്ങളോട് എന്നും മുഖം തിരിഞ്ഞു നിന്നിട്ടുള്ള അദ്ദേഹത്തിന് ജനങ്ങളു
ടെ ബാഷ്പാഞ്ജലിയേക്കാള്‍ വലിയ അന്ത്യോപചാരം ലഭിക്കാനില്ല.അത് വേണ്ടുവോളം ഉണ്ടാവുകയും ചെ
യ്തു.പക്ഷേ ശ്രീലത ചൂണ്ടിക്കാട്ടിയ ഔദ്യോഗിക ബഹുമതിയുടെ കാര്യം പ്രത്യേകം പരാമര്‍ശം അര്‍ഹിക്കു ന്നു.

മുമ്പൊക്കെ മന്ത്രിമാര്‍ക്കും ഗവര്‍ണ്ണര്‍മാര്‍ക്കും ഔദ്യോഗിക വമ്പന്മാര്‍ക്കും വീര ജവാന്മാര്‍ക്കും മറ്റും മാത്രം കിട്ടുന്ന അപൂര്‍വ്വ ബഹുമതിയായിരുന്നു ഔദ്യോഗിക ചടങ്ങുകളോടെയുള്ള ശവസംസ്കാരം.അതിന് സര്‍ക്കാര്‍
ചില മുന്‍ഗണനാക്രമവും നിശ്ചയിച്ചിട്ടുണ്ടായിരുന്നു.ഇപ്പോള്‍ അവയെല്ലാം അപ്രത്യക്ഷമായിരിക്കുന്നു.സര്‍ക്കാര്‍
അനുകൂലികള്‍ക്കും മന്ത്രിസില്‍ബന്തികള്‍ക്കും യാതൊരു വകതിരിവും ഇല്ലാതെ ആചാരവെടി ഉള്‍പ്പെടെയുള്ള സംസ്ഥാന ബഹുമതി അന്ത്യ യാത്രാമൊഴിക്കു ലഭിക്കുക പതിവായിരിക്കുന്നു.സിനിമയുടെ ഏഴയലത്തു കൂടെ പോയ ആര്‍ക്കും(തിലകനും വിനയനും ഒഴികെ) കക്ഷിരാഷ്ട്രീയം കണക്കാക്കാതെ ഇക്കാര്യത്തില്‍ പരിഗണന ലഭിക്കും എന്നത് എടുത്തു പറയേണ്ടതാണ്.

ആശാനെപ്പൊലുള്ള ഒരു നിസ്വാര്‍ത്ഥ ജനസേവകന് ഇത്തരം ആചാരവെടികളുടെ അകമ്പടിയില്ലാതെ മണ്ണടിയാന്‍ കഴിഞ്ഞത് അദ്ദേഹത്തിന്റെ മനസ്സിന്റെ നേരു കൊണ്ടാണ്.ഏത് ഏഴാം കൂലിക്കും കിട്ടുന്ന'സംസ്ഥാന ബഹുമതി'ആശാനു ലഭിക്കാഞ്ഞതോര്‍ത്ത് അദ്ദേഹത്തിന്റെ അനുയായികളും ശ്രീലതയും അഭിമാനിക്കുകയാണു വേണ്ടത്.

മൂലധന മൂല്യങ്ങളില്‍ ഭ്രമിക്കുന്നവര്‍ക്ക് ആചാരങ്ങളും ചടങ്ങുകളും ഒഴിച്ചുകൂടാനാകാത്ത സംഗതികളായിത്തീരു
ക സ്വാഭാവികമാണ്.അധികാരത്തിന്റെ ആചാരവെടികളും ആര്‍ഭാടത്തിന്റെ താലപ്പൊലികളും ഇവരെ പുള
കം കൊള്ളിക്കുന്നുണ്ടാകും.മുന്‍പേ നടന്ന ത്യാഗധനരായ നേതാക്കളെയും പ്രത്യയശാസ്ത്ര വിലക്കുകളെയും വിസ്മരിച്ചുകൊണ്ട് മുതലാളിത്ത ധൂര്‍ത്തില്‍ അഭിരമിക്കാനാണ് ഇക്കൂട്ടര്‍ക്ക് താല്പര്യം.പാര്‍ട്ടി നേതാവിന്റെ
യും ആഭ്യന്തര മന്ത്രിയുടെയും മക്കളുടെ ആര്‍ഭാട പൂര്‍ണ്ണമായ വിവാഹങ്ങള്‍ അതിന് ഒന്നാന്തരം ദൃഷ്ടാന്തങ്ങ
ളാണ്. കണ്ടകടച്ചാണികളുടെ ശവദാഹത്തിന് ആചാര വെടി വയ്ക്കാനുള്ള ഔത്സുക്യവും ഈ മനോഭാവത്തി
ന്റെ മറ്റൊരു വകഭേദമാണ്.

കല്യാണമായാലും മരണമായാലും ആര്‍ഭാടപൂര്‍ണ്ണമാക്കുവാനാണ് മിക്കവര്‍ക്കും താല്പര്യം.സമൂഹത്തിനു മാതൃ
കയാകേണ്ടവര്‍ തന്നെ അനാചാരങ്ങളുടെയും ആഡംബരത്തിന്റെയും പ്രകടനപരതയുടെയും പിറകെ പോകുന്ന
കാഴ്ചയാണ് ഇന്ന് കേരളത്തിലെവിടെയും കാണുന്നത്.നിര്‍മ്മാര്‍ജ്ജനം ചെയ്യപ്പെട്ടെന്നു കരുതിയിരുന്ന മാരക രോ
ഗങ്ങള്‍ പതിന്മടങ്ങു ശക്തിയോടെ തിരിച്ചു വരു‍ന്നതു പോലെ മണ്മറഞ്ഞെന്നു വിശ്വസിച്ചിരുന്ന ദുരാചാരങ്ങള്‍ ഒന്നൊന്നായി വീണ്ടും തലപൊക്കി കൊണ്ടിരിക്കുന്നു.തിരണ്ടു കുളിയും പുലകുളിയും പുളികുടിയും വരെ
തിരിച്ചു വന്നുകൊണ്ടിരിക്കുന്നു.

തന്റെ മാതാവു മരിച്ചു കിടന്നപ്പോള്‍ പതിവു കര്‍മ്മങ്ങള്‍ ചെയ്യാന്‍ വിസമ്മതിക്കുകയും മൃതശരീരത്തിലേക്ക് ഒരുപിടി പൂവു മാത്രം ഇട്ട് വന്ദിച്ച് അനാചാര ലംഘനം നടത്തുകയും ചെയ്ത ആളാണ് മന്നത്തു പത്മനാഭന്‍.
സഞ്ചയനം, പതിനാറടിയന്തിരം തുടങ്ങിയ ചടങ്ങുകളെയും ധീരമായി എതിര്‍ത്ത അദ്ദേഹം സ്ഥാപിച്ച എന്‍.
എസ്.എസ്, ഇപ്പോള്‍ നായര്‍ സമുദായാംഗങ്ങളുടെ മരണാനന്തര ചടങ്ങുകള്‍ കൊഴുപ്പിക്കാന്‍ പ്രത്യേക ആചാ
ര ഗ്രന്ഥങ്ങള്‍ പോലും പുറത്തിറക്കിയിരിക്കുന്നു.

ശവം ദഹിപ്പിക്കുന്നതോ കുഴിച്ചിടുന്നതോ നല്ലതെന്ന് ഒരു ഭക്തന്‍ ചോദിച്ചപ്പോള്‍,"ചക്കിലിട്ടാട്ടി വളമായി കൃഷി
ക്കുപയോഗിക്കുകയാണു നല്ലത്"എന്നു പറഞ്ഞ ശ്രീനാരായണ ഗുരുവിന്റെ അനുയായികള്‍ സ്വന്തക്കാരുടെ അന്ത്യ
കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നത് പാട്ടു പാടിയാണ്.മറ്റ് അനാചാരങ്ങളും ആര്‍ഭാടങ്ങളും വേറേ.

തികഞ്ഞ ഈശ്വര വിശ്വാസിയും ഭാരതീയ തത്ത്വചിന്തയില്‍ നിഷ്ണാതനും ആയിരുന്ന മഹാകവി കുമാരനാശാന്‍ പോലും,
"ഓരോന്നിങ്ങനെയൂഹമോ നിഗമമോ ലാക്കാക്കിയോതാം ചിലര്‍-
ക്കാരോതുന്നിതു തത്ത്വം;എങ്ങനെയൊരാള്‍ കാണുന്നിതങ്ങേപ്പുറം;
നേരോ പ്രേത കഥാപ്രസക്തി പൊളിയോ മസ്തിഷ്ക്ക വൈകല്യമോ
വേരോടങ്ങു കരിഞ്ഞു പോയ തരുവിന്‍ ഛായയ്ക്കു നില്‍ക്കാവതോ?"

എന്നു സന്ദേഹിക്കുമ്പോഴാണ് പുരോഗമനവാദികളെന്നു നടിക്കുന്നവര്‍ മരണാനന്തര ചടങ്ങുകള്‍ അനാചാര സമ്പന്നമാക്കാന്‍ നോക്കുന്നത്.എന്തൊരു പുരോഗമനം!!


Fans on the page

Sunday, September 5, 2010

തലവെട്ടു സഭ



മതഭ്രാന്തന്മാര്‍ കൈപ്പത്തി വെട്ടി മാറ്റിയ ന്യൂമാന്‍ കോളേജ് പ്രൊഫസ്സര്‍ റ്റി.ജെ.ജോസഫിന്റെ ഔദ്യോ
ഗിക ജീവിതത്തിന്റെ തല കോളേജ് മാനേജ്മെന്റ് വെട്ടി മാറ്റി. വൈദിക പ്രമാണികള്‍ കൂടി ഉള്‍പ്പെടുന്ന മാനേജ്മെന്റിന്റെ കാരണംകാണിക്കല്‍ നോട്ടീസിനു വിശദീകരണം നല്‍കിയിട്ടും സസ്പന്‍ഷന്‍ നടപടി
കള്‍ സര്‍വ്വകലാശാല പിന്‍വലിച്ചിട്ടും കോളേജ് അധികൃതര്‍ക്കു മനസ്സലിഞ്ഞില്ല.പ്രൊ. ജോസഫ് അധി
കൃതര്‍ക്കു കൊടുത്ത വിശദീകരണം,അദ്ദേഹം ആക്രമിക്കപ്പെട്ട ശേഷം പല മാദ്ധ്യമങ്ങളുംപ്രസിദ്ധപ്പെ
ടുത്തുകയുണ്ടായി.അതില്‍ അദ്ദേഹം തന്റെ നിരപരാധിത്വം മനസ്സലിവുള്ളവര്‍ക്കു മനസ്സിലാകത്തക്ക
വണ്ണം വ്യക്തമാക്കിയിട്ടുണ്ടായിരുന്നു.അതെല്ലാം തള്ളിക്കളഞ്ഞുകൊണടാണ് അദ്ദേഹത്തെ ഇപ്പോള്‍ പിരിച്ചു വിട്ടിരിക്കുന്നത്.

ക്ലാസ് പരീക്ഷയുടെ ഒരു ചോദ്യപേപ്പറിലെ പേരിനെ ചൂണ്ടിക്കാട്ടി 'മതനിന്ദ' നടത്തി എന്ന് മുറവിളി
കൂട്ടി അദ്ധ്യാപകന്റെ കൈ വെട്ടിച്ചതിന്റെ ഉത്തരവാദിത്തത്തില്‍ ഏറിയ പങ്കും ഇവിടുത്തെ മാദ്ധ്യമ
ങ്ങള്‍ക്കാണ്.പ്രതിപക്ഷ കക്ഷികള്‍ക്കും അവരുടെ വിദ്യാര്‍ത്ഥി സംഘടനകള്‍ക്കും ചില മത നേതാ
ക്കള്‍ക്കും ഈ രക്തത്തില്‍ ഉള്ള പങ്കും ചെറുതല്ല.പട്ടിയെ പേപ്പട്ടി ആണെന്ന് ആരോപിച്ചു ആക്രമിക്കു
കയായിരുന്നു മാദ്ധ്യമങ്ങളും മറ്റും.വാസ്തവം തിരക്കാതെ ചാനലുകളും രാഷ്ട്രീയ കക്ഷികളും ഊതി പ്പെരു
പ്പിച്ച 'മതനിന്ദ' ആരോപണത്തിന്റെ മറവിലാണ് മതഭ്രാന്ത് തലയ്ക്കു പിടിച്ച പോപ്പുലര്‍ ഹണ്ട് അദ്ധ്യാപക
ന്റെ കൈ വെട്ടി മാറ്റിയത്.ഇദ്ദേഹത്തിന്റെ,വിപ്ലവം പ്രസംഗിക്കുന്ന അദ്ധ്യാപക സംഘടനയും 'കുണ്ടറ
ചോംസ്കി' എന്നു അനുയായികളെക്കൊണ്ടു വിളിപ്പിച്ചു ഞെളിയുന്ന വിദ്യാഭ്യാസ മന്ത്രി യും കമ്യൂണിസ്റ്റ് ഭൂത
ത്തെ ഉച്ചാടനം ചെയ്യാന്‍ നാഴികയ്ക്കു നാല്പതു വട്ടം ഇടയലേഖനമിറക്കുന്ന സ്വന്തം സഭയും കുറ്റപ്പെടുത്തു
കയും കൈയ്യൊഴിയുകയും കൂടി ചെയ്തപ്പോള്‍ പോപ്പുലര്‍ഫ്രണ്ട് കാപാലികര്‍ക്ക് പ്രൊഫസറെ ആക്രമി
ക്കാന്‍ ആവേശവും സൗകര്യവും ഏറി.വധിക്കാന്‍ പറ്റിയില്ലെങ്കിലും അദ്ധ്യാപകന്റെ അംഗവിച്ഛേദന ദൗ
ത്യം എളുപ്പത്തില്‍ നടപ്പാക്കാന്‍ അവര്‍ക്കായതും അതുകൊണ്ടു തന്നെ.

ആദ്യം മുതല്‍ തന്നെ അദ്ധ്യാപകനെ അപരാധി ആയി ചിത്രീകരിക്കുവാന്‍ അദ്ദേഹത്തിന്റെ സ്വന്തം സഭ
കാട്ടിയ വ്യഗ്രത ദുരുദ്ദേശപരമാണ്.മാര്‍ക്സിസ്റ്റ് അനുഭാവ അദ്ധ്യാപക സംഘടനയില്‍ അംഗമായതു കൊ
ണ്ടാണ് അദ്ദേഹത്തെ കുറ്റവാളി ആയി ചിത്രീകരിക്കുവാന്‍ സഭയ്ക്കും അവരുടെ പത്രത്തിനും ആവേശം കൂ
ടിയത്.അതേ കാരണത്താല്‍ തന്നെയാണ് പ്രതിപക്ഷ കക്ഷികളും അദ്ദേഹത്തിനെതിരെ തിരിഞ്ഞത്.
കൈ വെട്ടി മാറ്റപ്പെട്ടതോടെ തങ്ങളുടെ നിലപാട് അല്പം കടന്നു പോയെന്ന് അവര്‍ക്കൊക്കെ വീണ്ടുവി
ചാരം ഉണ്ടായി.കൈ വെട്ടിമാറ്റിയ പോപ്പുലര്‍ ഗുണ്ടകളും അവരുടെ നേതാക്കളും ഒഴികെയുള്ള മുസ്ലീം ജ
നവിഭാഗത്തിനു പോലും അതിക്രമം അതിരു കടന്നതാണെന്ന വിചാരമാണുള്ളത്.പക്ഷേ ന്യൂമാന്‍ കോ
ളേജ് മാനേജ്മെന്റിനെ നിയന്ത്രിക്കുന്ന ക്രൈസ്തവ സഭയ്ക്കു മാത്രം പീഡിതനോട് യാതൊരു അലിവും ഇല്ല.

ചുങ്കക്കാരോടും പാപികളോടും പൊറുത്ത മനുഷ്യപുത്രന്റെ പേരില്‍ ആണയിടുന്ന സഭ എന്തുകൊണ്ടാണ്
ഈ 'പാപി'യോട് പൊറുക്കാത്തത്?മനുഷ്യകുലത്തിന്റെ മുഴുവന്‍ പാപമോചനത്തിനായിട്ടാണ് കര്‍ത്താ
വ് കുരിശുമരണം വരിച്ചതെന്നാണ് ഇവര്‍ കുഞ്ഞാടുകളോടും മറ്റുള്ളവരോടും ഉദ്ഘോഷിക്കുന്നത്.മനുഷ്യ
കുലത്തില്‍ പ്രൊഫ.ജോസഫ് ഉള്‍പ്പെടില്ലേ?അല്ലെങ്കില്‍തന്നെ, എന്താണ് ഇദ്ദേഹം ചെയ്ത മഹാപാ
പം?പി.റ്റി.കുഞ്ഞു മുഹമ്മദിന്റെ പുസ്തകത്തിലെ ഏതാനും വരികള്‍ ചോദ്യപേപ്പറില്‍ ഉള്‍പ്പെടുത്തിയ
പ്പോള്‍ അദ്ദേഹം അനാമികനായി അവതരിപ്പിച്ച ഭ്രാന്തന് മുഹമ്മദ് എന്നു പേരു നല്‍കിയതോ?പ്രവാച
കന്റെ പേരുള്ളവര്‍ എല്ലാം സല്‍സ്വഭാവികള്‍ ആകണമെന്ന് ഏതെങ്കിലും കിത്താബില്‍ പറഞ്ഞിട്ടു
ണ്ടോ?പിടിച്ചുപറിയ്ക്കും മോഷണത്തിനും കൊലപാതകത്തിനും ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുകയൊ
വധശിക്ഷ ലഭിക്കുകയോ ചെയ്തിട്ടുള്ള മുഹമ്മദുമാര്‍ നിരവധിയുണ്ട്.അവരുടെ അച്ഛന്മാര് എത്ര വലിയ അപരാധമാണ് ആ പേരിടുക വഴി ചെയ്തിട്ടുള്ളത്?അവരുടെയെല്ലാം കൈയ്യും കാലും പോപ്പുലര്‍ ഹണ്ട
ര്‍മാര്‍ വെട്ടിയെടുക്കുമോ?സ്ഥലത്തെ എല്ലാ ഗര്‍ഭങ്ങളുടെയും ഉത്തരവാദി താനാണെന്ന് അവകാശപ്പെ
ടുന്ന എട്ടുകാലി മമ്മൂഞ്ഞ്(മുഹമ്മദ് കുഞ്ഞ് എന്ന് സംസ്കൃതം)എന്ന കഥാപാത്രത്തിനെ സൃഷ്ടിച്ച സാക്ഷാല്‍ വൈക്കം മുഹമ്മദിന്റെ ഏതെല്ലാം അവയവങ്ങള്‍ ഇവര്‍ വെട്ടിയെടുക്കണമായിരുന്നു?അങ്ങ
നെ ചെയ്തിരുന്നെങ്കില്‍ അതിനെയും വൈദിക പ്രമാണിമാര്‍ അനുകൂലിക്കുമോ?

ഇത്ര വലിയ അപരാധം ചെയ്ത പ്രൊഫസ്സറുടെ ജോസഫ് എന്ന പേര്‍, കര്‍ത്താവിന്റെ അപ്പന്റേതാണ്.
മാപ്പര്‍ഹിക്കാത്ത മഹാപാപം ചെയ്ത ഇദ്ദേഹത്തിന് ഈ പേരിട്ടത് സ്വന്തം പിതാവോ സഭയിലെ ഏതെ
ങ്കിലും വൈദികനോ ആകണം.ഇതേ യുക്തി അനുസരിച്ച് നോക്കിയാല്‍,ഇങ്ങനെ ഒരു പേരിട്ടത് ആരാ
യാലും അയാള്‍ മതനിന്ദകനാണ്.പോപ്പുലര്‍ ഗുണ്ടകളെ വാടകയ്ക്കെടുത്ത് അയാളുടെ കയ്യും കാലും സഭാ നേതൃത്വം മുറിപ്പിയ്ക്കുമോ?അയാളെയും സഭ പാപിയായി പ്രഖ്യാപിച്ച് നടപടി ഏടുക്കുമോ?ജീവിച്ചിരിപ്പി
ല്ലാത്തതിനാല്‍ ശിക്ഷ ദൈവസന്നിധിയിലേക്ക് ഫോര്‍വേഡ് ചെയ്യുമോ?

മതഭ്രാന്തു മൂലം സ്വബോധം നശിച്ചിട്ടില്ലാത്ത സകലരും അദ്ധ്യാപകന്നു നേരേ നടന്ന പൈശാചികാക്ര
മണത്തെ അപലപിച്ചിട്ടുള്ളതാണ്.പക്ഷേ നിരായുധനും നിസ്സഹായനുമായ ഒരുവനെ സംഘടിതവും ആസൂത്രിതവുമായ ഗൂഢാലോചനയിലൂടെ വധിക്കാന്‍ ശ്രമിച്ചവരെ ഒന്നൊന്നായി പോലീസ് വലയിലാ
ക്കി കൊണ്ടിരിക്കുമ്പോള്‍ അക്രമികളെ ന്യായീകരിക്കുകയാണ് സഭാ നേതൃത്വം.

കൈ വെട്ടിയതിനേക്കാള്‍ സഭയുടെ നടപടി തന്നെ വേദനിപ്പിച്ചുവെന്നാണ് പ്രൊ.ജോസഫ് പ്രതികരി
ച്ചത്.കടുത്ത വിശ്വാസിയാണെന്ന് അദ്ദേഹത്തിന്റെ പ്രതികരണത്തില്‍ നിന്നു വ്യക്തമാണ്.എന്നിട്ടും സ
ഭ അദ്ദേഹത്തെ പിന്നില്‍ നിന്നും കുത്തുന്നത് എന്തുകൊണ്ടാണ്?അദ്ദേഹം ഇടതുപക്ഷത്തോടു ചായ് വു
ള്ളവനായതു കൊണ്ടു മാത്രമാണെന്നു വിശ്വസിക്കുക പ്രയാസം.പോപ്പുലര്‍ ഫ്രണ്ടില്‍ നിന്നോ അവരെ നിയന്ത്രിക്കുന്ന അന്താരാഷ്ട്ര ഭീകരന്മാരില്‍ നിന്നോ ഉള്ള ഭീഷണിയെ ഭയന്നാണോ ഈ ഒറ്റു കൊടുക്കല്‍
എന്നു സംശയിക്കണം.വഴി തെറ്റിയ കുഞ്ഞാടിനെ വകവരുത്താന്‍ പോപ്പുലര്‍ ഗുണ്ടകളെ ഇടപാടു ചെ
യ്തത് സഭാനേതൃത്വമാണോ എന്നും സംശയിക്കാം.

ജോസഫിന് കോടതിയെ സമീപിക്കാം എന്നാണ് സഭാ നേതൃത്വം ഔദാര്യപൂര്‍വ്വം പറയുന്നത്.കേസ്സു കൊടുക്കുന്നതിന് സഭയുടെ അനുവാദം ആവശ്യമില്ല.ചികിത്സയ്ക്കു വേണ്ടി ഭീമമായ തുക ചെലവഴിച്ച തനി
ക്ക് അതിനു പാങ്ങില്ല എന്ന് പ്രൊഫ.ജോസഫ് വ്യക്തമാക്കിയിട്ടുണ്ട്.ശരീരവും മനസ്സും സമ്പത്തും നഷ്ട
പ്പെട്ട ഒരുവനു നേരെ ക്രൂരമായ പരിഹാസമാണ് സഭ തൊടുത്തു വിട്ടിരിക്കുന്നത്.സഭയും മാനേജ്മെന്റും കാണിക്കുന്ന ധാര്‍ഷ്ട്യവും ഗുണ്ടായിസവും അനുവദിച്ചു കൊടുക്കുന്നത് വിദ്യാഭ്യാസ മന്ത്രിയ്ക്ക് നട്ടെല്ലും സര്‍വ്വകലാശാലാ നിയമങ്ങളെ കുറിച്ചു ബോധവും ഇല്ലാത്തതുകൊണ്ടാണ്. മഹാത്മാഗാന്ധി യൂണിവേഴ്സി
റ്റിയുമായി അഫീലിയേറ്റ് ചെയ്തിട്ടുള്ള ഒന്നാണ് ന്യൂമാന്‍ കോളേജ് .സര്‍വ്വകലാശാലയുടെ അനുമതിയി
ല്ലാതെ ഒരു അഫീലിയേറ്റഡ് കോളജിലെ അദ്ധ്യാപകനെ പിരിച്ചു വിടാന്‍ മാനേജ്മെന്റിന് അധികാരമില്ല.
ഇതൊന്നും അറിയാത്തവര്‍ വിദ്യാഭ്യാസ വകുപ്പു ഭരിക്കുമ്പോള്‍ മാനേജ്മെന്റ് ഇത്തരം നിയമ വിരുദ്ധ നട
പടികളും ധിക്കാരവും കാട്ടിയില്ലെങ്കിലേ അതിശയിക്കേണ്ടതുള്ളു.

വിദേശപ്പണം പറ്റിക്കൊണ്ട് ഗുണ്ടാപ്പണി ചെയ്യുന്ന ഏതാനും സാമൂഹിക വിരുദ്ധരുടെ കൊലക്കത്തി കണ്ടപ്പോള്‍ അറിയാതെ ളോഹ നഞ്ഞു പോയ വൈദിക പ്രമാണിമാരെ എന്തു വിശ്വസിച്ചാണ് സഭാംഗ
ങള്‍ പിന്തുടരുക?കുഞ്ഞാടുകളെ കശാപ്പു ചെയ്യാന്‍ കൂട്ടു നില്‍ക്കുന്ന ഇടയന്മാരെ എങ്ങനെയാണു നമ്പു
ക?നീചവും പൈശാചികവുമായ നര നായാട്ടിന് ഹാലേലുയ്യ പാടുന്ന വൈദിക പ്രമാണിമാര്‍ അക്രമം ചെയ്ത കാപാലികരേക്കാള്‍ ഹീനമനസ്കരാണ്."സര്‍പ്പ സന്തതികളേ"എന്ന സംബോധന ഏറ്റവും ചേരു
ന്നത് ഇവര്‍ക്കു തന്നെ.പീഡനമേറ്റ് നിലവിളിക്കുന്നവന് ആശ്വാസവും ആലംബവും നല്‍കേണ്ട സമയ
ത്ത് അവനെ പിന്നില്‍ നിന്നു കുത്തുന്ന "വെള്ള തേച്ച ശവക്കല്ലറകളേ"നിങ്ങളെക്കാള്‍ യൂദാസ് എത്ര
യോ ഭേദം!

ബൈബിള്‍ കക്ഷത്തു വച്ചുകൊണ്ട് പകയുടെ ഗിരിപ്രഭാഷണം നടത്തരുത്.ആ വിശുദ്ധ ഗ്രന്ഥം വല്ലപ്പോഴും ഒന്നു മറിച്ചു നോക്കിയിരുന്നെങ്കില്‍ താഴെപ്പറയുന്ന ക്രിസ്തു വചനം കാണുമായിരുന്നു:
"യാഗത്തിലല്ല, കരുണയില്‍ അത്രേ ഞാന്‍ പ്രസാദിക്കുന്നു എന്നുള്ളത് എന്തു എന്നു നിങ്ങള്‍ അറിഞ്ഞിരുന്നു എങ്കില്‍ കുറ്റമില്ലാത്തവരെ കുറ്റം വിധിക്കയില്ലായിരുന്നു."(മത്തായി 12)



Fans on the page

Wednesday, September 1, 2010

ചാനല്‍ ഓണം



ഓണം എന്നു കേള്‍ക്കുമ്പോള്‍ പൂക്കളവും പൂവിളിയും ഓണസദ്യയും ഊഞ്ഞാലാട്ടവും പാട്ടും കളിയും ഒക്കെയാണ് സാധാരണക്കാരുടെ മനസ്സില്‍ പണ്ട് ഓടിയെത്തിയിരുന്നത്.കാലം മാറിയതോടെ ജനങ്ങളുടെ അഭിരുചിയിലും ആഘോഷ വീക്ഷണങ്ങളിലും വ്യതിയാനമുണ്ടായി.ജീവിത സാഹചര്യ
ങ്ങളും പാരിസ്ഥിതിക പരിണാമങ്ങളും ഈ മാറ്റങ്ങള്‍ക്കു കാരണമായിട്ടുണ്ട്.പക്ഷേ എത്ര മാറിയാലും മലയാളി മനസ്സില്‍ പച്ച പിടിച്ചു നില്‍ക്കുന്ന ചില ഓണസങ്കല്പങ്ങളും പ്രതീക്ഷകളുമുണ്ട്.റ്റി.വി
ചാനലുകളുടെ ഓണപ്പരിപാടികള്‍ അവയെ കൂടി മലിനപ്പെടുത്തുന്ന തരത്തിലായിത്തീര്‍ന്നിരിക്കുന്നു.

ചാനലുകള്‍ക്ക് ഓണാഘോഷം എന്നാല്‍ സിനിമയും സിനിമാതാരങ്ങളും മാത്രമാണ്.കുത്തകക്കാരുടെ ചാനലുകളായാലും "ജനതയുടെ ആത്മാവിഷ്കാര" ചാനലായാലും താരമോന്ത കാണിക്കുന്നതാണ് ഓണം
എന്നു ധരിച്ചു വശായിരിക്കുന്നു.ഓണപ്പരിപാടികളുടെ കൂട്ടത്തില്‍ സിനിമാ പ്രദര്‍ശനം നടത്തുന്നത് മനസ്സിലാക്കാം.വീണ്ടും അതേ താരങ്ങളുടെ കൊച്ചു വര്‍ത്തമാനങ്ങളും പരദൂഷണവും മേമ്പൊടിയായി കാണിക്കുന്നതിന്റെ ഔചിത്യം എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല.സിനിമയില്‍ താരങ്ങളുടെ അഭിനയത്തിനൊപ്പം ചിരിച്ചും കരഞ്ഞും കഴിയുന്ന പ്രേക്ഷകരില്‍ നല്ലൊരു വിഭാഗത്തിനും അവരുടെ സ്വകാര്യജീവിതത്തിലെ കഥകളറിയാന്‍ താല്പര്യമില്ലെന്നതാണു നേര്.ഏഷണിയിലും പരദൂഷണത്തി
ലും നിര്‍വൃതി കണ്ടെത്തുന്ന ഒരു ചെറിയ ശതമാനം കണ്ടേക്കാം.അങ്ങനെയുള്ളവര്‍ പോലും,ചാനല്‍ പണ്ഡിതന്മാരുടെ സര്‍വ്വവിജ്ഞാന ജാഡയും കൃത്രിമ വിനയവും താരങ്ങളുടെ മംഗ്ലീഷ് മണിപ്രവാള
വും സഹിക്കാതെ ചാനല്‍ മാറ്റുകയോ റ്റി.വി.ഓഫ് ചെയ്യുകയോ ആണു പതിവ്.

മലയാളത്തിലെ ഒരു വലിയ നടനെ മുമ്പില്‍ കിട്ടിയപ്പോള്‍,അദ്ദേഹത്തിന്റെ ആദ്യവിവാഹം പരാജയപ്പെടാന്‍ എന്താണു കാരണം എന്നു ചോദിച്ചാണ് ഒരു 'വേറിട്ട ചാനല്‍ പുലി' തന്റെ സിനിമാ
പാണ്ഡിത്യം വെളിപ്പെടുത്തിയത്.സിനിമയുടെ ഗാന ശാഖ നിലനില്‍ക്കുന്നത് തന്റെ സ്വരമാധുര്യ
വിശേഷം മൂലമാണെന്നു കരുതുന്ന ഒരു 'സരിഗമസ്റ്റാര്‍', അദ്ദേഹത്തിന്റെ സംഭാഷണത്തില്‍ ഏറെസമയവും വിനിയോഗിച്ചത് മാനം മര്യാദയ്ക്കു ജീവിക്കുന്ന മറ്റൊരു ഗായകനെ അധിക്ഷേപിക്കാനാ
ണ്.സൂപ്പര്‍ സ്റ്റാറുകളുടെ മുമ്പിലെ ചാനല്‍ സുന്ദരിമാരുടെ കൊഞ്ചലാകട്ടെ ഇതിലൊക്കെ അരോചക
മായിരുന്നു.

മഹാബലിയുടെ കാലത്ത് ചാനലുകളും താരസല്ലാപങ്ങളും ഇല്ലാതിരുന്നതു കൊണ്ടായിരിക്കണം മഹാവിഷ്ണുവിന് വാമനാവ താരം എടുക്കേണ്ടി വന്നത്.അല്ലായിരുന്നെങ്കില്‍,മഹാബലിയുടെ ഭരണത്തില്‍ അസൂയമൂത്ത ദേവന്മാര്‍ക്ക് ഏതെങ്കിലും ചാനലിലെ താര സല്ലാപം അദ്ദേഹത്തെ കാണിച്ചാല്‍ മതിയായിരുന്നു.ചക്രവര്‍ത്തി ജീവനും കൊണ്ട് പാതാളത്തിനും അപ്പുറം ഓടിപ്പോയെനേ.

Fans on the page

Sunday, June 6, 2010

പട്ടിയ്ക്കു വച്ചത് ഭക്തനു കൊണ്ടപ്പോള്‍

"ജീവനകലയുടെ പരമാചാര്യന്‍ ശ്രീ ശ്രീ രവിശങ്കറിന്റെ ആശ്രമത്തില്‍ വെടി.ഭക്തന്റെ കാലില്‍ നിന്നും
ഉണ്ട കണ്ടെടുത്തു.പക്ഷേ തോക്കും വെടിവച്ച ആളിനെയും കാണാനില്ല." സംഭ്രമ ജനകമായ ഈ സംഭവത്തെ കുറിച്ച് പരസ്പര വിരുദ്ധങ്ങളായ വാര്‍ത്തകളാണ് കുറേ ദിവസങ്ങളയി പ്രചരിച്ചു കൊണ്ടിരുന്നത്.തനിക്കു
നേരെയാണ് വെടി ഉതിര്‍ത്തതെന്നും തന്റെ ജീവനു ഭീഷണിയുണ്ടെന്നുമാണ് രവിശങ്കറ് അവകാശപ്പെട്ടത്. എന്നാല്‍ അനുയായികള്‍ തമ്മില്‍ നടന്ന വെടി വയ്പാണ് ആശ്രമത്തില്‍ നടന്നതെന്നും ശ്രീ ശ്രീ രവിശങ്കറെ ലക്ഷ്യം വച്ചല്ലെ
ന്നും ആയിരുന്നു കേന്ദ്ര ഗവണ്മെന്റിന്റെയും കര്‍ണ്ണാടക പോലീസിന്റെയും ആദ്യ പ്രതികരണം.

കേന്ദ്രത്തിന്റെയും പോലീസിന്റെയും പ്രതികരണം തന്റെ അമാനുഷിക പരിവേഷത്തിനു മങ്ങലേല്പിച്ചതില്‍ ആള്‍ദൈ
വവും, തങ്ങളുടെ ആരാധനാ മൂര്‍ത്തിയുടെ ജീവന്‍ അപകടത്തിലായതോര്‍ത്ത് ഭക്തന്മാരും അമര്‍ഷരും ദു:ഖിതരുമാ
യിരുന്നു.എന്നാല്‍ എല്ലാവര്‍ക്കും ആശ്വാസം പകരുന്ന 'യഥാര്‍ത്ഥ വസ്തുത' ഇപ്പോള്‍ പുറത്തു വന്നു.ആശ്രമത്തിന്റെ അടുത്തുള്ള കൃഷിയിടത്തിന്റെ ഉടമ ഡോ. മഹാദേവ്‌ പ്രസാദ് തെരുവുനായ്‌ക്കളെ വിരട്ടിയോടിക്കാനായി ഉതിര്‍ത്ത വെടിയുണ്ടകളിലൊന്നു ലക്ഷ്യംതെറ്റി ആശ്രമവളപ്പിനുള്ളിലെത്തിയതു രവിശങ്കറിനു നേരേയുള്ള വധശ്രമമായി തെറ്റിദ്ധരി
ക്കപ്പെടുകയായിരുന്നുവെന്ന്‌ അന്വേഷണത്തിനു മേല്‍നോട്ടം വഹിക്കുന്ന ബംഗളുരു ഡി.ജി.പി. അജയ്‌കുമാര്‍ സിംഗ്‌ പറയുന്നു.കൃഷിയിടത്തിന്‌ അടുത്താണെങ്കിലും അവിടെനിന്നു നോക്കിയാല്‍ ആശ്രമം കാണാന്‍ കഴിയില്ല.ഡോ.മഹാ
ദേവ്‌ പ്രസാദിനു തോക്ക്‌ ഉപയോഗിക്കാനുള്ള ലൈസന്‍സുണ്ട്‌. ഫാമില്‍ അടുത്തിടെ നായ്‌ ശല്യം രൂക്ഷമാവുകയും ആടുകളെ ആക്രമിക്കുകയും ചെയ്‌തിരുന്നു.നായ്ക്കള്‍ക്കു നേരേയാണ്‌ അദ്ദേഹം വെടിയുതിര്‍ത്തതെന്നും വെടിവയ്‌പിനു പി
ന്നില്‍ കൊലപാതക ലക്ഷ്യമുണ്ടായിരുന്നുമില്ല എന്നു ഡിജിപി വ്യക്തമാക്കിയിട്ടുണ്ട്.

അന്വേഷണത്തില്‍ സന്തുഷ്‌ടിയുണ്ടെന്നാണ് രവിശങ്കറുടെ ആദ്യ പ്രതികരണമെന്നു കേള്‍ക്കുന്നു.അനുയായികള്‍ തമ്മിലു
ള്ള ഏറ്റുമുട്ടലാണു വെടിവയ്‌പിലെത്തിയതെന്ന കേന്ദ്രസര്‍ക്കാരിന്റെ വാദം തെറ്റാണെന്നു തെളിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

അമാനുഷികനെന്നും ത്രികാലജ്ഞാനിയെന്നും ആള്‍ദൈവം എന്നും ഒക്കെ ഭക്തര്‍ കരുതുന്ന ഒരു ദിവ്യന്റെ ആശ്രമത്തില്‍ നടന്ന വെടിവയ്പിന്റെ സത്യാവസ്ഥ അറിയാന്‍ വാസ്തവത്തില്‍ മറ്റെങ്ങും പോകേണ്ടിയിരുന്നില്ല;അദ്ദേഹം ഇതൊക്കെ ആയിരുന്നെങ്കില്‍.പട്ടിയെ ഉന്നം വച്ചത് ഭക്തന് കൊള്ളുമെന്ന് മുന്‍ കൂട്ടി അറിയാനുള്ള ജ്ഞാനം പോലുമില്ലാത്ത ഇ
ദ്ദേഹമോ ത്രികാലജ്ഞാനി?അത് മുന്‍ കൂട്ടി അറിയുകയും വെടിയുണ്ടയുടെ സഞ്ചാര പഥം തെറ്റിച്ച് ഭക്തനെ രക്ഷിക്ക
യും ചെയ്തിരുന്നെങ്കില്‍ ഇദ്ദേഹത്തിന്റെ ദിവ്യത്വം അംഗീകരിച്ചു കൊടുക്കാമായിരുന്നു.യാതൊരു ദിവ്യത്വവും ഇല്ലാത്ത, കാമ,ക്രോധ,ലോഭ,മോഹങ്ങള്‍ എല്ലാമുള്ള വെറും സാദാ മനുഷ്യന്‍ മാത്രമാണ് താനെന്ന് സര്‍ക്കാര്‍ കണ്ടെത്തലി
നോടുള്ള അദ്ദേഹത്തിന്റെ പ്രതികരണത്തില്‍ നിന്നു വ്യക്തമാകുകയും ചെയ്തു.എന്നിട്ടും അദ്ദേഹം ദൈവമാണെന്നാണ് ഭക്തരുടെ പ്രചരണം.

പുട്ടപര്‍ത്തിയിലെ ആള്‍ദൈവം കുളിമുറിയിലോ മറ്റോ വീണ് നടുവൊടിഞ്ഞിട്ടും ദൈവമാണെന്നു വിശ്വസിച്ച് ആരാധി
ക്കുമ്പോള്‍ ഇതില്‍ അതിശയിക്കേണ്ട കാര്യമില്ല.തൊട്ടടുത്ത കടപ്പുറത്ത് സുനാമിത്തിരകള്‍ അടിച്ച് മനുഷ്യനും വീടും വളര്‍ത്തു മൃഗങ്ങളും നശിച്ചത് വള്ളിക്കാവിലെ അമ്മദൈവം അറിഞ്ഞത് ഭക്തന്മാരും മറ്റു മാലോകരും അറിഞ്ഞതിനു ശേഷമാണ്.എന്നിട്ടും അവരെയും ദൈവമാണെന്നും പറഞ്ഞ് കുമ്പിടാന്‍ ജനം ക്യൂ നില്‍ക്കുന്നു!നാല്പത്തഞ്ചുംഅമ്പതും ലക്ഷം കോഴ വാങ്ങി സ്വന്തം മെഡിക്കല്‍ കോളേജില്‍ മെഡിസിന്‍ സീറ്റു വില്‍ക്കുന്ന അവര്‍ നടത്തുന്ന കഞ്ഞിവീ
ഴ്ത്തു ചൂണ്ടിക്കാട്ടി ദാനശീലത്തെ വാഴ്ത്താന്‍ ഇടതുപക്ഷ മന്ത്രിമാര്‍ പോലും മത്സരിക്കുന്നു!!

വിശ്വാസത്തിന്റെ ഹിസ്റ്റീരിയാ ബാധിച്ചവര്‍ക്ക് സ്വയം ദുരനുഭവങ്ങളുണ്ടാകുമ്പോഴേ ബോധം ഉണ്ടാകു.അത് നമുക്ക് കാ
ലത്തിനു വിടാം.പക്ഷേ ഈ ആള്‍ ദൈവങ്ങളുടെ പഞ്ചനക്ഷത്ര സങ്കേതങ്ങളില്‍ ഇങ്ങനെ വെടിയും പുകയും ഉയരുന്ന
ത് എന്തുകൊണ്ടെന്ന് അന്വേഷിക്കുവാനുള്ള ചുമതല ഭരണകൂടങ്ങള്‍ക്കുണ്ട്.ഏതാനും വര്‍ഷം മമ്പു സായിബാബയെ വധിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് ഒരു മലയാളി യുവാവിനെ ദൈവത്തിന്റെ അംഗരക്ഷകര് വെടി വയ്ക്കുകയുണ്ടായി.
ആ കേസ് എങ്ങനെ അവസാനിച്ചു എന്ന് ആര്‍ക്കും അറിയില്ല.അമൃതാനന്ദമയിയെ അവരുടെ സങ്കേതത്തിലെ ത
ന്നെ ഒരു അന്തേവാസി കുത്താന്‍ ചെന്നെന്നും പറഞ്ഞ് മര്‍ദ്ദിച്ചത് ഒരിക്കല്‍ വാര്‍ത്തയായിരുന്നു.അയാള്‍ മാനസിക
രോഗി ആയിരുന്നു എന്നാണ് അമ്മദൈവത്തിന്റെ പബ്ലിസിറ്റി മാനേജര്‍മാര്‍ പറഞ്ഞുപരത്തിയത്. ആ സാധുവിനും പിന്നീട് എന്തു സംഭവിച്ചു എന്നും ആര്‍ക്കും അറിയില്ല.

ഇപ്പോള്‍ ശ്രീശ്രീ രവിശങ്കറുടെ ആശ്രമത്തിലെ വെടിവയ്പിന് തുമ്പുണ്ടാക്കിയെങ്കിലും ഒരു തമാശക്കഥയ്ക്കപ്പുറമുള്ള വിശ്വാ
സ്യത അതിനില്ല. വെടിവയ്പ് തനിക്കെതിരെ നടന്ന വധശ്രമമാക്കി ചിത്രീകരിച്ചത് സ്വന്തം അനുയായികള്‍ പോലും വിശ്വസിച്ചില്ല.ഭക്തര്‍ തമ്മില്‍ നടത്തിയ ശണ്ഠയാണ് വെടിവയ്പില്‍ എത്തിയതെന്ന യഥാര്‍ത്ഥ വസ്തുത കേന്ദ്ര ആഭ്യന്ത
ര മന്ത്രി വെളിപ്പെടുത്തിയത് വല്ലാത്ത മാനക്കേടായി.ഡി.വൈ.എഫ്.ഐ യെ ചീത്ത പറഞ്ഞും മറ്റും താന്‍ പ്രീണി
പ്പിച്ചു നിര്ത്തിയിരുന്ന ആര്‍ഷസംസ്കാര സംരക്ഷക പാര്‍ട്ടി സര്‍ക്കാരിന്റെ പോലീസ് കൂടി അതേ നിലപാടെടുത്തത് അതിനേക്കാള്‍ വലിയ ക്ഷീണമായി.'ആര്‍ട്ട് ഓഫ് ലിവിങ്ങി'ന്റെ ഉപജ്ഞാതാവിന്റെ മുഖം രക്ഷിക്കാന്‍ അണിയറ
യില്‍ നടന്ന 'ആര്‍ട്ട് ഓഫ് ലൈയിങ്'(കള്ളം പറച്ചില്‍)വീരന്മാരുടെ പുനരാലോചനയുടെ ഫലമാകും, പട്ടിക്കു വച്ച വെടി അബദ്ധത്തില്‍ ചുറ്റിത്തിരിഞ്ഞ് ഭക്തനു കൊണ്ടതാണെന്ന കണ്ടെത്തല്‍.പോലീസിന്റെ പുതിയ വ്യാഖ്യാനത്തില്‍ ദൈവം തൃപ്തനാണെന്ന പ്രസ്താവന കൂടി ഇതോടൊപ്പം ചേര്‍ത്തു വായിക്കുമ്പോള്‍ കാര്യങ്ങള്‍ വളരെ വ്യക്തമാകും.

ജനങ്ങളെയും സര്‍ക്കാരിനെയും കബളിപ്പിച്ചു ഭക്തി വ്യവസായം നടത്തുന്ന ആള്‍ദൈവങ്ങളുടെ സങ്കേതങ്ങള്‍ ആയുധപ്പുരകളായി മാറിക്കൊണ്ടിരിക്കുകയാണ്.രക്ഷകരെന്ന് ഭക്തരെ വിശ്വസിപ്പിച്ച് വിലസുന്നവര്‍ക്ക് എന്തിനാണ് അംഗ രക്ഷകരും ആയുധസന്നാഹങ്ങളും?സാധാരണ നിയമങ്ങള്‍ തങ്ങള്‍ക്കു ബാധകമല്ലെന്ന മട്ടിലാണിവരുടെ പ്രവ
ര്‍ത്തനങ്ങള്‍.വോട്ടു ലക്ഷ്യമാക്കിയും വിശ്വാസത്തിന്റെ പേരിലും വ്യാജദൈവങ്ങളെ കയറൂരി വിടുന്ന ഭരണകര്‍ത്താ ക്കള്‍ ഗുരുതരമായ ഉത്തരവാദിത്തമില്ലായ്മയാണ് കാട്ടുന്നത്.കൊലയാളിയുടെയും ഭീകരപ്രവര്‍ത്തകന്റെയും ഗുണ്ടകളുടെ
യും പോലും മനുഷ്യാവകാശങ്ങളെ കുറിച്ച് ഉത്കണ്ഠപ്പെടുന്ന മനുഷ്യാവകാശ പ്രവര്‍ത്തകരും സംഘടനകളും ഈ ആള്‍ ദൈവങ്ങളുടെ അന്തപ്പുരങ്ങളില്‍ അരങ്ങേറുന്ന മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കു നേരേ മൗനം പാലിക്കുക
യാണ്.

സാമാന്യ ബുദ്ധി ആര്‍ക്കും അടിയറ വച്ചിട്ടില്ലാത്തവര്‍ സംഘടിച്ചെങ്കിലേ ഈ വ്യാജ സത്വങ്ങള്‍ നടത്തുന്ന സാമൂഹിക മലിനീകരണം അവസാനിപ്പിക്കാന്‍ കഴിയൂ.
Fans on the page

Sunday, May 2, 2010

എന്തിന് ഇങ്ങനെ ഒരു സംഘടന?

ആനുകൂല്യങ്ങള്‍ നേടിയെടുക്കാനും അവകാശങ്ങള്‍ സംരക്ഷിക്കാനും വേണ്ടിയുള്ളതാണ് സംഘടന.തൊഴിലാളി സഘടന ആയാലും സമുദായിക സംഘടന ആയാലും സാംസ്കാരിക സംഘടന ആയാലും ലക്ഷ്യം ഇതൊക്കെ തന്നെ.എന്നാല്‍ താരങ്ങളുടെ സംഘടനയായ "അമ്മ"യുടെ ഉദ്ദേശ്യത്തില്‍ ഇവയൊന്നും ഇല്ലെന്നു തോന്നുന്നു."അമ്മ"
യില്‍ അംഗമായ തിലകന് ടെക്നീഷ്യന്മാരുടെ സംഘടനയായ 'ഫെഫ്ക' തൊഴില്‍ വിലക്കും ഊരുവിലക്കും ഏര്‍പ്പെടു
ത്തിയപ്പോള്‍ 'അമ്മ' ഒരക്ഷരം മിണ്ടിയില്ല.മാത്രമല്ല തൊഴില്‍ നിഷേധത്തിനെതിരെ തിലകന്‍ പരസ്യ പ്രസ്താവന ചെയ്തതിന്റെ പേരില്‍ അദ്ദേഹത്തിനെതിരെ നടപടി കൈക്കൊണ്ടു.ഒടുവില്‍ പുറത്താക്കി. പുറത്താക്കിയതാകട്ടെ,വിളി
ച്ചു വരുത്തി,അദ്ദേഹത്തിന്റെ പ്രായത്തെപ്പോലും മാനിക്കാതെ ഏഴാം കൂലികളെ കൊണ്ട് അപമാനിപ്പിച്ചും.

ഇപ്പോള്‍ ശ്രീനാഥിന്റെ മരണത്തിനും 'അമ്മ'യ്ക്കും ചില താര രാജാക്കന്മാര്‍ക്കും ഉത്തരവാദിത്വം ഉണ്ടെന്ന് അദ്ദേഹ
ത്തിന്റെ സഹോദരനും കുടുംബാംഗങ്ങളും ആരോപിക്കുന്നു.അവരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ ആഭ്യന്തര മന്ത്രി ഉത്തരവിട്ടിരിക്കയാണ്.മലയാള സിനിമയെ ഉള്ളം കൈയിലിട്ട് അ
മ്മാനമാടുന്ന സൂപ്പര്‍ സ്റ്റാറുകള്‍ക്കൊപ്പം നിരവധി സിനിമകളില്‍ അഭിനയിച്ച് കഴിവു തെളിയിച്ച നടനായിരുന്നു ശ്രീനാഥ്.ചിലപ്പോഴൊക്കെ ഈ താര രാജാക്കന്മാരെ അതിവര്‍ത്തിച്ചിട്ടുമുണ്ട്.എന്നിട്ടും സൂപ്പര്‍ സ്റ്റാറുകളോ താരസംഘ
ടനാ നേതാക്കളോ അദ്ദേഹത്തിന്റെ കുടുംബത്തെ ആശ്വസിപ്പിക്കാനോ മരണാനന്തര ചടങ്ങുകളില്‍ സംബന്ധിക്കാ നോ എത്തിയില്ല.അദ്ദേഹം 'അമ്മ'യില്‍ അംഗമല്ല എന്നാണ് അതിനു പറഞ്ഞ ന്യായീകരണം.മരണത്തിന് ഏതാ
നും നാള്‍ മുമ്പു വരെ തങ്ങളോടൊപ്പം അഭിനയിച്ച സഹപ്രവര്‍ത്തകന്റെ വേര്‍പാടില്‍ അനുശോചിക്കുവാന്‍ സംഘ
ടനയില്‍ അംഗത്വം വേണമെന്നു ശഠിക്കുന്നവരുടെ സംഘടനാ ബോധം അപാരം!ഇവരാണ് രാഷ്ട്രീയപ്പാര്‍ട്ടികളും ചുമട്ടു തൊഴിലാളി സംഘടനകളും വിഭാഗീയത കാണിക്കുന്നു എന്ന് ആക്ഷേപിക്കുന്നത്.


ശ്രീനാഥിന്റെ മരണത്തില്‍ ഒട്ടേറെ ദുരൂഹതകളുണ്ട്.ആതമഹത്യയോ കൊലപാതകമോ എന്നു നിശ്ചയമില്ല.മരണം സംബന്ധിച്ച് വന്ന വാര്‍ത്തകള്‍ പരസ്പര വിരുദ്ധങ്ങളും അതുകൊണ്ടുതന്നെ സംശയാസ്പദങ്ങളുമാണ്.ഒരു പക്ഷേ ശ്രീനാഥ് തനിയെ ജീവനൊടുക്കിയതാകാം.എങ്കിലും അദ്ദേഹത്തെ സിനിമയിലേക്കു ക്ഷണിക്കുകയും പിന്നീട് വേണ്ടെ
ന്നു പറയുകയും ചെയ്തവര്‍ക്ക് പ്രത്യക്ഷമായും പരോക്ഷമായും അതില്‍ പങ്കില്ലെന്ന് വിശ്വസിക്കാന്‍ കഴിയില്ല.ചാനല്‍
ക്യാമറകളെ അഭിമുഖീകരിച്ച കലാഭവന്‍ മണിയുടെയും മോഹന്‍ലാലിന്റെയും മറ്റും മുഖങ്ങളില്‍ കണ്ട പരിഭ്രമവും ചമ്മ
ലും അതിന്റെ സൂചനകളായിരുന്നു.മരണ വാര്‍ത്തയ്ക്കു പിറകേയാണ് 'അമ്മ' പ്രസിഡന്റ് ഇന്നസെന്റിന്റെ പ്രസ്താവന. ശ്രീനാഥ് തങ്ങളുടെ സംഘടനയില്‍ അംഗമായിരുന്നില്ലത്രെ.ഒരുപിടി നല്ല കഥാപാത്രങ്ങളെ അവതരിപ്പിച്ച സഹപ്ര
വര്‍ത്തകന്റെ ദാരുണമായ അന്ത്യത്തില്‍ വേദനിക്കുന്നവന്റെ സ്വരമല്ല,എന്തൊക്കയോ മറയ്ക്കാന്‍ വെപ്രാളപ്പെടുന്ന ഒരു
വന്റെ ഭീദിതമായ ശബ്ദമാണ് ഇന്നസെന്റീല്‍ നിന്നു വന്നത്.

തിലകനെപ്പോലെ എതിര്‍പ്പുകളെ നേരിടാനുള്ള കരുത്തില്ലാഞ്ഞതു കൊണ്ടാണ് ശ്രീനാഥിന് ഈ ഗതി വന്നത്.ഇങ്ങ
നെ 'അമ്മ'യുടെയും 'ഫെഫ്ക'യുടെയും പീഡനത്തിനിരയായി ജീവനൊടുക്കിയവരും മനോനില തെറ്റിയവരും സിനി
മാ രംഗത്തു വേറെയുമുണ്ടെന്നാണു കേള്‍ക്കുന്നത്.ഹോളിവുഡ് ചിത്രം നിര്‍മ്മിക്കാന്‍ വന്ന വിദേശ മലയാളി ജീവനും കൊണ്ട് ഓടിയതിന്റെ പിന്നിലും ഈ സംഘടനകളായിരുന്നു.തിലകനെ അഭിനയിപ്പിച്ചാല്‍ നിസ്സഹകരിക്കുമെന്നു 'ഫെഫ്ക' ഭീഷണിപ്പെടുത്തിയപ്പോള്‍ ഹോളിവുഡ്ഢുകാരന്‍ ഭയന്ന് അദ്ദേഹത്തെ ഒഴിവാക്കി.മലയാളി നിര്‍മ്മിക്കുന്നതാ
ണെങ്കിലും ഹോളിവുഡ് ചിത്രത്തില്‍ അഭിനയിക്കാന്‍ പ്രഗത്ഭനായ ഒരു നടനു ലഭിച്ച അവസരമാണ്,സംവിധായകര്‍ ഉള്‍പ്പെടെയുള്ളവര്‍ നേതൃത്വം കൊടുക്കുന്ന ഈ സംഘടന തട്ടിത്തെറിപ്പിച്ചത്.തിലകന്‍ ആയതു കൊണ്ട് ആത്മഹത്യ ചെയ്തില്ല.

തിലകനെ അപമാനിക്കാന്‍ ഒന്നിച്ചു നിന്ന 'അമ്മ'യും മക്കളും,നടന്മാര്‍ക്കെതിരെ ഫിലിംചേംബര്‍ നിലപാടെടുത്ത
പ്പോള്‍ പല വഴിക്കായി.പരസ്പരം ഒളിഞ്ഞും തെളിഞ്ഞും ആരോപണമുന്നയിക്കുന്നു.പരസ്യ പ്രസ്താവന നടത്തിയതിന്റെ
പേരില്‍ തിലകനെ സംഘടനയില്‍ നിന്നു പുറത്താക്കുകയും പീഡിപ്പിക്കുകയും ചെയ്തവര്‍, തമ്മിലടിക്കുന്ന നടികര്‍ മന്നന്മാര്‍ക്കെതിരെ ഒരക്ഷരം ഉരിയാടിയില്ല.ഫിലിം ചേംബറിനെ എതിര്‍ക്കാനും 'അമ്മ'യ്ക്ക് കഴിയുന്നില്ല.'അതിലും ഇതിലും എല്ലാം ഞങ്ങള്‍ അംഗങ്ങളാണ്' എന്ന് 'അമ്മേ'ടെ നാഥന്‍ ഇന്നസെന്റ്.പിന്നെങ്ങനെ ചേംബറിനെതിരെ ശബ്ദിക്കും?

അംഗമായ നടന് മറ്റൊരു സംഘടന വിലക്ക് ഏര്‍പ്പെടുത്തിയപ്പോള്‍ അദ്ദേഹത്തെ സഹായിക്കാത്ത സംഘടന,
നടനാണെങ്കിലും അംഗമല്ലാത്തതുകൊണ്ട് അദ്ദേഹത്തിന്റെ മരണത്തില്‍ അനുശോചിക്കാത്ത സംഘടന,
ഭൂരിഭാഗം അംഗങ്ങള്‍ക്കും മറ്റൊരു സംഘം ഉപരോധം ഏര്‍പ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തുമ്പോള്‍ നിസ്സഹായത
പ്രകടിപ്പിക്കുന്ന സംഘടന,
സൂപ്പര്‍ സ്റ്റാറുകളുടെ പടം പോലും പെട്ടിയില്‍ നിന്നു പുറത്തെടുക്കാന്‍ സമ്മതിക്കാ
ഞ്ഞിട്ടും അനങ്ങാന്‍ തന്റേടമില്ലാത്ത സംഘടന,
സംഘടനയോ അലവലാതിക്കൂട്ടമോ?
....എന്തിനപ്പീ ഇങ്ങനൊരു സാധനം?

Fans on the page

Sunday, April 11, 2010

മാറുന്ന സ്ത്രീധന യാഥാര്‍ത്ഥ്യങ്ങള്‍

സാമാന്യം ഭേദപ്പെട്ട സര്‍ക്കരുദ്യോഗസ്ഥനായ സുഹൃത്ത്.ഭാര്യ ഹൈസ്കൂള്‍ അദ്ധ്യാപിക.രണ്ട് പെണ്മക്കള്‍.മൂത്തവള്‍ എഞ്ചിനീയറിങ് പാസ്സായി ഐ.റ്റി കമ്പനിയില്‍ ജോലി ചെയ്യുന്നു.ഇളയ കുട്ടി എഞ്ചിനീയറിങ്ങിനു പഠിക്കുന്നു.മൂത്ത മകളുടെ വിവാഹം. വരന്‍ ദേശസാല്‍കൃത ബാങ്കില്‍ പ്രൊബേഷനറിഓഫീസര്‍.നല്ല ചുറ്റുപാടുള്ള കുടുംബം.പ്രത്യേക ഡിമാന്റൊന്നുമില്ല.പൊതുവേ മാന്യനും പരോപകാരിയുമായ സുഹൃത്തിന്റെ ഭഗ്യമെന്ന് എല്ലവരും പറഞ്ഞു.അദ്ദേഹത്തിനും സന്തോഷമായി. ഇത്ര പവന്‍ വേണം എന്ന് ആവശ്യപ്പെട്ടിട്ടില്ലെങ്കിലും സാമാന്യം ഭേദപ്പെട്ട വിധം ആഭരണമിട്ടു വേണം മകളെ അയക്കേണ്ടതെന്ന് അദ്ദേഹത്തിനറിയാം. പത്തുമുപ്പതു പവന്‍ ഇപ്പോള്‍ തന്നെ സ്വരൂപിച്ചു വച്ചിട്ടുണ്ട്.എങ്ങനെയെങ്കിലും അന്‍പതു പവന്‍ തികയ്ക്കണം.

അച്ഛനും അമ്മയും തങ്ങളുടെ ഉള്ളിലിരുപ്പ് മക്കളുമായി പങ്കു വച്ചു."നൂറു പവനെങ്കിലും ഇല്ലാതെ ഞാന്‍ പോകില്ല" എന്നായി പ്രതിശ്രുത വധു. മകള്‍ തമാശ പറയുകയാണെന്നാണ് മാതാപിതാക്കള്‍ കരുതിയത്.സീരിയസ് ആണെന്ന് താമസിയാതെ മനസ്സിലായി.അടുത്ത കാലത്ത് വിവാഹിതരായ കൂട്ടുകാരികളെ ചൂണ്ടിക്കാട്ടി അവള്‍ തന്റെ വാദശരങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടി.ആഭരണത്തിലും അനുബന്ധ ആര്‍ഭാടങ്ങളിലും മുന്നിട്ടു നിന്ന ആ കല്യാണങ്ങള്‍ക്കൊക്കെ സകുടുംബം പങ്കെടുത്തതാണ്.

അന്ന് അവിടങ്ങളില്‍ കണ്ട ധൂര്‍ത്തിനെ വിമര്‍ശിച്ചപ്പോള്‍ മകള്‍ ദീക്ഷിച്ച മൗനത്തിന്റെ അര്‍ത്ഥം ഇപ്പോഴാണ് സുഹൃത്തിനും ഭാര്യയ്ക്കും മനസ്സിലായത്.
"അണ്ണാന് ആനയോളം വാ പിളര്‍ക്കാന്‍ പറ്റ്വോ?ഇപ്പോഴത്തെ സാഹചര്യത്തില്‍ നമ്മള്‍ക്ക് ഇതിനപ്പുറം ഒക്കില്ല മോളേ".അച്ഛന്‍ നിസ്സഹായത വെളിപ്പെടുത്തി.
"എങ്കില്‍ സാഹചര്യം ഒത്തിട്ടു മതി കല്യാണം. ഞാന്‍ ആരുടേം കൂടെ ചാടിപ്പോകേം മറ്റുമില്ല."എന്നായി പുത്രി.

കിട്ടാവുന്നിടത്തു നിന്നെല്ലാം കടം വാങ്ങി ആഭരണ പ്രശ്നം ഒരുവിധം പരിഹരിച്ചപ്പോഴാണ് അടുത്തത് തല പൊക്കുന്നത്...കല്യാണ മണ്ഡപം.'ലഭ്യമായ ഏതെങ്കിലും ഹാള്‍'.അതിനപ്പുറം ചെറുക്കനും വീടുകാര്‍ക്കും നിര്‍ദ്ദേശമുണ്ടായിരുന്നില്ല.തലസ്ഥാനത്ത് ഹാള്‍ കിട്ടാനുള്ള ബുദ്ധിമുട്ടും പണച്ചെലവും അവര്‍ക്കും നന്നായറിയാം.നിശ്ചയിച്ച തീയതിയില്‍ ഇടത്തരം ഹാളുകളൊന്നും കിട്ടാനില്ല.പ്രയാസം മനസ്സിലാക്കിയ വരനും മാതാപിതാക്കളും ശിവഗിരിയില്‍ വച്ചാകാം എന്ന് അഭിപ്രായപ്പെട്ടു.സുഹൃത്തിന് ആശ്വാസമായി.

ആശ്വാസം അധികം നീണ്ടു നിന്നില്ല."ശിവഗിരിയിലും പോകണ്ടാ.രജിസ്ട്രാഫീസില്‍ വച്ചു മതി. അപ്പോള്‍ ഒരു ചെലവും ഇല്ലല്ലോ." എന്ന വധുവിന്റെ പ്രതികരണത്തില്‍ നിന്നു തന്നെ അവളുടെ മനോഭാവം വ്യക്തമായി.മാതാ
പിതാക്കളുടെ അനുനയങ്ങള്‍ക്കും ഗദ്ഗദങ്ങള്‍ക്കും പ്രയോജനമുണ്ടായില്ല.നഗരത്തിലെ മുന്തിയ ഹാള്‍ തന്നെ ബുക്ക് ചെയ്തു.ഹാള്‍ മികച്ചതാകുമ്പോള്‍ അലങ്കാരം മോശമാകരുതല്ലോ.അതിനും വേണ്ടി വന്നു നല്ല തുക.

സാധാരണ ഗതിയില്‍ വരന്റെയോ അയാളുടെ വീട്ടുകാരുടെയോ നിര്‍ബ്ബന്ധത്തിനു വഴങ്ങിയാണ് ഇത്തരം ഭാരിച്ച ബാദ്ധ്യതകള്‍ പെണ്‍ വീട്ടുകാര്‍ ഏറ്റെടുക്കേണ്ടി വരുന്നത്.ഇവിടെ സ്വന്തം വീട്ടില്‍ നിന്നു തന്നെയാണ് പാര.സുഹൃത്തിന്റെ അനുഭവം ഒറ്റപ്പെട്ടതാണെന്നു കരുതണ്ടാ.അദ്ദേഹം ആശ്വാസം കിട്ടാന്‍ മനസ്സു തുറന്നതു കൊണ്ട് ഞാനറിഞ്ഞു.എല്ലാം കടിച്ചമര്‍ത്തി ആധി പെരുത്ത് ജീവനൊടുക്കുന്ന രക്ഷിതാക്കള്‍ എത്രയോ ഉണ്ടാകും.

സ്ത്രീധനത്തിന്റെയും സ്വര്‍ണ്ണത്തിന്റെയും കണക്കു ചൊല്ലി കലഹിച്ച വരനെ തനിക്കു വേണ്ടെന്നു പറഞ്ഞ് മണ്ഡപത്തില്‍ നിന്ന് ഇറങ്ങിപ്പോയ വധുക്കളുള്ള നാട്ടില്‍ തന്നെയാണ് ഇത്തരം പെണ്‍കുട്ടികളും ഉള്ളത്.വിദ്യാഭ്യാസത്തിലും സമ്പത്തിലും മുന്നോക്കം നില്‍ക്കുന്ന പെണ്‍കുട്ടികളാണ് വരനെയും അയാളുടെ വീട്ടുകാരെയും കടത്തി വെട്ടുന്ന സ്ത്രീധനാര്‍ത്തി കാട്ടുന്നത്.രക്ഷിതാക്കളുടെ പ്രയാസങ്ങള്‍ അവര്‍ക്കു പ്രശ്നമല്ല;സ്വന്തം ഭാവിയാണ് മുഖ്യം.

സ്ത്രീധന നിരോധന നിയമം പാസ്സാക്കുന്ന കാലത്ത് കോളേജ് കാമ്പസ്സുകളില്‍ നടന്ന ഡിബേറ്റുകളുടെ പ്രധാന വിഷയം അതായിരുന്നു.അന്ന് ആണ്‍ കുട്ടികള്‍ നിരോധനത്തെ എതിര്‍ത്തും പെണ്‍ കുട്ടികള്‍ അനുകൂലിച്ചും ആണ് ഡിബേറ്റുകളില്‍ പങ്കെടുത്തിരുന്നത്. പെണ്‍ കുട്ടികളോടൊപ്പം ചില ആണ്‍കുട്ടികളെങ്കിലും നിയമത്തെ അനുകൂലിക്കുവാന്‍ മുതിര്‍ന്നിരുന്നു.പക്ഷേ എതിര്‍ക്കുവാന്‍ മരുന്നിനു പോലും പെണ്‍ കുട്ടികളെ കിട്ടിയിരുന്നില്ല.കാലം മാറിയതോടെ സ്ഥിതി വ്യത്യസ്തമായിരിക്കുന്നു.ഇങ്ങനെയുള്ള വിഷയങ്ങള്‍ കാമ്പസ്സുകളില്‍ ഇന്ന് ചര്‍ച്ച ചെയ്യപ്പെടുന്നില്ല.ആരുടെ രക്ഷയ്ക്കു വേണ്ടിയാണോ നിയമം കൊണ്ടു വന്നത്,അവരില്‍ പെട്ടവരില്‍ നിന്നു തന്നെ
അതിനെ തുരങ്കം വയ്ക്കുന്ന ഇത്തരം ഒരു സാദ്ധ്യത നിയമ നിര്‍മ്മാതാക്കള്‍ സ്വപ്നത്തില്‍ പോലും കണ്ടുകാണില്ല.

തങ്ങളുടെ കഷ്ടപ്പാടുകള്‍ അറിയിക്കാതെ മക്കളെ വളര്‍ത്തുന്നതിന്റെ പരിണിതഫലമല്ലേ ഇതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.സാമൂഹിക ബന്ധമില്ലാതെ ചുറ്റും നടക്കുന്ന കാര്യങ്ങളില്‍ ഉദാസീന
രായും അജ്ഞരായും കഴിയുന്ന പുതിയ തലമുറയുടെ ഈ അവസ്ഥയ്ക്ക് അത്തരം രക്ഷിതാക്കള്‍ കൂടി ഉത്തരവാദികളാണ്.അണു കുടുംബങ്ങളില്‍ മാത്രമേ ഇങ്ങനെയൊക്കെ സംഭവിക്കൂ എന്നു സമാധാനിക്കാനും വകയില്ല.കാരണം അങ്ങനെയുള്ള നിഗമനങ്ങള്‍ യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടുന്നവയല്ല.



Fans on the page

Tuesday, March 16, 2010

സര്‍ഗ്ഗവന്ധ്യകളുടെ സ്ത്രീപക്ഷ ചപ്പാടാച്ചി

ലളിതാംബികാ അന്തര്‍ജ്ജനം മുതല്‍ കെ.ആര്‍.മീര വരെയുള്ള കഥാകാരികളുടെയും ബാലാമണിഅമ്മ മുതല്‍ വിജയലക്ഷ്മി വരെയുള്ള കവയിത്രികളുടെയും രചനകള്‍ മാനസോല്ലാസം നല്‍കുന്ന മനുഷ്യ കഥാനുഗായികളാണ്.സ്ത്രീ പുരുഷ ഭേദം കൂടാതെ ആസ്വദിക്കാവുന്ന സര്‍ഗ്ഗ സൃഷ്ടികളാണ് അവയില്‍ ഏറിയ പങ്കും.പുരുഷ വിദ്വേഷം വളര്‍ത്തുന്നതിനുള്ള ബോധപൂര്‍ വ്വമായ യാതൊരു ശ്രമവും ഇവരാരും നടത്തിയതായി അറിവില്ല.എന്നാല്‍ പെണ്ണെഴുത്തെന്നും പറഞ്ഞ് ആനുകാലികങ്ങളില്‍ ആടിത്തിമര്‍ക്കുന്ന ചില മഹിളാ സാഹിത്യ വേഷങ്ങള്‍ പുരുഷ വിദ്വേഷത്തിന്റെയും സാമൂഹിക വെറുപ്പിന്റെയും പുക പരത്തിക്കൊണ്ടിരിക്കുകയാണ്.

ചരിത്രസത്യങ്ങളോ സാമൂഹിക യാഥാര്‍ത്ഥ്യമോ മനസ്സിലാക്കാതെ യാതൊരു അടിസ്ഥാനവുമില്ലാത്ത ആരോപണങ്ങ
ളുന്നയിച്ച് കാളമൂത്രം പോലെ ഇവര്‍ പടച്ചു വിടുന്ന ലേഖനങ്ങള്‍ വായിച്ചാല്‍,പ്ലൂട്ടാര്‍ക്കു മുതല്‍ ചങ്ങമ്പുഴ വരെ സ്ത്രീകളെ പറ്റി പറഞ്ഞ ആക്ഷേപങ്ങള്‍ വാസ്തവമാണെന്ന് തോന്നിപ്പോകും.അത്രയ്ക്കു നിരര്‍ത്ഥകവും അയുക്തികവും പരദൂഷണപ്രായവുമായ വാദമുഖങ്ങളാണ് ഇവര്‍ ഉന്നയിക്കുന്നത്.

ആണുങ്ങള്‍ക്കു നേരേ അധിക്ഷേപം ചൊരിയാനുള്ള വ്യഗ്രതയില്‍ എണ്ണപ്പെട്ട എഴുത്തുകാരികളെ തന്നെ അപഹസി
ക്കുന്നത് പോലും ഇവര്‍ തിരിച്ചറിയുന്നില്ല.സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ഭാര്യ ബി.കല്യാണിയമ്മയും സി.ജെ.തോമസിന്റെ ഭാര്യ റോസി തോമസും തിരുമുമ്പിലിന്റെ ഭാര്യ കാര്‍ത്യായിനിക്കുട്ടി അമ്മയും മറ്റും എഴുതിയ ഓര്‍മ്മക്കുറിപ്പുകളെ 'വിധവാ വിലാപങ്ങള്‍'എന്ന്‍ വിശേഷിപ്പിക്കുമ്പോള്‍ അതാണ് ഇവര്‍ ചെയ്യുന്നത്.മേല്പ്പറഞ്ഞ മഹതികള്‍ ഹൃദയ രക്തം കൊണ്ട് പകര്‍ത്തിയ സ്വന്തം ജീവിതാനുഭവങ്ങളെ 'വിധവാ വിലാപം' എന്ന് 'അടയാളപ്പെടുത്തുകയും അടിവരയിടുകയും(പെണ്ണെഴുത്തു പദാവലിയില്‍ മുഖ്യമാണിവ) ഓരിയിടുകയും ചെയ്യുമ്പോള്‍ ബഹിര്‍ഗ്ഗമിക്കുന്നത് പരിഹാസമാണ്.എന്നിട്ടും ഈ വിധവാ വിലാപങ്ങളില്‍ 'ഒളിപ്പോരിടങ്ങള്‍' കണ്ടെത്തുന്നതാണ് വിചിത്രം. "വിധവാ വിലാപങ്ങളിലെ ഒളിപ്പോരിടങ്ങള്‍" കണ്ടെത്താന്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ(പുസ്തകം87 ലക്കം 45; ലേഖിക..ഗീത) കുറേ പേജുകള്‍ ചെലവാക്കിയത് കാണുമ്പോള്‍ എന്തൊരു ദുര്‍വ്യയം എന്ന് ആരും മൂക്കത്തു വിരല്‍ വച്ചു പോകും.

ഈ പുരുഷ വിദ്വേഷ പ്രബന്ധം ആരംഭിക്കുന്നതു തന്നെ "സാഹിത്യത്തിലെ പരമ്പരാഗതമായ വിലാപങ്ങള്‍ പുരുഷ പക്ഷത്തു നിന്നുള്ളതായിരുന്നുവല്ലോ" എന്ന സ്വന്തം വിവരമില്ലായ്മ വെളിപ്പെടുത്തിക്കൊണ്ടാണ്.മലയാളത്തിലെ മുഴുവന്‍ വിലാപകാവ്യങ്ങളും പുരുഷനിര്‍മ്മിതമാണത്രേ!മഹാകവി കുമാരനാശാന്റെ ചരമത്തില്‍ മനം നൊന്ത് "ഒരു വിലാപം" എന്ന പേരില്‍ വിലാപ കാവ്യം രചിച്ചത് പുരുഷനായിരുന്നില്ല.ശ്രീമതി മുതുകുളം പാര്‍വ്വതി അമ്മ ആയിരു
ന്നു.മകളുടെ അകാല നിര്യാണത്തില്‍ തപിക്കുന്ന തന്റെ അദ്ധ്യാപികയുടെ ഹൃദയവ്യഥ പകര്‍ത്തുന്ന'മാതൃവിലാപ'വും
പാര്‍വ്വതി അമ്മയുടെ രചനയാണ്.

ഈ വിവരക്കേടു കൊണ്ട് തുടക്കം കുറിച്ചത്,ജീവിതത്തില്‍ ഏറെ സഹിച്ച മഹതികളുടെ ദാമ്പത്യ സ്മരണകള്‍ വെറും പതംപെറുക്കലും നിലവിളിയും മാത്രമാണെന്ന വാദം അവതരിപ്പിക്കാനാണ്."ദാമ്പത്യാവസാനത്തില്‍ അവശേഷിക്കുന്ന ആള്‍ തങ്ങളുടെ ജീവിത കഥ എഴുതി പ്രസിദ്ധപ്പെടുത്തണം"എന്ന സ്വദേശാഭിമാനിയുടെ ആഗ്രഹം നിറവേറ്റിയതാണ് 'വ്യാഴവട്ട സ്മരണകള്‍'എഴുതിയ കല്യാണി അമ്മയ്കെതിരേ നമ്മുടെ പുത്തന്‍ പെണ്ണെഴുത്തുകാരി തിരിയാന്‍ കാരണം.
"ഭര്‍ത്താവ് പലപ്പോഴും കളിയായിട്ടും കാര്യമായിട്ടും പറഞ്ഞത്" എന്ന് ഗ്രന്ഥകാരി ആണയിട്ടിട്ടുണ്ടെങ്കിലും സ്ത്രീവിമോച
നക്കാരിക്ക് അത് 'ഭര്‍ത്തൃശാസന'മായേ കാണാന്‍പറ്റുന്നുള്ളു."ആധുനികമായ പ്രണയഭാവങ്ങളേക്കാള്‍ പരമ്പരാഗ
തമായ പതിഭക്തിയാണ"ത്രേ വ്യാഴവട്ട സ്മരണകളുടെ അടിയൊഴുക്ക്.അപ്പോള്‍ അതാണു കാര്യം..."പതിഭക്തി." ഭര്‍ത്താവിനെപ്പറ്റി ബഹുമാനത്തോടെ സ്മരിക്കുന്നതിനപ്പുറം ഒരു നാണക്കേട് സ്ത്രീ വര്‍ഗ്ഗത്തിനു വരാനുണ്ടോ?പ്രണയ
ഭാവത്തിന് ആധുനികമെന്നും പ്രാചീനമെന്നും വേര്‍ തിരിവുണ്ടോ?നെറ്റും മൊബൈലും വഴി തളിരിടുകയും പുഷ്പിക്കുകയും
ചെയ്യുന്ന പ്രണയമാണോ ആധുനികം എന്ന് ഉദ്ദേശിക്കുന്നത്?

ഭര്‍ത്താവിന്റെ മരണം സൃഷ്ടിച്ച വേദനയും തളര്‍ച്ചയും ശൂന്യതയും ഈ സ്മരണകളില്‍ രേഖപ്പെടുത്തിയത് സ്ത്രീ വര്‍ഗ്ഗ
ത്തിനു എന്തോ കളങ്കമുണ്ടാക്കിയെന്നാണ് പുത്തന്‍ പെണ്ണെഴുത്തു വായിച്ചാല്‍ തോന്നുക."സ്വന്തം വെപ്പുകാരിയും വിളമ്പുകാരിയും കൂടെക്കിടപ്പുകാരിയും മാത്രമായി പുരുഷന്‍സ്ത്രീയെ ഒതുക്കി" പോലും.അങ്ങനെയുള്ള പുരുഷ ജന്തുക്കളെ മരണശേഷമായാലും പ്രകീര്‍ത്തിക്കാന്‍ പാടുണ്ടൊ?എന്നാണ് പുത്തനച്ചികളുടെ ചോദ്യം.എങ്കിലും ചില ഉപാധികളി
ന്മേല്‍ വേണമെങ്കില്‍ മാപ്പു കൊടുക്കും."ഇവന്‍ എന്റെ പ്രിയ സി.ജെ"യില്‍ ലൈംഗിക ജീവിതത്തെക്കുറിച്ച് റോസി തോമസ് 'തുറന്നെ'ഴുതിയതിനാല്‍ രക്ഷപ്പെട്ടു.എന്തുകൊണ്ടാണെന്ന് അറിയണ്ടേ? "ലൈംഗികതയെ പ്പറ്റിയുള്ള ഈ തുറന്നെഴുത്ത് പരമ്പരാഗത പതിവ്രതയില്‍ നിന്ന് പ്രതീക്ഷിച്ചുകൂടല്ലോ". അതായത്, പെണ്ണുങ്ങളെ വെറും കണ്‍ട്രിക
ളാക്കുന്നത് പാതിവ്രത്യം എന്ന പഴഞ്ചന്‍ ഏര്‍പ്പാടാണെന്നു മനസ്സിലാക്കുന്ന മഹിളകള്‍ ഭാഗ്യവതികള്‍!

പാവം റോസി തോമസ്."സി.ജെ യുടെ ഓരോ ഇഞ്ചും കലാകാരനായിരുന്നു.ലൈംഗിക ജീവിതത്തില്‍ കൂടി."
എന്ന് രേഖപ്പെടുത്തിയതാണ് 'തുറന്നെഴുത്തെ'ന്നു വ്യാഖ്യാനിച്ചിരിക്കുന്നത്.'ഇവന്‍ എന്റെ പ്രിയ സി.ജെ' പ്രസിദ്ധീക
രിപ്പെട്ട് വളരെ വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ശ്രീമതി റോസി തോമസ് അന്തരിച്ചത്.അവരുടെ ജീവിതകാലത്ത് ഈ പെണ്ണെഴുത്ത് റാണി ഇത്തരം കണ്ടുപിടുത്തങ്ങള്‍ നടത്താഞ്ഞത് ഭാഗ്യം.അല്ലെങ്കില്‍ പള്ളിയെയും പട്ടക്കാരെയും എതിര്‍ത്ത എം.പി.പോളിന്റെ രക്തം സിരകളില്‍ ഓടുന്നതിന്റെയും ധിക്കാരിയായ സി.ജെ.തോമസിന്റെ 'കൂടെക്കി
ടന്നതിന്റെ'യും മഹിമ അല്പസ്വല്പമൊക്കെ അവശേഷിക്കുന്ന അവര്‍ അനാവശ്യം എഴുന്നള്ളിച്ച ഈ പെണ്മണിയെ കൈകാര്യം ചെയ്യുമായിരുന്നു.

എ.വി.കുഞ്ഞമ്പുവിന്റെ ഭാര്യ ദേവയാനി,റ്റി.എസ്.തിരുമുമ്പിന്റെ ഭര്യ കാര്‍ത്യായനിക്കുട്ടിയമ്മ,കേശവദേവിന്റെ പത്നി സീതാലക്ഷ്മി,പവനന്റെ ഭാര്യ പാര്‍ വ്വതി,എം.പി നാരായണപിള്ളയുടെ പത്നി പ്രഭ,എന്നിവരും "ദൃഢവും തൃപ്തവുമാ
യ ദാമ്പത്യം" ചിത്രീകരിച്ചതിന്റെ പേരില്‍ പെണ്ണെഴുത്തു സിംഹിയുടെ ആക്രമണത്തിന് ഇരയാകുന്നുണ്ട്.മൊശകോ
ടന്മാരായ കെട്ടിയോന്മാരെ നല്ലവാക്കുകള്‍ കൊണ്ട് പുകഴ്ത്തുന്നത് എങ്ങനെയാണ് അഭിമാനബോധമുള്ള പെണ്ണെഴു
ത്തു വീരകള്‍ ക്ഷമിക്കുക?അവര്‍ എഴുതുന്ന പുരുഷസ്തുതികളെ 'വിധവാ വിലാപങ്ങള്‍' എന്നല്ലാതെ എന്താണ് വിശേ
ഷിപ്പിക്കുക?സമ്മതിച്ചു.അങ്ങനെതന്നെ വേണം.പക്ഷേ മകള്‍ അച്ഛനെക്കുറിച്ച് എഴുതിയത് എങ്ങനെയാണ് 'വിധവാ വിലാപ'മാവുക?റോസി തോമസ്, പിതാവായ എം.പി.പോളി നെപ്പറ്റി എഴുതിയ ഓര്‍മ്മക്കുറിപ്പാണ് 'ഉറങ്ങുന്ന സിംഹം'.അതിലെ വാചകങ്ങള്‍ കൂടി ഉദ്ധരിച്ചുകൊണ്ടാണ് 'വിധവാ വിലാപങ്ങളിലെ ഒളിപ്പോരിടങ്ങള്‍’ പെണ്ണെഴു
ത്തുകാരി കണ്ടെത്തുന്നത്.

പിതൃസ്മരണ പോലും വിധവാ വിലാപങ്ങളുടെ പട്ടികയില്‍ പെടുത്തി പുരുഷന്റെ മേല്‍ അപവാദ പുരീഷം തെറിപ്പിക്കു
ന്ന പെണ്ണെഴുത്തുകാരി,വയലാര്‍ രാമവര്‍മ്മയുടെ ഭാര്യ എഴുതിയ "ഇന്ദ്രധനുസ്സിന്‍ തീരത്ത്" എന്ന യഥാര്‍ത്ഥ വിധവാ
സ്മരണ കാണാതെ പോയതെന്തേ?അവര്‍ അനുഭവിച്ച അവഗണനയുടെയും ഒളിപ്പോരിന്റെയും തെളിപ്പോരിന്റെയും ഉത്തരവാദി പുരുഷന്‍ അല്ലെന്നു അതില്‍ നിന്നു മനസ്സിലായതുകൊണ്ടാകുമോ?

വിലാപകാവ്യങ്ങളെക്കുറിച്ചുള്ള വിവരമില്ലായ്മയില്‍ നിന്നാണ് വിധവാവിലാപ ഭര്‍ത്സനം തുടങ്ങിയതെങ്കില്‍ മറ്റൊരു ചരിത്രാജ്ഞത വെളിപ്പെടുത്തിക്കൊണ്ടാണ് അത് അവസാനിപ്പിക്കുന്നത്."രാഷ്ട്രത്തിന്റെസ്വാതന്ത്ര്യത്തിനു വേണ്ടി എഴുതിയതിന്റെ പേരില്‍ നാടുകടത്തപ്പെട്ട പത്രപ്രവര്‍ത്തകന്‍"ആണത്രേ സ്വദേശാഭിമാനി രാമകൃഷ്ണപിള്ള! തിരുവിതാം കൂര്‍ ദിവാനായിരുന്ന പി.രാജഗോപാലാചാരിയെ നിശിതമായി വിമര്‍ശിച്ച് എഴുതിയ മുഖപ്രസംഗത്തിന്റെ പേരിലാണ് അദ്ദേഹം നാടുകടത്തപ്പെട്ടത്.അല്ലതെ സ്വാതന്ത്ര്യത്തിനു വേണ്ടി എഴുതിയതിനല്ല.പെണ്ണെഴുത്തു പോരാളി
കളുടെ വിവരക്കേടിന്റെ വീര ചരിതങ്ങള്‍ ഇങ്ങനെ ചൂണ്ടിക്കാണിക്കാന്‍ തുടങ്ങിയാല്‍ അവസാനം കാണില്ല.

സ്വന്തം കുടുംബത്തിലോ പരിചയത്തിലോ ഉള്ള പുരുഷന്മാര്‍ ചെയ്ത കടുംകൈകളാകാം ഇവരെ ഇങ്ങനെ ആണ്‍ വെറു
പ്പികളാക്കിയത്.സ്വന്തം അനുഭവത്തിന്റെ ബലത്തില്‍ മാത്രം പുരുഷ വര്‍ഗ്ഗം ഒന്നടങ്കം വനിതകളുടെ ശത്രുക്കളാ
ണെന്ന നിഗമനത്തില്‍ എത്തിച്ചേരുന്നത് ശുദ്ധ അസംബന്ധമാണ്.ഇത്തരം അബദ്ധ ധാരണകളുടെ അടിസ്ഥാന
ത്തില്‍ ആണുങ്ങള്‍ക്കു നേരേ അപവാദ വ്യവസായത്തിന് ഒരുങ്ങുന്നതാകട്ടെ തീര്‍ത്തും അനാരോഗ്യകരവും. സ്ത്രീ വര്‍ഗ്ഗ
ത്തിനു വേണ്ടിയാണെന്ന മട്ടില്‍ തട്ടിവിടുന്ന കഥയില്ലായ്മകളും അല്പവിജ്ഞാനവും ഇവരെക്കുറിച്ച് അവമതിപ്പേ ഉണ്ടാ
ക്കൂ.സര്‍ഗ്ഗാത്മകതയുടെ മിന്നലാട്ടമുള്ള നാലു വരി എഴുതാന്‍ കഴിവില്ലാത്തവര്‍ ആളാകാന്‍ വേണ്ടി കാട്ടുന്ന വിക്രിയ
കളാണ് പെണ്ണെഴുത്ത് ലേബലൊട്ടിച്ചു നടത്തുന്ന ഈ പുരുഷ വിദ്വേഷ പ്രചരണം.മൗലിക കൃതികള്‍ സൃഷ്ടിക്കാനു
ള്ള ശേഷിയോ വൈഭവമോ ഇല്ലാത്ത സര്‍ഗ്ഗവന്ധ്യകള്‍ സ്വന്തം കഴിവുകേട് വിദ്വേഷ വായ്ത്തരികള്‍ കൊണ്ട് മറയ്ക്കാന്‍ ശ്രമിക്കയാണ്.


Fans on the page

Saturday, February 27, 2010

മോഹന്‍ലാല്‍ അമ്മാവനും ഇന്നസന്റ് അപ്പച്ചനും

"മലയാള സിനിമയുടെ ഇപ്പൊഴത്തെ പ്രശ്നം സുകുമാര്‍ അഴീക്കോടാണ്" എന്ന് "അമ്മ"പ്രസിഡന്റ് ഇന്നസെന്റ്.

"സുകുമാര്‍ അഴീക്കോട് തമാശ പറയുന്നു" എന്ന് സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍.

"അതിസുന്ദരന്മാരോട് അഴീക്കോടിന് അസൂയ ആണെ"ന്ന് മലയാളത്തിലെ ഏക കഥാകൃത്തും
പരമ സുന്ദരനുമായ റ്റി.പത്മനാഭന്‍ !!

മോഹന്‍ലാല്‍ ഫാന്‍സ് അസ്സോസിയേഷന്‍ നാടു നീളെ നടന്ന് അഴീക്കോടിന്റെ കോലം കത്തിക്കുന്നു.

ഇങ്ങനെ ആക്രമിക്കപ്പെടാന്‍ തക്ക എന്തു ഭീകരപ്രവര്‍ത്തനമാണ് പ്രൊ.സുകുമാര്‍ അഴീക്കോട്
മലയാള സിനിമയ്ക്കെതിരെ നടത്തിയത്?

സംവിധായകന്‍ വിനയന്റെ ചിത്രത്തില്‍ അഭിനയിച്ചതിന്റെ പേരില്‍, കരാര്‍ ഒപ്പിട്ട മറ്റൊരു സിനിമയില്‍ നിന്നും തന്നെ ഒഴിവാക്കിയ വിവരം ഒരു പത്രസമ്മേളനത്തില്‍ തിലകന്‍ വെളിപ്പെടുത്തി.ചില സൂപ്പര്‍ സ്റ്റാര്‍ മാരും ഫെഫ്ക യുമാണ് അതിനു പിന്നിലെന്നും താര സംഘടനയായ "അമ്മ"യുടെ പക്കല്‍ പരാതിപ്പെട്ടിട്ട് ഇതുവരെയും ഒരു ഫലവും ഉണ്ടായില്ല എന്നും ശ്രീ.തിലകന്‍ പറഞ്ഞു.മാത്രമല്ല പരാതി നല്‍കിയത് അച്ചടക്ക ലംഘനമായി വ്യാഖ്യാനി
ച്ച് തിലകനെതിരെ നടപടിയുടെ വാളുമോങ്ങി നില്പാണത്രെ"അമ്മ".

അപ്പോഴാണ് എ.ഐ.വൈ.എഫ് ന്റെ സാംസ്കാരിക സമ്മേളനത്തില്‍ പങ്കെടുത്ത പ്രൊ. സുകുമാര്‍ അഴീക്കോട്, തിലകനെപ്പോലൊരു വലിയ നടനെ അഭിനയത്തില്‍ നിന്നു വിലക്കുന്നത് കലയോടു ചെയ്യുന്ന അപരാധമാണെന്നു പറഞ്ഞത്.ഉപ്പിന്റെ ഉപ്പില്ലാതാക്കുന്നതു പോലെയാണതെന്നും അഭിപ്രായപ്പെട്ടു.താമസിയാതെ എ.ഐ.റ്റി.യു.സി യും കാനം രാജേന്ദ്രനും തിലകനു പിന്തുണയുമായെത്തി.അഭിനയ വൈഭവത്തില്‍ തിലകന്റെ മുമ്പില്‍ ഒന്നുമല്ലാത്ത ഇപ്പോഴത്തെ സൂപ്പര്‍ സ്റ്റാറുകള്‍ അദ്ദേഹത്തിനെ ഒതു ക്കാന്‍ ശ്രമിക്കുന്നു എന്ന് വാര്‍ത്തയിറക്കിയത് തിലകനല്ല;ചില മാദ്ധ്യമങ്ങള്‍ തന്നെയായിരുന്നു.വിനയന്റെ പടത്തില്‍ അഭിനയിച്ചവര്‍ക്കും മറ്റു ജോലി ചെയ്തവര്‍ക്കും ഏര്‍പ്പെടുത്തിയ അപ്രഖ്യാപിത ഊരുവില ക്കിന്റെ ഭാഗമാണ് കരാര്‍ ചെയ്യപ്പെട്ട പടത്തില്‍ നിന്നും വെട്ടി നീക്കിയത്.യഥാസ്ഥാനങ്ങ
ളില്‍ പരാതിപ്പെട്ടിട്ടും പ്രയോജനമില്ലെന്നു കണ്ടപ്പോഴാണ് തിലകന്‍ പരസ്യമായി രംഗത്തെത്തിയത്.

തന്നെ അഭിനയിപ്പിക്കാത്തത് നടന്റെ തൊഴില്‍ നിഷേധമാണെന്നും അതിനു പരിഹാരം കാണണമെന്നും തിലകന്‍
ആവശ്യപ്പെട്ടപ്പോള്‍, ഏതു തിലകന്‍? എന്തു തിലകന്‍?ഏന്തു സിനിമ?ഏതു സിനിമ?എന്ത് അഭിനയം? എന്നൊക്കെ പരിഹസിച്ച്,പുച്ഛിച്ച്,അവഗണിച്ച് രസിച്ച "അമ്മ"യും"അച്ഛ"നും "അമ്മാച്ച"നും അഴീക്കോട് രംഗത്തു വന്നതോടെ ഇരിക്കപ്പൊറുതിയില്ലാതെ ആയി.അദ്ദേഹം പറഞ്ഞതു പോലെ, തൊഴിലും നടന്റെ അവകാശങ്ങളും നിഷേധിക്കപ്പെ
ടുന്നതു മനസ്സിലാക്കാന്‍ സിനിമയുടെ രസതന്ത്രം അറിയണമെന്നില്ല എന്ന് മലയാളി തിരിച്ചറിഞ്ഞു.

തിലകനോടു നീതി കാണിക്കണം എന്ന് വളരെ സൗമ്യമായാണ് അഴീക്കോടു ആദ്യം പറഞ്ഞത്.പക്ഷേ കുറ്റബോധം ഉള്ളിലുള്ളതുകൊണ്ട് പലര്‍ക്കും തുള്ളല്‍ തുടങ്ങി.നിര്‍മ്മാതാക്കളെ പറ്റിച്ചും സഹനടന്മാരെ കബളിപ്പിച്ചും താരങ്ങള്‍ക്കും താരസംഘടനയ്ക്കും മാനക്കേടുണ്ടാക്കിയ ദിലീപിനെതിരെ ഇന്നേവരെ ഒരു നടപടിയും എടുത്തിട്ടില്ല. ഫാന്‍സ് പട എന്ന ഇത്തിള്‍ക്കണ്ണികളെക്കുറിച്ച് ആദ്യം പറഞ്ഞ ജഗതിയ്ക്കെതിരെ സൂപ്പര്‍സ്റ്റാറുകളും "അമ്മ"യും 'കമാ'ന്നു മിണ്ടിയി
ട്ടില്ല. അപ്പോള്‍ നാട്ടുകാരെ ആശയക്കുഴപ്പത്തിലാക്കാന്‍ എന്തെങ്കിലും ചെയ്യണം.അഴീക്കോടിനെ വിരട്ടിക്കളയാം എന്ന് അവരുടെ കൊച്ചു ബുദ്ധി ഉപദേശിച്ചു.സിനിമാ സ്റ്റൈലില്‍ "വഴിമാറടാ മുണ്ടക്കല്‍ ശേഖരാ"എന്നു പറയാനുറ
ച്ച് ഫോണ്‍ വിളിച്ചപ്പോള്‍ സംഗതിയാകെ മറിഞ്ഞു.യാതൊരു ക്ഷോഭവുമില്ലാതെ,"മോഹന്‍ ലാലും മമ്മൂട്ടിയും വലിയ നടന്മാരല്ലെ.നിങ്ങള്‍ വേണ്ടേ തിലകന്റെ പ്രശ്നം പരിഹരിക്കാന്‍ മുന്‍ കൈ എടുക്കേണ്ടത്?നിങ്ങള്‍ ഒരു മേശയ്ക്കു ചുറ്റുമിരുന്നു സംസാരിച്ചാല്‍ തീരാവുന്ന കാര്യമല്ലേ ഉള്ളു?"എന്ന അദ്ദേഹത്തിന്റെ ചോദ്യത്തിനു മുമ്പില്‍ സൂപ്പര്‍ സ്റ്റാര്‍ നിരായുധനായി."തിലകന്‍ ചേട്ടനോട് ആരു പറയും?"എന്ന താരസംശയത്തിന് "തിലകനോട് ഞാന്‍ പറയാം"
എന്ന് അഴീക്കോട് വാക്കും കൊടുത്തു.

മാദ്ധ്യങ്ങള്‍ വഴി ഈ വിവരം പുറത്തു വന്നപ്പോഴാണ് സൂപ്പര്‍സ്റ്റാര്‍ അപകടം മണത്തത്."അമ്മ"യുടെ സെക്രട്ടറി
യായ താന്‍ പ്രസിഡന്റായ ഇന്നസെന്റിനോടു പോലും ആലോചിക്കാതെയാണ് പ്രശ്നം പരിഹരിക്കാം എന്ന് പറഞ്ഞ
ത്.രക്ഷപ്പെടാന്‍ ഒറ്റ വഴിയേ ഉള്ളു.താന്‍ അങ്ങനെ അഴീക്കോടിനോടു പറഞ്ഞിട്ടില്ല എന്ന് തറപ്പിച്ചങ്ങ് പറയുക.
"മാഷിന് മതിഭ്രമമാണ്.അദ്ദേഹം പറഞ്ഞത് ഒരു അമ്മാവന്‍ തമാശയായിട്ട് എടുത്താല്‍ മതി"എന്നയി മോഹന്‍ ലാല്‍.മുമ്പ് മുഖ്യമന്ത്രിയുടെ ശബ്ദത്തില്‍ ഏതോ മിമിക്രിക്കരന്‍ അഴീക്കോടിനെ പറ്റിച്ച കഥയറിയാവുന്നവര്‍ ഇതും ആരെങ്കിലും പറ്റിച്ചതാകാമെന്നു ധരിച്ചുകൊള്ളുമെന്ന് മോഹന്‍ ലാലിന്റെ സിനിമാബുദ്ധി വിചാരിച്ചു.പക്ഷേ കാണാതെ പഠിച്ചു വച്ച ഡയലോഗുകള്‍ പത്രക്കാരുടെ ചോദ്യങ്ങള്‍ക്കു മുമ്പില്‍ മറന്നുപോയി. സത്യം വെളിച്ചത്തു വന്നു.
എല്ലാവരും ഇന്നസെന്റിനെപ്പോലെ എട്ടാം ക്ലാസ്സും തട്ടിപ്പുമല്ലല്ലോ.

വാസ്തവം പുറത്തായപ്പോള്‍ അഴീക്കോടിനെതിരെ ആക്രോശമായി.അയാള്‍ ആരാണ് സിനിമരംഗത്തെ പ്രശ്നങ്ങള്‍ക്കു മദ്ധ്യസ്ഥത വഹിക്കാന്‍?എന്നായി ക്ഷുഭിതനായ സൂപ്പര്‍ സ്റ്റാര്‍.പുസ്തകം എഴുതിയെന്നു വിചാരിച്ച് ഒരാള്‍ മഹാനാകു
മോ?തുടങ്ങി തരം താണ ചന്തവര്‍ത്തമാനങ്ങള്‍ വരെ അഴീക്കോടിനെതിരെ മോഹന്‍ ലാലിന്റെ മോഹന വദന
ത്തില്‍ നിന്നും പുറപ്പെടാന്‍ തുടങ്ങി.എരി കേറ്റാന്‍ റ്റി.പത്മനാഭനെപ്പോലുള്ള കോടാലിക്കൈകളും കൂടി ആയപ്പോള്‍ രംഗം കൊഴുത്തു.

അര നൂറ്റാണ്ടിലേറെക്കാലം അദ്ധ്യാപനത്തിന്റെ വിവിധ മേഖലകളില്‍ വിജയകരമായി പ്രവര്‍ത്തിച്ച ഡോ. സുകുമാര്‍
അഴീക്കോടിനെപ്പോലുള്ള ഒരു അദ്ധ്യാപക ശ്രേഷ്ഠനെപ്പറ്റി അമാന്യമായ തെരുവു സാഹിത്യം വിളമ്പി സ്വയം വെളിപ്പെ
ടുകയായിരുന്നു മോഹന്‍ലാല്‍.ഒരു വലിയ നടന്റെ മേക്കപ്പല്ല,മുഖം മൂടിയാണ് ,വികല പ്രതികരണങ്ങളിലൂടെ അഴി
ഞ്ഞു വീണത്.മഹത്തായ കഥാപാത്രങ്ങളെ മഹാനടന്മാര്‍ അഭിനയിച്ചു ഫലിപ്പിച്ചത് ,അവരുടെ ആകാരം മാത്രമല്ല ആശയവും സ്വാംശീകരിച്ചിട്ടാണെന്നാണ് ജനം ധരിച്ചിട്ടുള്ളത്.മോഹന്‍ ലാലിനെക്കുറിച്ചും അങ്ങനെയാണ് കരുതിയി
രുന്നതും.സിനിമയില്‍ ഡയലോഗ് കാണാതെ പഠിച്ചു പറയുന്ന പോലെയാണ് പ്രൊഫസര്‍ പണിയെന്ന് വിളിച്ചു കൂവിയതില്‍ നിന്നും മഹാനടന്റെ ചെമ്പു തെളിഞ്ഞു പോയി.

ഇദ്ദേഹത്തിന്റെ ബ്ലോഗില്‍ പ്രത്യക്ഷപ്പെടാറുള്ള ഭേദപ്പെട്ട പോസ്റ്റുകളുടെ യഥാര്‍ത്ഥ കര്‍തൃത്വത്തെ ക്കുറിച്ചും ഇപ്പോള്‍
സംശയിക്കേണ്ടിയിരിക്കുന്നു.സിനിമയില്‍ സ്റ്റണ്ട് രംഗങ്ങളും സാഹസിക രംഗങ്ങളും ഡൂപ്പിനെ വച്ച് അഭിനയിപ്പിക്കുന്ന
തു പോലെ സൂപ്പര്‍ സ്റ്റാറിന്റെ ബ്ലോഗിലെ എഴുത്തും ഡൂപ് സൃഷ്ടികളാകുമോ?

ഫാന്‍സ് അസ്സോസിയേഷന്‍ എന്ന പേരില്‍ സൂപ്പര്‍ സ്റ്റാറുകള്‍ വളര്‍ത്തുന്ന ഗുണ്ടാപ്പടകള്‍ കോലം കത്തിച്ചാല്‍ ചാരമാകുന്നതല്ല സുകുമാര്‍ അഴീക്കോട് എന്ന മഹാമേരു.അമൃതാനന്ദമയി മാരെ അമ്മ എന്നു വിളിച്ച് കാല്‍ കഴുകി കുടിച്ചും കുമ്പിട്ടും നടക്കുന്ന മോഹന്‍ ലാലിന് എങ്ങനെയാണ് 'തത്ത്വമസി' യുടെ മഹത്വം മനസ്സിലാകുക?

സൂപ്പര്‍ സ്റ്റാറുകളും അവരുടെ കൂലിപ്പട്ടാളങ്ങളും കൂലി എഴുത്തുകാരും കൂടി മലയാള സിനിമയെ എത്ര വലിയ ഗര്‍ത്ത
ത്തിലാണ് തള്ളിയിട്ടിരിക്കുന്നത് എന്ന് ഗൗരവമായി ചിന്തിക്കുവാന്‍ ഈ വിവാദം വഴിതെളിച്ചിട്ടുണ്ട്.എന്തായാലും സുകുമാര്‍ അഴീക്കോട് എന്ന പൊതു ശത്രുവിനെ കിട്ടിയതു കൊണ്ട് മോഹന്‍ലാലിനെതിരെ മമ്മൂട്ടിയുടെയും മമ്മൂട്ടിയ്ക്കെ
തിരെ മോഹന്‍ ലാലിന്റെയും ഫാന്‍സ് ഗുണ്ടകള്‍ നടത്തിക്കൊണ്ടിരിക്കുന്ന അപവാദ പ്രചരണങ്ങള്‍ക്കും സിനിമാ അലങ്കോലപ്പെടുത്തലുകള്‍ക്കും ചെറിയ ശമനമുണ്ടായിട്ടുണ്ട്.അത്രയെങ്കിലും പ്രയോജനം സിനിമ കാണാത്ത അഴീക്കോ
ടിനെക്കൊണ്ട് സിനിമാ ലോകത്തിനുണ്ടായല്ലോ? തിലകന്‍ പ്രശ്നവും അങ്ങനെ സിനിമാക്കാര്‍ തന്നെ പരിഹരിക്കുമെ
ന്നു പ്രതീക്ഷിക്കാം.



Fans on the page

Saturday, February 13, 2010

ചാനല്‍ മുന്‍ഗണനകള്‍

ലോകപ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞന്‍ ഡോ.കെ എന്‍.രാജ്,ഫെബ്രുവരി 10 ന് അന്തരിച്ചു.അന്നു തന്നെയാണ്
സിനിമാ ഗാനരചയിതാവും തിരക്കഥാകൃത്തുമായ ഗിരീഷ് പുത്തഞ്ചേരിയും മരിച്ചത്.പ്രകൃതി ദുരന്തങ്ങളും മരണവും കൊലപാതകവും ആഘോഷമാക്കുവാന്‍ കാത്തിരുന്ന ചാനലുകള്‍ക്ക്,വിശേഷിച്ച് ന്യൂസ് ചനലുകള്‍ക്ക്,അടുത്തയിട വീണുകിട്ടിയ വലിയ ഒരു കനിയായിരുന്നു ഡോ.കെ എന്‍.രാജിന്റെ മരണ വാര്‍ത്ത.കേരളത്തിന്റെ മഹാനായ പുത്ര
ന് അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ ആ വാര്‍ത്ത എല്ലാ ചാനലുകളും സമ്പ്രേഷണം ചെയ്തു.അപ്പോഴാണ് ഗിരീഷ്
പുത്തഞ്ചേരിയുടെ മരണം സംഭവിക്കുന്നത്.

ഉണക്കില തിന്നുകൊണ്ടിരുന്ന ആട് പച്ചില കണ്ടപ്പോഴെന്നതു പോലെ,ഡോ.രാജിനെ വഴിയില്‍ ഉപേക്ഷിച്ച് ഗിരീഷ് പുത്തഞ്ചേരിയുടെ പിറകേ പോയി ചാനലുകള്‍.85 വയസ്സുള്ള ഡോ.കെ.എന്‍.രാജിനേക്കാള്‍ 45 കാരനായ ഗിരീഷി
ന്റെ മരണം നടുക്കമുണ്ടാക്കുന്നതാണ്.സിനിമാ രംഗവുമായി ബന്ധപ്പെട്ട വ്യക്തിയാകുമ്പോള്‍ ജനപ്രിയതയും ഏറും.
പുതിയ മരണത്തിന്,മുമ്പു നടന്ന മരണത്തെക്കാള്‍ വാര്‍ത്താ പ്രാധാന്യം കൂടും എന്നതും ശരിയാണ്.രണ്ടാമത്തെ മരണം റിപ്പോര്‍ട്ടു ചെയ്തു കഴിയുന്നതോടെ അതും പഴയതായി മാറും.പിന്നെ മരണപ്പെട്ട വ്യക്തിയുടെ നില അനുസ
രിച്ച് മുന്‍ ഗണന തീരുമാനിച്ചു വേണം തുടര്‍ സമ്പ്രേഷണം.അതാണ് മര്യാദ.

മിക്കവാറും എല്ലാചാനലുകളും സിനിമായുടെ മായിക വലയത്തില്‍ പെട്ട് പുത്തഞ്ചേരിയുടെ മരണാനന്തര ദൃശ്യങ്ങള്‍ നല്‍കാനാണ് തുനിഞ്ഞത്.ഡോ.രാജിന്റെ മരണാനന്തര വാര്‍ത്തകള്‍ ഒന്നോ രണ്ടോ വാചകങ്ങളില്‍ ഒതുക്കി.പകരം മറ്റേ മരണം ലൈവാക്കി.

ഗിരീഷ് പുത്തഞ്ചേരി ഭേദപ്പെട്ട ഗാന രചയിതാവായിരുന്നു.ഒരുപിടി നല്ല ഗാനങ്ങള്‍ അദ്ദേഹം മലയാള സിനിമയ്ക്ക് സംഭാവന ചെയ്തിട്ടുണ്ട്.സമീപ കാല മലയാള സിനിമയുടെ അവിഭാജ്യ വ്യക്തിത്വങ്ങളില്‍ ഒന്നായിരുന്നു എന്നു തന്നെ പറയാം.പക്ഷേ ഡോ.കെ.എന്‍.രാജിനെ അധ:കരിക്കത്തക്ക മഹത്വം അദ്ദേഹത്തിന് ഉണ്ടായിരുന്നു എന്ന് അദ്ദേഹ
ത്തിന്റെ കടുത്ത ആരാധകര്‍ പോലും പറയില്ല.

ഒന്നാം പഞ്ചവത്സര പദ്ധതി മുതല്‍ ഭാരതത്തിന്റെ ആസൂത്രണത്തിനു ചുക്കാന്‍ പിടിച്ചവരില്‍ പ്രമുഖന്‍,ജവഹര്‍ലാല്‍ നെഹ്രു മുതല്‍ നരസിംഹ റാവു വരെയുള്ള പ്രധാനമന്ത്രിമാരുടെ സാമ്പത്തിക ഉപദേഷ്ടാവ്,ധനകാര്യ കമ്മീഷന്‍ അംഗം,18 വര്‍ഷം ഡല്‍ഹി സര്‍ വ്വകലാശാലയില്‍ പ്രൊഫസര്‍, ഡല്‍ഹി യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍,
തുടങ്ങി നിരവധി മേഖലകളില്‍ പ്രവര്‍ത്തിച്ച പ്രതിഭാധനനായിരുന്നു ഡോ.കെ.എന്‍ രാജ്.ഡല്‍ഹി സ്കൂള്‍ ഓഫ് എക്കണോമിക്സിന്റെ സ്ഥാപകരില്‍ ഒരാളായിരുന്ന അദ്ദേഹമാണ് കേരളത്തില്‍ സെന്റര്‍ ഫോര്‍ ഡെവലപ് മെന്റ് സ്റ്റഡീസ്(സി.ഡി.എസ്) സ്ഥാപിക്കുവാന്‍ മുന്നിട്ടു നിന്നതും. അന്നത്തെ മുഖ്യമന്ത്രി സ.സി.അച്യുതമേനോന്റെ ക്ഷണമനുസരിച്ച് ഇവിടെ വന്ന അദ്ദേഹം സി ഡി.എസ്സ് സ്ഥാപിക്കുക മാത്രമല്ല അതിന് അന്താരാഷ്ട്ര പ്രശസ്തിയും അംഗീകാരവും നേടിക്കൊടു ക്കുകയും ചെയ്തു.ഡല്‍ഹി സര്‍വ്വകലാശാലയുടെ വൈസ് ചാന്‍സലര്‍ പദം ഉപേക്ഷിച്ചാ
ണ് സി ഡി എസ്സ് സ്ഥാപിക്കുവാന്‍ കേരളത്തില്‍ എത്തിയതെന്നു കൂടി ഓര്‍ക്കണം.

ആധുനിക ഭാരതത്തിന്റെ വികസനപ്രക്രിയയ്ക്ക് അടിസ്ഥാനമിട്ടവരുടെ കൂട്ടത്തില്‍ പ്രമുഖനായ ഈ വിഖ്യാത സാമ്പത്തി
കശാസ്ത്ര പ്രതിഭയ്ക്ക് ഒരു പകരക്കാരന്‍ അടുത്തെങ്ങും ഉണ്ടാകാന്‍ പോകുന്നില്ല.ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ട
മഹാനായ കേരളീയനെയാണ് ചാനലുകള്‍ സിനിമാക്കാര്‍ക്കു വേണ്ടി അവഗണിക്കുകയോ പിന്നിലാക്കുകയോ ചെയ്തത്.
അതു വഴി ഡോ. രാജിനെ മാത്രമല്ല ഗിരീഷ് പുത്തഞ്ചേരിയേയും അവഹേളിക്കുകയണ് ചെയ്തതെന്ന് ചാനല്‍ പൈങ്കി
ളികള്‍ അറിയുന്നില്ല.

ഡോ.കെ.എന്‍.രാജിന്റെയും ഗിരീഷ് പുത്തഞ്ചേരിയുടെയും ഓര്‍മ്മയ്ക്കു മുമ്പില്‍ ആദരാഞ്ജലികള്‍.

Fans on the page

Tuesday, January 12, 2010

ശവഭക്തര്‍

എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിമോര്ച്ചറിയില്‍ സൂക്ഷിച്ചിരുന്ന ഒരു മൃതശരീരം കാണാതായത്രെ. മറ്റൊരാളുടെ ബന്ധുക്കള്‍ വാങ്ങിക്കൊണ്ടു പോയി സംസ്കരിച്ചു എന്നാണ് ആശുപത്രി അധികൃതരുടെ ഭാഷ്യം. എറണാകുളത്തെ ഒരു ജഡ്ജിയുടെ ഭാര്യാപിതാവിന്റെ ജഡമാണ് ഇങ്ങനെ അന്യര്‍ അന്ത്യകര്മ്മങ്ങള്‍ ചെയ്ത് അടക്കിയത്. ഇതേ ആശുപത്രിയിലെ മോര്ച്ചറിയില്‍ സൂക്ഷിച്ചിരുന്ന തിരുവനന്തപുരം സ്വദേശിയുടെ മൃതദേഹമാണെന്നു കരുതി അദ്ദേഹത്തിന്റെ അനന്തരാവകാശികളാണ് ജഡ്ജിയുടെ ശ്വശുരന്റെ മൃതദേഹം കൊണ്ടുപോയത്.തിരുവനന്തപുരത്തുകാരന്റെ യഥാര്‍ത്ഥ ശവത്തിന് എന്തു പറ്റി എന്ന് വ്യക്തമല്ല.

ചിതാഭസ്മം യഥാര്ത്ഥ അവകാശികള്ക്കു നല്കി ശവമാറ്റക്കേസ് അവസാനിപ്പിച്ചു എന്നാണു തോന്നുന്നത്.എങ്കിലും ഈ സംഭവം
ഒരുപാട് സാമൂഹിക സത്യങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ട്.

വാഹനാപകടമോ ജല ദുരന്തമോ തീപ്പൊള്ളലോ മൂലമായിരുന്നില്ല രണ്ടു പേരും മരിച്ചത്; വാര്ദ്ധക്യ സഹജമായ അസുഖം ബാധിച്ചായിരുന്നു.തിരുവനന്തപുരത്തെ പരേതന്റെ മക്കളോ സഹോദരങ്ങളോ മറ്റ് അടുത്ത ബന്ധുക്കളോ ആയിരുന്നിരിക്കണം അന്യശവം ഏറ്റുവാങ്ങി സംസ്ക്കരിച്ചത്.മറ്റൊരാളുടെ മൃത ദേഹം സ്വന്തം പിതാവിന്റെയോ സഹോദരന്റെയൊ ആണെന്നു കരുതിയവരുടെ ബന്ധുത്വം എത്ര അഗാധമായിരിക്കണം !

ജീവിച്ചിരിക്കെ സ്നേഹമോ ദയയോ അല്പം പോലും കാണിക്കാതിരിക്കുകയും മരിച്ചു കഴിയുമ്പോള്‍ ആഘോഷപൂര്‍വ്വം മരണാനന്തര ചടങ്ങുകള്‍ നടത്തുകയും ചെയ്യുന്നത് ഇപ്പോള്‍ പതിവായിരിക്കുന്നു.അതിന്റെ ഏറ്റവും ജുഗുപ്സാവഹമായ ഉദാഹരണമാണ് ഇത്.അച്ഛനമ്മമാര്ക്ക് അവശ്യം വേണ്ട ചികിത്സയോ ശുശ്രൂഷ
യോ യഥാ സമയം ചെയ്യാതിരുന്നിട്ട് ചത്തു കഴിഞ്ഞപ്പോള്‍ ആര്ഭാടമായി സഞ്ചയനവും പതിനാറടി
യന്തിരവും നടത്തിയ നിരവധി മക്കളെ എനിക്കറിയാം.അങ്ങനെ ആഘോഷിക്കാന്‍ പാകത്തില്‍ ഒരെണ്ണം വേണമെന്നേ ഇവരും കരുതിയിട്ടുണ്ടാകൂ.

മരണ ശേഷം,ശവം ദഹിപ്പിക്കുന്നതോ കുഴിച്ചിടുന്നതോ ഏതാണു നല്ലതെന്ന് ഒരാള്‍ ചോദിച്ചപ്പോള്‍ ''അത്
ചക്കിലിട്ടാട്ടി തെങ്ങിന് വളം വയ്ക്കുന്നതാണു നല്ലത്" എന്നാണ് ശ്രീനാരായണഗുരു മറുപടി പറഞ്ഞത്.
തന്റെ അമ്മയുടെ മൃതദേഹം സംസ്ക്കരിക്കാന്‍ ബന്ധുക്കളും സമുദായക്കാരും സഹകരിക്കാതിരുന്നപ്പോള്‍ ശങ്കരാചര്യര്‍ തനിയെ അത് സംസ്കരിക്കുകയായിരുന്നു.വേദാന്തത്തിന്റെ മറുകര കണ്ട രണ്ടു മഹാചാര്യന്മാര്‍ മരണാനന്തര കര്‍മ്മങ്ങളുടെ അന്തസ്സാരശൂന്യത വെളിവാക്കിയിട്ടും പേട്ടു ജ്യോത്സ്യന്മാരുടെയും വരട്ടു തന്ത്രിമാരുടെയും വാക്കുകളുടെ പിന്നാലെയാണ് ആളുകള്‍ പോകുന്നത്.

വിവാഹം ആര്‍ഭാടപൂര്‍ണ്ണമാക്കി സ്റ്റാറ്റസ് പ്രകടിപ്പിക്കാന്‍ കേരളീയര്‍ കാട്ടുന്ന വ്യഗ്രത അശ്ലീലകരമാണ്.
മരണാനന്തര ചടങ്ങുകള്‍ അതിനെയും കവച്ചു വയ്ക്കുമെന്നാണ് ഇതൊക്കെ കാണുമ്പോള്‍ തോന്നുന്നത്.അന്ധ
വിശ്വാസം കൂടുകയും പരസ്പര വിശ്വാസവും സ്നേഹവും കുറയുകയും ചെയ്യുന്നതിന്റെ ഫലമാണിത്.ഇത്തരം അവസ്ഥ ഒരു പരിഷ്കൃത സമൂഹത്തിനും ഭൂഷണമല്ല.


Fans on the page

Thursday, December 24, 2009

പര്‍ദ വിശുദ്ധ വസ്ത്രമോ?



സ്ത്രീയെ ആപാദചൂഡം മറയ്ക്കാന്‍ ഉപയോഗിക്കുന്ന പര്‍ദ എന്ന കറുത്ത വസ്ത്രം വിശുദ്ധിയുടെ
പ്രതീകമാണോ?വൈദികരുടെ ളോഹ പോലെയും കന്യാസ്ത്രീകളുടെ തിരുവസ്ത്രം പോലെയും പവി
ത്രമായതാണോ ഈ വസ്ത്രവും?അറിഞ്ഞു കൂടാത്തതു കൊണ്ടു ചോദിച്ചുപോകുന്നതാണ്.ഇപ്പോള്‍ ഇങ്ങ
നെ സംശയം ഉദിക്കാന്‍ കാരണവുമുണ്ട്.

പുതിയ മതേതര വാദിയും സാമ്രാജ്യത്വ വിരുദ്ധ വീരനും പിണറായിപ്രിയനുമായ മദനി ,തന്റെ ഭാര്യയു
ടെ അറസ്റ്റിനു മുമ്പും പിമ്പും നടത്തിയ പത്ര സമ്മേളനങ്ങളിലും ചാനല്‍ ചര്‍ച്ചകളിലും ആവര്‍ത്തിച്ചു പറഞ്ഞ ഒരു കാര്യമുണ്ട്.അഞ്ചു നേരം നിസ്കരിക്കുന്ന, പര്‍ദയിട്ട സ്ത്രീയെ ഇന്ത്യയില്‍ ആദ്യമായാ
ണ് പോലീസ് അറസ്റ്റ് ചെയ്യുകയും 'ഹരാസ്' ചെയ്യുകയും ചെയ്യുന്നതെന്ന്!അപ്പോള്‍ നിസ്ക്കരിക്കുന്നതും പര്‍ദയിടുന്നതും ഒരുപോലുള്ള പുണ്യകര്‍മ്മമാകണം!!

മതപരമായി വിശുദ്ധമെന്നു കരുതുന്ന ളോഹ ധരിച്ച ചില വൈദികരും തിരു വസ്ത്രം ധരിച്ച ചില
കന്യാസ്ത്രീകളും ചെയ്തത് എന്താണെന്ന് അഭയക്കേസ്സില്‍ നാം കണ്ടതാണ്.ഭാരതം,പണ്ടു മുതല്‍ പുണ്യ വസ്ത്രമായി കരുതിയിരുന്ന കാഷായം ധരിച്ചു കൊണ്ട് ഒരു ശങ്കരാചാര്യരും പ്രജ്ഞാ സിംഗ് എന്ന സന്യാസിനിയും ചെയ്തതും എല്ലാവര്‍ക്കും അറിയാം.അതുകൊണ്ട് ധരിക്കുന്ന വസ്ത്രം നോക്കി
യല്ല;ചെയ്യുന്ന പ്രവൃത്തി ആസ്പദമാക്കിയാണ് ഒരാള്‍ കുറ്റവാളിയാണോ നിരപരാധിയാണോ എന്നു തീരുമാനിക്കേണ്ടത്.

ആനിലയ്ക്ക് പു.സ.(പുതിയ സഖാവ്)അബ്ദുള്‍ നാസര്‍ മദനി പര്‍ദയുടെ പവിത്രതയേയും നിസ്കാര
ത്തിന്റെ മഹത്വത്തേയും തന്റെ ഭാര്യയുടെ അറസ്റ്റുമായി ബന്ധപ്പെടുത്തി രോഷം കൊണ്ടതിന്റെ ധ്വനി ആര്‍ക്കും മനസ്സിലാകുന്നതേ ഉള്ളു.മതചിഹ്നങ്ങള്‍ക്ക് മദനി നല്‍കിയഅതിരു കവിഞ്ഞ,ആവര്‍ത്തി ച്ചുള്ള ഊന്നല്‍, അദ്ദേഹം ബോധപൂര്‍വ്വം കുറച്ചു നാള്‍ മറച്ചു വച്ച മത തീവ്രതയുടെ വികൃതമുഖം വെളി
വാക്കുകയാണ് ചെയ്തത്.
Fans on the page

Wednesday, December 9, 2009

സ്വാമി അയ്യപ്പന്റെ ശക്തി !



ഭക്തവത്സനും കരുണാവാരിധിയും ഒക്കെ ആയ സാക്ഷാല്‍ ധര്‍മ്മ ശാസ്താവിന്,ഇരിക്കുന്ന
സ്ഥലത്തിന് അനുസരിച്ച് ശക്തി വര്‍ദ്ധിക്കുമോ?കുളത്തുപ്പുഴയിലും ആര്യങ്കാവിലും അച്ചന്‍ കോവിലിലും ശബരിമലയിലും അയ്യപ്പക്ഷേത്രങ്ങളുണ്ടെങ്കിലും ശബരിമലയിലെ അയ്യപ്പനു മാത്രം ഇത്ര ശക്തി വന്നതെങ്ങനെയാണ്? ദേവസ്വം ബോഡും അയ്യപ്പസേവാസംഘവും ക്ഷേത്രസം രക്ഷകരും എല്ലാം ശബരിമലയിലെ അയ്യപ്പനു മാത്രം അമിത പ്രാധാന്യം കല്പ്പിക്കുന്നതും ഭക്തരെല്ലാം കൂടി കെട്ടും കെട്ടി ശബരിമലയ്ക്ക് തിരിക്കുന്നതും എന്തുകൊണ്ടാണ്? മറ്റ്ക്ഷേത്രങ്ങളിലെ അയ്യപ്പന്മാര്‍ ചൈതന്യം കുറഞ്ഞവരായതിനാലാണോ അവിടെ ഭക്തകോടികള്‍ തള്ളിക്കയറാത്തത്?

ഭാരതത്തിലെ ദൈവങ്ങള്‍ക്ക് പ്രത്യേകം പ്രത്യേകം പോര്‍ട്ട്ഫോളിയോകളാണല്ലോ!ബ്രഹ്മാവിന്
സൃഷ്ടി,മഹാവിഷ്ണുവിന് സ്ഥിതി,പരമശിവന് സംഹാരം എന്നിങ്ങനെ.ഓരോ ദേവനും വെവ്വേറേ വകുപ്പുകള്‍ കല്പിച്ചു കൈകാര്യം ചെയ്യുന്നതു മനസ്സിലാക്കാം.ആ വകുപ്പനുസരിച്ച് ആര്‍ത്തത്രാണനം
ചെയ്യണമെങ്കില്‍ ഇന്ന സ്ഥലത്ത് പള്ളികൊണ്ടാലേ പറ്റൂ എന്നു വാശി പിടിക്കുന്നത് ദേവന്മാര്‍ക്കു
തീരെ യോജിച്ചതല്ല.ഉയരം കൂടിയ മലയും പൊന്നു കെട്ടിയ പതിനെട്ടാം പടിയും സ്വര്‍ണ്ണം പൂശിയ ശ്രീകോവിലും ഉള്ളിടത്ത് എത്തുന്ന ഭക്തന്മാരോടേ പ്രസാദിക്കൂ എന്നു ശഠിക്കുന്നത് നന്നോ?"കല്ലും മുള്ളും കാലുക്കു മെത്തയാക്കി" മല കയറി വന്നിരുന്ന ഭക്തര്‍ക്ക് ഇപ്പോള്‍ ''മെറ്റല്‍ ഡിറ്റക്റ്റര്‍ മേലുക്ക് മെത്തയാക്കി"യാലേ സന്നിധാനത്തില്‍ എത്താന്‍ കഴിയൂ.

ഭക്തി തലയ്ക്കു പിടിച്ച ജനസഞ്ചയത്തിന് യുക്തി ബോധം ഉണ്ടാകുമെന്നു കരുതുന്നതു വെറുതെയാണ്.
അയ്യപ്പന്റെ അവതാര കഥയില്‍ തുടങ്ങുന്ന അസംബന്ധ പ്രചാരണങ്ങള്‍ കണ്ണു മടച്ചു വിശ്വസിക്കുന്ന
വര്‍ ശബരിമലയിലെ അയ്യപ്പന് ദിവ്യത്വം ഏറുമെന്നു ധരിക്കുന്നതില്‍ അതിശയിക്കാനില്ല.ഹരിയും ഹര
നും കൂടി ഇണ ചേര്‍ന്നപ്പോളാണത്രേ മണികണ്ഠന്‍ ഉണ്ടായത്!ശിവ പാര്‍ വ്വതിമാര്‍ ആന വേഷമെടുത്ത് മധുവിധു കൊണ്ടാടിയപ്പോള്‍ ആനത്തലയുള്ള ഗണപതി ഉണ്ടായെന്ന കഥ അല്പം ഉപ്പും കൂട്ടിവേണമെ
ങ്കില്‍ വിഴുങ്ങാം.പക്ഷേ അസുരന്മാരെ ഭ്രമിപ്പിക്കാന്‍ മോഹിനിയുടെ വേഷം കെട്ടിയ മഹാവിഷ്ണുവില്‍ പരമശിവന്‍ പുത്രോല്പാദനം നടത്തിയെന്നും അങ്ങനെ ഉണ്ടായ കുട്ടിയാണ് സാക്ഷാല്‍ അയ്യപ്പനെന്നും പറഞ്ഞാല്‍ ദഹിക്കാന്‍ ഇമ്മിണി പാടാണ്.

അതിനേക്കാള്‍ വിചിത്രം,കൂര്‍മ്മാവതാരകാലത്ത് ഉണ്ടായ മണികണ്ഠനെ പരശുരാമന്‍ സൃഷ്ടിച്ച കേര
ളത്തിലെ ഒരു നാട്ടു രാജാവായ പന്തളരാജന്‍ എടുത്തു വളര്‍ത്തി എന്ന കഥയാണ്.പാലാഴി കടയാന്‍ മത്ത്(കടകോല്‍) ആയി ഉപയോഗിച്ച മന്ഥരപര്‍ വ്വതം താഴ്ന്നു പോയപ്പോള്‍ അതുയര്‍ത്താനാണ് വിഷ്ണു കൂര്‍മ്മമായി അവതരിക്കുന്നത്.പിന്നീടുണ്ടായ,വരാഹം,നരസിംഹം,വാമനന്‍ തുടങ്ങിയ അവതാര
ങ്ങള്‍ക്കു ശേഷമുള്ളതാണ് പരശുരാമന്‍.ഒരോ അവതാരകാലത്തിനും യുഗങ്ങളുടെ ദൈര്‍ഘ്യമുണ്ടെന്നും പറയുന്നു.ഇത്രയും കാലം വരെ കുഞ്ഞുമണികണ്ഠന്‍ എവിടെ ആയിരുന്നു എന്ന് ചോദിക്കരുത്.

ഇത്തരം അസംബന്ധകഥകള്‍ കണ്ണുമടച്ചു വിശ്വസിക്കുന്ന ഭക്തരും അയ്യപ്പനെ വിറ്റു കാശാക്കുന്നവ
രും സ്ഥാന വലിപ്പത്തിനനുസരിച്ച് അയ്യപ്പന്റെ ശക്തിയും വര്‍ദ്ധിക്കുമെന്ന പ്രചരണവും വിശ്വസിച്ചെ
ന്നിരിക്കും.പക്ഷേ,ഭക്തിയും വ്യാപാരവും മൂത്ത് സമനില തെറ്റിയിട്ടില്ലാത്ത സാധാര ണക്കാര്‍ക്ക് ഇതൊ
ക്കെ കാണുമ്പോള്‍ നാണവും സങ്കടവുമാണ് തോന്നുന്നത്.ഒപ്പം സഹജീവികള്‍ സ്വാമി ദര്‍ശനത്തിന്
വേണ്ടി സഹിക്കുന്ന പങ്കപ്പാടോര്‍ത്ത് സഹതാപവും.
Fans on the page

Wednesday, December 2, 2009

വെള്ളം വാര്‍ന്ന ശേഷം ചിറ കെട്ടുന്നവര്‍


നളചരിതം ആട്ടക്കഥയിലെ പ്രസിദ്ധമായ വാക്യമാണ് "പാഥസാം നിചയം വാര്‍ന്നൊഴിഞ്ഞളവു
സേതു ബന്ധനോദ്യോഗമെന്തെടോ?" എന്നത്.ദമയന്തിയുടെ വിവാഹം നടന്നതറിയാതെ സ്വയം വരത്തില്‍ പങ്കു കൊള്ളാന്‍ പോകുന്നവരോട് ഇതിനപ്പുറം അര്‍ത്ഥപൂര്‍ണ്ണവും ചമല്ക്കാര സമ്പന്നവു
മായ
ഒരു ചോദ്യം ചോദിക്കാനില്ല.താലികെട്ടു കഴിഞ്ഞ് വധൂവരന്മാര്‍ മണിയറ പൂകാറായപ്പോള്‍ കല്യാണത്തില്‍ സംബന്ധിക്കാന്‍ പോകുന്നവര്‍ ഈ ചോദ്യം അര്‍ഹിക്കുന്നുണ്ട്.

ഇങ്ങനെ, വെള്ളമൊഴുകിപ്പോയ ശേഷം ചിറകെട്ടാന്‍ എന്തിനാണു ശ്രമിക്കുന്നത്,എന്ന് ആരും ചോദിച്ചു
പോകുന്ന ഒരവസ്ഥയാണ് ഇന്ന് രാജ്യമൊട്ടാകെ ഉള്ളത്. ചെയ്യേണ്ട സമയത്തു ഒന്നും ചെയ്യാതിരിക്കുക
യും അതിനു ശേഷം കര്‍മ്മനിരതമാകാന്‍ ശ്രമിക്കുകയും ചെയ്യുക എന്നത് നമ്മുടെ പൊതു സ്വഭാവമായി മാറിക്കഴിഞ്ഞിരിക്കുന്നു.നിയമനിര്‍മ്മാണ സഭകള്‍ മുതല്‍ നീതിന്യായ പീഠങ്ങളും ഭരണകൂടങ്ങളും വരെ ഈ പൊതു സ്വഭാവത്തില്‍ നിന്നു മുക്തമല്ല.തന്നയുമല്ല അവയിലാണ് ഈ പ്രവണത കൂടുതല്‍ കണ്ടുവ
രുന്നത്.

തേക്കടി ബോട്ടു ദുരന്തത്തില്‍ നിരവധി പേര്‍ മരിച്ചപ്പോഴാണ് അപകടത്തില്‍ പെട്ട ബോട്ടിന്റെ നിര്മ്മാ
ണത്തിലെ പിഴവുകളെ ക്കുറിച്ച് കെറ്റിഡിസിയും സര്‍ക്കാരും അന്വേഷിക്കുന്നത്.ആ ബോട്ട് ആരും അ
ന്തരീക്ഷത്തില്‍ നിന്ന് കൈ വീശി എടുത്തതല്ല.ആരെങ്കിലും സംഭാവന നല്കിയതുമല്ല.കെറ്റിഡിസി ആവശ്യപ്പെട്ടതനുസരിച്ച് ഒരു ബോട്ടു നിര്‍മ്മാണക്കമ്പനി നിര്‍മ്മിച്ചു നല്കിയതാണ്.സര്‍ക്കാര്‍ സ്ഥാപ
നങ്ങളില്‍ ഉപകരണങ്ങളും വാഹനങ്ങളും വാങ്ങുന്നതിനും നിര്‍മ്മിക്കുന്നതിനും മറ്റും നിയതമായ നടപടി
ക്രമങ്ങളുണ്ട്.വാങ്ങിയ വസ്തുവിന്റെ ഗുണനിലവാരം ഉറപ്പു വരുത്തേണ്ടതും സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ ചുമതലയാണ്.അതൊന്നും ഈ ബോട്ടിന്റെ കാര്യത്തില്‍ പാലിക്കപ്പെട്ടിട്ടില്ലെന്ന് ഇപ്പോള്‍ വെളിപ്പെട്ടിരി
ക്കുന്നു.

അപകടത്തിനു ശേഷം വിവിധ ഏജന്‍സികള്‍ അന്വേഷിച്ചപ്പോഴാണത്രെ ഈ വസ്തുതകള്‍ മനസ്സി
ലായത്.വിലപിടിപ്പുള്ള ഈ ആഡംബര ബോട്ട് നീറ്റിലിറക്കിയത് രഹസ്യമായിട്ടായിരിക്കാന്‍ ഇടയില്ല.
ബന്ധപ്പെട്ട മന്ത്രിയോ ഉന്നത ഉദ്യോഗസ്ഥനോ ചെയര്‍മാനോ ആരെങ്കിലും ആ ചടങ്ങില്‍ സംബന്ധി
ച്ചിരുന്നിരിക്കണം.മാദ്ധ്യമങ്ങള്‍ അതെപ്പറ്റി ഒന്നും പറഞ്ഞു കണ്ടില്ല.അഥവാ അവരാരും പങ്കെടുത്തി
ല്ലെങ്കില്‍ തന്നെ ഈ ജല വാഹനത്തിന്റെ കാര്യക്ഷമത അന്നേ ഉറപ്പു വരുത്തേണ്ടതായിരുന്നില്ലേ?
വകുപ്പു മന്ത്രിയ്ക്ക് കെറ്റിഡിസിയുടെ ദൈനം ദിനകാര്യങ്ങളില്‍ ശ്രദ്ധിക്കാന്‍ സമയം കിട്ടില്ല.അതുകൊ
ണ്ടാണല്ലോ ഒരു ഫുള്‍ ടൈം ചെയര്‍മാനെയും ഡയറക്റ്ററെയും നിയമിച്ചിട്ടുള്ളത്.കോര്‍പ്പറേഷന്‍ കോടി
കള്‍ മുടക്കി ഉല്ലാസ നൗക വാങ്ങുമ്പോള്‍ അതിന്റെ ഗുണമേന്മ ഉറപ്പു വരുത്തേണ്ട ഉത്തരവാദിത്തം അ
വര്‍ക്കില്ലേ?

നിര്‍മ്മാണത്തിലെ പിഴവുകള്‍, അനിമേഷന്‍ ചിത്രങ്ങളുടെ സഹായത്തോടെ ഇപ്പോള്‍ ബോദ്ധ്യപ്പെടു
ത്തുന്ന പ്യാരിലാല്‍ എന്ന സാങ്കേതിക വിദഗ്ദ്ധനും ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്കിയതില്‍ ക്രമക്കേടു
നടന്നിട്ടുണ്ടെന്നു കണ്ടെത്തിയവരും ബോട്ട് നീറ്റിലിറക്കിയ കാലത്തും സര്‍ക്കാരിന്റെയും കെറ്റിഡിസി
യുടെയും വിളിപ്പുറത്തുണ്ടായിരുന്നു.അന്ന് അവരുടെ സഹായം തേടിയില്ല.ഇപ്പോള്‍ കാണിക്കുന്ന ഉത്സാ
ഹത്തിന്റെയും ശുഷ്കാന്തിയുടെയും നൂറിലൊരംശം അന്നു കാണിച്ചിരുന്നെങ്കില്‍ നാല്പത്തഞ്ചിലധികം
പേരുടെ മരണത്തിനിടയാക്കിയ മഹാ ദുരന്തം ഒഴിവാകുമായിരുന്നു.

ഇതിന്റെ നടുക്കം മാറുന്നതിനു മുമ്പാണ് മറ്റൊരു ജലദുരന്തം അരീക്കോട് ഉണ്ടായത്. വിദ്യാര്‍ത്ഥികള്‍ക്ക്
സ്ക്കൂളില്‍ പോകാനായിട്ടെങ്കിലും ഒരു പാലം നിര്‍മ്മിക്കണമെന്ന്‍ അവിടത്തെ നാട്ടുകാര്‍ മുറവിളി കൂട്ടു
വാന്‍ തുടങ്ങിയിട്ട് എത്രയോ കാലമായി.പാലം പണിയിച്ചില്ലെന്നതു പോകട്ടെ,സുരക്ഷിതമായി സഞ്ച
രിക്കാവുന്ന ഒരു വള്ളം പോലും നല്‍കാന്‍ അധികൃതര്‍ തയ്യാറായില്ല.ഭരണാധികാരികളുടെ കുറ്റകരമായ ഉദാസീനതയ്ക്ക് വില നല്‍കേണ്ടിവന്നത് പാവം വിദ്യാര്‍ത്ഥികളുടെ ജീവനാണ്.അപകടം ഉണ്ടായതോ
ടെ ടണ്‍ കണക്കിന് സഹതാപവും സഹായവാഗ്ദാനങ്ങളുമായി മന്ത്രിമാര്‍ മുതല്‍ വാര്‍ഡ് മെമ്പര്‍മാര്‍ വരെ അവിടെ എത്തി.കോണ്‍ക്രീറ്റു പാലത്തിനു പകരം ഒരു കമ്പിപ്പാലമെങ്കിലും നിര്‍മ്മിച്ചിരുന്നെ
ങ്കില്‍ ഈ ദുരന്തം ഒഴിവാകുമായിരുന്നു.ചില സ്വകാര്യ തോട്ടങ്ങളില്‍ പുഴകള്‍ക്കു കുറുകെ ഇങ്ങനെ നിര്‍മ്മിച്ചിട്ടുള്ള നിരവധി പാലങ്ങള്‍ കാണാം.കോടികളുടെ മുടക്കൊന്നും അത്തരമൊരു പാലം കെട്ടു
വാന്‍ വേണ്ടാ.ആവശ്യത്തിനു വള്ളവും കടത്തുകാരെയും നല്‍കിയിരുന്നെങ്കിലും മതിയായിരുന്നു.ഇപ്പോ
ള്‍ കോണ്‍ക്രീറ്റു പാലം തീര്‍ക്കുമെന്നു പറയുന്നവര്‍ക്ക് നേരത്തെ ഈ കര്‍ത്തവ്യ ബോധം തോന്നിയി
രുന്നെങ്കിലോ?

വെള്ളം ഒഴുകിപ്പോയിക്കഴിഞ്ഞ് ചിറ കെട്ടാന്‍ ഭരണകര്‍ത്താക്കള്‍ ശ്രമിക്കുന്നതിന്റെ ഉദാഹരണങ്ങളാ
ണ് ഇവ.ഉണ്ണായി വാര്യര്‍ ഉയര്‍ത്തിയ ചോദ്യം നീതിപീഠത്തിന്റെ നേര്‍ക്കും നീട്ടാന്‍ പോരുന്നതാണ്
മുന്‍ ലോക് സഭാംഗം പി.സി.തോമസിനെതിരായുണ്ടായ സുപ്രീം കോടതി വിധി.അദ്ദേഹം തെരഞ്ഞെടു
ക്കപ്പെട്ട ഉടനെ ഫയല്‍ ചെയ്ത കേസ്സിന്റെ വിധി വന്നത് ആ ലോക് സഭയുടെ കാലാവധിയും അടുത്ത തെരഞ്ഞെടുപ്പും കഴിഞ്ഞാണ്.ഇതില്പരം ജങ്ങളെ വിഡ്ഢികളും നീതിന്യായ വ്യവസ്ഥയെ പരിഹാസപാത്ര
വും ആക്കുന്ന ഒരു നടപടി രാജ്യത്തെ പരമോന്നത നീതിപീഠത്തില്‍ നിന്ന് ഉണ്ടാകാനുണ്ടോ?

"പാഥസാം നിചയം വാര്‍ന്നൊഴിഞ്ഞളവു സേതു ബന്ധനോദ്യോഗമെന്തെടോ?" എന്ന ചോദ്യത്തിന്,
ദമയന്തീ സ്വയം വരം നടന്നത് അറിയാഞ്ഞതു കൊണ്ടു പറ്റിപ്പോയതാണെന്നു പറഞ്ഞ് നളചരിത കഥാ
പാത്രങ്ങള്‍ക്ക് തടിതപ്പാന്‍ കഴിയും.പക്ഷേ ഇവിടെ പരാമര്‍ശിക്കപ്പെട്ട സമീപകാല സംഭവങ്ങളിലെ
യഥര്‍ത്ഥ കഥാപാത്രങ്ങള്‍ക്ക് അങ്ങനെ വിശദീകരിച്ച് ആ ചോദ്യത്തില്‍ നിന്ന് രക്ഷപ്പെടാനാവില്ല.
Fans on the page

Thursday, November 26, 2009

വാങ്ങരുത്,വില്‍ക്കരുത്,ധരിക്കരുത് !

''കള്ള് ചെത്തരുത് ,കുടിക്കരുത് ,വില്‍ക്കരുത് ''എന്ന്‍ ശ്രീനാരായണഗുരു പറഞ്ഞത് ,ചെത്തുകാരുടെ
ജീവിത ദുരിതങ്ങള്‍ കണ്ടിട്ടാണ് .സ്വര്‍ണ്ണം വാങ്ങാന്‍ സാധുക്കള്‍ അനുഭവിക്കുന്ന പ്രയാസവും ധനികരുടെ ധിക്കാരവും സ്വര്‍ണ്ണ കച്ചവടക്കാരുടെ നെഗളിപ്പും കുടില തന്ത്രങ്ങളും കാണുമ്പോള്‍ 'സ്വര്‍ണ്ണം വാങ്ങരുത്,വില്‍ക്കരുത്,ധരിക്കരുത് 'എന്ന്‍ പറയാന്‍ തോന്നുന്നു.

ഈ മഞ്ഞ ലോഹത്തിനോ ടോടുങ്ങാത്ത കമ്പം മലയാളികളെപ്പോലെ മറ്റാര്‍ക്കുമില്ല. ലോക കംപോളത്തില്‍ വില കുതിച്ചുയരുമ്പോള്‍ ഏതാനും മലയാളികള്‍ വാങ്ങാതിരുന്നാല്‍ സ്വര്‍ണ്ണ വില കുറയുമോ എന്ന് ചോദിച്ചേക്കാം.എള്ള്‌ കൊറിച്ചാല്‍ എള്ളോളം എന്നുണ്ടല്ലോ.അത്രയേ
കരുതുന്നുള്ളൂ.ഡിമാന്റ് കുറയുമ്പോള്‍ വിലയും കുറയും എന്നത് വിപണിയിലെ കേവല രീതിയാണ്.

Fans on the page

Saturday, October 3, 2009

സ്വദേശാഭിമാനിയുടെ നാടു കടത്തലും വക്കം മൗലവിയും



സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയതിന്റെ നൂറാം വാര്‍ഷികം ആഘോഷിച്ചു കൊണ്ടിരിക്കുകയാണല്ലോ.സ്വതന്ത്രമായ പത്രപ്രവര്‍ത്തനത്തിന്റെ രക്തസാക്ഷിയായിത്തീര്‍ന്ന
ധീരനായ പോരാളിയായി ലോകം രാമകൃഷ്ണപിള്ളയെ വാഴ്ത്തുമ്പോള്‍ "സ്വദേശാഭിമാനി" എന്ന
പത്രം സ്ഥാപിച്ച വക്കം മൗലവിയെ മിക്കവരും ഓര്‍ക്കാറേ ഇല്ല.പത്രാധിപര്‍ക്ക് എല്ലാ സ്വാതന്ത്ര്യവും അനുവദിച്ചു കൊടുത്ത വക്കം അബ്ദുള്‍ ഖാദര്‍ മൗലവി എന്ന പത്ര ഉടമയെ ഈ സന്ദര്‍ഭത്തില്‍
ഓര്‍ക്കണമെന്ന് മുഖ്യമന്ത്രി ഉദ്ബോധിപ്പിച്ചതു കൊണ്ടാകാം, ചില പത്രങ്ങളെങ്കിലും വഴിപാടു പോലെ മൗലവിയെ പരാമര്‍ശിക്കുകയുണ്ടായി.

നാടുകടത്തലിനെക്കുറിച്ചു ഒരു വലിയ പത്രത്തില്‍ വന്ന ലേഖനത്തില്‍,വക്കം മൗലവിയുടെ പത്ര പ്രവര്‍ത്തന ശൈലിയില്‍ ആകൃഷ്ടനായ രാമകൃഷ്ണപിള്ള, അദ്ദേഹവുമായി ചേര്‍ന്ന്"സ്വദേശാഭിമാനി"
പ്രസിദ്ധീകരണമാരംഭിച്ചു എന്നാണ് തട്ടിവിട്ടിരിക്കുന്നത്.സ്വദേശാഭിമാനിയുടെ രണ്ടാമത്തെയും അവസാനത്തെയും പത്രാധിപരായിരുന്നു കെ.രാമകൃഷ്ണപിള്ള.1905 ജനുവരി 19 ന് ആണ് സ്വദേശാഭിമാനിയുടെ ആദ്യപ്രതി പുറത്തിറങ്ങുന്നത്.അന്ന് പത്രാധിപര്‍ ചിറയിന്‍ കീഴ് സി.പി ഗോവിന്ദപ്പിള്ള.പത്രം തുടങ്ങുന്നതിനു മുമ്പ് 1904 -ഓഗസ്റ്റില്‍ മൗലവി സ്ഥാപിച്ച പ്രസ്സിന്റെ പേരും 'സ്വദേശാഭിമാനി'എന്നായിരുന്നു.കെ.രാമകൃഷ്ണ പിള്ള എന്ന സ്വന്തം പേരിനേക്കാള്‍ പ്രശസ്തമായി തീര്‍ന്ന 'സ്വദേശാഭിമാനി'നാമം വക്കം മൗലവിയുടെ സംഭാവനയാണെന്നു സാരം.പക്ഷെ പത്രത്തെയും പത്ര മുതലാളിയെയും അതിവര്‍ത്തിച്ച് ധീരനായ പത്രാധിപരുടെ പര്യായമായി ആ പേരിനെ വളര്‍ത്തിയതിന്റെ ക്രഡിറ്റ് രാമകൃഷ്ണപിള്ളയ്ക്കു തന്നെയാണ്.

ഒന്നര നൂറ്റാണ്ടിലേറെ നീണ്ട മലയാള പത്രപ്രവര്‍ത്തന ചരിത്രത്തില്‍ ഒരിടത്തും പത്രാധിപര്‍ക്ക്
ഇത്രയധികം സ്വാതന്ത്ര്യം അനുവദിച്ചു കൊടുത്ത ഒരു പത്രഉടമയെ കണ്ടെത്താന്‍ കഴിയില്ല.
പത്രസ്വാതന്ത്ര്യം എന്നത് പത്ര മുതലാളിയുടെ സ്വാതന്ത്ര്യമാണെന്ന് പി.കെ.ബാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.പല പത്രങ്ങളിലും പ്രവര്‍ത്തിച്ച അനുഭവത്തില്‍ നിന്നാണദ്ദേഹം അത്തരം ഒരു നിഗമനത്തില്‍ എത്തിച്ചേര്‍ന്നത്.നൂറുശതമാനം സത്യമാണ് അദ്ദേഹത്തിന്റെ പ്രസ്താവന.ബൂര്‍ഷ്വാ
പത്രങ്ങള്‍ക്കേ ഈ പരാമര്‍ശം ബാധകമാകയുള്ളു എന്ന് അടുത്ത കാലം വരെ പലരും കരുതി.
എന്നാല്‍ ഉടമകളുടെ മനോഭാവത്തിന് പാര്‍ട്ടിഭേദമില്ലെന്ന് മുഖ്യമന്ത്രിയുടെ അനുഭവം തെളിയിക്കുന്നു.
അതുകൊണ്ടു കൂടിയാകാം പത്രാധിപരുടെ നാടുകടത്തലിന്റെ അനുസ്മരണത്തിനിടെ പത്രമുതലാളിയേയും അദ്ദേഹം ഓര്‍ത്തത്.

പത്രാധിപരുടെ സ്വാതന്ത്ര്യത്തില്‍ യാതൊരു വിധ കൈകടത്തലും വക്കം മൗലവി നടത്തിയിരുന്നില്ല.
അത്തരമൊരു ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് സ്വദേശാഭിമാനിയുടെ' സാരഥ്യം ഏറ്റെടുക്കാന്‍ കെ രാമകൃഷ്ണപിള്ള തയ്യാറായതു തന്നെ.'കേരള പഞ്ചിക','മലയാളി'തുടങ്ങിയവയുടെ പത്രാധിപരായിരിക്കേ
ഉണ്ടായ കയ്പേറിയ അനുഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് അദ്ദേഹത്തിന് ആഗ്രഹമുണ്ടായിരുന്നു.
പൂര്‍ണ്ണമനസ്സോടെ മൗലവി അത് അംഗീകരിച്ചു.അങ്ങനെയാണ് പത്രപ്രവര്‍ത്തന രംഗത്തെ ആ അപൂര്‍വ്വ ബന്ധം ഉടലെടുത്തത്.

പത്രപ്രസിദ്ധീകരണം ലാഭമുണ്ടാക്കാനുള്ള ഉപാധി ആയി തരിമ്പും കരുതിയിട്ടില്ലാത്ത വ്യക്തിയായിരുന്നു വക്കം മൗലവി."സ്വദേശാഭിമാനിയുടെ പ്രവൃത്തി കൊണ്ട് ജനങ്ങള്‍ക്ക്‌ ക്ഷേമമുണ്ടാക്കണമെന്നാണ് ഞങ്ങളുടെ ഉദ്ദേശ്യം.ഈ ഉദ്ദേശ്യം സാധിക്കാന്‍ ഞങ്ങള്‍ യഥാശക്തി ശ്രമിക്കുക തന്നെ ചെയ്യും.
ഞങ്ങള്‍ക്കുണ്ടാകുന്ന വല്ല ആപത്തുകളെയും ഭയന്ന് പൊതുജന സങ്കടങ്ങളെ ഞങ്ങള്‍ മറച്ചു വയ്ക്കുന്നതല്ല.നിശ്ചയം." എന്ന് ആദ്യ ലക്കത്തില്‍ തന്നെ പ്രഖ്യാപിച്ച പത്രത്തിന്റെ ഉടമയ്ക്ക് വ്യക്തമായ ലക്ഷ്യം ഉണ്ടായിരുന്നു എന്ന് വിശദീകരിക്കണ്ട ആവശ്യമില്ല.ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ പറ്റിയ പത്രാധിപരെ അദ്ദേഹം കണ്ടെത്തുകയായിരുന്നു.

താന്‍ പ്രതീക്ഷിച്ചതിനേക്കാള്‍ കേമനായ പത്രാധിപരാണ് കെ.രാമകൃഷ്ണപിള്ള എന്ന് വളരെ വേഗം
മൗലവിക്കു ബോദ്ധ്യമായി.സന്തോഷപൂര്‍വ്വം അദ്ദേഹത്തിന് എല്ലാ സഹായവും ചെയ്തു കൊടുത്തു.
സ്വാതന്ത്ര്യം ജീവവായുവായി കരുതിയ പത്രാധിപര്‍ക്ക് അതിന് അനുഗുണമായ സാഹചര്യമാണ്
സ്വദേശാഭിമാനിയില്‍ നിന്നും ലഭിച്ചത്.ഒരു നിയന്ത്രണവും അദ്ദേഹത്തിനു മേല്‍ ഉണ്ടായിരുന്നില്ല.
ശ്രീമൂലം തിരുനാളിന്റെ കാലത്തു ദിവാനായിരുന്ന പി. രാജഗോപാലാചാരിയുടെ നടപടികളെ
വിമര്‍ശിച്ചെഴുതിയ മുഖപ്രസംഗമായിരുന്നു സ്വദേശാഭിമാനിയുടെ കണ്ടുകെട്ടലിലും പത്രാധിപരുടെ
നാടു കടത്തലിലും കൊണ്ടുചെന്നെത്തിച്ചത്.

"വിശാഖം തിരുനാള്‍ തിരുമനസ്സു കൊണ്ടായിരുന്നെങ്കില്‍ മിസ്റ്റര്‍ ആചാരിയുടെ ഇന്നത്തെ കുറ്റത്തില്‍ തിരുമനസ്സിലെ കുതിരക്കാരന്റെ കവിഞ്ചി കൊണ്ട് ഈ മന്ത്രിസ്ഥാന വ്യഭിചാരിയുടെ തൊലി പൊളിച്ചു
വിടുമായിരുന്നു എന്നതില്‍ ഞങ്ങള്‍ക്കു സന്ദേഹമില്ല" എന്നിങ്ങനെ നീണ്ട ആ മുഖപ്രസംഗത്തിന്റെ
കൈയ്യെഴുത്തു പ്രതി മൗലവിയുടെ സഹോദരന്‍ കാണാനിടയായി.ഭയന്നു വിറച്ച അയാള്‍ അതു പ്രസിദ്ധീകരിക്കാന്‍ അനുവദിക്കരുതെന്ന് ജ്യേഷ്ഠനോട് പറഞ്ഞുനോക്കിയെങ്കിലും ഫലമുണ്ടായില്ല.
ഒരക്ഷരം പോലും മാറ്റാതെ അച്ചടിക്കാന്‍ കൊടുത്തു.

ശ്രീമൂലം തിരുനാളിന്റെ കാലശേഷം സ്വദേശാഭിമാനി മടക്കി കിട്ടുന്നതിന് അപേക്ഷിക്കാന്‍ പലരും മൗലവിയെ നിര്‍ബ്ബന്ധിച്ചു."എന്റെ പത്രാധിപരില്ലാത്ത 'സ്വദേശാഭിമാനി' എനിക്കെന്തിനാണ്?"
എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

എത്ര വലിയ പത്രാധിപരായാലും തങ്ങളുടെ വരുതിക്കു നിന്നില്ലെങ്കില്‍ വച്ചുപൊറുപ്പിക്കാത്ത, പുതിയതും
പഴയതുമായ പത്രമുതലാളിമാരെ മാത്രം കണ്ടു പരിചയിച്ചവര്‍ക്ക് വക്കം മൗലവി എന്ന
സംസ്ക്കാരചിത്തനായ പത്രം ഉടമയെ മനസ്സിലാകില്ല.

Fans on the page

Saturday, August 29, 2009

ജഡ്ജിക്കുപ്പായമിട്ട അല്മായക്കാരന്‍



കര്ണ്ണാടക ചീഫ് ജസ്റ്റിസ് ആയിരിക്കെ ജ.സിറിയക് ജോസഫ് ബംഗലൂര് ഫോറന്സിക് ലാബ് സന്ദര്ശിക്കുകയും നാര്ക്കോ പരിശോധനയില്‍ പരിപൂര്ണ്ണ സംതൃപ്തി രേഖപ്പെടുത്തുകയും ചെയ്തിരുന്നത്രേ.അഭയ കൊലക്കേസ് പ്രതികളെ നാര്ക്കോ പരിശോധനയ്ക്ക് വിധേയരാക്കിയ ഡോ.മാലിനിയുടെ ഈ വെളിപ്പെടുത്തല്‍ സിബിഐ ആണ് കോടതി മുമ്പാകെ ബോധിപ്പിച്ചത്.ലാബിന്റെ സന്ദര്ശക ഡയറിയിലും മറ്റു രേഖകളിലും നിന്ന് ജഡ്ജിയുടെ സന്ദര്ശനത്തിന്റെ വിശദാംശങ്ങള്‍ ലഭ്യമാണ്.

ശ്രീ.സിറിയക് ജോസഫ് ഇപ്പോള്‍ സുപ്രീം കോടതി ജഡ്ജിയാണ്.അദ്ദേഹത്തിന്റെ സന്ദര്ശനം കഴിഞ്ഞിട്ട് ഏറെ
നാളായി.അള മുട്ടി സിബീഐ പുറത്തു വിടുന്നതു വരെ ഈ സന്ദര്ശന വിവരം പുറം ലോകം അറിഞ്ഞിരുന്നില്ല.
ഉന്നതന്മാരുടെ ഉറക്കറ രഹസ്യങ്ങള്‍ വരെ ഗവേഷണം ചെയ്ത് പരസ്യപ്പെടുത്താന്‍ ഉത്സാഹം കാട്ടാറുള്ള വാര്ത്താ മാദ്ധ്യമങ്ങള്‍ ഈ വി ഐ പി സന്ദര്ശന കഥ അറിഞ്ഞതേ ഇല്ല. ഇതില്‍ നിന്നു തന്നെ എത്രമാത്രം നിഗൂഢമായിട്ടാണ് ന്യായാധിപ ശ്രേഷ്ഠന്‍ പരിപാടി ആസൂത്രണം ചെയ്തിരുന്നത് എന്ന് വ്യക്തമാണ്.

ബഹു.ചീഫ് ജസ്റ്റിസ്സിന്റെ ബഞ്ചിലോ കര്ണ്ണാടക ഹൈക്കോടതി മുമ്പാകെയോ ഉള്ള ഏതെങ്കിലും കേസില്‍
വിധി പുറപ്പെടുവിക്കുന്നതിനു മുമ്പ് നാര്ക്കോ പരിശോധനയുടെ സാങ്കേതിക വശങ്ങള്‍ മനസ്സിലാക്കാനായിരുന്നോ ഈ സന്ദര്ശനം?സുപ്രീം കോടതിയോ കേന്ദ്ര, സംസ്ഥാന സര്ക്കാരുകളോ ചുമതലപ്പെടുത്തിയിട്ടായിരുന്നോ ?
അല്ലെങ്കില്‍ "കേവലം ഒരോമനക്കൗതുകം"?അങ്ങനൊക്കെയാണ്,മുമ്പെങ്ങും പേരുദോഷം കേള്പ്പിച്ചിട്ടില്ലാത്ത ഇദ്ദേഹത്തിന്റെ നടപടിയെക്കുറിച്ച് അറിഞ്ഞപ്പോള്‍ വിചാരിച്ചത്.

പക്ഷേ കത്തോലിക്കാ അല്‍മായക്കാരുടെ കൂട്ടായ്മയില്‍ പങ്കെടുത്തുകൊണ്ട് ജ.സിറിയക് ജോസഫ് നടത്തിയ
പ്രഭാഷണത്തോടെ ജഡ്ജിക്കുപ്പായത്തിനുള്ളില്‍ ഒളിഞ്ഞിരുന്ന സഭാ വിശ്വാസി പുറത്തു ചാടി."സഭയോടുള്ള തന്റെ വിശ്വാസവും കൂറും പറയുടെ കീഴില്‍ കമഴ്ത്തി വയ്ക്കേണ്ടതല്ല "എന്നാണ് അദ്ദേഹം പ്രഖ്യാപിച്ചത്.മത്രമല്ല ജീവിക്കുകയും ജീവിക്കാന്‍ അനുവദിക്കുകയും ചെയ്യുകയാണ് ക്രൈസ്തവ വിശ്വാസത്തിന്റെ കാതല്‍ എന്നും മറ്റും അല്‍മായക്കാരെ ഓര്‍മ്മിപ്പിക്കുകയും ചെയ്തു.സഭയുടെ യുവജന സംഘടനയുമായി ഒന്നര ദശാബ്ദത്തിലേറെ നീണ്ട നേതൃ ബന്ധത്തെക്കുറിച്ചും അദ്ദേഹം വാചാലനായി.

പറയുടെ മുകളില്‍ തന്റെ സഭാ വിധേയത്വം കത്തിച്ചു വച്ച് വിശ്വാസികളോട് ഐക്യ ദാര്‍ഢ്യം വിളംബരം ചെയ്യുന്ന
ആവേശം കണ്ടപ്പോള്‍ ബഹു.ജഡ്ജി റിട്ടയര്‍ ചെയ്തു കാണുമെന്നാണ് കരുതിയത്.ഇല്ല അദ്ദേഹം ഇപ്പോഴും സുപ്രീം കോടതി ജഡ്ജിയാണ്.

അപ്പോള്‍, ലാബ് സന്ദര്‍ശിച്ചതും അഭയ കൊലക്കേസ് പ്രതികളുടെ നാര്‍ക്കോ പരിശോധനയെ കുറിച്ച് അന്വേഷിച്ചതും മറ്റും എന്തിനാണെന്നും എന്തുകൊണ്ടാണെന്നും ഒരു വിധം തെളിഞ്ഞു വരുന്നുണ്ട്.
ജനത്തിനറിയേണ്ടത് ജഡ്ജിയദ്ദേഹത്തിന് ശമ്പളവും മറ്റു സൗകര്യങ്ങളും നല്‍കുന്നത് സര്‍ക്കാരാണോ
സഭയാണോ എന്നാണ്.സര്‍ക്കാരാണ് എന്നാണ് ഇതു വരെയുള്ള അറിവ്.അങ്ങനെയാണെങ്കില്‍ നഗ്നമായ അധികാര
ദുര്‍വിനിയോഗമാണ് ജഡ്ജി നടത്തിയത്.നീതി പീഠത്തെയും ന്യായാധിപ പദവിയേയും അദ്ദേഹം കളങ്കപ്പെടുത്തിയിരിക്കുന്നു.ഒപ്പം സഭയെ പരിഹാസകഥാ പാത്രവുമാക്കി.

ജീവിക്കുകയും ജീവിക്കാന്‍ അനുവദിക്കുകയും ചെയ്യുക എന്ന്‍ ഉപദേശിച്ച ജഡ്ജി,ജീവിതം കാണാന്‍ തുടങ്ങും മുമ്പേ ജീവിക്കാന്‍ അനുവദിക്കാതെ ഏതാനും കിരാതര്‍ ഇല്ലായ്മ ചെയ്ത ഒരു സാധു കന്യാസ്ത്രീയുടെ ആത്മാവിന്ന് നിത്യ ശാന്തി നേരാനോ,കൊടും പാപികളായ ആ സാമൂഹ്യവിരുദ്ധരെ നുണപരിശോധനയ്ക്കു വിധേയരാക്കിയ
ദൃശ്യങ്ങള്‍ കണ്ടു സന്തോഷിക്കാനോ ലാബില്‍ പോയത്?സഭയുടെ തിരു വസ്ത്രമണിഞ്ഞ് നില്‍ക്കുന്ന പ്രതികളെ
രക്ഷിക്കാനായിരുന്നു ആ യാത്ര എന്നേ സാഹചര്യത്തെളിവുകളില്‍ നിന്ന് അനുമാനിക്കാന്‍ കഴിയുന്നുള്ളൂ.
വധിക്കപ്പെട്ട കുഞ്ഞാടിനൊപ്പമല്ല ;ഘാതകരെന്നു സംശയിക്കുന്ന ഇടയപ്രമാണികള്‍ക്കൊപ്പമാണ് തങ്ങളെന്ന് വാക്കു കൊണ്ടും പ്രവൃത്തി കൊണ്ടും വിശുദ്ധ പിതാക്കന്മാര്‍ ഇതിനകം പല പ്രാവശ്യം തെളിയിച്ചതാണ്.അവരുടെ വിനീത വിധേയനായി പൊതു വേദിയില്‍ പ്രത്യക്ഷപ്പെട്ട ബഹു. ജഡ്ജിയുടെ കൂറ് ആരോടായിരിക്കും എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ!

മുഖം നോക്കാതെ നീതി നടപ്പാക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ഈ ന്യായാധിപന്റെ ബഞ്ചില്‍ അഭയകൊലക്കേസ് എത്തിയാല്‍ എന്തായിരിക്കും സ്ഥിതി?അഭയക്കേസ് വേണ്ട. ഒരു വശത്തു സഭയും മറു വശത്തു നീതി പീഠവും ഏറ്റുമുട്ടുന്ന ഒരു കേസ്സാണെന്നിരിക്കട്ടെ.ആരോടാണ് ഇദ്ദേഹം നീതി പുലര്‍ത്തുക? പരമോന്നത നീതി പീഠത്തോടോ പരിശുദ്ധ സഭയോടോ?

രണ്ടു യജമാനന്മാരെ ഒരേ സമയം സേവിക്കാന്‍ കഴിയില്ലെന്ന് ബൈബിളില്‍ തന്നെ പറഞ്ഞിട്ടുണ്ട്.അതുകൊണ്ട്
ജഡ്ജിയുടെ കറുത്ത കുപ്പായം ഊരിക്കളഞ്ഞ് സഭയുടെ വെളുത്ത വസ്ത്രം ധരിക്കുകയാണ് ജ. സിറിയക് ജോസഫ്
ചെയ്യേണ്ടത്.ചോറിങ്ങും കൂറങ്ങും എന്നത് ആണുങ്ങള്‍ക്കു ചേര്‍ന്നതല്ല.
Fans on the page