Total Pageviews

Wednesday, October 20, 2010

ആചാരങ്ങളും ആചാരവെടിയും



യഥാര്‍ത്ഥ കമ്യൂണിസ്റ്റുകാരനും കറ പുരളാത്ത പൊതു ജീവിതത്തിന്റെ ഉടമയുമായിരുന്ന കെ.വി.സുരേന്ദ്രനാഥി(ആശാന്‍)ന്റെ ശവസംസ്കാരത്തിന് ആചാര വെടി തുടങ്ങിയ സര്‍ക്കാര്‍ ചടങ്ങുകള്‍ ഉണ്ടായില്ല എന്ന് അദ്ദേഹ
ത്തിന്റെ അനന്തിരവന്റെ ഭാര്യ ശ്രീമതി ശ്രീലതാ പിള്ള അനുസ്മരിക്കുന്നു(വാരാന്ത്യ കൗമുദി)അവര്‍ പറഞ്ഞ
തു പോലെ സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളൊന്നുമില്ലാതെ ആയിരുന്നു അദ്ദേഹത്തിന്റെ അന്ത്യയാത്ര.
ആദര്‍ശ രാഷ്ട്രീയത്തിന്റെ എക്കാലത്തെയും മാതൃക ആയിരുന്ന ആശാന് ഔദ്യോഗിക അന്ത്യോപചാരം ലഭിക്കാ
തെ പോയത് സര്‍ക്കാര്‍ വക ഔദ്യോഗിക സ്ഥാനങ്ങള്‍ ഒന്നും വഹിക്കാതിരുന്നതു കൊണ്ടാകാമെന്നാണ് കരുതി
യതെങ്കിലും നാലു പേരറിയുന്ന സകലര്‍ക്കും പിന്നീട് അത്തരം ചടങ്ങുകള്‍ സര്‍ക്കാര്‍ വഹിക്കുന്നതാണ്കണ്ടത്
എന്ന് അല്പം കുണ്ഠിതത്തോടെ അവര്‍ പറയുന്നു.

ആശാനെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ആരാധിക്കുകയും ചെയ്യുന്ന വലിയൊരു ജനാവലി അദ്ദേഹ
ത്തിന്റെ അന്ത്യയാത്രയ്ക്കു സാക്ഷിയായപ്പോള്‍ ആചാര വെടിയും ബാന്റു മേളവും തീര്‍ത്തും അപ്രസക്തവും അസംഗതവും ആയി.മാത്രമല്ല സ്ഥാനമാനങ്ങളോട് എന്നും മുഖം തിരിഞ്ഞു നിന്നിട്ടുള്ള അദ്ദേഹത്തിന് ജനങ്ങളു
ടെ ബാഷ്പാഞ്ജലിയേക്കാള്‍ വലിയ അന്ത്യോപചാരം ലഭിക്കാനില്ല.അത് വേണ്ടുവോളം ഉണ്ടാവുകയും ചെ
യ്തു.പക്ഷേ ശ്രീലത ചൂണ്ടിക്കാട്ടിയ ഔദ്യോഗിക ബഹുമതിയുടെ കാര്യം പ്രത്യേകം പരാമര്‍ശം അര്‍ഹിക്കു ന്നു.

മുമ്പൊക്കെ മന്ത്രിമാര്‍ക്കും ഗവര്‍ണ്ണര്‍മാര്‍ക്കും ഔദ്യോഗിക വമ്പന്മാര്‍ക്കും വീര ജവാന്മാര്‍ക്കും മറ്റും മാത്രം കിട്ടുന്ന അപൂര്‍വ്വ ബഹുമതിയായിരുന്നു ഔദ്യോഗിക ചടങ്ങുകളോടെയുള്ള ശവസംസ്കാരം.അതിന് സര്‍ക്കാര്‍
ചില മുന്‍ഗണനാക്രമവും നിശ്ചയിച്ചിട്ടുണ്ടായിരുന്നു.ഇപ്പോള്‍ അവയെല്ലാം അപ്രത്യക്ഷമായിരിക്കുന്നു.സര്‍ക്കാര്‍
അനുകൂലികള്‍ക്കും മന്ത്രിസില്‍ബന്തികള്‍ക്കും യാതൊരു വകതിരിവും ഇല്ലാതെ ആചാരവെടി ഉള്‍പ്പെടെയുള്ള സംസ്ഥാന ബഹുമതി അന്ത്യ യാത്രാമൊഴിക്കു ലഭിക്കുക പതിവായിരിക്കുന്നു.സിനിമയുടെ ഏഴയലത്തു കൂടെ പോയ ആര്‍ക്കും(തിലകനും വിനയനും ഒഴികെ) കക്ഷിരാഷ്ട്രീയം കണക്കാക്കാതെ ഇക്കാര്യത്തില്‍ പരിഗണന ലഭിക്കും എന്നത് എടുത്തു പറയേണ്ടതാണ്.

ആശാനെപ്പൊലുള്ള ഒരു നിസ്വാര്‍ത്ഥ ജനസേവകന് ഇത്തരം ആചാരവെടികളുടെ അകമ്പടിയില്ലാതെ മണ്ണടിയാന്‍ കഴിഞ്ഞത് അദ്ദേഹത്തിന്റെ മനസ്സിന്റെ നേരു കൊണ്ടാണ്.ഏത് ഏഴാം കൂലിക്കും കിട്ടുന്ന'സംസ്ഥാന ബഹുമതി'ആശാനു ലഭിക്കാഞ്ഞതോര്‍ത്ത് അദ്ദേഹത്തിന്റെ അനുയായികളും ശ്രീലതയും അഭിമാനിക്കുകയാണു വേണ്ടത്.

മൂലധന മൂല്യങ്ങളില്‍ ഭ്രമിക്കുന്നവര്‍ക്ക് ആചാരങ്ങളും ചടങ്ങുകളും ഒഴിച്ചുകൂടാനാകാത്ത സംഗതികളായിത്തീരു
ക സ്വാഭാവികമാണ്.അധികാരത്തിന്റെ ആചാരവെടികളും ആര്‍ഭാടത്തിന്റെ താലപ്പൊലികളും ഇവരെ പുള
കം കൊള്ളിക്കുന്നുണ്ടാകും.മുന്‍പേ നടന്ന ത്യാഗധനരായ നേതാക്കളെയും പ്രത്യയശാസ്ത്ര വിലക്കുകളെയും വിസ്മരിച്ചുകൊണ്ട് മുതലാളിത്ത ധൂര്‍ത്തില്‍ അഭിരമിക്കാനാണ് ഇക്കൂട്ടര്‍ക്ക് താല്പര്യം.പാര്‍ട്ടി നേതാവിന്റെ
യും ആഭ്യന്തര മന്ത്രിയുടെയും മക്കളുടെ ആര്‍ഭാട പൂര്‍ണ്ണമായ വിവാഹങ്ങള്‍ അതിന് ഒന്നാന്തരം ദൃഷ്ടാന്തങ്ങ
ളാണ്. കണ്ടകടച്ചാണികളുടെ ശവദാഹത്തിന് ആചാര വെടി വയ്ക്കാനുള്ള ഔത്സുക്യവും ഈ മനോഭാവത്തി
ന്റെ മറ്റൊരു വകഭേദമാണ്.

കല്യാണമായാലും മരണമായാലും ആര്‍ഭാടപൂര്‍ണ്ണമാക്കുവാനാണ് മിക്കവര്‍ക്കും താല്പര്യം.സമൂഹത്തിനു മാതൃ
കയാകേണ്ടവര്‍ തന്നെ അനാചാരങ്ങളുടെയും ആഡംബരത്തിന്റെയും പ്രകടനപരതയുടെയും പിറകെ പോകുന്ന
കാഴ്ചയാണ് ഇന്ന് കേരളത്തിലെവിടെയും കാണുന്നത്.നിര്‍മ്മാര്‍ജ്ജനം ചെയ്യപ്പെട്ടെന്നു കരുതിയിരുന്ന മാരക രോ
ഗങ്ങള്‍ പതിന്മടങ്ങു ശക്തിയോടെ തിരിച്ചു വരു‍ന്നതു പോലെ മണ്മറഞ്ഞെന്നു വിശ്വസിച്ചിരുന്ന ദുരാചാരങ്ങള്‍ ഒന്നൊന്നായി വീണ്ടും തലപൊക്കി കൊണ്ടിരിക്കുന്നു.തിരണ്ടു കുളിയും പുലകുളിയും പുളികുടിയും വരെ
തിരിച്ചു വന്നുകൊണ്ടിരിക്കുന്നു.

തന്റെ മാതാവു മരിച്ചു കിടന്നപ്പോള്‍ പതിവു കര്‍മ്മങ്ങള്‍ ചെയ്യാന്‍ വിസമ്മതിക്കുകയും മൃതശരീരത്തിലേക്ക് ഒരുപിടി പൂവു മാത്രം ഇട്ട് വന്ദിച്ച് അനാചാര ലംഘനം നടത്തുകയും ചെയ്ത ആളാണ് മന്നത്തു പത്മനാഭന്‍.
സഞ്ചയനം, പതിനാറടിയന്തിരം തുടങ്ങിയ ചടങ്ങുകളെയും ധീരമായി എതിര്‍ത്ത അദ്ദേഹം സ്ഥാപിച്ച എന്‍.
എസ്.എസ്, ഇപ്പോള്‍ നായര്‍ സമുദായാംഗങ്ങളുടെ മരണാനന്തര ചടങ്ങുകള്‍ കൊഴുപ്പിക്കാന്‍ പ്രത്യേക ആചാ
ര ഗ്രന്ഥങ്ങള്‍ പോലും പുറത്തിറക്കിയിരിക്കുന്നു.

ശവം ദഹിപ്പിക്കുന്നതോ കുഴിച്ചിടുന്നതോ നല്ലതെന്ന് ഒരു ഭക്തന്‍ ചോദിച്ചപ്പോള്‍,"ചക്കിലിട്ടാട്ടി വളമായി കൃഷി
ക്കുപയോഗിക്കുകയാണു നല്ലത്"എന്നു പറഞ്ഞ ശ്രീനാരായണ ഗുരുവിന്റെ അനുയായികള്‍ സ്വന്തക്കാരുടെ അന്ത്യ
കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നത് പാട്ടു പാടിയാണ്.മറ്റ് അനാചാരങ്ങളും ആര്‍ഭാടങ്ങളും വേറേ.

തികഞ്ഞ ഈശ്വര വിശ്വാസിയും ഭാരതീയ തത്ത്വചിന്തയില്‍ നിഷ്ണാതനും ആയിരുന്ന മഹാകവി കുമാരനാശാന്‍ പോലും,
"ഓരോന്നിങ്ങനെയൂഹമോ നിഗമമോ ലാക്കാക്കിയോതാം ചിലര്‍-
ക്കാരോതുന്നിതു തത്ത്വം;എങ്ങനെയൊരാള്‍ കാണുന്നിതങ്ങേപ്പുറം;
നേരോ പ്രേത കഥാപ്രസക്തി പൊളിയോ മസ്തിഷ്ക്ക വൈകല്യമോ
വേരോടങ്ങു കരിഞ്ഞു പോയ തരുവിന്‍ ഛായയ്ക്കു നില്‍ക്കാവതോ?"

എന്നു സന്ദേഹിക്കുമ്പോഴാണ് പുരോഗമനവാദികളെന്നു നടിക്കുന്നവര്‍ മരണാനന്തര ചടങ്ങുകള്‍ അനാചാര സമ്പന്നമാക്കാന്‍ നോക്കുന്നത്.എന്തൊരു പുരോഗമനം!!


Fans on the page

Saturday, October 2, 2010

ഭക്ത കമ്യൂണിസ്റ്റുകള്‍



"കമ്യൂണിസ്റ്റുകാര്‍ക്ക് നേതാവ് കൊമ്പനാനയല്ല.നേതാവിനെ ബിംബമായി പ്രതിഷ്ഠിച്ച് ആരാധന നടത്തില്ല.വിഗ്രഹഭഞ്ജകരാണ് യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകള്‍." "ഒളിവിലെ ഓര്‍മ്മകള്‍ക്കു ശേഷ"ത്തില്‍ തോപ്പില്‍ ഭാസി കമ്മ്യൂണിസ്റ്റു പാര്‍ട്ടികളിലെ യുവതലമുറയെ ഓര്‍മ്മിപ്പിക്കുന്നു.നേതാക്കളെ ആരാധി
ക്കുന്നതിനെതിരെ ആണ് സൂചനയെങ്കിലും കമ്യൂണിസ്റ്റുകാര്‍ വിഗ്രഹ ഭഞ്ജകരാണെന്ന് വ്യക്തമാക്കാന്‍ കൂടി ഈ ഒര്‍മ്മപ്പെടുത്തല്‍ ലക്ഷ്യമിടുന്നുണ്ട്.

തോപ്പില്‍ ഭാസിയുടെ ഈ ഗ്രന്ഥം പുറത്തു വരുന്നത് 1993 ലാണ്.അന്നത്തെ യുവ കമ്യൂണിസ്റ്റുകളില്‍
ഇപ്പോഴത്തെ കേരള ഭക്ഷ്യമന്ത്രി സി.ദിവാകരനും ഉള്‍പ്പെട്ടിരിന്നിരിക്കണം. എന്നാല്‍ ഇന്ന് "യുവ"വൃ
ത്തത്തിനു പുറത്തു കടന്നതു കൊണ്ടാകാം; അദ്ദേഹം വിഗ്രഹ ഭഞ്ജക വേഷം മാറ്റി വിഗ്രഹാരാധക
നെക്കാള്‍ ഹീനമായ ആള്‍ദൈവ ഭക്തന്റെ വേഷം അണിഞ്ഞിരിരിക്കുന്നു.

കഴിഞ്ഞ ദിവസം അദ്ദേഹം അമൃതാനന്ദമയിയുടെ കാല്ക്കല്‍ കുമ്പിട്ട് അനുഗ്രഹം വാങ്ങുന്ന രംഗം എല്ലാ
ചാനലുകളും കാണിച്ചിരുന്നു.കമ്യൂണിസത്തിന്റെ ബാലപാഠങ്ങളോടെങ്കിലും പ്രതിബദ്ധതയുള്ള ഒരുവ
നും ഇത്തരം ആള്‍ദൈവ പൂജയ്ക്കു തുനിയുമായിരുന്നില്ല.ഉമ്മന്‍ ചാണ്ടി,കെ.വി.തോമസ്,കെ.സി.വേണു
ഗോപാല്‍ തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കളും ഒരു കേന്ദ്ര സഹമന്ത്രിയും എല്ലാം അവരുടെ കാല്‍ക്ക
ല്‍ വീഴുകയും ആലിംഗനസുഖം അനുഭവിക്കുകയും ചെയ്തവരില്‍ പെടും.രാഷ്ട്രീയ നേതാക്കളും മന്ത്രിമാരും
മുന്‍ മന്ത്രിമാരും ആയ അവര്‍ക്കാകാമെങ്കില്‍ അമൃതാനന്ദമയിയുടെ കൊട്ടാരം സ്ഥിതി ചെയ്യുന്ന മണ്ഡല
ത്തിലെ ജനപ്രതിനിധി കൂടിയായ സ.ദിവാകരന് "അമ്മ"യുടെ പാദസേവ പാടില്ലേ എന്ന് ചോദിച്ചേ
ക്കാം.പാടില്ല എന്നു തന്നെയാണ് ഖണ്ഡിതമായ ഉത്തരം.

എന്തുകൊണ്ട്?

1. ഒരു കമ്യൂണിസ്റ്റു ജനപ്രതിനിധി ജനങ്ങളുടെ ദാസനാണ്;ആള്‍ദൈവത്തിന്റെയോ മൂലധനത്തിന്റെ
യോ അല്ല. ആള്‍ ദൈവങ്ങളുള്‍പ്പടെയുള്ള ഒരുതരം ദൈവത്തിന്റെയും ആരാധന കമ്യൂണിസ്റ്റ് അജണ്ട
യിലില്ല.തന്നെ വോട്ടു ചെയ്ത് അധികാരത്തലേറ്റിയ ജനസഹസ്രങ്ങളെയും പാര്‍ട്ടി പ്രവര്‍ത്തകരെയും
അവഹേളിക്കുന്ന ഇത്തരം നടപടി കമ്യൂണിസ്റ്റുകാരനല്ലാത്ത ജനപ്രതിനിധിക്കു പോലും ചേര്‍ന്നതല്ല.
ആരാധകരും പബ്ലിസിറ്റി മാനേജര്‍മാരും കൂടി പ്രചരിപ്പിക്കുന്ന ആള്‍ദൈവത്തിന്റെ അത്ഭുത ശക്തിയില്‍ വിശ്വസിച്ചു പല സ്ഥലങ്ങളില്‍ നിന്നു വന്നു തമ്പടിച്ചിരിക്കുന്ന ആള്‍ക്കൂട്ടം കണ്ട് അതെല്ലാം വോട്ടാ
ക്കാം എന്നു കരുതിയണോ ഈ അമ്മപ്രീണനം?അതോ വ്യാജ ദൈവത്തിന്റെ അനുഗ്രഹം ഉണ്ടെങ്കില്‍ പാവപ്പെട്ട 'കണ്ട്രി'കളുടെ സഹായമില്ലതെ അടുത്ത പ്രാവശ്യം ജയിച്ചു കളയാം എന്നാണോ?തിരുവന
ന്തപുരം പാര്‍ലമെന്റ് മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ സ.പി.കെ വാസുദേവന്‍ നായരെ തോല്പി
ക്കുവാന്‍ "അമ്മ"ആളും അര്‍ത്ഥവും അനുഗ്രഹവും നല്‍കി വിട്ട അരുമ "പുത്രന്‍"ഒ.രാജഗോപാല്‍ തോറ്റു തുന്നം പാടിയത് മറ്റാരു മറന്നാലും സ.സി. ദിവാകരന്‍ മറക്കാമോ?ഇവരുടെ അനുഗ്രഹത്തിന്റെ
യും ആശീര്‍വ്വാദത്തിന്റെയും ശക്തി അന്ന് നേരിട്ട് കണ്ടതല്ലേ?

2.എല്ലാത്തരം ചൂഷണങ്ങളില്‍ നിന്നും മുക്തമായ ഒരു സാമൂഹിക ക്രമമാണ് കമ്യൂണിസത്തിന്റെ പ്രഖ്യാ
പിത ലക്ഷ്യങ്ങളില്‍ പ്രധാനം.അമൃതാനന്ദമയി ആത്മീയവും ഭൗതികവുമായ സര്‍വ്വവിധ ചൂഷണങ്ങളു
ടെയും അമ്മയാണ് .ആശ്രമമെന്ന് അവരും ആരാധകരും വിശേഷിപ്പിക്കുന്ന പഞ്ചനക്ഷത്ര സങ്കേതം,
കള്ളപ്പണത്തിന്റെയും കള്ളക്കടത്ത് ഉള്‍പ്പെടെയുള്ള അനാശാസ്യ പ്രവര്‍ത്തനങ്ങളുടെയും വിളനില
മാണെന്ന് ആക്ഷേപമുണ്ട്.തൊട്ടടുത്തു സുനാമി അടിച്ച് നിരവധി മനുഷ്യരും ജന്തു ജാലങ്ങളും ഒലിച്ചു പോകുമെന്നു മുന്‍ കൂട്ടി അറിയാന്‍ പോലും കഴിയാഞ്ഞ അവര്‍ ദൈവമാണെന്നു പറഞ്ഞ് ആളെ കൂട്ടു
ന്നത് തട്ടിപ്പാണ്.ആത്മീയ ചൂഷണത്തിന്റെ ഒന്നാം തരം ഉദാഹരണമാണ്.

3.ഇവരുടെ പേരില്‍ നടത്തപ്പെടുന്ന മെഡിക്കല്‍കോളേജ് അടക്കമുള്ള എല്ലാ സ്ഥാപനങ്ങളും വലിയ ചൂഷണ കേന്ദ്രങ്ങളാണ്.എം.ബി.ബി.എസ്സ് അഡ്മിഷനു നാല്പതും അമ്പതും ലക്ഷമാണ് കോഴയെങ്കില്‍ പി.ജിയ്ക്ക് ഒരു കോടിയാണ് നിരക്ക്.മെഡിക്കല്‍ കോളേജില്‍ ജോലി ചെയ്യുന്ന നേഴ്സുകള്‍ക്കും ഡോക്റ്റര്‍മാ
രല്ലാത്ത മറ്റു ജീവനക്കാര്‍ക്കും തുച്ഛ മായ വേതനം മാത്രമാണ് നല്‍കുന്നത്.സ്കൂളുകളിലാണെങ്കില്‍ ആറാ
യിരത്തിനു ഒപ്പിടീപ്പിച്ചിട്ട് നാലായിരവും, പതിനായിരത്തിന് പതിപ്പിച്ചിട്ട് ആറായിരവുമാണ് അദ്ധ്യാപ
കര്‍ക്കു നല്‍കുന്നത്.പാവപ്പെട്ട തൊഴിലാളികളെയും വിദ്യാര്‍ത്ഥികളെയും രോഗികളെയും ചൂഷണം ചെ
യ്ത് കൂടി സമ്പത്തു കുന്നു കൂട്ടുന്ന ഈ മുതലാളിത്ത ജീര്‍ണ്ണതയുടെ മുമ്പില്‍ കുമ്പിടുന്നതില്‍ പരം തരം താ
ണ പ്രവൃത്തി ഒരു കമ്യൂണിസ്റ്റുകാരനോ സോ കാള്‍ഡ് കമ്യൂണിസ്റ്റിനോ ചെയ്യാനുണ്ടോ?

4.വരുമാനത്തിന്റെ ഉറവിടം വെളിപ്പെടുത്താതെയും നികുതി വെട്ടിച്ചും സര്‍ക്കാരിനെ കബളിപ്പിക്കു
കയും ചിലപ്പോഴൊക്കെ സമാന്തര സര്‍ക്കാരെ പോലെ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ആള്‍ദൈവ സങ്കേതത്തില്‍ ഒരു മന്ത്രി പോകുകയും അവരുടെ ആതിഥ്യം സ്വീകരിക്കുകയും ചെയ്യുന്നത് സത്യപ്ര
തിജ്ഞാ ലംഘനമാണ്.ദൈവ നാമത്തില്‍ അല്ലാതെ സത്യപ്രതിജ്ഞ ചെയ്ത മന്ത്രിയാകുമ്പോള്‍ വിശേ
ഷിച്ചും.ചാരിറ്റബിള്‍ സൊസൈറ്റി ആയി രജിസ്റ്റര്‍ ചെയ്ത സ്ഥാപനമാണെങ്കില്‍ നികുതിയിളവു പോ
ലുള്ള ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുണ്ടെന്നല്ലാതെ വരുമാനത്തിന്റെ സ്രോതസ് വെളിപ്പെടുത്താതിരി
ക്കാനുള്ള അവകാശം അത്തരം സ്ഥാപനങ്ങള്‍ക്ക് നിയമം അനുവദിക്കുന്നില്ല.പണത്തിന്റെ ഉറവിടം ഇന്നേവരെ അമൃതാനന്ദ മയിയോ അവരുടെ സ്ഥാപനമോ വെളിപ്പെടുത്തിയിട്ടില്ല. മാത്രമല്ല വരുമാന
ത്തിന്റെ സ്രോതസ്സു വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് എഴുതുകയും പ്രസംഗിക്കുകയും ചെയ്ത ഡോ.സു
കുമാര്‍ അഴീക്കോടിന്റെ വീടാക്രമിക്കാന്‍ അനുയായികളെ അയച്ച 'ദൈവ'മാണ് ഇവര്‍.ആ ഗുണ്ടാപ്പടയെ നയിച്ചത് ഇപ്പോഴത്തെ സംസ്ഥാന ബി.ജെ.പി.അദ്ധ്യക്ഷന്‍ ആയിരുന്നു.അതില്‍ നിന്ന് അവരുടെ "വിശാല മാതൃവാത്സല്യം" എങ്ങോട്ടണെന്നു വ്യക്തമാണ്.ഒരു പാര്‍ട്ടിയിലും അംഗമല്ലാത്ത അഴീക്കോ
ടിനോട് സഹതാപം തോന്നേണ്ട ബാദ്ധ്യത സ.ദിവാകരന് ഇല്ല. പക്ഷേ സ്വന്തം നേതാവിനെ തോല്പി
ക്കാന്‍ മറ്റൊരു ബി.ജെ.പി നേതാവിന് എല്ലാ സഹായവും ഈ ദൈവം ചെയ്തു കൊടുത്തത് അദ്ദേഹം മറക്കാന്‍ പാടുണ്ടോ?

5.കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സുനാമി ബാധിതര്‍ക്ക് വീടു വയ്ക്കാന്‍ നൂറു കോടി രൂപ അമൃതാനന്ദമ
യി വാഗ്ദാനം ചെയ്തിരുന്നു.ഈ ഭീമമായ സംഖ്യ എവിടെ നിന്നു കിട്ടി എന്നു ചോദിക്കുക പോലും ചെയ്യാ
തെ അന്നത്തെ സര്‍ക്കാര്‍ ആ വാഗ്ദാനം സ്വീകരിച്ചു.ഒടുവില്‍ "അമ്മ" തന്നെ വീടു വച്ചു നല്‍കാം എന്നാ
യി.ആ വീടുകള്‍ക്ക് എന്തു സംഭവിച്ചു എന്ന് വ്യക്തമായി ഇപ്പോഴത്തെ ഉത്തരവാദപ്പെട്ട മന്ത്രിയായ സ.
സി.ദിവാകരന്‍ അറിയാതിരിക്കില്ല.കൊട്ടിഘോഷിച്ച് അറിയിച്ച ആ കാരുണ്യ പ്രവര്‍ത്തനത്തിന്റെ ഗു
ണഫലം എത്ര സുനാമി ബാധിതര്‍ക്കു കിട്ടി എന്നു ധര്‍മ്മിഷ്ഠ വെളിപ്പെടുത്താത്തതെന്ത്?

സുനാമി വരുന്നതിനു മുമ്പു തീരദേശ നിര്‍ദ്ധനര്‍ക്ക് 500 വീടുകള്‍ ഈ ദാനശീല നിര്‍മ്മിച്ചു കൊടുത്തിന്റെ വിളംബരമുണ്ടായിരുന്നു.ആദ്യത്തെ സുനാമിത്തിരയില്‍ തന്നെ അഞ്ഞൂറു വീടുകളും നിലം പൊത്തിയ കാര്യം പക്ഷേ അധികമാരും അറിഞ്ഞില്ല.സ്വന്തം സഹോദരനായിരുന്നു ആ വീടുകളുടെ നിര്‍മ്മാണ കോണ്ട്രാക്റ്റ് ഏറ്റെടുത്തിരുന്നതെന്നുള്ളതും രഹസ്യമാണത്രേ.

സര്‍ക്കാര്‍ സമ്മതിച്ചാല്‍ കേരളത്തിലാകെ ശൗചാലയങ്ങള്‍(ബാത് റൂം എന്ന് വള്ളിക്കാവമ്മ മലയാ
ളം)നിര്‍മ്മിച്ചു നല്‍കാമെന്ന പുതിയ വാഗ്ദാനം അവര്‍ മുന്നോട്ടു വച്ചത് ബഹു.മന്ത്രിയുടെ സാന്നിദ്ധ്യത്തി
ലാണ് .എവിടെ നിന്നാണ് അതിനുള്ള പണം എന്ന് ചോദിക്കുവനുള്ള തന്റേടവും ആര്‍ജ്ജവവും ഈ സ
ര്‍ക്കാരെങ്കിലും കാണിക്കും എന്നു കരുതുന്നു.കൊച്ചിക്കാര്‍ കേരളത്തിനു വേണ്ടി ലേലം കൊണ്ട ഐ.
പി.എല്‍ ടീമിന്റെ വരുമാനത്തിന്റെ ഉറവിടം വെളിപ്പെടുത്തണമെന്ന് ബി.സി.സി.ഐ ആവശ്യപ്പെട്ടിരി
ക്കുകയാണ്.സര്‍ക്കാര്‍ പ്രസ്ഥാനമല്ലാത്ത ബി.സി.സി.ഐ പോലും നൂറോ നൂറ്റമ്പതോ കോടി മുടക്കാന്‍
എവിടെ നിന്നുണ്ടായി എന്നു ഒരു ടീമിനോട് ചോദിക്കുന്നു.അപ്പോള്‍ ഒരു വ്യക്തിക്ക് ശതകോടികള്‍ എ
വിടെ നിന്ന് വന്നു എന്നു ചോദിക്കാനുള്ള നിയമപരവും ധാര്‍മ്മികവുമായ അവകാശവും കടമയും
സര്‍ക്കാരിനും മന്ത്രിക്കുമുണ്ട്.

പ്രകൃതി ദുരന്തം അനുഭവിക്കുന്ന പാക്കിസ്ഥാന് ദുരിതാശ്വാസമായി അഞ്ചുകോടി നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ ചൊല്ലി എന്തെല്ലാം കോലാഹലങ്ങളാണ് പ്രതിപക്ഷ കക്ഷികള്‍ ഉണ്ടാക്കിയത്.
"അച്യുതാനന്ദന്റെ ഉപ്പുപ്പ വിചാരിച്ചാലും ഈ തുക പാക്കിസ്ഥാനു കൈമാറാന്‍ സാധിക്കില്ല"എന്നാണ്
ആര്‍. ബാലകൃഷ്ണ പിള്ള പറഞ്ഞത്.അപ്പോള്‍ 'റീത്ത',കത്രീന' കൊടുങ്കാറ്റുകള്‍ നാശം വിതച്ച അമേരി
ക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ക്ക് നൂറു കോടിയുടെ സഹായം അമൃതാനന്ദമയി എത്തിച്ചത് എങ്ങനെയാണ്?
6.'നാണം കെട്ടും പണം നേടിക്കൊണ്ടാല്‍/നാണക്കേടപ്പണം തീര്‍ത്തു കൊള്ളും' എന്ന നാടന്‍ ചൊല്ല് വാസ്തവമാണെന്ന് ആള്‍ദൈവവും മക്കളും മനസ്സിലാക്കിയിട്ടുണ്ട്.ചൂഷണം ചെയ്തും അന്യായമായും അവി
ഹിതമായും സമ്പാദിച്ചതില്‍ ഒരു ഭാഗം ചെലവാക്കി പബ്ലിസിറ്റി സ്റ്റണ്ടും കാരുണ്യ പ്രവര്‍ത്തന ഗിമ്മി
ക്കുകളും കാട്ടി മാന്യത നേടാനും പാപം കഴുകിക്കളയാനുമുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇതൊക്കെ.സമൂ
ഹത്തില്‍ വിലയും നിലയുമുള്ളവരുടെ സൗഹൃദവും ശിഷ്യത്വവും സംഘടിപ്പിച്ച് ആത്മീയ വ്യവസായം കൊഴുപ്പിക്കുവാന്‍ എന്തു വേണമെങ്കിലും ഇവരെപ്പോലുള്ള കാപട്യമൂര്‍ത്തികള്‍ ചെയ്യും.പാവപ്പെട്ട പെ
ണ്‍കുട്ടികളുടെ വിവാഹം നടത്തിക്കൊടുക്കുന്നു;സാധുക്കള്‍ക്കു വീടു വച്ചു കൊടുക്കുന്നു;സ്ത്രീകള്‍ക്ക് ത
യ്യല്‍ മെഷീന്‍ നല്‍കുന്നു.അങ്ങനെ എന്തെല്ലാം കാരുണ്യ പ്രവര്‍ത്തനങ്ങള്‍!മണിച്ചനും ദ്രവ്യനും ദാവൂദ് ഇബ്രാഹിമും ഇതെല്ലാം ചെയ്യുന്നുണ്ട്.പക്ഷേ അവരാരും അമ്പതാം പിറന്നാള്‍ അതിവിപുലമായി ആ
ഘോഷിച്ചിട്ടില്ല.ഇന്ത്യയില്‍ നടപ്പുള്ളത് ഷഷ്ടിപൂര്‍ത്തിയും സപ്തതിയും നവതിയും ശതാഭിഷേകവുമാണ്.
ഷഷ്ടിപൂര്‍ത്തി ആഘോഷങ്ങളെ പരിഹസിച്ചു കൊണ്ട്"ഫിഫ്റ്റിപൂര്‍ത്തി" എന്ന കവിത എഴുതിയ ചെമ്മ
നം ചാക്കോയേ പോലും അത്ഭുതപ്പെടുത്തിക്കൊണ്ട് "ഫിഫ്റ്റി പൂര്‍ത്തി" ആഘോഷിച്ച ഏക ആള്‍ ദൈ
വം അമൃതാനന്ദമയി ആയിരിക്കും.ആ ഫിഫ്റ്റിപൂര്‍ത്തിക്ക് ചെലവഴിച്ചതിന്റെ പത്തിലൊരംശം പോലും
ആയിക്കാണില്ല സമൂഹ വിവാഹങ്ങള്‍ക്കെല്ലാം കൂടി.അതില്‍ നിന്നു തന്നെ ആ കാരുണ്യപ്രവര്‍ത്തന
ത്തിന്റെ പിന്നിലെ കാപട്യവും ദുഷ്ടലാക്കും വ്യക്തല്ലേ?

സ. സി.ദിവാകരന്‍ മന്ത്രി മാത്രമല്ല.എ.ഐ റ്റി.യു.സി എന്ന തൊഴിലാളി സംഘടനയുടെ നേതാവു കൂടി
യാണ്.തൊഴിലാളികള്‍ ഉള്‍പ്പടെയുള്ള ഒരു വലിയ വിഭാഗം ജനങ്ങളെ ചൂഷണം ചെയ്യുകയും കബളിപ്പി
ക്കുകയും ചെയ്യുന്ന സാമൂഹത്തിലെ ഇത്തിള്‍ക്കണ്ണികളായ ആള്‍ദൈവങ്ങള്‍ക്ക് മാന്യത കല്‍പ്പിക്കാന്‍
നടത്തുന്ന കൂത്തിലും ആട്ടത്തിലും അദ്ദേഹം ഭാഗഭാക്കാകുന്നത് ന്യായീകരിക്കാനാകില്ല.ഒരു തലമുറയുടെ യുക്തിബോധത്തിനും വിപ്ലവ ചിന്തകള്‍ക്കും ദിശാബോധം നല്കുകയും അന്ധവിശ്വാസത്തിനും അനാചാ
രങ്ങള്‍ക്കും എതിരെ നിരന്തരം അച്ചു നിരത്തുകയും ചെയ്ത "ജനയുഗം" വാരിക കൈകൊണ്ടു തൊട്ടതി
ന്റെ സംസ്കാരമെങ്കിലും ഉണ്ടായിരുന്നെങ്കില്‍ ആള്‍ദൈവവേഷം കെട്ടിയാടുന്ന ഒരു ഏഴാം കൂലിയുടെ മുമ്പില്‍ കുമ്പിടില്ലായിരുന്നു.കള്ളപ്പണത്തിന്റെയും വര്‍ഗ്ഗീയ വിഷത്തിന്റെയും ദുര്‍ഗ്ഗന്ധം പുരണ്ട അവ
രുടെ ആലിംഗനത്തില്‍ അമരാന്‍ നിന്നു കൊടുക്കില്ലായിരുന്നു.

രാമായണ വായനയുടെ ലക്ഷ്യം ഭക്തിക്കുപരി വര്‍ഗ്ഗീയത മുളപ്പിക്കലാണെന്ന് അര നൂറ്റാണ്ടിനു
മുമ്പേ മനസ്സിലാക്കി, രാമായണത്തിനു പകരം കുമാരനാശാന്റെയും വള്ളത്തോളിന്റെയും കാവ്യങ്ങള്‍
പാരായണം ചെയ്യിച്ചു പ്രതിരോധിച്ച സുഗതന്‍ സാറിന്റെ(സ. ആര്‍.സുഗതന്‍)പാരമ്പര്യത്തില്‍ അഭിമാ
നിക്കുന്നവര്‍ക്ക് എങ്ങനെയാണ് ഒരു അനാചാര കൂടാരത്തിന്റെ ആതിഥ്യം സ്വീകരിക്കാന്‍ കഴിയുക?
മുഖ്യമന്ത്രിക്കസേരയില്‍ നിന്നിറങ്ങിയപ്പോള്‍ ഒരു സ്യൂട്കേസില്‍ കൊള്ളാനുള്ള സാധന സാമഗ്രികള്‍ പോലുമില്ലാതെ തിരുവനന്തപുരത്തു നിന്നു തൃശൂരിനു വണ്ടി കയറിയ സ.അച്യുത മേനോന്റെ പിന്‍ഗാ
മികള്‍, ആര്‍ഭാടത്തിന്റെയും ആഘോഷത്തിന്റെയും അല്പത്തത്തിന്റെയും അപ്പോസ്തലര്‍ക്ക് ഹാലേലുയ്യ
പാടുന്നത് ,ഖേദകരമാണ്.അദ്ദേഹത്തെപ്പോലുള്ളവരെയും പാര്‍ട്ടിയെയും അപമാനിക്കലാണ്.







Fans on the page

Sunday, September 26, 2010

ബേബി സൂപ്പര്‍ മുഖ്യമന്ത്രിയോ?



അഴിമതി നടത്തിയെന്നു തെളിഞ്ഞതിന്റെ പേരില്‍ സസ്പന്റ് ചെയ്യണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിട്ടും മോഹന്‍ എബ്രഹാമിനെ സസ്പ്ന്റു ചെയ്യാന്‍ വിദ്യാഭ്യാസ വകുപ്പു മന്ത്രിയ്ക്കു മടി.മുന്‍ വിഎച്ച്എസ്ഇ ഡയറക്ടര്‍ മോഹന്‍ എബ്രഹാമിനെതിരേ മൂന്നു വിജിലന്‍സ് കേസുകള്‍ നിലവിലുണ്ട്. വിഎച്ച്എസ്ഇ ഡയറക്ടര്‍ ആയിരിക്കെ വകുപ്പിനു വേണ്ടി കംപ്യൂട്ടറുകളും പാഠപുസ്തകങ്ങളും വാങ്ങിയ വകയില്‍ അഴിമതി നടത്തിയതിനും വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതിനും അദ്ദേഹം കുറ്റക്കാരനാണെന്നു വിജിലന്‍സ് കണ്ടെത്തിയിരുന്നു.

തുടര്‍ന്നു മോഹന്‍ എബ്രഹാമിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ മുഖ്യമന്ത്രി ഉത്തരവിട്ടെങ്കിലും വിദ്യാഭ്യാസ വകുപ്പ് നടപടിയെടുത്തില്ല. പിന്നീട് കോടതി ഇടപെട്ടപ്പോള്‍ തുടര്‍വിദ്യാഭ്യാസ കേന്ദ്രം ഡയറക്റ്ററായി മോഹന്‍ എബ്രഹാമിനെ സ്ഥലം മാറ്റുകയായിരുന്നു.ഇദ്ദേഹത്തെ സസ്പന്റ് ചെയ്യണമെന്ന് ആവശ്യപ്പെ
ട്ട് കഴിഞ്ഞ ദിവസം വീണ്ടും മുഖ്യമന്ത്രി നോട്ടു കൊടുത്തിട്ടും അനുസരിക്കാന്‍ വകുപ്പു മന്ത്രി കൂട്ടാക്കി
യില്ല.ഇതിനിടയ്ക്കാണ് തന്റെ കീഴിലുള്ള സിവില്‍ സര്‍വീസ് അക്കാഡമിയില്‍ വച്ച് ശത്രു ദോഷം മാറാന്‍ പൂജ നടത്തിക്കാന്‍ മോഹന്‍ എബ്രഹാം ചില കീഴ്ജീവനക്കരെ ചട്ടം കെട്ടിയത്.പൂജയും ഹോ
മവും നടത്തിയ വിവരം പുറത്തായിട്ടും സസ്പന്‍ഷന്‍ നടപ്പാക്കാന്‍ വകുപ്പു മന്ത്രി തയ്യാറായില്ല.പക
രം അവധിയില്‍ പ്രവേശിക്കുവാന്‍ ഉപദേശിക്കുകയാണു ചെയ്തത്.

അഴിമതിക്കാരനാണെന്നു തെളിഞ്ഞിട്ടും പുറത്താക്കണമെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും
ഇദ്ദേഹത്തെ സംരക്ഷിക്കാന്‍ വകുപ്പു മന്ത്രി കാണിക്കുന്ന അമിത താല്പര്യം പല സംശയങ്ങളും ഉയര്‍
ത്തുന്നു. ഇപ്പോഴത്തെ മന്ത്രിസഭയിലെ ഏറ്റവും കഴിവുകെട്ട മന്ത്രിയ്ക്ക് മുഖ്യമന്ത്രിയെ ധിക്കരിക്കാനുള്ള
ധൈര്യം എങ്ങനെ ഉണ്ടായി?തൊട്ടതെല്ലാം അലമ്പാക്കിയ ഇദ്ദേഹം ആരുടെ ബലത്തിലാണ് സൂപ്പര്‍ മുഖ്യമന്ത്രി ചമയുന്നത്?പാര്‍ട്ടി നേതൃത്വത്തിന്റെ ഉറച്ച പിന്തുണയില്ലാതെ ഇത്രയ്ക്കു ധിക്കാരം
ഒരു ഏഴാം കൂലി മന്ത്രി കാണിക്കില്ല.

മോഹന്‍ എബ്രഹാം നടത്തിയ അഴിമതിയുടെ പങ്കു പറ്റിയിട്ടില്ലെങ്കില്‍ അദ്ദേഹത്തെ സംരക്ഷിക്കുവാന്‍ ഇത്രയധികം വ്യഗ്രത ബേബി കാട്ടുമായിരുന്നില്ല.ബേബിയുടെ തോന്ന്യാസങ്ങള്‍ വിലക്കാത്തിടത്തോളം
പാര്‍ട്ടിനേതൃത്വത്തിനും ഈ പാപത്തില്‍ പങ്കുണ്ടെന്നു വേണം അനുമാനിക്കാന്‍.ഭരണത്തിന്റെ ആദ്യ നാളുകളില്‍ തന്നെ ഇടതുപക്ഷ മുന്നണിയുടെ പ്രതിച്ഛായയ്ക്കു മങ്ങലേല്പിക്കും വിധം തന്‍ പ്രമാണിത്വവും കെടുകാര്യസ്തതയും ബേബി പ്രകടമാക്കിയതാണ്.ഘടക കക്ഷികള്‍ ഇടപെട്ടതു കൊണ്ടാ
ണ് ഒറ്റയ്ക്കുള്ള അരമന നിരക്കം പോലും അദ്ദേഹം അവസാനിപ്പിച്ചത്.അപ്പോഴും പാര്‍ട്ടി നേതൃത്വം
ഈ ബുദ്ധിജീവി നാട്യക്കാരനെ നിയന്ത്രിക്കാന്‍ തുനിഞ്ഞില്ല.മുഖ്യ മന്ത്രിയുടെ ചിരിയില്‍ പോലും കുറ്റം കണ്ടു പിടിക്കുകയും ഊരുവിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്ത പാര്‍ട്ടി നേതൃത്വമാണ് ബേബിയുടെ അഴിഞ്ഞാട്ടം കണ്ടില്ലെന്നു നടിച്ചതെന്നു കൂടി ഓര്‍ക്കണം.

ആകാരത്തിനൊത്ത കഴിവും ബുദ്ധിയും ഉണ്ടാകുമെന്ന് ഒരുപക്ഷേ നേതൃത്വം തെറ്റിദ്ധരിച്ചതാകാം.അങ്ങ
നെയെങ്കില്‍ ധാരണ തെറ്റാണെന്നു മനസ്സിലായപ്പോഴെങ്കിലും അതു തിരുത്തേണ്ടതല്ലേ?അങ്ങനെ ചെയ്യാത്തിടത്തോളം അവര്‍ കൂടി അറിഞ്ഞു കൊണ്ടാണ് ഇതെല്ലാം അരങ്ങേറുന്നതെന്നേ കരുതാനാകൂ.
പണ്ടൊരിക്കല്‍ മുഖ്യമന്ത്രിക്കുപ്പായവും തയ്പിച്ച് ദില്ലിയില്‍ നിന്ന് ഇവിടെ എത്തിയപ്പോള്‍ ചില മാദ്ധ്യമങ്ങള്‍ പുറത്തുവിട്ട "സ്വരലയ"ദുര്‍ഗ്ഗന്ധം മോഹന്‍ എബ്രഹാം പ്രേമ കാണ്ഡത്തിലും ഉണ്ടോ എന്നും സംശയിക്കണം.അഴിമതിക്കെതിരേ കുരിശു യുദ്ധം പ്രഖ്യാപിച്ചിട്ടുള്ള ഇടതു പക്ഷ മുന്നണിയുടെയും മുഖ്യമന്ത്രിയുടെയും വിശ്വാസ്യത തകര്‍ക്കുവാനേ ബേബിയെപ്പോലുള്ളവരുടെ അഴിമതി ബാന്ധവം ഉപകരിക്കുകയുള്ളു.മുഖ്യമന്ത്രിയെ കൊച്ചാക്കാനും അപഹാസ്യനാക്കനുമുള്ള ചിലരുടെ രഹസ്യ അജണ്ടകളാണ് ഇതിന്റെ പിന്നിലുള്ളതെങ്കില്‍ അദ്ദേഹം മാത്രമല്ല അപഹാസ്യനാ
കുന്നത് എന്ന് ബന്ധപ്പെട്ടവര്‍ ഓര്‍ക്കുന്നതു കൊള്ളാം.


Fans on the page

Friday, September 24, 2010

വൈകി വന്ന ജ്ഞാനപീഠം



2007ലെ ജ്ഞാനപീഠ പുരസ്കാരത്തിന് ഓ.എന്‍.വി.കുറുപ്പ് അര്‍ഹനായിരിക്കുന്നു.കുറേ വൈകിയാണെങ്കിലും, അരനൂറ്റാണ്ടിലേറെ നീണ്ട കാവ്യസപര്യക്ക് കിട്ടിയ ഈ അംഗീകാരം മലയാള സാഹിത്യത്തിന്,വിശേഷിച്ച് കവിതയ്ക്കും മലയാളിയ്ക്കും ആഹ്ലാദം നല്‍കുന്ന ഒന്നാണ്.ജ്ഞാനപീഠം ലഭിക്കുന്ന അഞ്ചാമത്തെ മലയാളിയാണ് ഓ.എന്‍.വി.ജ്ഞാനപീഠ പുരസ്ക്കാര ചരിത്രത്തില്‍ മലയാളത്തിനു പ്രത്യേക സ്ഥാനമുണ്ട്.ഒന്നാമത്തെ ജ്ഞാനപീഠം ലഭിച്ചത് മഹാകവി
ജി.ശങ്കരക്കുറുപ്പിനാണ്.പിന്നീട് ജ്ഞാനപീഠം കവിതയ്ക്ക് കിട്ടുന്നതു മലയാളത്തിനാണെന്ന പ്രത്യേകതയും ഓ.എന്‍.വി.കുറുപ്പിന്റെ ഈ സമ്മാന ലബ്ധിയ്ക്കുണ്ട്.

'ഉപ്പി'ന്റെയും 'അക്ഷര'ത്തിന്റെയും കര്‍ത്താവിന് ജ്ഞാനപീഠം കിട്ടാന്‍ ഇത്ര വൈകിയതിലേ അത്ഭുത
മുള്ളൂ.ചങ്ങമ്പുഴക്കവിതയുടെ സ്വാധീനത്തില്‍ തുടങ്ങിയതെങ്കിലും വിപ്ലവ കവിതകളിലൂടെയും പ്രണയ കവിതകളിലൂടെയും വളര്‍ന്നു പന്തലിച്ച ആ കാവ്യ ശാഖി, വൈലോപ്പിള്ളി പറഞ്ഞതു പോലെ 'ഒരു കള്ളിയിലും കൊള്ളാതെ' വികസിക്കുകയാണുണ്ടായത്.താമസിച്ചാണെങ്കിലും മാനവികതയുടെ മഹാ
ഗായകനു ലഭിച്ച ഈ അത്യുന്നത പുരസ്ക്കാരത്തില്‍ നമുക്കും അഭിമാനിക്കാം;ആഹ്ലാദിക്കാം;
അദ്ദേഹത്തിന് ആശംസകള്‍ നേരാം.


Fans on the page

Saturday, September 11, 2010

വെള്ളാപ്പള്ളിയുടെ ഗുരുനിന്ദ



സംഘടന കൊണ്ടു ശക്തരാകുവാന്‍ ഉപദേശിച്ച ആദ്യത്തെയും അവസാനത്തെയും ഋഷിവര്യന്‍ ശ്രിനാരായണ ഗുരുവാണ്.അദ്ദേഹത്തിന്റെ പേരില്‍ ആരംഭിച്ച ശ്രീ നാരായണ ധര്‍മ്മ പരിപാലന യോഗ(എസ്.എന്‍.ഡി.പി യോഗം)മാണ് കേരളത്തില്‍ ആദ്യമായി സ്ഥാപിക്കപ്പെട്ട പ്രമുഖ സംഘടന.
ഡോക്റ്ററാകാന്‍ യോഗ്യത നേടിയിട്ടും അവര്‍ണ്ണനായി പ്പോയതിനാല്‍ തിരുവിതാംകൂറിലെ പൊന്നു തമ്പുരാന്‍ ഉദ്യോഗം നിഷേധിച്ച ഡോ.പല്പുവാണ് യോഗം സ്ഥാപിക്കുവാന്‍ മുന്‍ കൈ എടുത്തത്. വിദ
ഗ്ദ്ധഡോക്റ്ററായി കഴിയുമ്പോഴും ജന്മനാട്ടിലെ തന്റെ സഹോദരങ്ങള്‍ അനുഭവിക്കുന്ന കഷ്ടപ്പാടുകള്‍ മനസ്സിനെ വേട്ടയാടിയതുകൊണ്ടാണ് ഡോ.പല്പു സംഘടന സ്ഥാപിക്കുവാന്‍ ഉത്സാഹിച്ചത്.കേരള
ത്തി ലെ മറ്റു സംഘടനകള്‍ക്കു മാതൃകയാകുകയും കൃമികളെക്കാള്‍ മോശമായി കിടന്ന ഒരു വലിയ വിഭാ
ഗം ജനങ്ങളെ അന്തസ്സുള്ള ഒരു സമൂഹമായി പരിവര്‍ത്തിപ്പിക്കുവാന്‍ സഹായിക്കുകയും ചെയ്ത ആ
സംഘടനയുടെ ഇന്നത്തെ അവസ്ഥ പരമ ദയനീയമാണ്.

അടുത്തയിട കൊല്ലത്തു വച്ചു നടന്ന യോഗം തെരഞ്ഞെടുപ്പോടെ അതിന്റെ ജീര്‍ണ്ണവും വികൃതവുമായ
മുഖം പൂര്‍ണ്ണമായും അനാവരണം ചെയ്യപ്പെടുകയുണ്ടായി.പ്രാഥമിക സഹകരണ സംഘം ഭരണസമിതി
യിലേക്കു മുതല്‍ പാര്‍ലമെന്റിലേക്കു വരെയുള്ള ഏതു തെരഞ്ഞെടുപ്പിലും ഗോഗ്വാ വിളികളും കൈയ്യാ
ങ്കളിയും ഒക്കെ ഉണ്ടാകാറുണ്ട്।മോശമായ പദപ്രയോഗങ്ങള്‍ അന്യോന്യം പ്രയോഗിച്ചെന്നും വരും. തഴേ
ത്തട്ടിലുള്ള പ്രവര്‍ത്തകരോ അനുയായികളൊ ആയിരിക്കും ഇത്തരം അമാന്യമായ പ്രവൃത്തികള്‍ക്കു
ചുക്കാന്‍ പിടിക്കുക.പക്ഷേ കൊല്ലത്തു നടന്ന യോഗം തെരഞ്ഞെടുപ്പില്‍ നിലവിലുള്ള നേതാവാണ് വോ
ട്ടെടുപ്പിനു മുമ്പും പിമ്പും ചെറ്റത്തമ്മ് കാണിക്കുകയും തറ വര്‍ത്തമാനം പറയുകയും ചെയ്തത്.

സെക്രട്ടറിയായ വെള്ളാപ്പള്ളി നടേശന്‍ യോഗത്തെ തന്റെ കുടുംബ സ്വത്തായി കൊണ്ടു നടക്കുക
യാണെന്നും സാധാരണ അംഗങ്ങള്‍ക്കുള്ള അവകാശങ്ങള്‍ ഹനിക്കുകയും അഴിമതി നടത്തുകയും ചെയ്യുന്നു എന്നാണ് സെക്രട്ടറി സ്ഥാനത്തേക്കു മത്സരിച്ച ഗോകുലം ഗോപാലന്റെയും കൂട്ടരുടെയും ആക്ഷേപം.പണവും ഗുണ്ടായിസവും മറ്റു സ്വാധീനവും കൊണ്ട് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ വെള്ളാപ്പള്ളി ശ്രമിക്കുന്നു എന്നും അവര്‍ ആരോപിച്ചു.ഈ ആരോപണങ്ങളെ വെള്ളാപ്പള്ളി നേരിട്ടത്,ഗോകുലം ഗോപാലനെ അണ്ണാച്ചി, പാണ്ടി, പലിശപ്പാണ്ടി,പരദേശി എന്നൊക്കെ വിളിച്ചു കൊണ്ടാണ്.

കുറേ നാളുകളായി എതിരളികളില്ലാതെ സംഘടനയുടെ തലപ്പത്തിരുന്ന് ആരെയും പുലഭ്യം പറഞ്ഞും
ഗുണ്ടായിസം കാട്ടിയും വിലസിയിരുന്ന വെള്ളാപ്പള്ളിയ്ക്ക്, ഗോപാലന്റെ വരവ് അസ്വാസ്ഥ്യം സൃഷ്ടി
ക്കുക സ്വാഭാവികമാണ്.സമ്പത്തിലും വിദ്യാഭ്യാസത്തിലും പെരുമാറ്റത്തിലും ഗോകുലം ഗോപാലന്‍ ത
ന്നെക്കാള്‍ വളരെ മുമ്പിലാണെന്ന് മറ്റാരെക്കാളും നന്നായി വെള്ളാപ്പള്ളിയ്ക്ക് അറിയാം.അതുകൊണ്ട് തെരഞ്ഞെടുപ്പ് അടുക്കുന്നതിനു വളരെ മുമ്പേ തന്നെ അദ്ദേഹവും കൂട്ടരും ഗോകുലത്തിനെ ചിത്രവധം ചെയ്യാന്‍ ആരംഭിച്ചിരുന്നു.ഗോകുലം നിര്‍മ്മിച്ച പഴശ്ശിരാജാ സിനിമയുടെ വിജയം കണ്ടപ്പോള്‍ 'പലിശ്ശ
രജാ' എന്ന് വെള്ളാപ്പള്ളീ പരിഹസിച്ചത് അതിന്റെ തെളിവാണ്.തെരഞ്ഞെടുപ്പില്‍ വിജയിച്ചപ്പോള്‍ ഈ
പോഴത്തം അദ്ദേഹം ആവര്‍ത്തിക്കുകയും ചെയ്തു.

സ്വന്തം തട്ടകമായ ചേര്‍ത്തലയില്‍ വച്ചു മാത്രം യോഗം തെരഞ്ഞെടുപ്പു നടത്തുന്ന പതിവ് തെറ്റിയതോ
ടെ ഹാലിളകിയ വെള്ളാപ്പാള്ളി ഗുണ്ടകളെ ഇറക്കിയും എതിര്‍ പാനല്‍ അനുഭാവികളെ വോട്ടു ചെ
യ്യാന്‍ അനുവദിക്കാതെയുമാണ് നാലാമതും സെക്രട്ടറി ആയത്. താന്‍ ചെല്ലും ചെലവും കൊടുത്തു കൊ
ണ്ടുവന്നവരില്‍ തന്നെ ആയിരത്തോളം പേര്‍ എതിര്‍ പാനലിന് വോട്ടു ചെയ്തതിലെ അപകടം ഏതു കൊലകൊമ്പന്റെയും സമനില തെറ്റിയ്ക്കാന്‍ പോരുന്നതാണ്. എതരാളികള്‍ 25 ശതമാനം വോട്ടു പിടി
ച്ചാല്‍ സ്ഥാനത്യാഗം ചെയ്യാമെന്ന് വീമ്പടിച്ചതു കൂടി ഓര്‍ക്കുമ്പോള്‍ ഏതു കൊലപ്പുള്ളിക്കും ഞെട്ടലുണ്ടാ
കും പിന്നല്ലേ വെള്ളാപ്പള്ളിക്ക്?കാരണം വോട്ടു ചെയ്യാന്‍ അനുവദിക്കാഞ്ഞ ആയിരത്തിലധികം ഗോകു
ലപക്ഷക്കാരും കൂടി ചേര്‍ന്നാല്‍ ശതമാനം 25 ല്‍ കൂടും.

വൈതാളികരും അനുചരപ്പരിഷകളും കൂടി"മഹത്തായ വിജയം" "ഉജ്ജ്വല വിജയം"എന്നൊക്കെ എത്ര
പുകഴ്ത്തിയാലും സത്യമതല്ലെന്ന് വെള്ളാപ്പള്ളിയ്ക്ക് അറിയാം.തോല്‍വിയേക്കാള്‍ നാണം കെട്ട വിജയ
മാണെന്ന് നാട്ടുകാര്‍ക്കും അറിയാം. ജാള്യം മറയ്ക്കാന്‍ എതിരാളിയെ'അണ്ണാച്ചി',പാണ്ടി എന്നൊക്കെ
വിളിച്ച് തൃപ്തിയടഞ്ഞു.മറുനാടന്‍ മലയാളി എന്ന് ആക്ഷേപിച്ചതിന് ഗോകുലം നല്ല മറുപടിയും കൊടു
ത്തു.ഡോ.പല്പു എന്ന മറുനാടന്‍ മലയാളിയാണ് എസ്.എന്‍.ഡി.പി.യോഗം സ്ഥാപിച്ചതെന്ന് അദ്ദേഹം
വെള്ളാപ്പള്ളിയെ ഓര്‍മ്മിപ്പിച്ചു.എന്തു ഫലം?താനാണ് യോഗം സ്ഥാപിച്ചതെന്നു കരുതുന്ന ആളോട് ചരി
ത്രവും ഭൂമിശാസ്ത്രവും പറഞ്ഞിട്ടു കാര്യമുണ്ടോ?"സംഘടന കൊണ്ടു ശക്തരാകുക" എന്ന് ഉപദേശി
ച്ച ഗുരു,"വിദ്യ കൊണ്ടു പ്രബുദ്ധരാകുക" എന്നു കൂടി പറഞ്ഞിട്ടുണ്ട്.അത് വെള്ളാപ്പള്ളിയുടെ പിതാ
വു മുതല്‍ പുത്രന്‍ വരെയുള്ളവര്‍ മനസ്സിലാക്കിയില്ല.അതിന്റെ ദുരന്തം അനുഭവി ക്കുന്നത്,മഹാനായ
ആ യോഗിവര്യന്റെ പേരില്‍ സ്ഥാപിക്കപ്പെട്ട സംഘടനയും.‍

കുമാരനാശാന്‍ മുതല്‍ കെ.കെ.രാഹുലന്‍ വരെ നിരവധി പേര്‍ യോഗത്തെ നയിച്ചിട്ടുണ്ട്.അവരാരും
സംഘടനെയേയും സമുദായത്തെയും ഇത്ര നാണം കെടുത്തിയിട്ടില്ല.ശ്രീനാരായണ ദര്‍ശനങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്തിട്ടുമില്ല.മാത്രമല്ല,"തെറിക്കുത്തരം മുറിപ്പത്തല്‍" തുടങ്ങിയ തെരുവു സൂക്തങ്ങള്‍ യോഗത്തിന്റെ നയമായി ഇദ്ദേഹം അംഗീകരിക്കുകയും ചെയ്തിരിക്കുന്നു.ഡോ.പല്പുവും ആശാനും റ്റി.കെ.
മാധവനും മറ്റും ചേര്‍ന്ന് ശക്തിപ്പെടുത്തിയ സംഘടനയുടെ നേതൃത്വം പില്‍ക്കാലത്തു കൈയ്യാളിയ ചി
ലര്‍ ഗുരു ജീവിച്ചിരിക്കെത്തന്നെ നയവ്യതിയാനത്തിനു മുതിര്‍ന്നിട്ടുണ്ട്।അതില്‍ മനം നൊന്ത്,ഗുരു ഡോ।പല്പ്പുവിന് 1916 മേയ് 22ന് ഇങ്ങനെ ഒരു കത്തെഴുതി:"യോഗത്തിന്റെ നിശ്ചയങ്ങള്‍ നാം അറി
യാതെ പാസാക്കുന്നതു കൊണ്ടും യോഗത്തിന്റെ ആനുകൂല്യം ഒന്നും നമ്മെ സംബന്ധിക്കുന്ന കാര്യങ്ങ
ളില്‍ ഇല്ലാത്തതു കൊണ്ടും യോഗത്തിനു ജാത്യഭിമാനം വര്‍ദ്ധിച്ചു വരുന്നതു കൊണ്ടും മുമ്പേ തന്നെ മന
സ്സില്‍ നിന്നു വിട്ടിരുന്നതു പോലെ ഇപ്പോള്‍ വാക്കില്‍ നിന്നും യോഗത്തെ വിട്ടിരിക്കുന്നു."ഡോ.പല്പുവാ
കട്ടെ യോഗ നേതൃത്വത്തെ 'പെരിച്ചാഴികള്‍' എന്നാണു വിശേഷിപ്പിച്ചത്.

ഗുരുവിനെയും ഡോ.പല്പുവിനെയും സന്തോഷിപ്പിച്ച സെക്രട്ടറിമാരെയല്ല, അവരെ വേദനിപ്പിച്ചവരെ
കടത്തി വെട്ടാനാണ് വെള്ളാപ്പള്ളി ശ്രമിക്കുന്നത്.ചെറിയ മാര്‍ഗ്ഗ ഭ്രംശമുണ്ടായപ്പോള്‍തന്നെ യോഗത്തോടു വിടപറഞ്ഞ സ്വാമിയും ഡോക്റ്ററും ഇന്നുണ്ടായിരുന്നെങ്കില്‍ മനമുരുകി ജീവിതം ഒടുക്കിയേനേ. അല്ലെങ്കില്‍ വെള്ളാപ്പള്ളി ഗുണ്ടകളെ വിട്ട് അവരെ ഉന്മൂലനം ചെയ്തേനേ.

പ്രാദേശിക വികസന സമിതികളും പി.റ്റി.എ.കളും വഴി സമാഹരിയ്ക്കുന്നതുള്‍പ്പെടെ ഏതാനും ലക്ഷം മുടക്കി കോളേജുകളില്‍ ചെയ്യുന്ന അറ്റകുറ്റപ്പണികള്‍ ചൂണ്ടിക്കാട്ടി''അഹോ സജീവം" "അഹോ
പുരോഗതി"എന്നു ചില മാദ്ധ്യമങ്ങള്‍ പോലും വായ്ത്തരി മുഴക്കുന്നു.അതേ സമയം കോടികള്‍ അപഹ
രിക്കുന്നത് കാണാതിരിക്കുകയോ കണ്ടില്ലെന്നു നടിക്കുകയോ ചെയ്യുന്നു.സാധാരണ യോഗാംഗങ്ങളുടെ സംശയം ശ്രധിക്കപ്പെടാതെ പോകുന്നു.വാസ്തവം വിളിച്ചു പറയുന്നവരെ നിശ്ശബ്ദരാക്കാന്‍ കുത്സിത മാര്‍ഗ്ഗങ്ങള്‍ അവലംബിക്കയും ചെയ്യുന്നു.

കോളേജുകളിലെ അദ്ധ്യാപക,അനദ്ധ്യാപക നിയമനത്തിനും വിവിധ കോഴ്സുകളിലേക്കുള്ള വിദ്യാ
ര്‍ത്ഥി പ്രവേശത്തിനും വാങ്ങുന്ന കോടികളുടെ കോഴപ്പണം കണക്കും കൈയ്യുമില്ലാതെ അടിച്ചുമാറ്റുന്ന ന്ന ഇദ്ദേഹത്തെ ഡോ.പല്പു എന്തു വിളിക്കമായിരുന്നു എന്ന് ഊഹിക്കാവുന്നതേ ഉള്ളൂ. ഇവരെപ്പോലു
ള്ളവരെ ഗുരു നേരത്തേ കണ്ടിരിക്കുന്നു.
"കൃപണനധോ മുഖനായ് കിടന്നു ചെയ്യു-
ന്നപജയ കര്‍മ്മമവന്നു വേണ്ടി മാത്രമാം" എന്നു പറഞ്ഞത് വെള്ളാപ്പള്ളിയെപ്പോലുള്ളവരെ ഉദ്ദേശിച്ചാണെന്നതിന് തര്‍ക്കമില്ല.വിശ്വസാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും കരുണയുടെയും വക്താവും പ്രയോക്താവും ആയിരുന്ന ഗുരുവിനെ നിന്ദിക്കുകയാണു, പരദൂഷണവും അന്യ മതദ്വേഷവും വ്യക്തി ഹത്യയും നടത്തുക വഴി ഇവര്‍ ചെയ്യുന്നത്.

Fans on the page

Sunday, September 5, 2010

തലവെട്ടു സഭ



മതഭ്രാന്തന്മാര്‍ കൈപ്പത്തി വെട്ടി മാറ്റിയ ന്യൂമാന്‍ കോളേജ് പ്രൊഫസ്സര്‍ റ്റി.ജെ.ജോസഫിന്റെ ഔദ്യോ
ഗിക ജീവിതത്തിന്റെ തല കോളേജ് മാനേജ്മെന്റ് വെട്ടി മാറ്റി. വൈദിക പ്രമാണികള്‍ കൂടി ഉള്‍പ്പെടുന്ന മാനേജ്മെന്റിന്റെ കാരണംകാണിക്കല്‍ നോട്ടീസിനു വിശദീകരണം നല്‍കിയിട്ടും സസ്പന്‍ഷന്‍ നടപടി
കള്‍ സര്‍വ്വകലാശാല പിന്‍വലിച്ചിട്ടും കോളേജ് അധികൃതര്‍ക്കു മനസ്സലിഞ്ഞില്ല.പ്രൊ. ജോസഫ് അധി
കൃതര്‍ക്കു കൊടുത്ത വിശദീകരണം,അദ്ദേഹം ആക്രമിക്കപ്പെട്ട ശേഷം പല മാദ്ധ്യമങ്ങളുംപ്രസിദ്ധപ്പെ
ടുത്തുകയുണ്ടായി.അതില്‍ അദ്ദേഹം തന്റെ നിരപരാധിത്വം മനസ്സലിവുള്ളവര്‍ക്കു മനസ്സിലാകത്തക്ക
വണ്ണം വ്യക്തമാക്കിയിട്ടുണ്ടായിരുന്നു.അതെല്ലാം തള്ളിക്കളഞ്ഞുകൊണടാണ് അദ്ദേഹത്തെ ഇപ്പോള്‍ പിരിച്ചു വിട്ടിരിക്കുന്നത്.

ക്ലാസ് പരീക്ഷയുടെ ഒരു ചോദ്യപേപ്പറിലെ പേരിനെ ചൂണ്ടിക്കാട്ടി 'മതനിന്ദ' നടത്തി എന്ന് മുറവിളി
കൂട്ടി അദ്ധ്യാപകന്റെ കൈ വെട്ടിച്ചതിന്റെ ഉത്തരവാദിത്തത്തില്‍ ഏറിയ പങ്കും ഇവിടുത്തെ മാദ്ധ്യമ
ങ്ങള്‍ക്കാണ്.പ്രതിപക്ഷ കക്ഷികള്‍ക്കും അവരുടെ വിദ്യാര്‍ത്ഥി സംഘടനകള്‍ക്കും ചില മത നേതാ
ക്കള്‍ക്കും ഈ രക്തത്തില്‍ ഉള്ള പങ്കും ചെറുതല്ല.പട്ടിയെ പേപ്പട്ടി ആണെന്ന് ആരോപിച്ചു ആക്രമിക്കു
കയായിരുന്നു മാദ്ധ്യമങ്ങളും മറ്റും.വാസ്തവം തിരക്കാതെ ചാനലുകളും രാഷ്ട്രീയ കക്ഷികളും ഊതി പ്പെരു
പ്പിച്ച 'മതനിന്ദ' ആരോപണത്തിന്റെ മറവിലാണ് മതഭ്രാന്ത് തലയ്ക്കു പിടിച്ച പോപ്പുലര്‍ ഹണ്ട് അദ്ധ്യാപക
ന്റെ കൈ വെട്ടി മാറ്റിയത്.ഇദ്ദേഹത്തിന്റെ,വിപ്ലവം പ്രസംഗിക്കുന്ന അദ്ധ്യാപക സംഘടനയും 'കുണ്ടറ
ചോംസ്കി' എന്നു അനുയായികളെക്കൊണ്ടു വിളിപ്പിച്ചു ഞെളിയുന്ന വിദ്യാഭ്യാസ മന്ത്രി യും കമ്യൂണിസ്റ്റ് ഭൂത
ത്തെ ഉച്ചാടനം ചെയ്യാന്‍ നാഴികയ്ക്കു നാല്പതു വട്ടം ഇടയലേഖനമിറക്കുന്ന സ്വന്തം സഭയും കുറ്റപ്പെടുത്തു
കയും കൈയ്യൊഴിയുകയും കൂടി ചെയ്തപ്പോള്‍ പോപ്പുലര്‍ഫ്രണ്ട് കാപാലികര്‍ക്ക് പ്രൊഫസറെ ആക്രമി
ക്കാന്‍ ആവേശവും സൗകര്യവും ഏറി.വധിക്കാന്‍ പറ്റിയില്ലെങ്കിലും അദ്ധ്യാപകന്റെ അംഗവിച്ഛേദന ദൗ
ത്യം എളുപ്പത്തില്‍ നടപ്പാക്കാന്‍ അവര്‍ക്കായതും അതുകൊണ്ടു തന്നെ.

ആദ്യം മുതല്‍ തന്നെ അദ്ധ്യാപകനെ അപരാധി ആയി ചിത്രീകരിക്കുവാന്‍ അദ്ദേഹത്തിന്റെ സ്വന്തം സഭ
കാട്ടിയ വ്യഗ്രത ദുരുദ്ദേശപരമാണ്.മാര്‍ക്സിസ്റ്റ് അനുഭാവ അദ്ധ്യാപക സംഘടനയില്‍ അംഗമായതു കൊ
ണ്ടാണ് അദ്ദേഹത്തെ കുറ്റവാളി ആയി ചിത്രീകരിക്കുവാന്‍ സഭയ്ക്കും അവരുടെ പത്രത്തിനും ആവേശം കൂ
ടിയത്.അതേ കാരണത്താല്‍ തന്നെയാണ് പ്രതിപക്ഷ കക്ഷികളും അദ്ദേഹത്തിനെതിരെ തിരിഞ്ഞത്.
കൈ വെട്ടി മാറ്റപ്പെട്ടതോടെ തങ്ങളുടെ നിലപാട് അല്പം കടന്നു പോയെന്ന് അവര്‍ക്കൊക്കെ വീണ്ടുവി
ചാരം ഉണ്ടായി.കൈ വെട്ടിമാറ്റിയ പോപ്പുലര്‍ ഗുണ്ടകളും അവരുടെ നേതാക്കളും ഒഴികെയുള്ള മുസ്ലീം ജ
നവിഭാഗത്തിനു പോലും അതിക്രമം അതിരു കടന്നതാണെന്ന വിചാരമാണുള്ളത്.പക്ഷേ ന്യൂമാന്‍ കോ
ളേജ് മാനേജ്മെന്റിനെ നിയന്ത്രിക്കുന്ന ക്രൈസ്തവ സഭയ്ക്കു മാത്രം പീഡിതനോട് യാതൊരു അലിവും ഇല്ല.

ചുങ്കക്കാരോടും പാപികളോടും പൊറുത്ത മനുഷ്യപുത്രന്റെ പേരില്‍ ആണയിടുന്ന സഭ എന്തുകൊണ്ടാണ്
ഈ 'പാപി'യോട് പൊറുക്കാത്തത്?മനുഷ്യകുലത്തിന്റെ മുഴുവന്‍ പാപമോചനത്തിനായിട്ടാണ് കര്‍ത്താ
വ് കുരിശുമരണം വരിച്ചതെന്നാണ് ഇവര്‍ കുഞ്ഞാടുകളോടും മറ്റുള്ളവരോടും ഉദ്ഘോഷിക്കുന്നത്.മനുഷ്യ
കുലത്തില്‍ പ്രൊഫ.ജോസഫ് ഉള്‍പ്പെടില്ലേ?അല്ലെങ്കില്‍തന്നെ, എന്താണ് ഇദ്ദേഹം ചെയ്ത മഹാപാ
പം?പി.റ്റി.കുഞ്ഞു മുഹമ്മദിന്റെ പുസ്തകത്തിലെ ഏതാനും വരികള്‍ ചോദ്യപേപ്പറില്‍ ഉള്‍പ്പെടുത്തിയ
പ്പോള്‍ അദ്ദേഹം അനാമികനായി അവതരിപ്പിച്ച ഭ്രാന്തന് മുഹമ്മദ് എന്നു പേരു നല്‍കിയതോ?പ്രവാച
കന്റെ പേരുള്ളവര്‍ എല്ലാം സല്‍സ്വഭാവികള്‍ ആകണമെന്ന് ഏതെങ്കിലും കിത്താബില്‍ പറഞ്ഞിട്ടു
ണ്ടോ?പിടിച്ചുപറിയ്ക്കും മോഷണത്തിനും കൊലപാതകത്തിനും ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുകയൊ
വധശിക്ഷ ലഭിക്കുകയോ ചെയ്തിട്ടുള്ള മുഹമ്മദുമാര്‍ നിരവധിയുണ്ട്.അവരുടെ അച്ഛന്മാര് എത്ര വലിയ അപരാധമാണ് ആ പേരിടുക വഴി ചെയ്തിട്ടുള്ളത്?അവരുടെയെല്ലാം കൈയ്യും കാലും പോപ്പുലര്‍ ഹണ്ട
ര്‍മാര്‍ വെട്ടിയെടുക്കുമോ?സ്ഥലത്തെ എല്ലാ ഗര്‍ഭങ്ങളുടെയും ഉത്തരവാദി താനാണെന്ന് അവകാശപ്പെ
ടുന്ന എട്ടുകാലി മമ്മൂഞ്ഞ്(മുഹമ്മദ് കുഞ്ഞ് എന്ന് സംസ്കൃതം)എന്ന കഥാപാത്രത്തിനെ സൃഷ്ടിച്ച സാക്ഷാല്‍ വൈക്കം മുഹമ്മദിന്റെ ഏതെല്ലാം അവയവങ്ങള്‍ ഇവര്‍ വെട്ടിയെടുക്കണമായിരുന്നു?അങ്ങ
നെ ചെയ്തിരുന്നെങ്കില്‍ അതിനെയും വൈദിക പ്രമാണിമാര്‍ അനുകൂലിക്കുമോ?

ഇത്ര വലിയ അപരാധം ചെയ്ത പ്രൊഫസ്സറുടെ ജോസഫ് എന്ന പേര്‍, കര്‍ത്താവിന്റെ അപ്പന്റേതാണ്.
മാപ്പര്‍ഹിക്കാത്ത മഹാപാപം ചെയ്ത ഇദ്ദേഹത്തിന് ഈ പേരിട്ടത് സ്വന്തം പിതാവോ സഭയിലെ ഏതെ
ങ്കിലും വൈദികനോ ആകണം.ഇതേ യുക്തി അനുസരിച്ച് നോക്കിയാല്‍,ഇങ്ങനെ ഒരു പേരിട്ടത് ആരാ
യാലും അയാള്‍ മതനിന്ദകനാണ്.പോപ്പുലര്‍ ഗുണ്ടകളെ വാടകയ്ക്കെടുത്ത് അയാളുടെ കയ്യും കാലും സഭാ നേതൃത്വം മുറിപ്പിയ്ക്കുമോ?അയാളെയും സഭ പാപിയായി പ്രഖ്യാപിച്ച് നടപടി ഏടുക്കുമോ?ജീവിച്ചിരിപ്പി
ല്ലാത്തതിനാല്‍ ശിക്ഷ ദൈവസന്നിധിയിലേക്ക് ഫോര്‍വേഡ് ചെയ്യുമോ?

മതഭ്രാന്തു മൂലം സ്വബോധം നശിച്ചിട്ടില്ലാത്ത സകലരും അദ്ധ്യാപകന്നു നേരേ നടന്ന പൈശാചികാക്ര
മണത്തെ അപലപിച്ചിട്ടുള്ളതാണ്.പക്ഷേ നിരായുധനും നിസ്സഹായനുമായ ഒരുവനെ സംഘടിതവും ആസൂത്രിതവുമായ ഗൂഢാലോചനയിലൂടെ വധിക്കാന്‍ ശ്രമിച്ചവരെ ഒന്നൊന്നായി പോലീസ് വലയിലാ
ക്കി കൊണ്ടിരിക്കുമ്പോള്‍ അക്രമികളെ ന്യായീകരിക്കുകയാണ് സഭാ നേതൃത്വം.

കൈ വെട്ടിയതിനേക്കാള്‍ സഭയുടെ നടപടി തന്നെ വേദനിപ്പിച്ചുവെന്നാണ് പ്രൊ.ജോസഫ് പ്രതികരി
ച്ചത്.കടുത്ത വിശ്വാസിയാണെന്ന് അദ്ദേഹത്തിന്റെ പ്രതികരണത്തില്‍ നിന്നു വ്യക്തമാണ്.എന്നിട്ടും സ
ഭ അദ്ദേഹത്തെ പിന്നില്‍ നിന്നും കുത്തുന്നത് എന്തുകൊണ്ടാണ്?അദ്ദേഹം ഇടതുപക്ഷത്തോടു ചായ് വു
ള്ളവനായതു കൊണ്ടു മാത്രമാണെന്നു വിശ്വസിക്കുക പ്രയാസം.പോപ്പുലര്‍ ഫ്രണ്ടില്‍ നിന്നോ അവരെ നിയന്ത്രിക്കുന്ന അന്താരാഷ്ട്ര ഭീകരന്മാരില്‍ നിന്നോ ഉള്ള ഭീഷണിയെ ഭയന്നാണോ ഈ ഒറ്റു കൊടുക്കല്‍
എന്നു സംശയിക്കണം.വഴി തെറ്റിയ കുഞ്ഞാടിനെ വകവരുത്താന്‍ പോപ്പുലര്‍ ഗുണ്ടകളെ ഇടപാടു ചെ
യ്തത് സഭാനേതൃത്വമാണോ എന്നും സംശയിക്കാം.

ജോസഫിന് കോടതിയെ സമീപിക്കാം എന്നാണ് സഭാ നേതൃത്വം ഔദാര്യപൂര്‍വ്വം പറയുന്നത്.കേസ്സു കൊടുക്കുന്നതിന് സഭയുടെ അനുവാദം ആവശ്യമില്ല.ചികിത്സയ്ക്കു വേണ്ടി ഭീമമായ തുക ചെലവഴിച്ച തനി
ക്ക് അതിനു പാങ്ങില്ല എന്ന് പ്രൊഫ.ജോസഫ് വ്യക്തമാക്കിയിട്ടുണ്ട്.ശരീരവും മനസ്സും സമ്പത്തും നഷ്ട
പ്പെട്ട ഒരുവനു നേരെ ക്രൂരമായ പരിഹാസമാണ് സഭ തൊടുത്തു വിട്ടിരിക്കുന്നത്.സഭയും മാനേജ്മെന്റും കാണിക്കുന്ന ധാര്‍ഷ്ട്യവും ഗുണ്ടായിസവും അനുവദിച്ചു കൊടുക്കുന്നത് വിദ്യാഭ്യാസ മന്ത്രിയ്ക്ക് നട്ടെല്ലും സര്‍വ്വകലാശാലാ നിയമങ്ങളെ കുറിച്ചു ബോധവും ഇല്ലാത്തതുകൊണ്ടാണ്. മഹാത്മാഗാന്ധി യൂണിവേഴ്സി
റ്റിയുമായി അഫീലിയേറ്റ് ചെയ്തിട്ടുള്ള ഒന്നാണ് ന്യൂമാന്‍ കോളേജ് .സര്‍വ്വകലാശാലയുടെ അനുമതിയി
ല്ലാതെ ഒരു അഫീലിയേറ്റഡ് കോളജിലെ അദ്ധ്യാപകനെ പിരിച്ചു വിടാന്‍ മാനേജ്മെന്റിന് അധികാരമില്ല.
ഇതൊന്നും അറിയാത്തവര്‍ വിദ്യാഭ്യാസ വകുപ്പു ഭരിക്കുമ്പോള്‍ മാനേജ്മെന്റ് ഇത്തരം നിയമ വിരുദ്ധ നട
പടികളും ധിക്കാരവും കാട്ടിയില്ലെങ്കിലേ അതിശയിക്കേണ്ടതുള്ളു.

വിദേശപ്പണം പറ്റിക്കൊണ്ട് ഗുണ്ടാപ്പണി ചെയ്യുന്ന ഏതാനും സാമൂഹിക വിരുദ്ധരുടെ കൊലക്കത്തി കണ്ടപ്പോള്‍ അറിയാതെ ളോഹ നഞ്ഞു പോയ വൈദിക പ്രമാണിമാരെ എന്തു വിശ്വസിച്ചാണ് സഭാംഗ
ങള്‍ പിന്തുടരുക?കുഞ്ഞാടുകളെ കശാപ്പു ചെയ്യാന്‍ കൂട്ടു നില്‍ക്കുന്ന ഇടയന്മാരെ എങ്ങനെയാണു നമ്പു
ക?നീചവും പൈശാചികവുമായ നര നായാട്ടിന് ഹാലേലുയ്യ പാടുന്ന വൈദിക പ്രമാണിമാര്‍ അക്രമം ചെയ്ത കാപാലികരേക്കാള്‍ ഹീനമനസ്കരാണ്."സര്‍പ്പ സന്തതികളേ"എന്ന സംബോധന ഏറ്റവും ചേരു
ന്നത് ഇവര്‍ക്കു തന്നെ.പീഡനമേറ്റ് നിലവിളിക്കുന്നവന് ആശ്വാസവും ആലംബവും നല്‍കേണ്ട സമയ
ത്ത് അവനെ പിന്നില്‍ നിന്നു കുത്തുന്ന "വെള്ള തേച്ച ശവക്കല്ലറകളേ"നിങ്ങളെക്കാള്‍ യൂദാസ് എത്ര
യോ ഭേദം!

ബൈബിള്‍ കക്ഷത്തു വച്ചുകൊണ്ട് പകയുടെ ഗിരിപ്രഭാഷണം നടത്തരുത്.ആ വിശുദ്ധ ഗ്രന്ഥം വല്ലപ്പോഴും ഒന്നു മറിച്ചു നോക്കിയിരുന്നെങ്കില്‍ താഴെപ്പറയുന്ന ക്രിസ്തു വചനം കാണുമായിരുന്നു:
"യാഗത്തിലല്ല, കരുണയില്‍ അത്രേ ഞാന്‍ പ്രസാദിക്കുന്നു എന്നുള്ളത് എന്തു എന്നു നിങ്ങള്‍ അറിഞ്ഞിരുന്നു എങ്കില്‍ കുറ്റമില്ലാത്തവരെ കുറ്റം വിധിക്കയില്ലായിരുന്നു."(മത്തായി 12)



Fans on the page

Wednesday, September 1, 2010

ചാനല്‍ ഓണം



ഓണം എന്നു കേള്‍ക്കുമ്പോള്‍ പൂക്കളവും പൂവിളിയും ഓണസദ്യയും ഊഞ്ഞാലാട്ടവും പാട്ടും കളിയും ഒക്കെയാണ് സാധാരണക്കാരുടെ മനസ്സില്‍ പണ്ട് ഓടിയെത്തിയിരുന്നത്.കാലം മാറിയതോടെ ജനങ്ങളുടെ അഭിരുചിയിലും ആഘോഷ വീക്ഷണങ്ങളിലും വ്യതിയാനമുണ്ടായി.ജീവിത സാഹചര്യ
ങ്ങളും പാരിസ്ഥിതിക പരിണാമങ്ങളും ഈ മാറ്റങ്ങള്‍ക്കു കാരണമായിട്ടുണ്ട്.പക്ഷേ എത്ര മാറിയാലും മലയാളി മനസ്സില്‍ പച്ച പിടിച്ചു നില്‍ക്കുന്ന ചില ഓണസങ്കല്പങ്ങളും പ്രതീക്ഷകളുമുണ്ട്.റ്റി.വി
ചാനലുകളുടെ ഓണപ്പരിപാടികള്‍ അവയെ കൂടി മലിനപ്പെടുത്തുന്ന തരത്തിലായിത്തീര്‍ന്നിരിക്കുന്നു.

ചാനലുകള്‍ക്ക് ഓണാഘോഷം എന്നാല്‍ സിനിമയും സിനിമാതാരങ്ങളും മാത്രമാണ്.കുത്തകക്കാരുടെ ചാനലുകളായാലും "ജനതയുടെ ആത്മാവിഷ്കാര" ചാനലായാലും താരമോന്ത കാണിക്കുന്നതാണ് ഓണം
എന്നു ധരിച്ചു വശായിരിക്കുന്നു.ഓണപ്പരിപാടികളുടെ കൂട്ടത്തില്‍ സിനിമാ പ്രദര്‍ശനം നടത്തുന്നത് മനസ്സിലാക്കാം.വീണ്ടും അതേ താരങ്ങളുടെ കൊച്ചു വര്‍ത്തമാനങ്ങളും പരദൂഷണവും മേമ്പൊടിയായി കാണിക്കുന്നതിന്റെ ഔചിത്യം എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല.സിനിമയില്‍ താരങ്ങളുടെ അഭിനയത്തിനൊപ്പം ചിരിച്ചും കരഞ്ഞും കഴിയുന്ന പ്രേക്ഷകരില്‍ നല്ലൊരു വിഭാഗത്തിനും അവരുടെ സ്വകാര്യജീവിതത്തിലെ കഥകളറിയാന്‍ താല്പര്യമില്ലെന്നതാണു നേര്.ഏഷണിയിലും പരദൂഷണത്തി
ലും നിര്‍വൃതി കണ്ടെത്തുന്ന ഒരു ചെറിയ ശതമാനം കണ്ടേക്കാം.അങ്ങനെയുള്ളവര്‍ പോലും,ചാനല്‍ പണ്ഡിതന്മാരുടെ സര്‍വ്വവിജ്ഞാന ജാഡയും കൃത്രിമ വിനയവും താരങ്ങളുടെ മംഗ്ലീഷ് മണിപ്രവാള
വും സഹിക്കാതെ ചാനല്‍ മാറ്റുകയോ റ്റി.വി.ഓഫ് ചെയ്യുകയോ ആണു പതിവ്.

മലയാളത്തിലെ ഒരു വലിയ നടനെ മുമ്പില്‍ കിട്ടിയപ്പോള്‍,അദ്ദേഹത്തിന്റെ ആദ്യവിവാഹം പരാജയപ്പെടാന്‍ എന്താണു കാരണം എന്നു ചോദിച്ചാണ് ഒരു 'വേറിട്ട ചാനല്‍ പുലി' തന്റെ സിനിമാ
പാണ്ഡിത്യം വെളിപ്പെടുത്തിയത്.സിനിമയുടെ ഗാന ശാഖ നിലനില്‍ക്കുന്നത് തന്റെ സ്വരമാധുര്യ
വിശേഷം മൂലമാണെന്നു കരുതുന്ന ഒരു 'സരിഗമസ്റ്റാര്‍', അദ്ദേഹത്തിന്റെ സംഭാഷണത്തില്‍ ഏറെസമയവും വിനിയോഗിച്ചത് മാനം മര്യാദയ്ക്കു ജീവിക്കുന്ന മറ്റൊരു ഗായകനെ അധിക്ഷേപിക്കാനാ
ണ്.സൂപ്പര്‍ സ്റ്റാറുകളുടെ മുമ്പിലെ ചാനല്‍ സുന്ദരിമാരുടെ കൊഞ്ചലാകട്ടെ ഇതിലൊക്കെ അരോചക
മായിരുന്നു.

മഹാബലിയുടെ കാലത്ത് ചാനലുകളും താരസല്ലാപങ്ങളും ഇല്ലാതിരുന്നതു കൊണ്ടായിരിക്കണം മഹാവിഷ്ണുവിന് വാമനാവ താരം എടുക്കേണ്ടി വന്നത്.അല്ലായിരുന്നെങ്കില്‍,മഹാബലിയുടെ ഭരണത്തില്‍ അസൂയമൂത്ത ദേവന്മാര്‍ക്ക് ഏതെങ്കിലും ചാനലിലെ താര സല്ലാപം അദ്ദേഹത്തെ കാണിച്ചാല്‍ മതിയായിരുന്നു.ചക്രവര്‍ത്തി ജീവനും കൊണ്ട് പാതാളത്തിനും അപ്പുറം ഓടിപ്പോയെനേ.

Fans on the page