Total Pageviews

Tuesday, June 28, 2011

“കുറ്റവിമുക്തനായ” കുഞ്ഞാലിക്കുട്ടി



പെൺ വാണിഭ വീരനായ കുഞ്ഞാലിക്കുട്ടിയെ മന്ത്രിയാക്കുന്നതു ശരിയോ എന്ന മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിനു മുഖ്യമന്ത്രി പറഞ്ഞ മറുപടി, ജനം കുഞ്ഞാലിക്കുട്ടിയെ കുറ്റവിമുക്തനാക്കി എന്നാണു. തെരഞ്ഞെടുപ്പു ഫലം വന്നപ്പോൾ തന്നെ അദ്ദേഹത്തെ യുഡി ഏഫുകാരും ഏതാനും കൂലിയെഴുത്തു കാരും കൂടി പരമ വിശുദ്ധനായി വാഴ്ത്താൻ തുടങ്ങിയിരുന്നു.ചില ചാനൽ പണ്ഡിതന്മാരുടെയും രാഷ്ട്രീയ ജ്യോതിഷികളുടെയും സർട്ടിഫിക്കറ്റുകളും കൂടി ആയപ്പോൾ സാധാരണാക്കാർ പോലും കുറച്ചൊക്കെ വിശ്വസിച്ചു പോയി.പെൺ കുട്ടികളെ മാനഭംഗപ്പെടുത്തിയ നരാധമനെ വിശുദ്ധനാക്കാൻ കൂലിയെഴുത്തുകാരും മുസ്ലീം ലീഗുകാരും മുഖ്യമന്ത്രിയും ചേർന്ന്‌ സത്യത്തിനെ ബലാല്ക്കാരം ചെയ്യുകയായിരുന്നെന്ന്‌ ഇപ്പോൾ വെളിയായിരിക്കുന്നു.

ഡോ.എൻ.ജയദേവൻ ജൂൺ 26 ലെ കലാകൗമുദിയിൽ(ലക്കം 1868) എഴുതിയ ലേഖനത്തിൽ
യാഥാർത്ഥ്യം എന്തെന്ന്‌ കണക്കുകൾ ഉദ്ധരിച്ച്‌ വ്യക്തമാക്കുന്നു.
“കുഞ്ഞാലിക്കുട്ടി കുറ്റ വിമുക്തനായോ ?” എന്ന ലേഖന ഭാഗം ഇങ്ങനെ:

“കുഞ്ഞാലിക്കുട്ടി മത്സരിച്ച വേങ്ങര ലീഗിന്റെ ഏറ്റവും സുരക്ഷിത മണ്ഡലമാണു.ഇടതുപക്ഷത്തിനു യാതൊരു അടിത്തറയുമില്ലാത്ത മണ്ഡലം.എന്നിട്ടും വേങ്ങരയിലാണു ഏറ്റവും കുറഞ്ഞ പോളിംഗ് നടന്നത്.ഒരു ലക്ഷത്തിൽ താഴെ വോട്ടു രേഖപ്പെടുത്തപ്പെട്ട മലപ്പുറം ജില്ലയിലെ ഏക മണ്ഡലം വേങ്ങരയാണു.കുഞ്ഞാലിക്കുട്ടി ഇവിടെ നേടിയത് 63138 വോട്ടാണു.എന്നാൽ മലപ്പുറത്തെ മറ്റ് 9 യുഡി.എഫ് സ്ഥാനാർത്ഥികൾ അദ്ദേഹത്തെക്കാൾ വളരെക്കൂടുതൽ
വോട്ടു നേടിയാണു വിജയിച്ചത്.ഏറ്റവും കൂടുതൽ വോട്ടു നേടിയവർ പി.ഉബൈദുള്ള(മലപ്പുറം-77928)എ.പി.അനിൽ കുമാർ(വണ്ടൂർ-77588)എന്നിവരാണു.
.........................................
എന്തുകൊണ്ടാണു ജില്ലയിലാകെ മുസ്ലീം ഏകീകരണമുണ്ടായപ്പോൾ ലീഗിന്റെ ശക്തികേന്ദ്രമായ വേങ്ങരയിൽ മാത്രം പോളിംഗും ലീഗ് സ്ഥാനാർത്ഥിയുടെ വോട്ടും കുറഞ്ഞതെന്ന് പരിശോധിക്കുമ്പോഴാൺ മലപ്പുറത്തെയോ വേങ്ങരയിലെയോ ജനങ്ങൾ ഒറ്റക്കെട്ടായി കുഞ്ഞാലിക്കുട്ടിയെ കുറ്റവിമുക്തനാക്കിയിട്ടില്ലെന്ന് തെളിയുന്നതു.കുഞ്ഞാലിക്കുട്ടിക്ക് ജനകീയാംഗീകാരം കിട്ടിയെന്ന് അവകാശപ്പെടുന്നവർ ഓർക്കേണ്ടത് കേരളമാകെപങ്കെടുക്കുന്ന ഒരു ഹിത പരിശോധനയ്ക്ക് അദ്ദേഹം വിധേയനായിട്ടില്ലെന്ന വസ്തുതയാണു.”

Fans on the page

Monday, June 20, 2011

കെട്ടും കെട്ടി പാണക്കാട്ടേക്ക്



ഭരണത്തിലിരിക്കാൻ എന്തു വിട്ടു വീഴ്ചയ്ക്കും തയ്യാറാകുന്ന ആളാണു വി.എസ്.അച്യുതാനന്ദൻ എന്നായിരുന്നു അദ്ദേഹം മുഖ്യമന്ത്രി ആയിരുന്ന കാലമത്രയും ഉമ്മൻ ചാണ്ടിയും കോൺഗ്രസ്സുകാരും പറഞ്ഞു നടന്നത്.പാർട്ടി നേതൃത്വത്തിന്റെ അനുമതിയില്ലാതെ അച്യുതാനന്ദൻ കൈക്കൊണ്ട ചില നടപടികൾ പാർട്ടി സമ്മർദ്ദം മൂലം മാറ്റേണ്ടി വന്നപ്പോഴാണു പ്രധാനമായും ഈ ആക്ഷേപം അദ്ദേഹത്തിനെതിരെ ഉന്നയിക്കപ്പെട്ടത്.

ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി ആയപ്പോൾ അദ്ദേഹം എന്താണു ചെയ്യുന്നത്?ഭരണമുന്നണിയിലെ ഏറ്റവും വലിയ കക്ഷിയുടെ നേതാവായ അദ്ദേഹം ഏകാംഗ കക്ഷിയുടെ പോലും സമ്മർദ്ദത്തിനു വഴങ്ങി അവരുടെ മുമ്പിൽ മുട്ടുകാലിൽ ഇഴയുകയല്ലേ?കേരളത്തിന്റെ മുഖ്യമന്ത്രിക്കു അധികാരം നിലനിർത്തണമെങ്കിൽ പാണക്കാട്ടെ തങ്ങളുടെ മുമ്പിൽ പോയി ഏത്തമിടണമെന്നയിരിക്കുന്നു.തങ്ങളദ്ദേഹത്തെ കോട്ടയത്തിനു വരുത്തിയതിന്റെ പ്രായശ്ചിത്തമായി ഉമ്മൻ ചാണ്ടി ഏടും കെട്ടുമായി പാണക്കാട്ടെത്തി സമസ്താപരാധങ്ങളും ഏറ്റുപറഞ്ഞിരിക്കുന്നു.

രാഷ്ട്രീയം ചുക്കോ ചുണ്ണാമ്പോ എന്നറിയാത്ത ഒരു മനുഷ്യന്റെ അടുക്കൽ കേരളത്തിന്റെ മുഖ്യമന്ത്രി കുമ്പിടുന്നതിലെ അനൗചിത്യവും അപമാനവും അധാർമ്മികതയും പലരും ചൂണ്ടിക്കാട്ടിയപ്പോൾ അതിൽ അസ്വാഭാവിയകത
യില്ലെന്ന് പറഞ്ഞു ന്യായീകരിക്കുകയാണു കുഞ്ഞാലിക്കുട്ടി.പാണക്കാട്ടു പോക്കിനെ ആക്ഷേപിക്കുന്നത് വിവരമില്ലായ്മ കൊണ്ടാണെന്നു കൂടി , ലക്ഷണമൊത്ത വിടന്റെ ആഭാസച്ചിരിയുടെ അകമ്പടിയോടെ കുഞ്ഞാലിക്കുട്ടി പറയുന്നു. അദ്ദേഹത്തിന്റെ വിവരം എത്ര വിശാലമാണെന്നു നാട്ടുകാർക്കു(വിശേഷിച്ച് സ്ത്രീകൾക്ക്)നല്ല ബോദ്ധ്യമുള്ള സ്ഥിതിക്ക് തങ്ങൾക്കും ഉമ്മൻ ചാണ്ടിക്കും പറ്റിയ സാക്ഷി തന്നെ!

നെഹ്രു ചത്ത കുതിര എന്നു വിശേഷിപ്പിച്ച മുസ്ലീം ലീഗിന്റെ ചാണകം വാരുകയും അതു കസ്തൂരിയാണെന്നു പറഞ്ഞു നടക്കുകയും ചെയ്യേണ്ട ഗതികേടിൽ ഒരു കോൺഗ്രസ്സ് മുഖ്യമന്ത്രി എത്തിയിരിക്കുന്നു.ഭരണം നിലനിർത്താനല്ലെങ്കിൽ പിന്നെന്തിനാണു ഉമ്മൻ ചാണ്ടി നട്ടെല്ല് ‘റ’ പോലെ വളച്ച് കുഞ്ഞാലിക്കുട്ടിയെ പോലുള്ളവരുടെ മുമ്പിൽ ഓച്ഛാനിച്ചു നില്ക്കുന്നത്?അച്ച്യുതാനന്ദൻ സ്വന്തം പാർട്ടി നേതൃത്വത്തിനെ അനുസരിച്ചുള്ളു.അ
തു പോലും കീഴടങ്ങലായി വ്യാഖ്യാനിച്ച ഉമ്മൻ ചാണ്ടിയും കോൺഗ്രസ്സുകാരും ഒരു അന്യ കക്ഷി(അതുംവർഗ്ഗീയ കക്ഷി)യുടെ നേതാവിന്നു കീഴ്വണങ്ങി നില്ക്കുന്നതു കാണുമ്പോൾ സഹതാപമാണു തോന്നുന്നത്.

ഉടുത്തിരിക്കുന്ന മുണ്ടു കീറിയതായതു കൊണ്ട് അയലത്തു കാരനോട് ഒരു മുണ്ടൂ കടം വാങ്ങാമെന്നു കരുതി ചെന്നപ്പോൾ അയാൾ പായും ഉടുത്തു നില്ക്കുന്നു എന്നു പറഞ്ഞതു പോലെയായി.അച്യുതാനന്ദനു സ്വന്തം പാർട്ടിക്കു മുമ്പിലേ അനുസരണ കാട്ടേണ്ടി വന്നുള്ളു.ഉമ്മൻ ചാണ്ടിക്കു കണ്ടവന്റെയെല്ലാം മുമ്പിൽ ഏത്തമിടേണ്ട ഗതികേടായി.


Fans on the page

Friday, June 17, 2011

രാഷ്ട്രീയക്കാരുടെ 'ധാർമ്മിക ബോധം'



“ഗളഹസ്തം ചെയ്യും പോൽ,ഗളഹസ്തം ചെയ്യും പോൽ
ഗളഹസ്തം വെറുമൊരു ചൊറികുത്താണോ?”
എന്ന്‌ ചങ്ങമ്പുഴ ചോദിച്ചിട്ടുണ്ട്‌.
കേരളം ഭരിക്കുന്ന രണ്ടു മന്ത്രിമാരും ഒരു ഡി.വൈ.എഫ്‌ ഐ സഖാവും കോഴ കൊടുത്തു തങ്ങളുടെ മക്കൾക്ക്‌ വേണ്ടി തരപ്പെടുത്തിയ മെഡിസിൻ സീറ്റുകൾ വേണ്ടെന്നു വയ്ക്കുന്നത്‌ ധാർമ്മികതയുടെ പേരിലാണെന്ന്‌ ആണയിടുന്നതു കേട്ടപ്പോൾ മേലുദ്ധരിച്ച കവിതയാണു ഓർമ്മ വരുന്നത്‌.ധാർമ്മിക ബോധം എന്നത്‌,ചങ്ങമ്പുഴ ചോദിക്കും പോലെ വെറും ചൊറി കുത്താണോ?

ഒരു കോടിയോളം രൂപാ കോഴകൊടുത്ത്‌ ആരോഗ്യ മന്ത്രി അടൂർ പ്രകാശും വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബും മക്കൾക്ക്‌ വേണ്ടി വഹിച്ചെടുത്ത മെഡിസിൻ പി.ജി.സീറ്റുകൾ വേണ്ടെന്നു വയ്ക്കുകയാണെന്നും അർഹത പ്പെട്ടതാണെങ്കിലും ധാർമ്മിക മൂല്യങ്ങൾ ഉയർത്തി പ്പിടിക്കുന്നതിനും പൊതു ജീവിത വിശുദ്ധി നിലനിർത്തുന്നതിനും വേണ്ടിയാണു ഈ ത്യാഗം ചെയ്യുന്നത്‌ എന്നു മായിരുന്നു രണ്ടു പേരുടെയും അവകാശ വാദം.അദ്ധാന വർഗ്ഗത്തിന്റെ പ്രത്യയ ശാസ്ത്ര ഗീർ വാണം മുഴക്കുന്ന ഡി.വൈ.എഫ്‌ ഐ നേതാവിന്റെയും വാചകമടി ഇതേ ലൈനിലയിരുന്നു.അദ്ദേഹവും 40 ലക്ഷം രൂപ തലവരി കൊടുത്ത്‌ മകൾ ക്കു വേണ്ടി ഒപ്പിച്ചെടുത്ത എം.ബി.ബി.എസ്‌.അഡ്മിഷൻ വേണ്ടെന്നു വയ്ക്കുന്നതും ധാർമ്മിക മൂല്യത്തിന്റെ അസ്കിത കൊണ്ടാണത്രെ.
രാത്രി പകലാക്കി പഠിച്ച്‌ മിടുക്കരായ കുട്ടികൾ എന്റ്രൻസിൽ ഉയർന്ന റാങ്കു വാങ്ങിയാലും പിന്തള്ളപ്പെട്ടു പോകുമ്പോഴാണു പണത്തിന്റെ കൊഴുപ്പിൽ വിലകൊടുത്ത്‌ ഈ പിതാക്കന്മാർ സീറ്റു കരസ്ഥമാക്കിയത്‌.അടൂർ പ്രകാശ്‌ പറഞ്ഞത്‌ താൻ മന്ത്രിയാകുന്നതിനു മുമ്പാണു കോഴകൊടുത്തതെന്നാണു.മന്ത്രിയാകും മുമ്പ്‌ കോഴ കൊടുത്തു സീറ്റു വാങ്ങുന്നതിൽ തെറ്റില്ലെന്നു ധ്വനി.അബ്ദു റബ്ബിന്റെയും ന്യായീകരണത്തിന്റെ വഴിയും അതു തന്നെ.ഇരിപ്പിടത്തിന്റെ വ്യത്യാസമനുസരിച്ച്‌ മാറി മറിയുന്നതാണോ ധാർമ്മികത?സൂര്യ വെളിച്ചത്തിൽ ചെയ്യാൻ പാടില്ലാത്തതൊന്നും ഒരു പൊതു പ്രവർത്തകൻ ചെയ്തുകൂടാ എന്ന്‌ പറഞ്ഞ ഗാന്ധിജിയുടെ ശിഷ്യന്മാരെന്നു അഭിമാനിക്കുന്നവരാണു ഇത്തരം തൊടു ന്യായങ്ങൾ ഉരുവിട്ട്‌ അഴിമതിയെ ന്യായീകരിക്കുന്നത്‌.
മാദ്ധ്യമങ്ങൾ അഴിമതിക്കഥ പുറത്തു കൊണ്ടു വരുന്നതിനു മുമ്പ്‌ ധാർമ്മിക ബോധം മന്ത്രിമാർക്ക്‌ ഉണരാതിരുന്നത്‌ എന്തുകൊണ്ട്‌?ഈ പ്രശ്നം ആരെങ്കിലും കോടതി മുമ്പാകെ കൊണ്ടുവന്നാൽ നാറുമെന്നു മനസ്സിലായി നിവൃത്തിയില്ലാതെ ഉപേക്ഷിക്കേണ്ടി വന്ന സാഹചര്യത്തിൽ ഉയരുന്ന ധാർമ്മിക ബോധം കാപട്യമാണു.എന്തും
വിലയ്ക്കെടുക്കാം എന്ന അഹങ്കാരമാണു ഇപ്പോൾ മിക്ക രാഷ്ട്രീയക്കാരെയും ഭരിക്കുന്നത്‌.മുമ്പൊക്കെ ഇടതു കക്ഷികൾക്ക്‌ വിലയ്ക്കു വാങ്ങൽ പോളിസിയോട്‌ അത്ര ആഭിമുഖ്യമുണ്ടായിരുന്നില്ല.മൂലധനത്തിന്റെ സ്തുതിപാഠകരായി മാറിയതോടെ അവരും മുതലാളിത്ത വഷളത്തങ്ങളിൽ അഭിരമിക്കാൻ തുടങ്ങി.അതുകൊണ്ടാണു മാർക്സിസ്റ്റു പാർട്ടിയുടെ യുവജന സംഘടനാ നേതാവ്‌ കോഴകൊടുത്തതിനെ ന്യായീകരിക്കുന്നത്‌.

മോഷണം പിടിക്കപ്പെടുമ്പോൾ ഹരിശ്ചന്ദ്ര വേഷം കെട്ടാനുള്ള ശ്രമം അപഹാസ്യമാണു. ആരോഗ്യമന്ത്രിയും വിദ്യഭ്യാസ മന്ത്രിയും ആണു ഈ സീറ്റു കച്ചവടത്തിന്റെ അംബാസിഡർമാരെന്നത് സ്വാശ്രയമേഖലയുടെ ഭാവി എത്ര
കേമമായിരിക്കും എന്ന് പറയാതെ പറയുന്നുണ്ട്.പെൺ വാണിഭ നേതാവ് നേതൃത്വം കൊടുക്കുന്ന ഭരണത്തിൽ ഇതൊക്കെ കണ്ട് ആരും അത്ഭുതപ്പെടില്ല.വെറുതെ ധാർമ്മിക ബോധം എന്നും മറ്റും പറഞ്ഞ് ആളുകളെ റജീനമാരാക്കരുതെന്നു മാത്രം.



Saturday, June 4, 2011

ഉമ്മന്‍ ചാണ്ടീ, ഇങ്ങനെ ചിരിപ്പിക്കല്ലേ!!



അടുത്ത നൂറു ദിവസത്തെ കര്‍മ്മ പരിപാടികള്‍ യു.ഡി.എഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നു.1825 ദിവസം കാലാവധിയുള്ള ഒരു സര്‍ക്കാരിന്റെ ആദ്യത്തെ 100 ദിവസത്തിന് എന്തു പ്രത്യേകതയാണുള്ളത് എന്നു മനസ്സിലാകുന്നില്ല.പൂരത്തിന്റെ സാമ്പിള്‍ വെടിക്കെട്ട് എന്നൊക്കെ പറയുന്നതു പോലെ ഒരു സാമ്പിള്‍ ഭരണക്കൊട്ട് ആണെന്നു കരുതാം.സുതാര്യത,അഴി
മതി വിരുദ്ധത,അതിവേഗം ബഹുദൂരം,വികസനവും കരുതലും എന്നിങ്ങനെ നാലു വശങ്ങളാണത്രെ ഈ ശതദിന കര്‍മ്മ പരിപാടികള്‍ക്കുള്ളത്.

മന്ത്രിമാരുടെയും കുടുംബാംഗങ്ങളുടെയും സ്വത്തു വിവരം വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കാന്‍ എന്തിനാണ് നൂറു ദിവസമെന്നും വിഴിഞ്ഞം തുറമുഖം,കൊച്ചി മെട്രോ തുടങ്ങിയവ നൂറു ദിവസത്തിനുള്ളില്‍ എങ്ങനെ
നടപ്പാക്കും എന്നുമൊക്കെയുള്ള ഏനക്കേടുണ്ടാക്കുന്ന ചോദ്യങ്ങള്‍ തല്‍ക്കാലം വിടാം.മന്ത്രിമാരുടെയും പേഴ്സണല്‍ സ്റ്റാഫിന്റെയും കുടുംബാംഗങ്ങളുടെയും സ്വത്തു വിവരങ്ങളും അന്നന്നത്തെ സര്‍ക്കാരുത്തരവുക ളും വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചാല്‍ ഭര‍ണം സുതാര്യമായെന്ന് കരുതുന്ന ബാലിശ മനോഭാവത്തെയും നമുക്കു കണ്ടില്ലെന്നു നടിക്കാം.പക്ഷേ "അഴിമതിയ്ക്കെതിരേ അതിശക്തമായി" എന്ന ബലം പിടുത്തം കാണുമ്പോള്‍ ആരും ചിരിച്ചു പോകും.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രതിപക്ഷ നേതാവായിരിക്കേ സംഘടിപ്പിച്ച രണ്ടു സമരങ്ങളാണു വിജ
യിച്ചിട്ടുള്ളത്.ഒന്ന് എല്‍.ഡി.എഫ് സര്‍ക്കാരില്‍ മന്ത്രി ആയീരുന്ന റ്റി.യു.കുരുവിള ‍വസ്തു തട്ടിപ്പു കേസില്‍
കുടുങ്ങിയപ്പോള്‍ അദ്ദേഹത്തെ രാജി വയ്പ്പിക്കാന്‍.മറ്റൊന്ന് ആകാശത്തു വച്ച് സ്ത്രീ പീഡനം നടത്തിയെന്നാരോപിക്കപ്പെട്ട മന്ത്രി പി.ജെ ജോസഫിനെ രാജി വയ്പ്പിക്കാന്‍.രണ്ടിലും വിജയിച്ച ഉമ്മന്‍ ചാണ്ടീയും സംഘവും പിന്നെയും അഴിമതിയുടെ പേരില്‍ വേട്ടയാടിയ ആളാണ് പി.ജെ.ജോ
സഫ്.കഴിഞ്ഞ യു.ഡി.എഫ് മന്ത്രിസഭയില്‍ നിന്ന് പെണ്ണു കേസ്സില്‍പെട്ട് മന്ത്രിസ്ഥാനം പോയ മാന്യ
നാണ് കുഞ്ഞാലിക്കുട്ടി.ആ സ്ത്രീപീഡന കേസ് ഒതുക്കുവാന്‍ ജഡ്ജിമാര്‍ക്ക് കോഴ കൊടുക്കുവാന്‍ ഇടനിലക്കാരനായി നിന്ന വ്യക്തിയാണ് അഡ്വക്കേറ്റ് ഐപ്പ്.വിജിലന്‍സ് കേസില്‍ പ്രതിയാണ് ഇപ്പോഴത്തെ ആരോഗ്യമന്ത്രി അടൂര്‍ പ്രകാശ്.

കുഞ്ഞാലിക്കുട്ടിയെ വലത്തും പി.ജെ.ജോസഫിനെയും റ്റി.യു.കുരുവിളയെയും ഇടത്തും അടൂര്‍ പ്രകാശിനെ മടിയിലും ഇരുത്തി അഡ്വ.ഐപ്പിന്റെ നിയമോപദേശവും സ്വീകരിച്ച് "അഴിമതിക്കെതിരെ അതിശക്തമായി" അതിവേഗം പായും എന്ന് ഉമ്മന്‍ ചാണ്ടി പ്രഖ്യാപിക്കുമ്പോള്‍ ചിരിക്കാതെന്തു ചെയ്യും?ഇങ്ങനെ ചിരിപ്പിച്ചാല്‍ കുടലു പഴുത്ത് ജനം ചത്തു പോകും.ഓണത്തിനു കിട്ടുന്ന ഒരു രൂപയുടെ അരി വാങ്ങാന്‍ ആളുകള്‍ കാണില്ല.അതാണ് ഉദ്ദേശ്യമെങ്കില്‍ ഇത്തരം തമാശകള്‍ ഇനിയും ആകാം.


Fans on the page

Friday, May 27, 2011

ആരാണു മുഖ്യന്‍?



പുതിയതായി അധികാരമേറ്റ ഒരു മന്ത്രിസഭയെ അസുഖകരങ്ങളായ ചോദ്യങ്ങള്‍ ഉന്നയിച്ച് വിഷമിപ്പിക്കുന്നത് മര്യാദയല്ല.എങ്കിലും സംസ്ഥാനത്തിനു അസുഖം സമ്മാനിക്കുന്ന ചില പ്രഖ്യാപനങ്ങള്‍ പുതിയ ഭരണകൂടം കൈക്കൊള്ളുമ്പോള്‍ ചോദിക്കാതിരിക്കാനും വയ്യ.ഇപ്പോള്‍ ആരാണു മുഖ്യമന്ത്രി?ഉമ്മന്‍ ചാണ്ടിയോ കുഞ്ഞാലിക്കുട്ടിയോ?താന്‍ ഉള്‍പ്പെടെ 20 മന്ത്രിമാരാണ് പുതിയ മന്ത്രിസഭയില്‍ ഉണ്ടാകുക എന്നാണ് മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം നടത്തിയ പത്ര സമ്മേളനത്തില്‍ ഉമ്മന്‍ ചാണ്ടി പറഞ്ഞത്.ലീഗിനു നാലും മാണികോണ്‍ഗ്രസ്സിനു രണ്ടും മന്ത്രിമാര്‍ തുടങ്ങി ഘടക കക്ഷികളുടെ മന്ത്രിമാരുടെ എണ്ണവും അദ്ദേഹം വ്യക്തമാക്കി.യു.ഡി.എഫ് കണ്‍ വീനര്‍ പി.പി.തങ്കച്ചന്‍ ആവര്‍ത്തിച്ചതും അതു തന്നെ.പക്ഷേ അവരുടെ പ്രഖ്യാപനങ്ങള്‍ക്കു പിന്നാലെ പാണക്കാട്ടു നിന്നും പുതിയ കല്പനകള്‍ ഇറങ്ങി.ലീഗിന് അഞ്ചു മന്ത്രിമാര്‍ ഉണ്ടാകും.അവര്‍ ആരൊക്കെ
യാണെന്നും വകുപ്പുകള്‍ ഏതൊക്കെയെന്നും പ്രഖ്യാപനമുണ്ടായി.

ഡല്‍ഹിയില്‍ ആയിരുന്ന മുഖ്യമന്ത്രിസ്ഥാനിയോടു പത്രക്കാര്‍ ചോദിച്ചപ്പോള്‍ തനിക്ക് അതേപ്പറ്റി ഒന്നും
അറിയില്ല എന്നായിരുന്നു മറുപടി.മുതിര്‍ന്ന ഐക്യമുന്നണി നേതാവായ കെ.എം.മാണിയുടെയും പ്രതികരണവും അതു തന്നെയായിരുന്നു.കുഞ്ഞാലിക്കുട്ടി പറഞ്ഞതാകട്ടെ "ഇന്നലെ 20 എന്നായിരുന്നതു കൊണ്ട് നാളെ ഇരുപത്തി ഒന്നായിക്കൂടാ എന്നില്ലല്ലോ" എന്നും.38 എം.എല്ലെ മാര്‍ മാത്രമുള്ള കോണ്‍ഗ്രസ്സിന് മുഖ്യമന്ത്രിയടക്കം 10 മന്ത്രിമാര്‍ ആകാമെങ്കില്‍ 20 എം.എല്‍ എ മാരുള്ള മുസ്ലീം ലീഗിന് 5 മന്ത്രിമാര്‍ ആയിക്കൂടേ?എന്ന യുക്തിഭദ്രമായ ഭീഷണി കുഞ്ഞാലിക്കുട്ടിയുടെ ചോദ്യത്തില്‍ അടങ്ങിയിട്ടുണ്ട്.

പെണ്‍ വാണിഭക്കാരെയും പൊതുമുതല്‍ മോഷ്ടാക്കളെയും മറ്റ് അഴിമതിക്കാരെയും ജനങ്ങളുടെ മേല്‍ അടിച്ചേല്പ്പിക്കരുത് എന്ന വി.എസ്.അച്യുതാനന്ദന്റെ അഭ്യര്‍ത്ഥനയ്ക്ക് "ജനങ്ങളുടെ കോടതിയില്‍ ജയിച്ചുവന്നവരെ മന്ത്രിമാരാക്കുന്നതിന് എനിക്ക് അച്യുതാനന്ദന്റെ ഉപദേശം ആവശ്യമില്ല"എന്നായി
രുന്നു ഉമ്മന്‍ ചാണ്ടിയുടെ ഉത്തരം.സ്ത്രീലമ്പടന്മാരെ സ്ഥാനാര്‍ത്ഥിയാക്കിയത് ലീഗ് സ്ത്രീ വര്‍ഗ്ഗത്തോട് ചെയ്ത അപരാധമാണ്.ഇഷ്ടമുള്ള വസ്ത്രം ധരിക്കാന്‍ പോലും സ്വാതന്ത്ര്യം ഇല്ലാത്ത സ്ത്രീകള്‍ ഉള്‍പ്പെടുന്ന ഒരു പറ്റം നിസ്സഹായര്‍ അത്തരക്കാരെ ജയിപ്പിച്ചു വിട്ടതു കൊണ്ട് കേരളത്തിലെ സകല ജനങ്ങളെയും ഭരിക്കാന്‍ അവര്‍ യോഗ്യനാണെന്നു വ്യാഖ്യാനിക്കുന്നത് അല്പം കടന്ന കൈയ്യാണ്.

ഇടമലയാര്‍ കേസ്സില്‍ ശിക്ഷിക്കപ്പെട്ട ബാല‍കൃഷ്ണപിള്ളയുടെയും പെണ്‍ വാണിഭ കേസ്സില്‍ നിന്ന് അവിഹിത മാര്‍ഗ്ഗങ്ങളിലൂടെ രക്ഷപ്പെട്ട കുഞ്ഞാലിക്കുട്ടിയുടെയും ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടി അച്യുതാനന്ദന്‍ നടത്തിയ പ്രചരണമാണ്, നൂറും നൂറ്റിപ്പത്തും സീറ്റുകള്‍ സ്വപ്നം കണ്ട യു.ഡി.എഫിനെ 72-ല്‍ തളച്ചിട്ടത് എന്ന് രാഷ്ട്രീയത്തിന്റെ മഞ്ഞക്കാമില ബാധിക്കാത്ത ആര്‍ക്കും ബോദ്ധ്യമാകും.കു
ഞ്ഞാലിക്കുട്ടിയ്ക്കു കിട്ടിയ ഭൂരിപക്ഷം കാട്ടി ഈ വസ്തുത മറയ്ക്കാന്‍ ശ്രമിയ്ക്കുന്ന ഉമ്മന്‍ ചാണ്ടിയെപ്പോലുള്ള
വര്‍, ബാലകൃഷ്ണപിള്ളയുടെ ഡമ്മിയായി കൊട്ടാരക്കരയില്‍ മത്സരിച്ച സ്ഥാനാര്‍ത്ഥി ഇരുപതിനാ
യിരത്തില്‍ പരം വോട്ടിനു പൊട്ടിയതിന്നു പിന്നില്‍ എന്തു തരം ജനഹിതമാണു പ്രവര്‍ത്തിച്ചതെന്ന് കൂടി വിശദമാക്കണം.നട്ടുച്ചയ്ക്ക് ഉമ്മന്‍ ചാണ്ടി കണ്ണടച്ചാല്‍ അദ്ദേഹത്തിനു മാത്രമേ ഇരുട്ടായി തോന്നുകയു
ള്ളു.വയലാര്‍ രവിക്കും ഏ.കെ.ആന്റണിക്കും പോലും ഇരുട്ടയി തോന്നുകയില്ല.എന്നു മാത്രമല്ല നട്ടുച്ചയാണെന്ന് മനസ്സില്ലാ മനസ്സോടെയാണെങ്കിലും അവര്‍ സമ്മതിക്കുകയും ചെയ്യും.

ഇടമലയാര്‍ കേസ് നിലവിലുണ്ടായിരുന്നപ്പോള്‍ ഇതേപോലെ ജനകീയ കോടതിയില്‍ ജയിച്ചു വന്ന പിള്ളയെ മന്ത്രിയാക്കാന്‍ അന്ന് ഉമ്മന്‍ ചാണ്ടിയും കോണ്‍ഗ്രസ്സും വിസമ്മതിച്ചതും പകരം അദ്ദേഹത്തി
ന്റെ പുത്രനെ മന്ത്രിയാക്കിയതും എന്തുകൊണ്ടായിരുന്നു?റൗഫ് പറഞ്ഞതു ശരിയെങ്കില്‍ പാണക്കാട് തങ്ങളെ വരെ ബ്ലാക് മെയില്‍ ചെയ്തു കാര്യം സാധിക്കുന്ന ആളാണ് കുഞ്ഞാലിക്കുട്ടി.അദ്ദേഹം അങ്ങനെ വല്ല 'നേരമ്പോക്കും' കാട്ടിയാണോ ഉമ്മന്‍ ചാണ്ടിയെ വശപ്പെടുത്തിയത്?

ജനകീയക്കോടതിയില്‍ ജയിച്ചുവന്നവനെ മന്ത്രിയാക്കിയത് ജനാധിപത്യ ബോധം കൊണ്ടാണെന്ന് വാദത്തിനു വേണ്ടി സമ്മതിച്ചു കൊടുക്കാം.പക്ഷേ കുഞ്ഞാലിക്കുട്ടിയുടെ പെണ്ണു കേസ് ഒതുക്കുന്നതിനു വേണ്ടി കോഴവാങ്ങിയതുമായി ബന്ധപ്പെട്ട് കോടതി കയറി ഇറങ്ങുന്ന അഡ്വ.ഐപ്പിനെ വീണ്ടും അഡീഷണല്‍ അഡ്വക്കേറ്റ് ജനറലായി നിയമിച്ചത് ഏതു ജനകീയ കോടതിയുടെ വിധിപ്രകാരമാണ് എന്ന് ഉമ്മന്‍ ചാണ്ടി വ്യക്തമാക്കണം.സമ്പൂര്‍ണ്ണ മന്ത്രി സഭയുടെ ആദ്യ യോഗം ചേരുന്നതിനു മുമ്പു തന്നെ തിടുക്കത്തില്‍ ഈ അഴിമതിക്കരനെ ഉന്നത പദവിയില്‍ നിയമിക്കാനുള്ള എന്ത് അടിയന്തിര വ്യവഹാരമാണ് പുതിയ സര്‍ക്കരിന്റെ മുമ്പില്‍ വന്നു മുട്ടിയത്?പ്രകടന പത്രികയില്‍ നല്‍കിയ വാഗ്ദാനങ്ങളേക്കാള്‍ മുന്‍ ഗണന കൊടുക്കത്തക്ക എന്ത് സവിശേഷ പ്രാധാന്യമാണ് ഐപ്പിന്റെ നിയമനത്തിനുള്ളത്?ഉമ്മന്‍ ചാണ്ടി മാത്രമല്ല എ.കെ.ആന്റണിയെയും വി.എം സുധീരനെയും പോലുള്ള കോണ്‍ഗ്രസ്സിലെ ആദര്‍ശക്കുരുവികളും ഇതിനു മറുപടി പറയാന്‍ ബാധ്യസ്ഥരാണ്.

വകുപ്പു വിഭജിക്കാനുള്ള അധികാരം മുഖ്യമന്ത്രിക്കു മാത്രമാണുള്ളത്.അതെല്ലാം ഇപ്പോള്‍ ചെയ്യുന്നത് ജനം ധരിച്ചിരിക്കുന്ന മുഖ്യമന്ത്രിയായ ഉമ്മന്‍ ചാണ്ടിയല്ല;കുഞ്ഞാലിക്കുട്ടിയാണ്.തദ്ദേശ സ്വയംഭരണ വകുപ്പ് ഉമ്മന്‍ ചാണ്ടി ഒന്നു വിഭജിച്ചപ്പോള്‍ കുഞ്ഞാലിക്കുട്ടി അത് വീണ്ടും വിഭജിച്ചു.ആരുണ്ട് ചോദിക്കാന്‍ എന്നാണ് അദ്ദേഹത്തിന്റെ ഭാവം.

കളങ്കിതരെ മാത്രമല്ല കളങ്കിതരുടെ വളര്‍ത്തു മൃഗങ്ങളെയും എല്ലാ സദാചാരമൂല്യങ്ങളും ലംഘിച്ചു കൊണ്ട് ഉന്നത പദവിയില്‍ അവരോധിക്കുകയും മുഖ്യമന്ത്രിയുടെ അധികാരത്തില്‍ കൈവയ്ക്കുകയും മറ്റും ചെയ്യുന്നത് കാണുമ്പോള്‍ മനസ്സാക്ഷി പണയപ്പെടുത്തിയിട്ടില്ലാത്ത ആരും ചോദിച്ചു പോകും "ആരാണു കേരളം ഭരിക്കുന്നത്?"എന്ന്.
Fans on the page

Wednesday, May 18, 2011

തെരഞ്ഞെടുപ്പും അഴിമതിയും



അഴിമതിയും പെണ്‍ വാണിഭവും ഒന്നും സാധാരണ ജനങ്ങളെ ബാധിക്കുന്ന കാര്യമല്ലെന്നും വികസനവും വിലക്കയറ്റവും അരിയും തുണിയും മറ്റുമാണ് അവരുടെ മുഖ്യ വിഷയം എന്നും ആയിരുന്നു എല്ലാ യു.ഡി.എഫ് നേതാക്കളും തെരഞ്ഞെടുപ്പു പ്രചരണത്തിനിടയില്‍ പറഞ്ഞത്.ആദര്‍ശത്തിന്റെ ആള്‍ രൂപമായി കോണ്‍ഗ്രസ്സുകാര് ഉയര്‍ത്തിക്കാട്ടാറുള്ള ഏ.കെ.ആന്റണിയുള്‍പ്പെടെയുള്ളവരുടെ വായ്ത്താരിയും ഇതു തന്നെയായിരുന്നു. യു.ഡി.എഫ് നേതാക്കള്‍ മാത്രമല്ല ധാരളം ചാനല്‍ പണ്ഡിതന്മാരും നിഷ്പക്ഷത നടിച്ച പല രാഷ്ട്രീയ വിശകലന വീരരും മാദ്ധ്യമ പുലികളും ഇതേ അഭിപ്രായക്കാരായിരുന്നു.തങ്ങളെ വോട്ടു ചെയ്ത് അധികാരത്തിലേറ്റുന്ന പൊതുജനം വെറും കഴുതകളാണെന്നാണ് ഇവര്‍ പറഞ്ഞതിന്റെ പച്ചമലയാളം.

പൊതുമുതല്‍ മോഷ്ടിച്ചതിന് സുപ്രീം കോടതി ശിക്ഷിച്ച ആര്‍.ബാലകൃഷ്ണപിള്ളയേയും പെണ്‍ വാണിഭ വീരന്‍ കുഞ്ഞാലിക്കുട്ടിയേയും രണ്ടു തോളിലുമിരുത്തി തെരഞ്ഞെടുപ്പു പ്രചരണം ആരംഭിച്ച ഉമ്മന്‍ ചാണ്ടിയും കൂട്ടരും ഇത്തരം നിലപാട് എടുത്തതില്‍ അതിശയിക്കാനില്ല.വയറുനിറഞ്ഞാല്‍ ഏതു വാഴച്ചുവട്ടിലും കിടന്നുറങ്ങി ക്കൊള്ളുന്നവരാണ് വോട്ടര്‍മാര്‍ എന്ന് അവര്‍ ധരിക്കുകയും മറ്റുള്ളവരെ ധരിപ്പിക്കുവാന്‍ ശ്രമിക്കുകയും ചെയ്തു.എത്ര പിഴപ്പിക്കപ്പെട്ടാലും ബംഗ്ലാവും കാറും പണവും നല്‍കിയാല്‍ എങ്ങനെയൊക്കെ വേണമെങ്കിലും മൊഴിമാറ്റിപ്പറയുന്ന സ്ത്രീ ജന്മങ്ങളെ കൈകാര്യം ചെയ്തു പരിചയിച്ചവരും അവരുടെ അനുഭവം കണ്ടു പരിചയിച്ചവരും, മറ്റുള്ളവരും അത്തരക്കാരാണെന്നു വിചാരിക്കുക സ്വാഭാവികം മാത്രം.

എന്നാല്‍ ഇതല്ല യാഥാര്‍ത്ഥ്യം.അക്ഷരാര്‍ത്ഥത്തില്‍ തേനും പാലും ഒഴുക്കി തമിഴ് നാടിനെ സുഭിക്ഷതയില്‍ ആറാടിച്ചു ഭരിച്ച കരുണാനിധിയെയും കൂട്ടരെയും അവിടുത്തെ ജനം തൂത്തെറിഞ്ഞത് എന്തു കൊണ്ടാണ്?തെരഞ്ഞെടുപ്പില്‍ അഴിമതി ഗൗരവമുള്ള വിഷയമായി തമിഴ് മക്കള്‍ തിരിച്ചറിഞ്ഞതിന്റെ പ്രത്യാഘമാണ് അവിടെ സംഭവിച്ചത്.പൊന്നു കൊണ്ടു പുളിശേരി വച്ചു കൊടുത്താലും പൊതുമുതല്‍ കക്കുന്നവന്‍ അധികാരത്തില്‍ കയറണ്ടാ എന്ന താക്കീതാണ് അവിടുത്തെ തെരഞ്ഞെടുപ്പു ഫലം നല്‍കുന്ന സൂചന.

അങ്ങനെയെങ്കില്‍ കേരളത്തിലും അതേപടി സംഭവിക്കണമായിരുന്നല്ലോ എന്ന ചോദ്യമുയരാം.അതു തന്നെയാണ് ഇവിടെയും സംഭവിച്ചത് എന്നാണ് ഉത്തരം.പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും തദ്ദേശസ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പുകളിലും അതിദയനീയ പരാജയങ്ങള്‍ ഏറ്റുവാങ്ങിയ എല്‍.ഡി.എഫ് നാല്പതു സീറ്റിനപ്പുറം പിടിക്കില്ലെന്ന് കരുതിയിയവരില്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ മാത്രമല്ല എല്‍.ഡി.എഫ് അനുഭാവികളും ഉണ്ടായിരുന്നു.മിക്ക രാഷ്ട്രീയ ജ്യോത്സ്യന്മാരുടെ പ്രവചനങ്ങളും അത്തരത്തിലുള്ളതായിരുന്നു.ആ ഒരവസ്ഥയില്‍ നിന്നും അറുപത്തെട്ടില്‍ എത്തിയതിന്റെ പിന്നില്‍ അഴിമതിയ്ക്കും സ്ത്രീപീഡനത്തിനും എതിരായ ജനവികാരത്തിന് നല്ല പങ്കുണ്ട്.ഭരണ നേട്ടങ്ങളോടൊപ്പം വി.എസ് അച്യുതാനന്ദന്‍ ഉയര്‍ത്തിയ അഴിമതി വിരുദ്ധ നിലപാടിന് ലഭിച്ച വലിയ സ്വീകാര്യതയാണ് തെരഞ്ഞെടുപ്പില്‍ അഭിമാനാര്‍ഹമായ വിജയം കൊയ്യാന്‍ എല്‍.ഡി.എഫിനെ തുണച്ചത്.

ഭക്ഷണവും വസ്ത്രവും പാര്‍പ്പിടവും മാത്രമേ പാവപ്പെട്ടവന്റെ അജണ്ടയില്‍ ഉള്ളൂ എന്നും അഴിമതിയും കെടുകാര്യസ്ഥതയും സ്ത്രീ പീഡനവും ഒന്നും അവനെ സ്പര്‍ശിക്കാത്ത വിഷയങ്ങളാണെന്നുമുള്ള ചില രാഷ്ട്രീയ,മാദ്ധ്യമ,ത്തമ്പുരാക്കന്മാരുടെ വാദഗതി അസംബന്ധമാണെന്ന് കേരളത്തിലെയും തമിഴ് നാട്ടിലെയും തെരഞ്ഞെടുപ്പു ഫലങ്ങള്‍ നമുക്കു കാണിച്ചു തരുന്നു.ഉദരപൂരണത്തിനായി രാഷ്ട്രീയം കൊണ്ടു നടക്കുന്നവരേക്കാള്‍ രാഷ്ട്രീയ ബോധം നിരക്ഷരനും പ്രബുദ്ധതയില്ലാത്തവനുമായ വോട്ടര്‍ക്കുണ്ടെന്ന് ,ഇനിയെങ്കിലും ഇവര്‍ മനസ്സിലാക്കുമോ?
Fans on the page

Wednesday, May 4, 2011

ഇങ്ങനെയമുണ്ടോ വിവരദോഷികള്‍?



കേരളത്തിലെ സമുദായ സംഘടനാ നേതാക്കളില്‍ ഏറ്റവും വലിയ വിവരദോഷി വെള്ളാപ്പള്ളി നടേശനാണെന്നാണ് കരുതിയിരുന്നത്.എന്നാല്‍ അദ്ദേഹത്തെ ബഹുദൂരം പിന്നിലാക്കുന്ന ഒരുവന്‍ ഉണ്ടെന്നു തെളിഞ്ഞിരിക്കുന്നു.എന്‍.എസ്.എസ്.ജനറല്‍ സെക്രട്ടറിയുടെ താല്‍ക്കാലിക ചുമതല വഹിക്കുന്ന സുകുമാരന്‍ നായരാണ് ഈ വിദ്വാന്‍.കഴിഞ്ഞ ദിവസം മുഖ്യമന്ത്രി സ.വി.എസ്. അച്യുതാന
ന്ദനെക്കുറിച്ച് അദ്ദേഹം നടത്തിയ പരാമര്‍ശങ്ങളില്‍ നിന്നും വിവരദോഷി മാത്രമല്ല സംസ്കാര ശൂന്യനുമാണെന്ന് വെളിവായി.

സി.പി.എം.നേതാവായും പ്രതിപക്ഷ നേതാവായും മുഖ്യമന്ത്രിയായും കഴിഞ്ഞ പല പതിറ്റാണ്ടുകളായി പ്രവര്‍ത്തിച്ചു വരുന്ന സ.അച്യുതാനന്ദന്‍ കേരളത്തിന്റെ പൊതു ജീവിതത്തിലെ സജീവ സാന്നിദ്ധ്യ
മാണ്.തീഷ്ണമായ സമര പഥങ്ങളിലൂടെ ,പ്രതിബന്ധങ്ങളെ വകവയ്ക്കാതെ പാവപ്പെട്ടവര്‍ക്കു വേണ്ടി അദ്ദേഹം മുന്നേറിയപ്പോള്‍ എന്‍.എസ്.എസിന്റെ കോളേജുകളില്‍ പാറ്റയേയും മണ്ണിരയേയും പിടിച്ചു കൊടുത്ത് കാലയാപനം കഴിക്കുകയായിരുന്ന സുകുമാരന്‍ നായര്‍ക്ക് അച്യുതാനന്ദനെ വിലയി
രുത്താനുള്ള യോഗ്യതയില്ല.രാഷ്ട്രീയം ചുക്കോ ചുണ്ണാമ്പോ എന്നറിയാത്ത സുകുമാരന്‍ നായര്‍ക്ക് വി.എസിനെ എന്നല്ല ഒരു കെ.എസ്.യു.നേതാവിനെ കുറിച്ചു പോലും അഭിപ്രായം പറയാനുള്ള പാങ്ങില്ല.ആരുടെയൊക്കയോ കാലു നക്കി എന്‍.എസ്.എസിന്റെ തലപ്പത്ത് എത്തിയ ഇയാള്‍ക്ക്, താന്‍ കൂടെക്കൂടെ തട്ടിവിടുന്ന 'സമദൂര സിദ്ധാന്ത'ത്തിന്റെ അര്‍ത്ഥം പോലും അറിഞ്ഞുകൂടാ എന്ന് ഇന്നലത്തെ പ്രസ്താവനയില്‍ നിന്നു തന്നെ മനസ്സിലാക്കാം.വിവരവും വിദ്യാഭ്യാസവുമില്ലാത്ത ഇയാളെ അതെല്ലാമുള്ള പലരെയും തഴഞ്ഞ് അനര്‍ഹമായ പദവിയില്‍ പ്രതിഷ്ഠിച്ചപ്പോള്‍, പില്‍ക്കാലത്ത് സമുദായത്തിനു നാണക്കേടും ബാദ്ധ്യതയുമാകുമെന്ന് ,അറിവുള്ള പലരും അന്നേ സൂചിപ്പിച്ചതാണ്.

'ഉല്പ്പത്തി നീചനുമക്ഷര യോഗത്താല്‍
ക്ഷിപ്രം മഹിമ തടവീടു'മെന്ന് അവര്‍ പോലും പ്രതീക്ഷിച്ചു.മാന്യനും സംസ്കാരസമ്പന്നനും വിദ്യാസമ്പന്നനും പക്വമതിയും ആയ പി.കെ.നാരായണപ്പണിക്കരോടൊപ്പം പ്രവര്‍ത്തിക്കുമ്പോള്‍ മഹിമ കൈവരുമെന്നു വിചാരിച്ചു.പക്ഷേ യാതൊരു പരിവര്‍ത്തനവും ഈ ഉല്പത്തി നീചന് ഉണ്ടായില്ല എന്ന് ഇപ്പോള്‍ ബോദ്ധ്യമായി.നീലത്തില്‍ വീണ കുറുക്കനെപ്പോലെ ഒരു നിര്‍ണ്ണായക സമയത്ത് യഥാര്‍ത്ഥ സ്വരൂപം വെളിപ്പെട്ടു.ഒരു കണക്കിന് സുകുമാരന്‍ നായരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല.അദ്ദേഹം കണ്ടിട്ടുള്ള ഏറ്റവും വലിയ രാഷ്ട്രീയ നേതാവ് ആര്‍. ബാലകൃഷ്ണപിള്ളയാണ്.പിന്നെ സൂര്യനെല്ലി ബന്ധം വഴി പി.ജെ.കുര്യനും.അഴിമതി നടത്തിയതിന് സുപ്രീം കോടതി ശിക്ഷിച്ച് അകത്തിട്ടിരിക്കുന്ന പിള്ളയെ ആരാധിക്കുന്ന സുകുമാരന്‍ നായര്‍ക്ക് എങ്ങനെയാണ് അച്യുതാനന്ദനെ മനസ്സിലാകുക?

ഇന്നലെ വരെ ഗുണദോഷിച്ചും ശാസിച്ചും ഒപ്പം കൊണ്ടുനടന്ന പെണ്‍ കുട്ടി പാര്‍ട്ടി വിട്ടു പോയപ്പോള്‍ അവളെ കുറിച്ചു 'ഒരുത്തി' എന്ന് അച്യുതാനന്ദന്‍ പരാമര്‍ശിച്ചതു കേട്ട് വേദനിച്ചു പിടയുകയും ധാര്‍മ്മിക രോഷം കൊണ്ടു പൊട്ടിത്തെറിയ്ക്കുകയും ചെയ്ത ഉമ്മന്‍ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും സന്മാര്‍ഗ്ഗ ബോധം ഇപ്പോള്‍ എവിടെപ്പോയി?എണ്‍പത്തേഴു കഴിഞ്ഞ കേരളത്തിന്റെ മുഖ്യമന്ത്രിയെ, വയസ്സിലും പ്രവര്‍ത്തന പാരമ്പര്യത്തിലും സാമൂഹിക ബോധത്തിലും പൊതുജീവിത വിശുദ്ധിയിലും അദ്ദേഹത്തെക്കാള്‍ വളരെ വളരെ താഴെ നില്‍ക്കുന്ന ഒരു ഏഴാം കൂലി,"കൊള്ളരുതാത്തവന്‍‍",
"സംസ്കാരമില്ലാത്തവന്‍","എന്തു വൃത്തികേടും ചെയ്യുന്നവന്‍","ജനാധിപത്യ ബോധമില്ലാത്തവന്‍"
എന്നെല്ലാം പറഞ്ഞ് അധിക്ഷേപിച്ചപ്പോള്‍ ഭാഷാ ശുദ്ധിയെ കുറിച്ച് ഉരിയാടാന്‍ ഇവരുടെ നാവനങ്ങാതെ പോയതെന്തുകൊണ്ട്?പവാറും ജയറാം രമേശും പ്രധാനമന്ത്രിയും ചേര്‍ന്നു ചീറ്റിയ എന്‍ഡോസള്‍ഫാന്‍ വിഷം തീണ്ടി നാവു ചലിക്കാതായതു കൊണ്ടോ?

സുകുമാരന്‍ നായരുടെ സംസ്കാരലോപത്തെ വിമര്‍ശിക്കുന്നതിനു പകരം ഏതോ എന്‍.എസ്.എസ് മന്ദിരത്തിന്റെ ജനാലച്ചില്ലു പൊട്ടിയതില്‍ പൂങ്കണ്ണീരൊഴുക്കുന്ന മുന്‍ മുഖ്യമന്ത്രിയുടെ രാഷ്ട്രീയ മാന്യതയും
സാമൂഹിക പ്രതിബദ്ധതയും ഒന്നുകൂടി ജനത്തിനു ബോദ്ധ്യമായി.ഒന്നുമില്ലെങ്കിലും അച്യുതാനന്ദനും താനും ഒരു വര്‍ഗ്ഗം(രാഷ്ട്രീയക്കാര്‍)ആണെന്ന ബോധമെങ്കിലും ഉമ്മന്‍ ചാണ്ടിക്ക് ഉണ്ടാകണമായി
രുന്നു.ആരാദ്ധ്യനായ കോണ്‍ഗ്രസ് പാര്‍ട്ടി നേതാവ് ,ജാതിക്കുശുമ്പും രാഷ്ട്രീയ വൈരവും വേര്‍ തിരി
ച്ചറിയാന്‍ കഴിയാത്ത പരുവത്തിലായിരിക്കുകയാണോ?അതോ യൂ.ഡി.എഫിനു ഭൂരിപക്ഷം കിട്ടുകയാണെങ്കില്‍ തന്റെ മുഖ്യമന്ത്രി പദത്തിനുണ്ടാകാന്‍ സാദ്ധ്യതയുള്ള ഭീഷണിമുന്നില്‍ കണ്ട് ന
ടത്തുന്ന സേവ പിടുത്തമോ?

യു.ഡി.എഫിനു ഭൂരിപക്ഷം കിട്ടുകയാണെങ്കില്‍ അത് എന്‍.എസ്.എസ്, സമദൂര സിദ്ധാന്തത്തില്‍ വെള്ളം ചേര്‍ത്ത് യു.ഡി.എഫിനെ സഹായിച്ചതു കൊണ്ടാണെന്നു വരുത്തി ത്തീര്‍ക്കാനുള്ള വിലകുറഞ്ഞ തന്ത്രമാണ് സുകുമാരന്‍ നായര്‍ പയറ്റുന്നത് എന്ന കണ്ണൂര്‍ ഡി.സി.സി.പ്രസിഡന്റ് രാമകൃഷ്ണന്റെ നിരീക്ഷണം യുക്തി സഹമാണ്.അത്തരമൊരു നിലപാട് തിരഞ്ഞെടുപ്പിനു മുമ്പ് പ്രകടിപ്പിക്കാതെ ഇപ്പോള്‍ പറയുന്നത് വിജയ സാദ്ധ്യത മുന്നില്‍ കണ്ടുകൊണ്ടുള്ള മലക്കം മറിച്ചിലാണെന്നും അത് വിശ്വസിക്കാന്‍ പ്രയാസമാണെന്നുമാണ് അദ്ദേഹത്തിന്റെ അഭിപ്രായം.സാമാന്യ രാഷ്ട്രീയ ബോധം മാത്രമുള്ള ആര്‍ക്കും മനസ്സിലാകുന്ന ഈ സത്യം ഉമ്മന്‍ ചാണ്ടിയ്ക്കു മനസ്സിലാകാത്തതിന്റെ മന:ശാസ്ത്രം മേല്പറഞ്ഞ അപകടശങ്കയാണ്.ബാലകൃഷ്ണപി
ള്ളയുടെ ആശ്രിതനായ സുകുമാരന്‍ നായരുടെ എട്ടുകാലി മമ്മൂഞ്ഞു വേഷം തിരിച്ചറിഞ്ഞിട്ടും അദ്ദേഹത്തിനെ സഹായിക്കാന്‍"അടിയന്‍ ലച്ചിപ്പോം" എന്ന മട്ടില്‍ പ്രതിപക്ഷ നേതാവു ചാടി വീണതും അതുകൊണ്ടു തന്നെ.

സുകുമാരന്‍ നായരെ പ്പോലുള്ള നീചബുദ്ധികളുടെയും കാലുനക്കികളുടെയും സംസ്കാര ശൂന്യവും അമാന്യവുമായ പദപ്രയോഗങ്ങള്‍ കൊണ്ട് വാടിപ്പോകുന്നതല്ല, ഇപ്പോഴും സിരകളില്‍ സമരവീര്യം ജ്വലിച്ചു നില്‍ക്കുന്ന അച്യുതാനന്ദനും അദ്ദേഹത്തിന്റെ സല്പ്പേരും.നായ്ക്കള്‍ ഓരിയിട്ടതു കൊണ്ട് ചന്ദ്രന്റെ പ്രകാശം മങ്ങുകയില്ല.പക്ഷേ കേരളത്തിന്റെ സാമൂഹിക നവോത്ഥാനത്തിന് വലിയ സംഭാവന നല്‍കിയ ഒരു പ്രമുഖ സാമുദായിക സംഘടനയുടെ തലപ്പത്ത് ഇത്തരം വിവരദോഷികളെ താല്‍ക്കാലികമായിട്ടാണെങ്കില്‍ പോലും ഇരുത്തുന്നത് ആ സംഘടനയ്ക്കും സമുദായത്തിനും കളങ്കമുണ്ടാക്കുക തന്നെ ചെയ്യും.



Fans on the page