Total Pageviews

Sunday, April 24, 2016

യോജിച്ച ചിഹ്നം

വെള്ളാപ്പള്ളി നടേശന്റെയും മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയുടെയും പാര്‍ട്ടിയായ ബി.ഡി ജെ.എസിന് കുടം ചിഹ്നമായി തെരഞ്ഞെടുപ്പു കമ്മീഷന്‍ അനുവദിച്ചിരിക്കുന്നു.വെള്ളാപ്പള്ളിമാര്‍ക്ക് ഇത്ര യോജിച്ച ഒരുചിഹ്നം വേറെയില്ല.നിര്‍ബ്ബന്ധപൂര്‍വ്വം നല്‍കിയതാണെങ്കില്‍ കമ്മീഷനെയും സ്വമേധയാ തെരഞ്ഞെടുത്തതാണെങ്കില്‍ അച്ഛനെയും മകനെയും അഭിനന്ദിക്കാതിരിക്കാന്‍ കഴിയില്ല.തേറും (കള്ളുചെത്ത് കത്തി) കുടുക്കയും കൂടി കുടത്തോടൊപ്പം ഉണ്ടായിരുന്നെങ്കില്‍ ഇതിലും യോജിക്കുമായിരുന്നു!!
എന്ത് ധര്‍മ്മം  നിറ വേറ്റാനാണോ കുടത്തെ ചിഹ്നമായി തെരഞ്ഞെടുത്തത്?അവസരവാദമാണ് തന്റെ  പാര്‍ട്ടിയുടെ  പ്രത്യയ ശാസ്ത്രമെന്നും  ആരുമായും  കൂട്ട് കൂടുമെന്നും  നടേശന്‍ പണ്ടേ പ്രഖ്യാപിച്ചതാണ്.നാറുന്നതും മണക്കുന്നതും  തിരിച്ചറിയാത്ത  പിതാവിനും  പുത്രനും ഇതിനപ്പുറം യോജിച്ച  ഒരു ചിഹ്നം തെരഞ്ഞെടുക്കാന്‍  കഴിയില്ല.ശര്ക്കരക്കുടമാണ്  രാഷ്ട്രീയമെന്നും  അധികാരം കിട്ടിയാല്‍  കൈയ്യിട്ടു നക്കുമെന്നും സൂചിപ്പിക്കുവാന്‍  വേണ്ടി ക്കൂടിയാണോ  ഈ ചിഹ്നം സ്വീകരിച്ചതെന്നും  സംശയമുണ്ട്.നമ്പൂതിരി  മുതല്‍ നായാടി വരെയുള്ളവര്‍ക്ക്  സാമൂഹ്യ നീതി ഉറപ്പാക്കാന്‍  വേണ്ടിയാണെന്ന്  പറഞ്ഞു സംഘടിപ്പിക്കപ്പെട്ട  പാര്‍ട്ടിയുടെ  നേതാക്കള്‍,  ദളിതനായ  രോഹിത് വെമുള എന്ന വിദ്യാര്ത്ഥിയെ കേന്ദ്ര ഭരണകൂടം ഉന്മൂലനം  ചെയ്തിട്ട്  ഒരക്ഷരം  ഉരിയാടിയിട്ടില്ല .സാമുദായിക  സംവരണം അവസാനിപ്പിക്കണം  എന്ന്‍  ആര്‍.എസ്.എസ് ആവശ്യപ്പെട്ടതിനെതിരെ  ഇന്നേവരെ പ്രതികരിച്ചിട്ടില്ല.ഇതായിരിക്കുമോ നടേശന്‍  ഉദ്ദേശിക്കുന്ന 'അവസരവാദ രാഷ്ട്രീയം?








Fans on the page

Tuesday, April 19, 2016

വകതിരിവ് കെട്ട വി.വി.ഐ.പികള്‍

പരവൂറ്‍ വെടിക്കെട്ടു ദുരന്തം അറിഞ്ഞു വന്ന വി.വി.ഐ.പികള്‍ വാസ്തവത്തില്‍ ഉപദ്രവമാണുണ്ടാക്കിയതെന്ന പോലീസിന്റെയും ആരോഗ്യ വകുപ്പിന്റെയും മേധാവികളുടെ പ്രസ്താവനയെ ചൊല്ലി വലിയ വാദകോലാഹലമാണു നടക്കുന്നത്‌.സര്‍ക്കാരിനു ബുദ്ധിമുട്ടുണ്ടാക്കുന്ന യാതൊന്നും പറയാത്ത ഇവര്‍ രണ്ടുപേരും സഹികെട്ട്‌ സത്യം പറഞ്ഞുപോയതാണ്‌.അവര്‍ പറഞ്ഞതിലെ വാസ്തവം ഉള്‍ക്കൊള്ളേണ്ടതിനു പകരം അതില്‍ രാഷ്ട്രീയം കലര്‍ത്താനും യാഥാര്‍ത്ഥ്യം വെളിപ്പെടുത്തിയ ഉദ്യോഗസ്ഥ മേധാവികളെ കുറ്റപ്പെടുത്താനുമാണ്‌ ബിജെപിയും മുഖ്യമന്ത്രിയുള്‍പ്പെടെയുള്ള ഭരണകക്ഷിക്കാരും തുനിഞ്ഞത്‌.നിഷ്പക്ഷത ചമയുന്ന ചില പത്രങ്ങളും അത്തരം നിലപാടു സ്വീകരിക്കുകയുണ്ടായി.രാപ്പകല്‍ രക്ഷാപ്രവര്‍ത്തനം നടത്തി അത്യന്തം ക്ഷീണിതരായിരുന്ന പൊലീസുകാരെ വീണ്ടും പരിക്ഷീണരാക്കുന്നതിനു പുറമേ രക്ഷാ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുമെന്നും മനസ്സിലായതു കൊണ്ടാണു ഉടനടി ദുരന്തസ്ഥലം സന്ദര്‍ശിക്കാനുള്ള നീക്കം പ്രധാനമന്ത്രി ഉപേക്ഷിക്കണമെന്ന്‌ ഡി.ജി.പി പറഞ്ഞത്‌.പ്രധാനമന്ത്രി എല്ലാ നിയമങ്ങള്‍ക്കും അതീതനാണെന്ന അഹംഭാവവും താന്‍ പരമകരുണാവാന്‍ ആണെന്നു ലോകരെ ബോദ്ധ്യപ്പെടുത്തേണ്ടത്‌ തെരഞ്ഞെടുപ്പ്‌ അടുത്ത സമയത്ത്‌ അത്യാവശ്യമാണെന്ന തോന്നലും ഫോട്ടോമാനിയ ബാധിച്ച അനുയായികളുടെ പ്രേരണയും എല്ലാം കൂടിയാണ്‌ മോഡിയെ ദുരന്ത സ്ഥലവും ആശുപത്രിയും സന്ദര്‍ശിക്കാന്‍ പ്രേരിപ്പിച്ചത്‌.തീവ്രപരിചരണ വിഭാഗത്തില്‍ അനുയായികളുമായി മോഡിയും മറ്റു വി.വി.ഐ.പികളും നടത്തിയ സന്ദര്‍ശനം അങ്ങേയറ്റം ക്രൂരമായിപ്പോയി. ഇവരുടെ സന്ദര്‍ശനം മൂലം പല അടിയന്തിര ചികിത്സാ നടപടികളും തടസ്സപ്പെട്ടു എന്നുള്ളതും വസ്തുതയാണ്‌. 
വെടിക്കെട്ടു ദുരന്തത്തില്‍ മോഡി കാണിച്ച അമിതകാരുണ്യം കാപട്യമാണ്‌.അദ്ദേഹം ഗുജറാത്ത്‌ മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ അവിടുത്തെ ആരോഗ്യമന്ത്രിയും മോഡിയുടെ വലം കയ്യുമായിരുന്ന ശ്രീമതി മായ കോറ്റ്നാനി യുടെ നേതൃത്വത്തില്‍ നരോദ പാട്യ എന്ന സ്ഥാലത്ത്‌ 100 ല്‍ അധികം പേരെ ചുട്ടുകൊല്ലുകയുണ്ടായി. അതിന്റെ പേരില്‍ അവര്‍ ഇരട്ട ജീവപര്യന്തിനു ശിക്ഷിക്കപ്പെടുകയും ചെയ്തു.ആ കൂട്ടക്കുരുതി നടന്നിടത്തേക്ക്‌ പത്തു ദിവസം വരെ തിരിഞ്ഞു നോക്കിയില്ല അന്നു മുഖ്യമന്ത്രി ആയിരുന്ന മോഡിജി.ഒടുവില്‍ പ്രധാനമന്ത്രി വജ്പേയി കുരുതിക്കളം സന്ദര്‍ശിക്കാന്‍ വന്നപ്പോള്‍, നിവൃത്തിയില്ലാതെ അദ്ദേഹത്തിന്റെ കൂടെ പോയ ആളാണ്‌ വെടിക്കെട്ടി പുക അടങ്ങുന്നതിന്റെന്‍ മുമ്പ്‌ ദുരന്ത ഭൂമിയില്‍ എത്തിയത്‌!!അന്നു മുഖ്യമന്ത്രി മാത്രമായിരുന്നു.പ്രധാനമന്ത്രി ആയപ്പോള്‍ വീക്ഷണം വിശാലമായി,ദയാവായ്പു വര്‍ദ്ധിച്ചു എന്നായിരിക്കും മറുപടി.അങ്ങനെയാണെങ്കില്‍ ഗോമാംസം ഭക്ഷിച്ചെന്ന്‌ ആരോപിച്ച്‌ ഒരു സാധുവിനെ സംഘികള്‍ തല്ലിക്കൊന്നത്‌ പ്രധാനമന്ത്രിയുടെ വിളിപ്പാടകലെ വച്ചായിട്ടും അവിടൊന്നു പോയി നോക്കാന്‍ ദയ തോന്നാഞ്ഞതെന്തുകൊണ്ടാണ്‌? ചുട്ടു കരിക്കപ്പെട്ടാലേ അനുതാപം ഉണ്ടാകൂ എന്നാണെങ്കില്‍ രണ്ടു ദളിത്‌ ബാലന്‍മാരെ ഹരിയനയില്‍ സവര്‍ണ്ണര്‍ ചുട്ടു കരിച്ചപ്പോഴും ഈ സഹതാപമൂര്‍ത്തിയെ അവിടെയെങ്ങും കണ്ടില്ല.കേരളത്തില്‍ അടുത്തുതന്നെ ഒരു തെരഞ്ഞെ ടുപ്പ്‌ നടക്കുന്നില്ലായിരുന്നെങ്കില്‍ നൂറല്ല ആയിരം പേര്‍ ചത്തെന്നറിഞ്ഞാലും തിരിഞ്ഞു നോക്കുമായിരുന്നില്ല ഇദ്ദേഹം.
മുന്‍പു മുന്‍ മന്ത്രി ബേബി ജോണ്‍ അത്യാസന്ന നിലയില്‍ മെഡിക്കല്‍ കോളേജിലെ തീവ്ര പരിചരണ വിഭാഗത്തില്‍ കിടന്നപ്പോള്‍ അദ്ദേഹത്തെ കാണാന്‍ അന്ന്‌ രാഷ്ട്രപതി ആയിരുന്ന കെ.ആര്‍.നാരായണന്‍ വന്നതിനു സാക്ഷിയായ പ്രസിദ്ധ ന്യൂറോ സര്‍ജനും കേരള സര്‍വ്വകലാശാലാ മുന്‍ വൈസ്‌ ചാന്‍സലറുമായ ഡോ.ബി.ഇക്ബാല്‍ ആ സംഭവം വിവരിക്കുന്നുണ്ട്‌.ഡോക്റ്റര്‍മാര്‍ നിര്‍ബ്ബന്ധിച്ചിട്ടു പോലും ഐ.സി.യു വില്‍ കയറാതെ ബന്ധുക്കളോടും ഡോക്റ്റര്‍മാരോടും രോഗവിവരം അന്വേഷിക്കുകയാണ്‌ അദ്ദേഹം ചെയ്തതത്രെ. അതേസമയം അനുയായികളുടെയും സെക്യൂരിറ്റി ഭടന്‍മാരുടെയും അകമ്പടിയോടെ, 90 ശതമാനം പൊള്ളലേറ്റ്‌ ,മരണത്തോടു മല്ലടിക്കുന്ന പാവങ്ങളെ കാണാന്‍ മോഡിജി ഐസിയുവിലേക്ക്‌ ഇടിച്ചു കയറുകയാണു ചെയ്തത്‌.സഹതാപ പ്രവാഹത്തിനു പിന്നിലെ ദുരുദ്ദേശം നാട്ടുകാര്‍ക്കു മനസ്സിലായതിന്റെ ജാള്യം മറയ്ക്കാ നാണ്‌, മറ്റുള്ളവര്‍ രാഷ്ട്രീയ മുതലെടുപ്പിനു വേണ്ടിയാണു പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തില്‍ കുറ്റം കണ്ടെത്തുന്നതെന്ന്‌, കുട്ടിക്കുരങ്ങുകളെക്കൊണ്ടും കുഴലൂത്തുകാരെ കൊണ്ടും പറയിക്കുന്നത്‌. പ്രധാനമന്ത്രി ആയാലും പ്രസിഡണ്ട് ആയാലും വകതിരുവ്‌ ഇല്ലെങ്കില്‍ എന്തു ചെയ്യാന്‍?









Fans on the page

Tuesday, April 12, 2016

" കരിയും വേണ്ട കരിമരുന്നും വേണ്ട "



ഉത്സവങ്ങള്‍ക്ക്‌ ആനകളെ എഴുന്നള്ളിക്കുന്നതും വെടിക്കെട്ടും നിരോധിക്കണമെന്ന്‌ ജസ്റ്റിസ്‌ ചിദംബരേഷിന്‍റെ  കത്തിന്‍മേല്‍ ഹൈക്കോടതി വാദം കേള്‍ക്കുകയും ഇടക്കാല ഉത്തരവു പുറപ്പെടുവിക്കുകയും ചെയ്തിരിക്കുകയാണ്‌.പരവൂറ്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലുണ്ടായ കമ്പക്കെട്ടു ദുരന്തത്തിന്‍റെ പശ്ചാത്തലത്തിലാണ്‌ കത്തും ഉത്തരവും എല്ലാം ഉണ്ടായിട്ടുള്ളത്‌."ഉത്സവങ്ങള്‍ക്ക്‌ കരി(ആന)യും കരിമരുന്നും വേണ്ടാ "എന്ന്‌ വര്‍ഷങ്ങള്‍ക്കു മുമ്പേ ശ്രീനാരായണഗുരു പറഞ്ഞതാണ്‌.അനാചാരമായതുകൊണ്ടു മാത്രമായിരിക്കില്ല അദ്ദേഹം ഇങ്ങനെ ഉദ്ബോധിപ്പിച്ചത്‌.മിണ്ടാപ്രാണികളുടെ വേദനയും സംഭവിക്കാനിടയുള്ള അത്യാഹിതങ്ങളും ഗുരു മനസ്സില്‍ കണ്ടിരിക്കണം.കുമാരനാശാന്‍ പറഞ്ഞതു പോലെ,"രാജ്യത്തെയോര്‍ത്തും മതത്തെയോര്‍ത്തും പിന്നെ/ പൂജ്യരാം നിങ്ങളെത്തന്നെയോര്‍ത്തും..." ഗുരുവിന്‍റെ വാക്കുകള്‍ ചെവിക്കൊള്ളാന്‍ വിശ്വാസികളും ക്ഷേത്ര ഭാരവാഹികളും തയ്യാറാകണം.നിയമം മൂലം നിരോധിച്ചാലും മതവികാരം മറയാക്കി അവയെ ലംഘിക്കുവാന്‍ സാദ്ധ്യത ഏറെയാണ്‌.അങ്ങനെ വന്നാല്‍ പോലീസല്ല കോടതി പോലും കണ്ണടയ്ക്കുകയേ ഉള്ളൂ.പൊതു നിരത്തില്‍ പൊതുയോഗങ്ങള്‍ പൌരന്റെ  സഞ്ചാര സ്വാതന്ത്ര്യം  നിഷേധിക്കുന്നു എന്നു പറഞ്ഞ്‌ നിരോധിച്ച കോടതി തിരുവനന്തപുരം നഗരത്തിലെ സകലജനങ്ങളുടെയും സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചു നടത്തുന്ന ആറ്റുകാല്‍ പൊങ്കാലക്കെതിരെ ഒരു നടപടിയും സ്വീകരിക്കില്ല.ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചിട്ടും പുറ്റിങ്ങല്‍ അമ്പലത്തില്‍ കമ്പക്കെട്ടു നടത്താന്‍ ക്ഷേത്ര ഭാരവാഹികള്‍ ഒരുമ്പെട്ടതും മതവികാര കാര്‍ഡ്‌ എടുത്തു കളിക്കാമെന്ന ധൈര്യത്തിലായിരിക്കണം.കളക്റ്റരുടെ ഉത്തരവു നടപ്പാക്കാന്‍ കടുത്ത നടപടികള്‍ക്ക്‌ പൊലീസ്‌ തുനിഞ്ഞിരുന്നെങ്കില്‍ മറ്റൊരുതരം ദുരന്തമായിരുന്നു സംഭവിക്കുക.അതുകൊണ്ട്‌ വിശ്വാസികള്‍ സ്വയം ബോദ്ധ്യപ്പെട്ട്‌ വേണ്ടെന്നു വയ്ക്കുകയും നിയമം നടപ്പാക്കാന്‍ സഹകരിക്കയും വേണം.

 








Fans on the page

Monday, April 4, 2016

സത്യം പുറത്തു വരിക തന്നെ ചെയ്യും

ഒടുവില്‍ ആ സത്യവും പുറത്തു വന്നു.പിതൃ തുല്യനായ ഉമ്മന്‍ ചാണ്ടിയും തന്നെ പീഡിപ്പിച്ചെന്ന്‍ രേഖപ്പെടുത്തി സരിത തയ്യാറാക്കിയ കത്ത് വെളിച്ചത്തായി.2013 ജൂലായില്‍ പോലീസ് കസ്റ്റിയിലിരിക്കെ എഴുതിയതാണിതെന്നും കത്തില്‍ പറഞ്ഞിരിക്കുന്നതെല്ലാം നൂറു ശതമാനം സത്യമാണെന്നും അവര്‍ പറയുകയുണ്ടായി.താനല്ല കത്ത് പുറത്ത് വിട്ടതെന്നും ഇനിയും പ്രകോപിപ്പിക്കാനും അവഹേളിക്കുവാനു മാണ് മുഖ്യമന്ത്രിയും കൂട്ടരും ശ്രമിക്കുന്നതെങ്കില്‍ തന്റെ കൈവശമുള്ള കത്തിന്റെ ഒറിജിനലും ഇതിനേക്കാള്‍ ഭയങ്കരമായ പലകാര്യങ്ങളും വെളിപ്പെടുത്തുമെന്നും സരിത വ്യക്തമാക്കി.
ഇതൊക്കെ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഗൂഡാലോചനയുടെ ഭാഗമാണെന്നാണ് ഉമ്മന്‍ ചാണ്ടിയുടെയും കൂട്ടു പ്രതികളുടെയും വാദം.
ഇതുവരെ കത്തിന്റെ പൂര്‍ണ്ണ രൂപവും ഉള്ളടക്കവും ആരും അറിഞ്ഞി രുന്നില്ല.പക്ഷെ പലപ്പോഴായി അതിലെ പല വിവരങ്ങളും പുറത്ത് വന്നിരുന്നു.അല്പാല്പമായി മുമ്പേ പുറത്ത് വന്ന വാര്‍ത്തകളും ഇപ്പോള്‍ വന്ന പൂര്‍ണ്ണമായ ഉള്ളടക്കവും തമ്മില്‍ വൈരുദ്ധ്യങ്ങള്‍ ഒന്നും കാണാത്ത സ്ഥിതിക്ക് പീഡിതയുടെ വാക്കുകള്‍ അവിശ്വസിക്കേണ്ട കാര്യമില്ല.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി,
മുന്‍ കേന്ദ്രമന്ത്രി കെ.സി.വേണുഗോപാല്‍
മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്‌ ,
അടൂര്‍ പ്രകാശ് ,
എ.പി.അനില്‍ കുമാര്‍ ,
എം.പി.ആയ ജോസ്.കെ.മാണി
എം.എല്‍.എ.മാരായ ഹൈബി ഈഡന്‍ ,
എ.പി.അബ്ദുള്ളക്കുട്ടി,
ഐ.ജി. പദ്മകുമാര്‍
പാണക്കാട്ട് ഷബീറലി,
കെ.പി.സി.സി ജനറല്‍ സെക്രട്ടറി എന്‍.സുബ്രഹ്മണ്യം
എന്നിവരാണ് സരിതയെ ശാരീരികമായി പീഡിപ്പിച്ചവരുടെ പട്ടികയിലുള്ളത്.
ഇതില്‍ ഉമ്മന്‍ചാണ്ടി ഒഴികെയുള്ള പേരുകള്‍ മുമ്പ് കേട്ടിട്ടുള്ളവയാണ്. സോളാര്‍ കമ്മീഷന്‍ ഉള്‍പ്പടെയുള്ള വേദികളില്‍ അവര്‍തന്നെ വെളി
പ്പെടുത്തിയിട്ടുണ്ട്.പിന്നെന്തുകൊണ്ട് അന്നൊന്നും ഉമ്മന്‍ ചാണ്ടിയുടെ പേര് പറഞ്ഞില്ല എന്ന ചോദ്യത്തിന് ,അദ്ദേഹം തന്നെ രക്ഷിക്കുമെന്ന് കരുതിയാണ് ഇതുവരെയും പറയാതിരുന്നത് എന്നും ഇപ്പോള്‍ പോലും താനായിട്ടല്ല വിവരം പുറത്ത് വിട്ടതെന്നുമായിരുന്നു സരിതയുടെ മറുപടി.
ദുര്‍ന്നടപ്പുകാരിയും 32 തട്ടിപ്പു കേസുകളിലെ പ്രതിയുമായ ഒരുത്തിയുടെ വാക്കുകള്‍ക്ക് എന്ത് വിശ്വാസ്യത എന്നാണ് പീഡകരുടെ ചോദ്യം.ഉമ്മന്‍ ചാണ്ടിക്കെതിരെ തെളിവായി തന്റെ പക്കല്‍ സി.ഡി ഉണ്ടെന്നു ,സരിതയുടെ മുന്‍ ഭര്‍ത്താവും സോളാര്‍ തട്ടിപ്പ് കേസ്സിലെ പ്രതിയും കൊലക്കുറ്റത്തിനു ശിക്ഷിക്കപ്പെട്ടവാനുമായ ബിജു രാധാകൃഷ്ണന്‍ പറഞ്ഞപ്പോള്‍ ,കൊലയാളിയുടെ മൊഴി ആര് വിശ്വസിക്കും എന്നാണ്
അന്നും ഉമ്മന്‍ ചാണ്ടി ചോദിച്ചത്.32 ഇല്ലെങ്കിലും ഏതാനും അഴിമതി ക്കേസ്സുകളിലെങ്കിലും പ്രതി സ്ഥാനത്തുള്ള ആളാണ്‌ ഉമ്മന്‍ ചാണ്ടി .കേരളത്തിലെ അത്യുന്നത നീതിപീഠം അദ്ദേഹത്തിന്റെ സത്യസന്ധ്യതയിലും നിഷ്പക്ഷതയിലും സംശയം പ്രകടിപ്പിച്ചിട്ടു മുണ്ട്. ഉമ്മന്‍ ചാണ്ടിയുടെ ലോജിക് അനുസരിച്ചാല്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ എങ്ങനെ വിശ്വസിക്കും? ഗസ്റ്റ് ഹൌസിലെ അടച്ചിട്ട മുറിയില്‍ ബിജു രാധാകൃഷ്ണന്‍ എന്ന കൊലയാളിയുടെ വാക്കുകള്‍ക്ക് കാതു കൊടുത്തത് എന്തിനായിരുന്നു?അയാളുടെ കുടുംബ പ്രശ്നങ്ങളാണ് തന്നോടു പറഞ്ഞ തെന്നും അതുകൊണ്ട് അത് താന്‍ വെളിപ്പെടുത്തു കയില്ലെന്നുമാണ് ഉമ്മന്‍ ചാണ്ടി ഇപ്പോഴും ഉരുവിട്ടുകൊണ്ടിരിക്കു ന്ന്ത്.കേരളത്തിലെ ലക്ഷക്കണക്കിന്‌ കോണ്ഗ്രസ്കാരില്‍ വേറെ ആരും മുഖ്യമന്ത്രിയുടെ മുമ്പില്‍ കുടുംബ പ്രശ്നങ്ങളുടെ കെട്ടഴിക്കാന്‍ പോകാത്തതെന്തു കൊണ്ട്?അയാളില്‍ നിന്നും ദാമ്പത്യ ബന്ധത്തിലെ ശൈഥില്യവും സരിതയുടെ അപഥസഞ്ചാരവും മനസ്സിലാക്കിയതിന്റെ ബലത്തില്‍ എന്ത് ചെയ്താലും ഒന്നും സംഭവിക്കില്ല എന്ന പുരുഷബുദ്ധി ഉമ്മന്‍ ചാണ്ടിയില്‍ പ്രവര്ത്തിച്ചിട്ടില്ല എന്ന്‍ ആര്‍ക്കെങ്കിലും ഉറപ്പു പറയാന്‍ പറ്റുമോ?
സരിതയുടെ പേര്‍ പുറത്ത് വന്ന അതെ നിമിഷം "ആ സ്ത്രീയെ അറിയില്ലെ"ന്ന് പറഞ്ഞത് എന്തിനായിരുന്നു?പിന്നീട് സരിതയുമായി സംസാരിക്കുന്നതിന്റെ ഫോട്ടോ സഹിതം മാദ്ധ്യമങ്ങള്‍ തെളിവ് ഹാജരാക്കിയപ്പോള്‍ വ്യക്തമായ മറുപടി ഉമ്മന്‍ചാണ്ടിക്കില്ലാതെ പോയത് എന്തുകൊണ്ട്?ഏറ്റവും ഒടുവില്‍ ആറു ദിവസം കെ.പി.സി.സി.പ്രസിഡന്റിനെ വെല്ലു വിളിച്ചും ഹൈക്കമാന്റിനെ മുള്‍മുനയില്‍ നിര്‍ത്തിയും ഉമ്മന്‍ ചാണ്ടി സീറ്റ് നേടിക്കൊടുത്തവരുടെ പേരും സരിതയെ പീഡിപ്പിച്ചവരുടെ പട്ടികയും നോക്കുക.ഐ.ജി ഒഴികെ ബാക്കിയെല്ലാവരുമുണ്ട്.
ആരുടെ വാക്കുകളാണ് വിശ്വസിക്കേണ്ടത് എന്ന്‍ ഇനി വിശേഷിച്ച് പറയണോ?






Fans on the page

Friday, March 25, 2016

മണിയനീച്ച സംസ്കാരം

ദുര്‍ഗ്ഗന്ധമുള്ള മാലിന്യങ്ങളോടും വിസര്‍ജ്ജ്യങ്ങളോടും വല്ലാത്ത ഇഷ്ടമാണു മണിയനീചയ്ക്ക്‌.അതുപോലെയാണ്‌ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനും.എല്ലാത്തരം അഴിമതി മാലിന്യങ്ങളോടും വല്ലാത്ത പ്രതിപത്തിയാണു ഈ സര്‍ക്കാരിനും;വിശേഷിച്ച്‌ സാമൂഹിക വിരുദ്ധമായതും ദുര്‍ഗ്ഗന്ധപൂര്‍ണ്ണമായതുമായവയോട്‌.ബാര്‍ കോഴ,ഭൂമി തട്ടിപ്പ്‌, വിഴിഞ്ഞം കമ്മീഷന്‍ തുടങ്ങിയ അഴിമതികളുടെ പങ്ക്‌ പറ്റിയിട്ടുണ്ടാകാമെങ്കിലും വ്യഭിചാരം, സ്ത്രീപീഡനം തുടങ്ങിയ ആരോപണങ്ങള്‍ മുഖ്യമന്ത്രിയെ ഒഴിവാക്കിയാണ്‌ ഉന്നയിക്കപ്പെ ട്ടിരുന്നത്‌.എന്നാല്‍ അടുത്തകാലത്തു സ്വന്തം പാര്‍ട്ടിക്കാര്‍ പോലും എതിര്‍ത്തതിനാല്‍ നാണം കെട്ട്‌ റദ്ദാക്കിയ ചില ഉത്തരവുകളില്‍ നിന്നും മനസ്സിലാകുന്നത്‌ മുഖ്യമന്ത്രിയുടെ അറിവോടെയാണ്‌ എല്ലാ നാറിയ ഇടപാടുകളും നടന്നിട്ടുള്ളതെന്നാണു്‌.അ തായത്‌ ഈ മന്ത്രിസഭയുടെ മണിയനീച്ച സംസ്കാരം അതിന്‍റെ സഹജ സ്വഭാവമാണെന്നും അതില്‍ നിന്നും ആരും മുക്തരല്ലെന്നും വ്യക്തമാകുന്നു. സരിത നായരില്‍ തുടങ്ങി സന്തോഷ്‌ മാധവനില്‍ എത്തിനില്‍ക്കുന്ന (അവസാനിക്കുന്ന തല്ല)സാമൂഹികവിരുദ്ധപ്രീണന നയം അതാണു കാണിക്കുന്നത്‌.പല നേതാക്കള്‍ക്കു മുമ്പിലും തുണിയഴിക്കേണ്ടി വന്നിട്ടുണ്ടെന്നു സ്വയം വെളിപ്പെടുത്തിയ സോളാര്‍ നായികയുടെ വാക്കുകള്‍ അവിശ്വസി ക്കേണ്ട യാതൊരു കാര്യവും ഇല്ല.32 കേസ്സിലെ പ്രതിയുടെ മൊഴി വിശ്വാസ യോഗ്യമല്ലെന്നു പറയുന്ന മുഖ്യ മന്ത്രി,തണ്റ്റെ വിശ്വസ്തര്‍ എന്തിനാണ്‌ ആ പ്രതിയുമായി അഞ്ഞൂറും അറുനൂറും പ്രാവശ്യം ഫോണില്‍ ബന്ധപ്പെ ട്ടതെന്ന്‌ വിശദീകരിക്കുന്നില്ല.പ്രായപൂര്‍ത്തിയാകാത്ത പെണ്‍ കുട്ടികളെ പീഡിപ്പിച്ചതിനു ജയില്‍ ശിക്ഷ അനുഭ വിക്കുന്ന സന്തോഷ്‌ മാധവന്‍ എന്ന കള്ളസ്വാമിക്കു സര്‍ക്കാര്‍ ഭൂമി നിയമ വിരുദ്ധമായി പതിച്ചു കൊടുത്തതോടെ മുഖ്യനും കൂട്ടാളികളും സാമൂഹിക വിരുദ്ധര്‍ക്കും സദാ ചാര ശൂന്യര്‍ക്കും വേണ്ടി എന്തും ചെയ്യും എന്ന്‌ തെളിയുന്നു . ചെറുപ്പക്കാര്‍ക്കു വേണ്ടി സ്ഥാനം ഒഴിഞ്ഞുകൊടുക്കണമെന്ന്‌ വി.എം സുധീരന്‍ പറഞ്ഞപ്പോള്‍, പ്രായമായെന്നു സ്വയം തോന്നുന്നവര്‍ക്കു ഒഴിഞ്ഞു പോകാം എന്ന മുഖ്യമന്ത്രിയുടെ മറുപടിയില്‍, താനിപ്പോഴും ചെറുപ്പമാണെന്ന ധ്വനിയുണ്ട്‌.67 കാരനായ സുധീരനേക്കാള്‍ 73കാരനായ താന്‍ ചെറുപ്പമാണെന്ന ഉമ്മന്‍ ചാണ്ടിയുടെ വെപ്രാള പ്പെട്ടുള്ള അവകാശവാദം ദുരുദ്ദേശ്യപരമാണ്‌. മുഖ്യമന്ത്രിയുടെ ഓഫീസു കേന്ദ്രീകരിച്ചു മാത്രമല്ല ആഭ്യന്തര മന്ത്രിയുടെ ഓഫീസു താവളമാക്കിയും പെണ്‍ വിളയാട്ടം നടന്നിട്ടുണ്ട്‌.അതു സംബന്ധിച്ച അന്വേഷണം ഒതുക്കി ത്തീര്‍ക്കാന്‍ ആഭ്യന്തരന്‍ ശ്രമിക്കുകയാണെന്ന്‌ ജനത്തിനറി യാം.അ മൃതാനന്ദമയിയുടെ ഗുണ്ടാ സംഘം സത്നാം സിംഗ്‌ എന്ന ചെറുപ്പ ക്കാര നെ അവരുടെ കണ്‍മുമ്പില്‍ ഇട്ടു വകവരുത്തിയപ്പോള്‍ കൊല്ലപ്പെട്ട വനെതിരെയാണ്‌ ഈ സര്‍ക്കാരിന്‍റെ അന്നത്തെ ആഭ്യന്തരമന്ത്രി നിലകൊണ്ടത്‌.അഴിമതിയിലും ജനവിരുദ്ധ,സാമൂഹിക വിരുദ്ധ,സദാചാ രവിരുദ്ധ,നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അവസാന കാലത്തും തുടരുന്ന ഈ സര്‍ക്കാരും മന്ത്രിസഭയും ജനാധിപത്യത്തിനു തന്നെ അപമാനമാണ്‌.








Fans on the page

Tuesday, February 9, 2016

ആരെ വിശ്വസിക്കണം?

ഒരാൾ മുഖ്യമന്ത്രി ആയതുകൊണ്ടു മാത്രം സത്യം പറയണമെന്നില്ല.തട്ടിപ്പുകാരി പറഞ്ഞതുകൊണ്ടു മാത്രം സത്യം സത്യമല്ലാതാവുകയുമില്ല.ഒരേ സംഭവത്തെകുറിച്ച് ഇവർ രണ്ടുപേരും വ്യത്യസ്ത അഭിപ്രായം പറഞ്ഞാൽ,ആരു പറയുന്നതാണു സത്യം എന്നറിയാൻ പാഴൂർ പടിക്കൽ പോകേണ്ട ആവശ്യമില്ല.ആരുടെ മുൻ കാല പ്രസ്താവനകൾ ആണു സംശയാസ്പദം എന്നു പരിശോധിച്ചാൽ മതിയാകും.സോളാർ തട്ടിപ്പിന്റെ ആദ്യ  വാർത്തകളിൽ തന്നെ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്ക് പ്രകടമായിരുന്നു.എന്നാൽ അന്നൊക്കെ തനിക്കും തന്റെ ഓഫീസിലുള്ളവർക്കും ഇതിൽ യാതൊരു പങ്കും ഇല്ലെന്നായിരുന്നു ഉമ്മൻ ചാണ്ടി പറഞ്ഞുകൊണ്ടിരുന്നത്.ഉത്തരവാദിത്തം മറ്റാരുടെയെ ങ്കിലും തലയിൽ കെട്ടിവച്ച് തലയൂരാൻ ശ്രമിക്കില്ല എന്നും അദ്ദേഹം പറഞ്ഞു.അങ്ങനെ പറഞ്ഞു നാക്കകത്തിടും മുമ്പേ അദ്ദേഹത്തിന്റെ പി എ ആയിരുന്ന ജോപ്പനെ ബലികൊടുത്തു.പിറകെ ജിക്കുമോനെ,പിന്നീട് തോമസ് കുരുവിളയെ,ഒടുവിൽ സലിം രാജിനെ.അതിൽ നിന്നും ഉമ്മൻ ചാണ്ടിയുടെ വാക്കിന്റെ വില എത്രയുണ്ടു എന്നു മനസ്സിലാക്കാം.

സരിതയെ തനിക്കു യാതൊരു പരിചയവുമില്ലെന്നും നേരിട്ടു കണ്ടതായി ഓർക്കുന്നില്ല എന്നുമാ യിരുന്നു ഉമ്മൻ ചാണ്ടി ആദ്യം പറഞ്ഞത്.താമസ്സിയാതെ ഒരു സമ്മേളനവേദിയിലിരിക്കുന്ന ഉമ്മൻ ചാണ്ടിയുടെ കാതിൽ സരിത മന്ത്രിച്ചു കൊണ്ടു നില്ക്കുന്ന ഫോട്ടൊ ചില ചാനലുകളിലും സോഷ്യൽ മീഡിയയിലും പ്രത്യക്ഷപ്പെട്ടു.മോർഫ് ചെയ്തു സൃഷ്ടിച്ച പടമാണ്‌ അതെന്ന് മുഖ്യനും അദ്ദേഹത്തി ന്റെ വൈതാളികരും പറഞ്ഞു.അങ്ങനെ ഒരു സാദ്ധ്യത തള്ളിക്കളയാനാകാത്തതിനാൽ പലരും മുഖ്യനെ വിശ്വസിച്ചു.മല്ലേലിൽ ശ്രീധരൻ നായർ എന്ന വ്യവസായി, താൻ സരിതയ്ക്കൊപ്പം മുഖ്യ നെ കണ്ടു എന്നും അദ്ദേഹത്തിന്റെ വാക്കു വിശ്വസിച്ചാണ്‌ സരിതയുടെ കമ്പനിക്ക് അരക്കോടി യോളം രൂപ നല്കിയതെന്നും മുഖ്യനു നല്കിയ പരാതിയിലും ചാനലുകളിലെ അഭിമുഖത്തിലും വെളി പ്പെടുത്തുകയുണ്ടായി.ഉമ്മൻ ചാണ്ടി അതും നിഷേധിച്ചു.ശ്രീധരൻ നായരെ ഒരിക്കൽ കണ്ടെന്നും അത് ക്രഷറുകാരുടെയും പാറമടക്കാരുടെയും നേതാവെന്ന നിലയിലാണെന്നും അദ്ദേഹം സത്യം ചെയ്തു.സരിത അപ്പോൾ ശ്രീധരൻ നായർക്കൊപ്പം ഉണ്ടായിരുന്നില്ലെന്ന് ഓർമ്മിപ്പിക്കാൻ ഉമ്മൻ ചാണ്ടി മറന്നില്ല.ദില്ലിയിൽ വിജ്ഞാൻ ഭവനിലെ ഒരു പരിപാടിക്കിടെ ഉമ്മൻ ചാണ്ടി സരിതയെ കണ്ടെന്ന വാർത്തകളും അദ്ദേഹവും സിൽ ബന്തികളും നിഷേധിച്ചു.പത്രക്കാർ പറയുന്ന തീയതി കളിൽ താൻ ദില്ലിയിൽ പോയിട്ടേ ഇല്ല എന്നായി മുഖ്യൻ.വിവരാകാശ നിയയമപ്രകാരം അപേ ക്ഷിച്ചപ്പോൾ ദില്ലി കേരളാ ഹൗസിലെ രേഖകളിൽ കൃത്രിമം കാട്ടി കള്ള മറുപടി കൊടുപ്പിച്ചു.രണ്ടു ദിവസം തികയുന്നതിനു മുമ്പേ പത്രക്കാർ പറഞ്ഞതാണു സത്യം എന്നു തെളിഞ്ഞു.

ഇപ്പോൾ സോളാർ കമ്മീഷൻ മുമ്പാകെ സരിത പറഞ്ഞതും മുമ്പു ശ്രീധരൻ നായർ പറഞ്ഞതും ഒരേ വിധത്തിലാണ്‌.അതിൽ നിന്നും ബഹു. മുഖ്യനാണു കള്ളം പറയുന്നതെന്നു വ്യക്തമല്ലേ?മുഖ്യമന്ത്രിയുടെ  ആപ്പീസിലെ സി.സി.റ്റി.വിയിൽ,സരിതയോടൊപ്പം പോയെന്നു ശ്രീധരൻ നായർ പറയുന്ന തീയതിയിലും അതിനടുത്ത തീയതികളിലും ഉള്ള ദൃശ്യങ്ങൾ മാത്രം കാണാതാകുകയും അവ വീണ്ടെടുക്കാൻ കഴിയില്ലെന്നു പോലീസിനെക്കൊണ്ടു പറയിക്കുകയും ചെയ്തപ്പോൾ തന്നെ ശ്രീധ രൻ നായർ പറയുന്നതാണു സത്യമെന്ന് ജനം മനസ്സിലാക്കിയതാണ്‌.സരിതയുടെ മുൻ ഭർത്താവും ഇപ്പോൾ കൊലക്കുറ്റത്തിനു ജയിൽ ശിക്ഷ അനുഭവിക്കുന്നവനുമായ ബിജു രാധാകൃഷ്ണനും സരിത യും പരസ്പരം കൊടിയ ശത്രുതയിലാണിപ്പോൾ.പക്ഷേ ബിജു രാധാകൃഷ്ണനും സരിതയും അന്വേഷ ണകമ്മീഷൻ മുമ്പാകെ വ്യത്യസ്ത നാളുകളിൽ നല്കിയ മൊഴികൾ ഒരേപോലുള്ളവയാണ്‌.അതിൽ  നിന്നും ഉമ്മൻ ചാണ്ടി പറയുന്നതും പറഞ്ഞതും എല്ലാം കള്ളമാണെന്ന് വ്യക്തമാണ്‌.

ഭാര്യയെ കൊന്നതിനു ജയിലിൽ കഴിയുന്ന ഒരുവൻ പറയുന്നത് വിശ്വസിക്കാമോ എന്നാണ്‌ ചാണ്ടി യുടെയും കുഞ്ഞുങ്ങളുടെയും ചോദ്യം.സ്വന്തം ഭാര്യയെ ഉപേക്ഷിക്കുകയും അവരെ കൊല്ലാൻ ക്വട്ടേ ഷൻ സംഘത്തെ അയച്ചു എന്ന് ഭാര്യ ആരോപിക്കുകയും ചെയ്യുന്ന മുൻ യൂത്ത് കോൺഗ്രസ്സ് നേതാ വിനെ,തന്നെ പ്രതിരോധിക്കാൻ നിയോഗിചിരിക്കുന്ന ഉമ്മൻ ചാണ്ടിക്ക് ബിജു രാധാകൃഷ്ണന്റെ മൊ ഴി അവിശ്വസനീയമാണ്‌ എന്നു വാദിക്കുവാൻ എന്തു ന്യായമാണുള്ളത്?

തമ്പാനൂർ രവിയെയും ബന്നി ബഹനാനെയും ഉപയോഗിച്ച് സരിതയെക്കൊണ്ട്തനിക്കനുകൂലമായി മൊഴി പറയിപ്പിക്കുവാൻ ഉമ്മൻ ചാണ്ടി നടത്തിയ ശ്രമം പാളിയപ്പോഴല്ലേ അവർ വിശ്വസിക്കാൻ കൊള്ളാത്തവളും അഭിസാരികയും ഒക്കെയായി കോൺഗ്രസ്സുകാർക്കും ചാണ്ടിക്കും തോന്നിത്തുട ങ്ങി യത്?ഉമ്മൻ ചാണ്ടി അറിയാതെ അദ്ദേഹത്തിന്റെ വിശ്വസ്തന്മാരായ ഇവർ രണ്ടുപേരും ഈ സ്ത്രീയു ടെ കാലു പിടിക്കാൻ പോകുമെന്നു വിശ്വസിക്കാൻ പ്രയാസമാണ്‌.തട്ടിപ്പുകാരിയും അഭിസാരികയു മായി മാത്രം കരുതിയവൾ തങ്ങൾക്കു നേരെ തിരിയുമെന്ന് ഒരിക്കലും ചാണ്ടിയും കൂട്ടരും കരുതിയി രുന്നിരിക്കില്ല.എറ്റവും ഒടുവിൽ തമ്പാനൂർ രവി സോളാർ കേസ് സംബന്ധിച്ചു കൈവശമുള്ള തെളി വുകൾ മാറ്റിക്കൊള്ളാൻ സരിതയോട് അപേക്ഷിക്കുന്നതിന്റെ ശബ്ദരേഖ പുറത്തു വന്നിരിക്കയാ ണ്‌.സരിത കമ്മീഷൻ മുമ്പാകെയും പത്രക്കാർ മുമ്പാകെയും റിലീസ് ചെയ്ത ഈ രണ്ടു സി.ഡികളി ലെയും രവി ബഹനാന്മാരുടെ ശബ്ദം കൃത്രിമമാണെന്ന് അവർ ഉൾപ്പെടെ ആർക്കും ആക്ഷേപ മില്ല.കോൺഗ്രസ്സുകാർ മുഴുവൻ നെറികെട്ടവളെന്നും വേശ്യയെന്നും മറ്റും വിളിച്ച് ആക്ഷേപിക്കുന്ന ഈ സ്ത്രീയുമായി വളരെ അടുത്ത ബന്ധം(ദുരർത്ഥത്തിലല്ല​)‍മുഖ്യമന്ത്രിക്കുണ്ടായിരുന്നു എന്നതിനു ഇതില്പരം ഒരു തെളിവിന്റെ ആവശ്യം ഇല്ല.

ബിജുരാധാകൃഷ്ണൻ പറഞ്ഞ സി.ഡി തേടി സോളാർ കമ്മീഷൻ കോയമ്പത്തൂരിലേക്ക് പോലീസിനെ നിയോഗിച്ചതും വെറും കയ്യോടെ ദൗത്യസംഘം മടങ്ങി വന്നതും എല്ലാം മാധ്യമങ്ങൾ ആഘോഷി ച്ച സംഭവങ്ങളാണ്‌.അന്നു തരിമ്പും പതറാതെ പ്രസന്ന വദനനായിരുന്ന ആളാണ്‌ ഉമ്മൻ ചാണ്ടി. ആ കൂസലില്ലയ്മയുടെ അർത്ഥം ദൗത്യ സംഘം ഉറിപോലെ തിരിച്ചു വന്നപ്പോൾ പലർക്കും മന സ്സിലായി.ബിജു രാധാകൃഷ്ണൻ, തന്റെ കൈയ്യിൽ സി.ഡി ഉണ്ടെന്നു മുൻ കൂട്ടിപറഞ്ഞില്ലായി രുന്നെ ങ്കിൽ,ഭരണസംവിധാനം ഉപയോഗിച്ച് അവിടെ നിന്നും ചൂണ്ടുവാൻ ഉമ്മൻ ചാണ്ടിക്കും കൂട്ടർക്കും കഴിയില്ല്ലായിരുന്നു.അന്നേ ദിവസം തന്നെ സരിതയുടെ കൈവശമുള്ള തെളിവുകൾ വീട്ടിൽ നിന്നു മാറ്റണമെന്ന് സരിതയോടു ചാണ്ടികിങ്കരൻ കെഞ്ചുന്നതിൽ നിന്നു തന്നെ ബിജുവിന്റെ പക്കൽ ഉള്ളത് തങ്ങൾ അടിച്ചു മാറ്റി എന്നു തെളിയുന്നുണ്ട്.

ബാർ പൂട്ടിയതിൽ നിരാശ പൂണ്ട മദ്യക്കച്ചവടക്കാർ തനിക്കും മന്ത്രിമാർക്കും എതിരേ കൊണ്ടുവന്ന കോഴയാരോപണം ആരു വിശ്വസിക്കും എന്നാണ്‌ മുഖ്യന്റെ മറ്റൊരു ചോദ്യം?ബാർ മുതലാളിമാ രെക്കൊണ്ട് കോഴയാരോപണം  ഉന്നയിപ്പിച്ചത് ഉമ്മൻ ചാണ്ടിയാണെന്ന് ബിജു രമേശ് തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.കെ.എം.മാണി ഇടതു പക്ഷത്തേക്കു ചായുന്നു എന്നു സംശയം ഉണ്ടായ പ്പോൾ ആണ്‌ മാണി കോഴ വാങ്ങിയെന്ന ആരോപണം ബിജു രമേശ് ആദ്യമായി ഉന്നയിച്ചത്. പിന്നീടു തനിക്കു പോലും നിയന്ത്രിക്കാൻ കഴിയാത്ത മട്ടില്‍ കാര്യങ്ങൾ കൈവിട്ടപ്പോൾ മാണിയെ സുഖിപ്പിക്കാൻ ബാർ മുതലാളിമാർക്കു നേരേ തിരിയുകയാണു ഉമ്മൻ ചാണ്ടി ചെയ്തത്.കോടതി ഉത്തരവു പ്രകാരം പൂട്ടിയ ബാറുകൾ തുറക്കേണ്ട എന്ന് വി.എം സുധീരൻ കർശനമായ നിലപാട് സ്വീകരിച്ചപ്പോൾ എല്ലാ ബാറുകളും പൂട്ടണം എന്ന നിലപാട് ഉമ്മൻ ചാണ്ടി സ്വീകരിച്ചത് അദ്ദേഹത്തെ വെട്ടാനും ബാറുകാരെ സഹായിക്കാനുമാണെന്ന് എല്ലാവർക്കുമറിയാം.ക രുണാ കരൻ മുതൽ വി.എം സുധീരൻ വരെയുള്ള പലരെയും വെട്ടിനിരത്താൻ ശ്രമിച്ചിട്ടുള്ള ഉമ്മൻ ചാണ്ടി യുടെ ചാണക്യ സൂത്രങ്ങൾ ഒന്നും സരിതയുടെ മുമ്പിൽ ഫലിക്കാതെ പോയി.അതിന്റെ ജാള്യം മറയ്ക്കാൻ വേണ്ടിയാണ്‌ ഗൂഢാലോചന,മനസ്സക്ഷി എന്നൊക്കെ കൂടെക്കൂടെ ഞരങ്ങുകയും മൂളുകയും ചെയ്യുന്നത്. എന്നാലും "എത്ര നാണം കെട്ടായാലും ഈ കസേരയില്‍  5 കൊല്ലവും ഇരിക്കും " എന്ന്‍
സോളാര്‍  തട്ടിപ്പിന്റെ  പേരില്‍  രാജി വയ്ക്കണമെന്ന്  പ്രതിപക്ഷം ആദ്യം ആവശ്യപ്പെട്ടപ്പോള്‍ തന്നെ ഉമ്മന്‍ ചാണ്ടി പറഞ്ഞതിന്റെ പിന്നില്‍  ഇത്ര വലിയ പദ്ധതികള്‍  ഉണ്ടായിരിക്കും  എന്ന്  ആരും കരുതിയില്ല.










Fans on the page

Thursday, January 28, 2016

അഴീക്കോടില്ലാത്ത നാലു വർഷം.



ഡോ.സുകുമാർ അഴീക്കോട് കഥാവശേഷനായിട്ട് 2016 ജാനുവരി 24 നു നാലു വർഷമായി.ഈ നാലു വർഷത്തിനിടയിൽ കേരളത്തിന്റെയും ഭാരതത്തിന്റെയും രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മണ്ഡലങ്ങൾ നിരവധി സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ചു.ഒച്ചപ്പാടും വിവാദങ്ങളും സൃഷ്ടിക്കാൻ പോരുന്നവയായിരുന്നു അവയിൽ പലതും.അഴിമതിയും സ്വജനപക്ഷപാതവും അധികാര ദുർവ്വിനിയോഗവും മുഖമുദ്രയാക്കിയ കേരളത്തിലെയും, വർഗ്ഗീയ വിദ്വേഷവും പിടിപ്പുകേടും കോർപ്പറേറ്റ് പ്രീണനവും  അഴിമതിയും ദളിത് പീഡനവും അക്രമവും ധാർഷ്ട്യവും അടിസ്ഥാന ഘടകങ്ങളാക്കിയ കേന്ദ്രത്തിലെയും ഭരണകൂടങ്ങൾ ചെയ്തുകൂട്ടിയ ജനവിരുദ്ധ നടപടികൾക്കും കണക്കില്ല.എന്നാൽ വിശ്വസനീയമായും ഫലപ്രദമായും വിമർശിക്കുവാൻ പലപ്പോഴും പ്രതിപക്ഷ കക്ഷികൾക്ക് പോലും കഴിയാതെ പോയിട്ടുണ്ട്.ആ സന്ദർഭങ്ങളിലെല്ലാം മലയാളി ഓർത്ത പേരാണ്‌ അഴീക്കോടിന്റേത്.കാരണം സ്വന്തം കാര്യം നേടാൻ വേണ്ടിയോ ജാഡ കാണിക്കാൻ വേണ്ടിയോ പബ്ളിസിറ്റിക്കു വേണ്ടിയോ അല്ലാതെ അനീതിക്കെതിരെ പ്രതികരിച്ചിരുന്ന ഒറ്റയാളേ മാത്രമേ കേരളം കണ്ടിട്ടുള്ളു.അത് അഴീക്കോടല്ലാതെ മറ്റാരുമല്ല.

കേരളം ദീർഘനാളത്തെ ശ്രമഫലമായി നേടിയെടുത്ത മതനിരപേക്ഷ സംസ്ക്കാരത്തെ ഉന്മൂലനം ചെയ്യുവാനും സഹിഷ്ണുതയും സാഹോദര്യവും തകർക്കുവാനും മന:പൂർവ്വം ചില വർഗ്ഗീയ ശക്തികൾ എല്ലാ അടവും പ്രയോഗിച്ചു കൊണ്ടിരിക്കുകയാണ്‌.“ജാതിഭേദവും മതദ്വേഷവും ഇല്ലാതെ സർവ്വരും സോദരത്വേന വാഴുന്ന മാതൃകാ” ലോകം കെട്ടിപ്പടുക്കാൻ ‘ആയുസ്സും വപുസ്സും’ ബലി ചെയ്ത ശ്രീനാരായണഗുരുവിന്റെ ധർമ്മം പരിപാലിക്കാൻ സ്ഥാപിക്കപ്പെട്ട സംഘടനയുടെ ജനറൽ സെക്രട്ടറി ഹിന്ദുവർഗീയവാദികളുമായി സഖ്യം കൂടി മതവിദ്വേഷം സൃഷ്ടിക്കാൻ ശ്രമിക്കുന്നത് കേരളം കണ്ടതാണ്‌.ശ്രീനാരായണ ദർശനങ്ങളിൽ നല്ല അവഗാഹമുണ്ടായിരുന്ന സുകുമാർ അഴീക്കോട് ജീവിച്ചിരുപ്പുണ്ടായിരുന്നെങ്കിൽ അദ്ദേഹത്തിന്റെ ഒറ്റ പ്രസംഗം കൊണ്ട് അയാളെ നിശ്ശബ്ദനാക്കുമായിരുന്നു.മുമ്പ് ശിവഗിരിയിലെ സന്യാസിമാരിൽ ഒരു വിഭാഗം ഹിന്ദുത്വത്തിന്റെ കൊടിയുമായി ശ്രീനാരായണദർശനങ്ങൾക്ക് ക്ഷതം വരുത്താൻ ശ്രമിച്ചപ്പോൾ സന്യാസിമാർ നിരന്നിരിക്കുന്ന തീർത്ഥാടനസമ്മേളന വേദിയിൽ വച്ച് അവരെ അതിനിശിതമായി വിമർശിച്ച വ്യക്തിയാണ്‌ അഴീക്കോട്.

“കാവിയുള്ള കാലത്താണ്‌ തീർത്ഥാടകർക്ക് മഞ്ഞനിറം മതിയെന്ന് ഗുരുദേവൻ തീരുമാനിച്ചത്.കാവിയില്ലാത്ത കാലത്തല്ല.കാവിയിൽ നിന്നു വ്യത്യസ്തമായ മഞ്ഞ നിറത്തിൽ ഏതോ ഒരു വിശേഷം അദ്ദേഹം കണ്ടെത്തിയിരുന്നിരിക്കണം.ഇപ്പോൾ ഏതോതരത്തിലുള്ള മാനസ്സിക ചാഞ്ചല്യത്തിനടിപ്പെട്ട്,ശിവഗിരിയുടെ മുകളിൽ കാളമേഘങ്ങൾ പരത്തുവാൻ ഉദ്ദേശിച്ചു കൊണ്ട് ഒരു വിഭാഗം സന്യാസിമാർ കാവിയേയും മഞ്ഞയേയും ഒന്നിപ്പിക്കാൻ ശ്രമിക്കുന്നു.കാവിയേയും മഞ്ഞയേയും സമന്വയിപ്പിച്ചാലുണ്ടാകുന്ന പൈശാചിക നിറം ഏതാണെന്ന് എനിക്കറിഞ്ഞുകൂടാ.ആ നിറം ഇവിടെ വരാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.“എന്ന് 1997 ഡിസംബർ 31 നു ശിവഗിരിയിൽ പ്രസംഗിച്ച അഴീക്കോട് എസ്.എൻ.ഡി.പി യോഗ നേതൃത്വത്തിന്റെ ഇന്നത്തെ ധർമ്മ വ്യതിയാനത്തെ വിമർശിക്കുവാൻ ഇല്ലാതെ പോയി.

ഭരണഘടനയുടെ ആമുഖത്തിലെ ”സെക്കുലർ“ എന്ന വാക്ക് മാറ്റണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി തന്നെ പറഞ്ഞതോടെ ഇന്ത്യ ഭരിക്കുന്നവരുടെ മനസ്സിലിരിപ്പ് എന്താണെന്നു വ്യക്തമായിരിക്കുകയാണ്‌.ആർ.എസ്.എസ് ,സംഘപരിവാർ ശക്തികൾ നിയന്ത്രിക്കുന്ന ബി.ജെ.പി ഭരണകൂടക്കാർ ഭരണഘടനയിലെ,മറ്റേതു വാക്കിനെക്കാളും ”സെക്കുലർ“എന്ന വാക്കിനെ വെറുക്കുന്നതിൽ അത്ഭുതപ്പെടാനില്ല.വർഗ്ഗീയ വിദ്വേഷത്തിന്റെ അപ്പോസ്തലന്മാർക്ക് ദഹിക്കുന്നതല്ല മതേതരത്വം. മതനിരപേക്ഷ കക്ഷികളെയും മതാതീതമായി ചിന്തിക്കുന്നവരെയും ‘കപടമതേതര വാദികൾ’എന്നാക്ഷേപിക്കുന്നത് അവർ ഫാഷനാക്കിയിരിക്കുകയാണ്‌.അവരുടെ ഈ മതേതരദൂഷണത്തെ ഫലപ്രദമായി ചെറുക്കാൻ മതേതരക്കാർക്ക് കഴിയുന്നുമില്ല.ഇത്തരുണത്തിലാണ്‌ അഴീക്കോട് ഏതാണ്ട് അര നൂറ്റാണ്ടു മുമ്പ്, “സ്വാതന്ത്ര്യം നേടിയ ഭാരതത്തിന്റെ ഭരണഘടനയുടെ ആണിക്കല്ലുകളിൽ ഒന്നാണ്‌ മതനിരപേക്ഷത അഥവാ സെക്കുലറിസം.മതഭേദങ്ങളെ വകവയ്ക്കാതെ ഭരണകൂടം എല്ലാ പൗരന്മാരെയും ഒരേ നീതിയുടെ ചരടിൽ കെട്ടിനിർത്തുമെന്ന ദേശീയ പ്രതിജ്ഞയുടെ പാവന നാമമാണ്‌ ”സെക്കുലറിസം“ എന്ന് പറഞ്ഞത് ഓർമ്മ വരുന്നത്. ബാബറി മസ്ജിദ് തകർക്കപ്പെട്ടപ്പോൾ,കേരളത്തിലുടനീളം നടന്ന് ഭാരതീയ പാരമ്പര്യം എടുത്തുകാട്ടി വർഗ്ഗീയക്കോമരങ്ങളെ പ്രഹരിച്ച അഴീക്കോടിന്റെ പ്രഭാഷണവൈഭവം മലയാളിക്കു മറക്കാൻ കഴിയില്ല.അതിന്റെ പേരിൽ അദ്ദേഹത്തിനു നേരേ വധഭീഷണി വരെയുണ്ടായി.


കേരളത്തിലെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രി ആയിരുന്ന ജോസഫ് മുണ്ടശ്ശേരി മരിച്ചപ്പോൾ അദ്ദേഹം മന്ത്രിയായി ഭരിച്ച വകുപ്പുകൾക്കു മാത്രം അന്നത്തെ സർക്കാർ അവധി കൊടുത്തതിനെ വിമർശിച്ചുകൊണ്ട് മന്ത്രിമാരുടെ സാന്നിദ്ധ്യത്തിൽ അഴീക്കോട് ചെയ്ത പ്രസംഗം വളരെ പ്രസിദ്ധമാണ്‌.മുണ്ടശ്ശേരിയെപ്പോലുള്ള ആചാര്യന്മാരെ അറിയാത്ത മന്ത്രിമാർക്ക്,ഋഷി ശാപമേറ്റ് ദേവേന്ദ്ര പദത്തിൽ നിന്നും പെരുമ്പാമ്പായി മാറിയ നഹുഷന്റെ ഗതിവരും എന്നാണ്‌ അന്ന് അദ്ദേഹം പ്രസംഗിച്ചത്.അതിന്റെ പേരിൽ കൊച്ചിൻ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ നിയമനം ചുണ്ടിനും കപ്പിനുമിടയിൽ വച്ച് അദ്ദേഹത്തിനു നഷ്ടപ്പെട്ടെങ്കിലും വിമർശനത്തിന്‌ ഫലമുണ്ടായി.പില്ക്കാലത്ത് തകഴിയും കേശവദേവും മരിച്ചപ്പോൾ സർക്കാർ പൊതു അവധി നല്കി.

ചാതുർ വർണ്ണ്യത്തെ ചവറ്റുകൊട്ടയിൽ നിന്നും എടുത്ത് പൂജാമുറിയിൽ പ്രതിഷ്ഠിക്കുകയും ദളിതരെയും അന്യമതസ്ഥരെയും ചുട്ടുകൊല്ലുകയും തല്ലിക്കൊല്ലുകയും ആത്മഹത്യയ്ക്കു പ്രേരിപ്പിക്കുകയും ചെയ്യുന്ന സംഭവങ്ങൾ ഏറിവരുന്ന ഈകാലഘട്ടത്തിൽ അഴീക്കോടിന്റെ അസാന്നിദ്ധ്യം വല്ലതെ അനുഭവ പ്പെടുന്നുണ്ട്.സാമൂഹികതിന്മകൾക്കെതിരെ സന്ധിയില്ലാതെ പോരാടിയ അദ്ദേഹമുണ്ടാ യിരു ന്നെങ്കിൽ കേരളത്തിലെ ഭരണക്കാർ, അഴിമതിയിലും അനീതിയിലും അസാന്മാർഗ്ഗികതയിലും മുങ്ങിക്കുളിക്കുവാൻ ഇത്രകണ്ട് ധൈര്യം കാണിക്കുമായിരുന്നോ എന്നും സംശയമാണ്‌.










Fans on the page