Total Pageviews

Monday, February 28, 2011

സ്ത്രീലമ്പടന്മാരുടെ തത്ത്വശാസ്ത്രം.



'നായ് കടലില്‍ ചെന്നാലും നക്കിയേ കുടിക്കൂ'എന്ന് പറയാറുള്ളത് വാസ്തവമാണെന്ന് സമീപകാല രാഷ്ട്രീയസംഭവങ്ങള്‍ തെളിയിക്കുന്നു.അമ്മയില്ലെങ്കില്‍ മോളായാലും മതി;മോളില്ലെങ്കില്‍ അമ്മയായാലും മതി എന്നത് സ്ത്രീലമ്പടന്മാരുടെ തിയറിയും വര്‍ഗ്ഗ സ്വഭാവവുമാണ്.അവര്‍ രാഷ്ട്രീയത്തിലെത്തിയാലും വിഷയലമ്പടന്മാരുടെ വര്‍ഗ്ഗ സ്വഭാവം കാണിക്കും.മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനെതിരേ അഴിമതി ആരോപണം ഒന്നും ഉന്നയിക്കാന്‍ കഴിയാഞ്ഞവര്‍ അദ്ദേഹത്തിന്റെ മകനെതിരേ ആരോപണം ഉന്നയിക്കുന്നതിനു പിന്നിലെ മന:ശാസ്ത്രവും രീതിശാസ്ത്രവും അതാണ്.

ഐസ്ക്രീം പെണ്‍ വാണിഭം,കോതമംഗലം പെണ്‍ വാണിഭം തുടങ്ങിയ സ്ത്രീപീഡന കേസുകളില്‍ എല്ലാം പ്രതിയായ ഒരു രാഷ്ട്രീയ നേതാവാണ് മുഖ്യമന്ത്രി പുത്രനായ അരുണ്‍ കുമാറിനെതിരെ ആരോപണവുമായി രംഗത്ത് എത്തിയിരിക്കുന്നത്.നിരവധി പെണ്‍ കുട്ടികളെ പിഴപ്പിച്ച ഈ മുന്‍ മന്ത്രി പെണ്‍ വാണിഭക്കേസുകളില്‍ നിന്നും രക്ഷപ്പെട്ടത് എങ്ങനെയെന്ന്,രക്ഷപ്പെടുത്തിയ സുഹൃത്തു തന്നെ രേഖകള്‍ ഹാജരാക്കി വെളിപ്പെടുത്തിയപ്പോള്‍ സമനില തെറ്റി പുതിയ കഥകള്‍ (ബോംബ് എന്ന് അദ്ദേഹം)മിനഞ്ഞെടുക്കുകയാണ്.കോടികള്‍ വാരിയെറിഞ്ഞ് പ്രതിസ്ഥാനത്തു നിന്നും മുമ്പ് ഒഴിവയെങ്കിലും ഇനിയും പെടുമോ എന്ന വേവലാതിയാണ് അദ്ദേഹത്തിനു മതിഭ്രമം ഉണ്ടാക്കിയത്.എന്നാല്‍ അത്തരം ഗുലുമാലുകളില്‍ ഒന്നും ചാടിയിട്ടില്ലെന്ന് നമ്മള്‍ വിശ്വസിക്കുന്ന ഉമ്മന്‍ ചാണ്ടിയും മറ്റും ഈ സ്ത്രീജിതന്റെ പിച്ചും പേയും പറച്ചില്‍ ഏറ്റു പിടിക്കുന്നതില്‍ നിന്നും അവര്‍ക്കും മറ്റെന്തോ വിഭ്രാന്തി പിടിപെട്ടിരിക്കുന്നു എന്നാണു മനസ്സിലാക്കേണ്ടത്.

അവരെ അസ്വസ്ഥമാക്കുന്നത് പൊതുമുല്‍ മോഷ്ടിച്ചതിന് ശിക്ഷിക്കപ്പെട്ട കൂട്ടുകക്ഷി നേതാവിന്റെ അവസ്ഥയാണ്.പെണ്ണു പിടിയനായ മറ്റൊരു സഖ്യകക്ഷിനേതാവ് അടുത്തു തന്നെ അകത്താകുമോ എന്ന ഭയമാണ്. "പെണ്‍ വാണിഭക്കാരനെയും പൊതുമുതല്‍ കളളനെയും ഇടവും വലവും താങ്ങിക്കൊണ്ടു നടന്ന നിങ്ങളെ എങ്ങനെ വിശ്വസിക്കും?" എന്ന ജനത്തിന്റെ ചോദ്യത്തെ അഭിമുഖീകരിക്കുന്നത് ഓര്‍ക്കുമ്പോള്‍ ഉമ്മന്‍ ചാണ്ടിയ്ക്ക് ഉറക്കം നഷ്ടപ്പെടുക സ്വാഭാവികമാണ്.
തെരഞ്ഞെടുപ്പ് അടുത്തു വരുന്നതിനാല്‍ വിശേഷിച്ചും.അതിനിടയ്ക്കാണ്,കൂനിന്മേല്‍ കുരു പോലെ,പാമോയില്‍ കേസില്‍ തന്നെക്കാള്‍ പ്രതിയാകാന്‍ അര്‍ഹന്‍ ഉമ്മന്‍ ചാണ്ടിയാണെന്ന വാദവുമായി റ്റി.എച്ച്.മുസ്തഫ രംഗത്ത് എത്തുന്നത്.ഈസി വാക്കോവര്‍ എന്നു ധരിച്ച് ഭരണവും മുഖ്യമന്ത്രി പദവും ഒക്കെ കിനാവു കണ്ട് വിമോചന യാത്ര നടത്തിയവര്‍ക്ക് ഇതൊക്കെ സഹിക്കാവുന്നതിനും അപ്പുറമാണ്.അവര്‍ക്ക് സമനില തെറ്റിയില്ലെങ്കിലേ അതിശയിക്കാനുള്ളൂ.

മുങ്ങിച്ചാകാന്‍ പോകുന്നവന്‍ ഏതു വൈക്കോല്‍ തുരുമ്പിലും കയറിപ്പിടിക്കും എന്നു കേട്ടിട്ടുണ്ട്.ഏതു നായ്ക്കാട്ടത്തിലും കയറിപ്പിടിക്കും എന്ന് കേട്ടിട്ടില്ല. ഉമ്മന്‍ ചാണ്ടിയും സംഘവും അതും ചെയ്തിരിക്കുന്നു.
കേന്ദ്രം ഭരിക്കുന്ന വലിയ പാര്‍ട്ടി ഒരു സ്ത്രീപീഡകന്റെ ജല്പനങ്ങള്‍ വേദവാക്യങ്ങളായി എഴുന്നള്ളിച്ചു നടക്കുന്നത് കാണുമ്പോള്‍ സഹതാപമാണു തോന്നുന്നത്.

എന്തൊക്കയൊ രാഷ്ട്രീയ രഹസ്യങ്ങള്‍ അടങ്ങിയ ബോംബ്,താന്‍ ഉമ്മന്‍ ചാണ്ടിയെ ഏല്പിച്ചിട്ടുണ്ട് എന്ന്
സ്ത്രീലമ്പട നേതാവ് നേരത്തേ വീമ്പടിച്ചിരുന്നു.അന്ന് ഈ ബോംബിന്റെ കാര്യം ചോദിച്ചപ്പോള്‍ നേതാവിന്റെ, റൗഫ് എന്ന മുന്‍ സുഹൃത്ത് പറഞ്ഞത് "അത് കൈയ്യിലിരുന്നു പൊട്ടാതെ അദ്ദേഹം സൂക്ഷിച്ചാല്‍ മതി"എന്നാണ്.അദ്ദേഹത്തിന്റെ വാക്ക് അറം പറ്റിയതു പോലെ ബോംബുകള്‍ ഓരോന്നായി യു.ഡി.എഫ് നേതാക്കളുടെ കൈയ്യിലിരുന്നു പൊട്ടുന്നതാണ് കേരളീയര്‍ കണ്ടുകൊണ്ടിരിക്കുന്നത്.കോണ്‍ഗ്രസ് നേതാവും മുന്‍ ഭക്ഷ്യ മന്ത്രിയുമായിരുന്ന അടൂര്‍ പ്രകാശിനെതിരെ ഫയല്‍ ചെയ്ത വിജിലന്‍സ് കേസില്‍ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടിരിക്കുന്നു എന്ന വാര്‍ത്തയാണ് ഏറ്റവും ഒടുവില്‍ പൊട്ടിയ ബോംബ്.ഉമ്മന്‍ ചാണ്ടിക്കെതിരെ മുസ്തഫ വാളോങ്ങിയതു പോലെ ഈ കേസ് ഉടലെടുത്തതും മറ്റൊരു കോണ്‍ഗ്രസ് നേതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ്.

ഇത്തരം രാഷ്ട്രീയ ബോംബുകളും പീഡനരഹസ്യ ബോംബുകളും കൈയ്യിലിരുന്നു പൊട്ടുന്നത് കണ്ട് അന്തം വിടുന്ന ജനത്തിന്റെ ശ്രദ്ധ തിരിച്ചു വിടാനാകുമോ വിഷയലമ്പട നേതാവ് സ്വന്തം അണികളെക്കൊണ്ട് യഥാര്‍ത്ഥ ബോംബുണ്ടാക്കി പൊട്ടിക്കുന്നത്?
Fans on the page

Wednesday, February 16, 2011

യു.എന്നി ലെ കുഞ്ഞിത്തൊമ്മന്‍



വളരെ മുമ്പ് കേരള നിയമസഭയില്‍ കുഞ്ഞിത്തൊമ്മന്‍ എന്ന ഒരു സാമാജികന്‍ ഉണ്ടായിരുന്നു.
എങ്ങനെയോ ജയിച്ച് എം.എല്‍.എ ആയ ഒരു മാന്യന്‍.ഒരിക്കല്‍ തിരുവനന്തപുരം മൃഗശാലയില്‍ പുതിയതായി രണ്ടു കാണ്ഡാമൃഗങ്ങളെ കൊണ്ടുവരുന്നതു സംബന്ധിച്ച് വകുപ്പു മന്ത്രി പ്രസ്താവന നടത്തിക്കൊണ്ടിരിക്കുമ്പോള്‍ കുഞ്ഞിത്തൊമ്മന്‍ ഉറങ്ങിപ്പോയി.അടുത്തിരുന്ന ഫലിതപ്രിയനും പ്രസംഗ ചതുരനുമായ ജോസഫ് ചാഴിക്കാടന്‍ കുഞ്ഞിത്തൊമ്മനെ കുത്തിയുണര്‍ത്തി പറഞ്ഞു:
"കുഞ്ഞിത്തൊമ്മാ നിങ്ങടെ സഭയ്ക്കു കൂടി ഒരെണ്ണം വേണമെന്നു പറ. ഇപ്പോള്‍ ചോദിച്ചാല്‍ ഒരെണ്ണം കിട്ടും".എന്തിനെ കുറിച്ചാണ് സംസാരിക്കുന്നത് എന്നറിയാതെ, ഉറക്കച്ചടവില്‍ കുഞ്ഞിത്തൊമ്മന്‍ ചാടി എഴുന്നേറ്റ് "ഞങ്ങളുടെ സഭയ്ക്കും കൂടി ഒരെണ്ണം വേണം" എന്ന് ആവശ്യപ്പെട്ടു.

കുഞ്ഞിത്തൊമ്മന്റെ ഉറക്കം കുസൃതിക്കാരനായ ചാഴിക്കാടന്‍ മുതലാക്കിയതിനാല്‍ ഉടലെടുത്തതാണ് നിയമ സഭയിലെ ഈ ഹാസ്യ രംഗം.എങ്കിലും ഉത്തരവാദിത്വം മറന്ന് ഉറങ്ങിയ ഒരു സാമാജികനും അദ്ദേഹത്തിന്റെ മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്കും ഇതു മൂലം നാണക്കേട് ഉണ്ടായി എന്നത് നേരാണ്.

കഴിഞ്ഞ ഒരു ദിവസം യു.എന്‍.അസംബ്ലിയില്‍ ഇന്ത്യയുടെ വിദേശകാര്യമന്ത്രി എസ്.എം.കൃഷ്ണ കെട്ടിയ കോമാളി വേഷം ഇതിനേക്കാള്‍ എത്രയോ നാണം കെട്ടതായിരുന്നു?ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ വിദേശകാര്യമന്ത്രി പോര്‍ച്ചുഗീസ് മന്ത്രി വായിച്ചുപേക്ഷിച്ചു പോയ പ്രസംഗം എടുത്ത് വായിക്കുക!ഇതില്‍ പരം അപമാനം ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രത്തിനു വരാനുണ്ടോ?
ലോക ദൃഷ്ടിയില്‍ സ്വന്തം രാജ്യത്തെ പരിഹാസ്യമാക്കിയ ഈ പോക്കണം കേടു കാണിച്ചിട്ട് അതിനെ ന്യായീകരിക്കുകയാണ് ഈ ഭരണധുരന്ധുരന്‍ ചെയ്തത്.പോര്‍ച്ചുഗീസ് പ്രതിനിധി പ്രസംഗിച്ചപ്പോള്‍ ഇദ്ദേഹം കുഞ്ഞിത്തൊമ്മനെ പോലെ ഉറങ്ങുകയായിരുന്നിരിക്കണം.അല്ലെങ്കില്‍ പോര്‍ച്ചുഗീസ് പ്രസംഗത്തിന്റെ ഏതാനും വരികള്‍ വായിച്ചപ്പോഴെങ്കിലും തിരിച്ചറിയുമായിരുന്നു.

വീറ്റോ പവര്‍ ഉള്ള വന്‍ കിട രാഷ്ട്രങ്ങള്‍ പോലും ഭയഭക്തി ബഹുമാനങ്ങളോടെയായിരുന്നു യു.എന്‍.
അസംബ്ലിയില്‍ ഇന്ത്യയുടെ ശബ്ദം ശ്രവിച്ചിരുന്നത്.വി.കെ.കൃഷ്ണമേനോനെ പോലുള്ളവര്‍ ആണ് അത്തരം അഭിമാനാര്‍ഹമായ സ്ഥാനം നമുക്കു നേടിത്തന്നത്.അതിപ്രഗത്ഭനായ അദ്ദേഹം ഇരുന്ന കസേരയിലാണല്ലോ ഇത്തരം സുന്ദരവിഡ്ഢികള്‍ അവരോധിതരായിരിക്കുന്നത്!മണിക്കൂറുകള്‍ നീണ്ട
പ്രസംഗത്തിനിടയില്‍ തളര്‍ന്നു വീണ വി.കെ.കൃഷ്ണമേനോന്‍,ബോധം തെളിഞ്ഞപ്പോള്‍ മുറിഞ്ഞുപോയ വാചകം പൂര്‍ത്തിയാക്കിക്കൊണ്ടാണ് പിന്നീട് തുടര്‍ന്നത് എന്നാണ് കേട്ടിട്ടുള്ളത്.അത്രയ്ക്ക് ജാഗരൂകവും ഊര്‍ജ്ജസ്വലവും ആയ വ്യക്തിത്വങ്ങളുടെ പിന്‍ഗാമികളായി ഇങ്ങനെയുള്ള കൊഞ്ഞാണന്മാരെ പറഞ്ഞു വിടുന്നതിനു മുമ്പ് ബന്ധപ്പെട്ടവര്‍ നൂറു വട്ടം ആലോചിക്കേണ്ടിയിരിക്കുന്നു.

ഡോ.ബിനായക് സെന്നിനെപ്പോലുള്ള മനുഷ്യാവകാശ പ്രവര്‍ത്തകരല്ല;കൃഷ്ണയെപ്പോലുള്ള മണ്ണുണ്ണികളാണ് യഥാര്‍ത്ഥ രാജ്യദ്രോഹികള്‍.മന്ത്രിപ്പണിക്ക് വാങ്ങിയ തുക മുഴുവന്‍ ഇദ്ദേഹത്തിനെ ക്കൊണ്ട് തിരിച്ചടപ്പിച്ച് ,മുക്കാലിയില്‍ കെട്ടി ചാട്ടവാറു കൊണ്ടടിച്ച് നാടുകടത്തുകയാണ് വേണ്ടത്.







Fans on the page

Saturday, February 12, 2011

പിള്ളയുടെ നിരപരാധിത്വം



ഇടമലയാര്‍ അഴിമതിക്കേസില്‍ സുപ്രീം കോടതി ശിക്ഷിച്ച ആര്‍.ബാലകൃഷ്ണപിള്ള, താന്‍ നിരപരാധിയാണെന്ന പതംപെറുക്കലുമായാണ് പത്രക്കാരുടെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടത്.താന്‍ അഴിമതി നടത്തിയിട്ടില്ലെന്നും നാടിനെ സേവിച്ചതിനു തനിക്കു വയസ്സുകാലത്ത് കിട്ടിയ പ്രതിഫലമാണ് ഇതെന്നും തന്റെ അന്ത്യം ജയിലിലായിരിക്കും എന്നും അദ്ദേഹം വിലപിക്കുന്നു.ഈ ദയനീയാവസ്ഥയി
ലും വി.എസ്.അച്യുതാനന്ദനെ അപവദിക്കാന്‍ പിള്ളയും പുത്രനും മറക്കുന്നില്ല.

പിള്ളയുടെയും മകന്റെയും മാത്രമല്ല യു.ഡി.എഫ്.നേതാക്കളുടെയും ദേഷ്യം മുഴുവന്‍ വി.എസ്സിനോടാണ്.
ഇവരുടെ പ്രതികരണം കേട്ടാല്‍ തോന്നുക ശിക്ഷ വിധിച്ചത് അദ്ദേഹമാണെന്ന്.വിചാരണക്കോടതി അഞ്ചു വര്‍ഷം കഠിന തടവിനു ശിക്ഷിച്ച പിള്ളയെ ഹൈക്കോടതി വെറുതേ വിട്ടപ്പോള്‍ അപ്പീല്‍ പോകാതെ അദ്ദേഹത്തെ രക്ഷപ്പെടാന്‍ അനുവദിച്ച അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ പൊതു മുതല്‍ കട്ടവനു കൂട്ടു നില്‍ക്കുകയാണു ചെയ്തത്.പിള്ള അധികാര ദുര്‍വ്വിനിയോഗവും അഴിമതിയും നടത്തിയെന്ന് കണ്ടെത്തിയതും വെളിപ്പെടുത്തിയതും വി.എസ് അല്ല.യു.ഡി.എഫ് സര്‍ക്കാര്‍ തന്നെ നിയമിച്ച ജസ്റ്റിസ് കെ.സുകുമാരന്‍ കമ്മീഷനാണ്.ആദ്യം ശിക്ഷ വിധിച്ചത് വിചാരണക്കോടതിയും.

ബാലകൃഷ്ണപിള്ളയും മറ്റും കുറ്റക്കാരാണെന്ന് കണ്ടെത്തിയ കമ്മീഷന്‍ അക്കമിട്ടു നിരത്തിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് വിചാരണക്കോടതി പിള്ളയ്ക്കും മറ്റു രണ്ടു പേര്‍ക്കും അഞ്ചു വര്‍ഷത്തെ തടവു വിധിച്ചത്.വ്യക്തമായ തെളിവുകള്‍ ഉണ്ടായിട്ടും ഹൈക്കോടതിയില്‍ തീര്‍പ്പു കല്പിച്ച ജഡ്ജി പിള്ളയെ വെറുതേ വിട്ടത് വേണ്ടത്ര പരിശോധന കൂടാതെയാണെന്ന് ഇപ്പോള്‍ സുപ്രീം കോടതി തന്നെ അഭിപ്രായപ്പെട്ടിരിക്കുകയാണ്.കേരള ഹൈക്കോടതിയിലെ രണ്ടു ജഡ്ജിമാര്‍ കുഞ്ഞാലിക്കുട്ടിക്ക് അനുകൂലമായ വിധി പുറപ്പെടുവിച്ചത് കോഴ വാങ്ങിയിട്ടാണ് എന്ന് കോഴ കൊടുത്തവര്‍ തന്നെ പരസ്യപ്പെടുത്തിയിരിക്കയാണ്.ആ നിലയ്ക്ക് ജ. സുകുമാരന്‍ കമ്മീഷന്‍ ചൂണ്ടിക്കാണിച്ച തെളിവുകളും വിചാരണക്കോടതി കണ്ടെത്തിയ തെളിവുകളും പിള്ളയെ വെറുതവിട്ട ഹൈക്കോടതി ജഡ്ജി കാണാതെ പോയത് എന്തുകൊണ്ടാണെന്ന് അറിയാന്‍ പാഴൂര്‍ പടിക്കല്‍ പോയി തിരക്കേണ്ടതില്ല.

"പൊതു മുതല്‍ കട്ടു തിന്നുന്നവര്‍ക്കുള്ള മുന്നറിയിപ്പാണ് ഇത്" എന്ന് മുഖ്യമന്ത്രി പറഞ്ഞതാണ് ഈ വിധിയുടെ ഗുണപാഠം.

അച്യുതാനന്ദന്‍ തന്നോട് രാഷ്ട്രീയമായി പക പോക്കുകയാണ് എന്നാണ് പിള്ളയുടെയും സഘത്തിന്റെയും കൂട്ട വായ്ത്താരി.രാഷ്ട്രീയ പകയാണെങ്കില്‍ ഏറ്റവും കൂടുതല്‍ തോന്നേണ്ടത് ഉമ്മന്‍ ചാണ്ടിയോടല്ലേ?പിടിക്കപ്പെടുമ്പോള്‍ കക്കുന്നവര്‍ സഹതാപം കിട്ടാന്‍ പറയുന്ന ഒരോ അടവുകളാണ് ഇതൊക്കെ.വീടു കുത്തി തുറന്ന് മോഷ്ടിക്കുന്നവനും ഖജനാവു കക്കുന്നവനും ഇക്കാര്യത്തില്‍ പിന്തുടരു
ന്നത് ഒരേ പാത തന്നെ.അതുപോലെ തന്നെയാണ് താന്‍ നിരപരാധിയാണെന്ന പിള്ളയുടെ വാദവും.താനുണ്ടായതു കൊണ്ടാണ് ഇടമലയാര്‍ പദ്ധതി പൂര്‍ത്തിയായത് എന്നു വീമ്പു പറയുന്ന പിള്ള,കരാറു തുക കൂട്ടിക്കൊടുത്തത് സര്‍ക്കാരിനെ ഗുണപ്പെടുത്താനോ,സ്വന്തം പാര്‍ട്ടിക്കരനായ
(ഇപ്പോള്‍ അയാള്‍ മാണിയുടെ കൂടെയാണ്) കരാറുകാരനെ കനപ്പിക്കാനോ എന്നു വ്യക്തമാക്ക
ണം.സെക്യൂരിറ്റി തുക അഞ്ചിലൊന്നായി കുറച്ചത് ആരെ സഹായിക്കാനായിരുന്നു?നിലവിലുള്ള ചട്ടങ്ങള്‍ക്കു വിരുദ്ധമായി കാലി സിമന്റ് ചാക്ക് ഏതാണ്ടു മുഴുവനും തന്നെ കൈക്കലാക്കുവാന്‍ കരാറുകാരനെ സഹായിക്കുന്ന ഉത്തരവിറക്കിയത് ജനങ്ങള്‍ക്കു നന്മ ചെയ്യാനായിരുന്നോ? ഇലക്ട്രിസിറ്റി ബോഡിന്റെ പരമാധികാരത്തില്‍,മന്ത്രി അനധികൃതമായി കൈകടത്തിയാണ് ഇതൊക്കെ ചെയ്തതെന്ന് അന്വേഷണ കമ്മീഷന്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്.

മന്ത്രിയായാല്‍ എന്തും ചെയ്തുകളയാം എന്ന പിള്ളയുടെ മാടമ്പി മനോഭാവത്തിനേറ്റ തിരിച്ചടിയാണ് ഈ വിധി.താന്‍ ഒരു വലിയ ജന്മിയുടെ മകനായതു കൊണ്ടാണ് ഇതുവരെ തെണ്ടാതിരുന്നത് എന്ന് കൂടെ
ക്കൂടെ പറയുന്ന പിള്ള,സ്വന്തക്കാരനായ കരാറുകാരനു കോടികള്‍ വഹിച്ചു കൊടുത്തത് ആ ജന്മിയുടെ സമ്പാദ്യത്തില്‍ നിന്നല്ല എന്നത് മറക്കുന്നു.

തിരുവിതാം കൂറിലെ പേരു കേട്ട സമ്പന്നരുടെ പട്ടികയിലൊന്നും പിള്ള അവകാശപ്പെടുന്ന അച്ഛന്‍ ജന്മിയെ കണ്ടിട്ടില്ല.അരഡസനോളം മക്കളുണ്ടായിരുന്ന അദ്ദേഹം സ്വത്തു മുഴുവന്‍ ഏക മകനായ മുന്‍ മന്ത്രിക്കു നല്‍കിയെന്നു വിശ്വസിക്കാന്‍ പ്രയാസം.അച്ഛന്റെ സമ്പാദ്യം കൊണ്ടൊന്നും പിള്ള കാട്ടിയിട്ടുള്ള ആര്‍ഭാടങ്ങള്‍ക്കും ധൂര്‍ത്തിനും കേസ്സിനും മറ്റു നേരമ്പോക്കുകള്‍ക്കും തികയില്ല എന്ന് നാട്ടുകാര്‍ക്ക് അറിയാം.പിതൃസ്വത്തിന്റെ എത്രയോ മടങ്ങ് അധികം സമ്പത്ത് രാഷ്ട്രീയ വ്യവസായ
ത്തിലൂടെ മ്പാദിച്ചിട്ടുണ്ടെന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്?അവയില്‍ ഒരു കച്ചവടത്തിലാണ് ഇപ്പോള്‍ സുപ്രീം കോടതി കയറി പിടിച്ചിരിക്കുന്നത്.ഈ കേസ്സിനു തന്നെ ലക്ഷങ്ങള്‍ ചെലവായി എന്നാണ് പിള്ള പറയുന്നത്.അതു വാസ്തവമാണെങ്കില്‍ കൂടി ലാഭം പിള്ളയ്ക്കാണ്.സര്‍ക്കാരിനെ വെട്ടിച്ച രണ്ടു കോടിയില്‍ നിന്ന് ഏതാനും ലക്ഷം ചെലവായാലും ബാക്കി മീതിയല്ലേ?ഖജനാവിനു വരുത്തി
യ നഷ്ടം പിള്ളയുടെയും കൂട്ടു കള്ളന്മാരുടെയും കൈയ്യില്‍ നിന്നു വസൂലാക്കാനുള്ള ഉത്തരവു കൂടി സുപ്രീം കോടതി പുറപ്പെടുവിക്കേണ്ടിയിരുന്നു.

കാശു കൊടുത്തോ ജാതി പറഞ്ഞോ മറ്റു നേരമ്പോക്കുകള്‍ക്കു വഴിയൊരുക്കിയോ പിള്ള ഹൈക്കോ
ടതിയില്‍ നിന്നു നേടിയ അനുകൂല വിധി,സര്‍ക്കാര്‍ നിലപാടിനു വിരുദ്ധവും ഖജനാവിനു നഷ്ടം വരു
ത്തുന്നതും ആയിട്ടും പ്രതിയെ സഹായിക്കുകയാണ് അന്നത്തെ യു.ഡീ.എഫ് സര്‍ക്കാര്‍ ചെയ്തത്.ഈ തരവഴി മുന്‍ കൂട്ടി മനസ്സിലാക്കിയ വി.എസ്.അച്യുതാനന്ദന്‍ കേസ്സില്‍ കക്ഷി ചേര്‍ന്നതു കൊണ്ടാണ് ഇപ്പോഴെങ്കിലും കള്ളന്മാര്‍ ശിക്ഷിക്കപ്പെട്ടത്.കാവല്‍ക്കാര്‍ കള്ളനു കൂട്ടു നിന്നപ്പോള്‍ കാവല്‍ക്കാരന
ല്ലാത്ത വി.എസ്.ആണ് യഥാര്‍ത്ഥ കാവല്‍ക്കാരന്റെ ചുമതല നിറവേറ്റിയത്.ഭരണഘടനാ ബാദ്ധ്യത കാറ്റില്‍ പറത്തിയവരാണ് പ്രതിയുടെ കണ്ണീരൊപ്പാന്‍ പരസ്പരം മത്സരിക്കുകയും സംസ്ഥാന താല്പര്യത്തിനു വേണ്ടി നില കൊണ്ടയാള്‍ക്കു നേരേ തെറിയഭിഷേകം നടത്തുകയും ചെയ്യുന്നത്.

പൊതു മുതല്‍ കള്ളന്മാരെയും പെണ്ണു പിടിയന്മാരെയും ചുമലിലിരുത്തി അച്ച്യുതാനന്ദന്‍ സര്‍ക്കാരി
നെതിരെ കുറ്റപത്രം നല്‍കാന്‍ പോയവര്‍ക്ക് ആ സാമൂഹിക വിരുദ്ധരെ ന്യായീകരിക്കാതെ തരമില്ല
ല്ലോ.പക്ഷേ ഖജനാവു കട്ട ബാലകൃഷ്ണ പിള്ളയ്ക്ക് രക്തസാക്ഷി പരിവേഷം നല്‍കാന്‍ വെപ്രാളപ്പെടുന്ന കോണ്‍ഗ്രസ് നേതാക്കള്‍ മറന്നു പോയ ഒരു കാര്യമുണ്ട്.കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നുകൊണ്ടു തന്നെ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തിന് അനുകൂലമായി വോട്ടു ചെയ്ത് മുമ്പ് ഒരു കോണ്‍ഗ്രസ് മുഖ്യമന്ത്രിയെ വീഴ്ത്തിയ ജൂഡാസ് ആണ് അദ്ദേഹമെന്ന്.


Fans on the page

Thursday, February 3, 2011

ജുഡീഷ്യറിയും മരുമക്കളും



"അമ്മായി അപ്പനു പണമുണ്ടെങ്കില്‍ സംബന്ധം ബഹു സംബന്ധം ബഹു സംബന്ധം!" എന്ന് ഒരു പഴയ സിനിമാ പാട്ടിലുണ്ട്.അത് "അമ്മായി അപ്പന്‍ ജഡ്ജിയാണെങ്കില്‍ സംബന്ധം ബഹു സംബന്ധം"
എന്ന് മാറ്റിപ്പാടാമെന്ന അവസഥയാണ് രാജ്യത്തിപ്പോള്‍. അത്തരത്തിലുള്ള വാര്‍ത്തകളാണ് നാടെങ്ങും പ്രചരിക്കുന്നത്.സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്റെ രണ്ടു മരു മക്കള്‍ അനധി
കൃതമായി കോടികള്‍ സമ്പാദിച്ചതിന്റെ സചിത്ര വിവരണങ്ങള്‍ മാദ്ധ്യമങ്ങളില്‍ സ്ഥാനം പിടിച്ചിട്ട് അധിക നാളായില്ല.അതിനു മുമ്പ് ഇതാ വരുന്നു പുതിയ വെളിപ്പെടുത്തലുകള്‍,മറ്റൊരു മുന്‍ജഡ്ജിയേയും മരുമകനെയും ചേര്‍ത്ത്.

ഐസ്ക്രീം പാര്‍ലര്‍ കേസ് സിബി ഐക്കു വിടണമെന്ന ഹര്‍ജി തള്ളി വിധിപ്രസ്താവിച്ചത് ജഡ്ജി നാരായ
ണക്കുറുപ്പ് 40 ലക്ഷം രൂപാ കോഴവാങ്ങിയിട്ടാണ് എന്ന് കോഴ കൊണ്ടു ചെന്ന് ഏജന്റിനു കൊടുത്ത ആള്‍തന്നെ വെളിപ്പെടുത്തിയിരിക്കുന്നു.ജഡ്ജി നേരിട്ടല്ല പണം കൈപ്പറ്റിയതെന്നും അദ്ദേഹത്തിന്റെ മരുമകനാണ് 'ദക്ഷിണ' വാങ്ങിയതെന്നും അയാള്‍ പറയുകയുണ്ടായി.കോഴ വാര്‍ത്ത പുറത്തു വന്ന ഉടന്‍ തന്നെ ബഹു.ജഡ്ജിയദ്ദേഹം കൈയ്യോടെ നിഷേധിച്ചു.റിപ്പോര്‍ട്ടര് മാരുടെ മുമ്പില്‍ വാര്‍ത്ത നിഷേധിക്കുന്ന ജഡ്ജിയുടെ മുഖം കണ്ടാല്‍ തന്നെ 'കുറുപ്പിന്റെ മനസ്സില്‍ കറുപ്പില്ല' എന്ന് ആര്‍ക്കും ബോദ്ധ്യമാകും!

അപ്പോഴാണ് ആണ്ടു,മാസം,തീയതി, സ്ഥലം,ഇടനലക്കാരന്‍ ആദിയായ സകല വിവരങ്ങളും സഹിതം പണം കൊടുത്ത വ്യക്തി മാദ്ധ്യമങ്ങള്‍ക്കു മുമ്പില്‍ പ്രത്യക്ഷപ്പെടുന്നത്.അയാള്‍ക്കെതിരേ കേസ്സു കൊടു
ക്കുമെന്നാണ് ജഡ്ജിയുടെയും മരുമകന്റെയും വീമ്പു പറച്ചില്‍."കേരള ഹൈക്കോടതിയില്‍ പണം വാങ്ങിയ ഒരു ജഡ്ജിയേ ഉള്ളൂ.അദ്ദേഹം ഇവിടെ വച്ച് സാമാന്യമായി പണം വാങ്ങിയിരുന്നു.ഇവിടെ നിന്നു പോയതിനു ശേഷവും തരക്കേടില്ലാത്ത രീതിയില്‍ വാങ്ങിച്ചു."എന്ന് ജനുവരി 23 ലെ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വന്ന അഭിമുഖത്തില്‍,അഡ്വ.ജയശങ്കര്‍(ഇന്ത്യാ വിഷന്‍ വാരാന്ത്യകന്‍)സൂചിപ്പിച്ചിരു
ന്നു.പക്ഷേ ആരാണ് ഈ ന്യായാധിപന്‍ എന്നു കൃത്യമായി പറഞ്ഞിരുന്നില്ല.ഒരു 'ക്ലൂ'വും നല്‍കാതെ മൂടുപടം ഇട്ട് ജയശങ്കര്‍ അവതരിപ്പിച്ച ജഡ്ജിയെ ഇത്ര വേഗം തിരിച്ചറിയാനാകുമെന്ന് കരുതിയിരുന്നില്ല.

കുഞ്ഞാലിക്കുട്ടിയും ഭാര്യാസഹോദരീ ഭര്‍ത്താവ് റൗഫും തമ്മിലുള്ള അടുക്കളപ്പോര് അശ്ലീലകരമാണെ
ങ്കിലും ഇത്തരം പല വിവരങ്ങളും പുറത്തു വരുന്നത് ഗുണകരമാണ്.കെ.ജി.ബാലകൃഷ്ണന്റെ മരുമക്ക
ളിലൂടെ ദുര്‍ഗ്ഗന്ധം വമിപ്പിച്ചു തുടങ്ങിയ ജുഡീഷ്യറി, മറ്റൊരു ജഡ്ജിയുടെ മരുമകന്‍ വഴി വീണ്ടും നാറുക
യാണ്.ജനാധിപത്യത്തിന്റെ മുഖ്യമായ മൂന്നു തൂണുകളില്‍ സാധാരണ ജനങ്ങള്‍ ഏറ്റവും അധികം വിശ്വസിച്ചിരുന്നതും നീതിക്കുള്ള അന്തിമ ആശ്രയമായി കരുതിയിരുന്നതും ജുഡീഷ്യറി എന്ന തൂണിനെ
യാണ്.അതിന്റെ വിശ്വാസ്യതയും അപ്രമാദിത്വവും നിഷ്പക്ഷതയുമാണ് ഇപ്പോള്‍ തകര്‍ന്നു കൊണ്ടിരി
ക്കുന്നത്.

ജ.കെ.ജി.ബാലകൃഷ്ണന്‍ അനധികൃത മായി സ്വത്തു സമ്പാദിച്ചതിന് സാഹചര്യത്തെളിവുകളേ ഉള്ളൂ.ജ.
നാരായണകുറുപ്പിന്റെ കാര്യത്തില്‍ കോഴ കൊടുത്ത ആള്‍ അതിന്റെ വിശദാംശങ്ങള്‍ പരസ്യമായി ആവര്‍ത്തിക്കുകയാണ്. അതിനേക്കാള്‍ വലിയ തെളിവ്,ജ.നാരായണക്കുറുപ്പിന്റെ സ്വന്തം വാക്കുകള്‍ തന്നെയാണ്.കുഞ്ഞാലിക്കുട്ടി ഉള്‍പ്പെട്ട പെണ്‍ വാണിഭക്കേസിന്റെ അന്വേഷണം സി.ബി.ഐയ്ക്കു വിടണം എന്ന ഹര്‍ജി തള്ളുക മാത്രമേ താന്‍ ചെയ്തിട്ടുള്ളൂ എന്നു സമ്മതിച്ചിട്ട്,തള്ളാന്‍ പറഞ്ഞ ന്യായമാ
ണ് അദ്ദേഹത്തിന്റെ തനിനിറം വ്യക്തമാക്കുന്നത്.'കുഞ്ഞാലിക്കുട്ടി തുടങ്ങി പല ഉന്നതന്മാരും ഉള്‍പ്പെട്ട ഇത്തരം ഒരു കേസ് സിബിഐ അന്വേഷിക്കേണ്ട അവശ്യമില്ല'പോലും!ഈ മൊഴിമുത്തുകള്‍ അദ്ദേഹം പുറപ്പെടുവിച്ച വിധിന്യായത്തിന്റെ പകര്‍പ്പില്‍ നിന്നല്ല; അദ്ദേഹം നേരിട്ട് ചാനല്‍ റിപ്പോര്‍ട്ടര്‍മാരോട് പറയുന്നത് കേട്ടും കണ്ടും ജനം മനസ്സിലാക്കിയതാണ്.വിധിന്യായത്തിന്റെ വിശേഷങ്ങള്‍ അജിത വെളി
പ്പെടുത്തിയിട്ടുണ്ട്."പാശ്ചാത്യ രാജ്യങ്ങളിലൊക്കെവ്യഭിചാരം അത്ര ഗുരുതരമായ കാര്യമായി ആരും കണ
ക്കാക്കുന്നില്ല." തുടങ്ങിയ പുത്തന്‍ അറിവുകളും ഹര്‍ജി തള്ളുന്നതിന് ന്യായീകരണങ്ങളായി ജഡ്ജിയേ
മാന്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട് എന്നണ് അജിത വെളിപ്പെടുത്തിയത്.

ഉന്നതന്മാര്‍ ഉള്‍പ്പെട്ട കേസ് സി.ബി.ഐ അന്വേഷിക്കാന്‍ പാടില്ല എന്ന് ഏതു പീനല്‍ കോഡില്‍ നിന്നാണ്
ബഹു.ജഡ്ജി കണ്ടുപിടിച്ചത്?ആരണ് ഈ ഉന്നതര്‍?ഉന്നതരെ നിശ്ചയിക്കുന്നതിന്റെ മാനദണ്ഡ
മെന്താണ്?പീഡിപ്പിക്കപ്പെട്ട സ്ത്രീകളുടെ എണ്ണം നോക്കിയാണോ ഉന്നതരെ കണ്ടെത്തുന്നത്?
അതോ കൊടുക്കുന്ന പൊതി
ക്കെട്ടിന്റെ കനത്തിന്റെ അടിസ്ഥാനത്തിലോ?മുന്‍ കേന്ദ്ര മന്ത്രിയേക്കാള്‍ ഉന്നതനാണോ മുന്‍ സംസ്ഥാന വ്യവസായമന്ത്രി?മുന്‍ കേന്ദ്ര മന്ത്രി ഉള്‍പ്പെട്ട അഴിമതിക്കേസ് അന്വേഷിക്കുന്നത് സിബിഐ ആണ്.അന്വേഷണ ഫലമായി ഇപ്പോള്‍ അദ്ദേഹം അഴിക്കുള്ളിലുമായി.

ക്രിമിനല്‍ പശ്ചാത്തലമുള്ള ഒരാളുടെ വാക്ക് ആരു വിശ്വസിക്കാനാണ്? എന്നാണ് ജഡ്ജിയുടെ മറ്റൊരു ചോദ്യം.ഇത് ആദ്യം ചോദിച്ചത് കുഞ്ഞാലിക്കുട്ടിയാണ്.ഇപ്പോള്‍ യു.ഡി.എഫിലെ നേതാക്കളും ചോദിച്ചു കൊണ്ടിരിക്കുന്നു.കൊലപാതകിയും കള്ളനും ഒക്കെ ക്രിമിനലുകള്‍ ആണെന്നാണല്ലോ നമ്മള്‍ കരുതുന്നത്?ഒരുകള്ളന്‍ സ്വമേധയാലോ പോലീസിന്റെ വിരട്ടലിന്റെ ഫലമായോ താന്‍ ഒറ്റയ്ക്കല്ല മോഷണം നടത്തിയതെന്നും വേറേ രണ്ടു പേര്‍ കൂടി ഉണ്ടായിരുന്നെന്നും പറഞ്ഞാല്‍, കള്ളന്‍ പറയുന്നത് എങ്ങനെ വിശ്വസിക്കും എന്ന് ചോദിച്ച് പോലീസ്, അന്വേഷണം അവസാനിപ്പിക്കുമോ? ചോര പുരണ്ട കത്തിയുമായ് താന്‍ ഭാര്യയെ കൊലപ്പെടുത്തിയിട്ടു വരികയാണെന്ന് കൊലപാതകി പോലീസ് സ്റ്റേഷനില്‍ ചെന്നു പറഞ്ഞാല്‍ ക്രമിനലിന്റെ മൊഴി എങ്ങനെ വിശ്വസിക്കും എന്ന് ചോദിച്ച് അയാളെ ഓടിച്ചു വിടുമോ?സ്ത്രീ പീഡനവും കുറ്റകൃത്യങ്ങളുടെ കൂട്ടത്തില്‍ പെടുമെന്ന് ജഡ്ജിയങ്ങൂന്നിന് അറിയാത്തതാണോ?ആ നിലയ്ക്ക് കുഞ്ഞാലിക്കുട്ടി പറയുന്നത് എങ്ങനെ വിശ്വസിക്കും?കുഞ്ഞാലിക്കു
ട്ടിയുമായി ബന്ധപ്പെട്ട കര്യങ്ങള്‍ പറയാന്‍ ഏറ്റവും യോഗ്യന്‍ റൗഫ് തന്നെയാണ്.കാരണം
'കൂടെക്കിടക്കുന്നവനേ രാപ്പനി അറിയൂ' എന്നതു തന്നെ.

സുപ്രീം കോടതി വരെ തള്ളിയ കേസ്,പഴയ കാര്യങ്ങള്‍ പറഞ്ഞു നിരപരാധിയെ വേട്ടയാടുന്നു തുടങ്ങി നിരവധി എതിര്‍ വാദങ്ങളുമായി മുസ്ലീം ലീഗും മറ്റു പലരും കണ്ണാക്കു കാട്ടി സഹതാപം നേടാന്‍ ശ്രമിക്കുന്നുണ്ട്.കേസ് തള്ളപ്പെട്ടത് എങ്ങനെ എന്നുള്ള റൗഫിന്റെ വെളിപ്പെടുത്തല്‍ പുതിയതാണ്.അനുകൂല വിധി ലഭിക്കാന്‍ ജഡ്ജിമാര്‍ക്കു കൊടുത്ത കൈമടക്കിന്റെ വിശദാംശങ്ങള്‍ ഇപ്പോഴാണു പുറത്തു വരുന്നത്.മന്ത്രി ആയിരിക്കേ താന്‍ വഴിവിട്ട് പലതും ഭാര്യാസഹോദരീ ഭര്‍ത്താവിനു ചെയ്തു കൊടുത്തെന്ന് കുഞ്ഞാലിക്കുട്ടി കുമ്പസാരിച്ചത് പുതിയ കാര്യമാണ്.അത് സത്യപ്രതിജ്ഞാ ലംഘനം ആണ് എന്നു ചില ചാനല്‍ കാര്‍ വെളിപ്പെടുത്തിയപ്പോള്‍ വൈകുന്നേരം മൊഴി മാറ്റി പ
റഞ്ഞ് രക്ഷപ്പെടാന്‍ നോക്കിയതു പോലും ഏറ്റവും നൂതനമായ സംഗതിയാണ്.മന്ത്രി ആയിരുന്നപ്പോള്‍ ചില കാര്യങ്ങള്‍ റൗഫിനു ചെയ്തു കൊടുത്തതിനെ പറ്റിയാണ് കുഞ്ഞാലിക്കുട്ടി ഉദ്ദേശിച്ചതെന്ന് ടി
പ്പണിയുമായി ഉമ്മന്‍ ചാണ്ടിയും എത്തി.

വഴിവിട്ടും ചട്ടവിരുദ്ധമായും ഒന്നും ചെയ്തിട്ടില്ലെങ്കില്‍ എന്തിനാണ് താന്‍ പശ്ചാത്തപിക്കുന്നു എന്ന് പരസ്യമായി പറഞ്ഞത്?മന്ത്രി പദത്തിലിരിക്കുമ്പോള്‍ നിയമ വിധേയമായിട്ടാണ് സഹായം ചെയ്തു കൊടുത്തതെങ്കില്‍ എന്തിനാണ് കുമ്പസാരം? ഇനി അങ്ങനെ ഒന്നും ചെയ്യില്ലെന്നു പാണക്കട് ശിഹാബ് തങ്ങള്‍ക്ക് മരിക്കും മുമ്പ് വാക്കു കൊടുത്തിട്ടുണ്ട് എന്നു പറഞ്ഞത്, നേരായ വഴിക്കു ചെയ്ത കാര്യങ്ങളെ കുറിച്ചാണോ?കക്കാന്‍ പഠിച്ച കുഞ്ഞാലിക്കുട്ടിയെ നില്‍ക്കാന്‍ പഠിപ്പിച്ചത് റൗഫാണ് എന്നാണ്,അ
റിയാതെ വായില്‍ നിന്നു ചാടിപ്പോയ പശ്ചാത്തപ വാക്കുകള്‍ വെളീവാക്കുന്നത്.

നീതിന്യായ പീഠങ്ങളുടെ അടിയില്‍ നിന്നും അഴിമതിയുടെ ദുര്‍ഗ്ഗന്ധം വമിച്ചിട്ടും ഇവിടുത്തെ അഭിഭാഷക,
ന്യായാധിപ സമൂഹം പുലര്‍ത്തുന്ന നിസ്സംഗത അപലപനീയമാണ്.ജ. ബാലകൃഷ്ണനെതിരെ ശബ്ദ മുയര്‍ത്തുകയും അദ്ദേഹത്തിന്റെ അവിഹിത സമ്പാദ്യത്തെപ്പറ്റി സിപി എം ദീക്ഷിക്കുന്ന മൗനം കുറ്റകരമാണെന്നു പറയുകയും ചെയ്ത ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യര്‍, ജ.നാരായണക്കുറുപ്പിന്റെ കോഴ വാങ്ങലിനു നേരെ പുലര്‍ത്തുന്ന മൗനത്തെ എങ്ങനെയാണു വിശേഷിപ്പിക്കേണ്ടത്?ബാലകൃഷ്ണനെ
തിരേ പ്രമേയം പാസ്സാക്കിയ ബാര്‍ അസ്സോസിയേഷനുകള്‍ക്കും ഇപ്പോള്‍ മിണ്ടാട്ടമില്ല.ജഡ്ജിമാരുടെ ബന്ധുക്കളായ അഭിഭാഷകര്‍ക്ക് കേസ്സുകള്‍ കൂടുതല്‍ കിട്ടുക സ്വാഭാവികമാണെന്ന് പറഞ്ഞ് ബാലകൃഷ്ണ ജാമാതാക്കളുടെ അനധികൃത സ്വത്തു സമ്പാദ്യത്തെ ന്യായീകരിക്കുകയും അഴിമതി നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട കൃഷ്ണയ്യര്‍ക്കു മേല്‍ ജാതിസ്പര്‍ദ്ധ ആരോപിക്കുകയും ചെയ്ത അഡ്വ.രാം കുമാര്‍ ഇപ്പോള്‍ അനങ്ങാതിരിക്കുന്നത് ജാതിസ്നേഹം കൊണ്ടാണോ?

വക്കീലയിരുന്നപ്പോള്‍ നല്ലവണ്ണം കേസ് വാദിച്ചു ജയിക്കുന്നതിന് നല്ല ഫീസ് വാങ്ങിയ ആള്‍,ജഡ്ജിയായ
പ്പോള്‍ നല്ല വിധിന്യായം(നീതി പൂര്‍വ്വം ആകണമെന്നില്ല) എഴുതുന്നതിനു കനത്ത ഫീസ് വസൂലാ
ക്കുന്നതില്‍ എന്താണ് തെറ്റ്?അതിനെ കോഴ, കൈക്കൂലി, കൈമടക്ക്,എന്നൊക്കെ പറഞ്ഞു നിസ്സാരവല്‍ക്കരിക്കുകയും വിലയിടിച്ചു കാണിക്കുകയും ചെയ്യുന്നതാണു കുഴപ്പം!!!





Fans on the page

Tuesday, January 25, 2011

തന്ത്രികുമാരന്റെ (കു)തന്ത്രങ്ങള്‍



മകരജ്യോതി സംബന്ധിച്ച് പുറത്തു വന്ന വസ്തുതകള്‍ വിശ്വാസികള്‍ക്ക്(കൃത്യമായി പറഞ്ഞാല്‍ അന്ധവിശ്വാസികള്‍ക്ക്)വലിയ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്.അവരെ യഥാര്‍ത്ഥത്തില്‍ ഞെട്ടിച്ചത് ശബരിമല തന്ത്രി മഹേശ്വരര് തന്നെ ആ സത്യം വെളിപ്പെടുത്തിയതാണ്.പൊന്നമ്പല മേട്ടിലെ ദീപം മനുഷ്യര്‍ കത്തിക്കുന്നതാണെന്നും ആരാണ് കത്തിക്കുന്നതെന്ന് അറിയില്ലെന്നും മകരജ്യോതി ആകാശത്തു തെളിയുന്ന നക്ഷത്രമാണെന്നുമാണ് തന്ത്രി അറിയിച്ചത്.ഹൈക്കോടതി പരാമര്‍ശത്തെ തുടര്‍ന്നാണ് തന്ത്രി സത്യം പറഞ്ഞു പോയത്.പുല്‍ മേട്ടിലെ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ തന്ത്രിയുടെ വെളിപ്പെടുത്തല്‍ വളരെ പ്രസക്തമാണ്.ധര്‍മ്മ ശാസ്താവിന്റെ ഭക്തനായ അദ്ദേഹത്തിന്റെ പ്രസ്താവന കൊണ്ട് വര്‍ഷങ്ങളായി ദേവസ്വം ബോഡ് നടത്തി വന്ന ഒരു കള്ളക്കളി വെളി
ച്ചത്തായി എന്നതിലപ്പുറം ശബരിമല അയ്യപ്പന് യാതൊരു അപകീര്‍ത്തിയും വരാനില്ല.മാത്രമല്ല അയ്യപ്പനേ ക്കാള്‍ പ്രാധാന്യം മകരജ്യോതിക്കു ഭക്തരും ചാനലുകളും കൊടുക്കുന്ന പ്രവണതക്കു പ്രഹരമേല്പിക്കാനും സാധിച്ചു.

എന്നാല്‍ ഉറങ്ങി എണീറ്റപ്പോഴേക്കും തന്ത്രിക്കു വീണ്ടുവിചാരമുണ്ടായ പോലെ തൊട്ടു പിറ്റേന്ന് പുതിയ
വ്യാഖ്യാനങ്ങളുമായി പത്രസമ്മേളനം നടത്തി.തലേദിവസം പറഞ്ഞതിലെ തെറ്റിദ്ധാരണ നീക്കാന്‍ വേണ്ടിയാണെന്ന് അവകാശപ്പെട്ടായിരുന്നു പത്ര സമ്മേളനമെങ്കിലും ചില ആരോപണങ്ങള്‍ ഉന്നയിക്കുകയായിരുന്നു ഉദ്ദേശ്യം.മകര വിളക്കും മകരജ്യോതിയും വ്യത്യസ്തമാണെന്ന മുന്‍ നിലപാടുതന്നെ ആവര്‍ത്തിക്കുമ്പോഴും നിരീശ്വര വാദികളും ഹിന്ദു മതവിദ്വേഷികളും കൂടി നടത്തുന്ന ഗൂഢാലോചനയുടെ ഫലമാണ് ഇപ്പോള്‍ ജ്യോതി സംബന്ധിച്ചുള്ള വിവാദമെന്നു പറയാനാണ് അദ്ദേഹം ഏറെ സമയവും ചെലവിട്ടത്.ഹൈന്ദവ ധര്‍മ്മത്തെയും ക്ഷേത്രാചാരങ്ങളെയും നശിപ്പിക്കുകയാണ് അവരുടെ ഉദ്ദേശ്യമെന്നും അദ്ദേഹം സൂചിപ്പിക്കുകയുണ്ടായി.

എന്‍‍.എസ്.എസ്സും വിശ്വകര്‍മ്മ മഹാസഭയും ബിജെപിയും പറഞ്ഞത് ആവര്‍ത്തിക്കുവാന്‍ വേണ്ടി മാത്രമാണ് ഈ പത്രസമ്മേളനമെന്ന് വ്യക്തമാണ്.അത് പോലും സ്വന്തം ഇഷ്ടപ്രകാരമല്ല എന്ന് പത്ര സമ്മേളന ദൃശ്യങ്ങള്‍ റ്റി.വിയില്‍ കണ്ട ആര്‍ക്കും ബോദ്ധ്യമാകും.അദ്ദേഹത്തെ ചെറുമകന്‍ ബന്ദിയാക്കി കൊണ്ടുവന്ന് പറയിക്കുകയായിരുന്നു എന്നും കൂടി മനസ്സിലാകും .നേരത്തെ തയ്യാറക്കി കൊണ്ടുവന്ന കുറിപ്പ് മുത്തച്ഛനെ നോക്കു കുത്തിയാക്കി അയാള്‍ സ്വയം വായിക്കുകയാണ് ചെയ്തത്. മകര വിളക്കിനെ കുറിച്ചു ഒരു ചാനലില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത് വെളിച്ചപ്പാടു തുള്ളിയ ഈ തന്ത്രികുമാരന്റെ വാദമുഖങ്ങളെല്ലാം മുത്തച്ഛന്റെ സത്യപ്രസ്താവനയില്‍ തട്ടി പൊളിഞ്ഞ് ഇളിഭ്യനായതിന്റെ ക്ഷീണം തീര്‍ക്കാനായിരിക്കാം അപ്പൂപ്പനെ ബന്ദിയാക്കി പത്രക്കാരുടെ മുമ്പില്‍ പ്രദര്‍ശിപ്പിച്ചത്.

തനിക്കു മാദ്ധ്യമ ശ്രദ്ധകിട്ടാന്‍ വേണ്ടി ഇയാള്‍ എന്തും ചെയ്യും.മുമ്പ്,ജി.സുധാകരന്‍ ദേവസ്വം മന്ത്രിയായിരി ക്കേ അദ്ദേഹത്തിനു ബുദ്ധിയുണ്ടാകാന്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ ഹോമം നടത്തിയതും അദ്ദേഹത്തെ അപമാനിക്കാന്‍ നടത്തുന്ന ആ ആഭാസക്രിയയ്ക്ക് ക്ഷണിക്കാന്‍ മന്ത്രിയാപ്പീസില്‍ കയറിചെന്നു പ്രശ്നങ്ങളുണ്ടാക്കിയതും മറ്റും അതിന്റെ തെളിവാണ്.

ഇപ്പോള്‍ പാവം അപ്പൂപ്പനെയും അതിനുവേണ്ടി കരുവാക്കിയതാണെങ്കിലും അവര്‍ സംയുക്തമായും ചില സമുദായ സംഘടനകളും ആര്‍ഷഭാരതത്തിന്റെ സംരക്ഷക പാര്‍ട്ടിയും ഉന്നയിക്കുന്ന പുതിയ ആരോപണംകൗതുകകരമാണ്.മകരവിളക്ക് മനുഷ്യന്‍ കത്തിക്കുന്നതാണെന്നു, ഭക്തനും ക്ഷേത്രാചാര രക്ഷകനുമായ തന്ത്രി ആദ്യമായി വെളിപ്പെടുത്തുമ്പോള്‍ തലസ്ഥാനത്തിരുന്ന് നിരീശ്വര വാദിയായ മുഖ്യമന്ത്രി സ.വി.എസ് അച്യുതാനന്ദന്‍ പത്രക്കാരോടു പറഞ്ഞത്, അതൊക്കെ വിശ്വാസത്തിന്റെ പ്രശ്നമാണെന്നും ജ്യോതിയുടെ സത്യാവസ്ഥ അറിയാന്‍ ജ്യോത്സ്യന്മാരെയോ ശാസ്ത്രജ്ഞന്മാരെയോ നിയോഗിക്കാന്‍ ഉദ്ദേശിക്കുന്നില്ല എന്നുമാണ്.മകരജ്യോതി മനുഷ്യ നിര്‍മ്മിതമാണോ എന്ന ഹൈക്കോടതിയുടെ ചോദ്യം ചൂണ്ടിക്കാണിച്ചപ്പോഴാണ് രണ്ടു പേരും ഈ വിധത്തില്‍ പ്ര
തികരിച്ചത്.മനുഷ്യകൃതം ആണെന്ന, തനിക്കറിയാവുന്ന സത്യം,കോടതിയെ പേടിച്ചിട്ടാണെങ്കിലും,
ഈശ്വര വിശ്വാസി വെളിപ്പെടുത്തിയപ്പോള്‍ നിരീശ്വരവാദി ഒഴിഞ്ഞുമാറുകയാണു ചെയ്തത്.

എന്തുകൊണ്ടാണ് മുഖ്യമന്ത്രി ഒഴിഞ്ഞുമാറുന്നത് എന്ന് ഡോ. സുകുമാര്‍ അഴീക്കോട് വ്യക്തമാക്കിയിട്ടുണ്ട്.
'മകര ജ്യോതി തട്ടിപ്പാണെന്നും വോട്ടു നഷ്ടപ്പെടുമെന്ന ഭയത്താലാണ് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ദേവസ്വം വകുപ്പു മന്ത്രിയും മിണ്ടാതിരിക്കുന്നതെന്നും' അദ്ദേഹം പറയുന്നു.വേദാന്ത സാരം മുഴുവന്‍ "തത്ത്വമസി"എന്ന ഗ്രന്ഥത്തിലൂടെ ലളിതമായ ഭാഷയില്‍ മലയാളിക്കു പരിചയപ്പെടുത്തി കൊടുത്ത അദ്ദേഹം നിരീശ്വര വാദിയാണെന്ന് ആരും പറയില്ല.മാത്രമല്ല 'വിശ്വാസത്തിന്റെ പേരു പറഞ്ഞാണ് നേതാക്കള്‍ മൗനം പാലിക്കുന്നതെന്നും ശബരിമല അയ്യപ്പന് മകരജ്യോതിയുടെ കൃത്രിമ മഹത്വം വേണ്ടെന്നും' കൂടി അദ്ദേഹം അഭിപ്രായപ്പെടുകയുണ്ടായി.

മനുഷ്യന്‍ കത്തിക്കുന്നതാണ് പൊന്നമ്പലമേട്ടിലെ ജ്യോതി എന്ന് ആദ്യം പറഞ്ഞത് യുക്തി വാദികളാണ്.അന്ന് അവരെ പുലഭ്യം പറയുകയും കൈയ്യേറ്റം ചെയ്യുകയുമാണ് വിശ്വാസികള്‍ ചെയ്തത്.പിന്നീട് അങ്ങനെ പറഞ്ഞത് മന്ത്രി ജി.സുധാകരനാണ്.അതിന്റെ പേരില്‍ വിശ്വാസികളുടെയും തന്ത്രികുടുംബത്തിന്റെയും ശകാരം അദ്ദേഹത്തിനു അന്ന് വേണ്ടുവോളം കിട്ടി.ഒരു മഹാ ദുരന്തമുണ്ടാ
യതിനുശേഷമാണെങ്കിലും സത്യാവസ്ഥ അറിയാന്‍ ഹൈക്കോടതി ശക്തമായി ഇടപെട്ടതു കൊണ്ട് ചുമതലപ്പെട്ടവര്‍ തന്നെ അതു വെളിപ്പെടുത്താന്‍ നിര്‍ബ്ബന്ധിതരായി.സുകുമാര്‍ അഴീക്കോടു സൂചിപ്പിച്ചതു പോലെയുള്ള ഒരു നിസ്സഹായാവസ്ഥയില്‍ പെട്ട് യഥാര്‍ത്ഥ നിരീശ്വര വാദികള്‍ മൗനം ദീക്ഷിച്ചിട്ടും അവര്‍ക്കു നേരേ തന്ത്രിപ്പയ്യനും സാമുദായിക സംഘടനകളും മെക്കിട്ടു കേറാന്‍ തുനിയുന്നതിന്റെ വിശ്വാസ തന്ത്രം എന്തെന്നു മനസ്സിലാകുന്നില്ല.

പണ്ട് ശബരിമല അമ്പലത്തില്‍ തീപിടുത്ത മുണ്ടായപ്പോള്‍ "ഒരമ്പലം നശിച്ചാല്‍ അത്രയും അന്ധ വിശ്വാസം കുറയും" എന്നു പറഞ്ഞ സി.കേശവനെ പോലെ ഒരു മുഖ്യമന്ത്രിയോ,ബാബറി മസ്ജിദ് സമുച്ചയത്തില്‍ ആദ്യമായി സീതാ രാമ പ്രതിമകള്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍,"അവ എടുത്തു സരയൂ നദിയില്‍ എറിയുക" എന്നു പറഞ്ഞ ജവഹര്‍ലാല്‍ നെഹ്രുവിനെ പോലെ ഒരു പ്രധാനമന്ത്രിയോ ഇനി ഉണ്ടാവുക പ്രയാസം.അന്നത്തെ രാഷ്ട്രീയ കാലവസ്ഥയും മേലില്‍ വരുമെന്നു പ്രതീക്ഷിക്ക വയ്യ.അവര്‍ രണ്ടു പേരും കമ്യൂണിസ്റ്റുകാര്‍ ആയിരുന്നില്ല.കോണ്‍ഗ്രസ്സു കാരായ അവര്‍ പറഞ്ഞത്ര തീഷ്ണമായി പോലും ഇപ്പോള്‍ പറയാത്ത കമ്യൂണിസ്റ്റുകാര്‍ എങ്ങനെയാണു മകരവിളക്കു വിഷയത്തില്‍ കുറ്റക്കാരാകുന്നത്?

തന്ത്രിയെ ആരും തോക്കു ചൂണ്ടി ഇല്ലാത്ത കാര്യം പറയിപ്പിച്ചതല്ല.ആരെങ്കിലും തോക്കു ചൂണ്ടിയിട്ടുണ്ടെ
ങ്കില്‍ അത് ഹൈക്കോടതി ജഡ്ജിമാരാണ്.പറഞ്ഞതു സത്യമാണു താനും.ജ്യോതിയും മകര വിളക്കും രണ്ടാണെന്ന് വ്യാഖ്യാനിച്ചത് അദ്ദേഹം പോലും വിശ്വസിച്ചിട്ടുണ്ടാകില്ല.മകരജ്യോതിയുടെ തത്സമയ സംപ്രേഷണം ചെയ്ത ചാനല്‍ ദൃശ്യങ്ങള്‍ വീണ്ടും കാണുകയും കേള്‍ക്കുകയും ചെയ്താല്‍ അറിയാം ക്ഷേത്രാധികാരികളും പൊതു ജനങ്ങളും മാദ്ധ്യമക്കാരും ജ്യോതി ആയി കാണിച്ചു വാഴ്ത്തിയത് പൊന്നമ്പല മേട്ടില്‍ കത്തിച്ച ദീപത്തെ ആയിരുന്നു എന്ന്.

ചെറുമക പീഡനം സഹിക്കാതെ ആയിരിക്കണം തന്ത്രി വീണ്ടും പത്രക്കരുടെ മുമ്പില്‍ എത്തിയത്.എന്നാലും ചില ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി പറയണം. തന്ത്ര വിധികളോ മന്ത്രങ്ങളോ ഒന്നും അറിയാത്ത പെണ്ണു പിടിയനും മദ്യപനും മറ്റെല്ലാ വഷളത്തങ്ങളുടെയും വിളനിലവുമായ ഒരുവന്‍ ഏറെനാള്‍ ശബരിമല ക്ഷേത്രത്തില്‍ തന്ത്രി വേഷം കെട്ടിയാടിയത് ഏതു ക്ഷേത്രാചാര വിധിപ്രകാരമായിരുന്നു?അയാളെ ക്ഷേത്രതന്ത്രിയാക്കിയത് ആരുടെ ഗൂഢാലോചനയുടെ ഫലമായിട്ടായിരുന്നു? ഗായത്രി മന്ത്രം ശരിയായി ചൊല്ലാന്‍ പോലും അയാള്‍ക്ക് അറിയില്ലെന്നാണ് ജ. പരിപൂര്‍ണ്ണന്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുള്ളത്.അന്ന് കളങ്കിതമാകാത്ത ഹൈന്ദവ ധര്‍മ്മവും ക്ഷേത്രാചാരങ്ങളും ഇപ്പോള്‍ എങ്ങനെയാണ് അപകടപ്പെടുന്നത്?കബളിപ്പിക്കലിനും സ്ത്രീ പീഡന
ത്തിനും പ്രതിക്കൂട്ടിലായ ആ വഷളന്‍, തന്ത്രിയുടെ സ്വന്തം പുത്രനായതു കൊണ്ട് ആചാര ലംഘനം നടന്നിട്ടില്ല എന്നാണോ അപ്പൂപ്പനും കൊച്ചുമോനും കൂടി അവകാശപ്പെടുന്നത്?

ഇപ്പോള്‍ ക്ഷേത്രാചാരങ്ങളും വിശ്വാസവും എല്ലാം അപകടത്തിലായെന്ന് നിലവിളിക്കുന്ന എന്‍.എസ്.എസും വിശ്വകര്‍മ്മാക്കളും, അയ്യപ്പ ഭക്തരെ മുഴുവന്‍ കബളിപ്പിച്ച് തന്ത്രിപുത്രന്‍ കോപ്രായം കാട്ടിയ കഥകള്‍ പുറത്തു വന്നപ്പോള്‍ മൗനം ഭജിച്ചത് എന്തുകൊണ്ടായിരുന്നു?രാജാധികാരത്തിന്റെയും പൗരോഹിത്യത്തിന്റെയും കാവല്‍ ഭടന്മാരും ചാതുര്‍ വര്‍ണ്യത്തിന്റെ ദാസ്യവേലക്കാരും ആയിരുന്ന പഴയ നായര്‍ പട്ടാളക്കാരുടെ ക്യാപ്റ്റന്മാരയി എന്‍.എസ്.എസ് നേതാക്കള്‍ അധപ്പതിക്കരുത്.വൈക്കം സത്യാഗ്രഹത്തെ പിന്തുണച്ച സമുദായാചാര്യന്റെ പിന്‍ഗാമികള്‍,സനാതനധര്‍മ്മം രക്ഷിക്കാന്‍ പാവപ്പെട്ട അവര്‍ണ്ണ സ്ത്രീകളുടെ മൂക്കും മുലയും അരിഞ്ഞ ചോറ്റുപട്ടാളക്കാരെ പോലെ പെരുമാറരുത്.

'ഏതു സ്വര്‍ണ്ണപ്പാത്രം കൊണ്ടു മൂടി വച്ചാലും സത്യത്തിന്റെ മുഖം വെളിപ്പെടുക തന്നെ ചെയ്യും'എന്നു പറഞ്ഞ പൂര്‍വ്വികരുടെ വാക്കുകള്‍ അന്വര്‍ത്ഥമാകുന്നതില്‍ ഏറെ സന്തോഷിക്കേണ്ടത് പുതു തലമുറയാണ്.അതിനു പകരം ഭക്തിയും വിശ്വാസവും കച്ചവടച്ചരക്കാക്കുന്ന കാപട്യത്തിന്റെ പ്രചാരകരാകാനാണ് അവര്‍ ശ്രമിക്കുന്നത്.തന്ത്രികുമാരന്‍ തന്നെ ഒന്നാം തരം ഉദാഹരണം.കര്‍പ്പൂര ദീപം ദിവ്യജ്യോതിയാണെന്നു കരുതി അതു ദര്‍ശിക്കാന്‍ ജീവന്‍ ബലികഴിക്കേണ്ടി വന്ന സാധുക്കളോട് അല്പം പോലും അനുതാപം ഇവരെപ്പോലുള്ളവര്‍ക്ക് കാണില്ല.അവഗണിക്കപ്പെടുന്ന വാര്‍ദ്ധക്യത്തെ കുറിച്ചു കേട്ടിരുന്ന നമ്മുടെ മുമ്പില്‍ തടവിലാക്കപ്പെടുന്ന വാര്‍ദ്ധക്യത്തെ കാട്ടിത്തന്നതും ഇവരാണ്.പ
റഞ്ഞുപോയ സത്യത്തിന്റെ പേരില്‍ പേരക്കിടാവിനാല്‍ വേട്ടയാട
പ്പെട്ട വൃദ്ധനായ തന്ത്രിയും പു
ല്ലുമേട് അത്യാഹിതത്തില്‍ മരണമടഞ്ഞവരും തമ്മില്‍ വലിയ വ്യത്യാസമില്ല.ഇല്ലാത്ത ഗൂഢാലോച
നയ്ക്കു പിന്നാലെ പായാതെ ഭാവിയുടെ വിഷനാമ്പുകളെ
മുളയിലേ ശുദ്ധീകരിക്കാനാണ് വിവരമുള്ളവര്‍ ശ്രദ്ധിക്കേണ്ടത്.

Fans on the page

Friday, January 21, 2011

അഡ്വ.രാം കുമാറിന്റെ ദളിത് പ്രേമം


മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റീസും ഇപ്പോഴത്തെ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനുമായ ജ.കെ.ജി.ബാലകൃഷ്ണനും ബന്ധുക്കളും അനധികൃതമായി സ്വത്തു സമ്പാദിച്ചതിനെ ചൊല്ലി ഉണ്ടായ പ്രതികരണങ്ങളെ ചെറുക്കാന്‍ അഡ്വ. രാം കുമാര്‍ ജാതിക്കുശുമ്പു തിയറിയും പുതിയ സാമൂഹികശാസനകളുമായി രംഗത്തിറങ്ങിയിരിക്കുന്നു.പ്രസിദ്ധ അഭിഭാഷകനായ അദ്ദേഹം വെറും സാധാരണക്കരനായ കക്ഷിക്കു വേണ്ടിയല്ല,രാജ്യത്തെ അത്യുന്നത നീതിപീഠം അലങ്കരിച്ച വ്യക്തിക്കു വേണ്ടിയാണ് ഇപ്പോള്‍ വാദിക്കാന്‍ പുറപ്പെട്ടിരിക്കുന്നത്.വാദം മാത്രമല്ല സാക്ഷി പറച്ചിലുമുണ്ട്.

ദളിതനായാല്‍ എന്ത് അഴിമതിയും ചെയ്യാം എന്നാണ് അദ്ദേഹത്തിന്റെ വാദം.അടുത്ത കാലത്ത് ഒരു പ്രസിദ്ധ വാരികയിലാണ് ശ്രീ.രാം കുമാര്‍ തന്റെ പുതിയ തിയറി അവതരിപ്പിച്ചത്.ജ.കെ.ജി.ബിയെ കുറിച്ച് ഉയര്‍ന്ന ആരോപണങ്ങളെ പറ്റി സമഗ്രമായ അന്വേഷണം വേണമെന്നു ജ.വി.ആര്‍.കൃഷ്ണയ്യര്‍ പറയുന്നത് അദ്ദേഹം ബ്രാഹ്മണനായതു കൊണ്ടാണ് എന്നാണ് അഡ്വ.രാം കുമാറിന്റെ കണ്ടുപിടുത്തം.2 ലക്ഷം രൂപ വിലയുള്ള കണ്ണട സര്‍ക്കാര്‍ ചെലവില്‍ വാങ്ങിയ വി.ആര്‍.കൃഷ്ണയ്യര്‍, ബാലകൃഷ്ണന്റെ അനധികൃത സ്വത്തു സമ്പാദനത്തെ കുറിച്ചു സംസാരിക്കാന്‍ യോഗ്യനല്ലത്രേ.സുപ്രീം കോടതിയിലെ മുന്‍ ചീഫ് ജസ്റ്റീസുമാരില്‍ ആറു പേര്‍ അഴിമതിക്കാരാണെന്നു ആക്ഷേപമുണ്ടായിട്ടും കെ.ജി.ബി.യ്ക്കു നേരേ കൃഷ്ണയ്യര്‍ തിരിയുന്നത് ദളിത വിരോധം കൊണ്ടാണുപോലും.മക്കളും മരുമക്കളും സ്വത്തു വാരിക്കൂട്ടിയിട്ടുണ്ടെങ്കില്‍ എങ്ങനെയെന്ന് അവരോടു ചോദിക്കണം എന്ന ബാലകൃഷ്ണന്റെ മറുപടി പ്രസക്തമാണ് എന്നും ബഹു.വക്കീല്‍ വാദിക്കുന്നു.താനും സവര്‍ണ്ണനാണെങ്കിലും ബാലകൃഷ്ണന്റെ പക്ഷത്തു നില്‍ക്കുന്നത് അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് ദളിത വേട്ടയ്ക്കു സംഘടിത ശ്രമം നടക്കുന്നതു കൊണ്ടാണെന്ന് അദ്ദേഹം നയം വ്യക്തമാക്കുന്നു.ജസ്റ്റിസ് കൃഷ്ണയ്യരുടെ നെറികേടു സ്ഥാപിക്കാന്‍ ഗൗരി അമ്മ മുതല്‍ പലരും പറഞ്ഞ വാചകങ്ങള്‍ വക്കീല്‍ ഹാജരാക്കുന്നുണ്ട്.ഡി.
വൈ.എഫ്.ഐ കുത്തിപ്പൊക്കി കൊണ്ടുവന്ന ഒരു ആരോപണം കൃഷ്ണയ്യര്‍ ഏറ്റു പിടിക്കുകയായിരുന്നെ
ന്നും പാര്‍ട്ടി നേതൃത്വം മൗനം പാലിച്ചതിന്റെ പേരില്‍ അവര്‍ക്കു നേരേയും അദ്ദേഹം തിരിഞ്ഞെന്നും ഒക്കെയുള്ള നിരവധി കുറ്റങ്ങള്‍ വക്കീല്‍ ആരോപിക്കുന്നുണ്ട്. കര്‍ണ്ണാടകത്തില്‍ ദളിതനെ ജഡ്ജിയാക്കിയപ്പോള്‍ സവര്‍ണ്ണ ജഡ്ജിമാരും വക്കീലന്മാരും കോടതി ബഹിഷ്ക്കരിച്ചത്, ദേശ വ്യാപകമായി നടക്കുന്ന ദളിത് പീഡനത്തിന് ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നു.ജഡ്ജിമാരുടെ ബന്ധുക്കള്‍ അഭിഭാഷകരാകുമ്പോള്‍ കൂടുതല്‍ കേസ്സ് കിട്ടുന്നത് നാട്ടു നടപ്പാണെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.

തങ്ങളുടെ ഭാഗം ജയിക്കാന്‍ വേണ്ടി പല കള്ളത്തരങ്ങളും ദുര്‍വ്യാഖ്യാനങ്ങളും അഭിഭാഷകര്‍ നടത്തറുണ്ട് എന്നു കേട്ടിട്ടിട്ടേഉള്ളൂ.അതു സത്യമാണെന്ന് രാം കുമാറിന്റെ വാദമുഖങ്ങളിലൂടെ കടന്നു പോകുമ്പോള്‍ നമുക്കു ബോദ്ധ്യമാകും.യഥാര്‍ത്ഥ വസ്തുതകള്‍ വളച്ചൊടിച്ചും അസത്യവും അപ്രസക്തവുമായ കാര്യങ്ങള്‍ എഴുന്നള്ളിച്ചും തന്റെ കക്ഷിയെ രക്ഷിക്കാന്‍ അദ്ദേഹം പെടുന്ന പാട് കാണുമ്പോള്‍ സഹതാപമാണു തോന്നുന്നത്.

ജ.ബാലകൃഷ്ണന്റെ മരുമകനായ യൂത്ത് കോണ്‍ഗ്രസ് നേതാവ് അനധികൃതമായി സമ്പാദിച്ച സ്വത്തിന്റെ വിശദാംശങ്ങള്‍‍ ആദ്യമായി പൊതുജനദൃഷ്ടിയില്‍ കൊണ്ടു വന്നത് ഏഷ്യാനെറ്റാണ്. ആ വാര്‍ത്ത വന്നപ്പോള്‍ തന്നെ ആരോപണങ്ങളെ കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് ജ.വി.ആര്‍.കൃഷ്ണയ്യര്‍ ആവശ്യപ്പെട്ടു. അതിനു ശേഷമാണ്, ഇതിനേക്കാള്‍ ഞെട്ടിപ്പിക്കുന്ന പല തെളിവുകളും തങ്ങളുടെ പക്കലുണ്ടെന്നു പറഞ്ഞ് ഡി.വൈ.എഫ്.ഐ ക്കാര്‍ രംഗത്തു വരുന്നത്.യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ അഴിമതിയുടെ വേരുകള്‍ മുന്‍ ചീഫ് ജസ്റ്റിസ്സിന്റെ ചേംബറിലേക്കാണു നീളുന്നതെന്നു തിരിച്ചറിഞ്ഞ ഡി.വൈ.എഫ്.ഐ യുടെ മൂത്ത നേതൃത്വം അവര്‍ക്കു ക്ലിപ്പിട്ടു.അതു മനസ്സിലാക്കിയപ്പോഴാണ് ജസ്റ്റിസ്, മാര്‍ക്സിസ്റ്റു പാര്‍ട്ടി നേതൃത്വത്തെ കുറ്റപ്പെടുത്തിയത്.ജ.കൃഷ്ണയ്യരുടെ പ്രസ്താവന വന്നതോടെ ദേശീയ തലത്തില്‍ ജുഡീഷ്യറിയുടെ എല്ലാ മേഖലകളിലും പ്രശ്നം ചര്‍ച്ചാവിഷയമായി.

സംശയം ദൂരീകരിക്കാന്‍ അന്വേഷണം വേണമെന്ന ആവശ്യം രാജ്യം മുഴുവന്‍ ഉയര്‍ന്നപ്പോള്‍ ബാലകൃഷ്ണന്റെ വക്കാലത്തു സ്വയം ഏറ്റെടുത്ത രാം കുമാര്‍ കൂടുതല്‍ സംശയങ്ങള്‍ സൃഷ്ടിക്കുകയാണ് ചെയ്തത്.ജുഡീഷ്യറുടെ പവിത്രതയും വിശ്വാസ്യതയും നിലനിര്‍ത്താന്‍ അന്വേഷണം വേണമെന്ന അഭിപ്രായപ്പെട്ട നവതി കഴിഞ്ഞ വയോധികനായ മുന്‍ ജഡ്ജിയെ പുലഭ്യം പറയുകയാണ് അദ്ദേഹം.ശ്രീ രാം കുമാര്‍ കൃഷ്ണയ്യരെപ്പറ്റി ഉന്നയിച്ച ആരോപണങ്ങള്‍ മുഴുവന്‍ വാസ്തവമാണെന്നു സമ്മതിച്ചാല്‍ പോലും ജ.ബാലകൃഷ്ണന്റെ ബന്ധുക്കള്‍ സ്വരൂപിച്ച സ്വത്ത് സ്വത്തല്ലാതാകുമോ? സര്‍ക്കാര്‍ കാശുപയോഗിച്ച് കൃഷ്ണയ്യര്‍ രണ്ടു ലക്ഷത്തിന്റെ കണ്ണട വാങ്ങിയതുകൊണ്ട് ബാലകൃഷ്ണനും ബന്ധുക്കള്‍ക്കും അനധികൃതമായി സ്വത്തു സമ്പാദിക്കാം എന്നു വാദിക്കുന്നത് ഏത് നിയമ പുസ്തകത്തിന്റെ ബലത്തിലാണ്?എന്തു യുക്തിയാണ് അതിനു പിന്നില്‍?

മറ്റു ജഡ്ജിമാരുടെ അഴിമതിയെ കുറിച്ചു കൃഷ്ണയ്യര്‍ മിണ്ടാത്തതുകൊണ്ട് ഇതിനെ കുറിച്ചും മിണ്ടിക്കൂടാ
എന്നു പറയുന്നതിന്റെയും ലോജിക് മനസ്സിലാകുന്നില്ല.മക്കളും മരുമക്കളും കണക്കില്ലാതെ സ്വത്തു വാരിക്കൂട്ടിയത് താനറിഞ്ഞിട്ടില്ല എന്ന ബഹു. ജഡ്ജിയുടെ വാക്കുകള്‍ മുഖവിലയ്ക്ക് എടുക്കാന്‍ അദ്ദേഹത്തില്‍ നിന്നും സൗജന്യം പറ്റിയവര്‍ക്കേ കഴിയൂ.ജഡ്ജിമാരുടെ ബന്ധുക്കള്‍ അഭിഭാഷകരാകുമ്പോള്‍ കേസ് കൂടുതല്‍ കിട്ടുന്നത് സ്വാഭാവികമാണെന്ന രാം കുമാറിന്റെ സത്യവാങ് മൂലത്തിന് വല്ലാത്ത അര്‍ത്ഥവ്യാപ്തിയുണ്ട്.ബന്ധുക്കള്‍ക്കു മാത്രമല്ല സുഹൃത്തുക്കള്‍ക്കും ആശ്രിതര്‍ക്കും കൂടി കേസ് കൂടുതല്‍ കിട്ടാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല.
ചില വക്കീലന്മാര്‍ കേസ്സുകള്‍ ജയിക്കുന്നതിന്റെ സൂത്രവാക്യമാണ് അദ്ദേഹം അറിയാതെ പറഞ്ഞു പോയത്.

കെ.ജി.ബാലകൃഷ്ണനെന്നല്ല മറ്റൊരു കേരളീയനും എത്തിപ്പെടാന്‍ കഴിഞ്ഞിട്ടില്ലാത്ത രാജ്യത്തെ പരമോന്നത പദവിയില്‍ എത്തയത് ഒരു ദളിതനായിരുന്നു.എന്തുകൊണ്ടാണ് കൃഷ്ണയ്യര്‍ ഉള്‍പ്പെടെയുള്ള ഇവിടുത്തെ സവര്‍ണ്ണ ദുഷ്പ്രഭുക്കള്‍ അദ്ദേഹത്തിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചു പീഡിപ്പിക്കാഞ്ഞത്?ഹൈക്കോടതി ബാര്‍ അസ്സോസിയേഷനോടൊപ്പം കേരളത്തിലെ മറ്റു നിരവധി ബാര്‍ അസ്സോസിയേഷനുകള്‍, ബാലകൃഷ്ണന്‍ അന്വേഷണം നേരിടണമെന്ന് ആവശ്യപ്പെട്ടത് ദളിത് വിരോധം കൊണ്ടാണോ? യാതൊരു അടിസ്ഥാനവുമില്ലാതെ ജാതിവാദം ഉയര്‍ത്തുന്നതിന്റെ പിന്നില്‍ വിധേയത്വമോ ഉപകാരസ്മരണയോ ആണുള്ളത്.കൃഷ്ണയ്യരോടു വിരോധമുണ്ടെങ്കില്‍ അന്തസ്സോടെ തുറന്നു പറഞ്ഞ് എതിര്ക്കാനുള്ള ആര്‍ജ്ജവവും തന്റേടവും രാം കുമാര്‍ കാണിക്കണം.അല്ലാതെ ദളിത പ്രേമത്തിന്റെ വ്യാജഗൗണും ധരിച്ച് പേട്ടു വാദങ്ങള്‍ ഉന്നയിക്കരുത്.

അതു കൊണ്ടും അരിശം തീരാഞ്ഞ് തന്നെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിച്ച് ജ.കൃഷ്ണയ്യര്ക്കെ
തിരെ മാനനഷ്ടക്കേസ് കൊടുക്കാന്‍ തയ്യാറെടുക്കുകയാണ് അഭിഭാഷക ശിരോമണി.ജ.ബാലകൃഷ്ണനില്‍ നിന്നു സൗജന്യം പറ്റിയാണ് രാം കുമാര്‍ അദ്ദേഹത്തെ പിന്തുണയ്ക്കുന്നത് എന്ന് പറഞ്ഞതിന്റെ പേരിലാണ് കേസ്സിനു വട്ടം കൂട്ടുന്നത്.അത് ജസ്റ്റിസ്സിന്റെ മാത്രം അഭിപ്രായം അല്ല;അഴിമതിക്കെതിരെ ചിന്തിക്കുന്ന സകലരുടെയും അഭിപ്രായവും വിശ്വാസവും അതു തന്നെയാണ്.

ജഡ്ജിയെ രക്ഷിക്കാന്‍ വക്കീല്‍ കാണിക്കുന്ന വെപ്രാളവും പരവേശവും കാണുമ്പോള്‍ ഇത്തരം വക്കീലന്മാര്‍ വാദിച്ചു ജയിച്ച കേസ്സുകളുടെ ചരിത്രം അന്വേഷിക്കണം എന്ന് ആവശ്യപ്പെടേണ്ടി വരുമെന്നാണ് തോന്നുന്നത്.അവരുടെ നിയമ ബിരുദത്തെ കുറിച്ചും അന്വേഷണം നടത്തണം.






Fans on the page

Sunday, January 9, 2011

ഇത് ഏതു കരുണാകരന്‍?



മരിച്ചവരെ കുറിച്ച് നല്ലതു മാത്രം പറയുന്നതാണ് നമ്മുടെ ശീലം.സംസ്കാരമുള്ളവര്‍ അങ്ങനെയേ ചെയ്യുകയുള്ളു.മനുഷ്യരോടു മാത്രമല്ല മൃഗങ്ങളോടുള്ള സമീപനം പോലും അതു തന്നെയാണ്.അപ്പോള്‍ പിന്നെ അന്തരിച്ച മനുഷ്യന്റെ അപദാനങ്ങള്‍ വിവരിക്കുവാന്‍ അത്യുക്തിയും അതിശയോക്തിയും ഒക്കെ പ്രയോഗിക്കപ്പെടുന്നത് സ്വാഭാവികം മാത്രം.കഥാവശേഷനായ ആള്‍ പ്രശസ്തനും കൂടിയാണെങ്കില്‍ പറയുകയും വേണ്ട.

പക്ഷേ നട്ടാല്‍ കുരുക്കാത്ത നുണയും കേരളീയരുടെ ഓര്‍മ്മ ശക്തിയേയും ചിന്താശേഷിയേയും പരിഹസിക്കുന്ന "ചരിത്ര" കഥനവും സ്തുതിഗീതങ്ങളാകമ്പോള്‍ യഥാര്‍ത്ഥത്തില്‍ അവഹേളിക്കപ്പെടുന്നത് മരിച്ചു പോയ മനുഷ്യനാണ്.

മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവും ആയിരുന്ന കെ.കരുണാകരന്‍ മരിച്ച ഉടന്‍ തന്നെ ഏഷ്യാനെറ്റ് പുറപ്പെടുവിച്ച ജീവിത രേഖയില്‍ അദ്ദേഹം "പത്താം ക്ലാസ് പസ്സായ ശേഷം സ്കൂള്‍ ഓഫ് ഫൈന്‍ ആര്‍ട്സില്‍ നിന്ന് ചിത്രകലയില്‍ ഡിപ്ലോമാ നേടി" എന്നാണ് തട്ടിവിട്ടത്.കണ്ണില്‍ വെള്ളം വന്നു നിറയുന്ന ഒരു തരം രോഗം കാരണം എട്ടാം ക്ലാസ്സില്‍ വച്ച് സ്കൂള്‍ വിദ്യാഭ്യാസം അവസാനിപ്പിച്ചെങ്കിലും പിന്നീട് ചിത്ര കല പഠിച്ചു എന്നാണ് അദ്ദേഹം തന്നെ പറഞ്ഞിട്ടുള്ളത്.അടുത്ത ദിവസം വന്ന പത്ര വാര്‍ത്തകളിലും അങ്ങിനെയാണ് കണ്ടത്.
കരുണാകര വീരചരിത വര്‍ണ്ണനയ്ക്കു മാറ്റുകൂട്ടാന്‍,കരുണാകരനേക്കാള്‍ മുമ്പേ കേരളത്തിന്റെ ആഭ്യന്തരമ
ന്ത്രിയും മരിക്കും വരെ ഉറച്ച കോണ്‍ഗ്രസ്സുകാരനുമായിരുന്ന പി.റ്റി.ചാക്കോ ആണ് കേരളാ കോണ്‍ഗ്രസ്സ് സ്ഥാപിച്ചതെന്ന് സംശയ ലേശമില്ലാതെ കൂവിയ ചാനല്‍, ഇത്തരം വാസ്തവ വിരുദ്ധ ജ്ഞാന ഗാഥ ഉരുവിട്ടില്ലെങ്കിലേ അത്ഭുതപ്പെടേണ്ടതുള്ളൂ.

നാലു പ്രാവശ്യം മുഖ്യമന്ത്രി ആയ കരുണാകരന്‍ ആകെ 10 വര്‍ഷം കേരളം ഭരിച്ചു എന്നാണ് മറ്റൊരു പ്രകീര്‍ത്തനം. നാലു പ്രാവശ്യം എന്നത് ശരിയാണെങ്കിലും എങ്ങനൊക്കെ കൂട്ടി നോക്കിയിട്ടും ഒന്‍പതര വര്‍ഷത്തിനപ്പുറം എത്തുന്നില്ല.കൃത്യമായി പറഞ്ഞാല്‍ 9 വര്‍ഷവും7മാസവും.10 കൊല്ലം തികയാന്‍ ബാക്കി വേണ്ട മാസങ്ങള്‍ മാദ്ധ്യമ മോഡറേഷനാകുമോ?

ജവഹര്‍ലാല്‍ നെഹ്രു മുതല്‍ രാഹുല്‍ ഗാന്ധി വരെയുള്ള നെഹ്രു കുടൂംബാംഗങ്ങളുമായി അടുത്ത ബന്ധം അദ്ദേഹം പുലര്‍ത്തിയിരുന്നത്രേ.1967-ല്‍ ആണ് 9 കോണ്‍ഗ്രസ് എം.എല്‍.എ മാരുടെ നേതാവായി കരുണാകരന്‍ നിയമസഭയില്‍ എത്തുന്നത്.അതിനു മുമ്പ് ഒരിക്കല്‍ പോലും അദ്ദേഹം കെ.പി.സി.സി യുടെയോ എ.ഐ.സി.സി.യുടെയോ മുഖ്യ ഭാരവാഹിത്വം ഒന്നും വഹിച്ചതായി അറിവില്ല.1967മേയ് മാസത്തില്‍ നെഹ്രു അന്തരിച്ചു.പിന്നെങ്ങനെയാണ് നെഹ്രു മുതല്‍ ഉള്ളവരെ‍ കരുണാകരന്‍ സേവിച്ചത്?ഇപ്പോഴത്തെ കോണ്‍ഗ്രസ് പ്രസിഡന്റും രാജീവ് ഗാന്ധിയുടെ ഭാര്യയും രാഹുല്‍ ഗാന്ധിയുടെ അമ്മയുമായ ശ്രീമതി സോണിയാഗാന്ധിയെ 'മദാമ്മ ഗാന്ധി' എന്നും മറ്റും അധിക്ഷേപിച്ചു കോണ്‍ഗ്രസ് വിട്ട് പുതിയ പാര്‍ട്ടിയുണ്ടാക്കിയതും നെഹ്രു കുടുംബത്തോടും കോണ്‍ഗ്രസ്സിനോടുമുള്ള കൂറു കൊണ്ടായിരിക്കും!എന്തായാലും മോട്ടിലാല്‍ നെഹ്രവുമായും അടുപ്പമുണ്ടായിരുന്നു എന്നു പറഞ്ഞില്ലല്ലോ.ഭാഗ്യം! ഇന്ദിരാഗാന്ധിയെ രാഷ്ട്രീയം പഠിപ്പിച്ചതു പോലും കരുണാകരനാണെന്നു തോന്നും മാദ്ധ്യമ സ്തുതിഗീതങ്ങള്‍ കേട്ടാല്‍. അവരോടൊപ്പം നിന്ന വിവരമുള്ളവര്‍ പലരും അടിയന്തിരാവസ്ഥയ്ക്കു ശേഷം അകന്നു പോയപ്പോള്‍ കൂടെ നിന്ന ഒരു സില്‍ബന്തി എന്ന നിലയില്‍ കരുണാകരനോട് ഇന്ദിരാഗാന്ധിയ്ക്ക് മമത തോന്നിയിട്ടുണ്ടാകാം.അതിനപ്പുറമുള്ള മേനി പറച്ചില്‍ അത്യുക്തിയാണ്.

1967-ല്‍ അധികാരമേറ്റ ഇ.എം.എസ്.മന്ത്രിസഭ1969-ല്‍ തകര്‍ന്നപ്പോള്‍ ബദല്‍ ഭരണം സ്ഥാപിച്ചത് കരുണാകരന്റെ മിടുക്കുകൊണ്ടായിരുന്നത്രേ .ഒന്‍പതു പേരുടെ മാത്രം ലീഡര്‍ ആയിരുന്ന അദ്ദേഹം വിചാരിച്ചാല്‍ 140 അംഗ നിയമസഭയില്‍ എന്തു സംഭവിക്കുമായിരുന്നു എന്ന് ഊഹിക്കാവുന്നതെ ഉള്ളു.രണ്ടു പേരുടെയോ മറ്റോ ഭൂരിപക്ഷമുണ്ടായിരുന്ന ആ മന്ത്രിസഭ നിലനിര്‍ത്തുന്നതില്‍ കരുണാകരന് ചെറുതല്ലാത്ത പങ്കുണ്ടായിരുന്നു എന്നത് തര്‍ക്കമറ്റ കാര്യമാണ്.എന്നാല്‍ '70 ലെ തെരഞ്ഞെടുപ്പിനു ശേഷം നിലവില്‍ ‍വന്ന അച്യുതമേനോന്‍ മന്ത്രിസഭ യില്‍ ചേര്‍ന്നത് സി.പി.ഐ. ഉള്‍പ്പെടെയുള്ള ഘടക കക്ഷികളുടെ നിര്‍ബ്ബന്ധം സഹിക്ക വയ്യാതെയാണ് എന്ന് തട്ടി വിടുന്നത് അല്പം കടന്ന കൈയ്യാണ്. ദുര്‍ബ്ബലമായ ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ വന്ന 69ലെ മന്ത്രിസഭയില്‍ തന്നെ ചേരാന്‍ കുപ്പായവും തയ്പിച്ചു നടന്ന കരുണാകരന്,പുതിയ തെരഞ്ഞെടുപ്പിനു ശേഷം കോണ്‍ഗ്രസ്സ് വലിയ കക്ഷിയായി തീര്‍ന്നിട്ടും യൂത്ത് കോണ്‍ഗ്രസ്സിന്റെ ശക്തമായ എതിര്‍പ്പു മൂലം മന്ത്രി സഭ
യില്‍ ചേരാന്‍ കഴിഞ്ഞില്ല.അതിന്റെ അമര്‍ഷവും നിരാശയും അദ്ദേഹം പ്രകടിപ്പിച്ചതിന്നു തെളിവ് എത്ര വേണമെങ്കിലും അന്നത്തെ പത്രപംക്തികള്‍ നോക്കിയാല്‍ കിട്ടും.മന്ത്രിക്കസേരയില്‍ അമരാന്‍ കഴിയാഞ്ഞ 'ലീഡര്‍' അന്ന് കാട്ടിക്കൂട്ടിയ പരാക്രമങ്ങളുടെ യഥാര്‍ത്ഥ ചിത്രം ഇപ്പോള്‍ മൂത്ത കോണ്‍ഗ്രസ്സുകാരായി മാറിയ പലര്‍ക്കുമറിയാം.ഒടുവില്‍ യുവ തുര്‍ക്കികളെ അനുനയിപ്പിച്ചും പാര്‍ട്ടി ഹൈക്കമാന്റിന്റെ കാലുപിടിച്ചും ആണ് അകത്തു കയറിയത്.

മറ്റൊരു വായ്ത്താരി ഭരണ പാടവത്തെക്കുറിച്ചാണ്.പാര്‍ട്ടിയില്‍ ഒരു വിഭാഗത്തിനെ തിരു മുമ്പില്‍ സേവക്കാരായി മാറ്റിയതാണോ ഭരണ പാടവം?മുമ്പിലും പിമ്പിലും പോലീസ് അകമ്പടിയോടെ ചീറിപ്പാഞ്ഞു പോയതു പോലും അതിവേഗത്തില്‍ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതിന്നും നടപ്പാക്കുന്നതിന്നും ഉള്ള വൈദഗ്ദ്ധ്യത്തിന്റെയും ഇച്ഛാശക്തിയുടെയും ലക്ഷണമായി മാദ്ധ്യമലോകത്തെ ചില വൈതാളിക ശിങ്കങ്ങള്‍!അധികാരപ്രമത്തതയുടെയും അല്പത്തത്തിന്റെയും പ്രകടനമായി മാത്രം വിവരമുള്ളവര്‍ കണ്ട ആ എഴുന്നള്ളത്തിലും ഇവര്‍ മഹത്വം കാണുന്നു!കരുണാകരന്റെ സ്പീഡിനിരയായി വഴിയരുകില്‍ എത്ര ജീവിതങ്ങളാണ് പിടഞ്ഞു പൊലിഞ്ഞത്.അത് അറിയാത്തവരോ ഈ മാദ്ധ്യമ മണ്ഡൂകങ്ങള്‍?മരണം വിതയ്ക്കുന്ന അദ്ദേഹത്തിന്റെ കാറോട്ടത്തെ കുറിച്ച് 'പുരാണങ്ങളില്‍ കാലന്‍ മഹിഷമേറിയാണു വരുന്നതെങ്കില്‍ കേരള
ത്തില്‍ കാലന്‍ കാറിലേറിയാണു വരുന്നത്'എന്നാണ്,അന്ന് പ്രൊ.സുകുമാര്‍ അഴീക്കോട് പ്രതികരിച്ചത്.ലക്കും ലഗാനുമില്ലാത്ത മരണപ്പാച്ചിലും കഴിവിന്റെ മാനദണ്ഡമാണു പോലും.

ആശ്രിത വത്സലനായിരുന്നത്രേ 'ലീഡര്‍'.ഏകാധിപതികള്‍ക്കും മാടമ്പികള്‍ക്കും മാത്രം ചേരുന്ന ഗുണമാണ് ആശ്രിതവാത്സല്യം;ജനാധിപത്യ കാലത്തിലെ നേതാക്കള്‍ക്ക് യോജിച്ചതല്ല.ആശ്രിതരോട് മാടമ്പിമാര്‍ വാത്സല്യം കാട്ടുന്നത് സ്വന്തം കുടുംബത്തു നിന്നുള്ള മുതലെടുത്തു കൊടുത്താണ്.അല്ലാതെ സര്‍ക്കാര്‍ ഖജനാവില്‍ നിന്നല്ല.ആശ്രിത വാത്സല്യത്തിന്റെ മറുപുറമാണ് തീരാത്ത പക.രാജന്‍ കേസില്‍ സുപ്രീം കോടതി വിധി പ്രകാരം ലഭിച്ച നഷ്ടപരിഹാരത്തുക കൊണ്ട് എറണാകുളം ജനറല്‍ ആശുപത്രയില്‍ രാജന്റെ പേരില്‍ ശ്രീ.ഈച്ചര വാര്യര്‍ പണികഴിപ്പിച്ച വാര്‍ഡ് ഇടിച്ചു നിരത്താന്‍ അന്നത്തെ കളക്റ്റര്‍ ഉത്തരവിട്ടതിന്റെ പിന്നിലെ അധികാര ശക്തി ഈ ആശ്രിത വത്സലനായിരുന്നു.രാജന്റെ സഹോദരി ഹൈക്കോടതിയില്‍ നിന്ന് അനുകൂല വിധി സമ്പാദിച്ചതിനാല്‍ അദ്ദേഹത്തിന്റെ ദുഷ്ടബുദ്ധി നടക്കാതെ പോയി.രാജന്‍ കേസ്സില്‍ ജയറാം പടിക്കല്‍ തെറ്റിദ്ധരിപ്പിച്ചതാണെന്ന് പറഞ്ഞ് ചില മാദ്ധ്യമ സേവകര്‍ കരുണാകരനെ വെള്ളപൂശിയതു മുഴുവന്‍ ഒലിച്ചു പോകാന്‍ ഈ പക മഴയുടെ സംഭവ ചരിത്രം മാത്രം മതി.

കാര്യക്ഷമമായ ഭരണം കാഴ്ചവച്ചു;എതിരാളികളോടു പോലും മാന്യമായി പെരുമാറി; തുടങ്ങിയ അതിസാ
ധാരണ സ്തുതികള്‍ ഒരുപാട് പ്രത്യക്ഷപ്പെടുകയുണ്ടായി.ഭരണത്തില്‍ അഴിമതി കലര്‍ത്തുന്നതില്‍ കാര്യക്ഷമത വരുത്തിയിട്ടുണ്ടാകും.ഭരണം കാര്യക്ഷമം അല്ലെന്ന് പറഞ്ഞ് കാലാവധി തികയും മുമ്പ് മുഖ്യമന്ത്രിക്കസേരയില്‍ നിന്ന് സ്വന്തം പാര്‍ട്ടിക്കാര്‍ ഇറക്കി വിട്ട ചരിത്രം അറിയാത്തവരുടെ അടുത്തേ ഈ പരിപ്പു വേകൂ.ഏ. കെ ആന്റണിയും ഉമ്മന്‍ ചാണ്ടിയും മുഖ്യമന്തിമാരായപ്പോള്‍ അച്ഛനും മോനും കൂടി സ്വൈരം കൊടുക്കാതിരുന്നതാണോ രാഷ്ട്രീയമാന്യത?മാടമ്പിത്തരത്തില്‍ കരുണാകരനേക്കാള്‍ ഒട്ടും മോശമല്ലാത്ത ശ്രീ. ആര്‍ ബാലകൃഷ്ണപിള്ളയെ "പഞ്ചാബ് മോഡല്‍ പ്രസംഗം ചെയ്തതിന്റെ പേരില്‍ മന്ത്രി സ്ഥാനത്തു നിന്നു നീക്കിയതിനെ പറ്റി പത്രക്കാര്‍ ചോദിച്ചപ്പോള്‍,"ഏതു പിള്ള?,എന്തു പിള്ള?എവിടുത്തെ പിള്ള?"എന്ന് പരിഹസിച്ചതോ സംസ്കാര സമ്പന്നത?

കരുണാകരന്റെ ഭരണ കാലത്ത് ഒരിക്കല്‍ നിയമസഭാ സ്പീക്കറായിരുന്നത് ശ്രീ. വി.എം സുധീരനാണ്.അന്ന് മുഖ്യമന്ത്രി ക്കസേരയില്‍ ഇരുന്നു കൊണ്ട് അദ്ദേഹം കാട്ടിയ അസഹിഷ്ണുതയും ധാര്‍ഷ്ട്യവും ആരും മറന്നിട്ടില്ല.തന്റെ ചൊല്‍ പടിക്കു നില്‍ക്കാത്തതിന്റെ പേരില്‍ സ്പീക്കര്‍ സ്ഥാനത്തു നിന്നു സുധീരനെ പുകച്ചു ചാടിക്കാന്‍ പഠിച്ച പണി പതിനെട്ടും പയറ്റി നോക്കിയതും ചരിത്രമാണ്.

ശ്രീ.കരുണാകരനെ ദൈവത്തെപ്പോലെ ആരാധിക്കുന്നവരും യഥാര്‍ത്ഥ ലീഡറായി അംഗീകരിക്കുന്നവരും കോണ്‍ഗ്രസ്സുകാര്‍ക്കിടയില്‍ എന്നതു പോലെ മാദ്ധ്യമ പ്രവര്‍ത്തകരിലും ഉണ്ടാകും.ദീര്‍ഘ കാലത്തെ ഭരണത്തിനിടയ്ക്ക് അദ്ദേഹത്തിന്റെ സൗജന്യം പറ്റിയവരും അവരില്‍ കണ്ടേക്കാം.അതിന്റെ പേരില്‍ നന്ദിയും വിധേയത്വവും പ്രകടിപ്പിക്കാന്‍ വേണ്ടി വായനക്കാരെയും ശിക്ഷിക്കരുത്."ചത്ത പശുവിന് മുക്കുടം പാല്‍''കിട്ടുമായിരുന്നു എന്ന് പറഞ്ഞുകൊള്ളൂ;പക്ഷേ മുപ്പതു കുടം പാല്‍ കിട്ടമായിരുന്നു എന്നു പറഞ്ഞു പരത്തരുത്.






Fans on the page