Total Pageviews

Saturday, January 19, 2008

'മാതാ' ശരണം!!

സര്‍ക്കാര്‍ ഗുമസ്തന്‍ വീട് വച്ചാല്‍,പുതിയ കാര്‍ വാങ്ങിയാല്‍,വരുമാനത്തിന്‍റെ ഉറവിടം അന്വേഷിച്ച് ഉടന്‍ഇംകം ടാക്സുകാര്‍ എത്തും.സുനാമി ദുരന്തമുണ്ടായപ്പോള്‍ നൂറു കോടി രൂപ ഒരു ആള്‍ദൈവം കൊടുക്കാമെന്നു പറഞ്ഞപ്പോള്‍ സര്‍ക്കാര്‍ അത് രണ്ടു കൈയും നീട്ടി സ്വീകരിച്ചു.എവിടെ നിന്നുണ്ടായി ഈ നൂറു കോടി എന്ന് ചോദിച്ചില്ല.ഉറവിടം അന്വേഷിച്ചു നടക്കുന്ന ഇംകംടാക്സുകാരും തിരക്കിയില്ല.സര്‍ക്കാരായാലും,അപ്പം തിന്നുമ്പോള്‍ കുഴി എണ്ണുന്നത് ഭംഗിയല്ലല്ലോ.വെറുതെ കിട്ടുമ്പോള്‍ വേണ്ടാത്തതൊക്കെ തിരക്കുന്നത് നന്ദികേടുമല്ലേ?ഈശ്വര വിശ്വാസികളും ആള്‍ദൈവഭക്തരും ഉള്‍പ്പെട്ട യു ഡി എഫ് സര്‍ക്കാരാണ് അന്ന് സംഭാവന സ്വീകരിച്ചതെങ്കില്‍ ഇപ്പോള്‍ അവരുടെ ഏത് സഹായവും സ്വീകരിക്കുകയും സേവനമാഹാത്മ്യത്തെക്കുറിച്ചു പാടുകയും ചെയ്യുന്നത് അവിശ്വാസികളാണെന്നു സ്വയം പ്രഖ്യാപിച്ചു നടക്കുന്ന ഇടതുപക്ഷ മന്ത്രിസഭയിലെ വിപ്ലവ കേസരികളാണ്.

പക്ഷേ ഇവിടുത്തേക്കാള്‍ കൂടുതല്‍ തുക ബുഷ് ഭരണകൂടത്തിനും നല്കിയിട്ടും അന്വേഷണം ഉണ്ടായില്ല. അവിടെ റീത്ത,കട്രീനാ കൊടുങ്കാറ്റു നാശം വിതച്ചപ്പോള്‍ സഹായിക്കേണ്ട കടമ 'ലോകമാതാവി'നില്ലേ എന്നാകാം.നൂറുകോടി, മഞ്ഞു മലയുടെ ഒരു അരികു മാത്രമാണ്.ഭരണകൂടങ്ങളെ വിലയ്ക്കെടുക്കാന്‍ പോന്ന ഈ അതിസമ്പത്ത് അമൃതാനന്ദമയിക്ക് എങ്ങനെ ഉണ്ടായി? വിദേശത്തും സ്വദേശത്തും ഉള്ള ഭക്തന്മാരുടെ കാണിക്കയാണെന്നാണ് ആരാധകരുടെ മൊഴി.അങ്ങനെയാണെങ്കില്‍ ഇവരേക്കാള്‍ കൂടുതല്‍ ശിഷ്യര്‍ ലോകത്തെമ്പാടും ഉണ്ടായിരുന്ന ഗുരു നിത്യചൈതന്യ യതി ആകണമല്ലോ വലിയ ധനവാന്‍.മിക്കവാറും എല്ലാ രാജ്യങ്ങളിലും നാരായണ ഗുരുകുലങ്ങള്‍ സ്ഥാപിച്ച അദ്ദേഹത്തിന്‍റെ പക്കല്‍ ആരെയും വിലയ്ക്കെടുക്കാനുള്ളപണമില്ലായിരുന്നു.ലോകത്തിന്‍റെയും ഭരണകൂടങ്ങളുടെയും ശ്രദ്ധയും ആദരവും ഗുരു നേടിയത് പണം വാരിയെറിഞ്ഞുമല്ല.

മനുഷ്യദൈവങ്ങള്‍ മാത്രമല്ല മറ്റു ചിലരും കാശു വാരിയെറിഞ്ഞ് സാമൂഹിക അംഗീകാരവും മാന്യതയുംപ്രശസ്തിയും കരസ്ഥമാക്കാന്‍ ശ്രമിക്കുന്നത്. കള്ളപ്പണക്കാരും കള്ളവാറ്റുകാരും കള്ളക്കടത്തുകാരും കരിഞ്ചന്തക്കാരും അവലംബിക്കുന്ന മാര്‍ഗ്ഗവും ഇതുതന്നെ.അവരില്‍ നിന്നും സാമ്പത്തിക സഹായവും സൗജന്യസേവനവും സര്‍ക്കാര്‍ സ്വീകരിക്കുമോ?

കാരുണ്യ പ്രവര്‍ത്തനങ്ങളുടെ പേരില്‍ 'അമ്മ'യെ പ്രകീര്‍ത്തിക്കുന്നവര്‍ അവരുടെ സങ്കേതത്തിനടുത്തുള്ള സുനാമിദുരന്ത ഭൂമിയില്‍ എന്നാണ് പോയതെന്ന് അറിയണം.നിരവധി മനുഷ്യര്‍ മരിച്ച അവിടെ അവര്‍ പോയത്ദിവസങ്ങള്‍ കഴിഞ്ഞാണ്.ആത്മാക്കള്‍ക്ക് മോക്ഷം കിട്ടാന്‍ ബലിതര്‍പ്പണം ചെയ്യാനായിരുന്നു സ്വദേശ,വിദേശ ചാനലുകളുടെയും പത്രക്കാരുടെയും ക്യാമറയ്ക്കു മുന്‍പില്‍ അവര്‍ ആദ്യമായി അവിടെ പ്രത്യക്ഷപ്പെട്ടത്.അത്യാഹിതമുണ്ടായപ്പോള്‍ തിരിഞ്ഞു നോക്കാതെ ആത്മാവിനു മോക്ഷം കിട്ടാന്‍ വേഷം കെട്ടുന്നതോ കാരുണ്യപ്രവര്‍ത്തനം?

കോടികളുടെ വാഗ്ദാനം വന്നപ്പോള്‍ പലരും ഈ കാപട്യം ചൂണ്ടിക്കാണിച്ചിരുന്നു.അന്ന് അവരെ ഭീഷണിപ്പെടുത്തുകയും തെറി വിളിക്കുകയുമാണ് അമ്മയുടെ ഭക്തരും മാര്‍ക്കറ്റിങ് മാനേജര്‍മാരും ചെയ്തത്.എന്നാല്‍ രണ്ടു വര്‍ഷത്തിനു ശേഷം 2008 ജനുവരി 13 ലെ കലാകൗമുദിയില്‍, ''സുനാമിത്തിരകളെ അമ്മ പ്രതിരോധി''ച്ചെന്നും ''തിരയില്‍ പെട്ടവരെ രക്ഷപ്പെടുത്തി''യെന്നും അവരുടെ മുഖ്യമാര്‍ക്കറ്റിങ് മാനേജര്‍ അവകാശപ്പെട്ടിരിക്കുന്നു.സമീപ കാലത്ത് നിരവധി പേര്‍ നേരിട്ടറിഞ്ഞ ഒരു വാര്‍ത്ത പോലും അമ്മയുടെ അത്ഭുത കഥയാക്കി പബ്ലിസിറ്റി മാനേജര്‍മാര്‍ മാറ്റുന്നതെങ്ങനെ എന്ന് ഇതില്‍ നിന്ന് മനസിലാക്കാം.

ഇവരുടെ മെഡിക്കല്‍ കോളേജിലും മറ്റു പ്രൊഫഷനല്‍ സ്ഥാപനങ്ങളിലെയും അഡ്മിഷന് റേറ്റ് എത്രയാണെന്ന് സേവനമാഹാത്മ്യം ഉരുക്കഴിക്കുന്ന മന്ത്രിമാര്‍ തിരക്കാറുണ്ടോ?മുപ്പത്തഞ്ചും നാല്പതും ലക്ഷമാണ് മെഡിക്കല്‍ സീറ്റിന്‍റെ നിരക്ക്.ഒന്നോ രണ്ടോ കുട്ടികള്‍ക്ക് സൗജന്യമായി പ്രവേശനം നല്‍കും.ബാക്കി ലേലം ചെയ്യും.സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍ക്ക് മൂക്കു കയര്‍ ഇടാന്‍ നടക്കുന്ന സര്‍ക്കാറിനും യുവജന സംഘങ്ങള്‍ക്കും ഇവരെ ഒന്നും ചെയ്യാന്‍ പറ്റില്ല.കാരണം അമ്മയുടേത് ഡീംഡ് യൂണിവേഴ്സിറ്റിയാണ്.

ഏത് ബ്ലേഡ് ആശുപത്രിയിലെയും പോലെ ഭീമമാണ് അവരുടെ ആശുപത്രിയിലെയും ചികിത്സാച്ചെലവ്.അടുത്ത ഭക്തര്‍ക്കും വിവിഐപി കള്‍ക്കും പബ്ലിസിറ്റി കിട്ടുന്ന മറ്റുള്ളവര്‍ക്കും സൗജന്യ ചികിത്സ കിട്ടിയേക്കും.ഈ സ്ഥാപനങ്ങളിലെ താഴേ തസ്തികകളിലെ ജീവനക്കാരുടെ വേതനവും തൊഴില്‍സാഹചര്യവുംഭേദപ്പെട്ടതല്ല എന്നും ആക്ഷേപമുണ്ട്.
നൂറു കോടിയുടെ മഹാദാനത്തിനു മുമ്പ് തീരദേശത്തുള്ള 500 സാധുക്കള്‍ക്ക് ഇവര്‍ വീടു നിര്‍മ്മിച്ചുനല്‍കിയിരുന്നു. ആദ്യത്തെ സുനാമിത്തിരയില്‍ തന്നെ അവയില്‍ മിക്കതും നിലംപൊത്തി. സംഭാവനകളെ സംഭവമാക്കി മാറ്റാന്‍ കെല്പുള്ള പ്രചാര മാനേജര്‍മാര്‍ക്ക് ഇത് വലിയ വാര്‍ത്തയാകാതെ സൂക്ഷിക്കാനും കഴിഞ്ഞു.എങ്കിലും വേട്ടയാടിയ ചമ്മല്‍ മറയ്ക്കാന്‍ കൂടിയായിരുന്നിരിക്കണം സുനാമി സംഭാവന.മാതാവിന്‍റെ അടുത്ത പൂര്‍വ്വാശ്രമ ബന്ധുക്കളാരോ ആയിരുന്നു അഞ്ഞൂറു മുന്‍ വീടുകളുടെ കരാര്‍ഏറ്റെടുത്തിരുന്നതെന്നും ശ്രുതിയുണ്ട്.

അരോചകമായ ഭജന ഗോഷ്ടികളും ആലിംഗനവും ചുംബനവും അല്ലാതെ വരും തലമുറക്ക് ഓര്‍ത്തുവയ്ക്കാന്‍ പോരുന്ന എന്താണ് അമ്മദൈവം പറഞ്ഞിട്ടുള്ളത്?ആദ്യമൊക്കെ എല്ലാരും സ്നേഹിക്കണം എന്നൊക്കെ മൊഴിഞ്ഞിരുന്ന ഇവര്‍ ഇപ്പോള്‍ അന്താരാഷ്ട്ര ഭീകരതയ്ക്കെതിരേയാണ് സംസാരം.അശരണരുടെയും അനാഥരുടെയും യഥാര്‍ത്ഥ അമ്മയായി മാറിയ മദര്‍ തെരേസക്ക് കിട്ടിയ അംഗീകാരം പോലെ വല്ലതും തടയണമെങ്കില്‍ സായിപ്പന്മാരെ സുഖിപ്പിക്കണമെന്നു കരുതിയിട്ടുണ്ടാകും.

പണക്കൊഴുപ്പിലും ആര്‍ഭാടത്തിലും ആഡംബരത്തിലും ഉള്ള ഈ ആസക്തി ഭാരതീയപാരമ്പര്യമല്ല. അതേക്കുറിച്ചു വല്ല ധാരണയുമുണ്ടായിരുന്നെങ്കില്‍ ഹൈടെക് സംവിധാനത്തോടെ ഫിഫ്റ്റിപൂര്‍ത്തി(അമ്പതാംപിറന്നാള്‍) ആഘോഷിക്കുമായിരുന്നില്ലല്ലോ!പഞ്ചനക്ഷത്ര ഹോട്ടലുകളെ വെല്ലുന്ന ഇവരുടെ ആവാസ സ്ഥാനങ്ങള്‍ സന്ന്യാസികള്‍ക്കു യോജിക്കുന്നതല്ല.അവയെ മഠമെന്നും ആശ്രമ മെന്നും വിളിച്ച് വാക്കുകളെ കളങ്കപ്പെടുത്തുകയാണ് മാദ്ധ്യമങ്ങള്‍.

മുരിങ്ങൂര്‍ ധ്യാനകേന്ദ്രത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ട ജഡ്ജിമാര്‍ ഇവരുടെ പഞ്ചനക്ഷത്ര സങ്കേതത്തെപ്പറ്റി അന്വേഷിക്കാന്‍ ഉത്തരവിടുകയില്ല.കാരണം ഇന്ത്യയില്‍ മനുഷ്യദൈവങ്ങള്‍ക്ക് ഇത്രയധികംപ്രചാരവും മാര്‍ക്കറ്റും ഉണ്ടാക്കിയതില്‍ വലിയ പങ്ക് ജഡ്ജിമാര്‍ക്കുണ്ട്.
അന്വേഷണം നടന്നപ്പോഴാണല്ലോ ധ്യാനകേന്ദ്രത്തില്‍ നടന്നത് എന്തൊക്കെയെന്ന് ജനത്തിന് മനസ്സിലായത്. അതുപോലെ ആള്‍ദൈവ സങ്കേതത്തെക്കുറിച്ചും അന്വേഷണം നടത്തുകയാണു വേണ്ടത്. അതിനു പകരം മാതൃകയാക്കണമെന്നും മറ്റും പറഞ്ഞ് വെള്ളപൂശാനുള്ള ശ്രമം, ഇപ്പോള്‍തന്നെ സമാന്തര സര്‍ക്കാരുകളെപ്പോലെ പ്രവര്‍ത്തിക്കുന്ന അവര്‍ക്ക് കൂടുതല്‍ ശക്തി പകരുകയേ ഉള്ളു.ദുര്‍ബ്ബല മനസ്കര്‍ക്ക് തെറ്റായ ചൂണ്ടുപലകയായി മാറുകയും ചെയ്യും.

Saturday, January 12, 2008

'നാലുകെട്ടും' സുവര്‍ണ്ണ ജൂബിലിയും

എം.റ്റി യുടെ നാലുകെട്ടിന്‍റെ സുവര്‍ണ്ണ ജൂബിലി ആഘോഷവും വിവാദമായി.ഒരു സാഹിത്യ കൃതിയുടെ ജൂബിലി കൊണ്ടാടല്‍ വിവാദമാകേണ്ട കാര്യമില്ല.മൂന്നോ നാലോ വര്‍ഷം മുമ്പ് ഡോ.സുകുമാര്‍ അഴീക്കോടിന്‍റെ 'ആശാന്‍റെ സീതാ കാവ്യ'ത്തിന്‍റെ കനക ജൂബിലി സംസ്ഥാനത്ത് പല സ്ഥലങ്ങളില്‍ ആഘോഷിക്കുകയുണ്ടായി.തിരുവനന്തപുരത്ത് വായനക്കാരുടെ കൂട്ടായ്മയായ 'വായന' യാണ് ആഘോഷം സംഘടിപ്പിച്ചത്.അതുപോലുള്ള സംഘങ്ങളാണ് മറ്റിടങ്ങളിലും പരിപാടി നടത്തിയത്.ഒരു വിവാദവും ഉണ്ടായില്ല.

പക്ഷേ നാലുകെട്ടിന്‍റെ സുവര്‍ണ്ണ ജൂബിലി ആഘോഷിക്കുന്നത് കേരള സാഹിത്യ അക്കാഡമിയാണ്.പൊതു മുതല്‍ കൊണ്ട് പ്രവര്‍ത്തിക്കുന്ന അക്കാദമി പോലുള്ള സ്ഥാപനം ദീക്ഷിക്കേണ്ട പ്രാഥമിക മര്യാദയോ ഔചിത്യമോ ഇവിടെ ഉണ്ടായില്ല.അതാണ് വിവാദങ്ങള്‍ക്കിടയാക്കിയത്.കുമാരനാശാന്‍റെ 'വീണപൂവ്' പ്രസിദ്ധീകൃതമായിട്ട് നൂറു വര്‍ഷം കഴിഞ്ഞു.വൈക്കം മുഹമ്മദ് ബഷീറിന്‍റെ കൃതികള്‍ പലതും അര്‍ദ്ധ ശതകങ്ങള്‍ പിന്നിട്ടു.ഉറൂബിന്‍റെ 'ഉമ്മാച്ചു', തിരുനല്ലൂരിന്‍റെ 'റാണി', അഴീക്കോടിന്‍റെ 'ആശാന്‍റെ സീതാകാവ്യം' തുടങ്ങി പ്രസിദ്ധീകരണത്തിന്‍റെ അരനൂറ്റാണ്ടു കഴിഞ്ഞ എത്രയോ പ്രസിദ്ധ ഗ്രന്ഥങ്ങള്‍ മലയാളത്തിലുണ്ട്.അവയെപ്പറ്റിയൊന്നും ഓര്‍ക്കാത്ത സാഹിത്യ അക്കാഡമി ഒരു സുപ്രഭാതത്തില്‍ നാലുകെട്ടിന്‍റെ മാത്രം കനകജൂബിലി കൊണ്ടാടാന്‍ ഒരു‍മ്പെടുമ്പോള്‍ ജനത്തിന് സംശയം തോന്നുക സ്വാഭാവികം.ഇവിടെ സൂചിപ്പിച്ച പുസ്തകങ്ങളെ അതിവര്‍ത്തിക്കുന്ന മേന്മയോ പ്രത്യേകതയോ ചരിത്ര പ്രസക്തിയോ നാലുകെട്ടിനില്ല.

വിവാദം കൊണ്ട് ഒരു നേട്ടമുണ്ടായി.ബഷീറിനെയും ഉറൂബിനെയും അക്കാദമിയിലെ മഹാരഥന്‍മാര്‍ ഓര്‍ത്തു.ബാക്കിയുള്ളവര്‍ എന്നിട്ടും പുറത്തു തന്നെ.വിവാദങ്ങള്‍ക്ക് മറുപടിയായി അക്കാദമി പ്രസിഡന്‍റ് പറഞ്ഞത്,എവിടെയെങ്കിലും തുടങ്ങണ്ടേ അതിനു നാലുകെട്ട് തെരഞ്ഞെടുത്തു എന്നാണ്.തുടങ്ങുവാന്‍ ഏറ്റവും യോജിച്ചത് വീണപൂവ് ആയിരുന്നില്ലേ?മലയാളിയുടെ കാവ്യഭാവുകത്വത്തിന് പുതിയ മാനങ്ങള്‍ സൃഷ്ടിച്ച ആശാന്‍റെ കൃതി നൂറു കൊല്ലം കടന്നത് അറിയാതെപോയ സാഹിത്യ അക്കാഡമിയുടെ നാലുകെട്ട് പ്രേമം ദുരുദ്ദേശ്യപരമാണെന്നആരോപണം സംഗതമാകുന്നത് അതുകൊണ്ടാണ്.സാഹിത്യ അക്കാദമിയുടെ 'സാഹിത്യ'പ്പട്ടികയില്‍ കഥയും നോവലും മാത്രമേ ഉള്ളു എന്നാണെങ്കില്‍ ബഷീറിനെഎങ്ങനെയാണു മറന്നത്?ഏത് അളവുകോല്‍ വച്ചളന്നാലും അദ്ദേഹം തന്നെയായിരിക്കും മുമ്പില്‍.

കേന്ദ്ര സാഹിത്യ അക്കദമിയുടെ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന എം.റ്റിയെ സഹായിക്കാന്‍ കൂടിയാണ്ഈ ആഘോഷമെന്ന്, ഒടുവില്‍ കേരള പ്രസിഡന്‍റിന് സമ്മതിക്കേണ്ടി വന്നു.മുമ്പ് ആലുവാ മണപ്പുറത്ത് നടത്തിയ ഒരു സാഹിത്യ മാമാങ്കത്തിനു പിന്നാലേ ജ്ഞാനപീഠം പോന്നതു പോലെ സുവര്‍ണ്ണ ജൂബിലി ആഘോഷത്തിനു പിറകേ കേന്ദ്ര അക്കാദമി പ്രസിഡന്‍റ് സ്ഥാനവും പോരുന്നെങ്കില്‍ നമുക്കു സന്തോഷിക്കാം.


പക്ഷേ അതിനപ്പുറമുള്ള ചില രഹസ്യ അജണ്ടകള്‍ ഈ ആഘോഷത്തിനു പിന്നില്‍ ഇല്ലേ എന്നു സംശയിക്കണം.ഇ എം എസ്സി ന്‍റെയും പി.ഗോവിന്ദപ്പിള്ളയുടെയും പിണറായി വിജയന്‍റെയും കൃതികള്‍ അരനൂറ്റാണ്ടായി അറിഞ്ഞോ അറിയാതെയോ കിടപ്പുണ്ടെങ്കില്‍ പൊടിതട്ടി പൊന്നാടയില്‍ പൊതിഞ്ഞ് പ്രദര്‍ശിപ്പിക്കുകയാകണം അതില്‍ ഒന്നാമത്തേത്.സര്‍വ്വകലാവല്ലഭനായ സാംസ്ക്കാരിക മന്ത്രിയുടെ അമ്പതാണ്ടു കഴിഞ്ഞ വല്ല ലഘുലേഖയും ഉണ്ടോ എന്നുകൂടി അറിഞ്ഞാലേ രഹസ്യ അജണ്ടയിലെ ബാക്കി എണ്ണം തിട്ടപ്പെടുത്താന്‍ കഴിയൂ.

Thursday, January 10, 2008

നേതാവിന്‍റെ സംശയം

രാജീവ് ഗാന്ധി കൊല്ലപ്പെട്ടിട്ട് അധിക നാളായില്ല.മരണത്തെ കുറിച്ച് ഒരുപാട് അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നകാലം.മാറ്റിവച്ച തെരഞ്ഞെടുപ്പു പ്രചരണം വീണ്ടും തുടങ്ങിയിരിക്കുകയാണ്.തിരുവനന്തപുരം നോര്‍ത്നിയോജക മണ്ഡലത്തില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പു യോഗം.ഒരു പ്രമുഖ നേതാവ് പ്രസം ഗിക്കുന്നു.

കൊലപാതകം ആസൂത്രിതമായിരുന്നോ എന്ന് അദ്ദേഹത്തിനു സംശയം.തമിഴ്നാട് കോണ്‍ഗ്രസ് കമ്മിറ്റിക്ക്അതില്‍ പങ്കുണ്ട് എന്നു പോലും അദ്ദേഹം ആരോപിച്ചു.തന്‍റെ ആരോപണത്തെ ന്യായീകരിച്ചു കൊണ്ട് ചോദിച്ചു:'രാജീവ് ഗാന്ധി പങ്കെടുത്ത യോഗത്തിന്‍റെ സംഘാടകനായിരുന്ന ശ്രീമാന്‍ മരതകം ചന്ദ്രശേഖരന്‍ നായര്‍ സ്ഫോടനം നടക്കുന്ന സമയത്ത് എവിടെ ആയിരുന്നു? അദ്ദേഹത്തിന്‍റെ ദേഹത്ത് ഒരു പോറലെങ്കിലും ഏറ്റോ?'

തമിഴ്നാട്ടിലെ കോണ്‍ഗ്രസ് നേതാവ് ശ്രീമതി മരഗതം ചന്ദ്രശേഖറെ ഉദ്ദേശിച്ചാണ് "മരതകം ചന്ദ്രശേഖരന്‍ നായര്‍" എന്ന് സഖാവ് തട്ടിവിട്ടത്.

Monday, January 7, 2008

ഒരു അമ്പലം നശിച്ചാല്‍ ..............

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തേക്കാള്‍ മാധ്യമങ്ങള്‍ക്കും പ്രതിപക്ഷ കക്ഷികള്‍ക്കും ഇപ്പോള്‍പ്രധാനം അരവണ ക്ഷാമമാണ്.അരവണ കിട്ടാനില്ലെന്ന് ഭക്തര്‍ പരാതി പറയുന്നത് മനസ്സിലാക്കാം.പക്ഷേ രാഷ്ട്രീയപ്പാര്‍ട്ടികളും സമുദായ സംഘടനകളും ചേര്‍ന്ന് അരവണ ക്ഷാമത്തെക്കുറിച്ച് പാടുമ്പോള്‍ ഭക്തിക്കപ്പുറംവിരോധവും കൊതിക്കെറുവും ആണ് കേള്‍ക്കാന്‍ കഴിയുക.അമ്പലങ്ങളുടെയും ദൈവങ്ങളുടെയും രക്ഷകരായവര്‍ഗ്ഗീയ പാര്‍ട്ടികള്‍ക്കൊപ്പം കോണ്‍ഗ്രസ്സുകാരും അരവണ സമരത്തിനിറങ്ങാന്‍ പോകയാണത്രെ!

ഇടതുപക്ഷ സര്‍ക്കാര്‍ ദേവന്മാര്‍ക്കും ക്ഷേത്രങ്ങള്‍ക്കും എതിരാണെന്ന് പ്രചരിപ്പിക്കുവാന്‍, എല്ലാ മാര്‍ഗ്ഗങ്ങളുംകോണ്‍ഗ്രസ്സും ഉപയോഗിച്ചു കൊണ്ടിരിക്കുന്നു.കമ്യൂണിസ്റ്റുകാര്‍ നിരീശ്വരവാദികളും അമ്പലവിരോധികളും ആണെന്ന ആരോപണം മറ്റു വിശ്വാസ സംഘങ്ങളോടു ചേര്‍ന്ന് ഇവരും ആവര്‍ത്തിക്കുകയാണ്.മാദ്ധ്യമങ്ങളാകട്ടെഇവയ്ക്ക് വന്‍ പ്രചാരവും നല്‍കുന്നു.ഇതു കേട്ടാല്‍ തോന്നും കമ്യൂണിസ്റ്റുകാര്‍ മാത്രമേ അവിശ്വാസികളായിഉള്ളൂ എന്ന്.

മുന്‍പ് ശബരിമല ക്ഷേത്രത്തിന് തീ പിടിച്ചപ്പോള്‍ "ഒരമ്പലം നശിച്ചാല്‍ അത്രയും അന്ധവിശ്വാസം കുറയും"എന്ന് അഭിപ്രായപ്പെട്ടത് സി.കേശവന്‍ എന്ന കോണ്‍ഗ്രസ്സ് മുഖ്യമന്ത്രി ആയിരുന്നു.

'ജാതി വേണ്ടാ, മതം വേണ്ടാ,ദൈവം വേണ്ടാ മനുഷ്യന്' എന്നു പാടിയ സഹോദരന്‍ അയ്യപ്പനും കമ്യൂണിസ്റ്റുകാരനല്ല.


ബാബറി മസ്ജിദ് സമുച്ചയത്തില്‍ ശ്രീരാമന്‍റെയും സീതയുടെയും വിഗ്രഹങ്ങള്‍ ആദ്യം പ്രത്യക്ഷപ്പെട്ടപ്പോള്‍,അവ എടുത്ത് സരയൂ നദിയില്‍ എറിയാന്‍ ഉപദേശിച്ചത് അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രു ആണ്.

Friday, January 4, 2008

"കുഞ്ഞാലിക്കുട്ടി മരക്കാര്‍"

വര്‍ഷങ്ങള്‍ മുമ്പ് നടന്ന മൂലൂര്‍ അവാര്‍ഡ് ദാനച്ചടങ്ങ്. ഇലവുംതിട്ടയിലെ മൂലൂര്‍ സ്മാരകത്തിലാണ് യോഗം.അന്നത്തെ യു ഡി എഫ് സര്‍ക്കാരിന്‍റെ സാംസ്കാരിക മന്ത്രിയും മുമ്പത്തെ എല്‍ ഡി എഫ് സാംസ്കാരിക മന്ത്രിയും പങ്കെടുക്കുന്നു.

മണ്മറഞ്ഞ പല മഹാന്മാരുടെയും വീടും മറ്റ് വസ്തുക്കളും ഏറ്റെടുത്ത് സംരക്ഷിക്കാന്‍ സര്‍ക്കര്‍ തയ്യാറാണെങ്കിലും അവ വിട്ടുകൊടുക്കാന്‍ അവരുടെ ബന്ധുക്കള്‍ മടിക്കയാണെന്ന് അവാര്‍ഡ് സമ്മാനിച്ചു കൊണ്ട് മന്ത്രി പറഞ്ഞു.ചിലരുടെ അവകാശികള്‍ എല്ലാം നല്‍കാന്‍ ഒരുക്കമാണ്.പക്ഷേ അത് നന്നാക്കി മോടിപിടിപ്പിക്കുമെങ്കിലേ നല്‍കൂ.'പഴയ കാല പടനായകനായിരുന്ന കുഞ്ഞാലിക്കുട്ടിമരക്കാരുടെ വീട് ഏറ്റെടുക്കാന്‍കഴിയാതെ പോയത് അത്തരം ഒരു ഡിമാന്‍റ് അദ്ദേഹത്തിന്‍റെ ബന്ധുക്കള്‍ വച്ചതു കൊണ്ടാണ്.' അദ്ദേഹം പറഞ്ഞു.തന്‍റെ പ്രസംഗത്തിലുടനീളം 'കുഞ്ഞാലിക്കുട്ടിമരക്കാര്‍' എന്ന് മന്ത്രി ആവര്‍ത്തിക്കുന്നത് കേട്ട് ജനം അമ്പരന്നു.ഇത് ഏതു പടനായകന്‍? എന്ന് അന്യോന്യം ചോദിച്ചു.കുഞ്ഞാലി മരക്കാര്‍ എന്നേ അവര്‍ കേട്ടിട്ടുള്ളു।

സദസ്യരുടെ സംശയത്തിന് അറുതി വരുത്തിയത് തുടര്‍ന്നു സംസാരിച്ച മുന്‍ മന്ത്രിയാണ്.'കേരള ചരിത്രത്തിലുള്ള ധീരനായ പടയാളി കുഞ്ഞാലി മരക്കാരാണ്.മന്ത്രിയുടെ സഹപ്രവര്‍ത്തകനായി കുഞ്ഞാലിക്കുട്ടി എന്നൊരു മന്ത്രിയുള്ളതായറിയാം.' മുന്‍ മന്ത്രി ചെറു ചിരിയോടെ പറഞ്ഞു.അദ്ദേഹത്തിന്‍റെ പുഞ്ചിരി സദസ്സിന്‍റെപൊട്ടിച്ചിരിയായി മാറാന്‍ പിന്നെ അധിക സമയം വേണ്ടി വന്നില്ല.

Monday, December 31, 2007

നരേന്ദ്രനോ നരാധമനോ ?

'അബലന്നു ബലം രാജാ' എന്നതായിരുന്നു ഭാരതത്തിന്‍റെ പഴയ ഭരണപ്രമാണം.ബലമില്ലാത്തവന്നു തുണ രാജാവ് എന്നര്‍‍ത്ഥം.ജനാധിപത്യ കാലത്തും പ്രമാണം അത് തന്നെ.രാജാവിന്‍റെ സ്ഥാനത്ത് തെരഞ്ഞെടുക്കപ്പെടുന്നവര്‍ ആണെന്നു മാത്രം.അങ്ങനെയുള്ള ഭരണക്കാര്‍ രക്ഷിക്കേണ്ടതിനു പകരം വേട്ടയാടിയാലോ?അതാണു 2002ല്‍(രണ്ടായിരത്തി രണ്ടില്‍)ഗുജറാത്തില്‍ നരേന്ദ്ര മോഡി ചെയ്തത്.വംശഹത്യ നടത്താന്‍ ഒത്താശ ചെയ്തു കൊടുത്ത ഭരണകൂട നൃശംസതയുടെ ആ ആസൂത്രകന്‍ വീണ്ടും തെരഞ്ഞെടുക്കപ്പെടുമ്പോള്‍ ശാന്തിയും സമാധാനവും കൊതിക്കുന്നവര്‍ക്ക് ആശങ്കയാണ് ഉണ്ടാവുക.
ക്രിമിനലുകള്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് തെരഞ്ഞെടുപ്പു കമ്മീഷന്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടു ണ്ട്.സൊറാബുദ്ദീന്‍ ഷേക്ക് എന്ന ഒരു നിരപരാധിയെയും ഭാര്യയെയും ഭീകരരെന്നു മുദ്രകുത്തി വധിച്ചെന്ന്പൊതുവേദിയില്‍ വീമ്പടിച്ച നരേന്ദ്ര മോഡി എന്ന ക്രിമിനലിനെതിരെ കമ്മിഷന്‍ പക്ഷേ ഒന്നും ചെയ്തില്ല. മോഡി പെരുമാറ്റച്ചട്ടം ലംഘിച്ചു എന്നു കണ്ടെത്തിയിട്ടും അയാളുടെ തെരെഞ്ഞെടുപ്പു റദ്ദു ചെയ്യാന്‍ കമ്മിഷന്‍ തയ്യാറായില്ല.പകരം സോണിയാ ഗാന്ധിയും ചട്ടം ലംഘിച്ചു എന്നു കൂടി പറഞ്ഞ് കൈ കഴുകി.മുഖ്യമന്ത്രിക്കസേര പോയാല്‍ വെറും കശാപ്പുകാരന്‍റെ തൊപ്പി മാത്രം ചേരുന്ന ഒരു കുറ്റവാളിക്കെതിരെ നടപടിയെടുക്കാന്‍ഒരു ഭരണഘടനാ സ്ഥാപനം പോലും ഭയപ്പെടുന്നു എന്നത് അപകടകരമായ അവസ്ഥയാണ്.
നീതിന്യായ വ്യവസ്ഥയുടെ സ്ഥിതി ഇതിലും പരിതാപകരമാണ്.താനാണ് ഒരുത്തനെ കൊന്നതെന്ന് സാധാരണക്കാരന്‍ പറഞ്ഞാല്‍ അവനെ അപ്പൊഴേ തപ്പി അകത്താക്കും.കോടതിയിലും മൊഴി ആവര്‍ത്തിച്ചാല്‍ കൊലക്കയറോ ജീവപര്യന്തമോ ഉറപ്പ്.മൈക്കിനു മുമ്പില്‍ നിന്ന് കൊലപാതകകൃത്യം വര്‍ണ്ണിച്ചിട്ടും ഒരായിരം കൊലയ്ക്ക് ഒത്താശ ചെയ്തു കൊടുത്തെന്നു തെളിഞ്ഞിട്ടും മോഡിക്ക് കൈവിലങ്ങും കഴുകുമരവും ഇല്ല. ഗോധ്രയിലെ തീവണ്ടി ദുരന്തത്തെ തുടര്‍ന്നുണ്ടായ അക്രമങ്ങള്‍, ഒരു സമുദായത്തില്‍ പെട്ടവരെ ഉന്മൂലനംചെയ്യാന്‍ മോഡീഭരണകൂടവും കൂട്ടാളികളും ചേര്‍ന്ന് ആസൂത്രണം ചെയ്തതായിരുന്നെന്ന് അന്നേ എല്ലാവര്‍ക്കും അറിയാമായിരുന്നു.ജ.നാനാവതി കമ്മിഷന്‍ റിപ്പോര്‍ട്ടും തെഹല്‍കാ പുറത്തു വിട്ട വീഡിയോ ദൃശ്യങ്ങളും അത് സ്ഥിരീകരിക്കുകയും ചെയ്തു.
ഒരു വിഭാഗം ജനങ്ങളെ കൊന്നും ഭയപ്പെടുത്തിയും വോട്ടേഴ്സ് ലിസ്റ്റില്‍ നിന്നു വെട്ടിമാറ്റിയും നേടിയ ഭൂരിപക്ഷത്തില്‍ കൈവന്ന ഭരണം അടുത്ത സ്ഥാനാരോഹണത്തിനു ചവിട്ടു പടിയാക്കുകയാണ് മോഡി ചെയ്തത്.അതു മനസ്സിലാക്കാന്‍ രാഷ്ട്രീയ ത്രികാലജ്ഞാനം വേണ്ടാ.സാമാന്യ ബുദ്ധി മതി.എന്നിട്ടും ഇയാളുടെ വിജയത്തെ മോഡി മാജിക്കെന്നും വികസനത്തിന്‍റെ വിധിയെഴുത്തെന്നും മറ്റും വിശേഷിപ്പിച്ച് മഹത്വവല്‍ക്കരിക്കുകയാണ് പലരും.സ്വാമി വിവേകാനന്ദന്‍റെ ആദ്യ പേര്‍ നരേന്ദ്രനെന്നായിരുന്നു. ലോക ജേതാവായ ആ നരേന്ദ്രനെയാണ് ഗുജറാത്തിലെ പുതിയ നരേന്ദ്രന്‍റെ വിജയം കണ്ടപ്പോള്‍ ചില മാദ്ധ്യമ വായാടികള്‍ക്ക് ഓര്‍മ്മ വന്നത്.
'ലോകാ സമസ്താ സുഖിനോ ഭവന്തു:' എന്ന ഭാരതീയ ദര്‍ശനത്തിന്‍റെ മഹത്വം ഉദ്ഘോഷിച്ച് വിശ്വമനസ്സ് കീഴടക്കിയ സ്വാമികള്‍ എവിടെ,അധികാരമുഷ്കും ആയുധശേഷിയും ആള്‍ബലവുംകൊണ്ട് മനുഷ്യക്കുരുതി നടത്തി ഭരണമുറപ്പിക്കുന്ന ഈ നരാധമന്‍ എവിടെ?സര്‍വ്വമത സാഹോദര്യത്തിന്‍റെ മഹിമയോതി ഇന്ത്യയ്ക്ക് കീര്‍ത്തിയുണ്ടാക്കിയ വിവേകാനന്ദനും വര്‍ഗ്ഗീയ വിഷം ചീറ്റി വംശഹത്യ നടത്തി ഇന്ത്യക്ക് നാണക്കേടുണ്ടാക്കിയ അന്യമതദ്വേഷിയായ അവിവേകിയും തമ്മില്‍ എന്തു സമാനത?

Wednesday, December 26, 2007

പരിപൂര്‍ണ്ണന്‍ പറഞ്ഞിട്ടും

ദേവസ്വം ബോര്‍ഡിലെ ക്രമക്കേടുകളെക്കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് പരിപൂര്‍ണ്ണന്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്‍റെപല ഭാഗങ്ങളും ഇതിനകം പുറത്തുവന്നുകഴിഞ്ഞു.ബോര്‍ഡംഗങ്ങള്‍ മുതല്‍ തന്ത്രിമാര്‍ വരെയുള്ളവര്‍ കുറ്റക്കാരാണെന്നാണ് കമ്മിഷന്‍റെ കണ്ടെത്തല്‍। നൂറു ശതമാനം ദൈവ ഭക്തന്മാരും വിശ്വാസികളും ആയ കക്ഷിക്കാര്‍ ദേവസ്വവും സംസ്ഥാനവും ഭരിച്ചിരുന്ന കാലത്തെ പ്രവര്‍ത്തനങ്ങളെപ്പറ്റി ആയിരുന്നു അന്വേഷണമെങ്കിലും ഇപ്പോഴത്തെ ഭരണക്കാര്‍ക്കും കണ്ടെത്തലുകള്‍ ബാധകമാണെന്ന് സമീപകാല സംഭവങ്ങള്‍ തെളിയിക്കുന്നു।അഴിമതിയും പിടിപ്പുകേടും കൊണ്ട് ദേവസ്വം ഭരണം അലങ്കോലമാക്കിയ ബോര്‍ഡംഗങ്ങളെയും ഉദ്യോഗസ്ഥരെയും ശിക്ഷിക്കണമെന്ന ആവശ്യം നാനാഭാഗത്തു നിന്നുംഇതിനകം ഉയരുകയും ചെയ്തു।പക്ഷേ,കുറ്റകൃത്യങ്ങളില്‍ ഒന്നാം സ്ഥാനത്തുള്ള തന്ത്രിമാര്‍ക്കെതിരെ ഒരക്ഷരം ആരും ഉരിയാടിയില്ല.പല തന്ത്രിമാര്‍ക്കും മന്ത്രമോ പൂജാവിധികളോ അറിയില്ലെന്നു കുറെ മാസം മുമ്പു പറഞ്ഞ ദേവസ്വം മന്ത്രിക്കെതിരെ ചന്ദ്രഹാസമിളക്കിയവര്‍ക്ക് ഇപ്പോള്‍ മിണ്ടാട്ടമില്ലാതായിട്ടുണ്ട്.മന്ത്രി പറഞ്ഞത് ദൈവനിഷേധം ആയി വ്യാഖ്യാനിച്ചവര്‍ അതേ കാര്യം അതിനേക്കാള്‍ ശക്തമായി ജ.പരിപൂര്‍ണ്ണന്‍ പറഞ്ഞപ്പോള്‍ നിശ്ശബ്ദരായിപ്പോയത് എന്തുകൊണ്ടാണ്?ജഡ്ജിയും ദൈവനിഷേധിയാണെന്ന് ഇവര്‍ അഭിപ്രായപ്പെടുമോ?യേശുദാസിനെ ഗുരുവായൂരും സ്ത്രീകളെ ശബരിമലയിലും ദര്‍ശനം നടത്താന്‍ അനുവദിക്കണമെന്ന ആവശ്യം ഉയര്‍ന്നപ്പോള്‍ അതൊക്കെ ആചാരലംഘനമാണെന്നും ദേവകോപമുണ്ടാകുമെന്നും അലമുറയിട്ടവരുടെ കൂട്ടത്തില്‍ ക്ഷേത്രസംരക്ഷണ സമതിക്കാരും വര്‍ഗ്ഗീയകക്ഷികളും മാത്രമല്ല ചില സമുദായ സംഘടനകളുടെ നേതാക്കളും ഉണ്ടായിരുന്നു.ശബരിമല ക്ഷേത്രത്തിലെ ഒരു തന്ത്രിക്ക് മന്ത്രമോ തന്ത്രവിധികളോ പൂജാകര്‍മ്മങ്ങളോ അറിയില്ലെന്ന് കമ്മിഷന്‍റെ തെളിവെടുപ്പു വേളയില്‍തന്നെ വെളിപ്പെട്ടതാണ്.ഗായത്രി മന്ത്രംചൊല്ലാന്‍ കൂടി വശമില്ലാത്ത ഇദ്ദേഹത്തിനെതിരെ റിപ്പോര്‍ട്ടിലും പരാമര്‍‍ശമുണ്ട്.എന്നിട്ടും ഒരു ഭക്തന്‍പോലും ഇത്തരക്കാര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടില്ല! ഭക്തി നടിച്ച് യഥാര്‍ത്ഥ ഭക്തരെ കബളിപ്പിക്കുന്ന പൂജാരിയല്ലേ ഭക്തനും വിശ്വാസിയും അല്ലാത്ത മന്ത്രിയേക്കാള്‍ ദൈവനിന്ദകന്‍?ഭക്തിയോ വിശ്വാസമോ തരിമ്പും ഉണ്ടായിരുന്നെങ്കില്‍,കോടിക്കണക്കിന് ഭക്തര്‍ കണ്ട് തൊഴുന്ന അയ്യപ്പവിഗ്രഹത്തിനു മുമ്പില്‍ കൈകുത്തിക്കാണിക്കാന്‍(പൂജയറിയാത്തവന്‍ ചെയ്യുന്ന കൈക്രിയയെ അങ്ങനെയേ കാണാന്‍ പറ്റൂ)ധൈര്യപ്പെടുമായിരുന്നോ?പൗരോഹിത്യം തേര്‍ വാഴ്ച നടത്തിയ ചാതുര്‍വര്‍ണ്ണ്യ നാളുകളില്‍ പോലും വ്യാജതന്ത്രികള്‍ക്കെതിരെ ഭക്തര്‍ ശബ്ദമുയര്‍ത്തിയിട്ടുണ്ട്.പക്ഷേ പുതിയ വിശ്വാസികള്‍ക്കും ക്ഷേത്രസം രക്ഷകര്‍ക്കും നേതാക്കന്മാര്‍ക്കും കപട പൂജാരികള്‍ക്കെതിരെ നാവുയര്‍ത്താന്‍ ഭയം.അല്ലെങ്കില്‍തന്നെ ശബരിമലയെന്നു കേട്ടാല്‍ അരവണ മാത്രം ഓര്‍മ്മ വരുന്നവര്‍ക്ക് പൂജാദികളിലെന്തു താല്പര്യം!ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സ്ത്രീകള്‍ ചുരിദാര്‍ ധരിച്ച് പ്രവേശിക്കുന്നത് ഭഗവാന് ഇഷ്ടമല്ലെന്ന് കവടി നിരത്തി കണ്ടെത്തിയ ജ്യോല്‍സ്യന്മാര്‍,ശബരിമലയില്‍ പല തവണ ദേവപ്രശ്നം വച്ചിട്ടും ഒരു വ്യാജതന്ത്രി ശ്രീകോവില്‍ അശുദ്ധമാക്കിക്കൊണ്ടിരുന്ന കാര്യം കണ്ടെത്തിയില്ല എന്നതാണ് രസകരം.ഇതെല്ലാം കാണുമ്പോള്‍ ആചാര്യന്‍ പറഞ്ഞ താണ് ഓര്‍മ്മ വരിക:'ഉദരനിമിത്തം ബഹുകൃത വേഷം.'