ചായക്കടയുടെ പേരു പറഞ്ഞും
ചൌക്കീദാറിന്‍ മേനി പറഞ്ഞും
രാമന്റമ്പല ഖ്യാതി പറഞ്ഞും
രാജ്യത്തിന്നുടെ ഭരണം നേടിയ
സംഘിത്തലവന്‍,ലോകം മുഴുവന്‍
മൃത്യു വിതയ്ക്കും വൈറസ്സിന്നുടെ
തേരോട്ടം കണ്ടാകെ ഭയന്നു.
പ്രതിവിധിയില്ലാ മാരക രോഗ
പ്രതിരോധത്തിനു വട്ടം കൂട്ടി.
അന്ധത മൂടിയ വിശ്വാസത്താല്
ബന്ധിതനാകിയ മന്നന്‍ സംഘി
മാടന്‍ ,മറുതാ,യക്ഷി തുടങ്ങി
മോഡേണ് ദൈവം വരെയുള്ളവരുടെ
പ്രീതിക്കായി പല പല നേര്ച്ചകള്
പ്രാര്‍ത്ഥന കൂടോത്രാദികള്
മന്ത്രം തന്ത്രം ഹനുമാന്‍ സേവ
അന്തം വിട്ടു നടത്തീ നിരവധി.
പാത്രം കൊട്ടി; ടോര്ച്ചു തെളിച്ചു
പുഷ്പം വിതറി ,തേങ്ങയുടച്ചു
ചാണക ഗോമൂത്രാദി കഴിച്ചും
കോണകധാരികള് സന്യാസികളുടെ
കാലുകള് കഴുകിയ വെള്ളം മോന്തീം
കോവിഡു മാറ്റാന് പലതും ചെയ്തു.
രോഗം മാത്രം മാറിയതില്ല,തു
വേഗം ജീവനെടുത്തു കുതിച്ചു.
വാക്സിന് കണ്ടു പിടിച്ചതു വന്വില-
വാങ്ങികൊള്ളയടിക്കാന് വന്‍കിട
കമ്പനികള്ക്കനുവാദം നല്കുക
കൊണ്ടു വലഞ്ഞു ജനങ്ങള് ;ശവങ്ങള്
കൊണ്ടു നിറഞ്ഞൂ നദിയും നാടും.
രാജ്യം കത്തിയെരിഞ്ഞപ്പോഴും
രോഗം താണ്ഡവമാടുമ്പോഴും
കോടി മുടക്കി കൊട്ടാരങ്ങള്
കെട്ടാനാണ് തിടുക്കം രാജനു.
കഴിവില്ലാത്തവനെന്നു ജനങ്ങള്
കണ്ഠം പൊട്ടി വിളിച്ചു തുടങ്ങി.
സ്വന്തക്കരുമിറങ്ങിപ്പോകാന്‍
അന്തം വിട്ടു പറഞ്ഞുതുടങ്ങി.
ഗതികെട്ടോരു പ്രജാപതി,തന്നുടെ
പതിനെട്ടാമത്തടവു പയറ്റി.
മോങ്ങല്,തേങ്ങല്,മൂക്കു പിഴിച്ചില്
വിങ്ങിപ്പൊട്ടല് നെഞ്ചത്തടിയും.
ക്യാമറ മുമ്പിലരങ്ങേറുമ്പോള്
കണ്ടുമടുത്തവര് മെല്ലെ ചൊല്ലീ :
മുതലക്കണ്ണീരാണിതു മുമ്പും
മതിയാവോളം കണ്ടിട്ടുണ്ടിവര് ;
വേണ്ടിനി നാട്യം വീണ്ടും വീണ്ടും
വേഗമിറങ്ങിപ്പോവുക ഭീരു
നുണകള് പറഞ്ഞും വ്യാജം കാട്ടീം
നാടുഭരിക്കാന് കഴിയില്ലോര്ക്കുക.
No comments:
Post a Comment