Total Pageviews

Monday, August 4, 2014

അഴിമതിയുടെ പ്ലസ് ടു


ഉമ്മൻ ചാണ്ടി സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം എന്തെങ്കിലും വിവാദം ഉണ്ടാക്കാതെ ഒരു കാര്യവും ചെയ്തിട്ടില്ല.സുതാര്യമെന്നു കൊട്ടിഘോഷിച്ചു തുടങ്ങിയ പദ്ധതികളെല്ലാം അതാര്യവും അതീവരഹസ്യവുമായി പരിണമിച്ചു.സോളാർ തട്ടിപ്പിന്റെ പേരിൽ എല്ലായിടത്തുനിന്നും വിമർശനമുണ്ടായിട്ടും കോടതിവരെ ശകാരിച്ചിട്ടും ഉടുമ്പിനെപ്പോലെ മുഖ്യമന്ത്രിക്കസേരയിൽ അള്ളിപ്പിടിച്ചിരിക്കാനാണു് മുഖ്യമന്ത്രി ശ്രമിച്ചത്.ഏറ്റവും വിശ്വസ്തനായ സേവകനെ ബലികൊടുത്തു കസേര സംരക്ഷിച്ചപ്പോൾ അദ്ദേഹം പറഞ്ഞ കുപ്രസിദ്ധമായ വാചകമുണ്ടു് “എന്തു നാണക്കേടു സഹിച്ചും ഞാൻ ഇവിടെത്തന്നെ ഉറച്ചിരിക്കും” ഗണ്മോൻ ഉൾപ്പെടെയുള്ളവരെ കാക്കുവാൻ വേണ്ടി മുസ്ലീം ലീഗ് തുടങ്ങിയ ഘടകകക്ഷികളുടെ മുമ്പിലും പെരുന്നയിലെ "പോപ്പി"ന്റെ മുമ്പിലും ചേർത്തലയിലെ വിടുവായന്റെ മുമ്പിലും ബിഷ്പ്പുമാരുടെയും ,കപ്യാർമാരുടെയും  മുമ്പിലും മുഖ്യ മന്ത്രി  കുമ്പിട്ടു നില്ക്കുന്ന കാഴ്ച വളരെ ദയനീയമാണു് .ഏറ്റവും ഒടുവിൽ പ്ലസ് ടുവിനു പുതിയ സ്കൂളുകളും ബാച്ചുകളും അനുവദിച്ചതിൽ നടത്തിയ ക്രമക്കേടുകൾ ഒന്നൊന്നായി പുറത്തു വന്നുകൊണ്ടിരിക്കുകയാണു്.86829 അപേക്ഷകർ ഉള്ളപ്പോൾ ഒരു ലക്ഷത്തി എൺപത്തെണ്ണായിരം സീറ്റുകൾ അനുവദിച്ചതിന്റെ പിന്നിൽ കോഴയല്ലാതെ മറ്റൊന്നുമല്ല പ്രവർത്തിച്ചതെന്ന് പകൽ പോലെ വ്യക്തമാണു.പോരാത്തതിനു എം.ഇ.എസ് പ്രസിഡന്റും നിരവധി ക്രിസ്ത്യൻ സ്കൂൾ മാനേജ്മെന്റുകളും കോഴ കൊടുക്കാഞ്ഞിട്ടാണു അർഹതയുണ്ടായിട്ടും തങ്ങൾക്ക് അധിക ബാച്ചുകൾ അനുവദിക്കാതിരുന്നതെന്ന് ആരോപിച്ചു രംഗത്തു വന്നിട്ടുണ്ട്.അനുദിനം പുറത്തു വന്നുകൊണ്ടിരിക്കുന്ന വാർത്തകളും അഴിമതിയാരോപണങ്ങളെ സാധൂകരിക്കുന്നതാണു്.ഉമ്മൻ ചാണ്ടിയുടെ മണ്ഡലത്തിൽ തന്നെ അർഹതയുള്ള
സ്കൂളിനെ തഴഞ്ഞ് ഇല്ലാത്തതിനു കൊടുത്തെന്ന് ആക്ഷേപം ഉന്നയിച്ചിരിക്കുന്നത് വി.എസ്സോ.സി.ദിവാകരനോ അല്ല.സ്കൂൾമാനേജരായ വൈദികനാണു്.ക്രമക്കേടു നടന്നതു ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ഒരു സ്കൂളിനു അനുവദിച്ച അധിക ബാച്ചുകൾ കഴിഞ്ഞ ദിവസം ഹൈക്കോടതി റദ്ദാക്കി.

എറണാകുളം ജില്ലയിൽ കറുകുറ്റിയിൽ  ഒമ്പതാം ക്ലാസ് വരെ മാത്രമുള്ള പാലിശ്ശേരി ഹൈസ്കൂളിനു രണ്ട് പ്ലസ് ടു ബാച്ച് അനുവദിച്ചു എന്നതാണു പുതിയ വാർത്ത.1800 വിദ്യാർത്ഥികൾ എസ്.എസ്.എൽ.സി.യ്ക്കു പാസ്സായ തിരുവനന്തപുരത്തെ പട്ടം സെന്റ് മേരീസ് ഹൈസ്കൂളിനു ഒരു ബാച്ചു പോലും അധികമായി അനുവദിക്കാതിരിക്കുമ്പൊഴാണു് എസ്.എസ്.എൽ.സിയ്ക്കു ഒരു ബാച്ചുപോലും തുടങ്ങിയിട്ടില്ലാത്ത പാലിശ്ശേരി സ്കൂളിനു പ്ലസ്ടു  വിനു പുതിയ ബാച്ചുകൾ അനുവദിച്ചത്.സർക്കർ സ്കൂളുകളെ തഴഞ്ഞിട്ടാണു പുതിയ സ്കൂളും ബാച്ചും എയിഡഡ് മേഖലയിൽ അനുവദിച്ചിട്ടുള്ളത്.പുത്തൂരുള്ള ശ്രീനാരായണഗുരുദേവ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിനു പ്ലസ്ടു അനുവദിക്കാതിരുന്നത് സർക്കാർ ദല്ലാളന്മാർ ആവശ്യപ്പെട്ട ഒരു കോടി രൂപയോ നാലു തസ്തികയിലെ നിയമനമോ നല്കാൻ വിസമ്മതിച്ചതു കൊണ്ടാണെന്നു സ്കൂൾ മാനേജർ വെളിപ്പെടുത്തിയിട്ടുണ്ട്.അവർ മുഖ്യമന്ത്രിയോടു വിവരം പറഞ്ഞപ്പോൾ,തെളിവുകിട്ടിയാൽ നടപടിയെടുക്കാം എന്നായിരുന്നു പ്രതികരണം.മുദ്രപ്പത്രത്തിലും ലെറ്റർഹെഡ്ഡിലും ആരെങ്കിലും കോഴ ആവശ്യപ്പെടുമോ?തെളിവു കൊടുത്താൽ അതിന്റെ ആധികാരികത പരിശോധിക്കട്ടെ എന്നാകും.

കഴിഞ്ഞ യു.ഡി.എഫ് സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങൾ ഒന്നൊന്നായി നഷ്ടത്തിലാക്കി പൂട്ടിച്ചതു പോലെ ഈ സർക്കാർ വിദ്യാഭ്യാസമേഖലയാകെ അഴിമതിയും കെടുകാര്യസ്ഥതയും കൊണ്ട് നാമാവശേഷമാക്കുകയാണു.മുസ്ലീം ലീഗിനെ പോലുള്ള വർഗ്ഗീയകക്ഷികളുടെമുമ്പിൽ വായ്ക്ക് കയ്യും പൊത്തി മുഖ്യമന്ത്രിയും മുഖ്യ കക്ഷിയും ഓച്ഛാനിച്ചു നില്ക്കുന്നതിന്റെ പിന്നിൽ നിസ്സഹായത മാത്രമല്ല,കോഴപ്പണത്തിന്റെ ഓഹരിയുടെ പ്രലോഭനവുമുണ്ട്.“എത്ര നാണം കെട്ടാലും ഞാൻ കസേര വിടില്ല”എന്നു ശപഥം ചെയ്തിരിക്കുന്ന ഒരു മുഖ്യമന്ത്രി നേതൃത്വം കൊടുക്കുന്ന  മന്ത്രിസഭയിൽ നിന്നും സർക്കാരിൽ നിന്നും  കൈക്കൂലിക്കാർക്കും പെൺ വാണിഭക്കാർക്കും തട്ടിപ്പുകാർക്കുമല്ലാതെ ആർക്കാണു സംരക്ഷണം കിട്ടുക?







Fans on the page

2 comments:

മുക്കുവന്‍ said...

എറണാകുളം ജില്ലയിൽ കറുകുറ്റിയിൽ ഒമ്പതാം ക്ലാസ് വരെ മാത്രമുള്ള പാലിശ്ശേരി ഹൈസ്കൂളിനു രണ്ട് പ്ലസ് ടു ബാച്ച് അനുവദിച്ചു എന്നതാണു പുതിയ വാർത്ത...


why this is a problem.. those kids dont need a +2? nearest +2 school is 20 km away from palissery.

dethan said...

മുക്കുവന്‍,
പത്താം ക്ലാസ് കൂടി കഴിഞ്ഞിട്ട് പോരെ പതിനൊന്നാം ക്ലാസ് അനുവദിക്കുന്നത്?
ഒരു അടിസ്ഥാനവും ഇല്ലാതെയാണ് പുതിയ ബാച്ചും സ്കൂള്കളും അനുവദിച്ചത് എന്ന് സ്ഥാപിക്കാന്‍ ഇതില്‍ പരം വേറെ തെളിവ് വേണ്ടെല്ലോ