Total Pageviews

Monday, August 3, 2020

കണ്‍സള്‍ട്ടന്‍സീ ചരിതം (തുള്ളല്‍)

തൊഴിലില്ലാപ്പട ജോലി തിരക്കി

തെരുവിലലഞ്ഞു നടക്കുമ്പോള്‍

കണ്‍സള്‍ട്ടന്‍സിക്കള്ളന്മാരെ

കവലകള്‍ തോറും നിയമിക്കുന്നു.

പാറ്റ പിടിക്കാന്‍ ,പാറ പൊടിക്കാന്‍ 

കാറ്റു തടുക്കാന്‍ കണ്‍സള്‍ട്ടന്‍സി

പോലീസ് കാരുടെ സാലറി നോക്കാന്‍  

പാലം കെട്ടാന്‍  കൈമണി കൊട്ടാന്‍

കല്യാണത്തിനു ചാക്കാലയ്ക്കും 

വാലായ്മയ്ക്കും കണ്‍സള്‍ട്ടന്‍സി.

ബസ്സിനു കിസ്സിനു കണ്‍സള്‍ട്ടന്‍സി

ബാറ്ററി വാങ്ങാന്‍  കണ്‍സള്‍ട്ടന്‍സി

പേറിനു,ടൂറിനു ചോറു കൊടുപ്പിനു

പെണ്ണുപിടിപ്പിനു കണ്‍സള്‍ട്ടന്‍സി.

ഉപ്പിനു മുളകിന് മണ്ണെണ്ണ യ്ക്കും

ചപ്പിനു ചവറിനു ചാരായത്തിനു

അപ്പംചുടുവാന്‍ ചായയടിക്കാന്‍

കുപ്പികുലുക്കാന്‍ കണ്‍സള്‍ട്ടന്‍സി

കോവിഡ്  രോഗീടെണ്ണമെടുക്കാന്‍

കോവിഡ്  കിറ്റിന്‍ വണ്ണം നോക്കാന്‍  

രോഗം തെല്ലും പടരാതാക്കാന്‍

വേഗത കൂടിയ കണ്‍സള്‍ട്ടന്‍സി.

കാറുകള്‍ വാങ്ങാന്‍ കായല്‍നികത്താന്‍

ബാറുകള്‍ ലേലം ചെയ്തുകൊടുക്കാന്‍

ഭൂമി പതിക്കാന്‍ ,തിരികെയെടുക്കാന്‍

ഭൂഷണമാകും  കണ്‍സള്‍ട്ടന്‍സി.

കണ്‍സള്‍ട്ടന്‍സിപ്പരിഷകള്‍ തന്നുടെ

കാലില്‍ മുട്ടാതാര്‍ക്കും സര്‍ക്കാര്‍-

കച്ചേരിപ്പടി  പലതിലുമിപ്പോള്‍

കേറി നടക്കാന്‍ കഴിയാതായി.

സ്വപ്നം കണ്ട ഗുമസ്തപ്പണിയും

‘സ്വാഹാ’ ആയതിലുള്ളം പൊള്ളി

തൂങ്ങിച്ചാകാന്‍ കയറുമെടുത്തി-

ട്ടെങ്ങോ പായും പയ്യന്മാരുടെ

കൂട്ടം കാണ്‍കെ, ‘തൂങ്ങിച്ചാകാന്‍-

കണ്‍സള്‍ട്ടന്‍സി’യെ വച്ചാല്‍ കിട്ടും

പുത്തന്‍ സാദ്ധ്യതയോര്‍ത്തധികാരികള്‍

മത്തു പിടിച്ചു ചിരിക്കുകയായീ . 








Fans on the page

No comments: