Total Pageviews

Wednesday, March 25, 2015

എങ്ങനെയും ജയിക്കണം

ജി. കാർത്തികേയൻ മരിച്ചതിനാൽ ഒഴിവു വന്ന അരുവിക്കര മണ്ഡലത്തിൽ സ്ഥാനാർത്ഥിയാകുന്നതിനു അദ്ദേഹത്തിന്റെ ഭാര്യ ഡോ.സുലേഖയെ പ്രേരിപ്പിക്കാൻ ൻ(നിർബ്ബന്ധിക്കാൻ എന്നാണു പത്ര പ്രയോഗം)  മുഖ്യമന്ത്രിയും കെ.പി.സി.സി പ്രസിഡന്റും ആഭ്യന്തരമന്ത്രിയും എല്ലാം കൂടി കാർത്തികേയന്റെ വസതിയിൽ പോയത് ഇന്നത്തെ പ്രധാന വാർത്തകളിൽ ഒന്നാണ്‌.ഭർതൃവിയോഗത്തിൽ ദു:ഖിതയായ അവരെ ആശ്വസിപ്പിക്കേണ്ട സമയത്ത് സ്ഥാനാർത്ഥിയാകാൻ നിർബ്ബന്ധിക്കാൻ പോയ കോൺഗ്രസ്സ് നേതാക്കൾക്ക് “അനൗചിത്യ ചക്രവർത്തി” പുരസ്ക്കാരമോ “പരപീഡക കിരീട”മോ നല്കി ആദരിക്കേണ്ടതാണ്‌.ശ്രീ.കാർത്തികേയൻ സ്പീക്കറായി സ്തുത്യർഹമാം വണ്ണം നിയന്ത്രിച്ചിരുന്ന നിയമസഭയിൽ,അദ്ദേഹത്തിന്റെ ചിതയിലെ തീ അണയും മുമ്പ് ലഡു വിതരണം ചെയ്ത് ആഹ്ലാദം പ്രകടിപ്പിക്കുകയും പിൻ വാതിലിലൂടെ കള്ളനെപ്പോലെ വന്ന് എന്തൊ പിറുപിറുത്ത കെ.എം.മാണിയെ ചുംബിച്ചു തിമർത്തതിനെ ന്യായീകരിക്കുകയും ചെയ്ത മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും ഇത്തരം ക്രൂരകൃത്യത്തിനു മുതിർന്നതിൽ അത്ഭുതമില്ല.പക്ഷേ ആദർശത്തിന്റെ ആൾ രൂപമെന്ന് അനുയായികൾ വാഴ്ത്തുന്ന വി.എം.സുധീരൻ ഈ ഹൃദയശൂന്യരോടൊപ്പം ചേർന്നത് മോശമായിപ്പോയി.

പ്രവർത്തിച്ച മേഖലകളിലൊക്കെ കഴിവു തെളിയിച്ച വ്യക്തിയാണ്‌ ഡോ. സുലേഖ  .ആ നിലക്ക് രാഷ്ട്രീയത്തിലും അവർ ശോഭിക്കും എന്നത് തർക്കമില്ലാത്ത കാര്യമാണ്‌.രാഷ്ട്രീയത്തിൽ പ്രവർത്തിച്ച് കഴിവു തെളിയിച്ച എത്രയോ പേർ കോൺഗ്രസ് പാർട്ടിയിൽ ഇപ്പോൾതന്നെയുണ്ട്.അവരിൽ പലരും അരുവിക്കര മണ്ഡലത്തിൽ മത്സരിക്കാൻ യോഗ്യരുമാണു്.അവരെ ആരെയും പരിഗണിക്കാതെ സുലേഖ തന്നെ മത്സരിക്കണം എന്ന് നേതാക്കൾ വാശിപിടിക്കുന്നതിനു പിന്നിൽ കാർത്തികേയനോടുള്ള സ്നേഹമോ ആദരവോ അല്ല അദ്ദേഹത്തിന്റെ ആകസ്മികവിയോഗം സൃഷ്ടിച്ച സഹതാപം വോട്ടാക്കി മാറ്റാനുള്ള രാഷ്ട്രീയക്കച്ചവട ലാക്കു മാത്രമാണുള്ളത്.ഇന്ദുലേഖയെ മോഹിച്ചു വന്ന സൂരി നമ്പൂതിരിപാട് ഒടുവിൽ ഇന്ദുലേഖയുടെ തോഴിയെ ആയാലും മതി എന്ന് പറഞ്ഞതു പോലെ ഡോ. സുലേഖയ്ക്കു വയ്യെങ്കിൽ അവരുടെ മക്കളിൽ ഒരാൾ സ്ഥാനാർത്ഥിയായാലും മതി എന്ന് നേതാക്കൾ സൂചിപ്പിച്ചതിൽ നിന്നു തന്നെ അതു വ്യക്തമാണ്‌.കുടുംബ വാഴ്ചയുടെ തിക്ത ഫലം എത്ര അനുഭവിച്ചിട്ടും പഠിക്കാത്ത കോൺഗ്രസ്സ് പാർട്ടിയെ ഓർത്ത് നമുക്കു സഹതപിക്കാം.ഒപ്പം രാഷ്ട്രീയ ലാഭം നോക്കി മനുഷ്യത്വം മറക്കുന്ന നേതാക്കളെ ഓർത്തും.
“ലോകാനുരാഗമിയലാത്തവരേ നരന്റെ--
യാകാരമാർന്നിവിടെ നിങ്ങൾ ജനിച്ചിടായ് വിൻ...”
എന്നു കുമാരനാശാൻ പാടിയത് ഈ നേതാക്കന്മാരെ കുറിച്ചായിരിക്കും.









Fans on the page

2 comments:

kaalidaasan said...

ദത്തന്‍,

ഇതില്‍ ധാര്‍മ്മികതയുടെ ഒരു പ്രശ്നം കൂടി ഉണ്ട്. തിരുത്തല്‍ വാദി ആയിരുന്ന കാര്‍ത്തികേയന്‍  കരുണാകരനില്‍ നിന്നും അകലാനുണ്ടായ ഒരു കാരണം  മകന്‍ മുരളീധരനെ രാഷ്ട്രീയത്തില്‍ ഉയര്‍ത്തിക്കൊണ്ടു വന്ന കുടുംബ വാഴ്ച്ച ആയിരുന്നു. ആ കാര്‍ത്തികേയന്റെ ഭാര്യയോ മകനോ പിന്തുടര്‍ച്ചാവകാശി ആയി വരുന്നതിലെ അനൌചിത്യം കൂടി ഇതിലുണ്ട്.

dethan said...

കാളിദാസന്‍,
താങ്കള്‍ പറഞ്ഞത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്.കാര്‍ത്തികേയന് ഇഷ്ടമില്ലാത്ത സംഗതികള്‍ ചെയ്ത് അദ്ദേഹത്തിന്റെ സ്മരണയെ അവഹേളിക്കുവാനുള്ള ദുരുദ്ദേശം കൂടി ഉമ്മന്‍ ചാണ്ടിക്കും കൂട്ടര്‍ക്കും ഉണ്ടായിരിക്കണം