Total Pageviews

Thursday, October 31, 2013

നാണക്കേടു കുഴിച്ചെടുക്കുമ്പോൾ



ഐക്യരാഷ്ട്ര സഭ കൊണ്ടുവന്ന ബാല വിവാഹത്തിനെതിരേയുള്ള പ്രമേയത്തെ എതിർത്ത് പരിഷ്കൃത ലോകരാഷ്ടങ്ങളുടെ മുമ്പിൽ അപഹാസ്യയായ ഇന്ത്യയെ വീണ്ടും നാണം കെടുത്താൻ ഒരു ഉദ്ഖനന പേക്കൂത്ത് സർക്കാർ ചെലവിൽ അരങ്ങേറിയിരിക്കുന്നു.ഇന്ത്യ പിച്ചക്കാരുടെയും മന്ത്രവാദികളുടെയും നാടാണെന്നാണു പണ്ടേ സായിപ്പന്മാർ പറഞ്ഞിരുന്നത്.സ്വാതന്ത്ര്യം കിട്ടി മുക്കാൽ നൂറ്റാണ്ട് ആകാറായിട്ടും ആ പേരുദോഷം അരക്കിട്ടുറപ്പിക്കുന്ന നടപടികളാണു കേന്ദ്ര സർക്കാർ ചെയ്തുകൂട്ടുന്നത്.

സ്വർണ്ണം നിറച്ച നിധികുംഭം യു.പി യിലെ ഉന്നാവോയിൽ ദൗണ്ടിയ ഖേഡ ഗ്രാമത്തിലെ മണ്ണിനടിയിൽ ക്കിടപ്പൂണ്ടെന്ന് ഏതോ ഒരു സന്യാസി സ്വപ്നം കണ്ടു പറഞ്ഞതു കേട്ട പാതി കേൾക്കാത്ത പാതി ഉദ്ഖനനത്തിനു ഇറങ്ങി പുറപ്പെടുകയാണു കേന്ദ്ര സർക്കാരിന്റെ ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇൻഡ്യ ചെയ്തത്.യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലാതെ ഉദ് ഖനനത്തിനു  മുതിർന്നിട്ട് സ്വർണ്ണമോ വെള്ളിയോ വിലയുള്ള മാർബിൾ പോലുമോ കണ്ടെത്താനായില്ല.അന്ധവിശ്വാസ പ്പരിഷകളുടെ വാക്കു കേട്ട് പൊതു ഖജനാവിലെ മുതലെടുത്ത് കോപ്രായം കാണിക്കാനൊരുങ്ങിയവരെ വിലക്കുന്നതിനു പകരം പ്രോത്സാഹിപ്പിക്കുകയാണു കേന്ദ്ര ഭരണകൂടം ചെയ്തത്.

ബാബറിമസ്ജിത് സമുച്ചയത്തിൽ ആദ്യമായി ശ്രീരാമന്റെയും സീതയുടെയും  മറ്റും വിഗ്രഹങ്ങൾ   പ്രത്യക്ഷപ്പെട്ടെന്ന് അന്നത്തെ യു.പി.മുഖ്യമന്ത്രി അറിയിച്ചപ്പോൾ അവ എടുത്ത് സരയൂ നദിയിൽ എറിയാനാണു പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്രു ഉപദേശിച്ചത്.ആ നെഹ്രു ഇരുന്ന കസേരയിൽ ചടഞ്ഞുകൂടിയിരിക്കുന്ന ഇപ്പോഴത്തെ അവതാരം കൂടോത്ര സ്വാമിമാരുടെ വാക്കുകൾ വേദവാക്യമാണെന്നു കരുതുന്നു.അതുകൊണ്ടാണു ഇത്തരം പ്രാകൃത കോലങ്ങളുടെ വെളിപാടുകൾ കേട്ട് സർക്കാർ വകുപ്പുകൾ തുള്ളുന്നത്.ആൾദൈവങ്ങളുടെ കാൽ കഴുകിക്കുടിക്കുന്നവർ നാടു ഭരിക്കുമ്പോൾ ഇതും ഇതിനപ്പുറവും സംഭവിക്കും.

ഇങ്ങനെ പോയാൽ അതിർത്തി സരക്ഷിക്കുവാൻ പട്ടാളമോ ആയുധങ്ങളോ ഒന്നും വേണ്ട;കൂടോത്രം ചെയ്തു കാലയാപനം നടത്തുന്ന ഏതെങ്കിലും തട്ടിപ്പു സന്യാസിയെക്കൊണ്ട് മന്ത്രവാദം നടത്തിയാൽ മതി എന്നു തീരുമാനിക്കാനും സാദ്ധ്യതയുണ്ട്.സർക്കാരിനു ചെലവായ തുക മുഴുവനും, സന്യാസിയുടെ വാക്കു കേട്ട് ഖനനത്തിനു പുറപ്പെട്ട ഉദ്യോഗസ്ഥപ്രമാണിമാരുടെ കൈയ്യിൽ നിന്നും വസൂലാക്കണം.ഒരു രാഷ്ട്രത്തെ അവഹേളനപാത്രമാക്കിയതിന്ന് ഇവരെ ശിക്ഷിക്കണം.ഇവരെ മാത്രം ശിക്ഷിച്ചാൽ പോരാ;ഈ വിവരക്കേടു കണ്ടിട്ടും അറിഞ്ഞിട്ടും വിലക്കാതിരുന്ന കേന്ദ്ര ഭരണകർത്താക്കളെയും കൽത്തുറുങ്കിൽ അടയ്ക്കണം.എന്നാൽ പോലും ഭാരതത്തിനു മേൽ പതിച്ച ഈ കളങ്കം മാറിക്കിട്ടുക വിഷമമാണു.




Fans on the page

3 comments:

kaalidaasan said...

നാണമുള്ളവര്‍ക്കല്ലേ നാണക്കേട് മനസിലാകുക.

മുക്കുവന്‍ said...

സർക്കാരിനു ചെലവായ തുക മുഴുവനും, സന്യാസിയുടെ വാക്കു കേട്ട് ഖനനത്തിനു പുറപ്പെട്ട ഉദ്യോഗസ്ഥപ്രമാണിമാരുടെ കൈയ്യിൽ നിന്നും വസൂലാക്കണം...

that is a reasonable request. will they honor it?

dethan said...

കാളിദാസന്‍,
ശരിയാണ്.നാണവും മാനവും ഒന്നുമില്ലാത്തവര്‍ ഭരണക്കാരാകുമ്പോള്‍ ഇങ്ങനേ വരൂ.എങ്കിലും അവര്‍ ഇതിനൊക്കെ എടുത്തുപയോഗിക്കുന്ന കാശ് അവരുടെ അപ്പച്ചന്റെ വകയല്ലല്ലോ.

മുക്കുവന്‍ ,
ധാര്‍മ്മികമായും നിയമപരമായും അവര്‍ക്ക് അതിനു ബാദ്ധ്യതയുണ്ട്.അവര്‍ അത് പാലിക്കുന്നോ എന്നത് വേറെ കാര്യം.