Total Pageviews

Thursday, September 12, 2013

പൊതുമേഖലയെ തുലയ്ക്കുന്നത് എങ്ങനെ?



ഇന്ത്യയ്ക്ക് ഏറ്റവും യോജിച്ചത് മിശ്ര സമ്പദ് ഘടനയാണെന്നു കണ്ടെത്തിയത് പണ്ഡിറ്റ് ജവഹർലാൽ നെഹ്രുവാണു.എങ്കിലും പൊതു മേഖലയോടായിരുന്നു അദ്ദേഹത്തിനു താല്പര്യം കൂടുതൽ. അദ്ദേഹം പ്രധാനമന്ത്രിയായിരുന്ന കാലയളവിൽ കഴിയുന്നത്ര സ്ഥാപനങ്ങൾ പൊതുമേഖലയിൽ തുടങ്ങുന്നതിനു ശ്രദ്ധിച്ചിരുന്നു.ഇന്ദിരാഗാന്ധിയും അതേപാത തന്നെയാണു പിന്തുടർന്നത്.ബാങ്ക് ദേശസാല്ക്കരണത്തോടെ അവർ പിതാവിനെ അക്കാര്യത്തിൽ കടത്തി വെട്ടുകയും ചെയ്തു.എന്നാൽ പിന്നീടു വന്ന കോൺഗ്രസ്സ് പ്രധാനമന്ത്രിമാരെല്ലാം തന്നെ പൊതുമേഖലയെ തകർക്കുന്നതിൽ മത്സരിക്കുകയാണുണ്ടായത്.മന്മോഹൻ സിംഗിന്റെ ഭരണകാലമായപ്പോൾ അത് സകല സീമയും കടന്നു.മാത്രമല്ല സ്വകാര്യ മേഖലയ്ക്കു വേണ്ടി പൊതു മേഖലയെ നശിപ്പിക്കുന്നിടം വരെ കാര്യങ്ങൾ എത്തി.

കോൺഗ്രസ്സ് നേതൃത്വം കൊടുക്കുന്ന കേരളത്തിലെ ഇപ്പോഴത്തെ ഭരണകൂടവും പൊതുമേഖലയെ ഉന്മൂലനം ചെയ്യാനുള്ള പുറപ്പാടിലാണു.ലാഭത്തിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളെ നഷ്ടത്തിലാക്കുകയാണു അവയെ നശിപ്പിക്കാനുള്ള ആദ്യപടി.പിന്നീട് നഷ്ടത്തിലാണെന്ന കാരണം പറഞ്ഞ് സ്വകാര്യവ്യക്തികൾക്ക്(അതു മിക്കപ്പോഴും നേതാക്കളുടെ ബിനാമികളോ മച്ചമ്പികളോ ആയിരിക്കും)കൈമാറും. മുമ്പ് യുഡി എഫ് അധികാരത്തിൽ വന്നപ്പോൾ നഷ്ടത്തിലാക്കിയ പല പൊതുമേഖലാ സ്ഥാപനങ്ങളും എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നപ്പോൾ ലാഭകരമാക്കി.അവയെല്ലാം ഒന്നൊന്നായി നഷ്ടത്തിലാക്കിക്കൊണ്ടിരിക്കുകയാണു ഇപ്പോഴത്തെ യു.ഡി.എഫ് സർക്കാർ.എന്തെല്ലാം ചെയ്തിട്ടും നഷ്ടത്തിലാകാത്തവയെ പോലും പാപ്പരാക്കാൻ എന്തു ചെയ്യണമെന്ന ഗവേഷണത്തിലാണു സർക്കാർ.

അതിന്റെ ഫലമാണു ചെയർമാന്മാർക്കു ശമ്പളവും അധികാരവും കൂട്ടിക്കൊണ്ട് സർക്കാർ പുറപ്പെടുവിച്ച പുതിയ ഉത്തരവ്.ചെയർമാന്മാരുടെ ശമ്പളം6000 രൂപയിൽ നിന്ന് 20000രൂപയായി ഉയർത്തി.ബോഡ് യോഗങ്ങളടക്കം ഏതു പരിപാടിയിൽ പങ്കെടുക്കുന്നതിനും 500രൂപ സിറ്റിങ്ങ് ഫീസായി എഴുതി എടുക്കാം.എല്ലാ ചെയർമാന്മാർക്കും സെക്രട്ടറിയെ നിയമിക്കാം.ഔദ്യോഗിക വാഹനങ്ങൾ ഉപയോഗിക്കാവുന്ന ദൂര പരിധി 500 കിലോമീറ്ററിൽ നിന്നും 3000 കിലോമീറ്ററായി വർദ്ധിപ്പിച്ചു.മൊബൈൽ ഫോൺ വിളിക്കായി ആണ്ടിൽ 18000 രൂപാ നല്കും.

ലാഭനഷ്ടങ്ങൾ തുല്യമായുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ ഈ ഉത്തരവു നടപ്പാക്കിത്തുടങ്ങുന്ന ആദ്യമാസം തന്നെ നഷ്ടഗർത്തത്തിൽ വീഴും .ലാഭത്തിൽ പ്രവർത്തിക്കുന്നവ ലാഭത്തിന്റെ ഏറ്റക്കുറച്ചിൽ അനുസരിച്ച് ക്രമേണ ഊർദ്ധ്വശ്വാസം വലിച്ചുകൊള്ളും.അങ്ങേയറ്റം ഒരുകൊല്ലം.അതിനു മുമ്പേ ക്ലോസ്സാകും.ഒരുതരം സ്ലോ പോയിസണിങ്ങ്.

ചില മന്ത്രിമാരുടെ മേൽ നോട്ടത്തിൽ സ്ഥാപിച്ചിട്ടുള്ള കറക്കുകമ്പനികളും മച്ചമ്പിമാരായ ഭൂമാഫിയാ രാജാക്കന്മാരും കൂടി കേരളത്തിലെ കണ്ണായ സ്ഥലങ്ങളിലുള്ള വസ്തുക്കൾ ഇതിനകം തന്നെ കൈവശപ്പെടുത്തിക്കഴിഞ്ഞു എന്നാണു വാർത്ത.ഇനി കിട്ടുന്നത്ര പൊതുമേഖലാ സ്ഥാപനങ്ങൾ കൂടി അടിച്ചെടുക്കാനാണു ഉന്നം.സെക്രട്ടറിയേറ്റിന്റെ അസ്ഥിവാരമെങ്കിലും ഈ ഭരണം കഴിയുമ്പോൾ അവശേഷിക്കുമോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു.പറഞ്ഞുവരുമ്പോൾ അതും പൊതുസ്ഥാപനമാണല്ലോ!



Fans on the page

1 comment:

dethan said...

മുമ്പ് യുഡി എഫ് അധികാരത്തിൽ വന്നപ്പോൾ നഷ്ടത്തിലാക്കിയ പല പൊതുമേഖലാ സ്ഥാപനങ്ങളും എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നപ്പോൾ ലാഭകരമാക്കി.അവയെല്ലാം ഒന്നൊന്നായി നഷ്ടത്തിലാക്കിക്കൊണ്ടിരിക്കുകയാണു ഇപ്പോഴത്തെ യു.ഡി.എഫ് സർക്കാർ.എന്തെല്ലാം ചെയ്തിട്ടും നഷ്ടത്തിലാകാത്തവയെ പോലും പാപ്പരാക്കാൻ എന്തു ചെയ്യണമെന്ന ഗവേഷണത്തിലാണു സർക്കാർ.