Sunday, May 17, 2015

പണമുണ്ടെങ്കിൽ.....


പണമുണ്ടെങ്കിൽ പലതും ചെയ്യാം:
പാലു കുടിക്കാം ;കള്ളു കുടിക്കാം
പാതയ്ക്കരുകിലുറങ്ങുന്നവരുടെ
മീതേ കാറു കയറ്റിക്കൊല്ലാം
പാതകമങ്ങനെ പലതും ചെയ്യാം
പേടിക്കേണ്ടൊരു കൂശിക മകനേം.
കോടതി ശിക്ഷ വിധിച്ചാലുടനേ
നേടാം ജാമ്യം; മരവിപ്പിക്കാം
കോടതി നല്കിയ തടവും പിഴയും;
തേടാമിരയെ കൊല്ലാൻ വീണ്ടും.
കൊള്ളയടിക്കാം നാടിൻ സമ്പ-
ത്തെള്ളോളം ഭയമായതിൽ വേണ്ടാ.
ബാറു,തിയേറ്റർ,ഷോപ്പിങ്ങ് മാളുകൾ,
കാറുകൾ,ബംഗ്ളാ,വെസ്റ്റേറ്റുകളും
കൊള്ളക്കാശാൽ വാങ്ങി സുഖിക്കാം
കേസ്സും കുറ്റവുമില്ലാതാക്കാം
കേറുകവേണ്ടി വരില്ലൊരു ജയിലും.
കുറ്റവിമുക്തപ്പട്ടം നല്കാൻ
ക്യൂവിൽ നില്ക്കും കോടതി പോലും.
മന്ത്രിപ്പദവിയുമനുബന്ധങ്ങളു
മെന്തും നേടാം പണമുണ്ടെങ്കിൽ.








Fans on the page

2 comments:

  1. നാണം കെട്ടും പണം നേടുകിൽ
    നാണക്കേടാ പണം മാറ്റിടും!

    ReplyDelete
  2. കൊച്ചു ഗോവിന്ദന്‍,

    "നാണം കെട്ടും പണം നേടിക്കൊണ്ടാല്‍
    നാണക്കേടപ്പണം തീര്‍ത്തു കൊളളും"
    എന്നൊക്കെ ചൊല്ലുകള്‍ ഉണ്ട്.പക്ഷേ എപ്പോഴും ചൊല്ലുകള്‍ യാഥാര്‍ഥ്യമാകണം എന്നില്ല.കാലത്തിന്റെ മുമ്പിലെങ്കിലും കണക്കു പറയേണ്ടി വരും.

    ReplyDelete