യഥാർത്ഥ യോഗ്യതകൾ കണക്കിലെടുക്കതെ രാഷ്ട്രീയ,ജാതി,മത പരിഗണനകൾ നോക്കി വൈസ് ചാൻസലർമാരെയും പ്രോ വൈസ് ചാൻസലർമാരെയും നിയമിക്കാൻ തുടങ്ങിയതോടെ സർവ്വകലാശാലകളുടെയും സർവ്വകലാശാലാ വിദ്യാഭ്യാസത്തിന്റെയും മാന്യതയും മഹിമയും വിശ്വാസ്യതയും നഷ്ടമാകാൻ തുടങ്ങി.വൈസ്ചാൻസലറാകാൻ വേണ്ടി 20 കോടി രൂപ വരെ കോഴ കൊടുത്ത സംഭവം തനിക്കറിയാമെന്ന് കേന്ദ്ര മാനവവിഭവശേഷി വകുപ്പു മന്ത്രി തന്നെ സമ്മതിച്ചത് അടുത്ത കാലത്താണു.കേരളത്തിൽ അത്ര “പുരോഗമനം” ഇതുവരെ ഉണ്ടായതായി അറിയില്ല.പക്ഷേ അതിനേക്കാൾ മോശപ്പെട്ട അവസ്ഥയിലേക്കാണു കേരളത്തിൽ വി.സി.നിയമനങ്ങൾ എത്തിക്കൊണ്ടിരിക്കുന്നത് എന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണു മഹാത്മാ ഗാന്ധി സർവ്വകലാശാലയിൽ അരങ്ങേറുന്ന നാടകങ്ങൾ.
അവിടെ ഡോ.എ.വി. ജോർജ്ജ് വൈസ് ചാൻസലറായി നിയമിക്കപ്പെട്ടിട്ട് അധിക നാളായില്ല.വീതം വച്ചപ്പോൾ കേരള കോൺഗ്രസ് മാണിഗ്രൂപ്പിനാണത്രെ വി.സി സ്ഥാനം കിട്ടിയത്. അവരുടെ വിധേനായ ഒരു തൊമ്മിയാകണം ഡോ.ജോർജ്ജ്.കോൺഗ്രസ്സുകാർക്കു മുൻ തൂക്കമുള്ള സിൻഡിക്കേറ്റ് മാണി ശിഷ്യനെ അംഗീകരിക്കാൻ കൂട്ടാക്കുന്നില്ല.എല്ലാ പ്രശ്നങ്ങൾക്കും കാരണം അതാകാം.ഇതിനകം മൂന്നു പ്രാവശ്യം വി.സിക്ക് കാരണം കാണിക്കൽ നോട്ടീസ് നല്കിക്കഴിഞ്ഞു.മൂന്നും വ്യത്യസ്ത കാര്യങ്ങൾ ചൂണ്ടിക്കാട്ടി!നേരത്തേ ആരോപിച്ച കുറ്റങ്ങൾ പുറത്താക്കാൻ പറ്റിയവയല്ലെന്നു മനസ്സിലാക്കിയതു കൊണ്ടാകാം മൂന്നാമത് പുതിയ കുറ്റം ചാർത്തി വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്.ബയോഡേറ്റയോടൊപ്പം ഹാജരാക്കിയ രേഖകൾ വ്യാജമാണെന്നതാണു പുതിയ ആരോപണം.
ഒരു പ്രൈമറി സ്കൂളിന്റെ ഹെഡ്മാസ്റ്ററാകാൻ പോലും യോഗ്യത തനിക്കില്ലെന്ന് ചാർജ് എടുത്ത ദിവസം മുതൽ ജോർജ്ജ് തെളിയിച്ചു കൊണ്ടിരിക്കുകയാണു.അപക്വമായ തീരുമാനങ്ങളും അനാവശ്യ വിവാദങ്ങളും കൊണ്ട് ഇരിക്കുന്ന സ്ഥാനത്തിന്റെ മഹത്വം കെടുത്തുന്നതിലും ഇയാൾ മുമ്പനാണു.സിൻഡിക്കേറ്റിലെ ഭൂരിപക്ഷത്തിനും അനഭിമതനും കൂടിയാകുമ്പോൾ വിഡ്ഢിവേഷം പൂർണ്ണമാകുന്നു.പക്ഷേ ഇവിടെ പ്രശ്നം അതല്ല.വൈസ് ചാൻസലറെ കണ്ടെത്താൻ നിയോഗിച്ച കമ്മിറ്റി തിരഞ്ഞു പിടിച്ചു വിസിയാകാൻ പരമയോഗ്യനെന്നു ശുപാർശ ചെയ്തതിന്റെ വെളിച്ചത്തിൽ സർക്കാർ നിർദ്ദേശ്ശിച്ചതനുസരിച്ച് ചാൻസലർ കൂടിയായ ഗവർണ്ണറാണു ജോർജ്ജിനെ വൈസ്ചാൻസലറായി നിയമിച്ചത്.അങ്ങനെ താൻ നിയമിച്ച വ്യക്തി വ്യാജനാണു എന്നു ഗവർണ്ണർ തന്നെ ആരോപിക്കുമ്പോൾ നഷ്ടമാകുന്നത്,ഗവർണ്ണറുടെ വിശ്വാസ്യതയാണു.
ഒരു സുപ്രഭാതത്തിൽ വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തിയല്ല വൈസ്ചാൻസലറെ നിയമിക്കുന്നത്.മൂന്നംഗ സമിതിയാണു വി.സിയെ കണ്ടെത്തുന്നത്.അതു കവടി നിരത്തിയുമല്ല.വിദ്യാഭ്യാസ യോഗ്യതയും അദ്ധ്യാപന പരിചയവും ഒക്കെ പരിശോധിച്ച ശേഷമാണു അർഹതയുള്ള ആളെ ഈ സമിതി തെരഞ്ഞെടുക്കുന്നത്,അഥവാ തെരഞ്ഞെടുക്കേണ്ടത്.ഇങ്ങനെ കണ്ടെത്തിയ വ്യക്തിയുടെ പേർ സർക്കാർ ശുപാർശ ചെയ്യുകയും ഗവർണ്ണർ അതംഗീകരിച്ച് ഉത്തരവിറക്കുകയുമാണു പതിവ്.വ്യാജനാണെങ്കിൽ ഈ ഘട്ടങ്ങളിൽ എപ്പോഴെങ്കിലും പിടിക്കപ്പെടുമായിരുന്നു.കള്ളത്തരം കണ്ടുപിടിക്കാനായില്ലെങ്കിൽ അതിന്റെ പൂർണ്ണ ഉത്തരവാദിത്തം സമിതിയ്ക്കും സർക്കാരിനുമാണു.മാണിയേയും കിഞ്ഞാലിക്കുട്ടിയേയുമൊക്കെ സന്തോഷിപ്പിക്കാൻ,അവർ പറയുന്ന വിഡ്ഢികൂശ്മാണ്ടങ്ങളെയും വിധേയന്മാരെയും വൈസ്ചാൻസലർമാരാക്കുമ്പോൾ സംഭവിക്കാവുന്ന സ്വാഭാവിക അവസ്ഥയാണു മഹാത്മാ ഗാന്ധി,കോഴിക്കോടു സർവ്വകലാശാലകൾ അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്നത്.
ഹാജരാക്കിയ രേഖകളിൽ പറയുന്ന യോഗ്യതകൾ ഇല്ലെന്നു പറഞ്ഞ് ജോർജ്ജിനെ നീക്കാനൊരുങ്ങുന്ന സർക്കാർ,മലയാളം സർവ്വകലാശാലയുടെ വൈസ്ചാൻസലറായി,യു.ജി.സി.നോംസ് അനുസരിച്ച് വിസിയാകാൻ യാതൊരു യോഗ്യതയുമില്ലാത്ത ഒരാളെയാണു വിസി ആയി അവരോധിച്ചത്.പത്തു വർഷം പ്രൊഫസ്സറായി പഠിപ്പിച്ച പരിചയമോ മലയാള ഭാഷയിൽ ബിരുദാനന്തര ബിരുദമോ ഇല്ലാത്ത അദ്ദേഹത്തെ എഴുത്തച്ഛന്റെ പേരിലുള്ള സർവ്വകലാശാലയുടെ പ്രഥമ വൈസ്ചാൻസലറായി നിയമിച്ച സർക്കാരിനു ക്വാളിഫിക്കേഷൻ കുറഞ്ഞുപോയി എന്നാരോപിച്ച് ഒരാളെ വിസി സ്ഥാനത്തു നിന്നു പുറത്താക്കാൻ എന്തു ധാർമ്മികാവകാശമാണുള്ളത്?
ഡോ.ജോൺ മത്തായി കേരള സർവ്വകലാശാലാ വൈസ് ചാൻസലർ ആയിരിക്കുമ്പോൾ അന്നത്തെ കേരള മുഖ്യമന്ത്രി സ.ഇ.എം.എസ് നമ്പൂതിരിപ്പാട് അദ്ദേഹത്തെ കാണാൻ സർവ്വകലാശാലയിൽ എത്തി എന്നു കേട്ടിട്ടുണ്ട്.താൻ ആവശ്യപ്പെട്ടത്രയും തുക സർവ്വകലാശാലയ്ക്കു വേണ്ടി ബഡ്ജറ്റിൽ വക കൊള്ളിക്കാത്തതിന്റെ പേരിൽ ഡോ.വി.കെ.നന്ദൻ മേനോൻ കേരള സർവ്വകലാശാലയുടെ വൈസ്ചാൻസലർ സ്ഥാനം ഉപേക്ഷിച്ചു പോയതും ചരിത്രമാണു.അങ്ങനെയുള്ള ഒരു സംസ്ഥാനത്താണു ഭരണകക്ഷി നേതാക്കളുടെ മക്കൾക്കും ചെറുമക്കൾക്കും ചായ വാങ്ങിക്കൊടുക്കുകയും നേതാക്കന്മാരുടെ കാലുനക്കുകയും ചെയ്യുന്ന തൊമ്മിമാർ വി.സിയും പി.വിസിയും ഒക്കെയായി അവരോധിക്കപ്പെടുന്നത്!വിദ്യാഭ്യാസ മേഖലയ്ക്കും സംസ്ക്കാരത്തിനും നാണക്കേടുണ്ടാക്കുന്ന ഇത്തരം നാറ്റക്കേസ്സുകൾ നിരത്തിലിട്ട് അലക്കാതിരിക്കാനുള്ള സാമാന്യ വിവേകമെങ്കിലും ഭരിപ്പന്മാർ(ഭരിക്കുന്നവർ)ക്കുണ്ടാകണം.അതെങ്ങനെ?നാറുന്നതും മണക്കുന്നതും തിരിച്ചറിയാണുള്ള ശേഷി വേണ്ടേ?
Fans on the page