Tuesday, November 18, 2008

തങ്കച്ചന്‍ ആരാ മോന്‍?

യു ഡി എഫ് കണ്‍ വീനര്‍ ശ്രീ.പി.പി.തങ്കച്ചന്‍ ആള് പാവവും പാവയും ആണെന്നാണ് മറു ഗ്രൂപ്പിലുംമറ്റു പാര്‍ട്ടിക്കാരില്‍ ചിലരും പറഞ്ഞു പരത്തിയിരുന്നത്.കരുണാകരനൊപ്പം വിമത റാലിയും മഹായോഗവും സംഘടിപ്പിക്കാന്‍ മുന്നിട്ടിറങ്ങിയ തങ്കച്ചന്‍ പുതിയ പാര്‍ട്ടിയുണ്ടാക്കുന്ന ഘട്ടമായപ്പോള്‍ മുങ്ങി.അങ്ങനെ പല ധീരകൃത്യങ്ങളും പുള്ളിക്കാരന്‍റെ പേരില്‍ പതിഞ്ഞിട്ടുള്ളതിനാല്‍ മേല്പറഞ്ഞ
വിശേഷണങ്ങള്‍ ചിലരെങ്കിലും വിശ്വസിച്ചിരുന്നു.

എന്നാല്‍ ഈയിടെ നടത്തിയ ഒരു പ്രസ്താവന ആള് ചില്ലറക്കാരനല്ലെന്ന് വെളിപ്പെടുത്തിയിരിക്കയാണ്.എന്‍സിപിയെ യൂഡി എഫില്‍ എടുക്കണമെങ്കില്‍ ആദ്യം അവര്‍ അപേക്ഷ തരട്ടെ എന്നാണ് അദ്ദേഹം പറഞ്ഞത്.പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് അടുത്തു വരുന്ന സന്ദര്‍ഭത്തില്‍ ഈ പ്രസ്താവനയ്ക്ക് പ്രത്യേകം പ്രസക്തിയുണ്ട്.സമാജ് വാദി പാര്‍ട്ടിയില്‍ ലയിച്ചതോടെ ആര്‍ എസ് പി(ബി)യുടെ യുഡി എഫ് അംഗത്വവും അലിഞ്ഞുപോയി എന്നു വ്യക്തമാക്കിയതും ഇതോടൊപ്പം ചേര്‍ത്തു വായിക്കണം.

അപേക്ഷ കൊടുക്കണമെങ്കില്‍ അപേക്ഷാ ഫാറം വേണം.അതിന് നല്ല ഒരു വിലയിടാം.അപേക്ഷ രജിസ്റ്റര്‍ ചെയ്യുന്നതിന് അല്പം മികച്ച തുക നിശ്ചയിക്കാം.നിലവില്‍ രണ്ട് അപേക്ഷകരേ ഉള്ളെങ്കിലും ഇനിയും വളരെപ്പേര്‍ വന്നുകൂടായ്കയില്ല.തെരഞ്ഞെടുപ്പ് ചെലവിന്റെ തോതിനെക്കുറിച്ച് നല്ല ധാരണയുള്ള ഘടക കക്ഷികള്‍ക്കും കോണ്‍ഗ്രസ്സിനും സന്തോഷമുണ്ടാക്കുന്ന ഒരു നല്ല കാര്യം
തങ്കച്ചന്‍ അടുത്ത കാലത്തൊന്നും പറഞ്ഞിട്ടില്ല.


Fans on the page

1 comment: