Thursday, December 31, 2009

നവ വത്സരം

സൃഷ്ടി സ്ഥിതികളും സംഹാരവും ചെയ്തു
സ്വച്ഛന്ദം പായുന്ന കാലത്തില്‍ നിന്നൊരു
തൂവലും കൂടിക്കൊഴിയവേ,ഹര്‍ഷവും
നോവും പകര്‍ന്ന നാളുള്ളില്‍ തെളിയുന്നു.

സന്തോഷ രേണുക്കള്‍ മായാതെയോര്‍മ്മയില്‍
സൂക്ഷിച്ച,കം ചുട്ടു പൊള്ളിച്ച നൊമ്പര-
ച്ചീളുകള്‍ ചൂഴ്ന്നെറിയാ,മിനിയെത്തുന്ന
നാളില്‍ പുലര്‍ത്താം പ്രതീക്ഷയും മോഹവും.

നിര്‍മ്മല ബാല്യം ഞെരിഞ്ഞു പിടയുന്ന
നിഷ്ഠുര വീഥിയും ക്രൂര ഹസ്തങ്ങളും,
ശ്വാസം നിലപ്പിക്കും ഘോരദൃശ്യങ്ങള്‍ക്കു
സാക്ഷിയായ് മാറുന്ന പാതയോരങ്ങളും,
പെണ്ണിന്റെ കണ്ണുനീര്‍ വീണു നിറം കെട്ട
മണ്ണും ഗൃഹങ്ങളും ജോലിസ്ഥലങ്ങളും,
അര്‍ത്ഥമുടഞ്ഞ പദങ്ങളാവര്‍ത്തിച്ചു
വ്യര്‍ത്ഥ പ്രലപനം ചെയ്യുമിടയരും,
പൊള്ള വാഗ്ദാനവും കള്ളച്ചിരിയുമായ്
തുള്ളിയുറയുന്ന നേതൃ സംഘങ്ങളും,
അന്യന്റെ കണ്ഠമരിയാന്‍ കുതിക്കുന്ന
വന്യത പേറുന്ന ജീര്‍ണ്ണ ജന്മങ്ങളും
പുത്തന്‍ പുലരിയിലന്യമായ് തീരട്ടെ;
പൂത്തുലയട്ടെങ്ങും ശാന്തിയും സ്നേഹവും.


Fans on the page

2 comments:

  1. എല്ലാവര്‍ക്കും ആഹ്ലാദ പൂര്‍ണ്ണമായ ഒരു പുതിയ വര്‍ഷം ആശംസിക്കുന്നു.
    -ദത്തന്‍

    ReplyDelete
  2. നവവത്സരാശംസകള്‍ !!!
    2010 ഏവര്‍ക്കും സ്നേഹവും സന്തോഷവും നിറഞ്ഞതാകട്ടെ

    ReplyDelete