Total Pageviews

Thursday, January 31, 2013

വൈകി എത്തുന്ന നീതി



‘വൈകി എത്തുന്ന നീതി നിഷേധിക്കപ്പെട്ട നീതിക്കു തുല്യമാണു’എന്നത് ലോകത്തെമ്പാടുമുള്ള നീതി ന്യായ വ്യവസ്ഥയോടു ചേർത്തു പറയുന്ന ആപ്തവാക്യമാണു.ഇന്ത്യയിൽ നീതി വൈകിയേ എത്താറുള്ളു.വിശേഷിച്ചും സാധുക്കളുടെ കാര്യത്തിൽ.സൂര്യനെല്ലി പെൺകുട്ടിയുടെ കാര്യത്തിലും(നീതി കിട്ടി എന്നു പറയാറായിട്ടില്ലെങ്കിലും) അതു തന്നെയാണു സംഭവിച്ചത്.പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്സിലെ 39 പ്രതികളിൽ 35 പേരെയും ശിക്ഷിച്ച വിചാരണക്കോടതിയുടെ വിധി അസ്ഥിരപ്പെടുത്തിക്കൊണ്ട് ഹൈക്കോടതി വിധി പ്രസ്താവിച്ചത് 2005 ജനുവരി 20നാണു.ഒരു പ്രതിയ്ക്ക് വിചാരണക്കോടതി വിധിച്ച ജീവപര്യന്തം ശിക്ഷ 5 വർഷമായി കുറയ്ക്കുകയും ചെയ്തു ബഹു.ഹൈക്കോടതി.ഈ വിധിക്കെതിരെ സർക്കാർ അപ്പീൽ പോയത് 2005 നവംബറിലാണു.

ഹൈക്കോടതി വിധി വന്ന് സുമാർ 8 വർഷം കഴിഞ്ഞിട്ടാണു സുപ്രീം കോടതി ഇപ്പോൾ ഹൈക്കോടതിയുടെ കളങ്കിത വിധി  റദ്ദാക്കിയിരിക്കുന്നത്.ദൽഹിയിലെ പെൺകുട്ടിയുടെ കൂട്ടമാനഭംഗക്കേസ്സിനോടനുബന്ധിച്ചുണ്ടായ സംഭവ വികാസങ്ങളെത്തുടർന്നാണു ഇപ്പോഴെങ്കിലും  സുപ്രീം കോടതി ഈ കേസ് പരിഗണിച്ചത്.കഴിഞ്ഞ എട്ടു വർഷമായി പ്രതികളും അവരെ അനുകൂലിക്കുന്ന സർക്കാരും ചേർന്ന് കേസ് നീട്ടികൊണ്ടു പോകാൻ എടുത്തുവന്ന പതിവു തന്ത്രങ്ങൾ ഇപ്പോഴും പയറ്റി നോക്കിയെങ്കിലും ചീഫ് ജസ്റ്റിസ് കൈക്കൊണ്ട കർശന നിലപാടു മൂലം അവയൊന്നും ഏശിയില്ല.അതുകൊണ്ടാണു വൈകിയാണെങ്കിലും അന്തിമമായ വിധിയല്ലെങ്കിലും അല്പം ആശ്വാസകരമായ തീരുമാനം സുപ്രീം കോടതിയിൽ നിന്നു മുണ്ടായത്.

നീതിന്യായ വ്യവസ്ഥയെ അവഹേളിക്കുന്നതും സ്ത്രീത്വത്തെയും ജനങ്ങളുടെ സാമാന്യ ബുദ്ധിയെയും കേവല യുക്തിയെയും പരിഹസിക്കുന്നതും കേരള ഹൈക്കോടതിയ്ക്കു തീരാക്കളങ്കമുണ്ടാക്കിയതുമായ വിധിപുറപ്പെടുവിച്ച രണ്ടു ബഹുമാന്യ ന്യായാധിപന്മാരിൽ ഒരാൾ മരിച്ചു പോയത്രെ. യാതൊരു കുഴപ്പവുമില്ലാതെ സുഖമായി കഴിയുന്ന അപരൻ സുപ്രീം കോടതി വിധി കേട്ട് എന്തു പറയും എന്നറിഞ്ഞുകൂടാ.വിചാരണക്കോടതി വിധി റദ്ദാക്കുവാൻ ഹൈക്കോടതി പറഞ്ഞ ന്യായങ്ങൾ തങ്ങളെ ഞെട്ടിച്ചു എന്നാണു സുപ്രീം കോടതി ജഡ്ജിമാർ അഭിപ്രായപ്പെട്ടിരിക്കുന്നത്.മാനഭംഗ കേസ്സുകളിൽ ഇരയായ പെൺകുട്ടിയുടെ മൊഴി അവിശ്വസിക്കരുതെന്ന സുപ്രീം കോടതി നിർദ്ദേശം പോലും പരിഗണിക്കാതെ ആർക്കുവേണ്ടി,ഏതു നീതി ദേവനെ തൃപ്തിപ്പെടുത്താൻ വേണ്ടി,യായിരുന്നു ഇത്തരമൊരു വിധി പുറപ്പെടുവിച്ചതെന്ന് അവശേഷിക്കുന്ന ജഡ്ജിയദ്ദേഹത്തോട് ഇവിടുത്തെ സ്ത്രീ സമൂഹമെങ്കിലും ചോദിക്കണം.

അന്നു കേവലം 16 വയസ്സു മാത്രം പ്രായമുണ്ടായിരുന്ന പെൺകുട്ടി എതിർത്തതിനു തെളിവില്ല ; അവൾക്ക് പണത്തിനോട് ആർത്തിയുണ്ടായിരുന്നു എന്നൊക്കെ പ്രതികളെ രക്ഷിക്കാൻ ന്യായീകരണങ്ങൾ കണ്ടെത്തിയ  ആ ഹൈക്കോടതി ജഡ്ജിമാർ നീതിന്യായ വ്യവസ്ഥയെ കളങ്കപ്പെടുത്തുകയാണു ചെയ്തത്.ഈ വിധിയ്ക്കു ശേഷം അവർക്കു വരുമാനത്തിൽ വർദ്ധനയുണ്ടോ എന്ന് അന്വേഷിക്കേണ്ടതാണു.

ആറു മാസത്തിനകം കേസ്സിൽ തീർപ്പു കല്പിക്കണം എന്നാണു സുപ്രീം കോടതി ഹൈക്കോടതിയോടു നിർദ്ദേശിച്ചിരിക്കുന്നത്.ഹൈക്കോടതി വിധി റദ്ദാക്കിയ സ്ഥിതിയ്ക്ക് വിചാരണക്കോടതിവിധി നിലനില്ക്കും.അതുകൊണ്ടാണു മൂന്നാഴ്ചയ്ക്കകം പ്രതികൾ കോടതി മുമ്പാകെ കീഴടങ്ങണം എന്ന് സുപ്രീം കോടതി ഉത്തരവിട്ടിരിക്കുന്നത്.അങ്ങനൊന്നുമല്ല ഉത്തരവ് എന്ന്  പ്രതിഭാഗത്തിനു വേണ്ടി ഹാജരായ ചില മണ്ണുണ്ണി വക്കീലന്മാർ ചാനൽ ചർച്ചകളിൽ എഴുന്നള്ളിക്കുന്നതു കേട്ടു.ഇത്തരം അഭിഭാഷകപ്രമാണികൾ അഭിഭാഷക ലോകത്തിനു മാത്രമല്ല പൊതു സമൂഹത്തിനൊന്നടങ്കം അപമാനമാണു.

ഹൈക്കോടതി വിധിയുടെ കളങ്കിത വിധിയ്ക്കു ശേഷം പെൺകുട്ടിയെയും കുടുംബത്തെയും മാനസികമായി പീഡിപ്പിക്കുവാൻ പലഭാഗത്തുനിന്നും ശ്രമമുണ്ടായി.കേരളത്തിലെ ഒരു പത്ര മുത്തശ്ശിയും ചില കോൺഗ്രസ്സുകാരും അതിനു ഒത്താശ ചെയ്തു. അതിനു അവർ ആയുധമാക്കിയത് നെറികെട്ട കോടതിവിധിയിലെ പരാമർശങ്ങളായിരുന്നു.പത്രവും കോൺഗ്രസ്സുകാരും പെൺകുട്ടിക്കു ശത്രുവാകാൻ കാരണം കോൺഗ്രസ് നേതാവായ പി.ജെ.കുര്യനും തന്നെ പീഡിപ്പിച്ചവരുടെ കൂട്ടത്തിലുണ്ടായിരുന്നു എന്ന് പെൺകുട്ടി മൊഴികൊടുത്തതായിരുന്നു.ഉമ്മൻ ചാണ്ടി സർക്കാർ അധികാരത്തിൽ വന്നശേഷം ഈ പെൺകുട്ടിയെ കള്ളക്കേസ്സിൽ കുടുക്കി പൊതു സ്ഥലത്തുവച്ച് അറസ്റ്റു ചെയ്തു ജയിലിൽ അടച്ചതും മറ്റും കുര്യപ്രേമം കൊണ്ടായിരുന്നു എന്നു വേണം അനുമാനിക്കാൻ.ജനാധിപത്യ മഹിളാ അസ്സോസിയേഷനും പ്രതിപക്ഷനേതാവും ഒക്കെ ഇടപെട്ടതുകൊണ്ടാണു ജാമ്യം കിട്ടിയതു പോലും.

പെൺകുട്ടിയ്ക്ക് നഷ്ടപരിഹാരം കൊടുത്തതും ജോലി നല്കിയതും നായനാരുടെ കാലത്താണെങ്കിലും പി.ജെ കുര്യന്റെ പങ്കിനാവശ്യമായ തെളിവ് ശേഖരിക്കാൻ ദേശാഭിമാനി ഏറെ പരിശ്രമിച്ചെങ്കിലും കുര്യനെ സഹായിച്ചതിനു പിന്നിൽ നായനാരുടെ അന്നത്തെ സഹായിയും പിന്നീട് പെണ്ണുകേസ്സിൽ പെട്ടു പാർട്ടിയിൽ നിന്നു പുറത്താകുകയും ചെയ്ത ഒരു പാർട്ടി നേതാവുണ്ടായിരുന്നു.അന്നു പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന പ്രസിദ്ധ അഭിഭാഷകനും സി.പി.എം നേതാവുമായിരുന്ന അഡ്വ.ജി.ജനാർദ്ദനക്കുറുപ്പ് തന്റെ ആത്മ കഥയായ “എന്റെ ജീവിത”ത്തിൽ വളരെ വ്യക്തമായിത്തന്നെ അന്നത്തെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയുടെ പങ്ക് വിസ്തരിച്ചിട്ടുണ്ട്.കുര്യനെ രക്ഷിക്കാൻ മറ്റൊരു സമുദായപ്രമാണിയും രംഗത്തുണ്ടായിരുന്നു.രമേശ് ചെന്നിത്തലയെ താക്കോൽ സ്ഥാനത്താക്കാൻ കണ്ഠക്ഷോഭം ചെയ്ത അദ്ദേഹത്തെ ഹൈക്കമാന്റും ലോക്കമാന്റും എല്ലാം കൈവിട്ടപ്പോൾ രക്ഷകനായി കുര്യൻ എത്തിയത് ഉപകാരസ്മരണ കൊണ്ടാണു.

നാല്പതിലധികം നരാധമന്മാർ നാല്പതിലധികം ദിവസം ക്രൂരമായി പീഡിപ്പിച്ച് മൃതപ്രായയാക്കിയ പെൺകുട്ടിയെ ആശ്വസിപ്പിക്കുന്നതിനു പകരം അവളെ വീണ്ടും വേട്ടയാടിയ ജഡ്ജിമാരുൾപ്പെടെയുള്ളവർക്കുള്ള ശക്തമായ താക്കീതാണു ഇപ്പോഴത്തെ സുപ്രീം കോടതി വിധി.ഐസ്ക്രീം പാർലർ കേസ്സിലെ അന്വേഷണ രേഖകൾ പ്രതിപക്ഷ നേതാവിനു നല്കണമെന്ന് കോടതി ഉത്തരവുണ്ടായപ്പോൾ മണിക്കൂറുകൾക്കകം അതിനെതിരെ അപ്പീൽ ഫയൽ ചെയ്യാൻ തിടുക്കം കാട്ടിയ ഉമ്മൻ ചാണ്ടി സർക്കാർ അതിന്റെ നാലിലൊന്നു ശുഷ്ക്കാന്തി ഈ കേസ്സിൽ കാണിച്ചിരുന്നെങ്കിൽ എന്നേ ഈ പെൺകുട്ടിയ്ക്കു നീതി ലഭിക്കുമായിരുന്നു.ഇനിയെങ്കിലും അവളെ ഉപദ്രവിക്കാതിരിക്കാനുള്ള സന്മനസ് ഭരണാധികാരികളും മറ്റു പകൽ മാന്യന്മാരും കാണിച്ചെങ്കിൽ!ഇപ്പോഴത്തെ താല്ക്കാലികാശ്വാസം സ്ഥിരമായി നിലനില്ക്കാൻ ഇടവരട്ടെ എന്ന്, സ്ത്രീ പീഡന തല്പരരല്ലാത്ത എല്ലാവരും ആഗ്രഹിക്കും.








Fans on the page

Monday, January 28, 2013

സുകുമാരൻ നായർക്കെതിരേ കേസ്സെടുക്കണം



മത സ്പർദ്ധ വളർത്തുന്ന പ്രസംഗം നടത്തിയതിന്റെ പേരിൽ ഉവൈസിയെ അറസ്റ്റു ചെയ്തു ജയിലിലടയ്ക്കുകയും ‘പട്ടികജാതിക്കാരും പിന്നോക്ക ജാതിക്കാരുമാണു രാജ്യത്തെ ഏറ്റവും വലിയ അഴിമതിക്കാർ’ എന്നു പ്രസ്താവിച്ച പ്രസിദ്ധ സോഷ്യോളജിസ്റ്റ് ആശിഷ് നന്ദിക്കെതിരെ കേസ്സെടുക്കുകയും ചെയ്ത സ്ഥിതിക്ക് ജാതി,മത,രാഷ്ട്രീയ വൈരം പരത്തുന്ന പ്രസംഗം ചെയ്ത എൻ.എസ്.എസ്. ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരുടെ പേരിൽ കേസ്സെടുക്കേണ്ടതാണു.ഇന്നലെ (27.1.2013)തിരുവനന്തപുരത്ത് ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ എൻ.എസ്.എസ്.താലൂക്കു യൂണിയൻ സംഘടിപ്പിച്ച നായർ മഹാസമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് സുകുമാരൻ നായർ നടത്തിയ പ്രസംഗം അത്രമാത്രം പ്രകോപന പരവും സംസ്കാര ശൂന്യവുമായിരുന്നു.രമേശ് ചെന്നിത്തലയ്ക്കു മുഖ്യമന്ത്രിസ്ഥാനമോ മറ്റേതെങ്കിലും താക്കോൽ സ്ഥാനമോ(അതെന്തു സ്ഥാനമാണാവോ ഒരു മന്ത്രി സഭയിൽ?അഞ്ചാം മന്ത്രി എന്നു പറഞ്ഞതു പോലെ രണ്ടാം മുഖ്യമന്ത്രിസ്ഥാനമോ മറ്റോ ആണോ?)കൊടുത്തില്ലെങ്കിൽ ഈ മന്ത്രി സഭയെ വലിച്ചു താഴത്തിടും എന്നാണു സുകുമാരൻ നായരുടെ ഭീഷണി.

രമേശാദി നായന്മാർക്കെല്ലാം മുഖ്യമന്ത്രി ,മന്ത്രിപദങ്ങൾ കൊടുക്കണം എന്നു നായർ ജനറൽ സെക്രട്ടറി പറയുന്നതു മനസ്സിലാക്കാം.അതിനു മുഖ്യമന്ത്രിയേയും ക്രിസ്ത്യാനികളെയും മുസ്ലീങ്ങളെയും പഴിക്കേണ്ട കാര്യമുണ്ടോ?തെരഞ്ഞെടുപ്പു വരെ സമദൂര സിദ്ധാന്തം പ്രസംഗിച്ചു നടന്നിട്ട്  ഏശുന്നില്ലെന്നുകണ്ട് ശരിദൂരവും കൊണ്ടിറങ്ങി.എന്നിട്ടും യുഡി.എഫിനു പരസ്യപിന്തുണ കൊടുത്തില്ല.പക്ഷേ അവർക്കു ഭൂരിപക്ഷം കിട്ടിയപ്പോൾ“അയ് ഞമ്മാളാ” എന്നുപറഞ്ഞു നടന്നെങ്കിലും നായന്മാർ പോലും അതു വിശ്വസിച്ചില്ല. സോണിയാ ഗാന്ധിയോടു എൻ.എസ്.എസ്.പറഞ്ഞതുകൊണ്ടാണു രമേശ് ചെന്നിത്തലയ്ക്കു സ്ഥാനാർത്ഥിത്വം കിട്ടിയത് എന്നുവരെയാണു ഇപ്പോഴത്തെ അവകാശവാദം.ഇതുപോലൊരു അവതാരത്തെ ചുമക്കുന്നവരുടെ സമ്മേളനത്തിൽ വച്ച് ഇത്തരം അവകാശവാദങ്ങൾ ഉന്നയിച്ചില്ലെങ്കിലേ അത്ഭുതപ്പേടേണ്ടതുള്ളു.അതിനപ്പുറം കടന്ന്,മന്ത്രിസഭാ വികസനം ഉടൻ ഇല്ലെന്നു പറയാൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് എന്തധികാരം എന്നൊക്കെ ചോദിക്കുന്നത് വിവരക്കേടു കൊണ്ടാണു.മന്ത്രിസഭയുടെ വികസനത്തെക്കുറിച്ചും പുന:സംഘടനയെക്കുറിച്ചും പറയേണ്ടതു മുഖ്യമന്ത്രിയല്ലാതെ പിന്നാരാണു?എഴുത്തും വായനയും അറിയില്ലെങ്കിൽ അറിയാവുന്നവരോടു കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കി വേണം ഇത്തരം മഹാസമ്മേളനങ്ങളെ അഭിസംബോധന ചെയ്യാൻ.

അതൊക്കെപ്പോകട്ടെ;എൻ.എസ്.എസ് എന്നാണു യു.ഡി.എഫിലെ ഘടക കക്ഷിയായത്?ഘടക കക്ഷികൾക്കല്ലേ മന്ത്രിസ്ഥാനത്തെ കുറിച്ച് അവകാശം ഉന്നയിക്കാനും ചർച്ച ചെയ്യാനും അർ ഹതയുള്ളൂ?എങ്കണ്ട ജാതിക്കും കേറി നിരങ്ങാവുന്ന സത്രമാണോ യു.ഡി.എഫ്?എൽ.ഡി.എഫ് ആരോപിക്കുന്നതു പോലെ ജയിക്കാൻ വേണ്ടി സകലവിധ ജാതി മത വർഗ്ഗീയ തീവ്രവാദ സംഘങ്ങളുടെയും കാലുപിടിച്ചതിന്റെ പരിണിത ഫലമാകുമോ ഈ ഉഗ്രശാസനങ്ങൾ?രഹസ്യ ബാന്ധവത്തിന്റെ പിൻ ബലമില്ലെങ്കിൽ പെരുന്നയിലെ തമ്പുരാൻ ഇത്ര മ്ളേച്ഛമായി പരസ്യ ശകാരം നടത്തുവാൻ ധൈര്യപ്പെടുമായിരുന്നില്ല.എൻ.എസ്.എസ്, നല്ല നായരായി അംഗീകരിച്ചിട്ടില്ലാത്ത കേന്ദ്രമന്ത്രി ശശിതരൂരും നല്ലനായരായ സംസ്ഥാനമന്ത്രി വി.എസ്.ശിവകുമാറും അടുത്തിരിക്കുമ്പോഴായിരുന്നു ജനറൽ സെക്രട്ടറിയുടെ ഈ പുലയാട്ട്.ഭൂരിപക്ഷ സമുദായാംഗം മാത്രമേ കേരളത്തിൽ മുഖ്യമന്ത്രിയാകാൻ പാടുള്ളു എന്നൊക്കെ ജാതിമത വൈരം ജനിപ്പിക്കുന്ന തരത്തിൽ തട്ടിവിടുന്നവരുടെ മുമ്പിൽ ഓച്ഛാനിച്ചു നില്ക്കുമ്പോൾ,ഭരണഘടനാ ലംഘനത്തിനു കൂട്ടു നില്ക്കുകയാണു ചെയ്യുന്നത് എന്ന് ഈ മന്ത്രിമാർ ഓർക്കണം.

ഒരു വൈസ്ചാൻസലർ സ്ഥാനമാണു സുകുമാരൻ നായരുടെ ലക്ഷ്യമെങ്കിൽ അതു നല്കി ഈ സാമൂഹിക മലിനീകരണം അവസാനിപ്പിക്കണം എന്നാണു ബി.ആർ.പി.ഭാസ്കർ അഭിപ്രായപ്പെട്ടത്.അതും കൂടി സുകുമാരൻ നായർ ഉദ്ദേശിച്ചിട്ടുണ്ടാകണം.പക്ഷേ വി.സി.സ്ഥാനം വല്ല നായർക്കും കൊടുത്താൽ അദ്ദേഹം തൃപ്തിപ്പെടുമെന്നു തോന്നുന്നില്ല.സ്വന്തം പുത്രിക്കു തന്നെ കൊടുക്കണം.

എന്തിനു വേണ്ടിയായാലും ഇത്തരം സ്പർദ്ധ വളർത്തുന്ന പ്രസംഗം ചെയ്യാൻ ഒരു ഭൂരിപക്ഷക്കാരനെയും ന്യൂനപക്ഷക്കാരനെയും അനുവദിച്ചു കൂടാ.ഉമ്മൻ ചാണ്ടിയ്ക്കും രമേശ് ചെന്നിത്തലയ്ക്കും തിരുവായ്ക്ക് എതിർ വായ് പറയാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ അവർ തങ്ങൾ വഹിക്കുന്ന സ്ഥാനങ്ങൾ ചുണയുള്ള മറ്റു വല്ലവരെയും ഏല്പിക്കണം.പെരുന്നയിൽ നിന്നു കൊണ്ട് ഏതാനും നാൾ മുമ്പ് “കേരളം വീണ്ടും ഭ്രാന്താലയമായി മാറിക്കൊണ്ടിരിക്കുകയാണെ”ന്ന് എ.കെ.ആന്റണി പറഞ്ഞപ്പോൾ ഇത്ര പെട്ടെന്ന് അതിന്റെ ലക്ഷണം കണ്ടു തുടങ്ങുമെന്ന് ആരും കരുതിയില്ല.







Fans on the page

Tuesday, January 15, 2013

നാണക്കേട്




ലോകാരാദ്ധ്യരായ മഹാഗുരുക്കന്മാർക്ക് നാണക്കേടുണ്ടാക്കുന്ന വാർത്തകളാണു അടുത്ത ദിവസങ്ങളിൽ കേട്ടുകൊണ്ടിരിക്കുന്നത്.മനാപമാനങ്ങൾ യഥാർത്ഥ ഗുരുക്കന്മാരെ ബാധിക്കില്ല എന്നു വാദിക്കാം.പക്ഷേ അവരെ ആരാധനയോടും ബഹുമാനത്തോടും ഭക്തിയോടും നോക്കിക്കാണുന്ന പരശതം ജനങ്ങൾക്കും ശിഷ്യഗണങ്ങൾക്കും സമീപകാല സംഭവങ്ങൾ നാണക്കേടും വേദനയും സൃഷ്ടിക്കുന്നു എന്നത് സത്യമാണു.

കമ്യൂണിസ്റ്റുകാർ കൂടി ഇന്ന് അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യാൻ തുടങ്ങിയിരിക്കുന്ന വിശ്വഗുരുവാണു സ്വാമി വിവേകാനന്ദൻ. അദ്ദേഹത്തിന്റെ നൂറ്റി അൻപതാം ജന്മദിനാഘോഷം ഈയിടെ ഉദ്ഘാടനം ചെയ്തത് ഒരു ആൾദൈവമാണു;--അമൃതാനന്ദമയി.അന്ധ തമസ്സിൽ കിടന്ന ഭാരതത്തിലെ നിരക്ഷരകുക്ഷികളും അലസരുമായ ഒരു ജനതയെ “ഉത്തിഷ്ഠതാ ജാഗ്രത” എന്ന ഉപനിഷത് മന്ത്രം ചൊല്ലി ഉണർത്തി കർമ്മനിരതരും പ്രതികരണപ്രവീരരും ആക്കി മാറ്റിയ വിവേകാനന്ദ സ്വാമികളെ ഇതിനപ്പുറം അപമാനിക്കാനുണ്ടോ?അമേരിക്കയിൽ നിന്നുകൊണ്ട് തന്റെ പ്രഭാഷണത്തിലൂടെ ഇന്ത്യയുടെ മഹത്വം ലോകത്തിനു ബോദ്ധ്യപ്പെടുത്തിക്കൊടുത്ത കർമ്മയോഗിയാണു വിവേകാനന്ദൻ.ഭാരതത്തിന്റെ പൈതൃകമഹത്വം എന്തെന്നറിയാത്ത,സായിപ്പന്മാരെ സുഖിപ്പിച്ചും അവരുടെ ദാനം കൈപ്പറ്റി കെട്ടിപ്പിടിച്ചും ഭക്തിയുടെ പേരിൽ ഗോഷ്ടി കാണിച്ചും  നടക്കുന്ന ആൾദൈവത്തിനു അദ്ദേഹത്തെ അനുസ്മരിക്കുന്ന ചടങ്ങിൽ പങ്കെടുപ്പിക്കാൻ എന്തു യോഗ്യതയാണുള്ളത്?ലാളിത്യത്തിന്റെയും വിജ്ഞാനത്തിന്റെയും നിറകുടമായിരുന്ന സർ വ്വസംഗപരിത്യാഗിയായ സ്വാമിയെവിടെ?ആർഭാടത്തിന്റെയും അജ്ഞതയുടെയും അല്പത്തത്തിന്റെയും സ്വയം പ്രദർശനത്തിന്റെയും ഉടൽ പൂണ്ട പെൺ ദൈവമെവിടെ?ദീനാനുകമ്പയുടെ ആൾ രൂപമായിരുന്നു വിവേകാനന്ദനെങ്കിൽ സത് നാം സിംഗ് എന്ന സാധു യുവാവിനെ തല്ലിക്കൊല്ലിച്ച ക്രൂരയാണു അമൃതാനന്ദമയി.

“സത്യം ,പരിശുദ്ധി,നിസ്വാർത്ഥത ഇവ ആർക്കുണ്ടോ അയാളെ കീഴ്പ്പെടുത്താൻ ഈ പ്രപഞ്ചത്തിൽ ഒരു ശക്തിക്കും കഴിയില്ലെന്ന് പറഞ്ഞ ഭാരതത്തിന്റെ മഹാനായ പുത്രന്റെ നൂറ്റൻപതാം ജന്മദിനാഘോഷം ഉദ്ഘാടനം ചെയ്യാൻ ഇച്ചൊന്നതൊന്നും തീണ്ടിയിട്ടില്ലാത്ത ഒരുത്തിയെ ക്ഷണിച്ച സംഘാടകർ സ്വാമി വിവേകാനന്ദനെ മാത്രമല്ല വിശിഷ്ടമായ സന്യാസ പാരമ്പര്യത്തെ കൂടിയാണു നിന്ദിച്ചത്.

ഈ വിവേകാനന്ദ നിന്ദയ്ക്കു ഒന്നു രണ്ടു ദിവസം മുമ്പാണു കേരളത്തിൽ നാരായണഗുരുവിനെ അവഹേളിക്കുന്ന മറ്റൊരു സംഭവം നടന്നത്.രാഷ്ട്രീയം പറഞ്ഞു നടക്കുന്ന ഒരു ആൾദൈവത്തിന്റെ മുമ്പിൽ ശ്രീനാരായണധർമ്മസംഘം പ്രസിഡന്റ് സ്വാമി പ്രകാശാന്ദ കുമ്പിട്ടു.ഒന്നോർത്താൽ വിവേകാനന്ദ സ്വാമികളേക്കാൾ കഷ്ടമാണു നാരായണഗുരു സ്വാമികളുടെ അവസ്ഥ.ജീവിച്ചിരിക്കെത്തന്നെ അനുയായികളുടെയും ശിഷ്യന്മാരുടെയും വഴിപിഴച്ച പോക്കിൽ അദ്ദേഹം ഖിന്നനായിരുന്നു.തന്റെ പേരിൽ സ്ഥാപിക്കപ്പെട്ട എസ്.എൻ.ഡി.പി യോഗം ജാതി സംഘടനയായി മാറുന്നതുകണ്ട് അദ്ദേഹം വല്ലാതെ വിഷമിച്ചിരുന്നു.സന്യാസ പാരമ്പര്യം നിലനിർത്താൻ സംഘടിപ്പിച്ച ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റിലെ സന്യാസിമാരുടെ ചില പ്രവൃത്തികളും അദ്ദേഹത്തെ അവസാന കാലത്ത് വേദനപ്പിച്ചിരുന്നു.തന്റെ വൈജ്ഞാനിക പാരമ്പര്യം നിലനിർത്തുമെന്ന് ഗുരു വിശ്വസിച്ച നടരാജഗുരു(ഡോ.പി.നടരാജൻ)വിനോട് ശിവഗിരിയിലെ സന്യാസിമാർ പ്രകടിപ്പിച്ച ശത്രുതാമനോഭാവമായിരുന്നു അതിൽ പ്രധാനം.

നാരായണഗുരു സമാധിയായി മുക്കാൽ നൂറ്റാണ്ടു കഴിഞ്ഞപ്പോഴും, എസ്.എൻ.ഡി.പിയുടെയും സന്യാസി സംഘത്തിന്റെയും നേതൃത്വത്തിലിരിക്കുന്നവർ,  ഗുരു വിനെ അവഹേളിക്കുന്നതിൽ പരസ്പരം മത്സരിക്കുകയാണു. തങ്ങളുടെ മദ്യവ്യവസായം ഉൾപ്പെടെയുള്ള കച്ചവടങ്ങൾക്കു വേണ്ടി യോഗം ജനറൽ സെക്രട്ടറിയും വൈസ് പ്രസിഡന്റും(അവർ അച്ഛനും മകനുമായത് യാദൃശ്ചികം)ഗുരു വചനങ്ങൾ വളച്ചൊടിക്കുകയും പുതിയ വ്യാഖ്യാനങ്ങൾ ചമയ്ക്കുകയും ചെയ്തു കൊണ്ടിരിക്കുന്നു.ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റാണു ശ്രീശ്രീ രവിശങ്കറിനെ ആദരിക്കാൻ മാലയുമായി അദ്ദേഹത്തിന്റെ സന്നിധിയിൽ എത്തിയത്.തന്റെ പഞ്ചനക്ഷത്ര “ആശ്രമത്തിനടുത്ത് ആരോ പട്ടിയെ വെടി വച്ചപ്പോൾ തന്നെക്കൊല്ലാൻ വേണ്ടി നടത്തിയ വെടിവെപ്പാണെന്ന് പറഞ്ഞു ബഹളമുണ്ടാക്കിയ വിദ്വാനാണു ഈ ആൾ ദൈവം.നാട്ടുകാരെ പറ്റിച്ചു കഴിയുന്ന ഇത്തരം ഇത്തിൾക്കണ്ണികൾക്കു മുമ്പിൽ കുമ്പിടുന്നതിൽ പരം അപമാനം ശ്രീനാരായണ ശിഷ്യർക്കു വേറേയുണ്ടാകാനുണ്ടോ?

”ആയുസ്സും വപുസ്സും ആത്മതപസ്സും ബലിചെയ്ത് “ ലോകത്തിനു വെളിച്ചം പകർന്ന മഹാ ഗുരുക്കന്മാരുടെ മഹത്വം മനസ്സിലാക്കാതെ, അതിസമ്പന്നരുടെ വഷളത്തങ്ങൾ സ്വായത്തമാക്കി കാപട്യവും വഞ്ചനയും ജീവിതമുദ്രയായി കൊണ്ടു നടക്കുന്ന ആൾദൈവങ്ങൾക്കു മുമ്പിൽ സാഷ്ടാംഗം പ്രണമിക്കുന്ന ശിഷ്യന്മാരും അനുയായികളും ഗുരുക്കന്മാർക്കു നാണക്കേടുണ്ടാക്കുന്നവരാണു.ഗുരുവിനെ ഒറ്റുകൊടുത്ത യൂദാസ് ഇവരെക്കാൾ എത്രയോ ഭേദം.യൂദാസ് ഒരിക്കലേ ഗുരുവിനെ വഞ്ചിച്ചുള്ളു.ഇവരാകട്ടെ എന്നും ഗുരുവഞ്ചന ചെയ്തുകൊണ്ടിരിക്കുന്നു.




Fans on the page

Wednesday, January 9, 2013

ആർ.എസ്.എസ്., പർദയിടാത്ത ജമാ അത്തെ ഇസ്ലാമിയോ?




പെണ്ണുങ്ങൾ അടുക്കളക്കാര്യം നോക്കി അടങ്ങി ഒതുങ്ങി വീട്ടിൽ ഇരുന്നാൽ മതി.പുരുഷന്മാർ അന്വേഷിച്ചു കൊണ്ടുവരും അതു വേണ്ടവണ്ണം വെച്ചു വിളമ്പി കൊടുത്ത് കുഞ്ഞുങ്ങളെ പെറ്റു കൂട്ടി കഴിയുകയാണു സ്ത്രീകളുടെ ചുമതല എന്നാണു ആർ.എസ്.എസ് മേധവി മോഹൻ ഭാഗവതിന്റെ ആർഷ ഭാരത സൂക്തം.ഡൽ ഹിയിൽ പെൺകുട്ടിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തിലാണു രാഷ്ട്രീയ സ്വയം സേവക ആചാര്യന്റെ പുരുഷാധിപത്യ മനസ്സിലിരുപ്പ് പുറത്ത് ചാടിയത്.എത്രമാത്രം അജ്ഞത നിറഞ്ഞതും സാമാന്യ ബോധത്തിനു നിരക്കാത്തതുമാണു ഈ ആചാര്യ വചനം എന്നു മനസ്സിലാക്കാൻ കേവല ബുദ്ധി മതി.കൈക്കുഞ്ഞു മുതൽ വൃദ്ധവരെ പെൺ വർഗ്ഗത്തിലാണു പെടുന്നത്.അവരെല്ലാം വീട്ടിൽ ഇരുന്നാൽ മതി എന്നു പറയുമ്പോൾ പെൺകുട്ടികൾ പഠിക്കണ്ടാ എന്നാണു അർത്ഥമാക്കുന്നത്.

ഇതു തന്നെയാണു താലിബാൻ കാരും ജമാ അത്തെ ഇസ്ലാമികളും പറയുന്നത്.ആണും പെണ്ണും ഒരുമിച്ചിരുന്നു പഠിച്ചാൽ ലോകം ഇടിഞ്ഞു വീഴുമെന്നാണു ജമാ അത്തെ ഇസ്ലാമി, ജ.ജെ.എസ് വർമ്മ കമ്മിറ്റിയെ ഔദ്യോഗികമായിതന്നെ അറിയിച്ചിട്ടുള്ളത്.ശരീരഭാഗങ്ങൾ പുറത്തു കാണാത്ത വിധത്തിലുള്ള വസ്ത്രധാരണം സ്ത്രീകൾക്കു നിർബ്ബന്ധമാക്കണമെന്നും അവർ ആവശ്യപ്പെട്ടിരിക്കുന്നു.ആണുങ്ങൾക്ക് ഏതു വേഷവുമാകാം എന്നു വ്യംഗ്യം.ആർ.എസ്.എസ്. മേധാവി,സ്ത്രീകൾ പർദ്ദ ധരിക്കണമെന്നു പറഞ്ഞില്ല എന്നേ ഉള്ളൂ. ബാക്കിയെല്ലാം ജമാ അത്തെ ഇസ്ലാമി പറഞ്ഞതിന്റെ തനിപ്പകർപ്പാണു. ചുരുക്കത്തിൽ,മന്ദിറിന്റെയും മസ്ജിദ്ദിന്റെയും പേരിൽ കടിച്ചു കീറാൻ നില്ക്കുന്ന ഈ പരമ്പരാഗത വൈരികൾക്കു  പെണ്ണുങ്ങൾക്കു സ്വാതന്ത്ര്യം നിഷേധിക്കുന്ന കാര്യത്തിൽ ഒരേ മനസ്സാണുള്ളത്.

ഭാരതത്തിൽ ബലാൽസംഗം പോലുള്ള കുറ്റ കൃത്യങ്ങളൊന്നും നടക്കില്ലെന്നും ഇന്ത്യയിലേ അങ്ങനൊക്കെ സംഭവിക്കൂ എന്നും “മഹാ പണ്ഡിതനായ” മോഹൻ ഭാഗവത് നേരത്തെ അഭിപ്രായപ്പെടുകയുണ്ടായി.ഭാരതം എന്നാൽ ഗ്രാമങ്ങൾ എന്നും ഇന്ത്യ എന്നാൽ നഗരങ്ങളെന്നുമാണു താൻ ഉദ്ദേശിച്ചതെന്നും അദ്ദേഹം വിശദീകരിക്കുകയും ചെയ്തു.ആര്യ എന്ന നാട്ടിൻപുറത്തുകാരി പെൺകുട്ടിയെ നാട്ടിൻ പുറത്തുകാരൻ തന്നെയായ ഒരു നരാധമൻ മാനഭംഗപ്പെടുത്തി കൊന്നതിനു കോടതി വധശിക്ഷ വിധിച്ച ദിവസം തന്നെയാണു ഈ വിചാരശൂന്യമായ പ്രസ്താവന ഹിന്ദു വർഗ്ഗീയ വാദിയിൽ നിന്നും വമിച്ചത്.ദേശീയ മാദ്ധ്യമങ്ങൾ വരെ ആര്യക്കൊലക്കേസ്സിന്റെ വിധി വലിയ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിട്ടും ഇദ്ദേഹം അതൊന്നും അറിഞ്ഞിട്ടുണ്ടെന്നു തോന്നുന്നില്ല.മനുസ്മൃതി മാത്രം ഉരുവിട്ടുകൊണ്ടിരിക്കുന്ന കൂപ മണ്ഡൂകത്തിനല്ലാതെ ഇത്തരം വിവരക്കേടുകൾ എഴുന്നള്ളിക്കാൻ കഴിയില്ല.എട്ടു വയസ്സുകാരിയെ 60 വയസ്സുകാരൻ പീഡിപ്പിച്ച സംഭവം നടന്നത് തിരുവനന്തപുരത്തു നിന്നും വളരെ ദൂരെയുള്ള ഒരു കുഗ്രാമത്തിലാണു.ഗ്രാമവും നഗരവും വ്യത്യസ്തമാകുന്നത് സ്ത്രീപീഡനത്തിന്റെ തോതുകൊണ്ടാണെന്നു കണ്ടുപിടിച്ച ആർ.എസ്.എസ്.മേധാവിയുടെ വാക്കുകൾ വേദവാക്യമായി കരുതുന്ന രാഷ്ട്രീയപ്പാർട്ടിയുടെ സാംസ്കാരിക ഗതികേട് എത്ര ഭയങ്കരമായിരിക്കും!അവർ ഭാരതം ഭരിച്ചാൽ എന്താകും സ്ത്രീകളുടെ ഗതി?ജമാ അത്തെ ഇസ്ലമിയുമായി ചേർന്ന മുന്നണിഭരണമാണെങ്കിലോ? ശേഷം ചിന്ത്യം തന്നെ.



Fans on the page